“സ്വന്തം സൈന്യത്തിന് മാത്രമല്ല, സഖ്യകക്ഷികൾക്ക് മുഴുവൻ ആവശ്യമായ ആയുധങ്ങളും മറ്റ് സാമഗ്രികളും തടസ്സമില്ലാതെ എത്തിച്ചു നൽകിയ അമേരിക്കൻ ഫാക്ടറികളുടെ ഭീമാകാരമായ വ്യാവസായിക അടിത്തറയാണ് ലോകമഹായുദ്ധത്തിന്റെ വിധി നിർണ്ണയിച്ചത്. ഈ പടുകൂറ്റൻ സഹായമില്ലായിരുന്നെങ്കിൽ വിജയം അസാധ്യമാകുമായിരുന്നു എന്ന് സാക്ഷാൽ ജോസഫ് സ്റ്റാലിന് പോലും സമ്മതിക്കേണ്ടി വന്നു.”
ഞാൻ നിർമ്മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്. പുതിയ പ്രൊജക്റ്റുകൾ ലഭിക്കുമ്പോൾ കൺസൾട്ടന്റുമാർ ചോദിക്കുന്ന ഒരു കാര്യം എന്നെ അരിശം കൊള്ളിക്കാറുണ്ട്: “ഇതേ സെയിം MEP സിസ്റ്റങ്ങളിൽ നിങ്ങൾക്ക് മുൻപരിചയമുണ്ടോ?” എന്നതാണ് ആ ചോദ്യം.
യഥാർത്ഥത്തിൽ, സിസ്റ്റങ്ങൾ ഒന്നുതന്നെയാണോ അല്ലയോ എന്നതല്ല കാര്യം, അവയുടെ പിന്നിലെ എഞ്ചിനീയറിംഗ് തത്വങ്ങൾ എപ്പോഴും ഒന്നുതന്നെയാണ്. ഒരു കോൺട്രാക്ടർക്ക് ആ പ്രത്യേക സിസ്റ്റത്തിൽ മുൻപരിചയം ഇല്ലെങ്കിൽ പോലും, ഇന്ന് അറിവ് നേടാൻ ഒരുപാട് വഴികളുണ്ട്. ഇത്തരം സിസ്റ്റങ്ങൾ ലോകത്ത് പലയിടത്തും ഇതിനോടകം രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുള്ളതാണ്. സെയിം സിസ്റ്റംസ് മുമ്പേ ചെയ്‌തിരിക്കണം എന്ന ഈ നിർബന്ധം പലപ്പോഴും ക്ലയന്റിന് ദോഷകരമായാണ് ബാധിക്കുന്നത്. ഇത് കമ്പനികൾ തമ്മിലുള്ള മത്സരങ്ങൾ കുറയ്ക്കുകയും, കഴിവുള്ള കോൺട്രാക്ടർമാരെ മാറ്റിനിർത്തുകയും ചെയ്യുന്നു. ഇത് പ്രൊജക്റ്റിന്റെ ചിലവ് കൂടാനും കാരണമാകുന്നു. ഒരാളുടെ കഴിവിനെ അളക്കേണ്ടത് അയാൾക്ക് കാര്യങ്ങൾ എത്രത്തോളം വേഗത്തിൽ പഠിച്ചെടുക്കാനും നടപ്പിലാക്കാനും സാധിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം, അല്ലാതെ ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്യുന്നതിലൂടെയാകരുത്.
“If one human can do it, it’s no longer impossible—just undiscovered by the rest.”
രണ്ടാം ലോകമഹായുദ്ധത്തിൽ നിന്നുള്ള ശ്രദ്ധേയമായ ഒരു ഉദാഹരണം ആണ് ഇനി പറയുന്നത്. അവിടെ “നേരത്തെയുള്ള പ്രവൃത്തിപരിചയം” (Exact experience) വേണ്ടാ എന്ന് തീരുമാനിച്ചത് ഒരു ഗുണമായി മാറുകയും, സഖ്യകക്ഷികളുടെ വിജയത്തിന് അത് വലിയൊരു പങ്കുവഹിക്കുകയും ചെയ്തു.
പേൾ ഹാർബറിലെ അമേരിക്കയ്‌ക്കെതിരായ ആക്രമണം “ഉറങ്ങിക്കിടന്ന ഒരു രാക്ഷസനെ ഉണർത്തിയിരിക്കുന്നു” എന്ന് ജാപ്പനീസ് അഡ്മിറൽ യമമോട്ടോ പറഞ്ഞു എന്ന് പറയപ്പെടുന്ന വാക്യം വളരെ പ്രശസ്തമാണല്ലോ. വാസ്തവത്തിൽ, ഈ സംഭവത്തിനും ഒരു വർഷം മുമ്പ് നടന്ന മറ്റ് ചില കാര്യങ്ങൾ ആ രാക്ഷസനെ ഉണർത്തിക്കഴിഞ്ഞിരുന്നു.
