“വിവിധ രാജ്യങ്ങളിൽ നിരവധി എസ്.എം.ആർ. രൂപകൽപ്പനകൾ ഗവേഷണം, വികസനം, ലൈസൻസിംഗ് എന്നിവയുടെ വിവിധ ഘട്ടങ്ങളിലായിരിക്കുന്നതിനാൽ, regulatory harmonization, നിർമ്മാണ ആവാസവ്യവസ്ഥയുടെ വികസനം, കൂടാതെ പൊതു-സ്വകാര്യ നിക്ഷേപം എന്നിവ എസ്.എം.ആർ. വ്യവസായത്തിന്റെ വളർച്ചയ്ക്ക് നിർണായകമാകും. ഇതു പോലുള്ള innovations കാരണം ഒരു പക്ഷെ ഭാവിയിൽ ഊർജ്ജ ദൗർലഭ്യത്തിന് പകരം, നമ്മൾ ഒരു ഊർജ്ജ മിച്ചത്തിൽ (energy surplus) എത്തിച്ചേരാൻ സാധ്യതയുണ്ട്.”രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു
ചെറുകിട മോഡ്യൂളാർ റിയാക്ടറുകളും ഭാവിയിലെ വൈദ്യുതിയും
ഏതാണ്ട് 70 വർഷത്തിന് മുകളിൽ ആയി ആണവോർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ചു തുടങ്ങിയിട്ട്. എന്നാലും ഇന്നും ലോകത്തിൽ കഷ്ടിച്ച് 10 ശതമാനം വൈദ്യുതി മാത്രമേ ഈ രീതിയിൽ ഉൽപ്പാദിപ്പിക്കുന്നുള്ളു. ഭൂരിപക്ഷവും ഫോസിൽ ഫ്യുവലിൽ നിന്നാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ഇത് ഭാവി തലമുറക്ക് ഒരതിശയം ആയേക്കാം കാരണം ആണവോർജ്ജം ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വൃത്തിയുള്ളതും, സുരക്ഷിതവും, ഏറ്റവും കൂടുതൽ ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുന്നതും, വിശ്വസനീയവുമായ ഊർജ്ജ സ്രോതസ്സാണ്.
19 ജനുവരി 2025-ൽ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ച്ച പതിപ്പിന്റെ പ്രധാന ലേഖനത്തിന്റെ തലക്കെട്ട് “ചീമേനിയിൽ കണ്ണുനട്ട് ആണവലോബി?” എന്നായിരുന്നു. വിനോയ് മാത്യു എഴുതിയ ലേഖനത്തിൽ കാസർഗോഡ് ചീമേനിയിൽ ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തെക്കുറിച്ചു വിശദീകരിക്കുന്നു.
കടുത്ത നിയമങ്ങളും ആണവ നിലയങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഭയം ജനിപ്പിക്കുന്ന പ്രചാരണങ്ങളും കാരണം പലപ്പോഴും ഒരു ആണവ നിലയത്തിന്റെ നിർമ്മാണം പതിറ്റാണ്ടുകളോളം വൈകുകയും, ചിലവ് പലമടങ്ങ് വർദ്ധിക്കുകയും ചെയ്യുന്നു. അമേരിക്കയിൽ തുറന്നതിനേക്കാൾ കൂടുതൽ നിലയങ്ങൾ അടച്ചു പൂട്ടിയിട്ടുണ്ട്. എന്നാൽ ഞാൻ താമസിക്കുന്ന യുഎഇയിൽ, ബറാഖ ആണവ നിലയം (Barakah nuclear plant), ക്രമീകരിച്ച രൂപകൽപ്പനയും (standardized design) ലളിതമായ നിയമനടപടികളും (streamlined regulation) കാരണം ഏഴു വർഷം കൊണ്ട് പൂർത്തിയാക്കി 2020-ൽ പ്രവർത്തനം ആരംഭിച്ചു.
