എന്ത് മാറ്റമാണ് ലിറ്റ്മസ് സമൂഹത്തില്‍ ഉണ്ടാക്കിയത് എന്ന് ചോദിച്ചാല്‍, അത് സ്വതന്ത്രചിന്തകരുടെ വിസിബിലിറ്റി തന്നെയാണ്. മത ശാസനകളെ ഭയന്ന് എല്ലാം അടക്കി ജീവിച്ചവര്‍ക്ക് അതില്‍നിന്ന് പുറത്തുകടക്കാന്‍ ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ നല്‍കുന്ന ഊര്‍ജം ചെറുതല്ല.
Click here to join Litmus’24
Registration Litmus '24
മനം നിറഞ്ഞ് ലിറ്റ്മസ്
നിങ്ങള്‍ക്ക് എപ്പോഴെങ്കിലും, ഇനി മരിച്ചാലും കുഴപ്പമില്ല എന്ന രീതിയില്‍ സന്തോഷം ഉണ്ടായിട്ടുണ്ടോ? ഒരു തുള്ളി മദ്യംപോലും കഴിക്കാതെ മസ്തിഷ്‌ക്കം ആനന്ദത്താല്‍ അര്‍മാദിച്ച നിമിഷം! എനിക്ക് അങ്ങനെ ഒരു ഡോപ്പുമിന്‍ ബോംബിങ്ങ് നടന്ന സമയമായിരുന്നു 2018-ലെ ലിറ്റ്മസ്. കാരണം അതൊരു അപ്രതീക്ഷിത ചരിത്ര വിജയമായിരുന്നു. നിശാഗന്ധിയുടെ മൂന്‍ഭാഗം മാത്രം ഉപയോഗിക്കാം, കസേരകള്‍ അകത്തിയിട്ട് അഡ്ജസ്റ്റ് ചെയ്യാം എന്നൊക്കെ ആദ്യഘട്ടത്തില്‍ കരുതിയ പരിപാടിയിലേക്കാണ്, പൂരംപോല്‍ പരുഷാരമെത്തിയത്. (57-ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ജയിപ്പിക്കാനായി ഡല്‍ഹിയില്‍നിന്ന് ഓടിവന്ന് വോട്ട് ചെയ്തതിനെകുറിച്ചും, അന്നുണ്ടായ ആനന്ദത്തെക്കുറിച്ചും ഒ വി വിജയന്‍ ‘ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മക്ക്’ എന്ന് പറഞ്ഞ് എഴുതിയിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കും ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയാണ് 2018-ലെ ലിറ്റ്മസ്. കേരളത്തിലും മാറ്റങ്ങള്‍ സാധ്യമാണ് എന്നതിന്റെ ലിറ്റ്മസ് ടെസ്റ്റായിരുന്നു അത്. എന്റെ ജീവിതത്തില്‍ സാക്ഷിയായ ഒരു നിശബ്ദ വിപ്ലവം)
അതുവരെ അടച്ചിട്ടമുറിയില്‍ അഞ്ചാറുപേര്‍ എന്ന രീതിയില്‍ പരിഹസിക്കപ്പെടുന്നതായിരുന്നു, നാസ്തിക മലയാളത്തിന്റെ ആള്‍ക്കൂട്ട ചരിത്രം. യുക്തിവാദികള്‍ എന്നാല്‍ സിംഹവാലന്‍ കുരങ്ങുകളേപ്പോലെ, പത്തും പതിനഞ്ചും പേര്‍ മാത്രമാണെന്ന് രാഹുല്‍ ഈശ്വര്‍ പരസ്യമായി ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ കാലം. (കൗമാരകാലത്തുതന്നെ യുക്തിവാദ പ്രവര്‍ത്തകനായ ഞാനൊക്കെ പരിഹസിക്കപ്പെട്ടതിന് കൈയും കണക്കുമില്ല. മദ്യനിരോധന സമിതി, ഗാന്ധിയന്‍മ്മാര്‍, യുക്തിവാദികള്‍ ഇവയൊക്കെ ആകെ പത്തു നരച്ചതലകള്‍ പങ്കെടുക്കുന്ന, ക്ലോസറ്റിലെ വെള്ളംപോലെ ഒരിക്കലും കൂടാത്ത ഒരു വിഭാഗമാണെന്നായിരുന്നു പരിഹാസം. അയ്യന്‍കാളി പത്ത് ബി എക്കാരെ കണ്ട് മരിച്ചാല്‍ മതി എന്ന് പറഞ്ഞപോലെയായിരുന്നു, ഞങ്ങളുടെ മോഹങ്ങള്‍)
