“കമ്മ്യൂണിസം തകർത്തെറിഞ്ഞ ഒരു രാജ്യത്തിൻ്റെ ഉയിർത്തെഴുന്നേൽപ്പാണ് ഇവിടെ വിവരിച്ചത്. ചരിത്രത്തെ കുറിച്ച് നാം പഠിക്കുന്ന ഒരു പാഠമുണ്ട് – ചരിത്രത്തിൽ നിന്നും നാം ഒന്നും പഠിക്കുന്നില്ല എന്നതാണത്.” – സുരൻ നൂറനാട്ടുകര എഴുതുന്നു.
യൂറോപ്പിൻ്റെ ഹൃദയഭാഗത്തായിരുന്നു ചെക്കോസ്ലോവാക്കിയ എന്ന സ്വതന്ത്ര രാജ്യം സ്ഥിതി ചെയ്തിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു മുൻപ് യൂറോപ്പിലെ ശക്തമായ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നായിരുന്നു ചെക്കോസ്ലോവാക്കിയ, ചരിത്രത്തിൽ ആ ജനത പലതും കണ്ടു, പലതും കേട്ടു, നല്ലതിലൂടെയും മോശപ്പെട്ട കാലത്തിലൂടെയും കടന്നുപോയി, അവരുടെ നാഷണൽ മ്യൂസിയത്തിൻ്റെ ചുവരുകളിൽ പതിച്ച വെടിയുണ്ടയുടെ പാടുകൾ വരും തലമുറക്കും ചരിത്രം മറക്കാതിരിക്കാനുള്ള ഒരോർമ്മപ്പെടുത്തലാണ്.
പ്രാഗ് വസന്തം എന്ന പേരിൽ അറിയപ്പെടുന്ന “മാനവിക മുഖമുള്ള സോഷ്യലിസത്തിൻ്റെ” കാലഘട്ടമാണ് നാം പരിശോധിക്കുന്നത്, അതിനായി ചരിത്രത്തിൻ്റെ കലണ്ടർ നമുക്ക് പിന്നോട്ടു മറിക്കേണ്ടതുണ്ട്. രണ്ടാം ലോകമഹായുദ്ധം ഉഴുതുമറിച്ച, ലോകത്തിൻ്റെ ഭാവി എന്തായിരിക്കും അല്ലെങ്കിൽ അതാരുടെ കൈകളിലായിരിക്കും എന്ന് മാനവരാശി ഭീതിയോടെ ചിന്തിച്ചിരുന്ന ഒരു കാലം.
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ നാളുകൾ
രണ്ടാം ലോകമഹായുദ്ധം ചെക്കോസ്ലോവാക്കിയയെ വല്ലാതെ ഉലച്ചു. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തെ ജർമ്മനിയുടെ നാസി പട കീഴടക്കി, പ്രസിഡൻ്റായിരുന്ന (Edward Benes) ലണ്ടനിലേക്ക് പലായനം ചെയ്തു. 1945 ൽ സോവിയറ്റ് യൂണിയൻ്റെ റെഡ് ആർമി പ്രാഗ് നഗരത്തിൽ നിന്ന് ജർമ്മൻ നാസികളെ തുരത്തി. അവിടുത്തെ ജനങ്ങൾക്ക് സോവിയറ്റ് യൂണിയനോട് വലിയ ബഹുമാനവും മതിപ്പും ഉണ്ടാക്കിയ സംഭവമായിരുന്നു ഇത്. നാടുവിട്ട പ്രസിഡൻ്റ് എഡ്വാർഡ് ബെനസ് മടങ്ങിയെത്തുകയും, അവിടുത്തെ ജനാധിപത്യ പാർട്ടികളും കമ്മ്യൂണിസ്റ്റ് പാർട്ടിയും ചേർന്നുള്ള ഒരു സഖ്യസർക്കാർ നിലവിൽ വരികയും ചെയ്തു. ദുരിതം അവസാനിച്ചു എന്നു കരുതി ആനന്ദിച്ച ആ ജനത അപ്പോൾ അറിഞ്ഞിരുന്നില്ല, അനുഭവച്ചതിലും വലിയ ദുരന്തങ്ങൾ അവരെ കാത്തിരിക്കുന്നുണ്ടെന്ന്…
