“രാഷ്ട്രീയ പാർട്ടികൾ, MLA, MP, മന്ത്രിമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് ചട്ടങ്ങളും നിയമങ്ങളും പാലിക്കാനുള്ള കടമ മാത്രമല്ല, പൊതുജനങ്ങൾക്ക് മാതൃക കാണിക്കാനുള്ള ഉയർന്ന ഉത്തരവാദിത്തവുമുണ്ട്. ഭരണഘടനാ നിയമങ്ങൾ ലംഘിക്കുന്നത് അവരുടെ സത്യപ്രതിജ്ഞയെ തന്നെ ലംഘിക്കുന്നതാണ്.”
തെരഞ്ഞടുപ്പ് രാഷ്ട്രീയവും പൗരാവകാശവും
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ശാന്തവും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ ജീവിക്കുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും അടിസ്ഥാന അവകാശമാണ്. എന്നാൽ തിരഞ്ഞെടുപ്പ് സമയം അടുക്കുമ്പോൾ, ഭരണഘടനയ്ക്ക് മുമ്പിൽ സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധികളും രാഷ്ട്രനിർമ്മാണ പ്രവർത്തകരും ചേർന്ന് ആ ശാന്തത തകർക്കാൻ മൈക്കും കെട്ടി പടക്കവും പൊട്ടിച്ച് തെരുവുകളിലേക്കും താമസമേഖലകളിലേക്കും നിശബ്ദമേഖലകളിലേക്കുമെല്ലാം ഇറങ്ങിവരുന്നു. നാളിന്നുവരെ തങ്ങൾ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്കൊന്നും അറിവില്ലെന്ന മട്ടിലാണ് ഇവരുടെ പെരുമാറ്റം. പരിഷ്കൃതകാലഘട്ടത്തിലെ പരിഷ്കൃത പ്രചാരണരീതികൾക്ക് പകരം പടക്കത്തിന്റെയും വെടിക്കെട്ടിന്റെയും ലൗഡ്സ്പീക്കറിന്റെ ശബ്ദതീവ്രതയുടെയും ആവശ്യം എന്താണ്? എന്ത് അവകാശമാണ് ഭരണാധികാരികൾക്കും രാഷ്ട്രീയക്കാർക്കും ഈ വിഷയത്തിൽ ഉള്ളത്? നമുക്കൊന്ന് പരിശോധിക്കാം.
“ഞാൻ ഇന്ത്യൻ ഭരണഘടനയോടും നിയമത്തോടും സത്യസന്ധതയും വിശ്വാസവും പുലർത്തും. ഇന്ത്യയുടെ സ്വതന്ത്രതയും അഖണ്ഡതയും ഞാൻ സംരക്ഷിക്കും. എന്റെ അറിവും ശേഷിയും കൊണ്ട് വിശ്വസ്തതയോടെ എന്റെ ചുമതലകൾ നിർവഹിക്കും” എന്ന് പ്രതിജ്ഞ ചെയ്തു കഴിഞ്ഞാൽ പിന്നെ ഭരണഘടനാ നിയമങ്ങളും പൊതുജനാരോഗ്യവും പരിസ്ഥിതി നിയമങ്ങളും ഒരു വിഷയമല്ലാതെയാകുന്നു. സത്യപ്രതിജ്ഞ ചെയ്ത അതേ കൈകൾ കൊണ്ടുതന്നെ ചട്ടവിരുദ്ധമായി ലൗഡ്സ്പീക്കറുകൾ പിടിച്ച് ആ ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പാക്കിയിരിക്കുന്ന സമാധാനപൂർവം ജീവിക്കാനുള്ള പൗരാവകാശം തടസ്സപ്പെടുത്തുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 51A(g) പ്രകാരം പരിസ്ഥിതിയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ജീവജാലങ്ങളോട് കരുണ കാണിക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും മൗലിക കടമയാണ്. ആ കടമ നിർവഹിച്ച് പരാതിപ്പെടുന്നവരെ നിശബ്ദരാക്കുകയാണോ രാഷ്ട്രനിർമാതാക്കൾ ഉദ്ദേശിക്കുന്നത്? ശബ്ദമലിനീകരണം തടയൽ ഈ കടമയുടെ അവിഭാജ്യഘടകമാണെന്ന് നിങ്ങൾ മറക്കുന്നു. കേരളത്തിലെ ഭരണസംവിധാനങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ, എല്ലാ തലത്തിലുമുള്ള ജനപ്രതിനിധികൾ – MLA-മാർ, മന്ത്രിമാർ, MP-മാർ എന്നിവർ ഈ കടമ നിറവേറ്റാൻ പരാജയപ്പെടുകയാണ്.
