എന്താണ് നമ്മളിൽ നിന്നും സാമ്പത്തിക സ്വാതന്ത്ര്യം തടയുന്നത്? പ്രമോദ് കുമാർ എഴുതുന്നു


ഏവർക്കും സ്വാതന്ത്ര്യദിന ആശംസകൾ

വിദേശ ശക്തിയിൽ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ എഴുപ്പത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന നമ്മൾ, വേണ്ടരീതിയിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടിയിട്ടുണ്ടോ…?
90 കൾക്ക് ശേഷം തുറന്ന കിട്ടിയ സ്വാതന്ത്ര വിപണിയാണ് നമുക്ക് കുറച്ചെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിന് കാരണമായത്. നമ്മൾ ഒരു കാലത്ത് സ്വീകരിച്ച സോഷ്യലിസം എന്ന സാമ്പത്തിക വിഭ്രാന്തി, നാല് ദശകത്തിൽ അധികം നമ്മൾ കൊണ്ട് നടന്ന അടഞ്ഞ സാമ്പത്തിക വ്യവസ്ഥതി ഇതെല്ലാം നമ്മളെ കൂടുതൽ ദരിദ്രരാക്കി എന്നതാണ് യാഥാർഥ്യം. സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനും ദരിദ്ര വിമോചനം സാധ്യമാക്കാൻ കഴിയുന്നതും ക്യാപിറ്റലിസത്തിലൂടെയും സ്വാതന്ത്ര കമ്പോളത്തിലൂടെയും മാത്രമാണ്…

“നമ്മുടെ പുരോഗതിയുടെ അളവുകോൽ, അധികമുള്ളവരുടെ സമൃദ്ധിയിലേക്ക് നാം കൂടുതൽ ചേർക്കുന്നുണ്ടോ എന്നതല്ല…. വളരെ കുറവുള്ളവർക്ക് വേണ്ടത്ര നൽകുന്നുണ്ടോ എന്നതാണ്.”  – എഫ് ഡി റൂസ്വെൽറ്റ്

ഒരാളെ ദാരിദ്രനാക്കുന്നതിൽ പ്രധാന ഘടകം അയാളിൽ നിന്നും സാമ്പത്തികമായും സാമൂഹികമായും മറ്റു പല കാരണങ്ങളാലും റിസോഴ്സ് അകന്നു നിൽക്കുന്നുവെന്നതാണ്. റിസോഴ്സ് കൈക്കലാക്കാൻ കഴിയുന്നതോടെ, ദാരിദ്ര്യത്തിൽ നിന്നും കരകയറുകയും, സാമൂഹിക അവസ്ഥ മെച്ചപ്പെടുത്താൻ സാധിക്കും ചെയ്യുന്നു. ദാരിദ്ര്യം എന്നത് സവിശേമായ ചുറ്റുപാടുകളുടെ ആകെ തുകയാണ്, ഈ സവിശേമായ ചുറ്റുപാടുകളെ മാറ്റിയെടുക്കാനായാൽ ദാരിദ്രത്തെ ഫലപ്രദമായി നേരിടാൻ കഴിയും.

ക്യാപിറ്റലിസം ദാരിദ്രനു പോലും വാങ്ങൽ ശേഷിയുണ്ടാക്കുകയും അയാളെ ദാരിദ്രത്തിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു. ക്യാപിറ്റലിസ്റ്റ് വിരോധികൾ ദാരിദ്ര്യം ഉള്ളവന് പോലും വാങ്ങൽ ശേഷി ഉണ്ടാക്കി കൊടുക്കുന്നതിനെ ഒരു ചൂഷണ വ്യവസ്ഥിതിയായിട്ടാണ് കാണുന്നത്. അയാളെ കൂടുതൽ ദാരിദ്രത്തിലേക്ക് വലിച്ചിടുകയും ചെയ്യുന്നുവെന്നതാണ് അവരുടെ പ്രധാന ആരോപണം. എന്നാൽ, ദാരിദ്രന് ഏതെങ്കിലും തരത്തിൽ, വസ്തുക്കളുടെ ഉടമസ്ഥ അവകാശം കൈവരുന്നത്തോടെ അവൻ കൂടുതൽ സ്വയം പര്യാപ്തനവുകയും സ്വാഭിമാനത്തോടെ ലോകത്തെ വീക്ഷിക്കാൻ പ്രാപ്തനവുകയും ചെയ്യുന്നു. അത് അയാളെ കൂടുതൽ ഉർജ്ജസ്വലതയോടെ പ്രവർത്തന നിരതനാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

