സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ 33 ദിവസം നീണ്ട ഐതിഹാസിക സമരം പിന്‍വലിച്ചത് ഏറ്റവുംകുറഞ്ഞ ശമ്പളം 20000 ആക്കാമെന്ന് (അതായത് മിനിമംവേതനം ദിവസം 650 രൂപ) മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍(20.7.17) തീരുമാനമായതിനെ തുടര്‍ന്നാണ്. 6000-6500 രൂപ ‘മാസശമ്പള’ത്തില്‍ ജോലി ചെയ്തിരുന്ന ഭൂരിപക്ഷത്തിനും ഇതൊരു വലിയ കാര്യംതന്നെയാണ്. 2016 ല്‍ സുപ്രിംകോടതി നിയമിച്ച സമിതിയുടെ നിര്‍ദ്ദേശപ്രകാരം അമ്പതില്‍ കുറഞ്ഞ കിടക്കകള്‍ ഉള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് ഏറ്റവും കുറഞ്ഞത് ഇരുപതിനായിരം രൂപ മൊത്തശമ്പളം ലഭിക്കേണ്ടതാണ്. അതാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അമ്പതിനും നൂറിനും ഇടയ്ക്ക് കിടക്കകള്‍ ഉണ്ടെങ്കില്‍ 20900 രൂപയും നൂറിനും ഇരുനൂറിനും ഇടയ്ക്കാണ് കിടക്കകളുടെ എണ്ണമെങ്കില്‍ 25500 രൂപയും ലഭിക്കേണ്ടതുണ്ട്. ഇരുനൂറിന് മുകളില്‍ കിടക്കകള്‍ ഉള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം 27800 രൂപയായാണ് സമിതി നിജപ്പെടുത്തിയിട്ടുള്ളത്.
2017 ന് മുമ്പ് നവമ്പറിന് മുമ്പ് നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഈ വര്‍ദ്ധന നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. അമ്പത് കിടക്കകളില്‍ കൂടുതല്‍ ഉള്ള ആശുപത്രികളിലെ ശമ്പളം, നഴ്‌സിംഗ് ട്രെയിനികളുടെ വേതനം, നഴ്‌സിംഗ് പരിശീലനകാലം തുടങ്ങിയ കാര്യത്തില്‍ പഠിച്ച് ശിപാര്‍ശ നടത്താന്‍ സര്‍ക്കാര്‍തല സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട ഒരു സമിതിയെ നിയമിക്കാനും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായി. ഒരു മാസത്തിനകം സമിതി ശിപാര്‍ശ സമര്‍പ്പിക്കണം. പ്രസ്തുത ശിപാര്‍ശ മിനിമംവേതന സമിതിക്ക് സര്‍ക്കാര്‍ കൈമാറും. സ്വാഭാവികമായും, സുപ്രിംകോടതി സമിതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള വേതനവര്‍ദ്ധനവ് കേരളത്തിലെ സ്വകാര്യ മേഖലയിലെ നഴ്‌സുമാര്‍ക്ക് ഉറപ്പായിക്കഴിഞ്ഞു.
2016 ജൂലൈയില്‍ രാജ്യത്തെ പരമോന്നതകോടതി നിര്‍ദ്ദേശിച്ച നിരക്കാണ് സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ സമരംവഴി നേടിയെടുത്തത്. തങ്ങളുടെ ഒത്തുതീര്‍പ്പ് സമവാക്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ തുടര്‍ന്ന നഴ്‌സുമാര്‍ക്കെതിരെ ഒരു ഘട്ടത്തില്‍ സര്‍ക്കാര്‍ പ്രത്യക്ഷത്തില്‍തന്നെ രംഗത്തുവന്നിരുന്നു. ഭരണകക്ഷി തൊഴിലാളി യൂണിയനുകള്‍ നഴ്‌സുമാരുടെ സമരപന്തലുകളില്‍ സമരത്തെ വിമര്‍ശിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു. സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ജോലിക്ക് വെച്ച് സമരം പൊളിക്കണമെന്ന് ഉത്തരവ് ഇറക്കിയ കണ്ണൂര്‍ കളക്ടറെ ഭരണകക്ഷി നേതാക്കള്‍ വരെ തള്ളിപ്പറയുന്ന സ്ഥിതിയുണ്ടായി. ആശുപത്രി മുതലാളിമാര്‍ സമരക്കാരുടെ ആവശ്യങ്ങള്‍ പരസ്യമായി തള്ളിക്കളഞ്ഞു, പ്രത്യക്ഷവും പരോക്ഷവുമായി പലതരം ഭീഷണികളുമായി ചെറുത്തുനിന്നു.
