“വൈദ്യശാസ്ത്രം രോഗനിർണ്ണയത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല; അതൊരു മനുഷ്യന്റെ കഥയെയും കുടുംബത്തിന്റെ വേദനകളെയും മനസ്സിലാക്കാനുള്ള കല കൂടിയാണ്. രോഗികൾ വെറും കേസ് ഷീറ്റുകളല്ല, മറിച്ച് വേദനിക്കുന്ന മനുഷ്യരാണെന്ന് ഭാവിയിലെ ഡോക്ടർമാരെ ഈ പുസ്തകം ഓർമ്മിപ്പിക്കുന്നു.”
ഡോക്ടർമാർ എഴുതിയ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന പുസ്തകങ്ങളുണ്ട്, രോഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകങ്ങളുണ്ട്, കൂടാതെ അസാധാരണമായ ക്ലിനിക്കൽ വൈഭവങ്ങളെ ചരിത്രപരമായി രേഖപ്പെടുത്തുന്ന പുസ്തകങ്ങളുമുണ്ട്. എന്നാൽ ഡോ. സിറിയക് അബ്ബി ഫിലിപ്സ് എഴുതിയ ‘The Liver Doctor: Stories of Love, Loss and Regeneration’ എന്ന പുസ്തകം ഈ വിഭാഗങ്ങളിൽ ഒന്നിന്റെ മാത്രം പരിധിയിൽ വരുന്നതല്ല. ഇതൊരു മെഡിക്കൽ സ്മരണികയോ അല്ലെങ്കിൽ കേവലം രോഗികളുടെ കഥകളുടെ സമാഹാരമോ മാത്രമല്ല. ഈ പുസ്തകം അതിന്റെ അന്തസ്സത്തയിൽ; ദുഃഖം, പശ്ചാത്താപം, ലഹരിപദാർത്ഥങ്ങളോടുള്ള ആസക്തി, രോഗശാന്തി, കൂടാതെ മറ്റുള്ളവരുടെ കഷ്ടതകളിലൂടെ നമ്മെ മുന്നോട്ട് കൊണ്ടുപോകുന്ന ആഴമേറിയതും മാനുഷികവുമായ ഒരു വൈകാരികാനുഭവമാണ്.
“ദി ലിവർ ഡോക്” എന്ന പേരിൽ അറിയപ്പെടുന്ന കരൾ രോഗ വിദഗ്ദ്ധനായ ഡോ അബ്ബി ഇന്ത്യയിൽ ശാസ്ത്രീയമായ ചികിത്സാരീതികൾക്കനുകൂലമായി ഏറ്റവും കൂടുതൽ ശബ്ദമുയർത്തുന്ന വ്യക്തികളിൽ ഒരാളാണ്. പ്രത്യേകിച്ച് കരൾ രോഗങ്ങളെക്കുറിച്ചും, ചിലതരം പച്ചമരുന്നുകൾ എങ്ങനെ കരളിലെ ദോഷകരമായി ബാധിക്കുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം നിരന്തരം തന്റെ ഗവേഷണങ്ങളെ അടിസ്ഥാനമാക്കി സംസാരിക്കുന്നു. “പ്രകൃതിദത്തം” ആയതുകൊണ്ട് മാത്രം ഒരു സാധനം സുരക്ഷിതമാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കൃത്യമായ നിയന്ത്രണങ്ങളില്ലാതെ നിർമ്മിക്കുന്ന ചില ആയുർവേദ മരുന്നുകളും പ്രതിരോധശേഷി കൂട്ടാൻ എന്ന പേരിൽ വിൽക്കുന്ന ലേഹ്യങ്ങളും മറ്റും എങ്ങനെയാണ് കരളിനെ തകരാറിലാക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കാറുണ്ട്. എങ്കിലും, ഈ പുസ്തകത്തിൽ ഒരു ശാസ്ത്രജ്ഞനോ ഡോക്ടറോ എന്നതിനപ്പുറം, തന്റെ വെള്ളക്കുപ്പായത്തിന് പിന്നിലുള്ള ഒരു സാധാരണ മനുഷ്യന്റെ മനസ്സ് തുറക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
പുസ്തകത്തിൽ പറയുന്ന ഒരു പ്രധാനപ്രമേയം, സാധാരണക്കാർ വിചാരിക്കുന്നതുപോലെ ഡോക്ടർമാർ ദിവസവും മരണം കാണുന്നത് കൊണ്ട് മാത്രം അവർക്ക് മരണത്തോട് ഒരു ഭയവുമില്ലാതാകുന്നില്ല. സത്യത്തിൽ, രോഗികളുടെ കഷ്ടപ്പാടുകൾ വീണ്ടും വീണ്ടും കാണുന്നത് അവരുടെ മനസ്സിലെ ആരുമറിയാത്ത മുറിവുകളെ കൂടുതൽ ആഴമുള്ളതാക്കുകയാണ് ചെയ്യുന്നത്. താൻ ചുമക്കുന്ന ഈ മാനസിക വിഷമങ്ങളെക്കുറിച്ച് അബ്ബി തുറന്നുതന്നെ എഴുതുന്നുണ്ട്. സങ്കടങ്ങൾക്ക് മുകളിലായി നിൽക്കുന്ന ഒരു സൂപ്പർ ഹീറോ ഡോക്ടറായിട്ടല്ല അദ്ദേഹം സ്വയം അടയാളപ്പെടുത്തുന്നത്, മറിച്ച് തനിക്ക് രക്ഷിക്കാൻ കഴിയാതെ പോയ മനുഷ്യരെ ഓർത്ത് പലതവണ തകരുകയും വീണ്ടും ജീവിക്കാൻ ശീലിക്കുകയും ചെയ്ത ഒരു സാധാരണ മനുഷ്യനായിട്ടാണ്.