പരിസ്ഥിതി സംരക്ഷണ നിയമം 1986-ന്റെ ഭാഗമായി ഇന്ത്യൻ പാർലമെന്റ് 25 വർഷം മുമ്പ് പാസാക്കിയ ശബ്ദമലിനീകരണ (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000-ന്റെ ആമുഖം പ്രകാരം തന്നെ ശബ്ദമലിനീകരണം ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമാണ്. ചട്ടം 5(1) പ്രകാരം ലൗഡ്സ്പീക്കർ, പബ്ലിക് അഡ്രസ് സിസ്റ്റം എന്നിവ ഉപയോഗിക്കുന്നതിന് അധികാരസ്ഥാനത്തുനിന്ന് രേഖാമൂലമുള്ള അനുമതി നിർബന്ധമാണ്. ചട്ടം 5(2) പ്രകാരം രാത്രി 10 മണി മുതൽ പ്രഭാതം 6 മണി വരെ ലൗഡ്സ്പീക്കർ, പബ്ലിക് അഡ്രസ് സിസ്റ്റം, സംഗീതോപകരണങ്ങൾ, പടക്കങ്ങൾ, വാഹന ഹോൺ എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിച്ചിരിക്കുന്നു.
നിശ്ശബ്ദമേഖലകളായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ – ആശുപത്രികൾ, വിദ്യാലയങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ, പ്രവൃത്തിസമയത്തെ പബ്ലിക് ഓഫീസുകൾ, പൊതുനിരത്തുകൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ – പകൽ 50 ഡെസിബെൽ, രാത്രി 40 ഡെസിബെൽ എന്നീ പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. ഇവിടെ ലൗഡ്സ്പീക്കർ, പബ്ലിക് അഡ്രസ് സിസ്റ്റം, സംഗീതോപകരണങ്ങൾ, പടക്കങ്ങൾ, വാഹന ഹോൺ എന്നിവയുടെ ഉപയോഗം പൂർണമായും നിരോധിച്ചിരിക്കുന്നു. ഓടുന്ന വാഹനങ്ങളിൽ ലൗഡ്സ്പീക്കർ സ്ഥാപിച്ച് പ്രവർത്തിപ്പിക്കാൻ അനുവാദമില്ല. വാഹനം എവിടെയൊക്കെ നിർത്തി അനൗൺസ് ചെയ്യണമെന്നത് മുൻകൂർ അനുമതിയിൽ രേഖപ്പെടുത്തിയിട്ടുണ്ടാകണം. അവിടങ്ങളിൽ നിശബ്ദമേഖലകൾ ഉണ്ടാകാൻ പാടില്ല. ഇതെല്ലാം ഉറപ്പുവരുത്തേണ്ടത് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും ഉത്തരവാദിത്തവും കടമയുമാണ്.