അവിടെയാണ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയം നിറയുന്ന രീതിയില്‍, ആളുകള്‍ അടിച്ചുകയറി എത്തിയത്. ആ പരിപാടി കഴിഞ്ഞതോടെ ഞാന്‍ സി രവിചന്ദ്രന്‍ മാഷിനോട് പറഞ്ഞു. ‘ഇനി എനിക്ക് മരിച്ചാലും കഴുപ്പമില്ലെന്ന്’. അന്ന് ആര്‍ സി ചിരിച്ചുകൊണ്ട് എന്റെ കൈ പിടിച്ച് പറഞ്ഞു, ‘മരണമൊക്കെ അവിടെ നില്‍ക്കട്ടെ, ഇനിയും, എന്തെല്ലാം പരിപാടികള്‍ നടത്താനുണ്ട്’.
ഇനി ആളെ കയറ്റരുത്!
വിശ്വാസികള്‍ പറയുന്നതുപോലെ, ‘ആ നാക്ക് പൊന്നായി’. തൊട്ടടുത്ത വര്‍ഷം, അതായത് 2019-ല്‍ കോഴിക്കോട് സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍, ആള്‍ക്കൂട്ടം ഇരച്ചുകയറിവന്നതിനെ തുടര്‍ന്ന് ലിറ്റ്മസ് രജിസ്‌ട്രേഷന്‍ നിര്‍ത്തിവെക്കേണ്ടി വന്നു! കേരളത്തിലെന്നല്ല, ഇന്ത്യയിലെന്നല്ല, ലോക ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കണം, ഒരു സ്വതന്ത്രചിന്താ പരിപാടി, ആളുകള്‍ അധികമായതിന്റെ പേരില്‍ ഷട്ടര്‍ ഇടേണ്ടി വരുന്നത്. പണ്ട് കോഴിക്കോട് ബീച്ചില്‍ പെരുന്നാള്‍ രാവിലൊക്കെ ‘ഐസൊരതി’ എന്ന് വിളിക്കുന്ന സാക്രീന്‍ ചേര്‍ത്ത ഐസ് തിന്നാന്‍ ജനം തിരക്കുന്നത് കണ്ട് ഞാന്‍ അന്തം വിട്ടിരുന്നു. അതുപോലെ ലിറ്റ്മസ് കോഴിക്കോട്ട് ക്യൂ നിന്ന് കഴിക്കേണ്ട മധുരക്കട്ടയായി. അന്ന് രാവിലെ ഒരു പത്തരമണിയോടെ, ഇനിയും ആളുകള്‍ വന്നാല്‍ ഹാളില്‍ പ്രശ്‌നമാവുമെന്നും ഉടന്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തണമെന്നും ഫയര്‍ഫോഴ്‌സുകാര്‍ വന്ന് പറഞ്ഞപ്പോഴുള്ള അമ്പരപ്പ് മറക്കാനാവില്ല. കോവിഡ് കാരണം 2020ലും 21ലും ലിറ്റ്മസ് നടന്നില്ല.
Click here to join Litmus’24
Registration Litmus '24
മധുര പ്രതികാരം
2022-ല്‍ കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ലിറ്റ്മസിനെ ‘ഓള്‍ ടൈം ബെസ്റ്റ്’ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. അത്രക്ക് ഭംഗിയായും, പ്രൊഫഷണലായും നടത്തിയ പരിപാടിയായിരുന്നു അത്. വലിയ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടക്കുമ്പോള്‍ പോലും, നിറയാത്ത കടവന്ത്ര രാജീവഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഗ്യാലറികള്‍ ജനങ്ങളെകൊണ്ട് നിറഞ്ഞു കവിഞ്ഞു.