തന്റെ പ്രിയപ്പെട്ട പട്ടിയായ ജൂണിപ്പറിന്റെ കഥയിലാണ് അദ്ദേഹത്തിന്റെ ഈ മാനസിക വിഷമം ഏറ്റവും വേദനയോടെ നമ്മൾ കാണുന്നത്. ഡോക്ടർമാരുടെ പല ആത്മകഥകളിലും മൃഗങ്ങൾ അവർക്ക് ആശ്വാസം നൽകുന്നവരായാണ് വരാറുള്ളത്; എന്നാൽ ഇവിടെ ജൂണിപ്പർ അദ്ദേഹത്തിന്റെ വലിയൊരു സങ്കടമായി മാറുന്നു. രോഗങ്ങൾ ചികിത്സിച്ചു ശീലിച്ച ഒരാൾക്ക്, സ്വന്തം ജീവിതത്തിലെ ഒരു നഷ്ടത്തിന് മുന്നിൽ ഒന്നും ചെയ്യാൻ കഴിയാതെ പോയപ്പോഴുള്ള നിസ്സഹായാവസ്ഥയാണത്. ഒരു വളർത്തുമൃഗത്തിന്റെ മരണത്തെക്കുറിച്ച് മാത്രമല്ല ഡോക്ടർ ഫിലിപ്സ് സങ്കടപ്പെടുന്നത്, മറിച്ച് അവൾക്ക് തന്നെ ഏറ്റവും ആവശ്യമുള്ള സമയത്ത് കൂടെയുണ്ടാകാൻ കഴിഞ്ഞില്ലല്ലോ എന്ന തിരിച്ചറിവിനെക്കുറിച്ചാണ്. തന്നെ വളർത്തിയ മനുഷ്യനിൽ നിന്നും അകന്ന്, അപരിചിതരുടെ നടുവിൽ ഒറ്റയ്ക്ക് കഴിഞ്ഞ ആ അവസാന നിമിഷങ്ങളിൽ അവൾ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക എന്ന് അദ്ദേഹം ആകുലപ്പെട്ടിരുന്നു.
ജൂണിപ്പറിന്റെ കഥയിലൂടെ ഈ പുസ്തകത്തിലെ ഏറ്റവും വലിയൊരു സത്യം അദ്ദേഹം പങ്കുവെക്കുന്നു: നിങ്ങളുടെ കുടുംബത്തോടോ പ്രിയപ്പെട്ടവരോടോ വിടപറയേണ്ട സമയം വരുമ്പോൾ, അവരോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ മാത്രമായിരിക്കും മറ്റെന്തിനേക്കാളും വലുതായി തോന്നുക. എപ്പോഴും തിരക്കുകൾക്ക് പിന്നാലെ ഓടുകയും സന്തോഷങ്ങൾ മാറ്റിവെക്കുകയും ചെയ്യുന്ന ഇന്നത്തെ കാലത്ത്, ഈ ചിന്ത നമ്മെ വല്ലാതെ ഉലയ്ക്കുന്ന ഒന്നാണ്. ആഴത്തിൽ സ്നേഹിക്കാനും, പ്രിയപ്പെട്ടവർക്ക് നമ്മെ ഏറ്റവും ആവശ്യമുള്ള സമയത്ത് അവർക്കൊപ്പം ഉണ്ടായിരിക്കാനും കഴിയുക എന്ന ലളിതമായ മനുഷ്യസഹജമായ ആഗ്രഹത്തിന് മുന്നിൽ ബാക്കിയെല്ലാം അപ്രസക്തമാണ്.
ജൂണിപ്പറിന്റെ വിയോഗം ഈ പുസ്തകത്തിൽ വീണ്ടും വീണ്ടും കടന്നുവരുന്ന മറ്റൊരു പ്രധാന വിഷയത്തിലേക്ക് കൂടി വിരൽ ചൂണ്ടുന്നുണ്ട്: ആരോഗ്യരംഗത്തെ അസമത്വത്തിന്റെ ക്രൂരത. ജീവൻ രക്ഷിക്കാനുള്ള ചികിത്സകൾ പല കുടുംബങ്ങൾക്കും താങ്ങാൻ കഴിയാത്ത, കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നത് പതിവായ ഒരു രാജ്യത്തെക്കുറിച്ചാണ് അബ്ബി എഴുതുന്നത്. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണമോ, അതോ വെന്റിലേറ്ററിലുള്ള പ്രിയപ്പെട്ട ഒരാളുടെ ജീവൻ കുറച്ചുകൂടി നീട്ടിക്കൊണ്ടുപോകാൻ നോക്കണമോ? രക്ഷപ്പെടാൻ വളരെ കുറഞ്ഞ സാധ്യത മാത്രമുള്ളപ്പോൾ, കുടുംബങ്ങൾ ജീവിതകാലം മുഴുവൻ തീർക്കാൻ കഴിയാത്ത കടക്കെണിയിലേക്ക് ചാടണോ? വൈദ്യശാസ്ത്ര രംഗം ദിവസവും അഭിമുഖീകരിക്കുന്ന, എന്നാൽ സമൂഹം പലപ്പോഴും കാണാതെ പോകുന്ന കയ്പേറിയ യാഥാർത്ഥ്യമാണിത്. രോഗം ആരെ വേണമെങ്കിലും ബാധിക്കാം പക്ഷേ, എല്ലാവർക്കും ഒരേപോലെ ചികിത്സ ഉറപ്പാക്കുന്ന കാര്യത്തിൽ നമ്മുടെ വ്യവസ്ഥിതി ഒട്ടും നീതി പുലർത്തുന്നില്ല എന്ന് അബ്ബി എഴുതുന്നു.