നിശബ്ദമേഖലകളും താമസമേഖലകളും പൊതുനിരത്തുകളും നിങ്ങൾക്ക് ശബ്ദമയമാനമാക്കാനുള്ള ഇടങ്ങളല്ല. രാഷ്ട്രീയ പ്രവർത്തനം എന്നത് ഒരു കച്ചവട ഉത്പന്നം പോലെ ലൗഡ്സ്പീക്കർ കെട്ടിസ്ഥാപിച്ച് ‘രണ്ടെടുത്താൽ ഒന്ന് ഫ്രീ’ എന്ന് അനൗൺസ് ചെയ്ത് നടക്കലല്ല. പരിഷ്കൃതവും ജനാധിപത്യപരവുമായ പുതിയ മാർഗങ്ങൾ സ്വീകരിക്കണം. ചെറിയ ചെറിയ സംവാദങ്ങൾ നടത്തണം. എല്ലാ പൊതു പരിപാടികളും ആഡിറ്റോറിയങ്ങളിലോ അതിനായി മാത്രം രൂപീകരിച്ച മൈതാനങ്ങളിലോ മാത്രം നടത്തണം. ചട്ടം 5(4), 5(5) പ്രകാരം പരിപാടി നടക്കുന്ന സ്ഥലത്തിന് പുറത്തേക്ക് ശബ്ദം പ്രവഹിപ്പിക്കരുത്. ഇവയെല്ലാം അവഗണിച്ചാൽ നിങ്ങൾ ചട്ടലംഘകരാകുകയും അതിലൂടെ ഭരണഘടനാവിരുദ്ധരാവുകയും ചെയ്യും.
നിരവധി അനവധി സുപ്രീം കോടതി, ഹൈക്കോടതി, NGT വിധികൾ ഈ നിയമങ്ങൾക്ക് ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. Church of God vs K.K.R. Majestic Colony Welfare Association വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി, ആരാധനാലയങ്ങൾക്ക് പോലും ലൗഡ്സ്പീക്കറുകൾ ഉപയോഗിക്കാനുള്ള അവകാശമില്ല എന്ന്. കൂടാതെ “ഒരാൾക്ക് കേൾക്കാൻ താൽപര്യമില്ലാത്തത് കേൾപ്പിക്കാൻ പാടില്ല” എന്നും വ്യക്തമാക്കിയിട്ടുണ്ട്. W.P.(C) No. 3735/2005 ഉത്തരവിൽ ഉൾപ്പടെ ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ വിശദമായി പ്രതിപാദിച്ചിട്ടുമുണ്ട്.
കേരള സംസ്ഥാന നിയമങ്ങളും ഈ നിരോധനങ്ങൾക്ക് സ്പഷ്ടമായി പിന്തുണ നൽകുന്നു. കേരള ഗസറ്റ് G.O.(P) No.64/02 dtd 20.4.2002 പ്രകാരം കേരള സർക്കാർ കേന്ദ്ര ചട്ടങ്ങൾ നടപ്പിലാക്കുന്നതിനായി കൂടുതൽ നിശ്ശബ്ദമേഖലകളെ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള പൊതുമാർഗങ്ങൾ (Assembly and Processions) നിയമം 2011, RC 1-262-2022-LSGD പ്രകാരം പൊതുനിരത്തുകൾ തടസ്സപ്പെടുത്താനോ രാഷ്ട്രീയ പ്രചാരണങ്ങൾക്കോ മറ്റു പരിപാടികൾക്കോ ഉപയോഗപ്പെടുത്താനോ കഴിയില്ല.
രാഷ്ട്രീയ പാർട്ടികൾ, MLA, MP, മന്ത്രിമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവരുൾപ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് ചട്ടങ്ങളും നിയമങ്ങളും പാലിക്കാനുള്ള കടമ മാത്രമല്ല, പൊതുജനങ്ങൾക്ക് മാതൃക കാണിക്കാനുള്ള ഉയർന്ന ഉത്തരവാദിത്തവുമുണ്ട്. ഭരണഘടനാ നിയമങ്ങൾ ലംഘിക്കുന്നത് അവരുടെ സത്യപ്രതിജ്ഞയെ തന്നെ ലംഘിക്കുന്നതാണ്. ഭരണഘടനാ ആർട്ടിക്കിൾ 51A(g) പ്രകാരമുള്ള പരിസ്ഥിതി സംരക്ഷണ കടമയുടെ പാലനത്തിൽ സംസ്ഥാനത്തിനും ഭരണാധികാരികൾക്കും സംഭവിച്ച പരാജയം അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്.