ഇന്ത്യന്‍ എക്പ്രസും, ഹിന്ദുവും, ടൈംസ് ഓഫ് ഇന്ത്യയും അടക്കമുള്ള ദേശീയമാധ്യമങ്ങള്‍പോലും ആ ലിറ്റ്മസിന് നല്ല കവറേജ് കൊടുത്തു. ഒപ്പം മലയാള പത്രങ്ങളും. അല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത ശക്തിയായി ലിറ്റ്മസ് വളര്‍ന്നു. നാലുഭാഗത്തെ ഗ്യാലറികളും ജനം നിറഞ്ഞുനിന്നത് കണ്ട് മാതൃഭൂമി ഫോട്ടോഗ്രാഫര്‍, ‘ഇത്രയും ആളുകള്‍ ഉണ്ടാകുമെന്ന് കരുതിയില്ല’ എന്ന് അതിശയത്തോടെ പറഞ്ഞത്, എം ടി എഴുതിയതുപോലെ ‘മന്ദഹാസത്തിന്റെ പകല്‍പ്പൂരമായി’ ഇന്നും മനസില്‍ നില്‍ക്കുന്നു. പരിപാടിയിലെ ഒരു പാനല്‍ ഡിബേറ്റില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഈശ്വറിനോട്, ഈ നിറഞ്ഞുകവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി, ‘ഇപ്പോള്‍ കേരളത്തില്‍ എത്ര സിംഹവാലന്‍ കുരങ്ങുകള്‍ ഉണ്ടെന്ന് ചോദിച്ച്’, ആരിഫ് ഹുസൈന്‍ തെരുവത്ത് കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിച്ചതും ഒരു ‘മധുര പ്രതികാരം’.
2023-ല്‍ ലിറ്റ്മസ് തിരുവനന്തപുരം നിശാഗന്ധിയില്‍ തിരിച്ചെത്തുമ്പോള്‍, ആ വേദി തികയില്ലെന്ന് ഞങ്ങള്‍ക്കൊക്കെ ഉറപ്പായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് കേരളത്തില്‍ സ്വതന്ത്രചിന്ത അത്രമേല്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. ഇപ്പോള്‍ ലിറ്റ്മസിനെ ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ വലിയ ഓഡിറ്റോറിയം കിട്ടാനായി പ്രയാസം. പക്ഷേ അമ്പരപ്പിച്ചത് അതായിരുന്നില്ല, രാവിലെ 8 മണിക്കുതന്നെ, അതായത് പരിപാടിക്ക് ഒരു മണിക്കൂര്‍ മുമ്പുതന്നെ നിശാഗന്ധി നിറഞ്ഞു. വൈകീട്ട് 7 മണിക്ക് പരിപാടി അവസാനിക്കുന്നതുവരെ ആ ക്രൗഡ് ഏറെക്കുറെ മാറ്റമില്ലാതെ തുടര്‍ന്നു. ലിറ്റ്മസ് കഴിഞ്ഞിട്ടും ചാനലുകളില്‍ ചര്‍ച്ച തുടര്‍ന്നു. സംവാദത്തില്‍ പങ്കെടുത്ത സിപിഎം നേതാവ് അനില്‍കുമാറിന്റെ മലപ്പുറം തട്ടം പരാമര്‍ശം വിവാദമായിരുന്ന കാരണം. മഴ തോര്‍ന്നിട്ടും മരം പെയ്തുകൊണ്ടിരിക്കുന്നു!
ഇപ്പോള്‍ വീണ്ടും ലിറ്റ്മസ് കോഴിക്കോട് എത്തുമ്പോള്‍, അതിന് മറികടക്കാനുള്ളത് സ്വന്തം റെക്കാര്‍ഡുകള്‍ തന്നെയാണ്.
എന്ത് മാറ്റമാണ് ലിറ്റ്മസ് സമൂഹത്തില്‍ ഉണ്ടാക്കിയത് എന്ന് ചോദിച്ചാല്‍, അത് സ്വതന്ത്രചിന്തകരുടെ വിസിബിലിറ്റി തന്നെയാണ്. മത ശാസനകളെ ഭയന്ന് എല്ലാം അടക്കി ജീവിച്ചവര്‍ക്ക് അതില്‍നിന്ന് പുറത്തുകടക്കാന്‍ ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ നല്‍കുന്ന ഊര്‍ജം ചെറുതല്ല.