എങ്കിലും, തോറ്റുകൊടുക്കുന്നതിനെക്കുറിച്ചുള്ള ഒരു പുസ്തകമല്ല ഇത്. ചികിത്സ എന്നത് വെറുതെ കൈവിട്ടുകളയലല്ല എന്ന നിരീക്ഷണം ഇതിലുണ്ട്. ഡോക്ടർമാർ കേവലം രോഗം മാറ്റുന്നവർ മാത്രമല്ല, മറിച്ച് അനിശ്ചിതത്വങ്ങളിലൂടെ രോഗികളെയും അവരുടെ കുടുംബങ്ങളെയും നയിക്കുന്നവരാണെന്ന് അബ്ബി വാദിക്കുന്നു. രോഗം ഭേദമായാലും മരണം സംഭവിച്ചാലും, ആ കഠിനമായ അവസ്ഥകളിലൂടെ എങ്ങനെ കടന്നുപോകണമെന്ന് അവർ മറ്റുള്ളവരെ പഠിപ്പിക്കുന്നു. അതുപോലെതന്നെ, ഡോക്ടർമാരും ഇത്തരം സങ്കടങ്ങൾക്കൊപ്പം ജീവിക്കാൻ ശീലിക്കേണ്ടതുണ്ട്. മനസ്സ് മരവിച്ചുപോകാതെ തന്നെ ഓരോ നഷ്ടങ്ങളെയും ഉൾക്കൊള്ളാൻ അവർക്ക് കഴിയണം.
ഹരീഷിന്റെയും നളിനിയുടെയും കഥയിലൂടെ ഈ ചിന്ത ആഴത്തിലുള്ള വൈകാരിക തലത്തിലേക്ക് മാറുന്നുണ്ട്. കരൾ രോഗവും മറ്റ് അവയവങ്ങളുടെ തകരാറും കാരണം അതീവ ഗുരുതരാവസ്ഥയിലായ ഹരീഷ് മരണത്തോട് പോരാടുമ്പോൾ, വരാനിരിക്കുന്ന ആ വലിയ നഷ്ടം ഉൾക്കൊള്ളാൻ നളിനി പാടുപെടുകയായിരുന്നു. തുടർന്നുണ്ടാകുന്ന ധാർമ്മികമായ പ്രതിസന്ധി വല്ലാത്തൊരു സങ്കീർണ്ണത നിറഞ്ഞതാണ്. തങ്ങളുടെ മകൻ വേദനയറിയാതെ ശാന്തമായി ഉറങ്ങി യാത്രയാകണമെന്നും, അവന്റെ ശരീരത്തെ ഇനിയും വേദനിപ്പിക്കരുതെന്നും ഹരീഷിന്റെ മാതാപിതാക്കൾ ആഗ്രഹിച്ചു. എന്നാൽ അവനില്ലാത്ത ഒരു ഭാവിയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാതിരുന്ന നളിനി, ചികിത്സാ രംഗത്തെ നിയമങ്ങൾക്കും അപ്പുറം തികച്ചും ഹൃദയഭേദകമായ ഒരു ചോദ്യം ചോദിച്ചു: “അവന്റെ ഒരു ഓർമ്മ പോലും ഇനി എന്നോടൊപ്പം ഉണ്ടാകില്ലേ. ഡോക്ടർ, എനിക്ക് അവന്റെ ഒരു കുഞ്ഞിനെ പ്രസവിക്കാൻ വേണ്ടി അവന്റെ ബീജം എടുത്തു തരാൻ എന്തെങ്കിലും വഴി ചെയ്യാനാകുമോ?”
ഇവിടെ ആരുടെയെങ്കിലും ഭാഗം ചേരുക എന്നത് അസാധ്യമാണ്. ഇവിടെ ആരും പൂർണ്ണമായി ശരിയോ തെറ്റോ അല്ല. കാരണം, സങ്കടങ്ങൾ പലപ്പോഴും യുക്തിക്ക് നിരക്കുന്നതാവില്ല. അബ്ബി ഇതിൽ ആരെയും കുറ്റപ്പെടുത്താനോ ഉപദേശിക്കാനോ മുതിരുന്നില്ല. അതിനുപകരം, ആ സങ്കടങ്ങളുടെ വൈകാരികമായ വശങ്ങളെ വളരെ കരുണയോടെ അദ്ദേഹം കാണിച്ചുതരുന്നു. “കാരണം, സ്നേഹിക്കപ്പെട്ടു മരിക്കുക എന്നത് വളരെ മനോഹരമായ ഒരു കാര്യമാണ്” എന്ന ഒരു ചിന്തയോടെയാണ് ആ അധ്യായം അവസാനിക്കുന്നത്.
ഹരീഷിന്റെയും നളിനിയുടെയും കഥയിലൂടെ, ഡോക്ടർമാർ അനുഭവിക്കുന്ന മാനസികമായ സമ്മർദ്ദങ്ങളെക്കുറിച്ച് വളരെ വലിയൊരു തിരിച്ചറിവ് ഈ പുസ്തകം നൽകുന്നുണ്ട്. തനിക്കുള്ള ഒരു “പ്രത്യേക ശീലത്തെക്കുറിച്ച്” അബ്ബി പറയുന്നു. രോഗികൾ അതീവ ഗുരുതരാവസ്ഥയിലാകുമ്പോൾ, അദ്ദേഹം സ്വയം അവരുടെ സ്ഥാനത്ത് സങ്കൽപ്പിക്കും. അല്ലെങ്കിൽ തന്റെ ഭാര്യയും മക്കളും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നത് ഓർക്കും. താൻ പെട്ടെന്ന് ഇല്ലാതായാൽ എന്ത് സംഭവിക്കും? ആ സങ്കടം തന്റെ പ്രിയപ്പെട്ടവരെ എങ്ങനെ ബാധിക്കും? ഇങ്ങനെയുള്ള ചിന്തകൾ അദ്ദേഹത്തിന്റെ ബലഹീനതയല്ല കാണിക്കുന്നത്; മറിച്ച്, മറ്റുള്ളവരുടെ വേദന അത്രമേൽ തീവ്രമായി സ്വന്തം മനസ്സിലേക്ക് ഏറ്റെടുക്കുന്നതു കൊണ്ടാണ്.