കമ്മ്യൂണിസം അധികാരത്തിലേക്ക്
വളരെ ആസൂത്രിതമായാണ് കമ്മ്യൂണിസ്റ്റുകൾ അധികാരം പിടിക്കുന്നത്. യുദ്ധാനന്തരമുള്ള ആവേശത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 38% വോട്ട് ലഭിക്കുന്നു. കമ്മ്യൂണിസ്റ്റ് നേതാവായ ക്ലമൻ്റ് ഗോട്ട്വാൾഡ് (Klement Gottwald) പ്രധാനമന്ത്രിയായി. കമ്മ്യൂണിസ്റ്റുകൾ ആഭ്യന്തരം, പ്രതിരോധം എന്നീ പ്രധാന വകുപ്പുകൾ എല്ലാം കൈക്കലാക്കി. പോലീസിലും സൈന്യത്തിലും സ്വന്തം ആളുകളെ തിരുകി കയറ്റി. ശരിയായ അട്ടിമറി വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
The Communist Coup
കമ്മ്യൂണിസ്റ്റ് അധിനിവേശം പൂർണ്ണമാകുന്നത് 1948 -ലായിരുന്നു. നേരിട്ടുള്ള സൈനിക അധിനിവേശത്തിനു പകരം, ഒരു രാഷ്ട്രീയ അട്ടിമറിയിലൂടെ ചെക്കോസ്ലോവാക്യ മുഴുവൻ സോവിയറ്റ് യൂണിയൻ്റെ കീഴിലായി.
സർക്കാർ നയങ്ങളിൽ പ്രതിക്ഷേധിച്ച് കമ്മ്യൂണിസ്റ്റ് ഇതര മന്ത്രിമാർ കൂട്ട രാജിവച്ചൊഴിഞ്ഞ സാഹചര്യത്തിൽ പ്രധാനമന്ത്രി ഗൊട്ട്വാൾഡ് ആ അവസരം ശരിക്കും ഉപയോഗിച്ചു.സോവിയറ്റ് യൂണിയൻ്റെ പിന്തുണയോടെ കമ്മ്യൂണിസ്റ്റു പാർട്ടി തെരുവിലിറങ്ങി. റെഡ് ആർമി അതിർത്തിയിൽ എന്തിനും തയ്യാറായി നിൽക്കുമ്പോൾ, രക്തച്ചൊരിച്ചിൽ ഒഴിവാക്കേണ്ട സാഹചര്യം മനസ്സിലാക്കി പ്രസിഡൻ്റ് എഡ്വാർഡ് ബെനസിന് കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്ക് അധികാരം നൽകേണ്ടിവന്നു.
പിന്നീട് കമ്മ്യൂണിസ്റ്റ് അല്ലാത്ത മന്ത്രിമാർക്ക് നാടുവിടേണ്ട അവസ്ഥ സംജാതമായി. പലരും സംശയകരമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. വിദേശകാര്യ മന്ത്രിയായിരുന്ന ജാൻ മസാരിറ്റിൻ്റെ മരണം ഇത്തരത്തിൽ ഒന്നാകാം എന്ന് പലരും സംശയിച്ചിരുന്നു. 1948 മാർച്ച് 10-ന് പ്രാഗിലെ സിസെനിൻ കൊട്ടാരത്തിലെ (Czernin Palace) തന്റെ ഓഫീസിന് താഴെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
1948 ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്ത ശേഷം 20 വർഷത്തോളം രാജ്യം കടുത്ത നിയന്ത്രണത്തിലായിരുന്നു. 1950 കളുടെ അവസാനം മുതൽ 1967 വരെ, സ്തംഭനാവസ്ഥകളുടെ കാലം എന്ന് പിന്നീട് ഇതറിയപ്പെട്ടു.