സിവിലിയൻ ആണവ റിയാക്ടറുകൾ പൊതുവേ കുറഞ്ഞ സാന്ദ്രതയുള്ള യുറേനിയം (low-enriched uranium, 3-5% U-235) ഉപയോഗിക്കുന്നത് കൊണ്ട് 12-18 മാസത്തിന് ഇടയ്ക്ക് ഇന്ധനം നിറയ്‌ക്കേണ്ടതുണ്ട്. എന്നാൽ ഉയർന്ന സാന്ദ്രതയുള്ള യുറേനിയം (highly enriched uranium, 93% U-235) പൊതുവേ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ സഞ്ചരിക്കുന്ന നൂറിലധികം ആണവ അന്തർവാഹിനികൾക്ക് പലപ്പോഴും അന്തർവാഹിനിയുടെ മുഴുവൻ ആയുസ്സും ഇന്ധനം നിറയ്ക്കാതെ പതിറ്റാണ്ടുകളോളം പ്രവർത്തിക്കാൻ കഴിയും. ചെറിയ ഒരു വീടിന്റെ വലുപ്പമുള്ളതും, സുരക്ഷിതവും, എളുപ്പത്തിൽ ഒരു ട്രെയിലറിൽ കൊണ്ടു പോകാൻ കഴിയുന്നതും, ഒരു ചെറിയ ടൗണിന് 20 വർഷത്തേക്ക് ഊർജ്ജം നൽകാൻ കഴിയുന്നതുമായ ഒരു ചെറുകിട മോഡ്യൂളാർ റിയാക്ടറിനെ (Small Modular Reactor – SMR) സങ്കൽപ്പിക്കുക. ഭാവി ചെറുകിട മൊഡ്യൂളാർ റിയാക്ടറുകൾക്ക് ഉള്ളതാണ്.
ചെറുകിട മോഡ്യൂളാർ റിയാക്ടറുകളുടെ രൂപകൽപ്പന പരമ്പരാഗത റിയാക്ടറുകളിൽ നിന്ന് വ്യത്യസ്തമാണ്. എസ്.എം.ആറുകൾ പ്രധാന സംവിധാനങ്ങളായ റിയാക്ടർ കോർ, സ്റ്റീം ജനറേറ്ററുകൾ, പ്രഷറൈസർ എന്നിവയെല്ലാം ഒറ്റ integrated vessel-ലേക്ക് സംയോജിപ്പിക്കുന്നു, ഇത് വലിയ പൈപ്പിംഗിന്റെയും (external piping) ആവശ്യകത കുറയ്ക്കുന്നു. എസ്.എം.ആറുകൾ സാധാരണയായി 50–300 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. അതിനാൽ അവയ്ക്ക് ചെറിയ റിയാക്ടർ കോറുകളും, കുറഞ്ഞ ഇന്ധനവും, ചെറിയ കണ്ടെയ്ൻമെന്റ് കെട്ടിടങ്ങളും മതിയാകും.
പല എസ്.എം.ആറുകളും വലിയ മെക്കാനിക്കൽ പമ്പുകൾക്ക് പകരം പാസ്സീവ് കൂളിംഗ് സംവിധാനങ്ങളാണ് (natural circulation of coolant via gravity or convection) ഉപയോഗിക്കുന്നത്. ഇത് വലിയ കൂളിംഗ് ടവറുകളുടെ ആവശ്യകത ഇല്ലാതാക്കുന്നു.
എസ്.എം.ആറുകൾ ഫാക്ടറിയിൽ നിർമ്മിച്ചതും ഗതാഗതയോഗ്യവുമാണ്. ഇത് ഘടകങ്ങൾ മുൻകൂട്ടി നിർമ്മിക്കാനും, standardize ചെയ്യാനും, ഒതുക്കമുള്ള രീതിയിൽ ക്രമീകരിക്കാനും അനുവദിക്കുന്നു. വലിയ ഓൺ-സൈറ്റ് നിർമ്മാണത്തിന് പകരം, മൊഡ്യൂളുകൾ സ്ഥലത്ത് വെച്ച് കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത് ഇത് അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതകൾ വളരെ ലളിതമാക്കുന്നു.
