ശ്രീലങ്ക എത്ര രാജ്യങ്ങളില്‍ ആവര്‍ത്തിക്കും; എന്തുകൊണ്ട്? പി ബി ഹരിദാസന്‍ എഴുതുന്നു


”വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നത് ഇനിയൊരു പന്ത്രണ്ടു രാജ്യങ്ങള്‍ കൂടി അടുത്തുതന്നെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും, 69 രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നുമാണ്. ലെബനന്‍, സുരിനാം ,ഘാന, സാംബിയ, പാക്കിസ്ഥാന്‍, കമ്പോഡിയ, ലാവോസ്, നവ ലിബറല്‍ നയങ്ങള്‍ തൊടാത്ത , ക്യാപിറ്റലിസ്റ്റ് അല്ലാത്ത ക്യൂബ, തുര്‍ക്കി, കെനിയ, അര്‍ജന്റീന, ഇക്വഡോര്‍, ഈജിപ്ത്… ആ നിര നീണ്ടതാണ്. അമേരിക്കയിലും കാനഡയും, യൂറോപ്പിലും പ്രശ്‌നങ്ങളുണ്ട്. ചൈനയിലും പ്രതിസദ്ധികള്‍ ഏറെയുണ്ട്.”- പി ബി ഹരിദാസന്‍ എഴുതുന്നു.

ലോക രാഷ്ട്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍; ഒരു അവലോകനം

ലോക രാഷ്ട്രങ്ങള്‍ എല്ലാം തന്നെ പല തലത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളിലാണ്. സാമ്പത്തിക ക്ലേശങ്ങള്‍ക്ക് വെളിയിലുള്ള രാജ്യങ്ങള്‍ കാണണമെങ്കില്‍ ഗവേഷണം നടത്തേണ്ടി വരും എന്നതാണ് അവസ്ഥ. എണ്ണ പണത്തിന്റെ ഒഴുക്കില്ലാത്ത രാജ്യങ്ങള്‍ മിക്കവയും ഇന്‍ഫ്‌ളേഷന്റെ പിടിയിലാണ് അല്ലെങ്കില്‍ മറ്റു സാമ്പത്തിക പ്രതിസന്ധികളിലാണ്. എന്തുകൊണ്ടാണ് പെട്ടെന്ന് ഈ ഒരവസ്ഥ. മഹാമാരി, റഷ്യ- യുക്രൈന്‍ യുദ്ധം. മിക്കവാറും അങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കാരണങ്ങള്‍ പക്ഷെ നിരവധിയാണ്. കൂലങ്കഷമായി പറയണമെങ്കില്‍ ഒരു പുസ്തകം തന്നെ എഴുതേണ്ടിവരും.

ശ്രീലങ്കയുടെ സാമ്പത്തിക അവസ്ഥ ഇനി എത്ര രാജ്യങ്ങളില്‍ ആവര്‍ത്തിക്കും. വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നത് ഇനിയൊരു പന്ത്രണ്ടു രാജ്യങ്ങള്‍ കൂടി അടുത്തുതന്നെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും, 69 രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നുമാണ്. വരും മാസങ്ങളില്‍ വര്‍ഷങ്ങളില്‍ എത്ര രാജ്യങ്ങളില്‍ ജനം തെരുവിലിറങ്ങും എത്ര രാജ്യങ്ങളില്‍ ഭരണകൂടത്തിനെതിരെ പ്രക്ഷോഭമുണ്ടാവും, എത്ര രാജ്യങ്ങളിലെ ജനാധിപത്യ വ്യവസ്ഥ പരാജയപ്പെടും എന്നത് കണ്ടുതന്നെ അറിയണം. ഇവിടെ ശ്രീലങ്കയില്‍ സംഭവിച്ചത് യഥാര്‍ത്ഥത്തില്‍ ഒരു മാതൃകയാണ്. ഈ പ്രക്ഷോഭത്തില്‍ മുഴുവനായും അവര്‍ അക്രമാസക്തരായില്ല. അവര്‍ താരതമ്യേന ശാന്തത പാലിച്ചു. അമേരിക്കയിലെ പോലെ കട കമ്പോളങ്ങള്‍ കൊള്ളയടിച്ചില്ല. കല്ലെറിഞ്ഞു പൊതുമുതല്‍ നശിപ്പിച്ചില്ല. പ്രക്ഷോഭം മൂലമുള്ള ആളപായങ്ങള്‍, ജീവന്‍ നഷ്ടം ഉണ്ടായില്ല എന്നുതന്നെ പറയാം. അവര്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ കണ്ടെത്തിയ പണം കൈക്കലാക്കി ഓടിയില്ല. എണ്ണി തിട്ടപ്പെടുത്തി അധികാരികളെ ഏല്‍പ്പിച്ചു. മാതൃക പെരുമാറ്റമാണത്. യഥാര്‍ത്ഥത്തില്‍ ജനാധിപത്യ സംസ്‌കാരം അടിയുറച്ച ഒരു ജനതയാണെന്നാണ് അവര്‍ തെളിയിച്ചത്.

പാക്കിസ്ഥാന്‍ മുതല്‍ ഈജിപ്ത്‌ വരെ

ശ്രീലങ്കന്‍ സാമ്പത്തിക തകര്‍ച്ചക്ക് സമാനമായ അവസ്ഥയില്‍ എത്തിനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടിക നീണ്ടതാണ്. ലെബനന്‍, സുരിനാം ,ഘാന, സാംബിയ, പാക്കിസ്ഥാന്‍, കമ്പോഡിയ, ലാവോസ്, നവ ലിബറല്‍ നയങ്ങള്‍ തൊടാത്ത , ക്യാപിറ്റലിസ്റ്റ് അല്ലാത്ത ക്യൂബ, തുര്‍ക്കി, കെനിയ, അര്‍ജന്റീന, ഇക്വഡോര്‍, ഈജിപ്ത് നിര നീണ്ടതാണ്. അവിടം വിലക്കയറ്റത്തിന്റെ പിടിയിലാണ്. തൊഴിലില്ലായ്മയും ജീവിതനിലവാര തകര്‍ച്ചയും പ്രകടമാണ്.

ഐഎംഎഫിന്റെ സഹായം കിട്ടുമ്പോള്‍ ഇതിലെ ചില രാജ്യങ്ങള്‍ പാകിസ്ഥാന്‍, ഈജിപ്ത്, എന്നിവ വീഴാതെ മുന്നോട്ടുപോകുമായിരിക്കും. ലെബോണനിലും ഈജിപ്തിലും ഘാനയിലും തുര്‍ക്കിയിലും മൊക്കെ ജനങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍ എങ്ങനെയായിരിക്കും കാര്യങ്ങള്‍ എന്ന് കണ്ടറിയാം. സിംബാബ്‌വേയില്‍ അങ്ങനെ സംഭവിക്കാന്‍ ഇടയില്ല. കാരണം തലമുറകളായി അവര്‍ ഹൈ ഇന്‍ഫ്‌ളേഷനിലാണ് ജീവിക്കുന്നത്. അവര്‍ അവരുടെ ‘ശനിദശ’ യുമായി വര്‍ഷങ്ങളായി പൊരുത്തപ്പെട്ടാണ് ജീവിക്കുന്നത്. സിംബാവെയിലെ ഹൈപ്പര്‍ ഇന്‍ഫ്ളേഷന്‍ പതിയെ കുറഞ്ഞു തുടങ്ങിയതാണ് എന്നാല്‍ ഇപ്പോള്‍ തിരിച്ചു 130 ശതമാനത്തിലേക്ക് പോയിരിക്കുന്നു.