സോവിയറ്റ് യൂണിയൻ്റെ ഭരണ നിയന്ത്രണം
നേരിട്ട് ഭരണം നടത്തുന്നതിനു പകരം മറ്റൊരു മാർഗ്ഗമാണ് സോവിയറ്റ് യൂണിയൻ അവലംബിച്ചത്. സ്റ്റാലിനിസ്റ്റ് മാതൃകയിലുള്ള സാമ്പത്തിക, രാഷ്ട്രീയ നയങ്ങൾ നടപ്പാക്കി.
സോവിയറ്റ് രഹസ്യാന്വേഷണ ഏജൻസികൾ (KGB) ചെക്കോസ്ലോവാക്യൻ പോലീസിനെ നിയന്ത്രിച്ചു. എതിർക്കുന്നവരെ ജയിലിലടച്ചു. വാർസോ കരാർ പ്രകാരം സൈനികമായി മോസ്കോയുമായി സൈന്യത്തെ ബന്ധിച്ചു. അങ്ങനെ പതിയെ പതിയെ ഒരു ജനത സ്വന്തം രാജ്യത്ത് ജീവിച്ചു കൊണ്ട് മറ്റൊരു രാജ്യത്തിൻ്റെ ഭരണത്തിൻ കീഴിലായി മാറി.
കമ്മ്യൂണിസ്റ്റ് പാർട്ടി ഫസ്റ്റ് സെക്രട്ടറിയായിരുന്ന ആൻ്റണിൻ നൊവാട്ട്നി (Antonin Novotny) ആയിരുന്നു പുതിയ പ്രസിഡൻ്റ്. കടുത്ത സ്റ്റാലിനിസ്റ്റായിരുന്ന ഇദ്ദേഹം, രാഷ്ട്രീയ എതിരാളികളെ ജയിലിൽ അടക്കുകയും മാധ്യമങ്ങൾക്ക് കടുത്ത സെൻ സർഷിപ് ഏർപ്പെടുത്തുകയും ചെയ്തു.
അയൽ രാജ്യങ്ങളായ ഹംഗറിയും മറ്റും ചെറിയ തോതിൽ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുമ്പോഴും, ചെക്കോസ്ലോവാക്യ പഴയ രീതിയിൽ തുടർന്നു. സോവിയറ്റ് യൂണിയൻ്റെ സെൻട്രലൈസ്ഡ് പ്ലാനിംങ്ങ് എല്ലാ വിധത്തിലും നാശം വിതച്ചു.
ഫലങ്ങൾ
- കാർഷിക ഉത്പാദനം കുറഞ്ഞു
- സാധനങ്ങൾക്ക് കടുത്ത ക്ഷാമം
- സാങ്കേതിക വിദ്യ ഒരു പാട് പിന്നിൽ
- രാഷ്ട്രീയ സ്വാതന്ത്ര്യം നഷ്ടമായി
- രഹസ്യ പോലീസ് നിരീക്ഷണം
- സ്റ്റേറ്റ് പോലീസ് (STB) നിരീക്ഷണം
സെൻസർഷിപ്
എഴുത്തുകാർക്കും കലാകാരൻമാർക്കും കടുത്ത നിയന്ത്രണം. സത്യസന്ധമായ ഒരാവിഷ്കാരവും അനുവദിച്ചിരുന്നില്ല. വിദ്യാർത്ഥിക്കൾക്കും യുവാക്കൾക്കുമിടയിൽ നിന്ന് മാറ്റത്തിനുള്ള മുറവിളി ഉയർന്നു.