വ്യക്തികൾക്ക് വസ്തുക്കളുടെ മുകളിലുള്ള ഉടമസ്ഥ അവകാശം നിഷേധിക്കുകയും പകരം വ്യക്തികളുടെ കൂട്ടത്തിന് മാത്രം വസ്തുക്കളുടെ മുകളിൽ ഉടമസ്ഥ അവകാശമുള്ളൂ എന്ന് വാദിക്കുന്ന സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ഒരിക്കലും വ്യക്തികളെ സ്വയം പര്യാപ്തനവാനോ സ്വാഭിമാനത്തോടെ പരിശ്രമശാലിയാകാനോ സാധിക്കില്ല. അടിയന്തിര സാഹചര്യങ്ങൾക്ക് അനുസരിച്ചു വ്യക്തികൾക്ക് ചടുലമായി തീരുമാനം എടുക്കാൻ കഴിയുമ്പോൾ കൂട്ടത്തിന് തീരുമാനം എടുക്കുന്നതിനു ചർച്ചകൾ നടത്തി മറ്റുള്ളവരെ കൂടി ബോധ്യപ്പെടുത്തുകയും വേണം. ഇത് വലിയ രീതിയിൽ ഉർജ്ജ നഷ്ടവും സമയം നഷ്ടവും ഉണ്ടാക്കുന്നു. മിക്കപ്പോഴും വൈകി എടുക്കുന്ന തീരുമാനം കൊണ്ട് ഗുണഫലം ഇല്ലതാവുകയും ചെയ്യും. കൂട്ടത്തിന് തീരുമാനം എടുക്കാനുള്ള ഈ കഴിവ് കേടിനെ മറികടക്കുന്നത് നേതൃത്വത്തിന് തീരുമാനം എടുക്കുന്നതിനു സവിശേഷമായ അധികാരം നൽകുക എന്ന പോംവഴിയിലൂടെയാണ്. ഇങ്ങനെ നേതൃത്വത്തിൽ എത്തിയവർക്ക്, കാര്യക്ഷമമായി പ്രവർത്തിക്കണമെങ്കിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ തള്ളിക്കളയേണ്ടി വരികയും ചെയ്യും. ഇതാണ് നമ്മൾ സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ കാണുന്ന സമഗ്രധിപത്യത്തിനുള്ള നയിക്കുന്നതിനുള്ള കാരണമെന്ന് ഫ്രഡ്രിക്ക് ഹയേക്ക് തന്റെ ക്ലാസിക്ക് ഗ്രന്ഥമായ ‘ദി റോഡ് ടു സെർഫ്ഡം’ ൽ പറയുന്നുണ്ട് . ഇതിൽ നിന്നും വ്യത്യസ്തമായി ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിൽ വ്യക്തികൾ എടുക്കുന്ന തീരുമാനം, മറ്റുള്ളവർക്ക് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള അവകാശമുണ്ട്. അതുകൊണ്ട് തന്നെ മറ്റുള്ളവർക്ക് കൂടി ഗുണകരമാകുന്ന വ്യക്തികളുടെ തീരുമാനങ്ങൾക്ക് മാത്രമായിരിക്കും നിലനിൽപ്പുണ്ടാകുക.

ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകുകയോ ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള അവസരം സൃഷ്ടിക്കുകയോ ചെയ്യുമ്പോൾ ഒന്നിച്ചു മുഴുവൻ തുകയും മുടക്കാൻ കഴിയാതിരുന്ന ആൾക്ക് പോലും ആ ഉൽപ്പന്നം ഉപയോഗിക്കാനും അതിന്റെ ഉടമസ്ഥൻ ആകുവാനും കഴിയുന്നു. ഏതൊരു ചെറിയ വസ്തുവിന്റെ പോലും ഉടമസ്ഥ അവകാശം ലഭിക്കുന്നത്തോടെ അയാൾ അത്രത്തോളം ദാരിദ്രത്തിൽ നിന്നും മോചനം ലഭിക്കുകയാണ് ചെയ്യുന്നത്. ഉടമസ്ഥവകാശം അയാൾക്ക് ആത്മാഭിമാന ബോധം സൃഷ്ടിക്കുകയും ചെയ്യും. വായ്പയുടെ തിരിച്ചടവ് ചെറിയ തുകയായതു കൊണ്ടും വീണ്ടും വായ്പ എടുത്തു അഭിവൃദ്ധിപ്പെടാൻ കഴിയുമെന്നത് കൊണ്ടും, മുടങ്ങാതെ തിരിച്ചടവ് നടത്താനും സ്ഥിരമായി അധ്വാനിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ബാംഗ്ലാദേശിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിന് നൊബേൽ സമ്മാനം കരസ്ഥമാക്കിയ മുഹമ്മദ്‌ യൂനസ് നടപ്പിലാക്കിയ ഗ്രാമിൺ‌ ബാങ്ക് ഇതിനൊരു ഉത്തമോദാഹരണമാണ്. മുഹമ്മദ്‌ യൂനസും കൂട്ടരും ചേർന്ന് തുടങ്ങിയ ഗ്രാമിൺ‌ ബാങ്ക് ബാംഗ്ലാദേശിലെ ദരിദ്രരായ സ്ത്രീകളുടെ സ്വയം പര്യാപ്ത സംഘം രുപകരിക്കുകയും, അതിലെ അംഗങ്ങൾക്ക് ചെറിയ തുക വായ്പയി നൽകുകയും ചെയ്തു. ആ തുക വെച്ച് അവർ കൈത്തറി തുണിത്തരങ്ങൾ, കൊട്ട, കുട്ടിക്കൾക്കുള്ള കളിപ്പാട്ടങ്ങൾ തുടങ്ങിയ ഗ്രാമീണ ഉത്പന്നങ്ങളായ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്തു. ഒരു സംഘത്തിലുള്ളവർ പരസ്പരം ജാമ്യം നിന്നും കൊണ്ടാണ് അവർക്ക് വായ്പ നൽകിയിരുന്നത്. ഇത് ഒരാളുടെ തിരിച്ചടവ് മുടങ്ങിയാൽ സംഘത്തിലുള്ള മറ്റുള്ളവർക്ക് ബാധ്യത ആകുന്നതിനാൽ അവരുടെ നിതാന്ത ജാഗൃതയും പ്രോത്സാഹനവും അവർക്ക് ലഭിച്ചു കൊണ്ടിരുന്നു, അത് വായ്പയുടെ തിരിച്ചടവ് ഏറെ കൃത്യമായി നടക്കുന്നതിന് കാരണമാക്കുകയും ചെയ്തു. പേമാരിയും വെള്ളപ്പൊക്കവും കൊണ്ട് ബുദ്ധിമുട്ടുന്ന ബംഗ്ലാദേശിൽ, ഇത്തരം വ്യായ്പ എടുത്ത സ്ത്രീകൾക്കും കാലാവസ്ഥയുടെ ദുരിതം അനുഭവിക്കേണ്ടി വരുമായിരുന്നു. സാധാരണ സർക്കാർ സ്ഥാപനങ്ങൾ ഇത്തരം പ്രകൃതിദുരന്തങ്ങൾ നേരിടേണ്ടി വരുമ്പോൾ അവരുടെ വായ്പ എഴുതി തള്ളുകയാണ് പതിവ്. എന്നാൽ ഗ്രാമിൺ‌ ബാങ്ക് ഇത്തരം കെടുതികൾ അനുഭവിക്കുന്നവരുടെ വായ്പ എഴുതി തള്ളുകയല്ല ചെയ്യുന്നത് പകരം അടയ്ക്കാനുള്ള ഗഡുക്കൽ കൂടുതൽ തവണകളായി അനുവദിക്കുക മാത്രമാണ് ചെയ്യുന്നത്. കേൾക്കുമ്പോൾ മനുഷ്യത്ത വിരുദ്ധമെന്ന് തോന്നുമെങ്കിലും ഇത് വ്യായപ് എടുത്ത സ്ത്രീയെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകുകയാണ് ചെയ്യുന്നത്. പലപ്പോഴും പാവപ്പെട്ടവർക്ക് നൽകുന്ന ഫ്രീബീസ് അവരുടെ ആത്മാഭിമാനത്തേയും പ്രവർത്തിക്കാനുള്ള ഉർജ്ജസ്വലത നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഗ്രാമിൺ‌ ബാങ്ക് ബംഗ്ലാദേശിൽ വലിയ വിജയം കൈവരിക്കുകയും ലക്ഷ കണക്കിന് സ്ത്രീകളെ പട്ടിണിയിൽ നിന്നും ദാരിദ്രത്തിൽ നിന്നും മോചിപ്പിക്കികയും ചെയ്തു. ബാംഗ്ളാദേശിന്റെ ഈ വിജയമാതൃക ഏഷ്യയിലെയും ആഫ്രിക്കയിലേയും പല ദാരിദ്ര രാജ്യങ്ങൾ അവലംബിക്കുകയും ചെയ്തു.