സാമ്പത്തിക ഫയല്‍വാനായ അമേരിക്ക പണ്ടേ രോഗിയായിരുന്നു. ഇപ്പോള്‍ കാനഡയും, സുഖവാസികളായ യൂറോപ്പും, ഇന്‍ഫ്‌ളേഷനടക്കം മറ്റു സാമ്പത്തിക പ്രതിസന്ധികളിലാണ് . ലോകത്തെ എണ്ണ ഒഴുക്കില്ലാത്ത മിക്ക രാജ്യങ്ങളും ഇന്‍ഫ്‌ളേഷന്റെ പരാധീനതകളിലാണ്. ചൈനയില്‍ എന്തൊക്കെയോ പെരുക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പ്രധാനപെട്ട ലോക മാധ്യമങ്ങളെല്ലാം ആവര്‍ത്തിക്കുന്നു. അവരുടെ ചില റീജിയണല്‍ ബാങ്കുകള്‍ നിക്ഷേപകരുടെ പണ നിക്ഷേപങ്ങള്‍ തിരിച്ചുകൊടുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അവരുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയൊരു ആന Elephant in the Room, ചൈനീസ് അധികാരികളൊന്നും ഇത്രകാലം കണ്ടില്ലത്രെ. എന്നുവെച്ചു് ചൈന ശ്രീലങ്കയുടെ അവസ്ഥയിലേക്ക് പോകുമോ എന്ന ആത്മരതികള്‍ക്കൊന്നും സ്ഥാനമില്ല. ചൈന ഒരു വലിയ സാമ്പത്തിക ശക്തിയാണ്. പൂഴ്ത്തിവെക്കപെട്ട കണക്കുകള്‍ ഇനി അധികമില്ലെങ്കില്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ കഴിയുമായിരിക്കും. ചൈനയും സാമ്പത്തിക പ്രതിസന്ധികളിലാണ് എന്നതാണ് ഇവിടത്തെ പ്രസക്തി. ഇന്ത്യ താരതമ്യേന ഭദ്രമായ നിലയിലാണ്. അതിലേക്ക് പിന്നീട് വരാം.

കോവിഡും യുക്രൈന്‍ യുദ്ധവും

എന്തുകൊണ്ടാണ് ലോക രാജ്യങ്ങള്‍ മിക്കവയും ഒരേ കാലത്തു പൊടുന്നനെ ഈ അവസ്ഥയിലേക്ക് എത്തിയത്. ഏതു മാധ്യമം എടുത്തുനോക്കിയാലും ഇപ്പോള്‍ ഈ വാര്‍ത്ത നിറഞ്ഞിരിക്കുന്നതെന്തുകൊണ്ട്. ഈ അവസ്ഥ സംജാതമായത് പൊടുന്നനെയല്ല. ഇത് ദശാബ്ദങ്ങളായി വളര്‍ന്നുവന്ന് ഇപ്പോള്‍ പൊട്ടിയതാണ്. അതാണ് ഈ ലേഖനത്തില്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. ലോക സാമ്പത്തിക പ്രതിസന്ധിയെ പ്രതി എല്ലാ ചര്‍ച്ചകളിലും റിപ്പോര്‍ട്ടുകളിലും ആവര്‍ത്തിക്കപ്പെടുന്ന കുറച്ചു കാര്യങ്ങള്‍ പറഞ്ഞതിനുശേഷം ആധുനിക സാമ്പത്തിക വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ചില അടിസ്ഥാന അസന്തുലിതാവസ്ഥകള്‍ ചര്‍ച്ചചെയ്യാം.

കോവിഡ് മഹാമാരി ഉണ്ടാക്കിയ അടച്ചിടലുകളും ഉല്‍പാദന പ്രക്രിയകളുടെ മാന്ദ്യവും മഹാമാരി കൊണ്ടുവന്ന ചിലവുകളും പല രാജ്യങ്ങളെയും ദുരിതത്തിലാക്കി. ടൂറിസത്തെ ആശ്രയിച്ചിരിക്കുന്ന ക്യൂബ, ശ്രീലങ്ക പോലുള്ള രാജ്യങ്ങളുടെ വിദേശനാണ്യ വരവ് നിലച്ചു. വിദേശനാണ്യ ശേഖരം ശോഷിച്ചു. വിദേശ കടം തിരിച്ചടവ് പ്രശ്‌നത്തിലായി. എണ്ണ ഇറക്കുമതിയെ ബാധിച്ചു. പെട്രോളിയം ഉല്പന്നങ്ങള്‍ ഇറക്കുമതിക്കുള്ള ഡോളര്‍ ശേഖരം ഇല്ലാതായി. ജീവിതനിലവാരത്തില്‍ മുന്നിലായിരുന്നു ശ്രീലങ്ക തുര്‍ക്കി എന്നീ രാജ്യങ്ങളിലെ പെട്രോള്‍ പമ്പുകളിലെ വരി മൈലുകളോളം നീണ്ടു. വിലവര്‍ധന ഉണ്ടാക്കി. രാജ്യം ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു. ക്യൂബയുടേതും സമാനം തന്നെ. കാഴ്ചബംഗ്‌ളാവ് അല്ലെങ്കില്‍ പുരാവസ്തുകേന്ദ്രം കാണാന്‍ വരുന്ന പോലെ ധാരാളം പേര്‍ ക്യൂബ സന്ദര്‍ശനം നടത്തുന്നുണ്ടായിരുന്നു. കോവിഡ് കാരണം ക്യൂബയിലേക്കുള്ള ആ ടൂറിസം വരുമാനം നിലച്ചു. പല ആവശ്യസാധനങ്ങ ടേയും ഇറക്കുമതിയെ ബാധിച്ചു. ഡോക്ടര്‍മാര്‍ ആവശ്യത്തിന് ഉണ്ട് പക്ഷെ മരുന്നില്ല. തൊഴിലില്ലായ്മയുടെയും ഇല്ലായമകളുടെയും കുറവുകളുടെയും അവസ്ഥ ക്കെതിരെ ക്യൂബക്കാരന്‍ തെരുവില്‍ പ്രതിഷേധിക്കുന്നു.

കോവിഡ് നിയന്ത്രണത്തിലായി പല രാജ്യങ്ങളും പതിയെ സാധാരണ നിലയിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോഴാണ് ഹീറോ പുട്ടിന്‍ ചരിത്ര പുരുഷനാകാന്‍ അഖണ്ഡ സോവിയറ്റ് യൂണിയന്‍ മോഹവുമായി യുക്രൈന്‍ ആക്രമിക്കുന്നത്. അമേരിക്കയും വെസ്റ്റേണ്‍ രാജ്യങ്ങളും ചേര്‍ന്ന് റഷ്യക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നു. എണ്ണയുടെ കാര്യത്തിലും ഗോതമ്പിന്റെ കാര്യത്തിലും മറ്റു പല റഷ്യന്‍ ആശ്രിത കൊമ്മോഡിറ്റി മാര്‍ക്കറ്റിലും, ഉദാഹരണം നൈട്രജന്‍, പൊട്ടാഷ്, ആന്‍ഡ് ഫോസ്ഫറസ് വളങ്ങള്‍, കല്‍ക്കരി, ഉരുക്ക് എന്നിവയില്‍, സപ്ലൈ സൈഡ് ഡിസ്‌റ്പ്ഷന്‍സ് ( ഭംഗപ്പെടല്‍) ഉണ്ടാകുന്നു. വിലക്കയറ്റം ഉണ്ടാകുന്നു. ആഗോളീകരിക്കപ്പെട്ട ലോക സാമ്പത്തിക വ്യവസ്ഥ പലതരം കുറവുകളിലേക്ക് നീങ്ങുന്നു. ഭക്ഷ്യധാന്യങ്ങളുടെ പ്രധാന ഉല്‍പാദനകേന്ദ്രമായ യുക്രൈനില്‍ നിന്നും റഷ്യയില്‍ നിന്നും ഗോതമ്പു ലഭ്യത കുറഞ്ഞു ലോകം ധാന്യങ്ങളുടെ കാര്യത്തില്‍ ക്ഷാമത്തിലേക്കാണ്. പല രാജ്യങ്ങളും വിലക്കയറ്റത്തിന്റെ പിടിയിലാണ്. പല സബ് സഹാറന്‍ പ്രദേശങ്ങളും പട്ടിണിയിലേക്ക് നീങ്ങുന്നു.

