സ്വതന്ത്രചിന്തകരുടെ സ്വാതന്ത്ര്യം


‘കേരളത്തില്‍ യുക്തിവാദം എന്ന പേരില്‍ അറിയപെടുന്നത് സ്വതന്ത്രചിന്തയോ, സയന്‍സിന്റെ രീതിശാസ്ത്രത്തോടുള്ള താല്‍പര്യമോ അല്ല. യുക്തിവാദികളില്‍ പലരും നാസ്തികരാണെങ്കിലും മതാത്മകത കൈവിടുന്നില്ല. നിഗൂഡശക്തികളില്‍ വിശ്വസിക്കുന്നവരും ഹോമിയോപ്പതി, കളിമണ്‍ ചികിത്സ, മാര്‍ക്സിസം, മതപ്രീണനരാഷ്ട്രീയം, പരിണാമസിദ്ധാന്ത നിരാകരണം, പാരമ്പര്യബോധം, ജാതിവാദം, സ്വത്വവാദം, ശാസ്ത്രവിരുദ്ധത, രക്ഷകര്‍തൃത്വരാഷ്ട്രീയം, അശാസ്ത്രീയ കൃഷിരീതികള്‍, ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍, ഹോമോഫോബിയ, പ്രത്യയശാസ്ത്ര കടുപിടുത്തങ്ങള്‍…. തുടങ്ങിയവയൊക്കെ ഏറിയുംകുറഞ്ഞും താലോലിക്കുന്നവരുടെ എണ്ണം കുറവല്ല’സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി രവിചന്ദ്രന്‍, മാധ്യമം വാര്‍ഷികപ്പതിപ്പിന് അനുവദിച്ച അഭിമുഖ സംഭാഷണത്തിന്റെ പ്രസ്‌കതഭാഗങ്ങള്‍ വായിക്കാം. തയ്യാറാക്കിയത് മാധ്യമം സീനിയര്‍ റിപ്പോര്‍ട്ടര്‍ പി പി പ്രശാന്ത്.

നാസ്തികത യാഥാര്‍ത്ഥ്യവുമായുള്ള ഒരു ഹസ്തദാനമാണ്. Atheism is a handshake with reality. നിങ്ങള്‍ എന്തുകൊണ്ടാണ് ചാത്തനിലും യക്ഷിയിലും വിശ്വസിക്കാത്തത്? തെളിവുകളില്ല എന്നതാവും ഉത്തരം. ഇതേ നിലപാട് മതം ഉള്‍പ്പടെയുള്ള ജീവിതമണ്ഡലങ്ങളിലെല്ലാം പിന്തുടരുന്നതാണ് നാസ്തികത. അതൊരു ചിന്താരീതിയാണ്, ലോകവീക്ഷണമാണ്. ദൈവ-പ്രേത നിരാസം മാത്രമല്ല അവിടെ കടന്നുവരുന്നത്. മതാത്മകതയുടെ (religiosity) സമ്പൂര്‍ണ്ണ നിഷേധമാണത്. മതം എങ്ങനെയാണോ ലോകത്തെ വീക്ഷിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്നത് ആ രീതിയെ നിരാകരിക്കുകയാണ് നാസ്തികന്‍ ചെയ്യുന്നത്. മതാത്മകത യുക്തിരഹിതവും വസ്തുതാവിരുദ്ധവും തെളിവില്ലാത്തതുമാണ് എന്നതാണ് കാരണം. മതവും മതാത്മക ചിന്താരീതിയും ഇല്ലാങ്കില്‍ നാസ്തികതയുടെ ആവശ്യംതന്നെ വരുന്നില്ല. മതാത്മകതയുടെ ഉത്പന്നങ്ങളില്‍ ഒന്നുമാത്രമാണ് മതം. ഗൂഡാലോചനാ സിദ്ധാന്തം മുതല്‍ കക്ഷിരാഷ്ട്രീയ തിമിരം വരെ മതജന്യചിന്തകളുടെ ഉല്‍പ്പന്നങ്ങളാണ്. മതത്തില്‍ നിന്നും ദൈവത്തില്‍നിന്നും പുറത്തുപോകുന്നവര്‍ സമാനമായ ആയിരക്കണക്കിന് മതാത്മകചിന്തകളില്‍ നിന്ന് കൂടിയാണ് മോചനംനേടുന്നത്. ദൈവത്തെ കയ്യൊഴിയുന്നവന്‍ ഹോമിയോപ്പതിയും അക്യുപംങ്ചറും കയ്യൊഴിയും. കാരണം തെളിവുകളെ ആധാരമാക്കിയ, ശാസ്ത്രബോധത്തില്‍ അധിഷ്ഠിതമായ ചിന്താരീതിയാണ് പിന്തുടരുന്നതെങ്കില്‍ നിങ്ങളുടെ ലോകവീക്ഷണ അരിപ്പയിലൂടെ ഇവയൊന്നും കടന്നുപോകില്ല.

നാസ്തികത ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ (the methodology of science) മുറുകെ പിടിക്കുന്നു, നിരന്തര പരിഷ്‌കരണത്തെ പ്രോത്സാഹിപ്പിക്കുന്നു, മാനവികതയിലും ലിംഗനീതിയിലും ആഴത്തില്‍ വിശ്വസിക്കുന്നു. വിശ്വസിക്കുന്നതോ ആഗ്രഹിക്കുന്നതോ ആയ കാര്യങ്ങളല്ല മറിച്ച് വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് പ്രഖ്യാപിക്കുന്നു. ശാസ്ത്രീയ ലോകവീക്ഷണവും ചിന്താഗതിയും ഉള്ളതിനാല്‍ ദൈവം, പ്രേതം, മറുത, ഹോമിയോപ്പതി, മാര്‍ക്സിസം തുടങ്ങി അയുക്തിപരവും അന്ധവിശ്വാസനിബിഡവുമായ എല്ലാത്തരം ഭാവനാസിദ്ധാന്തങ്ങളെയും പ്രത്യയശാസ്ത്ര ശാഠ്യങ്ങളെയും നാസ്തികര്‍ തള്ളിക്കളയുന്നു. തെളിവുകള്‍ നയിക്കട്ടെ (Let Evidence Lead) എന്നതാണ് മുദ്രാവാക്യം. ഇഷ്ട സിദ്ധാന്തങ്ങള്‍ക്ക് തെളിവ് ചമയ്ക്കുന്നതിന് നേര്‍വിപരീതമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സ്വാതന്ത്ര്യം (freedom) അതിരുകളുള്ള ഒരു സങ്കല്‍പ്പമാണ്. സ്വാഭാവികമായും സ്വതന്ത്രചിന്തയ്ക്കും അതിര്‍ത്തികളുണ്ടാവും. സ്വതന്ത്രചിന്ത എന്നാല്‍ എല്ലാത്തരം കാര്യങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടിയവര്‍ എന്ന അര്‍ത്ഥമല്ല. അങ്ങനെയാവുക ഏറെക്കുറെ അസാധ്യം തന്നെയാണ്. സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ മതാത്മകവും രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവുമായ പാരമ്പര്യബോധങ്ങളില്‍ നിന്നും ഡോഗ്മകളില്‍ നിന്നും മുന്‍വിധികളില്‍ നിന്നും മോചനം നേടിയവരോ അങ്ങനെ ചെയ്യാന്‍ ആഗ്രഹിക്കുന്നവരോ ആയിരിക്കും. ജാതി-മത-കക്ഷിരാഷ്ട്രീയ-പ്രത്യയശാസ്ത്ര പക്ഷപാതിത്വങ്ങളും മുന്‍വിധികളും നിരാകരിച്ച് വസ്തുതകള്‍ക്കും തെളിവുകള്‍ക്കും പരമപ്രാധാന്യം നല്‍കുന്നു എന്നതാണ് സ്വതന്ത്രചിന്തയെ വേറിട്ടുനിറുത്തുന്നത്. അത് കടിഞ്ഞാണില്ലാത്ത ചിന്തയല്ല മറിച്ച് കെട്ടുപാടുകളില്‍ കുരുങ്ങാത്ത ചിന്തയാണ്.