ലൗഡ്സ്പീക്കറുകൾ, പടക്കങ്ങൾ, വാഹന ഹോൺ എന്നിവയുടെ ചട്ടവിരുദ്ധമായ ഉപയോഗം മനുഷ്യാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. നിലവിലുള്ള ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച് ശബ്ദമലിനീകരണം കുട്ടികളിൽ ശ്രദ്ധക്കുറവ്, ഡിസ്‌ലെക്‌സിയ, പഠനവൈകല്യങ്ങൾ എന്നിവയ്ക്കും ഗർഭിണികളിൽ അകാലപ്രസവം, കുറഞ്ഞ ഭാരമുള്ള കുഞ്ഞിന്റെ ജനനം, ഗർഭച്ഛിദ്രത്തിനുള്ള സാധ്യത എന്നിവയ്ക്കും മുതിർന്നവരിൽ സ്ഥിരമായ ശ്രവണനഷ്ടം, ടിന്നിറ്റസ് (ചെവിയിലെ മൂളൽ), അൽഷൈമേഴ്‌സ്, ഡിമെൻഷ്യ, ഓർമക്കുറവ് തുടങ്ങിയ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകുന്നു.
ഈ ചട്ടം നടപ്പാക്കാൻ 25 വർഷങ്ങളായി പരാജയപ്പെടുന്ന ഭരണാധികാരികൾക്കെതിരെയും ചട്ടം ലംഘിക്കുന്ന നേതാക്കൾക്കെതിരെയും തെളിവുകൾ ശേഖരിച്ച് നിയമനടപടികൾക്ക് നീങ്ങേണ്ടതുണ്ട്. ചട്ടം പാലിക്കാത്ത ജനപ്രതിനിധികൾ സത്യപ്രതിജ്ഞാ ലംഘനം നടത്തുകയാണ് എന്ന തിരിച്ചറിവ് കേരള സമൂഹത്തിൽ ഉണ്ടാവേണ്ടിയിരിക്കുന്നു.
ഓർക്കുക നിയമം ലംഘിക്കാൻ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരല്ല ജനപ്രതിനിധികൾ. നിയമം ഉയർത്തിപ്പിടിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരാണ് അവർ. തിരഞ്ഞെടുപ്പ് പ്രചാരണം നിയമലംഘന പ്രചാരണമാകരുത്. ഓരോ രാഷ്ട്രീയ കക്ഷിക്കും സ്വയം ഒരു നിയമപാലന പ്രചാരണ മാതൃക സൃഷ്ടിക്കാൻ കഴിയും – ലൗഡ്സ്പീക്കർ ഇല്ലാതെ, രാത്രി 10 മണിക്ക് ശേഷം പൊതുയോഗങ്ങൾ ഇല്ലാതെ, പൊതുനിരത്തുകൾ തടയാതെ, ഓടുന്ന വാഹനങ്ങളിൽ അനൗൺസ്‌മെന്റ് നടത്താതെ, നിശബ്ദമേഖലകളും താമസമേഖലകളും പൊതുനിരത്തുകളും ശബ്ദായമാനമാക്കാതെ, അക്ഷരാർത്ഥത്തിൽ സംരക്ഷിച്ചുകൊണ്ട്.
വരാൻ പോകുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേരളമാകെ ചട്ടം ലംഘിച്ച് ലൗഡ്സ്പീക്കറും പടക്കവും ഉപയോഗിക്കുന്ന ജനപ്രതിനിധികൾക്കെതിരെ, മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കെതിരെ വ്യാപകമായി തെളിവുകൾ ശേഖരിക്കുകയും ഈ തെളിവുകൾ സഹിതം ബഹു കോടതിയെ സമീപിച്ച് നിങ്ങളുടെ സ്ഥാനാർത്ഥിത്വവും നിലവിലുള്ള സ്ഥാനവും ചോദ്യം ചെയ്യുകതന്നെ ചെയ്യും.
— സൈലൻസ് ദി നോയിസ് കാമ്പയിൻ, എസ്സൻസ് ഗ്ലോബൽ
![]()