ജർമ്മനി പോളണ്ടിനെ ആക്രമിച്ചു എന്ന് അറിയിക്കാൻ റഷ്യയിലെ അമേരിക്കൻ അംബാസഡർ വൈറ്റ് ഹൗസിലേക്ക് വിളിച്ചപ്പോൾ, “ദൈവം നമ്മെയെല്ലാം സഹായിക്കട്ടെ” എന്നായിരുന്നു റൂസ്‌വെൽറ്റിന്റെ മറുപടി. “നാസിവൽക്കരിക്കപ്പെട്ട ഒരു യൂറോപ്പ്” ഉടൻ തന്നെ ലോകത്തെ കീഴടക്കിയേക്കാം എന്ന് വിൻസ്റ്റൺ ചർച്ചിൽ ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിന് മുന്നറിയിപ്പ് നൽകിയപ്പോൾ അമേരിക്ക ഒരു കടുത്ത യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുകയായിരുന്നു. സാമ്പത്തികമായി ശക്തമായിരുന്നെങ്കിലും സൈനികമായി അവർ ഒട്ടും സജ്ജരായിരുന്നില്ല. വർഷങ്ങളോളം മറ്റ് രാജ്യങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാതിരുന്നതും (Isolationism), ‘ന്യൂട്രാലിറ്റി ആക്ട്’ പോലുള്ള നിയമങ്ങളും കാരണം അമേരിക്കയ്ക്ക് അന്ന് താരതമ്യേന ദുർബലമായ ഒരു സൈന്യവും കുറഞ്ഞ വിമാന ഉൽപ്പാദനവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. യുദ്ധത്തിന് ആവശ്യമായ ആയുധശേഖരവും കുറവായിരുന്നു. വരാനിരിക്കുന്ന യുദ്ധത്തിന്റെ വിധി തീരുമാനിക്കപ്പെടുന്നത് വെറും യുദ്ധക്കളങ്ങളിലല്ല, മറിച്ച് ഫാക്ടറികളിലാണെന്ന് റൂസ്‌വെൽറ്റ് മനസ്സിലാക്കി. വെറുതെ ആയുധങ്ങൾ നിർമ്മിക്കുക എന്നതല്ല, ലോകം ഇതുവരെ കാണാത്തത്ര വലിയ അളവിൽ അവ എങ്ങനെ നിർമ്മിക്കാം എന്നതായിരുന്നു പ്രധാന ചോദ്യം.
അമേരിക്കൻ വ്യവസായ മേഖലയിലായിരുന്നു ഇതിനുള്ള ഉത്തരം ഒളിഞ്ഞിരുന്നത്. പ്രത്യേകിച്ച് യുദ്ധ ഉൽപ്പാദനം ഏകോപിപ്പിച്ച വില്യം എസ്. നഡ്‌സന്റെ (William S. Knudsen aka Bill) ആശയങ്ങളിൽ. ഹെൻറി ഫോർഡിന്റെ അസംബ്ലി ലൈൻ (Assembly line) സംവിധാനത്തെ പ്രശംസിക്കുന്ന പലർക്കും, അതേ മേഖലയിൽ ബിൽ നഡ്‌സൻ നൽകിയ സംഭാവനകളെക്കുറിച്ച് അറിവില്ല. ഹെൻറി ഫോർഡ് വിഭാവനം ചെയ്തതിനേക്കാൾ വലിയ രീതിയിൽ ‘മാസ് പ്രൊഡക്ഷൻ’ (Mass production) തത്വങ്ങൾ പരിഷ്കരിച്ചെടുത്ത ഓട്ടോമൊബൈൽ രംഗത്തെ ദശാബ്ദങ്ങളുടെ പരിചയസമ്പത്തുമായാണ് നഡ്‌സൻ വന്നത്. ഫോർഡ് അസംബ്ലി ലൈൻ രീതി കൊണ്ടുവന്നത് പ്രധാനമായും ഒരേപോലെയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാനായിരുന്നു. എന്നാൽ, കാര്യക്ഷമത കുറയാതെ തന്നെ ഒരേസമയം വ്യത്യസ്തവും നിരന്തരം മാറ്റങ്ങൾ വരുന്നതുമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയുന്ന ഒരു സംവിധാനമായി നഡ്‌സൻ അതിനെ വിപുലീകരിച്ചു. പിൽക്കാലത്ത് ഇത് “ഫ്ലെക്സിബിൾ മാസ് പ്രൊഡക്ഷൻ” (Flexible mass production) എന്ന് അറിയപ്പെട്ടു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ലളിതവും എന്നാൽ വിപ്ലവകരവുമായിരുന്നു: ഭാഗങ്ങൾ ലളിതമാക്കുക, നിർമ്മാണ രീതികൾ ഏകീകരിക്കുക, ഉൽപ്പാദനത്തിന്റെ അളവ് വർദ്ധിപ്പിക്കുക. സങ്കീർണ്ണത വേഗതയ്ക്ക് തടസ്സമാണെന്നും, കൃത്യതയും ആവർത്തന സ്വഭാവവുമാണ് ഉൽപ്പാദനം കൂട്ടാനുള്ള പ്രധാന വഴികളെന്നും അദ്ദേഹം വിശ്വസിച്ചു.