ചെക്കോസ്ലോവാക്യയിലെ പ്രബലമായ രണ്ടു വിഭാഗങ്ങൾ ചെക്കുകളും, സ്ലോവാക്കുകളുമായിരുന്നു. സ്ലോവാക്ക് മേഖലയെ ഭരണകൂടം അവഗണിക്കുന്നതായി പരാതി ഉയർന്നു. തങ്ങൾക്ക് കൂടുതൽ സ്വയംഭരണാധികാരം വേണമെന്ന് ആവശ്യം അവർ ഉന്നയിച്ചു. സ്ലോവാക്കുകളുടെ ഇടയിൽ നിന്നാണ്, അലക്സാണ്ടർ ദൂബ്ചെക് (Alexander Dubeck) എന്ന നേതാവ് കടന്നു വരുന്നത്, പ്രാഗ് വസന്തത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച ആ കരം ദൂബ് ചെകിൻ്റേതായിരുന്നു.
1967 ൽ Antonin Novatny യുടെ ദുർഭരണത്തിനെതിരേ വിവിധ മേഖലകളിൽ പ്രതിക്ഷേധങ്ങൾ ഇരമ്പി. എഴുത്തുകാരുടെ സംഘടനയായ റൈറ്റേഴ്സ് യൂണിയൻ കോൺഗ്രസ്സിൽ മിലൻ കുന്ദേരയെപ്പോലുള്ള സാഹിത്യകാരൻമാർ പരസ്യമായ വിമർശനങ്ങൾ ഉന്നയിക്കാൻ തയ്യാറായി. ഈ സംഭവം ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കി. പാർട്ടിക്കുള്ളിൽ നിന്നു തന്നെ നൊവാട്ട് നിക്കെതിരേ കലാപമുണ്ടായി. സോവിയറ്റ് നേതാവ് ലിയോനിഡ് ബ്രഷ്നേവ് ഈ വിഷയത്തിൽ നേരിട്ട് ഇടപെടാൻ മടിച്ചതോടെ നൊവാട്ട്നി പുറത്തായി. പകരം സ്ലൊവാക്യൻ നേതാവായ അലക്സാണ്ടർ ദുബ്ചെക് അധികാരത്തിലേക്ക് പ്രവേശിച്ചു.
പ്രാഗ് വസന്തം
ദൂബ് ചെകിൻ്റെ ഭരണത്തിലാണ് പ്രാഗ് വസന്തം ആരംഭിക്കുന്നത്. കമ്മ്യൂണിസത്തിന് ഒരു മാനവിക മുഖം നൽകുക എന്ന ലക്ഷ്യത്തോടെ ദൂബ് ചെക് പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു.
ആദ്യമായി സെൻസർഷിപ് നിർത്തലാക്കി, മാധ്യമങ്ങൾ എഴുത്തുകാർ എന്നിവർക്ക് പൂർണ്ണ സ്വാതന്ത്ര്യം. സർക്കാരിനെ ആർക്കും വിമർശിക്കാം. പാശ്ചാത്യ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കി. മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളെയും പ്രവർത്തിക്കാൻ അനുവദിക്കുകയും, രഹസ്യ പോലീസിൻ്റെ അധികാരം വെട്ടികുറക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പുറത്തുള്ളവർക്കും ഭരണത്തിൽ പങ്കാളിത്തം ഉറപ്പാക്കി.
വ്യവസായ സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി. കേന്ദ്രീകൃത ആസൂത്രണം ഒഴിവാക്കി പകരം ഉപഭോക്താക്കളുടെ ആവശ്യം അറിഞ്ഞുള്ള ഉത്പാദനത്തിനായി മുൻഗണന.
ചെക്കോസ്ലോവാക്യയെ ഒരു ഫെഡറൽ റിപ്പബ്ലിക്കായി മാറ്റി, അതോടൊപ്പം സ്ലോവാക്യൻ മേഖലക്ക് കൂടുതൽ ഭരണാധികാരങ്ങൾ നൽകി.