നഴ്‌സിംഗ് സേവനമാണെന്നും പനികാലത്ത് സമരംചെയ്യുന്നത് ദൈവകോപത്തിന് ഇടയാക്കുമെന്നും പരസ്യമായി ഉദ്‌ബോധിപ്പിച്ച അഭിഷിക്തരുണ്ടായിരുന്നു. വിശ്വാസചൂണ്ടയില്‍ കൊരുത്തിട്ട നഴ്‌സുമാരെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള അവസാനത്തെ അടവായിരുന്നു അത്. സുപ്രീംകോടതി സമിതിയുടെ നിരക്ക് നടപ്പിലാക്കാന്‍ കേന്ദ്ര നിയമകാര്യവകുപ്പ് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച ഒരു പ്രസ്താവന ജൂലൈ 19 ന് കേന്ദ്രമന്ത്രി നഡ്ഢ നടത്തിയതോടെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ (20.7.17)ഫലം ഏറെക്കുറെ തീര്‍ച്ചയാക്കപ്പെട്ടിരുന്നു. മഴയുംവെയിലും കൂസാതെ പലയിടത്തും ഹോസ്റ്റലുകളില്‍നിന്നും ആശുപത്രികളില്‍നിന്നും അടിച്ചിറക്കപ്പെട്ടിട്ടും ഒരു മാസത്തിലധികം പതറാതെ പടവെട്ടി നിന്ന നഴ്‌സുമാരുടെ സമരവീര്യം തന്നെയാണ് ഈ വിജയം സാധ്യമാക്കിയത്. പുതിയ വേതനവര്‍ദ്ധനവിനല്ല മറിച്ച് ഒരു വര്‍ഷത്തിന് മുമ്പുള്ള കോടതിശിപാര്‍ശ നടപ്പാക്കി കിട്ടാനാണ് ആകാശദൈവങ്ങള്‍ മുതല്‍ ആശുപത്രി-രാഷ്ട്രീയദൈവങ്ങള്‍ വരെയുള്ളവരുടെ മുന്നില്‍ അവര്‍ ഗത്യന്തരമില്ലാതെ കൈ നീട്ടിയത്. ഒരു ഘട്ടത്തില്‍, സ്വകാര്യമേഖലയിലെ നഴ്‌സുമാരുടെ മാതാപിതാക്കള്‍ പ്രത്യക്ഷ സമരപരിപാടി പ്രഖ്യാപിച്ച് പരസ്യമായി രംഗത്തെത്തി.
സമരവിജയം ദൈവത്തിന് സമര്‍പ്പിച്ച് കുറെയധികം നഴ്‌സുമാര്‍ വിജയം ആഘോഷിച്ചതില്‍ അസ്വാഭാവികതയില്ല. അതാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന മതപരിശീലനം. മെഴുകുതിരി നിര്‍മ്മിതാക്കളുടെ കച്ചവടംവര്‍ദ്ധിപ്പിച്ച് ഇത്രയുംകാലം പരിഹരിക്കാന്‍ കഴിയാതിരുന്ന ഒരു പ്രശ്‌നത്തിനാണ് 33 ദിവസത്തെ പോരാട്ടം പരിഹാരം കൊണ്ടുവന്നതെന്നും മെഴുകുതിരി കത്തിക്കലിലേക്ക് മാത്രം പരിമിതപ്പെട്ടതുകൊണ്ടാണ് ചൂഷണം ഇത്രയുംകാലം നീണ്ടതെന്നും അവര്‍ ഒരുപക്ഷെ ഒരിക്കലും മനസ്സിലാക്കണമെന്നില്ല. വിശ്വാസചൂഷണം തൊഴില്‍ചൂഷണത്തിന് മറപിടിക്കുന്ന സാഹചര്യമാണ് നഴ്‌സിംഗ് മേഖലയില്‍ നിലവിലുള്ളത്, വിശേഷിച്ചും സ്വകാര്യമേഖലയില്‍. സമരസംഘര്‍ഷത്തിന് ഒടുവില്‍ സുപ്രിംകോടതിനിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടത് തങ്ങളുടെ ഭരണനേട്ടമായി അവതരിപ്പിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകളും ഭരണപക്ഷ രാഷ്ട്രീയകക്ഷികളും നടത്തിയ നീക്കം ശ്രദ്ധേയമായി. ദിവസങ്ങള്‍ക്ക് മുമ്പുവരെ ഇപ്പോഴത്തേതിലും 2500 രൂപ കുറഞ്ഞ നിരക്കില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെടുകയും തയ്യാറാകാതിരുന്ന സമരക്കാരുടെ നിര്‍ബന്ധുദ്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തവരുടെ മനമാറ്റം അഭിനന്ദിക്കപ്പെടണം. തെരുവില്‍ സമരം ആര്‍ത്തിരമ്പുമ്പോഴും സിനിമാക്കഥകളുമായി ജനത്തെ ഒരേസമയം ഇക്കിളിയാക്കുകയും വെറുപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന മാധ്യമങ്ങള്‍ ഇക്കുറി വമ്പന്‍ അവകാശവാദമൊന്നും നടത്തിക്കണ്ടില്ല. സത്യത്തില്‍ സിനിമാക്കേസ് ലേശം തണുത്തതിന് ശേഷമാണ് അവര്‍ക്ക് ഇതൊക്കെ ശ്രദ്ധിക്കാന്‍ സമയംകിട്ടിയത് തന്നെ!
സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കുന്നതുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കോ ആശുപത്രിമുതലാളിമാര്‍ക്കോ നഷ്ടപെടാന്‍ കാര്യമായൊന്നുമില്ല. എല്ലാത്തരത്തിലും അവര്‍ക്ക് അതുകൊണ്ട് നേട്ടമേ ഉണ്ടാകൂ. ജനാധിപത്യസമൂഹത്തില്‍ എല്ലാത്തരം ആനുകൂല്യങ്ങളും ആത്യന്തികമായി പൊതുസമൂഹത്തിന്റെ ചെലവിലാണ് നടപ്പിലാക്കപ്പെടുക. എല്ലാ വേതനവര്‍ദ്ധന തേങ്ങകളും അടിച്ച് പൊട്ടിക്കുന്നത് പൊതുജനത്തിന്റെ മണ്ടയ്ക്കായിരിക്കും. കൂടിയ വേതനം നല്‍കാന്‍ വേണ്ടി സ്വന്തം ലാഭം പരിമിതപ്പെടുത്താന്‍ മുതലാളിമാര്‍ തയ്യാറാകുമെന്ന് കരുതാനാവില്ല. ആശുപത്രി ചാര്‍ജുകളും ഹോസ്റ്റല്‍-വാടകനിരക്കുകളും ക്രമേണ വര്‍ദ്ധിപ്പിച്ച് അവര്‍ ഭാരം മുഴുവന്‍ പൊതുസമൂഹത്തിനും നഴ്‌സുമാര്‍ക്കും കൈമാറും. സമീപഭാവിയില്‍ നഴ്‌സിംഗ് വിദ്യാഭ്യാസച്ചെലവിലും കാര്യമായ വര്‍ദ്ധന പ്രതീക്ഷിക്കാം. ദശകങ്ങളായി അവഗണന അനുഭവിച്ചുപോന്ന ഒരു തൊഴിലാളിവിഭാഗത്തിന് കുറച്ചെങ്കിലും നീതി ലഭിച്ചല്ലോ എന്ന ചിന്ത നിരക്കുവര്‍ദ്ധന നേരിടേണ്ടിവരുന്ന പൊതുസമൂഹത്തിന് ആശ്വാസമാകേണ്ടതാണ്. അതുതന്നെയാണ് ഈ സമരത്തിന്റെ വിജയവും ബാക്കിപത്രവും. അപ്പോഴും മാഞ്ഞുപോകാത്ത ഒരു ചോദ്യമുണ്ട്: ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും തൊഴില്‍ വൈദഗ്ധ്യവും ആവശ്യമുള്ള എത്ര തൊഴിലാളിവിഭാഗങ്ങള്‍ കേരളത്തില്‍ മിനിമംവേതനം മാത്രം വാങ്ങി പണിയെടുക്കുന്നുണ്ട്?! നഴ്‌സുമാര്‍ക്ക് എന്തോ ‘ആനമുട്ട‘ നല്‍കി എന്നവകാശപ്പെടുന്നവരും വിശ്വസിക്കുന്നവരും സ്വയം ചോദിക്കേണ്ട ചോദ്യമാണിത്.
Watch this video on YouTube Channel – മാലാഖമാരുടെ വിലാപം