യുക്തിവാദികളില്‍ പലരും  മതാത്മകത കൈവിടുന്നില്ല

യുക്തിവാദം എന്ന വാക്കിന് ഇംഗ്ലിഷില്‍ Rationalism എന്ന അര്‍ത്ഥമാണുള്ളത്. ആ നിലയ്ക്ക് സ്വതന്ത്രചിന്തകനായ ഒരു വ്യക്തിയുടെ കാഴ്ചപാട് യുക്തിപരമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. എങ്കിലും കേരളത്തില്‍ ‘യുക്തിവാദം’ എന്ന വാക്കിന് മറ്റൊരു അര്‍ത്ഥം കൂടിയുണ്ട്. കേരളത്തില്‍ യുക്തിവാദം എന്ന പേരില്‍ അറിയപെടുന്നത് സ്വതന്ത്രചിന്തയോ സയന്‍സിന്റെ രീതിശാസ്ത്രത്തോടുള്ള താല്‍പര്യമോ അല്ല. ഡോഗ്മാറ്റിക്കോ പ്രത്യയശാസ്ത്രപരമോ ആയ ഒരു നിലപാടാണത്. യുക്തിവാദികളില്‍ പലരും നാസ്തികരാണെങ്കിലും മതാത്മകത കൈവിടുന്നില്ല. നിഗൂഡശക്തികളില്‍ വിശ്വസിക്കുന്നവരും ഹോമിയോപ്പതി, കളിമണ്‍ ചികിത്സ, മാര്‍ക്സിസം, നിഗൂഡതാവാദം, മതപ്രീണനരാഷ്ട്രീയം, പരിണാമസിദ്ധാന്ത നിരാകരണം, പാരമ്പര്യബോധം, ജാതിവാദം, സ്വത്വവാദം, ശാസ്ത്രവിരുദ്ധത, രക്ഷകര്‍തൃത്വരാഷ്ട്രീയം, അശാസ്ത്രീയ കൃഷിരീതികള്‍, ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍, ഹോമോഫോബിയ, പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങൾ… തുടങ്ങിയവയൊക്കെ ഏറിയുംകുറഞ്ഞും താലോലിക്കുന്നവരുടെ എണ്ണം കുറവല്ല. ഇത്തരം പിന്തിരിപ്പന്‍ (regressive) നിലപാടുകള്‍ മതാത്മകമായ രീതിശാസ്ത്രങ്ങളുടെ മുഖമുദ്രയാണ്. മതവിശ്വാസികള്‍ക്കും അവരുടേതായ യുക്തിയുണ്ടല്ലോ.

മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടില്ലെന്ന് വിശ്വസിക്കുന്നവര്‍ തൊട്ട് പാരാനോര്‍മല്‍ പ്രതിഭാസങ്ങളെ വാഴ്ത്തിപാടുന്നവര്‍വരെ യുക്തിവാദികള്‍ക്കിടയില്‍ കണ്ടിട്ടുണ്ട്. ജാതിപ്രചാരകരുടെയും പാരമ്പര്യവാദികളുടെയും എണ്ണം കുറവല്ല. ഇത്രയധികം കെട്ടുപാടുകളില്‍ ആണ്ടുകിടക്കുന്നതു കൊണ്ടുതന്നെ കേരളത്തിലെ യുക്തിവാദം സ്വതന്ത്രമോ ശാസ്ത്രീയമോ ആകാനാവാതെ ചങ്ങലയ്ക്കിട്ട ചിന്താരീതി പിന്തുടരുന്നു. തെളിവുകള്‍ നയിക്കട്ടെ എന്നത് ശാസ്ത്രത്തിന്റെ ലോകവീക്ഷണമാണ്. വൈയക്തിക ധാരണകളും ഇഷ്ടാനിഷ്ടങ്ങളും ലോകവീക്ഷണത്തിലും നിര്‍ധാരണത്തിലും കടന്നുവരാന്‍ പാടില്ല എന്നതാണ് സ്വതന്ത്ര ചിന്തയുടെ കാതല്‍. വസ്തുത (fact), തെളിവ് (evidence), യുക്തി (reason) എന്നിവയെ ആധാരമാക്കിയാകണം ചിന്തിക്കേണ്ടത്. നമ്മുടെ  സിദ്ധാന്തം ശരിയാണെന്ന് ആദ്യമേ നിരൂപിച്ചിട്ട് നമ്മള്‍ അതിന് വേണ്ട തെളിവുകള്‍ ഉണ്ടാക്കുന്നത് മതാത്മകതയാണ്.

ശാസ്ത്രമോ പ്രത്യയശാസ്ത്രമോ ഏതാണ് വലുത്?