ഈ പുസ്തകത്തിലെ ഒരു ഭാഗത്ത് അബ്ബി ഇങ്ങനെ എഴുതുന്നു: പല അവയവങ്ങളും തകരാറിലായ, അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു സിറോസിസ് രോഗിയെ സംബന്ധിച്ചിടത്തോളം, അവിടെ വൈദ്യശാസ്ത്രത്തിന്റെ പങ്ക് അവസാനിക്കുകയും മാനുഷികതയുടെ ധർമ്മം ആരംഭിക്കുകയും ചെയ്യുന്നു. ആ നിമിഷം ഡോക്ടർമാർ തങ്ങളുടെ വെള്ളക്കുപ്പായങ്ങൾ അഴിച്ചുവെച്ച്, രോഗികളുടെ കുടുംബത്തിന്റെ സ്ഥാനത്തുനിന്ന് ചിന്തിക്കാൻ തുടങ്ങണമെന്ന് അദ്ദേഹം പറയുന്നു. അവിടെ ചികിത്സയേക്കാൾ പ്രാധാന്യം രോഗിക്കൊപ്പം നിൽക്കുന്നതിനും, കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നതിനും, അവർക്ക് ആശ്വാസം നൽകുന്നതിനുമാണ്. വൈദ്യശാസ്ത്രത്തിന് എപ്പോഴും രോഗം ഭേദമാക്കാൻ കഴിഞ്ഞെന്നു വരില്ല, പക്ഷേ സഹാനുഭൂതിയോടെയുള്ള ഇടപെടലുകൾക്ക് ആ വേദനയ്ക്കിടയിലും മനസ്സിലെ മുറിവിനെ സുഖപ്പെടുത്താൻ കഴിയും.
ജീവിതം സാധാരണ നിലയിൽ നിന്ന് വൻ ദുരന്തത്തിലേക്ക് മാറാൻ നിമിഷങ്ങൾ മതിയെന്ന് അബ്ബി പറയുന്നു. അതുകൊണ്ടുതന്നെ, നമ്മൾ സ്വപ്നം കാണുന്ന നാളെയേക്കാൾ വളരെ പ്രധാനപ്പെട്ടതാണ് ഇന്നത്തെ ഈ നിമിഷം. കുറെക്കാലമായി മാറ്റിവെച്ച സംഭാഷണങ്ങൾ നടത്താനും, ആരെങ്കിലും ഒരാളെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യാനും, പോകാൻ ആഗ്രഹിച്ച യാത്രകൾ നടത്താനും, പിണക്കങ്ങൾ പറഞ്ഞു തീർക്കാനുമെല്ലാം ഇന്നുതന്നെ സമയം കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
പുസ്തകത്തിന്റെ വൈകാരികമായ കേന്ദ്രബിന്ദു കിടക്കുന്നത് ലഹരിയോടുള്ള അടിമത്തത്തെക്കുറിച്ച് പറയുന്നിടത്തായിരിക്കാം. നോബിൻ എന്ന രോഗിയുടെ കഥയിലൂടെ, മദ്യപാനത്തെക്കുറിച്ചുള്ള നമ്മുടെ ലളിതമായ ധാരണകളെ അബ്ബി തിരുത്തുന്നുണ്ട്. മദ്യപാനം പൂർണ്ണമായി നിർത്തിയതിനു ശേഷം നോബിൻ തന്റെ ജീവിതം തിരിച്ചുപിടിച്ചതായിരുന്നു. അവനും അവന്റെ അച്ഛനും തമ്മിലുള്ള ബന്ധം അവർ വീണ്ടും നന്നാക്കിയെടുത്തു, ഒരു ചെറിയ തട്ടുകട ബിസിനസ്സ് തുടങ്ങി, അന്തസ്സോടെ ജീവിക്കാൻ ആരംഭിച്ചു. കുറച്ചുകാലത്തേക്ക് അവരുടെ ജീവിതം സാധാരണ നിലയിലായി. എന്നാൽ പെട്ടെന്നാണ് അവന്റെ അച്ഛൻ മരിക്കുന്നത്. ആ വലിയ സങ്കടം അവന്റെ പഴയ മുറിവുകളെ വീണ്ടും തുറന്നു.
നോബിൻ വീണ്ടും മദ്യപിക്കാൻ തുടങ്ങി. അത് നിയന്ത്രിക്കാൻ കഴിയാത്തവിധം കൂടി, ഒടുവിൽ അത് അവന്റെ മരണത്തിന് കാരണമായി. ഈ പുസ്തകം നൽകുന്ന ഏറ്റവും ക്രൂരമായ പാഠങ്ങളിൽ ഒന്നാണിത്: ലഹരിയിൽ നിന്നുള്ള മോചനം എപ്പോഴും നേർരേഖയിലുള്ള ഒന്നല്ല. ലഹരിക്ക് അടിമപ്പെടുന്നത് കേവലം ഒരു സ്വഭാവദൂഷ്യം കൊണ്ട് മാത്രമല്ല, മറിച്ച് പലപ്പോഴും താങ്ങാനാകാത്ത സങ്കടങ്ങളെ മറക്കാൻ മനസ്സ് കാണിക്കുന്ന ഒരു എളുപ്പവഴി മാത്രമാണ്. അബ്ബി അവനെ കുറ്റപ്പെടുത്തുകയല്ല, മറിച്ച് വലിയ വിഷമത്തോടെയാണ് ഇതിനെക്കുറിച്ച് എഴുതുന്നത്. ജീവിതം ഒട്ടും മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് തോന്നുമ്പോൾ, ദുർബലമായ മനസ്സുകളെയാണ് മദ്യം വേട്ടയാടുന്നത് എന്ന് അദ്ദേഹം പറയുന്നു.