പക്ഷേ അടിസ്ഥാന കാരണം അതല്ല

ഇതൊക്കെ ശരിതന്നെ. എന്നാല്‍ ലോക രാഷ്ട്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിന് കാരണം ഇത് മാത്രമല്ല. രാജ്യങ്ങള്‍ക്ക് പരസ്പരം കൊ ഓര്‍ഡിനേറ്റ് ചെയ്ത് ഇതൊക്കെ കൈകാര്യചെയ്ത് അതിന്റെ തിക്തത കുറച്ച് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയുമായിരുന്നു. പക്ഷേ അങ്ങനെ കഴിയുന്നില്ല. ഉദാഹരണമായി അമേരിക്കയും കാനഡയും, അവര്‍ എണ്ണയുടെയും ധാന്യങ്ങളുടെയും കാര്യത്തില്‍ സമ്പന്നമാണ്. അവിടെ എങ്ങനെയാണ് വിലക്കയറ്റം, കഴിഞ്ഞ നാല്പതുവര്‍ഷത്തെ ഏറ്റവും വലിയ ഇന്‍ഫ്‌ളേഷനിലേക്ക് അവരെത്തിയത്. അര്‍ജന്റീന പണപ്പെരുപ്പത്തില്‍ പെടാന്‍ എന്താണ് കാരണം ? ചൈന പല സാമ്പത്തിക പ്രതിസന്ധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്തുകൊണ്ട് ?. എല്ലാ മാധ്യമങ്ങളിലും വരുന്ന റിപ്പോര്‍ട്ടുകളാണ്, അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് യൂറോപ്പ് സാമ്പത്തിക മാന്ദ്യത്തിലേക്ക്, ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്. NEGATIVE GROWTH/ RECESSION/ /STAGFLATION/DEPRESSION. ഈ വാക്കുകള്‍ മീഡിയകളില്‍ നിറയുന്നു .

ഇപ്പോള്‍ ലോകത്ത് കാണുന്ന സാമ്പത്തിക പ്രതിസന്ധികളുടെ അടിസ്ഥാന കാരണങ്ങള്‍ യുദ്ധമല്ല. മഹാമാരിയും റഷ്യ ഉക്രൈന്‍ യുദ്ധവും ഒരു ട്രിഗര്‍ മാത്രമാണ്. അടിസ്ഥാന കാരണങ്ങള്‍ എലിഫന്റ് ഇന്‍ ദി റൂം എന്നവണ്ണം നിലനില്‍ക്കുന്നുണ്ടായിരുന്നു. ആധുനിക സാമ്പത്തിക വ്യവസ്ഥയില്‍ ദശാബ്ദങ്ങളായി ചില അസന്തുലിതാവസ്ഥ കള്‍ ഉരുത്തിരിയുന്നുണ്ടായിരുന്നു. അവ പ്രകടനമായതാണ് ഇന്ന് ലോകത്തുകാണുന്ന സാമ്പത്തിക പ്രതിസന്ധികള്‍. ആ അസന്തുലിതാവസ്ഥ എന്താണെന്ന് നോക്കാം.

കടമെടുപ്പ് : Artificial Money Creation. 2008 ലെ ലോക സാമ്പത്തിക പ്രതിസന്ധി കാലത്ത് അമേരിക്കയുടെ Federal Reserve Chairman ആയിരുന്ന ബെൻ ബെര്‍ണാക്കിയുടെ വാക്കുകള്‍ ഇക്കാര്യത്തില്‍ സന്ദര്‍ഭോചിതമായിരിക്കും. പ്രശ്‌ന പരിഹാരത്തിന് 85 ബില്യണ്‍ ഡോളര്‍ ചിലവാക്കാന്‍ ഉണ്ടാകുമോയെന്നതായിരുന്നു ഫെഡ് ചെയര്‍മാന്‍ ആയിരുന്ന ബെര്‍ണാക്കിയോടുള്ള ചോദ്യം. അദ്ദേഹത്തിന്റെ ഉത്തരം 85 അല്ല 800 ബില്യണ്‍ ലഭ്യമാണ് എന്നായിരുന്നു. പിന്നീട് അദ്ദേഹം പറഞ്ഞു :’The U.S. government has a technology, called a printing press (or today, its electronic equivalent), that allows it to produce as many U.S. dollars as it wishes at no cost’.

ഈ ടെക്നോളജി പക്ഷെ എല്ലാ ലോക രാഷ്ട്രങ്ങളുടെയും കൈവശം ലഭ്യമാണ്. അവരെല്ലാവരും തന്നെ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഈ പണമുണ്ടാക്കുന്ന കുറുക്കുവഴി ലക്കും ലഗാനുമില്ലാതെ അച്ചടിച്ചുകൂട്ടുന്നുണ്ടായിരുന്നു. അതൊക്കെ പക്ഷെ ഭാവിയില്‍ ഒരുനാള്‍ തിരിച്ചടക്കേണ്ട കടങ്ങളാണ്. ലോകരാഷ്ട്രങ്ങളെല്ലാം ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത ഈ വന്‍ കടക്കൂമ്പാരത്തിലാണ് ജീവിക്കുന്നത്. കണക്കെടുപ്പിന് ഒരു നാള്‍ വരും എന്നാരും ഗൗനിച്ചില്ല. മാനവരാശിയുടെ പുരോഗതിയെ ദശാബ്ദങ്ങളോളം മുരടിപ്പിക്കുന്ന കട ബാധ്യതകള്‍ ലോക പ്രമുഖ രാഷ്ട്രങ്ങളെല്ലാം തന്നെ വരുത്തിവെച്ചിരിക്കുന്നു.

രാഷ്ട്രങ്ങള്‍, പ്രധാനമായും രണ്ടു തരത്തില്‍ കട ബാധ്യതകള്‍ ഉണ്ടാക്കുന്നു. ഒന്ന് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കടമെടുപ്പ് . എക്‌സ്‌റ്റേണല്‍ ബോറോയിങ്. ഉദാഹരണമായി ഡോളര്‍ കടം. രണ്ട് ഇന്‍ടെര്‍ണല്‍ കടങ്ങള്‍. മുകളില്‍ പറഞ്ഞ ബോണ്ട് എന്ന ആര്‍ട്ടിഫിഷ്യല്‍ മണി ക്രിയേഷണലിലൂടെയുള്ള, സ്വന്തം കറന്‍സിയിലുള്ള കടം. QE ( Quantitative easing ), എന്ന കേള്‍ക്കാന്‍ സുഖമുള്ള പേരിട്ട് അമേരിക്കക്കാരന്‍ വിളിക്കുന്ന , ഫിസ്‌കല്‍ ഡെഫിസിറ്റ് എന്ന് നമ്മള്‍ വിളിക്കുന്ന കൃത്രിമമായി ഉണ്ടാക്കുന്ന മണി. കൃത്രിമമായി എന്നാല്‍ യാതൊരു അടിസ്ഥാന ബലവുമില്ലാതെ ലോക രാഷ്ട്രങ്ങള്‍ ഉണ്ടാക്കി വെച്ചിരിക്കുന്ന കടക്കൂമ്പാരം.

