ബുദ്ധമതത്തില്‍ ജാതി വിവേചനം ഉണ്ടായിരുന്നില്ലേ?; ചണ്ഡാളരെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം ബ്രാഹ്മണര്‍ക്ക് മാത്രമോ? – ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു


ചണ്ഡാളരെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം എങ്ങിനെയാണ് ബ്രാഹ്മണരുടെ മാത്രമാകുന്നത്? ‘First of all the outcast is a creation of Brahmanism’ എന്ന് അംബേദ്ക്കര്‍ പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. ബുദ്ധിസവും കര്‍മ്മ സിദ്ധാന്തത്തെ അനുകൂലിക്കയാണ്. അയിത്തത്തിന്റെ കാര്യകാരണങ്ങള്‍ പറയുമ്പോള്‍ എന്തുകൊണ്ടാണ് ബുദ്ധിസത്തെ ഒഴിവാക്കുന്നത്? ഡോ മനോജ് ബ്രൈറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ബുദ്ധന്‍ വര്‍ണ്ണ വ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള കര്‍മ്മ സിദ്ധാന്തത്തെ അനുകൂലിക്കുകയും, പ്രചരിപ്പിക്കുകയും മാത്രമല്ല ചെയ്തത്, ചില തൊഴിലുകളെയും, അതില്‍ ഏര്‍പ്പെടുന്ന ആളുകളെയും മോശമായി കണക്കാക്കുകയും ചെയ്തിരുന്നു. ബുദ്ധന്‍ മാംസ ഭക്ഷണം വിലക്കിയില്ലെങ്കിലും ജീവഹത്യയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്ന കശാപ്പുകാര്‍, നായാട്ടുകാര്‍, മുക്കുവര്‍, ആരാച്ചാര്‍മാര്‍ തുടങ്ങിയവരൊക്കെ ധര്‍മ്മനുഷ്ഠാനമില്ലാത്തവരായാണ് അദ്ദേഹം കണക്കാക്കിയത്. ബുദ്ധമതത്തില്‍ കശാപ്പ്, നായാട്ട്, മീന്‍ പിടുത്തം മുതലായവയൊക്കെ തരം താണ ജോലികളാണ്. ബുദ്ധന്റെ സമകാലികനായ ഗുരുവായ പുരാണ കാശ്യപനും (ഇദ്ദേഹവും വേദങ്ങളില്‍ നിന്ന് തെറ്റിപ്പോയ സമാന്തര ചിന്തയുടെ ആളാണ്.) ഈ തൊഴിലുകള്‍ ചെയ്യുന്നവരെ നികൃഷ്ടരായാണ് കണക്കാക്കുന്നത്. കറുത്ത ജാതി എന്നാണ് പുരാണ കാശ്യപന്‍ അത്തരക്കാരെ വിശേഷിപ്പിക്കുന്നതെന്ന് ബുദ്ധന്‍ സൂചിപ്പിക്കുന്നുണ്ട്. ഹിംസ ചെയ്യുന്നവര്‍/അനുബന്ധ തൊഴിലുകള്‍ ചെയ്യുന്നവര്‍
അധഃകൃതരാണ് എന്ന ധാരണ പണ്ടേ ഉണ്ടായിരുന്നു എന്നര്‍ത്ഥം. (അംബേദ്ക്കര്‍ പറയുന്നപോലെ ബ്രാഹ്മണര്‍ മാംസഭക്ഷണം നിര്‍ത്തിയ ശേഷമൊന്നുമല്ല ഇവിടെ അധഃകൃത ജനങ്ങള്‍ ഉണ്ടാകുന്നത്.)

അധകൃതര്‍ താമസിച്ചത് നഗരത്തിന് പുറത്ത്

പാലി പ്രമാണങ്ങള്‍ കഴിഞ്ഞാല്‍ ഥേരാവാദ ബുദ്ധമതത്തിന്റെ പ്രധാന ഗ്രന്ഥമാണ് അഞ്ചാം നൂറ്റാണ്ടില്‍ ശ്രീലങ്കയില്‍ ബുദ്ധഘോഷന്‍ എഴുതിയ വിശുദ്ധി മഗ്ഗ. ഈ ഗ്രന്ഥത്തില്‍ പല സ്ഥലത്തും ബുദ്ധഘോഷന്‍ ശരീരത്തോടുള്ള അറപ്പ് വിശദീകരിക്കാന്‍ ചണ്ഡാള ജാതികളെയാണ് ഉപമയായി ഉപയോഗിക്കുന്നുണ്ട്. (ബ്രാഹ്മണര്‍ ഇല്ലാത്ത ശ്രീലങ്കയിലും ചണ്ഡാളരെ ഉപമയായി ചൂണ്ടിക്കാട്ടുന്നതില്‍ നിന്ന് അവരുടെ സഹായമില്ലാതെയും അവിടെ അത്തരം ആളുകള്‍ ഉണ്ടായിരുന്നു എന്നും ആളുകള്‍ അവരെ നികൃഷ്ടരായി കണക്കാക്കിയിരുന്നു എന്നും തെളിയുന്നു.)

