‘തൂപ്പുകാരെ തെരഞ്ഞെടുക്കുമ്പോള്‍ നൂറില്‍ 95 പേരും പട്ടികജാതിക്കാര്‍ ആണോ?’ – സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു


‘നിങ്ങള്‍ അധ്യാപകരില്‍ നൂറുപേരെ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ ഒരാള്‍പോലും പട്ടികജാതിക്കാരന്‍ ആവാതിരിക്കുന്നു. എന്നാല്‍ തൂപ്പുകാരെ തെരഞ്ഞെടുക്കുമ്പോള്‍ നൂറില്‍ 95പേരും പട്ടികജാതിക്കാര്‍ ആവുന്നു’ -എന്ന ഒരു വാദം ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്‌ . ഇതിന്റെ യാഥാര്‍ഥ്യം പരിശോധിക്കുകയാണ് സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി രവിചന്ദ്രന്‍. ‘ആന്റി വൈറസ്’ എന്ന യുട്യൂബ് ചാനലില്‍ രവിചന്ദ്രന്‍ നടത്തിയ ‘ജാതിസത്യം ജഗദ് മിഥ്യ’ എന്ന പ്രഭാഷണത്തിന്റ പ്രസ്‌കത ഭാഗങ്ങള്‍ ഇങ്ങനെ –


‘നിങ്ങള്‍ അധ്യാപകരില്‍ നൂറുപേരെ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ ഒരാള്‍പോലും പട്ടികജാതിക്കാരന്‍ ആവാതിരിക്കുന്നു, എന്നാല്‍ തൂപ്പുകാരെ തെരഞ്ഞെടുക്കുമ്പോള്‍ നൂറില്‍ 95പേരും പട്ടികജാതിക്കാര്‍ ആവുന്നതും’ എങ്ങനെയാണെന്നാണ് ചോദ്യം. ഇങ്ങനെ ഒരു സംഭവം ലോകത്ത് എവിടെയും നിലവിലല്ല. ഇന്ത്യയിലും ഇല്ല, കേരളത്തിലും ഇല്ല. ഇത് അടിസ്ഥാനപരമായി വസ്തുതാവിരുദ്ധമാണ്. കേരളം എടുക്കുക, കേരളത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ ജനസംഖ്യയെന്നത് ഏതാണ്ട് പത്തുശതമാനം ആണ്, സെന്‍സസ് പ്രകാരം. അവര്‍ക്ക് കേരളത്തിലെ പൊതുമേഖലാ സര്‍ക്കാര്‍ സ്ഥാനപനങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ കൃത്യമായി പത്തുശതമാനം, സീറ്റുകള്‍ തന്നെ ലഭിക്കും. ലഭിക്കും, ലഭിച്ചിട്ടുണ്ട്, ലഭിച്ചുകൊണ്ടിരിക്കുന്നു. ഇത് അങ്ങനെ അല്ലെന്ന് ഒരാള്‍ പറഞ്ഞു കഴിഞ്ഞാല്‍, ഇവിടുത്തെ സെലക്ഷന്‍ പ്രോസസ് മുഴവന്‍ ക്രമക്കേടും തെറ്റുമാണെന്ന് തെളിയുകയാണ്.

1997-98 കാലഘട്ടത്തില്‍, കൊല്ലം ജില്ലാ പി.എസ്.സി. ഓഫീസില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത്, എന്റെ സീറ്റിലായിരുന്നു ഈ എല്‍.ജി.എസ്. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റും ജനറല്‍ റിക്രൂട്ട്‌മെന്റും. അപ്പോള്‍ എനിക്ക് കൃത്യമായി പറയാന്‍ കഴിയും. നൂറുകണക്കിന് അല്ല ആയിരിക്കണക്കിന് റിക്രൂട്ട്‌മെന്റ് അല്ലെങ്കില്‍ അഡ്വൈസ് പോകുന്ന ഒരു തസ്തികയാണ് അത്.

അതില്‍ ഹെല്‍പ്പര്‍, അറ്റന്‍ഡര്‍, സ്വീപ്പര്‍ അതുപോലെ തന്നെ, പ്യൂണ്‍ ഒക്കെ വരും. നൂറുപോസ്റ്റുകള്‍ നിങ്ങള്‍ പൊതു മല്‍സരത്തില്‍ വെക്കുകയാണെങ്കില്‍, അതില്‍ ഈ പറയുന്ന പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് 95 ശതമാനം സീറ്റുകള്‍ കിട്ടും എന്ന് കരുതുന്നുണ്ടോ? . പ്രായോഗിക തലത്തില്‍ ചിന്തിച്ചാല്‍ അതിന് യാതൊരു സാധ്യതയുമില്ല. കാരണം അത്ര പൊരിപ്പന്‍ മല്‍സരമാണ് ഈ പോസ്റ്റുകളിലേക്ക് നടക്കുന്നത്.