ആധുനിക ക്യാപിറ്റലിസം മാനവരാശിയുടെ വളര്‍ച്ചക്ക്, അതിനാവശ്യമായ മൂലധന സ്വരൂപണത്തിന്, പല ലളിതമായ സിസ്റ്റങ്ങളും ഉരുത്തിരിയിച്ചു വെച്ചിരിക്കുന്നു. ബാങ്കിങ് , വന്‍ തോതില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ബോണ്ട് മാര്‍ക്കറ്റ് അടങ്ങുന്ന ക്യാപിറ്റല്‍ മാര്‍ക്കറ്റ് , IMF , World Bank മുതലായ പല മൂലധന സ്വരൂപണ സംവിധാനങ്ങള്‍ ലോകത്ത് വികസിച്ചു് നിലനില്‍ക്കുന്നു. ചില നിയതമായ നിയമങ്ങള്‍ പാലിച്ചുകൊണ്ട് രാഷ്ട്രങ്ങക്ക് ഇവയില്‍ നിന്ന് ഫണ്ടുകള്‍ സ്വരൂപിക്കാം കടമെടുക്കാം. വ്യക്തികളും, ക്വാസി ഗവണ്മെന്റ് സ്ഥാപനങ്ങളും കോര്‍പറേറ്റുകളും മാര്‍ക്കെറ്റില്‍ നിന്ന് കടമെടുക്കുന്നു വളരുന്നു. രാഷ്ട്രവികസനത്തിന്, വ്യവസായം, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മുതലായവയുടെ വികസനത്തിന് ഇത് ആക്കം കൂട്ടുന്നു. മനുഷ്യ രാശി ഇന്നത്തെ നിലക്ക് വളര്‍ന്നത് ഈ സൗകര്യങ്ങള്‍ ഉപയോഗിച്ചതുകൊണ്ടാണ്. ഇതാണ് ഓര്‍ഗനിക്ക് ഗ്രോത്ത്. സഹജമായ വളര്‍ച്ച അല്ലെങ്കില്‍ നൈസര്‍ഗ്ഗികമായ വളര്‍ച്ച. എന്നാല്‍ മുകളില്‍ പറഞ്ഞ പ്രിന്റിംഗ് പ്രെസ്സ് ഗ്രോത്ത്, ഇക്കോണമി വളര്‍ച്ചക്കല്ലാത്ത, ആവശ്യങ്ങള്‍ക്കും ഭരണകൂടങ്ങള്‍ അമിതമായി ഉപയോഗിച്ചുതുടങ്ങി. കമ്പ്യൂട്ടര്‍ എന്ന മെഷീന്റെ വരവിനു ശേഷം, സമൂഹത്തിന്റെ സര്‍വ്വ മേഖലകളിലും ഉള്ള അതിന്റെ വ്യാപനത്തിനുശേഷം ഉള്‍ച്ചേരലിനുശേഷം, പ്രത്യേകിച്ച് 1990 – 2000 അഉ ക്കുശേഷം, ഈ കടമെടുപ്പ് വളര്‍ച്ചക്ക് പുതിയ മാനം, അവസ്ഥ കൈവന്നിരിക്കുന്നു. അതിനു ഭീമാകാരമായ മാനം കൈവന്നിരിക്കുന്നു.

യുഎസ് ഋണ ഘടികാരം ഓര്‍മ്മിപ്പിക്കുന്നത്

മേല്‍പ്പറഞ്ഞ കടമെടുപ്പ് സൗകര്യങ്ങള്‍ രാഷ്ട്ര വികസനത്തിന് എന്ന പ്രധാന ലക്ഷ്യത്തില്‍ നിന്ന് തെറ്റി വഴിമാറി കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ രാജ്യ പൗരന്മാരെ വിലക്കെടുക്കാന്‍, പോപ്പുലിസത്തിന്, ഈ മൂലധനം ഉപയോഗിച്ചുതുടങ്ങി. കഴിഞ്ഞ രണ്ടു മൂന്നു ദശകങ്ങളായി ഇതിനൊരു അപകടകരമായ മാനം ഉണ്ടായിരിക്കുന്നു. എല്ലാ രാജ്യങ്ങളും, വികസിത ജനാധിപത്യങ്ങള്‍ മാത്രമല്ല, അവികസിതവും, ഏകാധിപത്യ സ്വഭാവമുള്ള രാജ്യങ്ങളും, കമ്മ്യൂണിസ്റ്റ് സ്വഭാവമുള്ള രാജ്യങ്ങളും ഈ കലാപരിപാടി നടപ്പാക്കുന്നു. ഫലം ലോകമാകെ ഇന്ന് വലിയൊരു കടക്കൂമ്പാരത്തിനു മുകളിലാണ് . ലോക സാമ്പത്തിക വ്യവസ്ഥ അതിനു മുകളിലാണ് നില്‍ക്കുന്നത്. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഇത് ഭരണാധികാരികളുടെ നിയന്ത്രണങ്ങളില്‍ നില്‍ക്കാത്ത ഭീമാകാരമായ രൂപമായി മാനവരാശിക്ക് മുകളില്‍ നില്‍ക്കുന്നു.

ചില ഉദാഹരണങ്ങളാണ് നമ്മള്‍ പത്രങ്ങളില്‍ വായിക്കാറുള്ള അമേരിക്കയുടെ ദേശീയ ഋണ ഘടികാരം ( National Debt Clock ). ന്യൂയോര്‍ക്ക് നഗരത്തില്‍ അമേരിക്കക്കാരെ നിരന്തരം ഓര്‍മിപ്പിക്കാന്‍ ഓരോ അമേരിക്കക്കാരനും എത്രമേല്‍ കടത്തിലാണ് എന്ന് നിരന്തരം ഓര്‍മ്മിപ്പിക്കാന്‍ സ്ഥാപിച്ചിട്ടുള്ളതാണത്. അമേരിക്കയുടെ പൊതുകടം 2.7ട്രില്യണ്‍ ഡോളര്‍ ആയിരുന്നപ്പോള്‍ 1989 ല്‍ സ്ഥാപിച്ചതാണത് . ഇപ്പോള്‍ ആ ഡിജിറ്റല്‍ ഡിസ്പ്ലൈക്ക് അക്കങ്ങള്‍ തികയാതെ വരികയും ആ ഘടികാരത്തെ മാറ്റി പുനഃസ്ഥാപിക്കുകയും ചെയ്യേണ്ട അവസ്ഥയിലെത്തി. ഇന്ന് അമേരിക്കയുടെ പൊതുകടം 30 ട്രില്യണ്‍ ഡോളര്‍ കടന്നു നില്‍ക്കുന്നു. ഈ ട്രില്യണ്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരേകദേശ രൂപം ഉണ്ടാക്കിയെടുത്തെങ്കിലേ കാര്യങ്ങളുടെ ഗൗരവം മനസ്സിലാവുകയുള്ളു.