മദ്യപാനത്തെക്കുറിച്ച് ഈ പുസ്തകം നടത്തുന്ന ചർച്ചകൾ ഏറെ ശ്രദ്ധ അർഹിക്കുന്നതാണ്, പ്രത്യേകിച്ചും പതിറ്റാണ്ടുകളായുള്ള തെറ്റായ ധാരണകളെ അത് തിരുത്തുന്നത് കൊണ്ട് തന്നെ. മിതമായ തോതിലുള്ള മദ്യപാനം ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന ഒരു കഥ വർഷങ്ങളായി നമ്മുടെ ഇടയിലുണ്ടായിരുന്നു. എന്നാൽ, ഈ വാദങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്ന ആധുനിക പഠനങ്ങളെ അബ്ബി കൃത്യമായ തെളിവുകളോടെ നിരത്തുന്നുണ്ട്. കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന് തോന്നാൻ കാരണം അവരുടെ മികച്ച ജീവിതരീതികൾ കൊണ്ടുകൂടിയാകാമെന്ന് പുതിയ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. കാര്യങ്ങളെ ശരിയായി വിശകലനം ചെയ്യുമ്പോൾ, കുറഞ്ഞ അളവിലുള്ള മദ്യപാനം പോലും ദീർഘകാലാടിസ്ഥാനത്തിൽ ക്യാൻസർ, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ, മനുഷ്യന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പറയാവുന്ന തരത്തിൽ മദ്യപാനത്തിന് ഒരു സുരക്ഷിതമായ അളവ് ഇല്ലെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മദ്യപാനം തലച്ചോറിന്റെ വലിപ്പം കുറയ്ക്കുന്നു, വികാരങ്ങളെ നിയന്ത്രിക്കാനുള്ള ശേഷി ഇല്ലാതാക്കുന്നു, വിവേചനബുദ്ധി നശിപ്പിക്കുന്നു, മാനസികമായ ബുദ്ധിമുട്ടുകൾ കൂട്ടുന്നു, കൂടാതെ ഒരാളുടെ വ്യക്തിത്വത്തെത്തന്നെ പതുക്കെപ്പതുക്കെ മാറ്റിമറിക്കുന്നു. ഓരോ തവണ മദ്യം കഴിക്കുമ്പോഴും, അത് നമ്മെ അതിന് അടിമപ്പെടുത്തുകയാണെന്ന കാര്യം താൽക്കാലികമായ ഒരു സന്തോഷം നൽകി ഒളിപ്പിച്ചു വെക്കുകയാണെന്ന് അബ്ബി വാദിക്കുന്നു.
“മദ്യം നിങ്ങളുടെ കൂട്ടുകാരനാണെങ്കിൽ, പിന്നെ നിങ്ങൾക്ക് ശത്രുക്കളുടെ ആവശ്യമില്ല” എന്ന അബ്ബിയുടെ വരികൾ കുറിക്ക് കൊള്ളുന്നതാണ്. മദ്യം പെട്ടെന്നൊരു ദിവസം വന്ന് ഒരാളുടെ ജീവിതം തകർക്കാറില്ല. അത് വളരെ പതുക്കെ, കൂട്ടുകൂടലുകളിലൂടെയും ആഘോഷങ്ങളിലൂടെയുമാണ് ജീവിതത്തിലേക്ക് വരുന്നത്. ചിലപ്പോൾ അതൊരു ആശ്വാസമായിട്ടോ, മുതിർന്നതിന്റെ ലക്ഷണമായിട്ടോ, ആണത്തമായിട്ടോ, ആത്മവിശ്വാസമായിട്ടോ, അല്ലെങ്കിൽ സങ്കടങ്ങൾ മറക്കാനുള്ള ഒരു വഴി ആയിട്ടോ ഒക്കെയായിരിക്കും സ്വയം പരിചയപ്പെടുത്തുക. പിന്നീട് അത് വളരെ പതുക്കെ കുടുംബബന്ധങ്ങളെയും, പണത്തെയും, ജോലിയെയും, ആരോഗ്യത്തെയും, ഓർമ്മശക്തിയെയും, ഒപ്പം ആത്മാഭിമാനത്തെയും നശിപ്പിച്ചു കളയും. സത്യത്തിൽ, മനുഷ്യരല്ല മദ്യം ആസ്വദിക്കുന്നത്; മറിച്ച് മദ്യമാണ് മനുഷ്യനെ ആസ്വദിക്കാൻ തുടങ്ങുന്നത്. അത് മനുഷ്യന്റെ ചിന്താശേഷിയെയും, യുക്തിയെയും, സ്വയംനിയന്ത്രണത്തെയും ഒരു പരാദത്തെപ്പോലെ തിന്നുതീർക്കുന്നു. ഒടുവിൽ, തനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന മിഥ്യാധാരണയിലേക്ക് അത് മനുഷ്യനെ എത്തിക്കുകയും ചെയ്യുന്നു.