പരമ്പരാഗത റിയാക്ടറുകൾക്ക് അവയുടെ കൂളിംഗ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ പുറത്തുനിന്നുള്ള വൈദ്യുതിയുടെ സ്ഥിരമായ വിതരണം ആവശ്യമാണ്. അതേ സമയം SMR-കൾ passive safety features ഉപയോഗിക്കുന്നു. അതായത്, ഒരു അടിയന്തിര സാഹചര്യമുണ്ടായാൽ, പുറത്തു നിന്നുള്ള വൈദ്യുതിയുടെയോ അല്ലെങ്കിൽ മനുഷ്യന്റെ ഇടപെടലിന്റെയോ ആവശ്യമില്ലാതെ അവയ്ക്ക് സ്വയം ഷട്ട് ഡൌൺ ചെയ്യാനും തണുപ്പിക്കാനും കഴിയും. എസ്.എം.ആറുകൾ, സ്വാഭാവികമായ താപ നീക്കം (natural heat removal), ഗുരുത്വാകർഷണത്തെ ആശ്രയിച്ചുള്ള കൂളൻ്റ് വിതരണം തുടങ്ങിയ ആന്തരിക സുരക്ഷാ സവിശേഷതകൾ ഉപയോഗിക്കുന്നു, ഇത് വലിയ അടിയന്തര സംവിധാനങ്ങളുടെയും ബാക്കപ്പ് ജനറേറ്ററുകളുടെയും ആവശ്യകത കുറയ്ക്കുന്നു.
സാധാരണയായി 300 മെഗാവാട്ടിൽ താഴെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ചെറു ഘടക റിയാക്ടറുകളെ താഴെ പറയുന്ന രീതിയിൽ തരം തിരിക്കാം:
1: Microreactors
ട്രക്കിൽ കയറ്റി കൊണ്ടുപോകാൻ കഴിയുന്ന വലുപ്പമുള്ളവയാണിവ. ഏകദേശം 5,000 വീടുകളുള്ള ഒരു ചെറിയ സ്ഥലത്തിന് ആവശ്യമായ വൈദ്യുതി നൽകാൻ ഇവയ്ക്ക് സാധിക്കും.
2: Campus-sized Reactors
ട്രക്കിൽ കൊണ്ടുപോകാൻ കഴിയാത്തത്ര വലിപ്പമുണ്ട്. ഒരു വ്യവസായ പാർക്കിനോ ചെറിയ ഡാറ്റാ സെന്ററിനോ, ഏകദേശം 50,000 വീടുകളുള്ള ഒരു ചെറിയ നഗരത്തിനോ വൈദ്യുതി നൽകാൻ ഇവയ്ക്ക് കഴിയും.
3: Utility Scale reactors
ഏകദേശം 200,000 വീടുകൾ ഉള്ള ഒരു ചെറിയ നഗരത്തിന് വൈദ്യുതി നൽകാൻ ഇവയ്ക്ക് കഴിയും.
4: LMR – Large Modular Reactors
ഏകദേശം ഒരു ദശലക്ഷം വീടുകൾക്ക് വൈദ്യുതി നൽകാൻ ഇവയ്ക്ക് കഴിയും.
HTR-PM, ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ഗ്യാസ് കൂൾഡ് ആയിട്ടുള്ള ഒരു ചെറുകിട മോഡ്യുളാർ തണുപ്പിക്കുന്ന റിയാക്ടറാണ് ആദ്യത്തെ SMR ആയി വിശേഷിപ്പിക്കാവുന്നത്. ഇതിൻ്റെ ഡിസൈൻ ഔട്ട്പുട്ട് ഏകദേശം 210 മെഗാവാട്ട് ആണ്. ഇത് 2021 ഡിസംബറിൽ ഗ്രിഡുമായി ബന്ധിപ്പിച്ചു.
Amazon, Microsoft, Google, Meta തുടങ്ങിയ AI ഭീമന്മാർക്ക് അവരുടെ ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കാൻ വൻതോതിൽ വൈദ്യുതി ആവശ്യമാണ്. ഉദാഹരണത്തിന്, 2020-ൽ, Google-ൻ്റെ ഡാറ്റാ സെൻ്ററുകൾ ഏകദേശം 14.4 ദശലക്ഷം മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. 2024-ൽ, Google-ൻ്റെ ഡാറ്റാ സെൻ്ററുകൾ ഏകദേശം 30.8 ദശലക്ഷം മെഗാവാട്ട് വൈദ്യുതി ഉപയോഗിച്ചു. അതായത്, നാല് വർഷം കൊണ്ട് വൈദ്യുതി ഉപഭോഗം ഇരട്ടിയിലധികമായി വർദ്ധിച്ചു. Google-ൻ്റെ ഡാറ്റാ സെൻ്റർ വൈദ്യുതി ഉപഭോഗം പൊതുവായ ബിസിനസ് വികസനം (സെർച്ച്, യൂട്യൂബ്, ക്ലൗഡ്) കാരണം മുൻപേ തന്നെ കൂടിയിരുന്നെങ്കിലും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കുതിച്ചുചാട്ടം ഈ ആവശ്യകതയെ കാര്യമായി വർധിപ്പിച്ചിട്ടുണ്ട്.