ചുരുക്കിപ്പറഞ്ഞാല്‍ ഈ കടം, 30 ട്രില്യണ്‍, ഒരു കാലത്തും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കന്‍ സര്‍ക്കാരിന് അടച്ചു തീര്‍ക്കാന്‍ കഴിയില്ല. അതാണ് അതിന്റെ ഒരു തോത്. ബ്രിട്ടന്റെ കടം 9 ട്രില്യണ്‍ ഡോളര്‍, ചൈനയുടേത് 13 ട്രില്യണ്‍ തുടങ്ങി ഫ്രാന്‍സ് ജര്‍മനി ജപ്പാന്‍ കാനഡ ഗ്രീസ് ബ്രസീല്‍ ഇറ്റലി എന്നിങ്ങനെ ലോകത്തെ എല്ലാ പ്രമുഖ രാഷ്ട്രങ്ങളും, മൂന്നാം ലോക രാഷ്ട്രങ്ങളും കടക്കൂമ്പാരത്തിലാണ്. ഈ സാമ്പത്തിക സിസ്റ്റത്തില്‍, ലോലമായ ഈ ഘടനയില്‍, യുക്രൈന്‍ യുദ്ധവും മഹാമാരിയും ഉണ്ടാക്കിയ സമ്മര്‍ദ്ധമാണ് ട്രിഗര്‍ ആണ് ഇന്ന് ലോകത്ത് കാണുന്ന വിലക്കയറ്റവും നാണ്യപ്പെരുപ്പവം. പല വിദഗ്ധരെയും ഭയപ്പെടുത്തുന്ന സാമ്പത്തിക കൊളാപസ് അല്ലെങ്കില്‍ സാമ്പത്തിക കാറ്റസ്‌ട്രോഫി ഭീതി ഇതാണ്.

അമേരിക്കയിലെ ഇന്‍ഫ്ളേഷന്‍ കഴിഞ്ഞ 40 വര്‍ഷങ്ങളിലേക്കും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുന്നു. ബ്രിട്ടനില്‍ 1982 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് 9 .4 ശതമാനം നാണ്യ പെരുപ്പത്തിലാണ്. യൂറോ സോണിലെ മിക്ക രാജ്യങ്ങളും പല തരം സാമ്പത്തിക പ്രതിസന്ധിയിലാണ്. സ്ഥിരം പണപ്പെരുപ്പ രാജ്യങ്ങളായ സിംബാബ്വെ വെനിസ്വേല സുരിനാം സിറിയ സുഡാന്‍ എന്നിവക്കുപുറമെ ഇറാന്‍ 39 ശതമാനം തുര്‍ക്കി 73 ശതമാനം അര്‍ജന്റീനയിലെ പണപ്പെരുപ്പം 64 ശതമാനം കടന്നിരിക്കുന്നു. അത് 90 ശതമാനം എത്തുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. In 37 of these 44 nations, the average annual inflation rate in the first quarter of this year was at least twice what it was in the first quarter of 2020 (PEW Research)

ഇതിലെ വിദേശ കടം, ഡോളറില്‍ കടമെടുത്ത, രാജ്യങ്ങളാണ് ഏറെ പരിതാപകരമായ അവസ്ഥയില്‍ എത്തിയിരിക്കുന്നത്. മേല്‍പ്പറഞ്ഞ പ്രിന്റിംഗ് പ്രെസ്സ് ഉപയോഗം കാരണം അവരുടെ കറന്‍സിയുടെ മൂല്യം പല ആവൃത്തി ഇടിഞ്ഞിരുന്നു. എന്നാല്‍ കടം തിരിച്ചടക്കേണ്ടതാവട്ടെ ഡോളറില്‍ തന്നെ ആയിരിക്കുകയും വേണം. മറ്റു ഉത്പാദന കയറ്റുമതികളില്ലാത്ത, ഡോളര്‍ വരുമാനമില്ലാത്ത, ടൂറിസം മാത്രം പ്രധാന വരുമാനമായിട്ടുള്ള രാജ്യങ്ങള്‍ വന്‍ പ്രതിസന്ധിയിലാണ്. ആഭ്യന്തരകടം തിരിച്ചടക്കുക, താരതമ്യേന കൈകാര്യം ചെയ്യാന്‍ സമയം കിട്ടുന്ന പ്രതിസന്ധിയാണ്. ബോണ്ടുകള്‍ വട്ടം കൂടുമ്പോള്‍ പുതിയവ അച്ചടിച്ച് നല്‍കിയാല്‍ മതിയാവും. വിദേശ കടമെടുത്തവര്‍ക്ക് അവരുടെ ഡോളര്‍ ഉറവിടം, ഡോളര്‍ ലഭ്യത ആണ് പരിമിതപ്പെടുന്നത് . അതോടുകൂടി എണ്ണ അടക്കമുള്ള എല്ലാ അവശ്യ സാധനങ്ങളുടെയും ഇറക്കുമതിയെ ബാധിക്കുന്നു. പെട്രോള്‍ പമ്പുകളിലെ വരികള്‍ക്ക് നീളം കൂടുന്നു. ആവശ്യ സാധനങ്ങളായ മരുന്നുകളുടെ ലഭ്യത കുറയുന്നു. വിലക്കയറ്റം ഉണ്ടാകുന്നു. ജനത പലതരം ദൗര്‍ലഭ്യങ്ങളിലേക്ക് വീഴുന്നു . അവിടങ്ങളിലെ ജനത തെരുവുകളിലേക്ക് ഇറങ്ങുന്നു.

ഫ്രീ മാര്‍ക്കറ്റിലെ ഭരണകൂട ഇടപെടലുകള്‍

ഈ പ്രതിസന്ധികള്‍ക്ക് , പ്രത്യേകിച്ചും പല മൂന്നാം ലോക രാജ്യങ്ങളിലെ പ്രതിസന്ധികള്‍ക്ക്, ഇനിയൊരു പ്രധാന കാരണം ഭരണാധികാരികളുടെ ഫ്രീ മാര്‍ക്കെറ്റ് സിസ്റ്റത്തില്‍ കേറിയുള്ള കരുതലില്ലാത്ത ഇടപെടലുകളാണ്. ഗോതബായമാരും എര്‍ദേഗാന്‍മാരും ആധുനിക ഫിനാന്‍ഷ്യല്‍ വ്യവസ്ഥിയില്‍ ഇടപെടുന്നത്, മാര്‍ക്കെറ്റില്‍ പരിധിവിട്ട് ഇടപെടുന്നത്, മാപ്പര്‍ഹിക്കാത്ത അബദ്ധങ്ങളാണ്. It is a Sin, political economy Sin, to recklessly intervene in free flowing market. പ്രത്യേകിച്ച് ലോകം, ലോക സാമ്പത്തിക വ്യവസ്ഥിതി, ഇത്രമേല്‍ ഏകീകൃതമായി (integrated) മുന്നോട്ടുപോകുന്ന സിസ്റ്റത്തില്‍ വിദഗ്ധന്മാര്‍ മാത്രം കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണത്.

ആധുനിക ക്യാപിറ്റല്‍ സിസ്റ്റം വളരെ നൈപുണ്യത്തോടെ കൈകാര്യം ചെയ്യപ്പെടേണ്ട അതി ഗഹനവും വിപുലവുമായ ഒരു സാമ്പത്തിക പദ്ധതിയാണ്. അത് ബിഗ് മണി കൈകാര്യം ചെയ്യപ്പെടുന്ന ഇടമാണ്. അത് കൈകാര്യം ചെയ്യേണ്ടത് വിദഗ്ധന്മാര്‍ മാത്രമായിരിക്കണം. വികേന്ദ്രീകൃത ജനാധിപത്യ വ്യവസ്ഥകള്‍ വേണം. സ്വതന്ത്ര തീരുമാനങ്ങളെടുക്കുന്ന നൈപുണ്യമുള്ള ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ വേണം. ഭരണ നേതൃത്വത്തിന്റെ ഫിനാന്‍ഷ്യല്‍ മാര്‍ക്കെറ്റില്‍ കേറിയുള്ള ഇടപെടലുകള്‍, വളരെ ദൂഷ്യംപചെയ്യും. ദൂരവ്യായകമായ ഫലങ്ങളുണ്ടാക്കും. ഒന്നാമതായി മിക്ക ഭരണ നേതൃത്വങ്ങള്‍ക്കും അതിനുള്ള അറിവില്ല സ്‌കില്‍ ഇല്ല. അത് കൈകാര്യം ചെയ്യേണ്ടത് ആ രാജ്യങ്ങളിലെ വിദഗ്ധന്മാര്‍ മാത്രമായിരിക്കണം.