നമുക്ക് ഒരു പ്രത്യയശാസ്ത്രമുണ്ട്, അതനുസരിച്ചാണ് ജീവിക്കേണ്ടത് എന്ന് തീര്‍ച്ചപെടുത്തി ചിന്തിക്കുകയും വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് യുക്തിവാദികളില്‍ നല്ലൊരു വിഭാഗം. യുക്തിസുന്നത്തുകളും നാട്ടുനടപ്പുകളും അവിടെ പ്രധാനമാണ്. ഇങ്ങനെ ചെയ്യണം-അതേ പാടുള്ളൂ എന്നൊക്കെയുള്ള മാമൂലുകള്‍ സുലഭം. അത്തരം മുന്‍വിധികളില്‍ വല്ലാതെ അഭിമാനിക്കുകയും ചെയ്യും. കേരളത്തിലെ യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്ക് സയന്‍സിനോട് വലിയ താല്പര്യമില്ലെന്നത് ഒരു ആരോപണമല്ല. 2010-11 വര്‍ഷക്കാലത്ത് പരിണാമസിദ്ധാന്തത്തെപ്പറ്റി പ്രഭാഷണം നടത്തുമ്പോള്‍ ‘ഇതിലൊന്നും വലിയ കാര്യമില്ല, അങ്ങനെ തെളിയിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തമൊന്നുമല്ല പരിണാമം’ എന്നൊക്കെ ഉപദേശിച്ചവരുണ്ട്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ കെട്ടുകഥയ്ക്ക് തെളിവ് ചോദിച്ചവര്‍ക്കൊക്കെ് കീടനാശിനി മാഫിയബന്ധം ആരോപിച്ചത് മതവാദികളായിരുന്നില്ലെന്നതും കൗതുകകരമായി തോന്നി. ശാസ്ത്രമല്ല, പ്രത്യയശാസ്ത്രമാണ് വലുത് എന്നൊക്കെയാണ് മുദ്രാവാക്യം. അല്ലാത്തവര്‍ ‘ശാസ്ത്ര മാത്രവാദി’കളും!

കേരളത്തിത്തില്‍ ഒരു കാലത്തും യുക്തിവാദ പ്രസ്ഥാനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്നില്ല. ചില രാഷ്ട്രീയ-ജാതിമത കക്ഷികളുടെ ബി ടീമായി പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപെട്ടവരെപ്പോലെ ആയിരുന്നു അവരുടെ പ്രവര്‍ത്തനം. സോഷ്യലിസവും മാര്‍ക്‌സിസവും ആത്യന്തിക ലക്ഷ്യമായി കാണുന്നവര്‍ അവരിലുണ്ട്. അതുകൊണ്ട് തന്നെ പക്കമേളസംഘം എന്നതിലുപരി പൊതു അഭിപ്രായങ്ങളെയും പൊതുമണ്ഡലത്തെയും സ്വാധീനിക്കാന്‍ അവര്‍ക്കാകുന്നില്ല. കക്കൂസ് കുഴിയിലെ വെള്ളംപോലെ ഒരു നിശ്ചിത അനുപാതത്തില്‍ സ്വയം പരിമിതപെടുന്നതില്‍ അവര്‍ ശ്രദ്ധിച്ചു. നാസ്തികത് വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍  സാധ്യതയില്ല. വാസ്തവത്തില്‍ അതിന്റെ ആവശ്യവുമില്ല. മതചിന്തക്ക് പെട്ടെന്ന് അടിപ്പെടും വിധമാണ് പരിണാമത്തിലൂടെ മനുഷ്യ മസ്തിഷ്‌ക്കം പരിണിച്ചത്.  വിശ്വാസിയാവുക എന്നത് എളുപ്പമാണ്. അതൊരു കൊക്കയിലേക്ക് ചാടുന്നതുപോലെയാണ്. അവിശ്വാസിയാകുന്നത് അതില്‍ നിന്നു കരയകയറുന്നതുപോലെയും. സ്വന്തം മസ്തിഷ്‌ക സവിശേഷതകള്‍ക്കെതിരെ പോരാടി മാത്രമേ ഒരാള്‍ക്ക് മതാത്മക ചിന്താരീതിയില്‍ നിന്ന് മോചനം നേടാനാവൂ. മോചനങ്ങളില്‍ ഏറ്റവും ദുഷ്‌കരവും സാഹസികവുമായത് ചിന്താപരമായ മോചനം തന്നെയാണ്.

സംവരണം സമത്വവിരുദ്ധം

സംവരണം എന്നത് ഒരു കൂട്ടം അവസരങ്ങള്‍ ഒരു കൂട്ടര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും മറ്റുള്ളവരെ അകറ്റി നിറുത്തുന്ന ഒന്നാണ്. സമത്വബോധവും സ്വതന്ത്രബോധവും ഉള്ള ഒരാള്‍ക്കും സംവരണം സ്വീകാര്യമാകില്ല. കാരണം അത് സമത്വവിരുദ്ധമാണ്. ഏറ്റവും കടുത്ത ജാതി സംവരണവാദിയുടെ മുന്നില്‍ പത്ത് സംവരണങ്ങള്‍ കൊടുത്തുനോക്കൂ, ഒമ്പതണ്ണവും അവന്‍ തട്ടിയെറിയും, തനിക്ക് നേട്ടമുണ്ടാകുന്നത് മാത്രം തിരഞ്ഞെടുക്കും. പണ്ട് കേരളത്തില്‍ ഉണ്ടായിരുന്നത് ജാതി അടിസ്ഥാനത്തിലുള്ള സംവരണം തന്നെയായിരുന്നു-അലിഖിതമായ സംവരണം. ഉയര്‍ന്ന വിഭാഗത്തിന് എല്ലാം കിട്ടുന്നു, മറ്റുള്ളവര്‍ക്ക് ഒന്നും കിട്ടുന്നില്ല എന്ന അവസ്ഥ. അതിന് ബദലായാണ് ലിഖിതമായ ജാതിസംവരണം വന്നത്. കേരളത്തില്‍ 1936 മുതല്‍ ജാതികള്‍ക്ക് മാത്രമല്ല ഇസ്ലാം ഉള്‍പ്പടെയുള്ള മതങ്ങള്‍ക്കും സംവരണം ഉണ്ട്. മതസംവരണം ഭരണഘടനാവിരുദ്ധവും സംവരണസാഹിത്യവിരുദ്ധവും ആണെന്നത് വേറെ കാര്യം. സിനിമ തിയറ്ററില്‍ സീറ്റ് റിസര്‍വ് ചെയ്തിരിക്കുന്നവനെ കാണമ്പോള്‍ പോലും നമുക്ക് അസ്വസ്ഥത ഉണ്ടാകും. പക്ഷേ അവിടെ ആ സീറ്റ് ബുക്ക് ചെയ്യാന്‍ എല്ലാവര്‍ക്കും തുല്യ അവസരമുണ്ട്. ജാതി സംവരണത്തില്‍ അതില്ല.