- മൈക്രോസോഫ്റ്റ്, പെൻസിൽവാനിയയിലെ Three Mile Island പ്ലാന്റിലെ ഒരു റിയാക്ടർ പുനരാരംഭിക്കാൻ സഹായിക്കുന്നതിന് ഒരു കരാറിൽ ഒപ്പുവച്ചു.
- ആണവോർജ്ജം ഉപയോഗിച്ച് തങ്ങളുടെ ഡാറ്റാ സെന്ററുകൾക്ക് വൈദ്യുതി നൽകുന്നതിനായി Amazon, Talen Energyയുമായി 17 വർഷത്തെ കരാറിൽ ഏർപ്പെട്ടു.
- ഇല്ലിനോയിസിലെ Constellation Energy Corporation-ന്റെ ക്ലിന്റൺ ആണവ നിലയത്തിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി Meta, 20 വർഷത്തെ കരാർ ഒപ്പിട്ടു.
- അമേരിക്കയുടെ ആണവ റിയാക്ടറുകൾക്ക് വേണ്ടിയുള്ള നിയമങ്ങൾ ലഘൂകരിച്ചുകൊണ്ട് 2050-ഓടെ അമേരിക്കയിലെ ആണവ റിയാക്ടറുകളുടെ എണ്ണം നാലിരട്ടിയാക്കുക എന്ന ലക്ഷ്യം ഡൊണാൾഡ് ട്രംപ് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. അമേരിക്കയുടെ 250 -ാം പിറന്നാളിന്, അതായത് 2026 ജൂലൈ 4-ന് മൂന്ന് SMR-കൾ കമ്മീഷൻ ചെയ്‌തു പ്രവർത്തിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നു.
പല രാജ്യങ്ങളും ആണവ വിഷയത്തിൽ തങ്ങളുടെ ധാരണാ പക്ഷപാതിത്വം വിട്ടുണരുകയാണ്.
- ലോക ബാങ്ക് ആറ് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ആണവ ധനസഹായത്തിനുള്ള വിലക്ക് നീക്കി.
- ലോകോത്തര നിലവാരമുള്ള തങ്ങളുടെ ആണവ നിലയങ്ങൾ ഉപേക്ഷിച്ച ജർമ്മനിയുടെ തീരുമാനം ആധുനിക ചരിത്രത്തിലെ ഏറ്റവും മോശമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു. ഇത് വിലക്കയറ്റത്തിനും ഫാക്ടറികൾ അടച്ചുപൂട്ടുന്നതിനും രാജ്യം റഷ്യൻ വാതകത്തെ ആശ്രയിക്കുന്നതിനും കാരണമായി. ആണവോർജ്ജം ഇല്ലാതാക്കിയത് ഒരു തെറ്റായിപ്പോയെന്ന് പുതിയ ചാൻസലർ ഫ്രീഡ്രിക്ക് മേർസ് സമ്മതിച്ചിട്ടുണ്ട്.
- യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ AI ഡാറ്റാ സെന്ററുകൾക്ക് വൈദ്യുതി നൽകാൻ ലക്ഷ്യമിട്ടുള്ള SMR-കൾ ഉൾപ്പെടെ, ആണവ നിലയങ്ങളുടെ നിർമ്മാണം പ്രഖ്യാപിച്ചിരിക്കുന്നു.
- സ്വീഡൻ 2035-ഓടെ 2.5 ജിഗാവാട്ട് പുതിയ ആണവ ശേഷിക്ക് വേണ്ടിയുള്ള പരിശ്രമം തുടങ്ങിയിരിക്കുന്നു.
- ഡെൻമാർക്ക് 40 വർഷത്തെ നിരോധനം അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളിലാണ്.
- ബെൽജിയം ആണവ ഊർജ്ജം ഘട്ടം ഘട്ടമായി നിർത്തലാക്കാനുള്ള തങ്ങളുടെ പദ്ധതി ഉപേക്ഷിച്ചു.
