ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഫ്രീ മാര്‍ക്കറ്റ് ക്യാപിറ്റലിസത്തിലൂടെ; അനൂപ് രവി എഴുതുന്നു


”1997ല്‍ ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യയുടെ 42 ശതമാനം  കടുത്ത ദാരിദ്ര്യത്തിന്‍ കീഴിലായിരുന്നു.! രണ്ട് രാജ്യങ്ങളിലും അന്ന് 100 കോടി വീതം ജനങ്ങള്‍ ഉണ്ട്. അതായത് രണ്ടിടത്തും കുറഞ്ഞത് 40 കോടി ജനങ്ങള്‍ വീതം ദാരിദ്ര്യത്തിന്‍ കീഴിലായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. 2017ല്‍ ഇന്ത്യയില്‍ അത് 12 ശതമാനത്തിലേക്കും ചൈനയില്‍ 0.17  ശതമാനത്തിലേക്കും കുറഞ്ഞു. എന്ത് അത്ഭുതമാണ് ഇവിടെ സംഭവിച്ചത്..?”- അനൂപ് രവി എഴുതുന്നു
സ്വതന്ത്ര വിപണിയുടെ വീരഗാഥ!

അതിദാരിദ്ര്യത്തില്‍നിന്നും മെച്ചപ്പെട്ട ഒരു ജീവിതസാഹചര്യത്തിലേക്കുള്ള മാറ്റം സാധ്യമാക്കുന്ന ഒരേ ഒരു പദ്ധതി മാത്രമേ ഇന്ന് ലോകത്ത് നിലവിലുള്ളൂ. അതാണ് ഫ്രീ മാര്‍ക്കറ്റ് ക്യാപിറ്റലിസം. ഉദാരവല്‍ക്കരണം, സ്വതന്ത്ര കമ്പോളം, ക്യാപിറ്റലിസം തുടങ്ങിയ കാര്യങ്ങള്‍ പാവങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു എന്ന പല്ലവി ലോകത്തെമ്പാടുമുള്ള ഇടതു കേന്ദ്രങ്ങളില്‍ പൊതുവെ കേള്‍ക്കാറുള്ളതാണ് (നമ്മുടെ കൊച്ചു കേരളത്തില്‍ പ്രതേകിച്ചും). നമ്മുടെ നാട്ടിലെ ഭൂരിഭാഗം ആളുകളും ഈ പഴഞ്ചന്‍ പല്ലവി തലയിലേറ്റി നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി.
എന്നാല്‍ ഇതിലെ സത്യമെന്താണ്?. ഒന്ന് പരിശോധിക്കാം.

ലോക സാമ്പത്തിക ചരിത്രത്തിലെ ലഭ്യമായ വസ്തുതകളെ അവഗണിക്കുന്ന ഒരു സമൂഹത്തിനു മാത്രമേ സ്വതന്ത്ര വിപണി വ്യവസ്ഥയ്ക്ക് നേരെ കണ്ണടക്കാനാകൂ.
ദാരിദ്ര്യം വലിയൊരളവില്‍ തുടച്ചു മാറ്റപ്പെട്ടത് സ്വതന്ത്ര കമ്പോള വ്യവസ്ഥിതി നടപ്പില്‍ വരുത്തിയ രാജ്യങ്ങളാണെന്ന് ഇന്ന് ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ ഏത് സാധാരണക്കാരനും വിശദമായി അവനവന്റെ മാതൃഭാഷയില്‍ മനസ്സിലാക്കാം. (ഈ ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ഒക്കെ നമ്മുടെ കൈകളില്‍ എത്തിച്ചത് സ്വതന്ത്ര കമ്പോള വ്യവസ്ഥയാണെന്ന് നമ്മളോട് ആരും പറഞ്ഞുതരുന്നില്ല, നമ്മള്‍ അറിയുന്നുമില്ല.)

