Click to Join Litmus ♥
Registration Litmus '24
“സ്വന്തം തലയും തലച്ചോറും മത-ജാതി-പാർട്ടികളുടെ വരാന്തകളിൽ പണയം വെച്ചിട്ടില്ലാത്തവർക്ക്, വസ്തുതകളുടേയും തെളിവുകളുടേയും മാനവികതയുടേയും അടിസ്ഥാനത്തിൽ മിണ്ടിപ്പറയാൻ ആഗ്രഹിക്കുന്നവർക്ക് esSENSE നെ പിന്തുണക്കാൻ ഇത്രയൊക്കെ ധാരാളമാണ്.”
എന്തുകൊണ്ട് esSENSE..?
കൈയ്യും കാലും വെട്ടാതെയും ഇന്നോവ തിരിക്കാതെയും ബോംബെറിയാതെയും ഊര് വിലക്കാതെയും പൊട്ടിത്തെറിക്കാതെയും രാഷ്ട്രീയ അയിത്തം പുലർത്താതെയും ഹർത്താല് നടത്താതെയും മലയാളിയുടെ ചിന്താമണ്ഡലത്തിൽ സ്വതന്ത്രചിന്തയുടേയും ശാസ്ത്രബോധത്തിന്റേയും കാറ്റും കോളും സൃഷ്ടിക്കാൻ ചുരുങ്ങിയ കാലത്തിനുള്ളിൽ സാധിച്ചു എന്നതാണ് എസ്സൻസിന്റെ പ്രസക്തി.
മലയാളി കണ്ട് ശീലിച്ച വൺസൈഡ് നവോത്ഥാനത്തിന്റെ പൊള്ളത്തരങ്ങളെ പൊളിച്ച് കാണിക്കാനും, മതമേലാളൻമാരുടെ താത്പര്യങ്ങൾക്കനുസരിച്ച് ചാഞ്ഞും ചെരിഞ്ഞും മുട്ടിലിഴഞ്ഞും കമഴ്ന്നടിച്ച് വീണും ചിലപ്പോഴൊക്കെ ചത്തപോലെ കിടന്നും പുരോഗമനം വിളമ്പുന്ന കപടമുഖങ്ങളെ നിർദ്ദയമായി അനാവരണം ചെയ്യാനും കാണിച്ച ആത്മാർത്ഥതയാണ് എസ്സൻസിന്റെ കൈമുതൽ.
ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ പറ്റി പറയുമ്പോൾ ചാഞ്ഞകൊമ്പിൽ മാത്രം പാഞ്ഞ് കയറി കൂകിവിളിച്ചില്ല എന്നതും,മതവിഷയങ്ങളെ സ്പർശിക്കേണ്ടി വരുമ്പോൾ മതത്തെ വെറുതെ വിട്ട് പൗരോഹിത്യത്തിന്റെ കൊങ്ങക്ക് പിടിക്കുന്ന, ‘ഗംഗ’യെ വെറുതെ വിട്ട് ‘ശ്രീദേവി’ക്ക് ചികിത്സ നടത്തുന്ന മാടമ്പള്ളി രാഷ്ട്രീയക്കാരേയും ബുദ്ധിജീവികളേയും തുറന്ന് കാണിക്കാൻ ധൈര്യം കാണിച്ചു എന്നതാണ് അതിന്റെ ഐഡന്റിറ്റി.
ഹോമിയോപ്പതി മുതൽ ആയുർവ്വേദം വരെയുള്ള, ലാടവൈദ്യം മുതൽ സോഷ്യലിസം വരെയുള്ള അശാസ്ത്രീയ ഉഡായിപ്പുകളെ വെളിച്ചത്ത് നിർത്തി എന്നതാണ് അതിന്റെ ക്രെഡിബിലിറ്റി.
പിന്നെ, ബുദ്ധിജീവികളും വിപ്ലവ സിംഹങ്ങളുമൊക്കെ തൊടാൻ മടിച്ച പ്രിവിലേജ്ഡ് മതങ്ങളായ ഇസ്ലാമിനേയും കമ്യൂണിസത്തേയും മറ്റ് നിരവധി ഡോഗ്മകൾക്കൊപ്പം തന്നെ തുറന്ന് കാണിക്കാനെടുത്ത കൈവിറയ്ക്കാത്ത സന്നദ്ധതയാണ് എസ്സൻസിനെ വേറിട്ട് നിർത്തിയത്. കൊന്നവന്റെയും കൊല്ലപ്പെട്ടവന്റെയും ജാതകവും ജനിതകവും നോക്കി മിണ്ടണോ ഉണ്ടവിഴുങ്ങിയ പോലെ ഇരിക്കണോ എന്ന കൺഫ്യൂഷൻ ഒരുകാലത്തും ഉണ്ടായില്ല എന്നതാണ് എസ്സൻസിന്റെ യുണീക്ക്നെസ്സ്.
സ്വന്തം തലയും തലച്ചോറും മത-ജാതി-പാർട്ടികളുടെ വരാന്തകളിൽ പണയം വെച്ചിട്ടില്ലാത്തവർക്ക്, വസ്തുതകളുടേയും തെളിവുകളുടേയും മാനവികതയുടേയും അടിസ്ഥാനത്തിൽ മിണ്ടിപ്പറയാൻ ആഗ്രഹിക്കുന്നവർക്ക് esSENSE നെ പിന്തുണക്കാൻ ഇത്രയൊക്കെ ധാരാളമാണ്.