മാത്രമല്ല ശക്തമായ സെന്‍ട്രല്‍ ബാങ്ക് വേണം. സ്വതന്ത്രമായ സെബി മുതലായ സ്ഥാപനങ്ങള്‍ വേണം . ഇന്‍ഡിപെന്‍ഡന്റ് ജുഡീഷ്യറി വേണം. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഐആര്‍ഡിഎ പോലുള്ള റെഗുലേറ്ററി ബോഡികള്‍ വേണം . ഉദാഹരണമായി ഇന്ത്യയില്‍ 30 ഓളം റെഗുലേറ്ററി, അല്ലെങ്കില്‍ സൂപ്പര്‍വൈസറി ബോഡികള്‍ പ്രവര്‍ത്തിക്കുന്നു. ഇവയൊക്കെ ഗോതബായമാരുടെ ഇടപെടല്‍ ഇല്ലാതെ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമെ ഒരു ആധുനിക ഫ്രീ മാര്‍ക്കെറ്റ് ക്യാപിറ്റല്‍ സിസ്റ്റം സുഗമമായി മുന്നോട്ടുപോകുകയുള്ളു. അല്ലാത്ത പക്ഷം ലെബനോണുകളും തുര്‍ക്കികളും ശ്രീലങ്കകളും ഉണ്ടായിക്കൊണ്ടിരിക്കും. ഇന്നത്തെ പല മൂന്നാം ലോകരാഷ്ട്രങ്ങളിലെയും, വികസ്വര രാജ്യങ്ങളിലെയും സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഒരു പ്രധാന കാരണം ഭരണാധികാരികളുടെ ഫ്രീ മാര്‍ക്കെറ്റിലുള്ള റെക്ക് ലെസ്സ്, വീണ്ടുവിചാരമില്ലാത്ത, കരുതലില്ലാത്ത തുറന്ന പഠനങ്ങളില്ലാത്ത ഇടപെടലുകളും കൂടിയാണ്.

ഇവിടെ ചൈനയെ ഉദാഹരണമായി എടുക്കാവുന്നതാണ്. ചൈനക്ക് ഡോളര്‍ തിരിച്ചടവ് പ്രതിസന്ധിയില്ല. ഡോളര്‍ ലഭ്യത കുറവില്ല. അമേരിക്കയുടെ മൂന്ന് ട്രില്യണ്‍ ഡോളര്‍ റിസേര്‍വ് അവര്‍ക്കുണ്ട്. എന്നിട്ടും ചൈനയില്‍ നിന്ന് സാമ്പത്തിക പ്രതിസന്ധി റിപ്പോര്‍ട്ടുകള്‍ വരുന്നു. തെരുവുകളില്‍ ജനം പ്രതിഷേധിക്കുന്നതിന്റെയും അത് അടിച്ചൊതുക്കുന്നതിന്റെയും ചിത്രങ്ങള്‍ മീഡിയകളില്‍ വരുന്നു. ചൈനയിലെ ഗോസ്റ്റ് ടൗണുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ മതി. ഒരിടത്ത് ദശലക്ഷക്കണക്കിന് അപ്പാര്‍ട്‌മെന്റ്കള്‍ ആളൊഴിഞ്ഞു ആരും വാങ്ങിക്കാന്‍ തയാറില്ലാതെ കിടക്കുന്നു. വന്‍ ടൗണ്‍ഷിപ്പുകളാണ് ഇങ്ങനെ ആളൊഴിഞ്ഞു കിടക്കുന്നത്. ഒന്നും രണ്ടുമല്ല. അനേകം ടൗണ്‍ഷിപ്പുകള്‍ ആളൊഴിഞ്ഞു കിടക്കുന്നു.

വേറൊരിടത്താണെങ്കില്‍ ലക്ഷകണക്കിന് അപ്പാര്‍ട്‌മെന്റ്കള്‍ പൊതുജനത്തില്‍ നിന്ന് മാസ ഗഡുക്കള്‍ വാങ്ങിച്ചുകൊണ്ടിരിക്കുന്നു എന്നാല്‍ കെട്ടിടം മുഴുമിപ്പിക്കപ്പെടുന്നില്ല. കെട്ടിട പണി നടത്തേണ്ട പല കമ്പനികളും പാപ്പരായി. പ്രതിഷേധ അവകാശങ്ങളില്ലാത്ത പ്രതിഷേധ മാര്‍ഗ്ഗങ്ങളില്ലാത്ത ജനത സോഷ്യല്‍ മീഡിയകളിലൂടെ സംഘടിച്ച് പ്രതിഷേധിക്കുന്നു . മാസ ഗഡുക്കള്‍ സംഘടിച്ചു് തീരുമാനിച്ച്് അടക്കാതിരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പറയുന്നത് 870000 പേര്‍ മാസ ഗഡുക്കള്‍ അടക്കുന്നത് നിര്‍ത്തിയിരിക്കുന്നു എന്നാണ്. ബാങ്കിങ് വ്യവസ്ഥയെ ബാധിക്കുന്ന തലത്തില്‍ കാര്യങ്ങളെത്തിയപ്പോള്‍ കേന്ദ്ര ചൈനീസ് ഭരണകൂടം ഇടപെട്ട് കാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു.

1989 ലെ ടിയാന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തിനുശേഷം ചൈനീസ് നഗരങ്ങളില്‍ ആര്‍മി ടാങ്കുകള്‍ ഇറങ്ങിയതിന്റെ ചിത്രങ്ങള്‍ വന്നു തുടങ്ങി. നമുക്ക് കേട്ട് പരിചയമുള്ള ‘ഒറ്റപ്പെട്ട സംഭവമായിരിക്കാം’. പക്ഷെ ഇറങ്ങിയത് സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് . പൊതുജനത്തെ നിയന്ത്രിക്കാനാണ്. പൗരന്മാര്‍ കഷ്ടപ്പെട്ട് സ്വരൂപിച്ചു ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന തുക പലരുടെയും ജീവിത സാമ്പാദ്യം ബാങ്കില്‍ ചെന്നാല്‍ ലഭ്യമല്ല. ചില ബാങ്കുകള്‍ പരാജയപ്പെട്ടിരിക്കുന്നു. പല ചൈനീസ് ലോക്കല്‍ ഗവെര്‍ന്മെന്റ്കളും പാപ്പരാണത്രെ. ഒരു അടഞ്ഞ വ്യവസ്ഥയില്‍ ഇത്തരം മൂടിവെക്കപെട്ട എത്ര ട്രില്യണുകള്‍ കിടക്കുന്നു എന്നതിനനുസരിച്ചിരിക്കും ലോക സാമ്പത്തിക പ്രതിസന്ധിയുടെ വരാന്‍ പോകുന്ന കാഠിന്യം. ആഗോളവല്‍ക്കരിക്കപ്പെട്ടുകിടക്കുന്ന ലോക സാമ്പത്തിക ഘടനയില്‍ ചൈനയുടെ പരാജയവും ലോകം മുഴുവന്‍ ബാധിക്കുന്ന പ്രതിസന്ധി തന്നെയായിരിക്കും. ഈ സാമ്പത്തിക ചുഴലിക്കാറ്റ് പല രാജ്യങ്ങളുടെയും, അവരുടേതായ പിടിപ്പുകേടും ദുര്ഭരണവും കൂടിച്ചേര്‍ന്ന് ഒരു വലിയ ദുരന്തമായി പല രാജ്യങ്ങളുടെയും, പടിവാതിലില്‍ നില്‍ക്കുന്നു.

