പുടിന്റെ മാത്രമല്ല നിങ്ങളുടെ കപടമുഖവും ജനം വലിച്ചുകീറും; സി.എസ് സുരാജ് എഴുതുന്നു


യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം, റഷ്യ സുരക്ഷക്ക് കനത്ത ഭീഷണിയാണെന്നാണ് സി.പി.എം. പോളിറ്റ് ബ്യൂറോയുടെ യുദ്ധം സംബന്ധിച്ച പ്രസ്താവനയില്‍ പറയുന്നത്. തുടര്‍ന്ന് യൂക്രൈനെതിരായ സൈനിക നടപടി നിര്‍ഭാഗ്യകരമാണെന്നും, യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും സമാധാനം പുലരണമെന്നും പറയുന്നു. യുക്രൈനുനേരെ ഏകപക്ഷീയമായ ആക്രമണം അഴിച്ചുവിട്ട റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നടപടിക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴും, എന്തുകൊണ്ടാണ് സിപിഎമ്മിന് റഷ്യയെ ന്യായീകരിക്കേണ്ടി വരുന്നത്? – സി.എസ്. സുരാജ് എഴുതുന്നു.
ഇപ്പോഴും കൂറ് റഷ്യയോട്!

യുദ്ധാനന്തരം ലോക ജനത മാര്‍ക്കിടാന്‍ പോകുന്നത് റഷ്യയ്ക്കാണെങ്കില്‍, ഇന്ത്യന്‍ ജനത മാര്‍ക്കിടാന്‍ പോകുന്നത് നിങ്ങൾക്ക് കൂടിയാണ്! ഒരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആത്യന്തികമായ കടമയാണ് ആ രാജ്യത്തോടും അവിടെയുള്ള ജനതയോടും കൂറ് പുലര്‍ത്തുക എന്നുള്ളത്. കൂറ് പുലര്‍ത്തിയില്ലെങ്കിലും കുഴപ്പമില്ല, ഒരു രാജ്യത്ത് നിന്ന് കൊണ്ട് കേവലം രാഷ്ട്രീയത്തിന്റെ പേരില്‍ മറ്റ് രാജ്യങ്ങളോട് കൂറ് പുലര്‍ത്തുകയാണെങ്കിലോ?! സ്വന്തം ജനതയെ മറ്റൊരു രാജ്യം വിഴുങ്ങുന്ന സമയത്ത് ആ രാജ്യത്തിന് പിന്തുണ കൊടുക്കുകയാണെങ്കിലോ?! സ്വന്തം ജനതയുമായി ഇഴുകി ചേരാതെ എന്നും മറ്റുള്ള രാജ്യങ്ങള്‍ കെട്ടിയിറക്കി തരുന്ന കയറുകളില്‍ തൂങ്ങി എങ്ങോ ഒരു വിദൂരതയില്‍ നിലകൊള്ളുകയാണെങ്കിലോ?!

അങ്ങനെ നിലകൊണ്ട് നിലകൊണ്ട് ഇന്ന് ഇന്ത്യന്‍ മണ്ണില്‍ നിന്നും വേരറ്റു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം! ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ‘മതേതരത്വം’ പറഞ്ഞു കൊണ്ടും, മതങ്ങളെ വാരിപ്പുണര്‍ന്നു കൊണ്ടുമാണ് ഇന്ത്യയില്‍ വോട്ടു പിടിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതൊന്നും ചെയ്തില്ലെങ്കില്‍ കൂടി ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ അധികാര പഥങ്ങളില്‍ അമര്‍ന്നിരിക്കാന്‍ കഴിവുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ കൈവശമുള്ള പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. മദ്യത്തെക്കാളും മയക്കു മരുന്നുകളെക്കാളും, ഒരു പരിധിവരെ മതങ്ങളെക്കാളും മനുഷ്യനെ ഒരു സ്വര്‍ഗ്ഗ സുന്ദര സ്വപ്ന ലോകത്തിലേക്ക് പറഞ്ഞയക്കാന്‍ കഴിവുള്ള ‘സോഷ്യലിസ്റ്റ്’ സിദ്ധാന്തങ്ങള്‍ കൈവശമുള്ള പാര്‍ട്ടി! അത് മാത്രം മതി… ഇന്ത്യന്‍ ജനതയുടെ കയ്യടി വാങ്ങുവാനും, അധികാരത്തിലേറുവാനും!