നഡ്‌സന്റെ മാനേജ്‌മെന്റ് ശൈലിയും ഒരുപോലെ പ്രധാനപ്പെട്ടതായിരുന്നു. അധികാരം ഒരാളിൽ മാത്രം കേന്ദ്രീകരിക്കുന്ന രീതി അദ്ദേഹം എതിർത്തു. മുകളിൽ നിന്ന് ഉത്തരവുകൾ നൽകുന്നതിന് പകരം, ഓരോ തലത്തിലുമുള്ള വിദഗ്ധരെ അവരുടെ ജോലി മികച്ച രീതിയിൽ ചെയ്യാൻ പ്രാപ്തരാക്കുന്നതാണ് നേതൃത്വം എന്ന് അദ്ദേഹം വിശ്വസിച്ചു. “നയിക്കുക, അടിച്ചേൽപ്പിക്കരുത്” (Lead, not drive) എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ പാഠം ഒരു കാര്യം വ്യക്തമാക്കുന്നു, പുതിയ മാറ്റങ്ങൾ വരുന്നത് മേലുദ്യോഗസ്ഥരുടെ ഓഫീസുകളിൽ നിന്ന് മാത്രമല്ല, ഫാക്ടറിയിലെ സാധാരണ തൊഴിലാളികളിൽ നിന്ന് കൂടിയാണ്. പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ തൊഴിലാളികൾക്ക് സ്വാതന്ത്ര്യം വേണം, ഡിസൈനുകൾ മെച്ചപ്പെടുത്താൻ എഞ്ചിനീയർമാർക്ക് സ്വയം തീരുമാനമെടുക്കാൻ കഴിയണം, അതുപോലെ റിസ്ക്കുകൾ ഏറ്റെടുക്കാൻ കമ്പനികൾക്ക് പ്രോത്സാഹനവും നൽകണം. ഈ വികേന്ദ്രീകൃതമായ (Decentralized) രീതിയാണ് അമേരിക്കയുടെ യുദ്ധകാല ഉൽപ്പാദനത്തിന്റെ നട്ടെല്ലായി മാറിയത്. രാഷ്ട്രീയ ഭരണഘടനയെക്കുറിച്ച് തോമസ് ജെഫേഴ്സൺ പറഞ്ഞത് ബിസിനസ്സിനും ബാധകമാണെന്ന് ഇവിടെ തെളിഞ്ഞു; അതായത് ഏറ്റവും കുറഞ്ഞ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഭരണമാണ് ഏറ്റവും നല്ല കോർപ്പറേറ്റ് ഭരണം.
അമേരിക്കയുടെ യുദ്ധശ്രമങ്ങളിലെ ഏറ്റവും അത്ഭുതകരമായ ഒരു കാര്യം, യുദ്ധോപകരണങ്ങൾ നിർമ്മിച്ച് മുൻപരിചയമില്ലാത്ത കമ്പനികൾ എത്ര വേഗത്തിലാണ് സങ്കീർണ്ണമായ ആയുധങ്ങൾ നിർമ്മിക്കാൻ പഠിച്ചത് എന്നതാണ്. ടാങ്കുകൾ നിർമ്മിച്ച് പരിചയമില്ലാത്ത ക്രിസ്‌ലർ (Chrysler) പോലുള്ള വാഹന നിർമ്മാതാക്കൾ പെട്ടെന്നൊരു ദിവസം യുദ്ധവിമാനങ്ങളും ടാങ്കുകളും വൻതോതിൽ നിർമ്മിക്കാൻ നിയോഗിക്കപ്പെട്ടു. റെക്കോർഡ് വേഗത്തിൽ നിർമ്മിച്ച ‘ഡെട്രോയിറ്റ് ആഴ്സണൽ ടാങ്ക് പ്ലാന്റ്’, ടാങ്കുകൾ നിർമ്മിക്കുക മാത്രമല്ല, അവയുടെ രൂപകൽപ്പനയിലെ പിഴവുകൾ തിരുത്തി കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തു. അതുപോലെ, വിമാനത്തിന്റെ ഭാഗങ്ങൾ പോലും നിർമ്മിക്കാത്ത കമ്പനികൾ എൻജിനുകളും വിമാനത്തിന്റെ ബോഡിയും മറ്റ് ഉപകരണങ്ങളും നിർമ്മിക്കാൻ തുടങ്ങി. സങ്കീർണ്ണമായ യന്ത്രങ്ങളെ ലളിതമായ ഭാഗങ്ങളായി തിരിച്ച്, ആവർത്തിച്ച് ചെയ്യാവുന്ന രീതിയിലേക്ക് മാറ്റിയ ‘മാസ് പ്രൊഡക്ഷൻ’ സാങ്കേതികവിദ്യയാണ് ഈ വേഗത്തിലുള്ള മാറ്റം സാധ്യമാക്കിയത്.