ഞാന്‍ എല്‍.ജി.എസില്‍ ഇരുന്ന സമയത്ത്, എനിക്ക് ഓര്‍മ്മയുണ്ട്, അതിന്റെ കട്ട്ഓഫ് മാര്‍ക്ക്, ജനറല്‍ കാറ്റഗറിയില്‍ 93 ആയിരുന്നു. അത്രയും ഉയര്‍ന്ന മാര്‍ക്ക് ജനറല്‍ കാറ്റഗറിയില്‍ വരണമെങ്കില്‍ എത്ര ശക്തമായ നടക്കുന്നതെന്ന് ആലോചിച്ച് നോക്കുക. പട്ടിക ജാതിക്കാര്‍ മാത്രമാണ് ഈ ജോലിചെയ്യുന്നത് ഒരു വ്യാജ പ്രചാരണം മാത്രമാണ്. ഇന്നത്തെ കേരളത്തിന്റ സാമൂഹിക യാഥാര്‍ഥ്യങ്ങളുമായി യാതൊരു തരത്തിലും പൊരുത്തപ്പെടാത്ത ഒരു വാദമാണ് ഇതെല്ലാം. അങ്ങനെയാണെങ്കില്‍ സംവരണം, റിക്രൂട്ട്‌മെന്റ്, നടപടികള്‍ എന്നിവയൊക്കെ ക്രമക്കേടുകള്‍ നിറഞ്ഞതാണ് എന്ന് വ്യക്തമാണ്. കേരളത്തില്‍ ഒരിക്കലും ഒരു സ്വീപ്പര്‍ തസ്തികയിലോ, ഹെല്‍പ്പര്‍ തസ്തികയിലോ, 90-95 ശതമാനം പട്ടിക ജാതിക്കാര്‍ക്ക് നിയമനം കിട്ടില്ല. ആ സീറ്റ് ആര്‍ക്കും വേണ്ടാത്ത സീറ്റ് അല്ല. ആ സീറ്റിനായിട്ട് അടിപിടിയാണ്. ഏതാണ്ട് ഇരുപതിനായിരം രൂപ ശമ്പളം സ്റ്റാര്‍ട്ടിങ്ങ് സാലറി കിട്ടുന്ന സീറ്റാണ്. മറ്റ് ആനുകൂല്യങ്ങള്‍, പെന്‍ഷന്‍… നിങ്ങള്‍ കരുതുന്നപോലെ ഇതൊരു കുറഞ്ഞ ജോലിയൊന്നുമല്ല. അതൊക്കെ ചില ധാരണയാണ്.

ഇനി രണ്ടാമത്തേത്. അധ്യാപകരില്‍ നൂറുപേരെ നിയമിക്കുമ്പോള്‍ ഒരാള്‍പോലും പട്ടികജാതിക്കാരന്‍ അല്ലെന്നാണ് ഈ പറഞ്ഞ ഉദ്ധരണിയുടെ രണ്ടാം ഭാഗം. അതും അതുപോലെതന്നെ തെറ്റാണ്. നൂറ് അധ്യാപകരെ കേരളത്തില്‍ എവിടെ നിയമിച്ചാലും, അതായത് പൊതുമേഖല – സര്‍ക്കാര്‍ തലത്തില്‍ നിയമിച്ചാല്‍, പത്തുശതമാനം പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ ആയിരിക്കണം. നിര്‍ബന്ധമാണത് അത്. അങ്ങനെ മാത്രമേ നിയമിച്ചിട്ടുള്ളു. മിനിമം പത്തുശതമാനം. അത് എല്‍പി യുപി അസിസ്റ്റന്റ് ആവട്ടെ, നഴ്‌സറി തലത്തില്‍ ആവട്ടെ, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആവട്ടെ, കോളജ്തലത്തില്‍ ആവട്ടെ, പാര്‍ട്ട് ടൈം ജൂനിയര്‍ ടീച്ചേഴ്‌സ് ആയിക്കൊള്ളട്ടേ, എവിടെയാണെങ്കിലും പത്തുശതമാനം അധ്യാപകര്‍ എസ്.ഇ. എസ്.ടി. ആയിരിക്കും. പിന്നെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വേറെയും നടക്കുന്നുണ്ട്. ജനറല്‍ കാറ്റഗറിയില്‍ നേടാവുന്ന സീറ്റുകള്‍ അടക്കം മിനിമം 12, 13 ശതമാനം അധ്യാപകര്‍ കേരളത്തില്‍ പട്ടികജാതിക്കാര്‍ ആണ്. അതില്‍ യാതൊരു സംശയവുമില്ല. 1936 മുതല്‍ ഇവിടെയുള്ള സംവരണമാണ്. ഇങ്ങനെയാണ് റോട്ടേഷന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ചെയ്യുന്നത്. അപ്പോള്‍ നൂറ് അധ്യാപകരെ നിയമിക്കുമ്പോള്‍ ഒറ്റ പട്ടികജാതിക്കാരന്‍ പോലും ഇല്ല എന്ന് പറയുന്നത് എത്ര വസ്തുതാവിരുദ്ധമായ പ്രസ്താവനയാണ്.

വളരെ മിതമായ ഭാഷയില്‍ അങ്ങനെയേ പറയാന്‍ കഴിയൂ. അതിനെ നമുക്ക് ഒരു നുണ എന്നുപോലും വിളിക്കാന്‍ കഴിയില്ല. നുണ എന്നു പറയുന്നത് കുറേയൊക്കെ സത്യവുമായി അടുത്ത് നില്‍ക്കുന്നുവെന്ന പ്രതീതിയെങ്കിലും ഉണ്ടാക്കാറുണ്ട്. ഇതിനകത്ത് അങ്ങനെയൊരു സംഗതിയുമില്ല. – സി രവിചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

ജാതിസത്യം ജഗദ് മിഥ്യ‘ എന്ന പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ കാണാം –  https://youtu.be/GzWU9AuSX_Y

Loading