ജാതി വിഷയത്തിലും സംവരണകാര്യത്തിലും ഇന്ത്യയും കേരളവും വ്യത്യസ്ത ചിത്രങ്ങളാണ് കാഴ്ചവെക്കുന്നത്.  കേരളത്തിലെ ജാതിസംവരണം സത്യത്തില്‍ ഒരു എസ്.സി/എസ്.ടി വിഷയം അല്ല. മുന്നോക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം കൂടി വന്നതോടെ ഇവിടെ നമ്പൂതിരി മുതല്‍ നായാടി വരെ എല്ലാജാതികള്‍ക്കും സംവരണം ഉണ്ടെങ്കിലും ജാതിസംവരണത്തിന്റെ 16 ശതമാനം ലഭിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗത്തെ മുന്‍നിറുത്തിയാണ് സംവരണസാഹിത്യ ന്യായീകരണങ്ങളെല്ലാം. ബാക്കി 83 ശതമാനം സംവരണം വാങ്ങുന്ന ജാതികളൊന്നും ചിത്രത്തിലുണ്ടാവില്ല. ജാതിസംവരണം പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ കൊടുക്കുന്ന എന്തോ പ്രത്യേക ജാതി ആനുകൂല്യമെന്ന നിലയിലാണ് ഇതു സംബന്ധിച്ച സംവാദങ്ങളും നരേറ്റുകളുമെല്ലാംതന്നെ. ഇതൊരു കലര്‍പ്പില്ലാത്ത കാപട്യമാണ്. ഹമാസ് സ്ത്രീകളെയും കുട്ടികളെയും മുന്‍നിറുത്തി റോക്കറ്റ് വിട്ട് കളിക്കുന്നതുപോലൊരു കപടനാടകം. ബാക്കിയുള്ളത് ഉത്തരേന്ത്യന്‍ സാഹചര്യങ്ങളുടെ വിസ്തരിക്കുന്ന തുള്ളിതുളുമ്പുന്ന ബൈനോക്കുലര്‍ രാഷ്ട്രീയ വിവരണങ്ങളുമാണ്. സത്യത്തില്‍ കേരളത്തില്‍ എസ്.സി/എസ്.ടി അല്ല ജാതിസംവരണത്തിന്റെ മുഖ്യനേട്ടം സ്വന്തമാക്കുന്നത്.

ജാതിസംവരണം അവസരങ്ങളുടെയും സാധ്യതകളുടെയും പരിമിതപ്പെടുത്തലാണ്. അത് ജാതി അടിസ്ഥാനത്തിലാകുന്നത് കൂടുതല്‍ പ്രതിലോമകരമാണ്. ഒരു ജാതികൂട്ടത്തില്‍ പെട്ട ഒരാള്‍ക്ക് എവിടെയെങ്കിലും ഒരു ജോലി കിട്ടുമ്പോള്‍ ആ ജാതിക്കൂട്ടത്തിലെ ആയിരക്കണക്കിന് വരുന്ന മറ്റ് ജാതികളില്‍ പെട്ടവര്‍ക്ക് ആഹ്ലാദമുണ്ടാകുന്നു എന്നതാണ് അവിടെ ഉന്നയിക്കപെടുന്ന ഒരു വിചിത്ര സങ്കല്‍പ്പം. അതല്ലെങ്കില്‍ സ്വന്തം ജാതിയില്‍പെട്ട ഒരാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറുമ്പോള്‍ അയാള്‍ തനിക്ക് വേണ്ടി അനുകൂലമായി പ്രവര്‍ത്തിക്കുമെന്ന ഗോത്രീയ സ്വപ്നം. അയാള്‍ അങ്ങനെചെയ്യുമെങ്കില്‍ അത് സ്വജനപക്ഷപാതവും അഴിമതിയുമാകും എന്നത് വേറെ കാര്യം. പൗരന്മാര്‍ക്ക് ലിംഗഭേദമന്യേ, ജാതി ഭേദമന്യേ പ്രായഭേദമന്യേ തുല്യമായ അവകാശാധികാരങ്ങള്‍ രാഷ്ട്രത്തിലുണ്ടാകണം. രാഷ്ട്രസമ്പത്തിന്റെ മേല്‍ ഉണ്ടാകണം. കേരളത്തെ സംബന്ധിച്ചിടത്തോളം പണ്ട് വിവേചനകാലത്ത് അടികൊടുത്തവരും അടി വാങ്ങിയവരും ഇന്നില്ല. പിറകോട്ട് പോയി കാരണം കണ്ടെത്തുന്നത് ഇന്നിന്റെ പരിഹാരമാകുമ്പോഴാണ് അത് പ്രതികാര രാഷ്ട്രീയമായി തീരുന്നത്.

നിലവിലുള്ള ജാതിസംവരണം കാട്ടുതീപോലെ പടരാനാണ് സാധ്യത. അത്രമാത്രം സംവരാണാസക്തി സമൂഹത്തിലുണ്ട്. കാരണം മികവ് (merit) എന്നത് ഒരു ഗൂഡാലോചനസിദ്ധാന്തമാണെന്ന ഉത്തരാധുനിക സങ്കല്‍പ്പത്തിലാണ് പലരും അഭിരമിക്കുന്നത്. പക്ഷെ സ്വന്തം വീട്ടില്‍ ഒരു കൂലിക്കാരനെ വിളിക്കുമ്പോള്‍, വിവാഹം കഴിക്കുമ്പോള്‍, സിനിമ കാണുമ്പോള്‍, എന്തിനേറെ ഒരു തീപ്പെട്ടി വാങ്ങുമ്പോള്‍പോലും സദാ 24×7 മികവും നൈപുണ്യവും മാത്രം നോക്കി തീരുമാനം എടുക്കുകയും ചെയ്യും. എല്ലാവര്‍ക്കും നല്ലതും മികച്ചതും മാത്രമതി!