ഏറ്റവും അത്ഭുതകരമായ കാര്യം, യുദ്ധവുമായി ഒരു ബന്ധവുമില്ലാത്ത മേഖലകളിലെ കമ്പനികളുടെ പങ്കാളിത്തമായിരുന്നു. വാക്വം ക്ലീനർ ഉണ്ടാക്കിയിരുന്നവർ ഗ്യാസ് മാസ്കിന്റെ ഭാഗങ്ങൾ നിർമ്മിക്കാൻ തുടങ്ങി; ഫർണിച്ചർ കമ്പനികൾ ബോംബുകളുടെ പുറംകവചങ്ങൾ നിർമ്മിച്ചു; റെയ്സർ ബ്ലേഡ് ഉണ്ടാക്കുന്നവർ വെടിയുണ്ടകൾക്ക് ആവശ്യമായ സൂക്ഷ്മ ഭാഗങ്ങൾ നിർമ്മിച്ചു; ഷൂ കമ്പനികൾ ഹെൽമെറ്റിന് ഉള്ളിലെ ലൈനിംഗുകൾ നിർമ്മിച്ചു. ആവശ്യത്തിനനുസരിച്ച് ഉൽപ്പാദന ശേഷിയെ മാറ്റിയെടുക്കാൻ കഴിയുന്ന വളരെ മികച്ച ഒരു സംവിധാനമായിരുന്നു ഇത്. മുകളിൽ നിന്നുള്ള ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ, ഓരോ ബിസിനസ്സ് സ്ഥാപനങ്ങളും തങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് സ്വയം കണ്ടെത്തുകയും അതിനനുസരിച്ച് തങ്ങളുടെ ഫാക്ടറികളെ മാറ്റിയെടുക്കുകയും ചെയ്തു. ഇതിന്റെ ഫലമായി, സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം മാറാൻ കഴിയുന്ന ഒരു വ്യവസായ ശൃംഖല തന്നെ അവിടെ രൂപപ്പെട്ടു.
കപ്പൽ നിർമ്മാണ മേഖലയിലായിരുന്നു ഈ മാറ്റം ഏറ്റവും വ്യക്തമായി കണ്ടത്. ഹെൻറി ജെ. കൈസറുടെ (Henry J. Kaiser) നേതൃത്വത്തിൽ, കാർ നിർമ്മാണ ഫാക്ടറികളിലേതുപോലെ അസംബ്ലി ലൈൻ രീതി കപ്പൽശാലകളിലും നടപ്പിലാക്കി. മാസങ്ങളോ വർഷങ്ങളോ എടുത്ത് നിർമ്മിച്ചിരുന്ന കപ്പലുകൾ വെറും ആഴ്ചകൾ കൊണ്ടോ ദിവസങ്ങൾ കൊണ്ടോ നിർമ്മിക്കാൻ തുടങ്ങി. മുൻകൂട്ടി നിർമ്മിച്ച ഭാഗങ്ങൾ (Prefabricated sections) അതിവേഗം കൂട്ടിച്ചേർത്താണ് കൈസറുടെ ‘ലിബർട്ടി കപ്പലുകൾ’ (Liberty ships) നിർമ്മിച്ചത്. ഇതിനായി പുതുതായി പരിശീലനം ലഭിച്ച ഒരു കൂട്ടം തൊഴിലാളികളാണ് പ്രവർത്തിച്ചത്. ശത്രുക്കളുടെ അന്തർവാഹിനികൾ ഭീഷണിയുയർത്തിയ സമുദ്രങ്ങളിലൂടെ സൈനികരെയും ആയുധങ്ങളെയും മറ്റ് അവശ്യസാധനങ്ങളെയും എത്തിക്കാൻ ഈ പുതിയ രീതി വലിയ സഹായമായി മാറി.
വിമാന നിർമ്മാണ രംഗത്തും സമാനമായ വലിയ മാറ്റങ്ങൾ ഉണ്ടായി. വിമാനങ്ങൾ നിർമ്മിക്കാൻ ആവശ്യമായ സമയം ഫാക്ടറികൾ വൻതോതിൽ കുറച്ചു. ഇതിലൂടെ വിമാന നിർമ്മാണം എന്നത് വളരെ വേഗത്തിൽ നടക്കുന്ന ഒരു വ്യാവസായിക പ്രക്രിയയായി മാറി. 1942 ആയപ്പോഴേക്കും അമേരിക്ക പ്രതിവർഷം പതിനായിരക്കണക്കിന് വിമാനങ്ങൾ നിർമ്മിക്കാൻ തുടങ്ങി, ഇത് എല്ലാവരുടെയും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. ഈ വലിയ ഉൽപ്പാദനം അമേരിക്കൻ സൈന്യത്തിന് കരുത്ത് പകർന്നു എന്ന് മാത്രമല്ല, ‘ലെൻഡ്-ലീസ്’ (Lend-Lease) പോലുള്ള പദ്ധതികളിലൂടെ സഖ്യകക്ഷികൾക്ക് ആവശ്യമായ സഹായം നൽകാനും സാധിച്ചു. ചുരുക്കത്തിൽ, അമേരിക്കൻ വ്യവസായ മേഖല സഖ്യകക്ഷികളുടെ വിജയത്തിന്റെ നട്ടെല്ലായി മാറി.