ഇവയെല്ലാമാണ് മാനവിക മുഖമുള്ള സോഷ്യലിസം എന്ന ആശയം പ്രാവർത്തികമാക്കാൻ ദൂബ് ചെക് നടത്തിയ പരിഷ്ക്കാരങ്ങൾ. കമ്മ്യൂണിസ്റ്റ് ഭരണത്തിൽ കേട്ടുകേഴ് വിയില്ലാത്ത കാര്യങ്ങളായിരുന്നു ഇവയെല്ലാം. ഈ പരിഷ്കാരങ്ങൾ രാജ്യത്തിന് ഉന്നതിയും ജനങ്ങൾക്ക് സന്തോഷവും കൊണ്ടുവരുമ്പോൾ, മറ്റൊരു കൂട്ടർക്ക് ഉള്ളിൽ പുകച്ചിൽ അനുഭപ്പെട്ടു. മറ്റാരുമല്ല, അത് സോവിയറ്റ് യൂണിയനായിരുന്നു.
സോവിയറ്റ് പ്രതികരണം
ചെക്കോസ്ലോവാക്യയിലെ ഈ മാറ്റങ്ങൾ സോവിയറ്റ് യൂണിയനെ വിറളി പിടിപ്പിച്ചു. ഈ പരിഷ്കാരങ്ങൾ തങ്ങളുടെ സാമ്രാജ്യത്വത്തിൻ്റെ തകർച്ചക്ക് കാരണമാകും എന്നവർ ഭയപ്പെട്ടു.
ചരിത്രത്തിലെ ഏറ്റവും വലിയ അധിനിവേശത്തിന് അവർ തയ്യാറെടുക്കുകയായിരുന്നു. 6300 ടാങ്കുകൾ, 800 വിമാനങ്ങൾ ഏകദേശം രണ്ടര ലക്ഷം സൈനികർ, ഇത്രയും വമ്പൻ സന്നാഹങ്ങളുമായി സോവിയറ്റ് യൂണിയൻ ചെക്കോസ്ലോവാക്യയിലേക്ക് പ്രവേശിച്ചു. പോളണ്ട്, ഹംഗറി, ബൾഗേറിയ എന്നീ രാജ്യങ്ങളിലെ സൈന്യവും അവർക്കൊപ്പം ഉണ്ടായിരുന്നു. ആ സൈനിക അട്ടിമറിക്ക് അവരിട്ട പേര് ഓപ്പറേഷൻ ഡാന്യൂബ് എന്നായിരുന്നു.
സിവിലിയൻ വിമാനം എന്ന വ്യാജേനയായിരുന്നു സോവിയറ്റ് വിമാനം പ്രാഗിലെ റൂസിൻ (Ruzne) വിമാനതാവളത്തിൽ ഇറങ്ങിയത്. പുറത്തിറങ്ങിയ കമാൻഡോകൾ ഏതാനും മിനുറ്റുകൾക്കൊണ്ട് വിമാന താവളം പിടിച്ചെടുക്കുന്നു. സൈനിക ടാങ്കുകൾക്ക് നഗരത്തിലേക്കു കടക്കാൻ അവർ സൗകര്യം ഒരുക്കി. ചെക്കോസ്ലോവാക്യൻ സൈന്യത്തോട് തിരിച്ചടിക്കരുത് എന്ന് സർക്കാർ നിർദ്ദേശമുണ്ടായിരുന്നു.
പ്രാഗിലെ റേഡിയോ സ്റ്റേഷനു മുന്നിൽ തടിച്ചു കൂടിയ ജനക്കൂട്ടത്തിന് നേരേ സോവിയറ്റ് ടാങ്കുകൾ നിറയൊഴിച്ചു. കെട്ടിടങ്ങൾ തകർന്നു വീഴുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. വാർത്തകൾ പുറത്തറിയാതിരിക്കാനാണ് വാർത്താ വിതരണ സംവിധാനം തന്നെ ആദ്യം ആക്രമിച്ചത്.