പോപ്പുലിസം വരുത്തുന്ന വിനകള്‍

ജനാധിപത്യ വ്യവസ്ഥകളുടെ ജന്മസിദ്ധ ദൗര്‍ബ്ബല്യമാണ് പോപ്പുലിസം . ഇത് ജനാധിപത്യ വ്യവസ്ഥ കളില്‍ മാത്രമല്ല എല്ലാത്തരം ഭരണകൂടങ്ങളിലും വ്യവസ്ഥകളിലും പല രാജ്യങ്ങളിലും എല്ലാ സമൂഹങ്ങളിലും ചരിത്രത്തിലും നിലനിന്നിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ പോപ്പുലിസം പല തലങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു. വിദേശികളോടുള്ള എതിര്‍പ്പായും, എമിഗ്രെഷനോടുള്ള എതിര്‍പ്പായും സ്വത്വവാദങ്ങളായും തീവ്ര ദേശീയതയായും ഒക്കെ പോപ്പുലിസം ഉപയോഗിക്കപ്പെടുന്നു.

Political populism always poses a great danger because it disorients people, creates excessive expectations or, on the contrary, prioritises objectives that are clearly not priorities or are simply impossible to achieve… Vladimir Putin ആധുനിക സാമ്പത്തിക വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ചില അടിസ്ഥാന അസന്തുലിതാവസ്ഥകള്‍ക്ക് പ്രധാന കാരണം അതാതു സര്‍ക്കാരുകള്‍ പൗരന്മാരെ പ്രീതിപ്പെടുത്താന്‍ നടപ്പാക്കുന്ന സാമ്പത്തിക പോപ്പുലിസ്റ്റ് നയങ്ങളാണ്. പദ്ധതികളാണ്, നിയന്ത്രണമില്ലാത്ത ചിലവുകളാണ്. മുകളില്‍ പറഞ്ഞതു പോലെ ആധുനിക കാപിറ്റലിസ്റ്റ് വ്യവസ്ഥ ഒരുക്കിവെച്ചിരിക്കുന്ന കടം എടുക്കാനുള്ള സുലഭമായ ലളിതമായ അവസരങ്ങള്‍ കൂടിച്ചേര്‍ന്നപ്പോള്‍ പ്രീണന സാമ്പത്തിക നയങ്ങള്‍ ഭീമാകാരമായ അവസ്ഥയില്‍ എത്തിയിരിക്കുന്നു. വികസിത ജനാധിപത്യങ്ങളും ഈ ബലഹീനതകളില്‍ നിന്ന് മുക്തമല്ല. ഇതുകൊണ്ടുകൂടിയാണ് അമേരിക്കയുടെ ഋണ മണി 30 ട്രില്യണ്‍ ഡോളറില്‍ എത്തി നില്‍ക്കുന്നത്.

”Entitlements are drowning out the funding of ultimately what is required to engender productivity growth, and as you know productivity growth is basic for all economic activity and especially standard of living,’ ..Greenspan said. പത്തൊന്‍പതു വര്‍ഷത്തോളം അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കായ ഫെഡ് റിസേര്‍വ് ചെയര്മാന്‍ ആയിരുന്ന, ഒരു കാലത്ത് അമേരിക്കക്കാരുടെ, ഡെമോക്രാറ്റിക് ആയാലും റിപ്പബ്ലിക്കാനായാലും, അനിഷേധ്യനായിരുന്ന അലന്‍ ഗ്രീന്‍സ്പാന്‍ പറഞ്ഞ വരികളാണിത്. ഉത്പാദന പ്രക്രിയയില്‍ ഉപയോഗിക്കപ്പെടേണ്ട തുകകള്‍ പൗരാവകാശമെന്നവണ്ണം ( പ്രീണനത്തിനായി ) ചിലവിടുമ്പോള്‍ അത് ഉത്പാദന പ്രക്രിയയില്‍ ഉപയോഗിക്കപ്പെടേണ്ട നിധിയെ മുക്കിക്കളയുന്നു . ജീവിത നിലവാരീ ഉല്‍പാദന പ്രക്രിയയിലാണ് നിലനിക്കുന്നത് അറിയാമല്ലോ .ഉല്‍പാദനപ്രക്രിയകളിലൂടെ പൗരന്മാരുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള ഫണ്ടുകള്‍, മൂലധനം സമ്മതിദായക പ്രീണനകള്‍ക്കായി ഭരണകൂടങ്ങള്‍ ചിലവിടുന്നു.

സാമ്പത്തിക പോപ്പുലിസത്തിന് ഉദാഹരണങ്ങളാണ് തുര്‍ക്കി പ്രസിഡണ്ട് എര്‍ദോവാന്‍ നടപ്പാക്കിയ പലിശ കുറക്കല്‍. അവിടത്തെ ധനകാര്യ വിദഗ്ധരെ വിശ്വസ്തതയില്‍ എടുക്കാതെ ഏകാധിപതിയെപോലെ തീരുമാനങ്ങളെടുക്കുമ്പോള്‍ ആധുനിക സാമ്പത്തിക ക്രമം അതിനനുസൃതമായി വളയില്ല. ശ്രീലങ്കയില്‍ ഗോതബായ നികുതി നിരക്കുകളെ ഏകാധിപതിയെ പോലെ മാര്‍ക്കറ്റിനെ മാനിക്കാതെ കുറച്ചാല്‍ ആധുനിക സാമ്പത്തിക ക്രമം അതിനനുസൃതമായി വളയില്ല. പല യൂറോപ്പ്യന്‍ രാജ്യങ്ങളിലും നികുതി വര്‍ദ്ധനക്കെതിരെയാണ് പ്രതിഷേധം, ബ്രിട്ടനിലെ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന് ടാക്‌സ് കുറക്കല്‍ ആണ്. കേരള സര്‍ക്കാര്‍ വരുമാനം കണക്കിലെടുക്കാതെ ശമ്പള പരിഷ്‌കരണം നടത്തിയാല്‍ ഫലങ്ങള്‍ ഉണ്ടാകുകതന്നെ ചെയ്യും.