ഇത്രയധികം നേട്ടങ്ങൾ ഉണ്ടായെങ്കിലും, ഈ സംവിധാനം പല വെല്ലുവിളികളും നേരിട്ടിരുന്നു. തൊഴിലാളികൾക്കിടയിലെ അസംതൃപ്തി വലിയൊരു പ്രശ്നമായി മാറി. പണിമുടക്കുകളും ജോലികൾ തടസ്സപ്പെട്ടതും കാരണം ലക്ഷക്കണക്കിന് പ്രവൃത്തിദിനങ്ങൾ (Man-days) നഷ്ടപ്പെട്ടു. മെച്ചപ്പെട്ട ശമ്പളത്തിനും സൗകര്യങ്ങൾക്കുമായി ട്രേഡ് യൂണിയനുകൾ രംഗത്തിറങ്ങിയത് പലപ്പോഴും സർക്കാരിന്റെ ഇടപെടൽ ആവശ്യമായി വരുന്ന സംഘർഷങ്ങളിലേക്ക് നയിച്ചു. അടിയന്തിരസാഹചര്യങ്ങൾ പരിഗണിച്ചു പല യൂണിയനുകളും പണിമുടക്കിന് എതിരായിരുന്നെങ്കിലും യൂറോപ്പിൽ നടക്കുന്ന യുദ്ധം വെറും ബൂർഷ്വ പോരാട്ടമാണെന്നും (Bourgeois struggle), അതിൽ ഇടപെടുന്നത് കൊണ്ട് തൊഴിലാളിവർഗത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നുമായിരുന്നു കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള ട്രേഡ് യൂണിയനുകളുടെ ഔദ്യോഗിക നിലപാട്. ബ്രിട്ടനെയോ അവരുടെ സഖ്യകക്ഷികളെയോ വിജയിപ്പിക്കാൻ സ്റ്റാലിനോ അദ്ദേഹത്തിന്റെ അനുയായികൾക്കോ താല്പര്യമില്ലായിരുന്നു. ചരിത്രകാരനായ മാക്സ് കാംപെൽമാൻ ചൂണ്ടിക്കാണിച്ചതുപോലെ, അമേരിക്കയുടെ യുദ്ധശ്രമങ്ങളെ തടസ്സപ്പെടുത്തുകയോ മന്ദഗതിയിലാക്കുകയോ ചെയ്യുക എന്നതായിരുന്നു അന്ന് കമ്മ്യൂണിസ്റ്റുകളുടെ ലക്ഷ്യം; അതിനുള്ള ഒരു വഴിയായിരുന്നു ഇത്തരം പണിമുടക്കുകൾ. ഒരു ഫാക്ടറിയിൽ, അവിടെയുള്ള ടെലിഫോൺ ഉപയോഗിക്കാൻ ആർക്കൊക്കെ അനുവാദമുണ്ട് എന്ന തർക്കത്തെത്തുടർന്ന് ഫോർമാൻമാർ ഒരു ദിവസം പണിമുടക്കുകയുണ്ടായി.
ഇത്തരം തടസ്സങ്ങൾക്കിടയിലും അമേരിക്കൻ വ്യവസായങ്ങളുടെ മൊത്തത്തിലുള്ള ഉൽപ്പാദനക്ഷമത വർദ്ധിച്ചുകൊണ്ടിരുന്നു. ഇത് ആ സംവിധാനത്തിന്റെ കരുത്താണ് കാണിക്കുന്നത്
. അതേസമയം, യുദ്ധം വലിയൊരു സാമൂഹിക മാറ്റത്തിനും കാരണമായി; മുമ്പെങ്ങുമില്ലാത്തവിധം സ്ത്രീകൾ വ്യവസായ മേഖലയിലേക്ക് ജോലിക്കായി എത്തിത്തുടങ്ങി. തുടക്കത്തിൽ അവരുടെ കഴിവിനെ പലരും കുറച്ചു കണ്ടിരുന്നെങ്കിലും, കൃത്യത ആവശ്യമുള്ള നിർമ്മാണ ജോലികളിൽ സ്ത്രീകൾ മികച്ചവരാണെന്ന് അവർ തെളിയിച്ചു. യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത്, ദശലക്ഷക്കണക്കിന് സ്ത്രീകൾ ഫാക്ടറികളിലും കപ്പൽശാലകളിലും അസംബ്ലി ലൈനുകളിലും ജോലി ചെയ്തിരുന്നു. ഉൽപ്പാദനം കുറയാതെ നിലനിർത്തുന്നതിൽ അവർ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി. മാധ്യമങ്ങളും രാജ്യവും അവരെ ഹീറോകളായി പരിഗണിക്കുകയും, “റോസി ദ റിവിറ്റർ” (Rosie the Riveter) എന്ന പേരിൽ അവരെ ആദരിക്കുകയും ചെയ്തു.
അമേരിക്കയെ ശരിക്കും വ്യത്യസ്തമാക്കിയത് അവിടുത്തെ സാമ്പത്തിക ഘടനയായിരുന്നു. നാസി ജർമ്മനിയിൽ, ആൽബർട്ട് സ്പീർ എന്ന ഉദ്യോഗസ്ഥൻ ഉല്പാദനം മുഴുവൻ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു. വിഭവങ്ങളും തൊഴിലാളികളും ഫാക്ടറികളും എങ്ങനെ പ്രവർത്തിക്കണമെന്ന് മുകളിൽ നിന്ന് തീരുമാനിക്കുന്ന രീതിയായിരുന്നു ഇത്. ഈ രീതി ചില നേട്ടങ്ങൾ ഉണ്ടാക്കിയെങ്കിലും, ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും മാറ്റമില്ലാത്ത പദ്ധതികളും ഇതിന് തടസ്സമായി. ജർമ്മൻ ഫാക്ടറികൾ സാധനങ്ങളുടെ എണ്ണത്തേക്കാൾ കൂടുതൽ അവയുടെ കൃത്യതയ്ക്കും പൂർണ്ണതയ്ക്കുമാണ് പ്രാധാന്യം നൽകിയത്, ഇത് ഉല്പാദനത്തിന്റെ വേഗത കുറച്ചു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, അമേരിക്കൻ രീതി കൂടുതൽ സാധനങ്ങൾ വേഗത്തിൽ നിർമ്മിക്കുന്നതിനും, സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതിനും, നിരന്തരമായ മെച്ചപ്പെടുത്തലുകൾക്കുമാണ് മുൻഗണന നൽകിയത്.