നേട്ടം കൂട്ടത്തിലെ പ്രഭുജാതികള്‍ക്കു മാത്രം

രാജ്യത്ത് ആര്‍ക്കാണ് പ്രാതിനിധ്യം ഉണ്ടാകേണ്ടത്? സ്റ്റേറ്റുകള്‍ക്ക് ഉണ്ടാകണം, മേഖലകള്‍ക്ക് ഉണ്ടാകണം, മതങ്ങള്‍ക്ക് ഉണ്ടാകണം, ജാതികള്‍ക്ക് ഉണ്ടാകണം, ഉപജാതികള്‍ക്ക് ഉണ്ടാകണം, ഗോത്രങ്ങള്‍ക്ക് ഉണ്ടാകണം. കുടുബങ്ങള്‍ക്ക്, വ്യക്തിക്ക് ഉണ്ടാകണം… പക്ഷെ ജാതിസംവരണക്കാര്‍ ഇതില്‍ ജാതി മാത്രം തിരഞ്ഞെടുക്കുന്നു. ബാക്കിയെല്ലാം കളയുന്നു. സര്‍വതും ജാതിമയം ആണവര്‍ക്ക്. വര്‍ഗ്ഗീയകലാപം ഉണ്ടാകുമ്പോള്‍ ജീവന്‍ നഷ്ടപടുന്നത് മതാടിസ്ഥാനത്തിലാണ്, മുന്തിയ ചികിത്സ നിഷേധിക്കപെടുന്നത് സാമ്പത്തിക അടിസ്ഥാനത്തിലാണ്, അവസരങ്ങള്‍ നിഷേധിക്കപെടുന്നത് നിങ്ങള്‍ കാഴ്ചയ്ക്ക് എങ്ങനെയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ്… പക്ഷെ ജാതി മാത്രമാണ് സമൂഹത്തിലെ എല്ലാത്തരം സ്വീകരണങ്ങളും നിരാകരണങ്ങള്‍ക്കും അടിസ്ഥാനമെന്ന സിദ്ധാന്തത്തിലാണ് ജാതിസംവരണസാഹിത്യം ചിട്ടപെടുത്തിയിരിക്കുന്നത്. ജാതിസത്യം ജഗദ്മിഥ്യ എന്നതാണ് അവിടെ മുദ്രാവാക്യം. മതങ്ങള്‍ക്ക് സംവരണം കൊടുക്കാനും ജാതിവിവേചനമാണ് ഉയര്‍ത്തിക്കാണിക്കുന്നത്!

ജാതി പ്രാതിനിധ്യം ആണ് സംവരണത്തിലൂടെ ഉറപ്പാക്കപെടുന്നത് എന്ന വാദവും തെറ്റാണ്. ജാതിതിരിച്ച് കണക്കെടുത്തല്ല രാജ്യത്ത് സംവരണം ഏര്‍പ്പെടുത്തിയത്. കാലാകാലം കണക്കെടുത്ത് അത് ക്രമീകരിക്കാറുമില്ല. 1980 കളുടെ ഒടുവില്‍  മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനായി സ്വീകരിച്ചത് 1935 ലെ ഗവണ്‍മെന്റെ ഓഫ് ഇന്ത്യാ ആക്റ്റിന്റെ കാലത്തെ കണക്കായിരുന്നു! കേരളത്തില്‍ തന്നെ 29 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്ക് 12 ശതമാനം സംവരണവും 21 ശതമാനം വരുന്ന ഈഴവര്‍ക്ക് 14 ശതമാനം സംവരണവും ആണുള്ളത്. ജനസംഖ്യയനുസരിച്ചുള്ള പ്രാതിനിധ്യമാണ് സംവരണം എന്ന വാദം ശരിയാണെങ്കില്‍ കേരളത്തിലെ SC/ST വിഭാഗങ്ങള്‍ അവരുടെ ജനസംഖ്യക്ക് ഉപരിയായ പ്രാതിനിധ്യം കഴിഞ്ഞ ദശകത്തില്‍ തന്നെ നേടിയിട്ടുണ്ടെന്ന് പറയേണ്ടിവരും. മിക്ക സംവരണജാതികള്‍ക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തില്‍ അധികമായി കഴിഞ്ഞു.  adequate representation എന്നാണ് ഭരണഘടനയില്‍ പറയുന്നത്. അല്ലാതെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എന്നല്ലാ. പക്ഷെ നിലവില്‍ ഈ കണക്കിനൊന്നും യാതൊരു പ്രാധാന്യവുമില്ല.

SC/ST, OBC എന്നിവ നോക്കൂ. ഇവയെല്ലാം നൂറുകണക്കിന്, ആയിരക്കണക്കിന് ജാതികളുടെ കൂട്ടങ്ങളാണ്. ജാതിക്കല്ല മറിച്ച് ജാതിക്കൂട്ടങ്ങള്‍ക്കും മതങ്ങള്‍ക്കുമാണ് (ഉദാഹരണമായി കേരളത്തില്‍ 1936 മുതലുള്ള മുസ്ലിം സംവരണം) സംവരണം. ഇന്ത്യയാകെ ഒ.ബി.സിയില്‍ തന്നെ ആറായിരത്തോളം ജാതികള്‍ ഉണ്ട്.  ഏതെങ്കിലും ജാതിക്കൂട്ടത്തിന് സംവരണം കൊടുക്കുേമ്പാള്‍ അതിലെ പ്രഭുജാതികള്‍ക്ക് കൂടുതല്‍ ആനുകൂല്യം കിട്ടുന്നത് സ്വാഭാവികം. ഈയിടെ പുറത്തിറങ്ങിയ OBC സംവരണം പഠിക്കാന്‍ നിയോഗിച്ച രോഹിണി പാനല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഒ.ബി.സികളിലെ ഒരു ശതമാനം ജാതികളാണ് സംവരണത്തിന്റെ ആനുകൂല്യത്തിന്റെ 50% കൊണ്ടുപോകുന്നത്.  ബാക്കിയുള്ളതില്‍ രണ്ടായിരം ജാതികള്‍ക്ക് എല്ലാം കൂടി മൂന്ന് ശതമാനം! ഇത് തന്നെയാണ് കേരളത്തിലും നടക്കുന്നത്.  SC/ST യിലെ അമ്പതിലധികം ജാതികളില്‍ 40 ജാതികള്‍ക്ക് കാര്യമായി ഒന്നും കിട്ടാറില്ല. 10 ജാതികള്‍ മാത്രമാണ് ഭൂരിഭാഗം ആനുകൂല്യവും പറ്റുന്നത്. അവരില്‍ തന്നെ കാര്യമായ ഏറ്റക്കുറച്ചിലുകളുണ്ട്. ജാതിസംവരണം ജാതിപ്രഭുക്കളെയും പ്രഭുജാതികളെയും മാത്രം തുണയ്ക്കുന്നു എന്നും കൂട്ടത്തിനുള്ളിലെ നീതി അസാധ്യമാക്കുന്നുവെന്നുമാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. ജാതിസംവരണം ജാതികളുടെ പ്രാതിനിധ്യമാണ് എന്നൊക്കെയുള്ള വാചാടോപസാഹിത്യത്തിന്റെ പൊള്ളത്തരം ഇവിടെ വ്യക്തമാകുന്നു.