യൂറോപ്പ്/അമേരിക്ക ഭൂഖണ്ഡത്തിൽ ചെറുകിട മോഡ്യുളാർ റിയാക്ടറുകൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന ചില കമ്പനികൾ ഇവയാണ്:
Rolls-Royce
ദശാബ്ദങ്ങളായി, അവർ ബ്രിട്ടീഷ് റോയൽ നേവിയുടെ ആണവ അന്തർവാഹിനികൾക്ക് ഊർജ്ജം നൽകുന്നതിനായി ചെറുകിട റിയാക്ടറുകൾ നിർമ്മിക്കുന്നുണ്ട്. ഇപ്പോൾ അവർ ഒരു ക്ലാസ് 4 SMR നിർമ്മിക്കുകയാണ്. ഇത് ഫാക്ടറിയിൽ നിർമ്മിച്ച അഞ്ച് ഭീമാകാരമായ മൊഡ്യൂളുകളായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ഈ യൂണിറ്റുകൾ സ്ഥാപിക്കേണ്ട സ്ഥലത്ത് എത്തിച്ചു ലെഗോ ബ്ലോക്കുകൾ പോലെ കൂട്ടിച്ചേർക്കാൻ കഴിയും.
Westinghouse
നിലവിൽ ലോകമെമ്പാടുമുള്ള ഓപ്പറേറ്റിങ് റിയാക്ടറുകളിൽ ഏറ്റവും കൂടുതൽ (67 എണ്ണം) നിർമ്മിച്ചിരിക്കുന്നത് Westinghouse ആണ്. അവർ ഇപ്പോൾ രണ്ട് SMR-കളുടെ നിർമ്മാണത്തിലാണ്: Class 3 AP300, കൂടാതെ, വളരെ കുറഞ്ഞ സ്ഥലമൊരുക്കൽ ആവശ്യമുള്ള, വിദൂര ഖനികൾക്കും സൈനിക താവളങ്ങൾക്കും വൈദ്യുതി നൽകാൻ രൂപകൽപ്പന ചെയ്ത Class 1 eVinci microreactor.
GE Hitachi
ജി.ഇ. ഹിറ്റാച്ചിയുടെ BWRX-300 class 3 ബോയിലിംഗ് വാട്ടർ റിയാക്ടർ കാനഡയിലെ ഒന്റാറിയോ പവർ ജനറേഷൻ്റെ ഡാർലിംഗ്ടൺ സൈറ്റിൽ 2030-ഓടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു.
ഇത് പോലെ പല പ്രൈവറ്റ് കമ്പനികളും കോമ്പറ്റീഷനിൽ ഉണ്ട്- NuScale Power, Nano Nuclear Energy, TerraPower, X-Energy, Natura Resources, Oklo, Last Energy, Kairos Power, Antares Industries, Valar Atomics, Aalo Atomics തുടങ്ങിയവ.
ചില രാജ്യങ്ങൾക്ക്, ആണവ ഊർജ്ജം വിദേശ കമ്പനികളെ ഏൽപ്പിക്കാൻ കഴിയാത്തത്രയും പ്രധാനപ്പെട്ടതാണ്. ആണവം എന്നത് ദേശീയ സുരക്ഷ, ഊർജ്ജം, പ്രതിരോധം, വ്യാവസായിക നയം എന്നിവയെല്ലാം ഒന്നിച്ചു ചേർന്നതാണ്. അതു കൊണ്ടാണ് ചില രാജ്യങ്ങൾ ആണവപരമായ തീരുമാനങ്ങൾ സ്വതന്ത്ര കമ്പോളത്തിന് വിട്ടുകൊടുക്കാത്തത്. പകരം, അവർ ദേശീയ കമ്പനികളെ തിരഞ്ഞെടുക്കുന്നു.
Framatome (France), Rosatom (Russia), China National Nuclear Corporation (China), Korea Electric Power Corporation (Korea) എന്നിവയൊക്കെ അത്തരത്തിൽ ഉള്ള കമ്പനികൾ ആണ്.