പോളിന്റെയും സെലിന്റെയും കഥയിൽ ഈ ദുരന്തം വളരെ വേദനയോടെ നമുക്ക് കാണാം. കടുത്ത മദ്യാസക്തിയുള്ള പോൾ, ചികിത്സ നൽകിയിട്ടും വീണ്ടും വീണ്ടും സ്വയം തകർച്ചയിലേക്ക് തന്നെ പോവുകയായിരുന്നു. ഒരുപക്ഷേ ഈ പുസ്തകത്തിൽ മനസ്സിനെ ഏറ്റവും അസ്വസ്ഥമാക്കുന്ന ഒരു നിമിഷം ഉണ്ടാകുന്നത് സെലിൻ ഇങ്ങനെ പറയുമ്പോഴാണ്: “അയാൾ ഇങ്ങനെ തന്നെ കിടക്കട്ടെ. അസുഖം മാറിയാൽ അയാൾ വീണ്ടും കുടിക്കാൻ തുടങ്ങും, ഞങ്ങളുടെ കാശെല്ലാം പോവുകയും ചെയ്യും.” ആദ്യമായി ഇത് കേൾക്കുമ്പോൾ ആർക്കും വല്ലാത്തൊരു ഞെട്ടൽ തോന്നും. എങ്കിലും ഡോക്ടർ ഫിലിപ്സ് അവളെ കുറ്റപ്പെടുത്താൻ തയ്യാറാകുന്നില്ല. കാരണം പാവനമായ സ്നേഹത്തെ വെറുമൊരു അതിജീവനമാക്കി മാറ്റിയത് ദാരിദ്ര്യവും, മടുത്തുപോയ മനസ്സും, ഗാർഹിക പീഡനവും, കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഒക്കെയായിരുന്നു.
പോളിന്റെ മരണശേഷം, അബ്ബിയുടെ ജന്മദിനത്തിൽ സെലിൻ അദ്ദേഹത്തെ കാണാൻ വരുന്നുണ്ട്; അവളുടെ കയ്യിൽ കുറച്ച് ലഡു ഉണ്ടായിരുന്നു; ഒന്ന് അവളുടേത്, രണ്ടെണ്ണം മക്കളുടേത്. അവിടെ ഇല്ലാതിരുന്ന നാലാമത്തെ ലഡു, അതായത് ജീവിച്ചിരുന്നെങ്കിൽ പോലും പോളിന് ഒരിക്കലും കൊടുക്കാൻ കഴിയാതെ പോകുമായിരുന്ന ആ നാലാമത്തെ ലഡു, ഒരിക്കലും തീരാത്ത ഒരു സങ്കടത്തിന്റെ വലിയൊരു അടയാളമായി മാറുന്നു. വൈദ്യശാസ്ത്രം എന്നത് കേവലം ശാസ്ത്രം മാത്രമല്ല, മറിച്ച് മനുഷ്യജീവിതത്തിന്റെ സാക്ഷ്യം കൂടിയാണെന്ന് ഈ വരികൾ വായിക്കുന്ന ആർക്കും ബോധ്യപ്പെടും.
അബ്ബി എന്തിനെങ്കിലും എതിരെ ശക്തമായി സംസാരിക്കുന്നുണ്ടെങ്കിൽ, അത് അപകടകരവും ശാസ്ത്രവിരുദ്ധവുമായ ചികിത്സാരീതികൾക്കെതിരെയാണ്. ശാസ്ത്രീയമല്ലാത്ത പച്ചമരുന്ന് ചികിത്സകളെ ഡോക്ടർ ഫിലിപ്സ് വിമർശിക്കുന്നത് ഒഴിവാക്കാമായിരുന്നിട്ടും ഇത്തരം മരുന്നുകൾ കാരണം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥകൾ അദ്ദേഹം നേരിട്ട് കാണുന്നത് കൊണ്ടാണ്.
ഇതിന് ഉദാഹരണമായി പുസ്തകത്തിൽ പറയുന്ന ആറ് വയസ്സുകാരി നസ്രീന്റെ കഥ നമ്മുടെ നെഞ്ചുലയ്ക്കുന്ന ഒന്നാണ്. വിട്ടുമാറാത്ത ചുമ സിറപ്പുകൾ കൊടുത്തിട്ടും മാറാത്തതുകൊണ്ട്, വീട്ടിൽ തന്നെ തയ്യാറാക്കിയ ചിറ്റാമൃത് (giloy) ജ്യൂസ് അവൾക്ക് നൽകി. തുടർന്ന് കടുത്ത കരൾ രോഗം ബാധിച്ചാണ് ആ കുട്ടി മരണപ്പെടുന്നത്. “പ്രകൃതിദത്തം” ആയതുകൊണ്ട് മാത്രം അത് സുരക്ഷിതമായിരിക്കും എന്ന് തെറ്റായി വിചാരിച്ചതാണ് ആ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായത്.
ഇത്തരം അപകടകരമായ പച്ചമരുന്നുകൾക്കെതിരെയും, അവ കരളിൽ ഉണ്ടാക്കുന്ന കേടുപാടുകളെക്കുറിച്ചും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് അബ്ബി പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും ആയുഷ് മന്ത്രാലയത്തിനും കത്തയച്ചിരുന്നു. പച്ചമരുന്നുകൾ കാരണം കരളിലെ ബാധിക്കുന്ന രോഗങ്ങൾ ഇന്ന് കുറവല്ലെന്നും, ചിറ്റമൃത് പോലുള്ളവ കരളിനെ ഗുരുതരമായി ബാധിക്കുന്ന ഹെപ്പറ്റൈറ്റിസിനും കരൾ തകരാറിലാകുന്നതിനും കാരണമാകുന്നുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
പിന്നെയാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ഫുട്ബോൾ മൈതാനത്തേക്ക് മടങ്ങിവരാൻ ആഗ്രഹിച്ച അമൽ എന്ന പതിനാറുകാരന്റെ കഥ വരുന്നത്. അപകടകരമായ പച്ചമരുന്ന് ചികിത്സകളുടെ മറ്റൊരു ഇരയായിരുന്നു അവൻ. അത് പോലെ തന്നെ പച്ചമരുന്ന് ചികിത്സയിലൂടെ കരൾരോഗം വന്നു പിന്നീട് ഭേദമായെങ്കിലും ക്രമരഹിതമായ ആർത്തവചക്രവും ഭാവിയിൽ വന്നേക്കാവുന്ന രോഗങ്ങളുമായി ജീവിക്കുന്ന പത്തൊമ്പതുകാരി സായികൃഷ്ണയുടെ അവസ്ഥയും ഇതുതന്നെ.