ഹിന്ദുത്വശക്തികളുടെ ഭീഷണി പ്രധാനം തന്നെ

ഹിന്ദുത്വ എന്നത് അമിത ദേശീയത തന്നെയാണ്. മതപരമായ ആശയമൊന്നുമല്ല. പക്ഷേ ഇന്ന് ഹിന്ദുത്വ എന്ന് പറയുന്നത് ഹിന്ദുമതമാണ്. അതില്‍ ദേശീയത ഉണ്ട്. ശബരിമലയില്‍ വന്നത് ഹിന്ദുത്വ അല്ല, ഹിന്ദുമതമാണ്. വിശ്വാസ സംരക്ഷണമാണ് അല്ലാതെ പ്രത്യയശാസ്ത്ര സംരക്ഷണമല്ല.  ബി.ജെ.പി ചാതുര്‍വര്‍ണ്യം മുന്നോട്ടുവെക്കുന്നതെങ്കില്‍ മഹാഭൂരിപക്ഷം ഹിന്ദുക്കളും അതിന് പുറത്തുപോകേണ്ടിവരും. മതം എന്നത് നുണയുടെ പെരും കൂമ്പാരമാണ്. മതത്തില്‍ നുണകള്‍ ഇല്ലാത്തതായി എന്തെങ്കിലും ഉണ്ടെങ്കില്‍ അവയെല്ലാം മതേതരമായ കാര്യങ്ങളാണ്. ഉദാഹരണത്തിന് അമ്പലം നിര്‍മിക്കുന്ന കല്ല്, മണ്ണ്, സിമന്റ്, ആന… എല്ലാം വസ്തുതകളാണ്. എന്നാല്‍ മതം അവകാശപെടുന്ന മതകാര്യങ്ങളെല്ലാം നുണകളാണ്. എല്ലാ മതങ്ങളും മനുഷ്യന്  ഭീഷണിയാണ്. കഴിഞ്ഞ മൂന്ന് ദശകമായി ലോകമെമ്പാടും മനുഷ്യസമൂഹങ്ങള്‍ക്ക് നേരെ ഇസ്ലാം ഉയര്‍ത്തുന്ന ഭീഷണി താരതമ്യനെ വലുതാണ്. ഇന്ത്യയില്‍ അത്ര ശക്തിയല്ല എന്ന് പറയാമെങ്കിലും ഒട്ടും പിന്നിലല്ല. ഇന്ത്യയില്‍ ഹിന്ദുത്വശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണി പ്രധാനം തന്നെയാണ്. അവര്‍ക്കെതിരെയുള്ള സമരങ്ങള്‍ പ്രസക്തമാണ്. പക്ഷെ അത് അവര്‍ക്കെതിരെയുള്ള സമരമാണോ അവരെ പാലൂട്ടി വളര്‍ത്തലാണോ എന്നതാണ് പ്രധാന ചോദ്യം. കേരളത്തില്‍ ഇടതു കക്ഷികള്‍ ചെയ്യുന്നു എന്നവകാശപെടുന്ന വര്‍ഗ്ഗീയവിരുദ്ധ സമരങ്ങള്‍ സംഘപരിവാര്‍ പോഷണപ്രവര്‍ത്തനമായി പലപ്പോഴും മാറുന്നുണ്ട്.

സംഘപരിവാര്‍ രാഷ്ട്രീയം പോലെ എതിര്‍ക്കേണ്ടതാണ് പൊളിറ്റിക്കല്‍ ഇസ്ലാം. ഈ തുല്യ സമീപനം സ്വീകരിക്കാന്‍ പല രാഷ്ട്രീയകക്ഷികള്‍ക്കും ബുദ്ധിജീവികള്‍ക്കും സാധിക്കുന്നില്ല. ഒന്ന് വലിയ ഭീഷണിയാണെന്നും മറ്റേത് അല്ലെന്നും പറയുന്നത് കളവാണ്. ഒരു നിശ്ചിത അളവ് കഴിഞ്ഞാല്‍ ന്യൂനപക്ഷമെന്നൊന്നും പറയാനാകില്ല. അല്ലെങ്കില്‍ അഫ്ഗാനിസ്ഥാനിലെ ബുദ്ധമതവിശ്വാസികളെപോലെ തീരെ ദുര്‍ബലമായ ന്യൂനപക്ഷമാകണം. ബാമിയന്‍ പ്രതിമകള്‍ തകര്‍ന്നപ്പോള്‍ പ്രതികരിക്കാന്‍ അവിടെ ഏറെ ബുദ്ധമത വിശ്വാസികളില്ല. അവിടെയാണ് പീഡന സാധ്യതകള്‍ ഏറെ. 15  ശതമാനം വരുന്ന ഇന്ത്യയിലെ മുസ്ലിങ്ങള്‍ പീഡിതവിഭാഗമാണ് എന്നൊക്കെ പറയുന്ന രാഷ്ട്രീയം വസ്തുനിഷ്ഠമല്ല. എന്നാല്‍ അവര്‍ തികച്ചും ന്യൂനപക്ഷമാകുന്ന പോക്കറ്റുകളില്‍ അങ്ങനെ സംഭവിക്കുന്നുണ്ടാകാം. തിരിച്ചും അതിനു സാധ്യതയുണ്ടെന്നോര്‍ക്കണം.

ഇസ്‌ലാമേഫോബിയ ഒരു മതസംരക്ഷണ പ്രവര്‍ത്തനം

ഇസ്ലാമോഫോബിയ എന്ന് പറയുന്നത് ആ ഇസ്ലാമിസ്റ്റുകള്‍ കണ്ടെത്തിയ ഒരു മതസംരക്ഷണപ്രവര്‍ത്തനമാണ്. വിമര്‍ശനങ്ങളെ അപ്പാടെ റദ്ദ് ചെയ്യാനുള്ള ഒരു ഫാസിസ്റ്റ് മതതന്ത്രമാണത്. ഇസ്ലാമോഫോബിയ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതിന്റെ കുറ്റം പേടിക്കുന്നവര്‍ക്കല്ല, പേടിപ്പിക്കുന്നവര്‍ക്കാണ്. ഭയം ഉണ്ടാക്കുന്ന സാഹചര്യം മതത്തിലുണ്ടെങ്കില്‍ അത് പരിഹരിക്കപെടണം. സ്വതന്ത്ര ചിന്തകര്‍ക്ക് ഇസ്ലാമോഫോബിയ ഇല്ല. ഇസ്ലാമിനെ മറ്റേത് മതത്തെപ്പോലെത്തന്നെയാണ് അവര്‍ കാണുന്നത്. ഇസ്ലാമുമായി ആശയം പങ്കിടാനും ചര്‍ച്ചചെയ്യുവാനുമാണ് ശ്രദ്ധിച്ചുവരുന്നത്. അപരിഷ്‌കൃതരും തൊട്ടാല്‍ വികാരംവീര്‍ത്ത് സമനിലകൈവിടുന്നവരും അക്രമണോത്സുകരുമായതിനാല്‍ സദാ പ്രീണിപ്പിച്ചു നിറുത്തേണ്ടവരുമാണ് മുസ്ലീങ്ങള്‍ എന്നാണ് പ്രീണനവാദികള്‍ പറയാതെ പറയുന്നത്. ഇത് ഇസ്ലാമിനെ അപമാനിക്കലാണ്.