ഇവയിൽ, ചൈനയുടെ CNNC ആണ് SMR-കളുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. ഹൈനാൻ ദ്വീപിൽ സ്ഥിതി ചെയ്യുന്ന അവരുടെ Linglong One, 2026-ൽ ഗ്രിഡുമായി ബന്ധിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഇനി ഇന്ത്യയുടെ കാര്യമെടുത്താൽ, ഞാൻ Niti Aayog 2023-ൽ പ്രസിദ്ധീകരിച്ച ചെറുകിട മോഡ്യൂളാർ റിയാക്ടറുകളെ കുറിച്ചുള്ള ഒരു റിപ്പോർട്ട് വായിക്കാനിടയായതാണ് ഈ ലേഖനം എഴുതാൻ തന്നെ കാരണം. 2024-ലെ ബജറ്റ് പ്രസംഗത്തിൽ, ഇന്ത്യയുടെ ആണവോർജ്ജ ശേഷി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭാരത് സ്മോൾ റിയാക്ടറുകൾ (Bharat Small Reactors – BSRs) വികസിപ്പിക്കാനുള്ള പദ്ധതികൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഭാരത് സ്മോൾ റിയാക്ടറുകൾ സ്ഥാപിക്കുന്നതിനും, ചെറുകിട മോഡ്യൂളാർ റിയാക്ടറുകളെയും പുതിയ ആണവ സാങ്കേതികവിദ്യകളെയും കുറിച്ചുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും സർക്കാർ സ്വകാര്യമേഖലയുമായി സഹകരിക്കാനാണ് പദ്ധതിയിടുന്നത്.
കാലാവസ്ഥാ ലക്ഷ്യങ്ങൾ (climate goals) കൈവരിക്കുന്നതിന്, ഊർജ്ജ മേഖലയുടെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് ആണവോർജ്ജത്തിന് ഗണ്യമായി സംഭാവന ചെയ്യാൻ കഴിയും. അതു കൊണ്ട്, ആണവോർജ്ജത്തിൻ്റെ പൂർണ്ണ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾ മെച്ചപ്പെടുത്തേണ്ടത് പ്രധാനമാണ്. ആണവ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന് എസ്.എം.ആറുകൾക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഒരു റിയാക്ടറിന് ആവശ്യമായ ആണവ വസ്തുക്കളുടെ കുറഞ്ഞ അളവ്, standardization വഴിയുള്ള വേഗത്തിലുള്ള നിർമ്മാണം, modularization ഉപയോഗിച്ചുള്ള വേഗത്തിലുള്ള സ്ഥാപിക്കൽ, ദുർഘടമായ സ്ഥലങ്ങളിൽ പോലും വിന്യസിക്കാനുള്ള സാധ്യത, കൂടാതെ, കപ്പാസിറ്റി കൂട്ടാൻ എസ്.എം.ആർ. മൊഡ്യൂളുകൾ ചേർത്തുകൊണ്ടുള്ള ഘട്ടം ഘട്ടമായുള്ള നിർമ്മാണ സാദ്ധ്യതകൾ തുടങ്ങിയ സവിശേഷതകൾ ഉള്ളതിനാൽ, എസ്.എം.ആറുകൾക്ക് ആണവോർജ്ജത്തിന്റെ വ്യാപനം വർദ്ധിപ്പിച്ചുകൊണ്ട് energy transition വേഗത്തിലാക്കാൻ സാധിക്കും. വിവിധ രാജ്യങ്ങളിൽ നിരവധി എസ്.എം.ആർ. രൂപകൽപ്പനകൾ ഗവേഷണം, വികസനം, ലൈസൻസിംഗ് എന്നിവയുടെ വിവിധ ഘട്ടങ്ങളിലായിരിക്കുന്നതിനാൽ, regulatory harmonization, നിർമ്മാണ ആവാസവ്യവസ്ഥയുടെ വികസനം, കൂടാതെ പൊതു-സ്വകാര്യ നിക്ഷേപം എന്നിവ എസ്.എം.ആർ. വ്യവസായത്തിന്റെ വളർച്ചയ്ക്ക് നിർണായകമാകും. ഇതു പോലുള്ള innovations കാരണം ഒരു പക്ഷെ ഭാവിയിൽ ഊർജ്ജ ദൗർലഭ്യത്തിന് പകരം, നമ്മൾ ഒരു ഊർജ്ജ മിച്ചത്തിൽ (energy surplus) എത്തിച്ചേരാൻ സാധ്യതയുണ്ട്.
![]()