ക്യാപിറ്റലിസം ഒരു ഉപഭോക്താവിന് കുറച്ചു കാലത്തേക്ക് മാത്രം ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഉൽപ്പന്നങ്ങളെ വിപണനം ചെയ്യുന്നത്, ദാരിദ്ര്യത്തിലുള്ള വ്യക്തികൾക്ക് വാങ്ങൽ ശേഷി ഉണ്ടാക്കുന്നു. മലയാളിയായ ദളിത്‌ ചിന്തകൻ, തന്റെ ഒരു അനുഭവം പറയുന്നത് ഇങ്ങനെയാണ്. സോപ്പുകളും ഷാമ്പുകളും ഒരു രൂപയ്ക്ക് വാങ്ങാൻ കഴിയുന്ന സാഷേ മോഡലിൽ വരുന്നത്, കൈയിൽ വളരെ കുറച്ചു പണമുള്ള ദളിതന് പോലും അതു വാങ്ങി ഉപയോഗിക്കാൻ സാധിക്കുന്നു. പലപ്പോഴും ദാരിദ്ര്യം കൊണ്ട് മാത്രം വ്യക്തി ശുചിത്തം പാലിക്കാൻ കഴിയാതെ വരിക്കുകയും, വ്യക്തി ശുചിത്തമില്ല എന്ന കാരണം കൊണ്ട് മാത്രം സമൂഹത്തിൽ നിന്നും തിരസ്കൃതനാക്കുകയും ചെയ്തിരുന്ന അവസ്ഥക്ക് മാറ്റമുണ്ടാക്കാനും കാരണമായിട്ടുണ്ട് എന്നാണ്. ക്യാപിറ്റലിസം ഇങ്ങനെ വിപണനം ചെയ്യുന്നത് ദരിദ്രരായവരോട് പ്രത്യേക അനുകമ്പ ഉണ്ടായത് കൊണ്ടല്ല, മറിച്ച് ഈ ദാരിദ്രർ കൂടി തങ്ങളുടെ ഉത്പന്നം വാങ്ങിയാലേ തങ്ങൾക്ക് കൂടുതൽ ലാഭം ഉണ്ടാക്കാൻ കഴിയു എന്നത് കൊണ്ട് തന്നെയാണ്. ആദം സ്മിത്തിന്റെ പ്രസ്തമായ വചനം “കശാപ്പുകാരന്റെയോ, മദ്യവിൽപ്പനക്കാരന്റെയോ, ബേക്കറിക്കാരന്റെയോ ഉദാരമനസ്‌കതയിൽ നിന്നല്ല, നമ്മൾ അന്നം പ്രതീക്ഷിക്കുന്നത്, മറിച്ച് അവരുടെ സ്വന്തം താൽപ്പര്യങ്ങളോടുള്ള പരിഗണനയിൽ നിന്നാണ്. നമ്മൾ അഭിസംബോധന ചെയ്യുന്നത് അവരുടെ മനുഷ്യത്വത്തോടല്ല, അവരുടെ ആത്മസ്നേഹത്തോടാണ്, അവരോട് ഒരിക്കലും നമ്മുടെ സ്വന്തം ആവശ്യങ്ങളെക്കുറിച്ചല്ല, മറിച്ച് അവർക്കുള്ള ഗുണങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടത്” എന്ന ആശയമാണ് ഇവിടെ അടിസ്ഥാനമായി പ്രവർത്തിക്കുന്നത്….

സോഷ്യലിസം പട്ടിണി പാവങ്ങൾക്ക് വേണ്ടിയെന്ന വാചാടോപം പെരുമ്പറ കൊട്ടിപ്പറയുകയും, പ്രവർത്തനത്തിൽ കൂടുതൽ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയും ചെയ്യുമ്പോൾ ക്യാപിറ്റലിസം ഇത്തരം വാഗ്ദോരണി മുഴക്കാറില്ല മറിച്ചു ഉള്ളവനും ഇല്ലാത്തവനും സഹകരണത്തിലൂടെ കൊടുത്തും വാങ്ങിയും ദരിദ്ര വിമോചനം സാധ്യമാക്കുകയാണ് ചെയ്യുന്നത്.


Leave a Reply

Your email address will not be published. Required fields are marked *