ഇസ്ലാമിനെ പേടിക്കുന്നവരാണ് അവരെ പ്രീണിപ്പിക്കുന്നത്. അവര്‍ക്കാണ് ഇസ്ലാമോഫോബിയ ഉള്ളത്. ഇതേ ഫോബിയ ഉള്ള മറ്റൊരു കൂട്ടര്‍ ആ മതത്തിന്റെ ഇരകളായ മുസ്ലിങ്ങള്‍ തന്നെയാണ്. സ്വതന്ത്രമായി ചിന്തിച്ചാല്‍ തങ്ങളോട് മതം എങ്ങനെ പെരുമാറും എന്ന ചിന്ത കടുത്ത മതപക്ഷപാതിത്വത്തവും ഭയവും അവരില്‍ സൃഷ്ടിക്കുന്നുണ്ട്. അതവരുടെ കുറ്റമല്ല. ഭയപെടുത്തുന്നവരുടെ കുറ്റമാണ്. കേരളത്തിലെ ബുദ്ധിജീവികളും സാംസ്‌കാരിക നായകരുമൊക്കെതന്നെ ഈ ഭയത്തിന് അടിമയാണ്. പ്രത്യേക നിലപാടുകള്‍ എടുത്തില്ലെങ്കില്‍ സാധ്യതകള്‍ നശിപ്പിക്കപ്പെടും, വന്യമായി ആക്രമിക്കപ്പെടും എന്നവര്‍ ഭയക്കുന്നു. സ്വതന്ത്രചിന്തകര്‍ക്ക് ഇസ്ലാമും ഹിന്ദുവിസവും ക്രിസ്ത്യാനിറ്റിയും എല്ലാം ഒരുപോലെയാണ്. എല്ലാമതക്കാരും ഒന്നിക്കുന്ന ഏക കാര്യവും നാസ്തികത തന്നെയാണ്.

കൊവിഡ് കാലത്തും ഇവിടെ കപടശാസ്ത്രം

കൊറോണയെ വിലയിരുത്താനുള്ള സമയം പോയിട്ടില്ലാത്ത ഘട്ടത്തില്‍ നാം എത്ര വികലമായാണ് ആ മഹാമാരിയെ വിലയിരുത്തിയതെന്ന് ആലോചിക്കുന്നത് നല്ലതാണ്. ഇപ്പോള്‍ ശരാശരി ആയിരംപേര്‍ പ്രതിദിനം രോഗികളാകുന്നുണ്ട്. ഇന്ത്യയിലായിരിക്കും ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുണ്ടാവുക എന്നു കരുതേണ്ടിവരുന്നു. ഇതൊരു നീണ്ട പോരാട്ടമാണ്. ആദ്യ പഞ്ചായത്തില്‍ വോട്ടെണ്ണിക്കഴിയുമ്പോള്‍ ഞാന്‍ ജയിച്ചു എന്ന രീതിയിലുള്ള വിലയിരുത്തലുകള്‍ കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ തിരിച്ചടി കൊണ്ടുവരും. ഇപ്പോഴും രോഗത്തെ ഒരു പാപമായിട്ടോ, വിലക്കപ്പെട്ടതായിട്ടോ കരുതുന്ന ജനതയാണ് നമ്മുടെത്. ഈ മനോഭാവം മാറണം. സമൂഹത്തില്‍ ഭയവും വെപ്രാളവും പരത്താനാണ് പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലോക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ മറുനാട്ടുകാര്‍ക്കും മറ്റും വീടെത്താന്‍ സമയം നല്‍കാതെ നിങ്ങള്‍ എവിടെയാണാ ഇരിക്കുന്നത് അവിടെ തുടരുക എന്ന് പറഞ്ഞത് അബദ്ധമായി. ആ കല്‍പന തന്നെ ജനാധിപത്യവിരുദ്ധമായിരുന്നു.

രോഗത്തിന്റെ സ്വഭാവവും പ്രവര്‍ത്തനങ്ങളും മനസ്സിലാതെയായിരുന്നു നടപടി. ലോക്ക് ഡൗണിന് പുറത്ത് വരുന്നതിന് ഘട്ടംഘട്ടമായുള്ള രീതിക്രമം (staggered exist) ആവിഷ്‌കരിച്ചവര്‍ ലോക്കഡൗണിലേക്ക് പ്രവേശിക്കുന്നതില്‍ ആ രീതി പിന്തുടാതിരുന്നത് (a staggered entry) നൂറ് കണക്കിന് ജീവനുകള്‍ നഷ്ടപെടുത്തി, എണ്ണിയാലൊടുങ്ങാത്ത ദുരന്തങ്ങളും. ലോക്ക് ഡൗണ്‍ കോവിഡ് നിയന്ത്രണത്തിന് ഫലപ്രദമായ ഒരു നടപടിയല്ല. അതൊരു ദീര്‍ഘകാല പരിഹാരമോ ഹ്രസ്വകാലപരിഹാരമോ അല്ല. രണ്ടു മാസ ലോക്ക ഡൗണ്‍ കാലഘട്ടത്തിന് നാം നിരപ്പാക്കിയത് ജി.ഡി.പി കര്‍വ് മാത്രമാണ്. ലോക്ക് ഡൗണ്‍ അന്ത്യഘട്ടത്തിലാണ് രോഗപകര്‍ച്ച വ്യാപകമായത്. ഇനി വീണ്ടുമൊരു ലോക്ക്ഡൗണ്‍ നടത്തിയാല്‍ പഴയതുപോലെ രോഗവ്യാപനം സംബന്ധിച്ച ചെറിയ സംഖ്യകള്‍ ലഭിക്കാനിടയില്ല, അതല്ലെങ്കില്‍ ടെസ്റ്റിംഗിന്റെ നിരക്ക് ഗണ്യമായി കുറയ്ക്കേണ്ടിവരും. സമൂഹത്തിലെ 90 ശതമാനത്തിനും ലോക്ക്ഡൗണ്‍ വലിയൊരു ശിക്ഷയാണ്. സമ്പന്ന മധ്യവര്‍ഗ്ഗ ജനതയ്ക്ക് അത് നേരിടാന്‍ എളുപ്പമായിരിക്കും, അതല്ല ഭൂരിപക്ഷത്തിന്റെയും അവസ്ഥ. ജീവന്‍പോലെ പ്രധാനമാണ് ജീവിതം.