“The government can’t do it all. The more people we can get into this program by offering incentives instead of threats, the more brains we can get into it, the better chance it will have to succeed.” – Bill Knudsen to Roosevelt.
നഡ്‌സന്റെ രീതി അനുസരിച്ച്, കാര്യങ്ങൾ നിയന്ത്രിക്കുന്നതിനേക്കാൾ അവ എളുപ്പമാക്കിക്കൊടുക്കുക എന്നതായിരുന്നു സർക്കാരിന്റെ പ്രധാന ചുമതല. ഇതിനായി സർക്കാർ ചില നയങ്ങളിൽ മാറ്റം വരുത്തി. വ്യവസായങ്ങളിൽ പണം നിക്ഷേപിക്കുന്നവർക്ക് ലാഭകരമായ കരാറുകൾ ഉറപ്പാക്കുകയും, നിക്ഷേപിച്ച പണം വേഗത്തിൽ തിരിച്ചുപിടിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ഇതോടെ ബിസിനസ്സുകൾ കൂടുതൽ റിസ്ക് എടുക്കാനും അവരുടെ ഉല്പാദനശേഷി വർദ്ധിപ്പിക്കാനും തയ്യാറായി. ഓരോ ഫാക്ടറിയും എന്ത് നിർമ്മിക്കണമെന്ന് കൃത്യമായി ആജ്ഞാപിക്കുന്നതിന് പകരം, സർക്കാർ പൊതുവായ ചില ലക്ഷ്യങ്ങൾ നിശ്ചയിച്ചു നൽകി. അത് എങ്ങനെ മികച്ച രീതിയിൽ നേടിയെടുക്കാം എന്ന് കമ്പനികൾ തന്നെ തീരുമാനിച്ചു. ഇത് കമ്പനികൾക്കിടയിൽ ഒരു മത്സരബുദ്ധി വളർത്തുകയും, പുതിയ ആശയങ്ങൾ ഉദിക്കാൻ സഹായിക്കുകയും ചെയ്തു. തന്മൂലം ഉല്പാദനത്തിനിടയിൽ ഉണ്ടാകുന്ന തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കാനും അവർക്ക് സാധിച്ചു. 1944 അവസാനിക്കുന്നതിന് മുമ്പ് തന്നെ, ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്ന് ഉല്പാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ യുദ്ധസാമഗ്രികൾ അമേരിക്ക ഒറ്റയ്ക്ക് നിർമ്മിക്കുന്നുണ്ടായിരുന്നു.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, യുദ്ധത്തിനിടയിലും സാധാരണ ജനങ്ങൾക്ക് വേണ്ട സാധനങ്ങൾ നിർമ്മിക്കുന്നത് അമേരിക്ക നഡ്‌സന്റെ അശയത്തിനനുസരിച്ചു തുടർന്നുവെന്നതാണ്. സാധാരണ ജനങ്ങളുടെ സാമ്പത്തികാവസ്ഥ ശക്തമായി നിലനിർത്തുക എന്നതിന്റെ പ്രാധാന്യം പലപ്പോഴും യുദ്ധവകുപ്പിലെ (War Department) ഉദ്യോഗസ്ഥർക്ക് മനസ്സിലായിരുന്നില്ല. പരസ്യങ്ങൾക്കും മറ്റുമായി ധാരാളം കടലാസ് ഉപയോഗിക്കുന്നതിനെ അവർ എതിർത്തപ്പോൾ, നഡ്‌സൺ അതിനൊരു മറുപടി നൽകി: ഇത്തരം പരസ്യങ്ങൾ വഴിയാണ് ഒരു പ്രതിരോധ തൊഴിലാളിക്ക് താമസിക്കാൻ ഒരു വീട് കണ്ടെത്താനോ, ഒരു പട്ടാളക്കാരന്റെ ഭാര്യയ്ക്ക് കുറഞ്ഞ വിലയിൽ വസ്ത്രങ്ങളോ ചെരിപ്പോ വാങ്ങാനോ സാധിക്കുന്നത്. അതുപോലെ, സൈനിക ആവശ്യങ്ങൾക്കുള്ള കൃത്രിമ റബ്ബർ നിർമ്മാണത്തിന് മാത്രം പണം നൽകിയാൽ മതിയെന്ന് സൈന്യം വാശിപിടിച്ചപ്പോൾ കാറുകൾക്കും ബസുകൾക്കും ട്രക്കുകൾക്കും ടയറുകൾ ഇല്ലെങ്കിൽ ഈ തൊഴിലാളികൾ ആരും ജോലിക്ക് എത്തില്ലെന്ന് അദ്ദേഹം അവർക്ക് വിവരിച്ചുകൊടുത്തു. സർക്കാർ ഉദ്യോഗസ്ഥർക്കും സൈന്യത്തിലുള്ളവർക്കും സാമ്പത്തികശാസ്ത്രത്തിലെ ഇത്തരം അടിസ്ഥാന കാര്യങ്ങൾ പറഞ്ഞുകൊടുക്കുക എന്നത് അത്ര എളുപ്പമുള്ള പണിയായിരുന്നില്ല.