ഔദ്യോഗികമായി അന്നു കൊല്ലപ്പെട്ടവർ 137 പേരുണ്ടായിരുന്നു. അഞ്ഞൂറിലധികം ആളുകൾക്ക് ഗുരുതരമായ പരിക്ക് സംഭവിച്ചു. ടാങ്ക് കയറി മരിച്ചവരും കെട്ടിടം തകർന്നു വീണ് മരിച്ചവരും എല്ലാം അതിലുണ്ടായിരുന്നു
അധിനിവേശ ഭീകരത
അർദ്ധരാത്രിയിൽ അലക്സാണ്ടർ ദുബ് ചെകിനേയും മറ്റ് മന്ത്രിമാരേയും സോവിയറ്റ് സൈന്യം തോക്കിൻ മുനയിൽ അറസ്റ്റ് ചെയ്തു. കൈവിലങ്ങ് ധരിപ്പിച്ച് വിമാനത്തിൽ മോസ്കോയിലേക്ക് കൊണ്ടുപോയി, കൊല്ലപ്പെടും എന്നാണവർ അപ്പോൾ ഉറപ്പിച്ചത്.
ജനങ്ങളെ ഭയപ്പെടുത്താനായി സൈന്യം ടാങ്കുകൾ ജനവാസമേഖലയിലൂടെ ഓടിച്ചു. പ്രകോപനങ്ങൾ ഇല്ലാതിരുന്നിട്ടും വെറുതെ വെടിയുതിർത്തു. കെട്ടിടങ്ങൾക്കു നേരേയും വെടിയുതിർത്തു. പ്രാഗിലെ നാഷണൽ മ്യൂസിയത്തിനു നേരേ മെഷീൻ ഗൺ ഉപയോഗിച്ച് വെടി വെച്ചത് ഇന്നും ആ ഭിത്തികളിൽ അടയാളമായി അവശേഷിക്കുന്നു. വരുംതലമുറകൾക്ക് മറക്കാതിരിക്കാനായി…
ജനങ്ങൾ ഇതൊന്നും കണ്ട് ഭയന്നില്ല, സൈന്യത്തെ വഴിതെറ്റിക്കാനായി അവർ റോഡിലെ ദിശാസൂചകങ്ങളും തെരുവ് നാമങ്ങളും മാറ്റി സ്ഥാപിച്ചു. സൈനികർക്ക് ഭക്ഷണവും വെള്ളവും നൽകാൻ ജനങ്ങൾ വിസമ്മതിച്ചു. ടാങ്കുകൾക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിന്ന് പ്രതിക്ഷേധിച്ചു.
അനന്തരം ദൂബ് ചെകിനെ അവർ അധികാരത്തിൽ നിന്നു നീക്കി, പകരം സോവിയറ്റ് വിശ്വസ്തനായ ഗുസ്താവ് ഹുസാക്കിനെ (Gustav Husak) ഭരണാധികാരിയാക്കി.
ബ്രഷ്നേവ് സിദ്ധാന്തം
ഒരു സോഷ്യലിസ്റ്റ് രാജ്യം മുതലാളിത്തത്തിൻ്റെ വഴി തിരഞ്ഞെടുത്താൽ, മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങൾക്ക് അവിടെ സൈനികമായി ഇടപെടാൻ അധികാരമുണ്ടെന്ന് സോവിയറ്റ് നേതാവ് ലിയോനിഡ് ബ്രഷ്നേവ് പ്രഖ്യാപിച്ചു. ഇതു ലോകരാജ്യങ്ങൾക്ക് വലിയ അതൃപ്തിക്കു കാരണമായി.
ദുബ്ചെകിനെ അനുകൂലിച്ച 5 ലക്ഷത്തോളം പേരേ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കി. പിൽക്കാലത്ത് ഡ്രൈവർമാരായും തുപ്പുകാരായും ഇവർക്ക് ജോലി ചെയ്യേണ്ടി വന്നു. ഏകദേശം 3 ലക്ഷത്തിനടുത്ത് അഭ്യസ്തവിദ്യരായ ജനങ്ങൾ ഇതര രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. അവരിൽ ഡോക്ടർമാരും എഞ്ചിനിയർമാരും ഉണ്ടായിരുന്നു.