97ല്‍ ഇന്ത്യയില്‍ 42 ശതമാനവും അതിദരിദ്രര്‍

കൊടുക്കല്‍ വാങ്ങലുകള്‍ (ഇന്ന് ഇവിടെ അതിനെ സ്വതന്ത്ര കമ്പോളം എന്ന് വിളിക്കാം) എന്ന ഒരു രീതി മനുഷ്യരുടെ ഇടയില്‍ ഉരുത്തിരിഞ്ഞില്ലായിരുന്നെങ്കില്‍ ഇന്നും അവര്‍ തമ്മില്‍ യുദ്ധം അല്ലെങ്കില്‍ കൊള്ള നടത്തി ധനസമ്പാദനം നടത്തേണ്ടി വരുമായിരുന്നു. മാനവരാശിയെ അതി ദാരിദ്ര്യത്തില്‍ നിന്നും മെച്ചപ്പെട്ട ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ഒരു മാജിക് ടൂള്‍ തന്നെയാണ് സ്വതന്ത്ര വിപണി  വ്യവസ്ഥ എന്ന കാര്യം നിസ്തര്‍ക്കമാണ് (സോഷ്യലിസ്റ്റ് വാദികള്‍ തര്‍ക്കിച്ചോട്ടെ, അവരുടെ ഇന്നത്തെ തര്‍ക്കങ്ങള്‍ പോലും സ്വതന്ത്ര വിപണിയുടെ ഭാഗമായുണ്ടായ ഉത്പന്നങ്ങളുടെ സഹായത്തോടെയല്ലാതെ നടക്കില്ലല്ലോ?)

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സ്വതന്ത്ര കമ്പോള വ്യവസ്ഥയുടെ ശുദ്ധവായു ശ്വസിക്കുന്ന രണ്ട് വലിയ രാജ്യങ്ങള്‍ ആണ് ചൈനയും ഇന്ത്യയും. നാം അതിന്റെ ഗുണം അനുഭവിക്കുന്നു എങ്കിലും പലരും അത് അറിയാതെ പോകുന്നു. 1991 നു മുന്‍പുള്ള കേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും മാറ്റമില്ലാതെ ഇന്നും തുടര്‍ന്നിരുന്നു എങ്കില്‍ എന്താകുമായിരുന്നു ഇന്ത്യയുടെ സ്ഥിതി എന്ന് ഓര്‍ത്താല്‍ നന്ന് (1991 Indian Economic Crisis).

അതുപോലെ 1997ല്‍ ഇന്ത്യയിലെയും ചൈനയിലെയും ജനസംഖ്യയുടെ 42 ശതമാനം  കടുത്ത ദാരിദ്ര്യത്തിന്‍ കീഴിലായിരുന്നു.! രണ്ട് രാജ്യങ്ങളിലും അന്ന് 100 കോടി വീതം ജനങ്ങള്‍ ഉണ്ട്. അതായത് രണ്ടിടത്തും കുറഞ്ഞത് 40 കോടി ജനങ്ങള്‍ വീതം ദാരിദ്ര്യത്തിന്‍ കീഴിലായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. 2017ല്‍ ഇന്ത്യയില്‍ അത് 12 ശതമാനത്തിലേക്കും ചൈനയില്‍ 0.17  ശതമാനത്തിലേക്കും കുറഞ്ഞു. എന്ത് അത്ഭുതമാണ് ഇവിടെ സംഭവിച്ചത്..? ആരെങ്കിലും പണമോ, ഭക്ഷണം, മറ്റ് സൗകര്യങ്ങളോ സൗജന്യമായി ഇവര്‍ക്ക് കൊടുത്തതാണോ? അല്ലേയല്ല.. ഇതാണ് ഒരു തുറന്ന കമ്പോള വ്യവസ്ഥ സ്വീകരിച്ച രാജ്യങ്ങള്‍ക്ക് കിട്ടിയ സമ്മാനം. മുന്‍പ് കമ്യൂണിസ്റ്റ് ഏകാധിപത്യ വ്യവസ്ഥയ്ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച വിയറ്റ്‌നാം എന്ന രാജ്യം ഇന്ന് രക്ഷപ്പെട്ടത് അവര്‍ അവരുടെ കമ്പോളം ലോകത്തിനു മുന്നില്‍ തുറന്നിട്ടതുകൊണ്ട് മാത്രമാണ്. പഴയ ശത്രുവായ അമേരിക്ക ഇന്ന് അവരുടെ മിത്രമാണ്, സ്വതന്ത്ര കമ്പോളം അവരെ സുഹൃത്തുക്കളാക്കി. അവിടെ നിന്നും കയറ്റുമതി ചെയ്യപ്പെട്ടു വരുന്ന  സുഗന്ധദ്രവ്യങ്ങള്‍ക്ക് മുന്നില്‍ നമ്മുടെ കര്‍ഷകര്‍ മത്സരിക്കുവാന്‍ ത്രാണിയില്ലാതെ നിന്ന് വിയര്‍ക്കുന്നു.