പ്രതിരോധ ശക്തിയില്ലാതെയാണ് ആളുകള്‍ മരിക്കുന്നത് എന്നത് പ്രചരിപ്പിച്ച് ആയുര്‍വേദ ഹോമിയോപ്പതി മരുന്നുകള്‍ വിപണിയില്‍ സജീവമാണ്. തെറ്റിദ്ധാരണ പരത്തുകയാണ് അവര്‍. സൈറ്റോകിന്‍ സ്റ്റോം (cytokine storm) എന്നറിയപ്പെടുന്ന നമ്മുടെ പ്രതിരോധവ്യവസ്ഥ നടത്തുന്ന ഉഗ്രപ്രതിരോധമാണ് പല കോവിഡ് രോഗികളെയും കൊന്നൊടുക്കിയതെന്ന് വൈദ്യംശാസ്ത്രം നമ്മെ ബോധ്യപെടുത്തുന്നു. കോവിഡ് വൈറസ് ആക്രമിച്ചുകഴിഞ്ഞാല്‍ അതിനെതിരെ ശരീരം നടത്തുന്ന ഉഗ്രസമരം കാരണം നമ്മുെട പ്രതിരോധ വ്യവസ്ഥയിലെ ശരീരകോശങ്ങള്‍ മരിച്ചുവീഴുന്നു. അങ്ങനെയാണ് പലരിലും ശ്വാസകോശത്തില്‍ അമിതമായി ചലവും ദ്രാവകവും നിറഞ്ഞ് ന്യൂമോണിയ ഉണ്ടാകുന്നത്. കൂടിയ പ്രതിരോധശക്തിയാണ് ഇത്തരം അവസ്ഥകളില്‍ പ്രശ്‌നമാകുന്നത്.  കൂടിയ പ്രതിരോധശേഷി പലതരം അലര്‍ജികള്‍ മുതല്‍ ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസുകള്‍ക്ക് വരെ കാരണമാകുന്നുണ്ട്. പ്രതിരോധശേഷി സഹായകരമായ (optimum) അവസ്ഥയിലായിരിക്കണം-കൂടുന്നതും കുറയുന്നതും പ്രശ്നഹേതുവാകും. ഈ സാഹചര്യത്തിലാണ് ഹോമിയോ ഡോക്ടര്‍മാര്‍ പ്രതിരോധ ശേഷി കൂട്ടുകയാണ് വേണ്ടതെന്ന് വാദിക്കുന്നതും മരുന്നു വിതരണം ചെയ്തും സാക്ഷ്യപത്രങ്ങള്‍ വാരിവിതറിയും തങ്ങളുടെ കപടചികിത്സ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

രണ്ട് രീതിയില്‍ മാത്രമേ ഇന്നത്തെ അവസ്ഥക്ക് മോചനമുള്ളൂ. ഒന്ന് സ്വാഭാവിക വാക്‌സിനേഷന്‍: അതായത്, സ്വാഭാവിക രീതിയില്‍ അസുഖം വന്നുപോവുക. അത് കാട്ടുതീ പോലെയാണ്. റിസ്‌ക് ആണ്. രണ്ട്: കൃത്രിമ വാക്‌സിനേഷന്‍- അസുഖം വന്നാല്‍ എങ്ങനെ നേരിടുമെന്ന് ശരീരത്തിന് പഠിക്കുവാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ് ഈ രീതി. ഇത് വാക്‌സിന്‍ കുത്തിവെപ്പിലൂടെയേ സാധ്യമാകൂ. അത് സ്വാഭാവിക പ്രതിരോധ ശേഷിയെ ഉണര്‍ത്തും. ഏതായാലും മാസത്തിനുള്ളില്‍ വാക്‌സിന്‍ ഉണ്ടാക്കിയെടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

 


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

One Comment on “സ്വതന്ത്രചിന്തകരുടെ സ്വാതന്ത്ര്യം”

  1. ഭീതി വിതയ്ക്കുയാണ് തീവ്രവാദം ചെയ്യുന്നത്. സ്റ്റാറ്റിസ്റ്റിക്ക് പരിശോധിക്കുമ്പോൾ തീവ്രവാദത്തേക്കാൾ ലോകം അധിസംബോധന ചെയ്യേണ്ട വിഷയങ്ങൾ അനവധിയാണ്. പേടിപെടുത്തുമ്പോൾ നാം പേടിക്കുന്നിടത്താണ് ഭീകരവാദം വിജയമാകുന്നത്. ഇസ്ലാം ലോകത്തിന് ആപത്ത് എന്ന മട്ടിൽ പ്രചരണം തീവ്രവാദ സംഘടനകൾ ആസ്വദിക്കുന്നുണ്ട്. തീവ്രവാദം പൊതുമണ്ഡലങ്ങളിൽ സജീവ ചർച്ചയാക്കി നിർത്തുമ്പോൾ വിവിധ കോണുകളിൽ നിന്നും ഉയർന്ന് വരുന്ന അതിര് കവിഞ്ഞ പ്രതികരണങ്ങൾ നിക്ഷ്പക്ഷത പാലിച്ചു പോരുന്ന ഒരു കൂട്ടമാളുകളെ കൂടി ഭീകരവാദത്തിലേക്ക് ആനയിക്കുന്നു. മത തീവ്രവാദം മുഖേനെ റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾ ഇസ്ലാമിൻ്റെ സംഭാവനയാണെന്ന് ആ മതത്തിലെ മനുഷ്യ സ്നേഹികളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. തീവ്രവാദത്തിന് എതിരെ ശക്തമായ പ്രതികരണങ്ങൾ ഇസ്ലാമിനുളളിൽ നിന്നും ഉണ്ടായി വരേണ്ടതുണ്ട്. ഖുറാനിലെ തിന്മകളെ തുടക്കത്തിലേ നുള്ളുവാൻ ലോകത്തിന് കഴിയാതെ പോയി. അതിന് നാം ഇന്ന് വില കൊടുക്കേണ്ടി വരുന്നു.

    ബാധികാ വിവാഹം ,സതി, അടിമത്തം തുടങ്ങിയ അനാചാരങ്ങൾ കൊളോണിസം മുളയിലെ നുള്ളിയതുകൊണ്ടാണ് ഹിന്ദു മതം തീവ്രവാദമായി വളരാത്തത്. ജാതികളുടെ കൂടാരമായതിനാലാണ് ഹിന്ദു മതത്തിന് ഇന്നും മിഷണറി പ്രവർത്തനം നടത്തുവാൻ പാങ്ങില്ലാതെ പോയത്. അല്ലാതെ അത് ഹിന്ദു മതത്തിൻ്റെ ശ്രേഷ്ഠതയുടെ തെളിവൊന്നുമല്ല..

Leave a Reply

Your email address will not be published. Required fields are marked *