രക്തരൂക്ഷിത വിപ്ലവങ്ങള്‍ നടത്തിയിട്ട് പോലും ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോട് ഏതെങ്കിലും തരത്തിലുള്ള അനുഭാവം ആരെങ്കിലും പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അതിന്റെ മൂല കാരണവും ഈ തേനില്‍ പൊതിഞ്ഞിട്ടുള്ള സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങള്‍ തന്നെയാണ്. എന്നിട്ടുമെന്തേ ഇന്ത്യന്‍ മണ്ണില്‍, ഇത്രത്തോളം മത-സാമ്പത്തിക അന്ധവിശ്വാസികളുള്ള ഈ ഇന്ത്യന്‍ മണ്ണില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വേരുറപ്പിക്കാന്‍ കഴിയാതെ പോയത്?

എതിര്‍ പാര്‍ട്ടികളിലെ ശക്തരായ നേതാക്കള്‍ പോലും കമ്യൂണിസ്റ്റ് അനുഭാവം പ്രകടിപ്പിക്കുകയും, സോഷ്യലിസ്റ്റ് അന്ധവിശ്വാസങ്ങള്‍ക്ക് കുട ചൂടുകയും ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. ഇന്നും പുരോഗമന ആശയങ്ങളുടെ മൊത്ത കച്ചവടക്കാര്‍ എന്നറിയപ്പെടുന്നതും ഇതേ പാര്‍ട്ടി തന്നെയാണ്. എന്നിട്ടുമെന്തേ ഇന്ത്യന്‍ മണ്ണില്‍ ഈ പാര്‍ട്ടിക്ക് വേരുറപ്പിക്കാന്‍ കഴിയാതെ പോയത്?

മുന്നേ പറഞ്ഞ ആ ഒരു സ്വഗോത്ര സ്‌നേഹമുണ്ടല്ലോ അത് തന്നെ പ്രധാന കാരണം! അങ്ങ് താഷ്‌ക്കെന്റിലാണ് നിങ്ങളുടെ അമ്മ വീടെന്ന് ഞങ്ങള്‍ക്കറിയാം. അത് ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ല. നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ ഇന്ത്യന്‍ മണ്ണിലുണ്ടായതല്ലെന്നും പുറത്തു നിന്നും വന്നവയാണെന്നും ഞങ്ങള്‍ക്കറിയാം. പൂര്‍ണ്ണമായും വിദേശികളായ ആശയങ്ങളെ ഇന്ത്യയുടെ നട്ടെല്ലായി അംഗീകരിച്ചിട്ടുള്ള ഞങ്ങള്‍ക്ക് അതും ഒരു പ്രശ്‌നമല്ല. എന്നിട്ടും ഈ ജനത എന്ത് കൊണ്ടാണ് നിങ്ങളെ മുറുകെ പിടിക്കാതെ പോവുന്നതെന്ന് എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ നിങ്ങള്‍?

സ്വന്തം ജനത ആക്രമിക്കപ്പെടുമ്പോള്‍, ആ ജനതയ്ക്ക് പിന്തുണ കൊടുക്കുന്നതിന് പകരം, കേവലം ഗോത്ര സ്‌നേഹമൊന്ന് കൊണ്ട് മാത്രം ആക്രമിക്കുന്ന രാജ്യത്തിന് നിങ്ങള്‍ പിന്തുണ കൊടുക്കും. എന്നിട്ട് ഈ ജനത നിങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നാണോ?