120 മടങ്ങ് മെച്ചപ്പെട്ട ജീവിതസാഹചര്യം

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ സ്വതന്ത്ര വിപണി വ്യവസ്ഥയുടെ വിജയഗാഥയാണ് ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയുന്നത്. പാവപ്പെട്ട ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയത് വ്യാവസായിക വിപ്ലവവും അതിന് വഴിയൊരുക്കിയ സ്വതന്ത്ര കമ്പോളവുമാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും അതല്ലാതെ നമ്മള്‍ വിചാരിച്ചു വച്ചിരിക്കുന്നപോലെ അന്യന്റെ സ്വത്ത് പിടിച്ചെടുത്ത് നാട്ടുകാര്‍ക്ക് ‘വീതിച്ചു’ കൊടുക്കുമെന്ന് പറയുന്ന ‘മാന്യന്മാര്‍’ അല്ല.
ക്യാപിറ്റലിസ്റ്റ് / സ്വതന്ത്ര കമ്പോള വ്യവസ്ഥിതിയുടെ ഭാഗമായി സ്വകാര്യ സംരംഭങ്ങള്‍ വര്‍ദ്ധിക്കുന്നു, അതുമൂലം ജനങ്ങള്‍ക്ക് തൊഴിലും അതിലൂടെ അവരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം, ആരോഗ്യം, സാമ്പത്തിക നില, അങ്ങനെ എല്ലാം മെച്ചപ്പെടുന്നു. അവര്‍ അവരുടെ കൈയിലെ പണം വിപണിയില്‍ പല കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നു. അങ്ങനെ സ്വാഭാവികമായിത്തന്നെ ഒരു ഊര്‍ജസ്വലമായ വിപണി രൂപംകൊള്ളുന്നു.

1800 കളില്‍ 100 കോടി ഉണ്ടായിരുന്ന ലോകജനസംഖ്യ ഇന്ന് 700 കോടിയും കടന്നു മുന്നോട്ടു കുതിക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ സ്വതന്ത്ര വിപണി നമ്മെ സഹായിച്ചു. ഇക്കണോമിസ്റ്റ് ഡീര്‍ഡ്രെ മക്ക്ലോസ്‌കിയുടെ  കണക്കില്‍ 1800 കളെ അപേക്ഷിച്ച് ഇന്ന് ലോകജനത ഏകദേശം 120 മടങ്ങ് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലാണുള്ളത്.
1800 കളില്‍ ലോകജനസംഖ്യയുടെ 85 ശതമാനം അതി ദാരിദ്ര്യത്തിലായിരുന്നുവെങ്കില്‍ ഇന്ന് അത് ഒമ്പത് ശതമാനമായി കുറഞ്ഞിരിക്കുന്നു. ഈ മാറ്റത്തിന്റെ വേഗം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ വളരെ വേഗത്തിലായിരുന്നു എന്നുള്ളത് എടുത്തു പറയേണ്ടതാണ്.

ജനജീവിതം ആയാസരഹിതവും സുഖകരവുമാക്കുവാനുള്ള ഉപകരണങ്ങളുടെ കണ്ടുപിടിത്തത്തിന്റെ ഗുണം ജനങ്ങളിലേക്ക് എത്തണമെങ്കില്‍ ശാസ്ത്ര പുരോഗതി ക്കൊപ്പം തുറന്ന കമ്പോള വ്യവസ്ഥിതിയും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ അത് ഒരു കണ്ടുപിടുത്തമായി പരീക്ഷണശാലയില്‍ തന്നെ ഒതുങ്ങും. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി ഉയര്‍ന്ന കാര്‍ഷിക ഉല്‍പാദനം നേടുവാനും, വിളകള്‍ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്തുവാനും കഴിയുന്നു. വിദ്യാഭ്യാസം, കല, വിനോദോപാഥികള്‍ തുടങ്ങിയവ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുന്നതില്‍ മത്സരാധിഷ്ഠിത കമ്പോളം ഒരു മുഖ്യ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു.