പ്രാഗ് വസതത്തെ, സോവിയറ്റ് യൂണിയൻ നേരിട്ടത് കേവലം കായിക ബലം കൊണ്ട് മാത്രമായിരുന്നില്ല. ഒരു ജനതയുടെ സ്വപ്നങ്ങളുടെ മുകളിൽ ഭയം വാരിവിതച്ചാണ് അവരത് നേടിയത്. ഇന്ന് അമേരിക്കയെ സാമ്രാജ്യത്വ മോഹികൾ എന്നു വിശേഷിപ്പിക്കുന്നവർ സത്യത്തിൽ ഈ ചരിത്രമൊന്നും അറിയാത്തതോ, അതോ അവഗണിക്കുന്നതോ എന്നതാണ് ചോദ്യം?
കടുത്ത നിയന്ത്രണങ്ങൾ
പ്രാഗ് വസന്തകാലത്ത് ലഭിച്ച എല്ലാ സ്വാതന്ത്ര്യങ്ങളും സോവിയറ്റ് യൂണിയൻ എടുത്തു മാറ്റി. സർക്കാർ വിരുദ്ധമായ ഒരു വാക്കുപോലും എഴുതാൻ മാധ്യമങ്ങൾക്ക് അനുവാദം നിഷേധിച്ചു. സ്റ്റേറ്റ് സെക്യൂരിറ്റി പോലീസ് ജനങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ പോലും ചോർത്താൻ തുടങ്ങി. അയൽവാസികൾക്കും സുഹൃത്തുക്കൾക്കുമിടയിൽ പോലും ചാരൻമാരെ നിയോഗിച്ചു. ഭയം എന്നത് സർവ്വസാധാരണമായ ഒരു വികാരമായി മാറി.
പാരതന്ത്ര്യം മാനികൾക്ക്…
1969 -ൽ സോവിയറ്റ് യൂണിയൻ്റെ അധിനിവേശത്തിൽ പ്രതിക്ഷേധിച്ച്, ജാൻ പാലാച്ച് എന്ന വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് തീകൊളുത്തി അത്മഹത്യ ചെയ്തു. ഞാൻ കത്തുന്ന പന്തമാകുന്നു എന്നായിരുന്നു ആ യുവാവിൻ്റെ സന്ദേശം. ഈ മരണം ചെക്കോസ്ലോവാക്യയുടെ പുതിയ വിപ്ലവ മുഖത്തിന് കൂടുതൽ ഉണർവ്വ് ഉണ്ടാക്കി. പിന്നീട് ചെക്ക് റിപ്ലബ്ലിക്കിലെ ഏറ്റവും വലിയ നായകൻമാരിൽ ഒരാളായി ജാൻ പാലാച്ച് മാറി.
ആ യുവാവ് സ്വയം തീ കൊളുത്തി മരിച്ച, വെൻസെസ്ലാസ് സ്ക്വയറിൽ ഒരു സ്മാരകം ഉയർന്നു നിൽക്കുന്നു. ആ സ്മാരകം നമ്മെ ഓർമ്മിപ്പിക്കുന്നു. പാരതന്ത്ര്യം മാനികൾക്ക്…
ചാർട്ടർ 77
1977 -ൽ വാക്ലോവ് ഹാവർ ഉൾപ്പടെയുള്ള ഒരു കൂട്ടം ചിന്തകർ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ ഒരു പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രികയാണ് ചെക്കോസ്ലോവാക്യയുടെ വിമോചനത്തിന് പുതിയ വഴി തുറന്നത്.
Vaclav Haveli
നോർമലൈസേഷൻ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് ഭരണ കൂടത്തിൻ്റെ ഏറ്റവും വലിയ ശത്രുവായി കേവലം ഒരു നാടകകൃത്തായ വാക്ലോവ് ഹാവലിനെയായിരുന്നു. മനുഷ്യാവകാശ ലംഘനത്തിനെതിരേ അദ്ദേഹം രൂപീകരിച്ച ചാർട്ടർ 77 എന്ന പ്രസ്ഥാനം ഭരണകൂടത്തെ വിറപ്പിച്ചു. പല തവണ അദ്ദേഹത്തിന് ഈ കാരണം കൊണ്ട് ജയിൽവാസം അനുഷ്ഠിക്കേണ്ടി വന്നു.