ഈ കഥകൾ വായിക്കുമ്പോൾ നമ്മൾ വീണ്ടും വീണ്ടും ഒരു കാര്യം ചിന്തിച്ചുപോകും: ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സാരീതികളെ നേരത്തെ തന്നെ വിശ്വസിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു? ഭയം കാരണം ചികിത്സ വൈകിപ്പിക്കാതിരുന്നെങ്കിൽ എന്താകുമായിരുന്നു? ശാസ്ത്രീയ ചികിത്സകളിൽ നിന്ന് ഹനീഫയെ ആരും ഭയപ്പെടുത്തി അകറ്റിയില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു? ഈ ചോദ്യങ്ങൾ വായനക്കാരെ വല്ലാതെ അസ്വസ്ഥമാക്കും, കാരണം അവ വളരെ കയ്പേറിയ ഒരു യാത്ഥാർത്ഥ്യത്തെയാണ് തുറന്നുകാണിക്കുന്നത്: കപടശാസ്ത്രം ആളുകളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്; ചിലപ്പോഴൊക്കെ അത് മനുഷ്യന്റെ ജീവൻ പോലുമെടുക്കുന്നു.
വ്യാജമായ ചികിത്സാരീതികളെ വിമർശിക്കുന്നു എന്നതിനർത്ഥം പാരമ്പര്യമായി നമുക്കുള്ള എല്ലാ അറിവുകളെയും തള്ളിക്കളയുന്നു എന്നല്ല. അതിനേക്കാൾ വളരെ ന്യായമായ ഒരു കാര്യത്തെക്കുറിച്ചാണ് അബ്ബി സംസാരിക്കുന്നത്. ഒരു ചികിത്സ ഫലപ്രദമാണെങ്കിൽ, അത് ശാസ്ത്രീയമായ പരിശോധനകളിൽ തെളിയണം. എന്നാൽ അത് പരാജയപ്പെടുകയോ മനുഷ്യർക്ക് ദോഷം ചെയ്യുകയോ ആണെങ്കിൽ, അത് തീർച്ചയായും ചോദ്യം ചെയ്യപ്പെടണം. കാരണം, കൃത്യമായ ശാസ്ത്രീയ തെളിവുകളില്ലാത്ത ഈ കപടചികിത്സാരീതികൾ പ്രതീക്ഷയുടെ മുഖംമൂടി അണിഞ്ഞെത്തുന്ന ക്രൂരതയായി മാറിയേക്കാം.
അതുപോലെതന്നെ ശ്രദ്ധേയമാണ് അബ്ബിയുടെ മറ്റൊരു വാദം. വൈദ്യശാസ്ത്രം എന്നത് വെറുമൊരു നിയമപുസ്തകമോ ഫോർമുലയോ (algorithm) മാത്രമല്ല. രോഗികളെ ചികിത്സിക്കുന്നതിൽ വലിയൊരു പങ്ക് ഡോക്ടർമാരുടെ ഉൾക്കാഴ്ചയ്ക്കുമുണ്ട് (intuition). ഇത് ഏതെങ്കിലും തരത്തിലുള്ള അത്ഭുത ശക്തിയല്ല, മറിച്ച് വർഷങ്ങളുടെ പരിചയസമ്പത്ത് കൊണ്ടും, നിരന്തരമായി രോഗികളെ കണ്ടതുകൊണ്ടും, കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത അറിവുകൊണ്ടും രൂപപ്പെടുന്ന ഒന്നാണ്. പലപ്പോഴും ലബോറട്ടറി പരിശോധനാ ഫലങ്ങൾ വരുന്നതിന് മുൻപ് തന്നെ, രോഗിക്ക് എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കാൻ ഡോക്ടർമാർക്ക് സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ, മികച്ച ചികിത്സ എന്നത് വെറും നിയമങ്ങൾ പാലിക്കൽ മാത്രമല്ല; രോഗങ്ങൾ ശരീരത്തിൽ അവശേഷിപ്പിക്കുന്ന സൂചനകളെയും ലക്ഷണങ്ങളെയും വളരെ ശ്രദ്ധയോടെ തിരിച്ചറിയുന്നത് കൂടിയാണ്.
തന്റെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാൻ അനുവാദം ചോദിച്ചുകൊണ്ട്, പതിനേഴു വയസ്സുള്ള ഒരു മകൾ കേരള ഹൈക്കോടതിയെ സമീപിച്ച കഥ ഈ പുസ്തകത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷങ്ങളിൽ ഒന്നാണ്. ഇങ്ങനെയുള്ള കഥകൾ വായിക്കുമ്പോൾ നമ്മുടെ മനസ്സ് നൊമ്പരപ്പെടാതിരിക്കില്ല.