പണ്ടുകാലത്തെ നടുവൊടിക്കുന്ന 14 മണിക്കൂര്‍ പുറം ജോലിയില്‍ നിന്നും ഓഫീസ് മുറിയുടെ സുഖശീതളിമയില്‍ കാര്യക്ഷമമായി 7-8 മണിക്കൂര്‍ ജോലി എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി (നല്ലൊരു ശതമാനം പേര്‍ക്കും). മഴക്കാറും ബന്ദും ഹര്‍ത്താലും കോറോണയും ഒന്നും പേടിക്കാതെ ജോലി ചെയ്യാമെന്നായി.
നൂറ്ക്കണക്കിന് പരിചാരകരുഉള്ള ഒരു രാജാവ് പണ്ടുകാലത്ത് ചിലപ്പോള്‍ ഒരു ചെറിയ രോഗത്തിന് അടിമപ്പെട്ട് മരണപ്പെട്ടേക്കാം, പക്ഷേ ഇന്ന്  ഡെമോക്രാറ്റിക് ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളിലുള്ള പാവപ്പെട്ടവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സയും ഭക്ഷണവും ലഭ്യമാണ്, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍  ഉദാഹരണമായെടുക്കാം. പണ്ടത്തെ നമ്മുടെ രാജാവിന് സ്വപ്നം കാണാന്‍ കഴിയാത്ത കാര്യങ്ങള്‍ പോലും ക്യാപിറ്റലിസം നമുക്ക് ലഭ്യമാക്കുന്നു.

ടെലിക്കോം അനുഭവം പറയുന്നത്

ഇതിനിടക്ക് ഒരു ചെറിയ അനുഭവം പറയാം. ഇന്ത്യന്‍ ടെലികോം സെക്ടര്‍ മൊത്തം ഗവണ്മെന്റ് കമ്പനിയുടെ ആധിപത്യമുള്ള കാലം (1990കള്‍). ഒരു ടെലിഫോണ്‍ കണക്ഷനു വേണ്ടിയുള്ള അപേക്ഷ കൊടുത്തുകഴിഞ്ഞാല്‍ അത് കിട്ടാന്‍ പിന്നെയും വര്‍ഷങ്ങളെടുക്കുമായിരുന്നു. 1994 ലോ മറ്റോ കൊടുത്ത അപേക്ഷ പരിഗണിച്ചു ഫോണ്‍ കിട്ടിയത് 1996-97 ല്‍..! സ്വകാര്യ കമ്പനികള്‍ ഈ രംഗത്ത് മേല്‍ക്കോയ്മ നേടിയതിനുശേഷം മാത്രമാണ് ഇതിനൊരറുതിയുണ്ടായത്.