മറ്റുള്ള രാജ്യങ്ങൾ അവരുടെ സമ്പദ്‌വ്യവസ്ഥ മുഴുവനും യുദ്ധത്തിനായി മാറ്റിവെച്ചപ്പോൾ, അമേരിക്ക തങ്ങളുടെ ജനങ്ങളുടെ ജീവിതനിലവാരം താഴാതെ നോക്കി. റേഷനിംഗ് (നിയന്ത്രണങ്ങൾ) നിലനിന്നിരുന്നെങ്കിലും, യുദ്ധത്തിന് മുമ്പത്തേക്കാൾ കൂടുതൽ ഭക്ഷണവും ഇന്ധനവും മറ്റു സാധനങ്ങളും അമേരിക്കക്കാർ ഉപയോഗിച്ചിരുന്നു. യുദ്ധാവശ്യങ്ങൾക്കൊപ്പം ഈ സന്തുലിതാവസ്ഥ നിലനിർത്തുന്നത് അത്യന്താപേക്ഷിതമായിരുന്നു എന്തെന്നാൽ ഇത് ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക മാത്രമല്ല, വ്യവസായ മേഖലയെ താങ്ങിനിർത്തുന്ന സാമ്പത്തിക വ്യവസ്ഥയ്ക്ക് കരുത്തേകുകയും ചെയ്തു. തൊഴിലാളികൾക്ക് മികച്ച രീതിയിൽ ജോലി ചെയ്യാൻ വാഹനങ്ങളും വീടും നിത്യോപയോഗ സാധനങ്ങളും ആവശ്യമായിരുന്നു, ആ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലാണ് സാമ്പത്തിക വ്യവസ്ഥ മുന്നോട്ട് പോയത്.
നേരെമറിച്ച്, യുദ്ധത്തിനായുള്ള അമിത പരിശ്രമങ്ങൾ യൂറോപ്പിനെ തകർത്തു തരിപ്പണമാക്കിയിരുന്നു. സഖ്യകക്ഷികളുടെ ബോംബാക്രമണം കൊണ്ട് മാത്രമല്ല ഇത് സംഭവിച്ചത്. നാസി ഉല്പാദന മേധാവിയായിരുന്ന ആൽബർട്ട് സ്പീർ, താൻ വാഗ്ദാനം ചെയ്തതുപോലെ ആയുധ ഉല്പാദനം ഏകദേശം ഇരട്ടിയായി വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇതിനായി ജർമ്മനിയെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളെയും അദ്ദേഹം ഒരു വലിയ അടിമപ്പണി കേന്ദ്രമാക്കി മാറ്റി. ഓഷ്വിറ്റ്സ് (Auschwitz), ട്രെബ്ലിങ്ക (Treblinka) തുടങ്ങിയ തടങ്കൽ പാളയങ്ങളിലെ അന്തേവാസികളുൾപ്പെടെ ഏകദേശം 1.7 കോടി വിദേശ തൊഴിലാളികളെയാണ് അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി അടമകളെപ്പോലെ ഇതിനായി ഉപയോഗിച്ചത്. ഇത് അവിടുത്തെ സാധാരണ സാമ്പത്തിക ജീവിതത്തെ പൂർണ്ണമായും ഇല്ലാതാക്കി. ബ്രിട്ടന്റെ യുദ്ധ തയ്യാറെടുപ്പുകൾ അവരുടെ ദേശീയ സമ്പത്തിന്റെ നാലിലൊന്ന് നശിപ്പിച്ചു. അമേരിക്കയുടെ ‘ലെൻഡ്-ലീസ്’ (Lend-Lease) സഹായമില്ലായിരുന്നെങ്കിൽ റഷ്യയുടെ നിലനിൽപ്പ് തന്നെ അസാധ്യമാകുമായിരുന്നു. അമേരിക്ക നൽകിയ ഈ സഹായമാണ് അവിടുത്തെ സാധാരണക്കാർക്കും സൈനികർക്കും ഭക്ഷണവും വസ്ത്രവും നൽകിയത്.