പോട്ടെ… അതെല്ലാം കഴിഞ്ഞ കാര്യമാണെന്ന് വെക്കാം. അത് തിരുത്താന്‍ വീണ്ടുമൊരു അവസരം വന്നിട്ടും എന്താണ് നിങ്ങളിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്? വലിയൊരു സാമ്രാജ്യത്തിന്റെ നെറികെട്ട അധിനിവേശം നടക്കുമ്പോള്‍, ആത്മധൈര്യമൊന്നു കൊണ്ടു മാത്രം പിടിച്ചു നില്‍ക്കുന്ന ഒരു ജനതയ്ക്ക് പിന്തുണ കൊടുക്കുന്നതിനു പകരം, എന്ത് തോന്നിയവാസമാണ് നിങ്ങളിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്?
ശരിയുടെ പക്ഷം പിടിക്കാന്‍, അല്‍പ്പമെങ്കിലും മനുഷ്യത്വം കാണിക്കാന്‍, ഇനിയും നിങ്ങള്‍ക്കെന്താണിത്ര മടി?

നിങ്ങളുടെ ലക്ഷ്യം മതങ്ങളെ പോലെ ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു സുസജ്ജ സാമ്രാജ്യമാണ്. നിങ്ങളുടെ പ്രമാണ പുസ്തകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള, നിങ്ങളുടെ മാത്രം ഗോത്രത്തിന്റെതായ, നിങ്ങളുടെ തന്നെ ഗോത്ര തലവന്മാര്‍ നയിക്കുന്ന ഒരു ചെമ്പട്ടണിഞ്ഞ സാമ്രാജ്യം. അങ്ങനെയൊരു സാമ്രാജ്യം വരണമെങ്കില്‍, ആ സാമ്രാജ്യത്തെ പ്രതിനിധീകരിച്ച് വലിയൊരു രക്തപതാക വാനിലുയരണമെങ്കില്‍ വലിയൊരു രക്തപുഴ ഈ ലോകത്ത് ഒഴുകണമെന്ന് നിങ്ങള്‍ക്കറിയാം. വലിയ വലിയ കമ്യൂണിസ്റ്റ് സാമ്രാജ്യങ്ങള്‍ ഉയരണമെന്നും, ഈ സാമ്രാജ്യങ്ങള്‍ ചുറ്റുമുള്ള രാജ്യങ്ങളെ വിഴുങ്ങണമെന്നും, എതിര്‍ക്കുന്ന ജന വിഭാഗങ്ങളെ അരിഞ്ഞു വീഴ്ത്തണമെന്നും നിങ്ങള്‍ക്കറിയാം.

അപ്പോള്‍ പിന്നെ എങ്ങനെ ഇപ്പോള്‍ നടക്കുന്ന ഈ മനുഷ്യ കുരുതിക്ക് വിയോജന കുറിപ്പെഴുതാന്‍ നിങ്ങള്‍ക്ക് സാധിക്കുമല്ലേ?!

അന്ധമായ സ്വഗോത്ര സ്‌നേഹമൊന്നു കൊണ്ടു മാത്രം, ശരി ഏതെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍, തിരിച്ചറിഞ്ഞിട്ടും ആ ശരിയുടെ കൂടെ നില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, പിടഞ്ഞു വീഴുന്ന നിരപരാധികളായ മനുഷ്യരെ കാണാന്‍ കഴിയുന്നില്ലെങ്കില്‍, ജനങ്ങള്‍ക്കായി, മനുഷ്യത്വത്തിനായി നിലകൊള്ളുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്നു പറയാന്‍ എന്ത് യോഗ്യതയാണ് നിങ്ങള്‍ക്കുള്ളത്?

ഈ യുദ്ധമവസാനിക്കുമ്പോള്‍, റഷ്യയെന്ന സാമ്രാജ്യത്തിന്റെയും, പുട്ടിന്‍ എന്ന റഷ്യന്‍ ഏകാധിപതിയുടെയും കപടമുഖങ്ങള്‍ മാത്രമായിരിക്കില്ല ഈ ജനത വലിച്ചു കീറുക… നിങ്ങളുടേത് കൂടിയായിരിക്കും! മനുഷ്യരെ കൊന്ന് തിന്ന് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുന്നതിന് മൗനാനുവാദം നല്‍കുന്ന നിങ്ങളെന്ന കപട മനുഷ്യ സ്‌നേഹികളുടെ കൂടി!


Leave a Reply

Your email address will not be published. Required fields are marked *