വെൽവറ്റ് വിപ്ലവം
1980 കളുടെ അവസാനത്തിൽ സോവിയറ്റ് യൂണിയനിൽ മിഖായേൽ ഗോർബച്ചോവ് പരിഷ്കാരങ്ങൾ തുടങ്ങിയതോടെ, ചെക്കോസ്ലോവാക്യൻ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൻ്റെ അടിത്തറ ഇളകി.
1989 ൽ നവംബറിൽ രക്തച്ചൊരിച്ചിൽ ഇല്ലാതെ ഒരു ജനകീയ വിപ്ലവത്തിലൂടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചു. ചെക്കോസ്ലോവാക്യൻ വിപ്ലവത്തിന് നേതൃത്വം നൽകിയത്, വാക്ലോവ് ഹാവൽ ആയിരുന്നു. വിപ്ലവം വിജയിച്ചതോടെ, ജനങ്ങൾ ഐക്യകണ്ഠേന ഹാവലിനെ ചെക്കോസ്ലോവാക്യൻ പ്രസിഡൻ്റായി തിരഞ്ഞെടുത്തു.
1989 ൽ ജനാധിപത്യം വന്ന ശേഷം, ചെക്കുകളും, സ്ലോവാക്കുകളും തമ്മിൽ രാജ്യത്തിൻ്റെ ഘടനയെ കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി. എന്നാൽ ആഭ്യന്തരയുദ്ധമല്ലായിരുന്നു അവർ തിരഞ്ഞെടുത്ത വഴി. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരു മേശക്ക് ഇരുവശവും ഇരുന്ന് കാര്യങ്ങൾ തുറന്നു സംസാരിച്ചു. ലോകത്തിനു തന്നെ മാതൃകയായ ഒരു തീരുമാനം അവർ കൂട്ടായി എടുത്തു. രാജ്യം രണ്ടായി വിഭജിക്കുക.
സമാധാനപരമായ വേർപിരിയൽ
1993 ൽ യാതൊരു രക്തച്ചൊരിച്ചിലുമില്ലാതെ രാജ്യം രണ്ടായി പിരിഞ്ഞു.
1. ചെക്ക് റിപ്പബ്ലിക്ക് – തലസ്ഥാനം പ്രാഗ്
2. സ്ലോവാക്യ – തലസ്ഥാനം ബ്രാറ്റിസ്ലാവ
ചെക്ക് റിപ്പബ്ലിക്ക് ഇന്ന് യൂറോപ്പിലെ ഏറ്റവും വലിയ വ്യവസായകേന്ദ്രങ്ങളിൽ ഒന്നാണ്. ഓട്ടോമൊബൈൽ രംഗത്ത് അവർ മികച്ചു നിൽക്കുന്നു. സ്ലോവാക്യയും വലിയ സാമ്പത്തിക വളർച്ച കൈവരിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതവും സമാധാനപരവുമായ രാജ്യങ്ങളുടെ പട്ടികയിൽ ഈ രണ്ടു രാജ്യങ്ങളും മുൻപന്തിയിൽ തന്നെയുണ്ട്. 2004 ൽ ഈ രണ്ടു രാജ്യങ്ങളും യൂറോപ്യൻ യൂണിയനിൽ (EU) അംഗങ്ങളായി. (NATO) സഖ്യത്തിലും ഈ രണ്ടു രാജ്യങ്ങളും അംഗങ്ങളാണ്.
കമ്മ്യൂണിസം തകർത്തെറിഞ്ഞ ഒരു രാജ്യത്തിൻ്റെ ഉയിർത്തെഴുന്നേൽപ്പാണ് ഇതുവരെയും വിവരിച്ചത്. ചരിത്രത്തെ കുറിച്ച് നാം പഠിക്കുന്ന ഒരു പാഠമുണ്ട് – ചരിത്രത്തിൽ നിന്നും നാം ഒന്നും പഠിക്കുന്നില്ല എന്നതാണത്.
![]()