“It is not from the benevolence of the butcher, the brewer, or the baker that we expect our dinner, but from their regard to their own self-interest. We address ourselves not to their humanity but to their self-love, and never talk to them of our own necessities, but of their advantages.” – Adam Smith
“I don’t think of the hope of reward as selfishness. Work is the prime mover of our economy, and the fuel that makes people work is profit.” -Tom Girdler (American businessman)
യുദ്ധം അവസാനിക്കാറായപ്പോഴേക്കും അമേരിക്കയുടെ ഉല്പാദനശേഷി ലോകത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ലക്ഷക്കണക്കിന് വിമാനങ്ങളും, പതിനായിരക്കണക്കിന് ടാങ്കുകളും, ദശലക്ഷക്കണക്കിന് ട്രക്കുകളും, കോടിക്കണക്കിന് വെടിക്കോപ്പുകളുമാണ് അമേരിക്ക നിർമ്മിച്ചത്. കപ്പൽ നിർമ്മാണത്തിലെ പുതിയ രീതികൾ ഉപയോഗിച്ച് അവർ ഭീമാകാരമായ ഒരു കപ്പൽപ്പട തന്നെ കെട്ടിപ്പടുത്തു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, അമേരിക്ക സ്വന്തം സൈന്യത്തിന് മാത്രമല്ല, തങ്ങളുടെ സഖ്യകക്ഷികൾക്കും ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകി എന്നതാണ്. ഇത് യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. അമേരിക്കയുടെ ഈ വ്യാവസായിക സഹായം ഇല്ലാതെ വിജയം അസാധ്യമാകുമായിരുന്നു എന്ന് ജോസഫ് സ്റ്റാലിന് പോലും സമ്മതിക്കേണ്ടി വന്നു.
“To American production, without which this war would have been lost.” – Joseph Stalin toasting to Roosevelt and Churchill when they met at Tehran.
അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത നഡ്‌സണെപ്പോലെയുള്ളവരും, സ്‌കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച കൈസറെപ്പോലെയുള്ളവരും അടങ്ങുന്ന അമേരിക്കൻ സമ്പദ്‌വ്യവസ്ഥയായിരുന്നു ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്തായി മാറിയത്. ഈ കരുത്താണ് യുദ്ധത്തിലെ വിജയത്തിന്റെ ഗതി നിശ്ചയിച്ചത്.
“People who speak disdainfully of ‘menial jobs’ probably have no idea how many millionaires and even billionaires began working in such jobs. The political left is so wedded to their assumption that people stay in their ‘class’ that it would never occur to them to check out the hard facts.” – Thomas Sowell
ചുരുക്കത്തിൽ പറഞ്ഞാൽ, യുദ്ധത്തിൽ അമേരിക്ക കൈവരിച്ച വിജയം വെറും വിഭവങ്ങളുടെയോ ആൾബലത്തിന്റെയോ മാത്രം നേട്ടമല്ല മറിച്ചു അത് സാമ്പത്തിക പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച രീതിയുടെ കൂടെ വിജയമായിരുന്നു. ദേശീയ ലക്ഷ്യങ്ങളുമായി ചേർന്നുപോകുമ്പോൾ, സ്വതന്ത്ര വിപണിയിൽ അധിഷ്ഠിതമായ ക്യാപിറ്റലിസത്തിന് (free-market capitalism) കേന്ദ്രീകൃത നിയന്ത്രണ സംവിധാനങ്ങളേക്കാൾ വലിയ ഉല്പാദനക്ഷമത കൈവരിക്കാൻ കഴിയുമെന്ന് നഡ്‌സന്റെ കാഴ്ചപ്പാട് തെളിയിച്ചു. ലാഭവിഹിതം, മത്സരം, പ്രാദേശികമായ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയിലൂന്നി പ്രവർത്തിച്ചതിലൂടെ അതിവേഗം മാറ്റങ്ങൾ ഉൾക്കൊള്ളാനും വൻതോതിൽ ഉല്പാദനം നടത്താനും കഴിയുന്ന ഒരു വ്യവസ്ഥിതി അമേരിക്ക കെട്ടിപ്പടുത്തു. വ്യക്തികൾക്കും കമ്പനികൾക്കും പുതിയ പരീക്ഷണങ്ങൾ നടത്താനും അവസരങ്ങൾ പ്രയോജനപ്പെടുത്താനും സ്വാതന്ത്ര്യം നൽകുമ്പോൾ നവീകരണങ്ങൾ ഉണ്ടാകുമെന്ന് ഇത് കാണിച്ചു തരുന്നു.
ഈ പാഠം യുദ്ധകാലത്തിന് അപ്പുറത്തേക്കും പ്രസക്തമാണ്. കേന്ദ്രീകൃതമായ നിയന്ത്രണങ്ങളില്ലാതെ തന്നെ സങ്കീർണ്ണമായ സംവിധാനങ്ങൾ സ്വയം ക്രമീകരിക്കപ്പെടുന്ന “സ്പോണ്ടേനിയസ് ഓർഡർ” (spontaneous order) എന്ന ആശയം അമേരിക്കയുടെ ഈ വ്യവസായ മുന്നേറ്റത്തിൽ വ്യക്തമായി കാണാം. ഇത്തരം സ്വാതന്ത്ര്യം അരാജകത്വത്തിന് പകരം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള വലിയൊരു ഏകോപനമാണ് ഉണ്ടാക്കിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ വിപണിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥ ഒരു ബാധ്യതയല്ല, മറിച്ച് അതൊരു വലിയ നേട്ടമാണെന്ന് തെളിയിക്കപ്പെട്ട ഒരു വലിയ ഉദാഹരണമാണ് നാം കണ്ടത്.
Reference: Freedom’s Forge- Arthur Herman
Rakesh Unnikrishnan
![]()