ശ്രീലങ്കയിലും പാക്കിസ്ഥാനിലും നടപ്പാക്കപ്പെടുന്ന പല പദ്ധതികളിലും ഖ്വാദര്‍ തുറമുഖം ശ്രീലങ്കയിലെ ഹമ്പെന്‍ തോട്ട തുറമുഖം എന്നീ പദ്ധതികളില്‍ തദ്ദേശീയ സര്‍ക്കാരുകള്‍ക്ക് വലിയ നിയന്ത്രണങ്ങളില്ല. ചിലവെത്ര. കോസ്റ്റ് എഫിഷ്യന്‍സി പാലിക്കപ്പെടുന്നുണ്ടോ, അവസാനം തിരിച്ചടവ് വരുമ്പോള്‍ അതിനനുസരിച്ച ഡോളര്‍ വരുമാനം ആ പദ്ധതിയില്‍ നിന്ന് ഉണ്ടാകുമോ എന്ന പഠനങ്ങളില്ല. പലതും ഭരണ നേതൃത്വങ്ങള്‍ കൈയടി നേടാന്‍ തുടങ്ങിയവയാണ്. ഫലം പാക്കിസ്ഥാന്‍ സാമ്പത്തിക പരാധീനതകളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. പാക്കിസ്ഥാന്‍ ഇപ്പോള്‍ അവരുടെ വരുമാനത്തിന്റെ 40 ശതമാനം പലിശ ഇനത്തില്‍ ചിലവാക്കേണ്ടിയിരിക്കുന്നു. വിദേശ നിക്ഷേപം 9.8 ബില്യന്‍ ഡോളര്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. രണ്ടാഴ്ചത്തെ ഇറക്കുമതി ആവശ്യത്തിനു മാത്രം തികയും. ഡോളറിനെതിരെ പാക്കിസ്ഥാനി രൂപ 232 ലെത്തിനില്‍ക്കുന്നു. ഐംഎംഎഫിനു മുന്നില്‍ നില്‍ക്കുകയാണ് പാക്കിസ്ഥാന്‍. ഐഎംഎഫ് കടം കൊടുക്കല്‍ നീണ്ടുപോയാല്‍ പാക്കിസ്ഥാനും ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് ന്യൂക്ലിയര്‍ പാകിസ്ഥാനും നീങ്ങുന്നത്. ഇന്ത്യയും ലോകവും ഭയക്കേണ്ട അവസ്ഥയാണ്.

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ക്കു പുറമെ മാനവ സമൂഹത്തിന്റെ കൂടപ്പിറപ്പായ അഴിമതി സ്വജനപക്ഷപാതം ഇവയൊന്നും ജനാധിപത്യങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ആധുനിക സാമ്പത്തിക വ്യവസ്ഥ ഉണ്ടാക്കിയെടുത്ത അതി സമ്പത്ത് അത്തരം നേതാക്കളെ കൊഴുപ്പിച്ചെടുത്തതും കൂടി ചേര്‍ന്ന് വായിച്ചാലേ ഇന്ന് ലോകം എത്തിച്ചേര്‍ന്നിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളുടെ വിശകലനം പൂര്‍ണമാകുകയുള്ളു. കോവിഡ് വരുത്തിവെച്ച അടച്ചുപൂട്ടലുകളും യുദ്ധം ഉണ്ടാക്കിയ സപ്ലൈ സൈഡ് ഡിസ്‌റപ്ഷനുകളും മാത്രം കണക്കിലെടുത്തുകൊണ്ട് ലോകത്തെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധികള്‍ വായിച്ചാല്‍ അത് അപൂര്‍ണമാകുകയേ ഉള്ളൂ.

നിര്‍മ്മല സീതാരാമന് നന്ദി പറയാം

ലോകത്തെ പല രാജ്യങ്ങളിലെ ജനങ്ങളും തെരുവിലിറങ്ങിയിരിക്കുന്നു. ബ്രിട്ടനിലെ ട്രേഡ് യൂണിയനുകള്‍ സമരത്തിലാണ്. ബ്രിട്ടീഷ് റെയില്‍വേ , ബ്രിട്ടീഷ് ലായേഴ്‌സ്, ടീച്ചേര്‍സ് യൂണിയന്‍, ബ്രിട്ടീഷ് എയര്‍വെയ്സ്, ബ്രിട്ടീഷ് ടെലികോം, പോസ്റ്റല്‍ സര്‍വീസ്, അവരുടെ അറിവ എന്ന് വിളിക്കുന്ന ബസ് സര്‍വീസ് , ബിന്‍ വര്‍ക്കേഴ്‌സ്. സമരത്തിലാണ് സമര മുഖത്തേക്കാണ്. ഫ്രാന്‍സിലെ ട്രേഡ് യൂണിയനുകള്‍, ചിലി , ക്രൊയേഷ്യ ഇക്യുഡോര്‍, ഇന്‍ഡോനേഷ്യ, ഇറാന്‍, കസാക്കിസ്ഥാന്‍, മൊറോക്കോ, പാക്കിസ്ഥാന്‍, പെറു , സെനഗല്‍ ,സ്‌പെയിന്‍ , ശ്രീലങ്ക, തുര്‍ക്കി, അര്‍ജെന്റിന, ചൈന, നൈജീരിയ, എല്‍ സാല്‍വദോര്‍,എത്തിയോപ്പിയ ഇവിടെയൊക്കെ ജനങ്ങള്‍ തെരുവിലാണ് അല്ലെങ്കില്‍ പ്രതിഷേധത്തിലാണ് . ശ്രീലങ്കക്ക് സമാനമായ അവസ്ഥ അല്ലെങ്കിലും കറപ്ഷന്‍ അടക്കമുള്ള സാമ്പത്തിക കാരണങ്ങളാണ് എല്ലായിടത്തെയും അടിസ്ഥാനം.

തൊണ്ണൂറുകളില്‍ നടപ്പാക്കിയ, പ്രാവര്‍ത്തികമായ, നവ ലിബറല്‍ നയങ്ങളാണ് ആഗോളീകരണമാണ് ഇതിനൊക്കെ കാരണം എന്ന് കമ്മ്യൂണിസ്റ്റ് അപ്പോളജിസ്റ്റുകള്‍ ആഘോഷിക്കുന്നുണ്ട്. തെറ്റാണത്. കഴിഞ്ഞ രണ്ടു മൂന്നു ദശാബ്ദങ്ങള്‍ മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും സന്തോഷ പ്രദവും സൗകര്യപ്രദവും സമ്പന്നവുമായ കാലങ്ങളായിരുന്നു. പല നേട്ടങ്ങളുടെ കാലഘട്ടമായിരുന്നു. ബിഗ് മണിയും ബിഗ് പദ്ധതികളും ബിഗ് മാനേജ്മെന്റ് അനിവാര്യമാക്കുന്നു. സുദൃഢമായ നിയമവ്യവസ്ഥകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. പോപ്പുലിസവും ഏകാധിപത്യ തീരുമാനങ്ങളും ഗുഡ് ഇക്കണോമിക്‌സ് മായി ചേര്‍ന്നുപോകാത്തതിലെ പാക പിഴകളാണ് ഇപ്പോള്‍ പ്രതിഫലിക്കുന്നത്. മഹാമാരിയും പുട്ടിന്റെ ചരിത്രപുരുഷനാകാനുള്ള ആഗ്രഹങ്ങളും കൂടിച്ചേര്‍ന്നപ്പോള്‍ ആഗോളീകരിക്കപ്പെട്ടു ജീവിക്കുന്ന മാനവരാശി വന്‍ പ്രതിസന്ധിയില്‍ എത്തിനില്‍ക്കുന്നു.

ഇവിടെ നിര്‍മല സീതാരാമനെന്ന വീട്ടമ്മയോട് നമുക്ക് നന്ദി പറയാം . അവര്‍ പത്തായ ത്തിന്റെ താക്കോല്‍ മടിക്കുത്തില്‍ തന്നെ കരുതി. തോമസ് ഐസക്ക് മുതലായവരുടെ മഹാമാരി കാലത്തെ വിദഗ്ധാഭിപ്രായം, ബ്രിട്ടനിലൊക്കെ 15 ശതമാനം വരെ ഡെഫിസിറ്റ് ഉണ്ടാക്കി ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ടല്ലോ മുതലായ വിദഗ്‌ധോപദേശം, അവര്‍ നടപ്പാക്കിയില്ല. പകരം ‘കിറ്റ്’ ആണ് നല്‍കിയത്. അതുകൊണ്ട് തന്നെ നമ്മള്‍ ഇന്ത്യക്കാര്‍ ഇന്ന് പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്നില്ല.


Leave a Reply

Your email address will not be published. Required fields are marked *