ലിറ്റ്മസ് വിശേഷങ്ങൾ പരസ്യവേദിയിൽ
ഈ ലിറ്റ്മസിന്റെ പ്രമോഷനായി, കോഴിക്കോട് കടപ്പുറത്ത് പരസ്യമായി വിശ്വാസികളുമായി സംവാദം നടത്തിയും എസെന്‍സ് ഗ്ലോബല്‍ വലിയൊരു സാമൂഹിക പരീക്ഷണത്തിന് തുടക്കമിട്ടു. മതവിമര്‍ശനം തെരുവില്‍ നടത്തിയാലും ആര്‍ക്കും കാര്യമായി കുരുപൊട്ടില്ലെന്നും ബ്രയിന്‍ സര്‍ജറി എന്ന് പേരിട്ട ആ പരിപാടി തെളിയിക്കുന്നു. ജന ഗണ മന എന്ന സിനിമയില്‍ പ്രൃഥീരാജിന്റെ കഥാപാത്രം പറയുന്നതുപോലെ ‘ഈ നാട് ഒരുത്തന്റെയും തന്തയുടെ വകയല്ലെന്നും’, തെരുവുകളും പൊതുഇടങ്ങളും, മതപ്രഭാഷകര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടി മാത്രമുള്ളതല്ലെന്നുമുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു അത്.
പക്ഷേ സി, രവിചന്ദ്രന്റെയും എസെന്‍സ് ഗ്ലോബലിന്റെയും ഏറ്റവും വലിയ സംഭാവന മത വിമര്‍ശനമല്ല. അതിനേക്കാള്‍ ഭീകരമായ മാര്‍ക്‌സിസം, കമ്യുണിസം, തുടങ്ങിയ സാമ്പത്തിക അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കിയെന്നതാണ്. മതാന്ധവിശ്വാസങ്ങളേക്കാള്‍ സമൂഹത്തെ പിറകോട്ട് അടുപ്പിക്കുന്നതാണ് സാമ്പത്തിക അന്ധവിശ്വാസങ്ങള്‍. ആധാര്‍കാര്‍ഡ് തൊട്ട് മൊബൈല്‍ ടവറിനെ വരെ എതിര്‍ത്ത് എഴുതിയിരുന്ന, ഒരു കടുത്ത സാമ്പത്തിക അന്ധവിശ്വാസിയായ ഞാനടക്കമുള്ള ഒരുപാട് പേരെ ശാസ്ത്രീയതയുടെ വഴിയിലേക്ക് നയിച്ച് ഈ കൂട്ടായ്മയാണ്.
അതായത് ശരിക്കും ഒരു ബ്രയിന്‍ സര്‍ജറി തന്നെയാണ് ലിറ്റ്മസ്. നിങ്ങളുടെ മസ്തിഷ്‌ക്കം ക്ലീന്‍ ചെയ്യുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
മറക്കരുത്, ഒക്‌ടോബര്‍ 12-ന് ശനിയാഴ്ച. നിങ്ങള്‍ പങ്കെടുത്തില്ലെങ്കില്‍ അത് ഒരു സാധാരണ ദിവസമായി നിങ്ങള്‍ക്ക് മുന്നിലൂടെ കടന്നുപോവും. പങ്കെടുത്താല്‍ നിങ്ങളും ചരിത്രത്തിന്റെ ഭാഗമാവും. ഓരോ ലിറ്റ്മസ് കഴിയുമ്പോഴും സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും, അറിവുകളുടെയും, ഒരു ലോഡ് സന്തോഷവുമായാണ് ഞാന്‍ മടങ്ങിയത്. ശാസ്ത്രത്തിന്റെയും സത്യത്തിന്റെയും സുഗന്ധം അറിയാന്‍ എല്ലാവര്‍ക്കും ലിറ്റ്മസിലേക്ക് സ്വാഗതം.
എം റിജു.
Click here to join Litmus’24
Registration Litmus '24