അതുപോലെതന്നെ നമ്മില്‍ പലരും മൊബൈല്‍ ഫോണ്‍ ആദ്യമായി പ്രചാരത്തിലായ കാലഘട്ടം ഓര്‍ക്കുന്നുണ്ടാകും (2002-2005). തുടക്കകാലത്ത് ഇന്‍കമിങ് കാളുകള്‍ക്ക് പോലും നല്ല ചാര്‍ജ് ആയിരുന്നു (അപ്പോള്‍ ഔട്ട് ഗോയിങ്ങിന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ). മൊബൈല്‍ ഫോണ്‍ വരേണ്യവര്‍ഗ്ഗത്തിന് മാത്രം പ്രാപ്യമായിരുന്ന അവസ്ഥ. അങ്ങനെയിരിക്കുമ്പോള്‍ അതാവരുന്നു റിലയന്‍സിന്റെ സിഡിഎംഎ മൊബൈല്‍ ഫോണുകള്‍. അങ്ങനെ ശരിക്കും പറഞ്ഞാല്‍ ഒരു സുപ്രഭാതത്തില്‍ സാധാരണക്കാരുടെ കയ്യില്‍ നീല വെളിച്ചമുള്ള ആ ഫോണ്‍ എത്തി. അവര്‍ക്ക് താങ്ങാവുന്ന വിലയില്‍. സ്വാഭാവികമായും മറ്റ് കമ്പനിക്കാര്‍ക്കും നിരക്കുകള്‍ കുറക്കേണ്ടി വന്നു. അതെ, ആരോഗ്യകരമായ മത്സരാധിഷ്ഠിത കമ്പോളം മെച്ചപ്പെട്ട സേവനങ്ങളും വസ്തുക്കളും ജനങ്ങള്‍ക്ക് അവര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കും. (മൊബൈല്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന്റെ കാലത്തും മുകളില്‍ പറഞ്ഞ പോലെ കാര്യങ്ങള്‍ ആവര്‍ത്തിച്ചതായി നമുക്ക് കാണാന്‍ കഴിയും. ഉദാഹരണം: ജിയോ). ടെലികോം മാത്രമല്ല ഗവണ്മെന്റ് കുത്തകകളില്ലാത്ത മിക്കവാറും എല്ലാ മേഖലകളും വളരെ മെച്ചപ്പെട്ടു, ഐടി, ബാങ്കിങ്ങള, ഓട്ടോമൊബൈല്‍, പവര്‍ സെക്ടര്‍, മാനുഫാക്‌റിങ്ങ് മുതലായവ.  

അടുത്തതായി ഒരു കാര്യം കൂട്ടിച്ചേര്‍ക്കാനുള്ളത് സമൂഹത്തിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. സ്വാഭാവികമായും സാമ്പത്തികപുരോഗതിയില്ലാത്ത ഒരു സമൂഹത്തില്‍ കുറ്റകൃത്യങ്ങളും കൂടുതലായിരിക്കും. സ്വന്തമായി ബിസിനസ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റു ബിസിനസ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തു പണം സമ്പാദിക്കുകയോ ചെയ്യാമെന്ന ഒരു അവസ്ഥ നിലവിലുണ്ടെങ്കില്‍ സ്വാഭാവികമായും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പണം സമ്പാദിക്കുന്നവരുടെ എണ്ണം കുറയും. കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള രാജ്യങ്ങള്‍ പലതും അവിടെയുള്ള ഗവണ്മെന്റ്കളുടെ തെറ്റായ നയങ്ങളുടെയും ബാക്കിപ്പത്രമാകാം.

ഒരു ഇന്റര്‍വ്യുവില്‍ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് സോവല്ലിനോട് ചോദ്യകര്‍ത്താവ് ചോദിച്ചു ‘താങ്കള്‍ എന്തുകൊണ്ടാണ് കമ്മ്യൂണിസത്തില്‍ നിന്ന് ക്യാപിറ്റലിസം സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയായി മാറിയത്?’.  ‘Facts’ (വസ്തുതകള്‍).. സോവല്‍ ഒറ്റ വാക്കില്‍ മറുപടി പറഞ്ഞു.. ‘

കണ്മുന്നിലുള്ള വസ്തുതകള്‍ അറിയുന്നവര്‍ക്ക് ഫ്രീ മാര്‍ക്കറ്റ് ക്യാപിറ്റലിസമല്ലാതെ മറ്റൊരു മെച്ചപ്പെട്ട മാര്‍ഗം മുന്നോട്ടു വയ്ക്കാനുണ്ടാകില്ല, അതിന് മറ്റെന്തു കുറവുകളുണ്ടെന്ന് പറഞ്ഞാല്‍ തന്നെയും.

References:
https://fee.org/articles/capitalism-is-good-for-the-poor/
https://en.m.wikipedia.org/wiki/1991_Indian_economic_crisis
https://en.m.wikipedia.org/wiki/Poverty_in_India
https://dcbookstore.com/books/capitalism-ithoru-dhurbhoothamalla-24398614704

Courtesy:
Rakesh Unnikrishnan, Praveen Ravi, Abhilash Krishnan, Pramod Kumar, Vishnu Ajith, Rajesh Rajan.


Leave a Reply

Your email address will not be published. Required fields are marked *