അതുപോലെതന്നെ ഡോസ്തോവ്സ്കിയുടെ ഒരു വരി അബ്ബി ഇവിടെ ഓർമ്മിപ്പിക്കുന്നുണ്ട്: “ഒരു കുഞ്ഞിന്റെ മരണം എന്നത് ഒരുപക്ഷേ ദൈവത്തിന്റെ നിലനിൽപ്പിനെപ്പോലും സംശയിക്കാൻ ശരിവെയ്ക്കുന്ന ഏറ്റവും വലിയ കാരണമാണ്.” ദൈവത്തെക്കുറിച്ചുള്ള തർക്കത്തേക്കാൾ ഉപരി, മനുഷ്യസഹജമായ വലിയൊരു വേദനയാണ് ഈ വാക്കുകളിലുള്ളത്. ഒരു കുഞ്ഞ് മരിക്കുന്നത് കാണുന്നതിനേക്കാൾ ജീവിതത്തിന്റെ അർത്ഥം തന്നെ ഇല്ലാതാക്കുന്ന മറ്റൊരു അനുഭവം വേറെയുണ്ടാകില്ല.
ധീരത എന്നത് ചിലപ്പോൾ ശബ്ദിക്കാത്ത ഒന്നാണെന്ന ഓർമ്മപ്പെടുത്തലുകൾ ഈ പുസ്തകത്തിലുടനീളം കാണാം. ജൂലിയസ് സീസറിന്റെ നിരീക്ഷണം: “പ്രതീക്ഷിക്കാത്ത ഒന്നിൽ പതറാത്തത്ര ധീരനായി ആരുമില്ല” എന്ന വരികൾ വെറുതെ ഭംഗിക്ക് വേണ്ടി എഴുതിയതായി തോന്നില്ല. രോഗികളുടെയും ഡോക്ടർമാരുടെയും ജീവിതങ്ങളിൽ ഇവയുടെ പ്രതിധ്വനികൾ നമുക്ക് കാണാൻ കഴിയും.
ഈ പുസ്തകം മെഡിക്കൽ വിദ്യാർത്ഥികൾ നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം. ഇത് കരൾ രോഗങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത് കൊണ്ടല്ല, മറിച്ച് വിനയത്തെക്കുറിച്ച് പഠിപ്പിക്കുന്നത് കൊണ്ടാണ്. വൈദ്യശാസ്ത്രം എന്നത് രോഗം കണ്ടുപിടിക്കുന്നതിലും മരുന്നുകൾ കുറിച്ചു കൊടുക്കുന്നതിലും മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് അനിശ്ചിതത്വങ്ങളും, സങ്കടങ്ങളും, ധാർമ്മികതയും, കടുത്ത മാനസിക സമ്മർദ്ദങ്ങളും, ഒപ്പം ഒഴിവാക്കാൻ കഴിയാത്ത കഠിനമായ സംഭാഷണങ്ങളും നിറഞ്ഞതാണ്. രോഗികൾ വെറുമൊരു കേസ് ഷീറ്റ് ആകുന്നതിന് മുൻപ് അവർക്കൊരു കഥയുണ്ടെന്നും, കൂടെയുള്ളവർ വെറും സഹായികളല്ല ഒരു കുടുംബമാണെന്നും, രോഗനിർണ്ണയത്തിന് അപ്പുറം അവരൊക്കെയും മനുഷ്യരാണെന്നും ഈ പുസ്തകം ഭാവിയിലെ ഡോക്ടർമാരെ പഠിപ്പിക്കുന്നു.
അതിനേക്കാൾ ഉപരിയായി, ഡോക്ടർമാർ വെറും യന്ത്രങ്ങളല്ലെന്ന് ഇത് ഓർമ്മിപ്പിക്കുന്നു. അവരും തളർന്നുപോകാറുണ്ട്, അവരും സങ്കടപ്പെടാറുണ്ട്, മരിച്ചുപോയ രോഗികളുടെ ഓർമ്മകളും പേറിയാണ് അവരും തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നത്.
അവസാനമായി ഈ പുസ്തകം നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്നത് അത് കരളിനെക്കുറിച്ച് മാത്രം സംസാരിക്കുന്നതു കൊണ്ടല്ല. മറിച്ച് സ്നേഹം, ഓർമ്മകൾ, ലഹരിയോടുള്ള അടിമത്തം, കുറ്റബോധം, മനുഷ്യന്റെ ബലഹീനതകൾ എന്നിവയെക്കുറിച്ചെല്ലാം ഒരു രോഗം നമ്മെ എന്താണ് ഓർമ്മിപ്പിക്കുന്നത് എന്നതിനെക്കുറിച്ചാണ് ഈ പുസ്തകം. എളുപ്പത്തിൽ ഉത്തരം കിട്ടാത്ത പല കഠിനമായ ചോദ്യങ്ങളും ഇത് ചോദിക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളെ ശക്തമായി എതിർക്കുമ്പോൾ തന്നെ, കാരുണ്യത്തെയും സഹാനുഭൂതിയെയും ഇത് നെഞ്ചോട് ചേർത്തുപിടിക്കുന്നു. ഒടുവിൽ, ജീവിതത്തിന്റെ കണക്കെടുപ്പുകൾ നടത്തുമ്പോൾ ഏറ്റവും പ്രധാനം നമ്മൾ നേടിയ വിജയങ്ങളോ സമ്പത്തോ ഒന്നുമല്ല; മറിച്ച് സമയം കൈവിട്ടു പോകുന്നതിന് മുൻപ് പരസ്പരം താങ്ങായി നിൽക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് മാത്രമാണെന്ന് ഈ പുസ്തകം വളരെ വേദനയോടെയും സ്നേഹത്തോടെയും നമ്മെ ഓർമ്മിപ്പിക്കുന്നു.
Rakesh Unnikrishnan
![]()