ബൗദ്ധ കാലഘട്ടത്തില്‍ ചണ്ഡാളരോടുള്ള പെരുമാറ്റം എങ്ങനെയായിരുന്നു എന്ന് ജാതകകഥകളില്‍ കാണാം. ശ്വേതകേതു ജാതക എന്ന ജാതക കഥയില്‍ ശ്വേതകേതു എന്ന ബ്രാഹ്മണന്‍ തനിക്ക് എതിരെ വരുന്ന ഒരു ചണ്ഡാളനോട് അയാളുടെ ദേഹത്ത് തട്ടിയ കാറ്റ് തന്റെ ദേഹത്ത് തട്ടാതിരിക്കാന്‍ വഴി മാറിപ്പോകാന്‍ പറയുന്നുണ്ട്. (സമാനമായ ഒരു കഥ പില്‍ക്കാലത്ത് ശങ്കരാചാര്യരെക്കുറിച്ചും ഉണ്ടായിട്ടുണ്ട്.) മാതംഗ ജാതകഎന്ന കഥയില്‍ ഒരു ധനിക സ്ത്രീ ഒരു ചണ്ഡാളനെ കാണാനിടയായതില്‍ തന്റെ കണ്ണുകള്‍ സുഗന്ധജലം കൊണ്ട് കഴുകുകയും, ആ ചണ്ഡാളനെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്യുന്നുണ്ട്. സമാനമായ ഒരു സംഭവം ചിത്ത സംഭുത്ത ജാതക എന്ന കഥയിലും ആവര്‍ത്തിക്കുന്നുണ്ട്. രണ്ടു ചണ്ഡാളരെ കാണാനിടയാകുന്ന ഒരു സ്ത്രീ അവരുടെ കണ്ണുകള്‍ സുഗന്ധജലം കൊണ്ട് ശുദ്ധിയാക്കുന്നു. ചുറ്റും കൂടുന്ന ആളുകള്‍ ചണ്ഡാളരെ മര്‍ദ്ദിക്കുകയും ചെയ്യുന്നു. ഇതേ കഥയില്‍ തന്നെ ഒരാള്‍ ഈ ചണ്ഡാളരെ ജാതിദോഷം വന്നവര്‍ എന്ന് ആക്ഷേപിക്കുന്നുമുണ്ട്. ഈ കഥയില്‍ തന്നെ രണ്ടു കാലില്‍ നടക്കുന്ന ജീവികളില്‍ ഏറ്റവും നികൃഷ്ടര്‍ ചണ്ഡാളരാണ് എന്നും, മുജ്ജന്മത്തിലെ കര്‍മ്മഫലമാണ് അത്തരമൊരു ജന്മത്തിനു കാരണമെന്നും പറയുന്നുണ്ട്.

സഞ്ചാരിയായ ഫാഹിയാന്‍ (AD 400) ബുദ്ധിസ്റ്റ് രാജാക്കന്മാര്‍ ഭരിക്കുന്ന രാജ്യങ്ങളിലെ അധഃകൃതരെ കുറിച്ച് വിവരിക്കുന്നുണ്ട്. ചണ്ഡാളരല്ലാതെ ആരും ജന്തുഹത്യ ചെയ്യുകയോ, മദ്യപിക്കുകയോ ചെയ്യുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. അവര്‍ നഗരത്തിനു പുറത്താണ് താമസിക്കുന്നത്. നഗരത്തില്‍ പ്രവേശിക്കാന്‍ അവര്‍ ശബ്ദമുണ്ടാക്കണം. ചണ്ഡാളര്‍ മാത്രമാണ് മത്സ്യമാംസാദികളില്‍ കച്ചവടം നടത്തുന്നത്. ബുദ്ധിസം ഇവിടെ ചുവടുറപ്പിച്ചു കഴിഞ്ഞ് നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് ഫാഹിയാന്‍ ഇന്ത്യയിലെ ബുദ്ധിസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് എന്നാലോചിക്കണം. ‘തുല്യതയുള്ള ജാതിരഹിത സമൂഹം’ ഇവിടെ ഉണ്ടായിരുന്നു എന്ന് നമ്മുടെ ബുദ്ധിജീവികള്‍ പറയുന്ന കാലം. ആ കാലത്തു നടക്കുന്ന സംഭവങ്ങളാണ് ചിലര്‍ ബ്രാഹ്മണരുടെ തലയില്‍ കെട്ടിവയ്ക്കുന്നത്. ഫാഹിയാന്‍ പ്രത്യേകം എടുത്തു പറയുന്ന ഒരു കാര്യം അദ്ദേഹം സഞ്ചരിച്ച ദേശങ്ങളില്‍ ബുദ്ധന്റെ കാലം മുതല്‍ ഇതുവരെ (ഫാഹിയാന്റെ കണക്കു പ്രകാരം ആയിരത്തോളം വര്‍ഷങ്ങള്‍) ബുദ്ധമാര്‍ഗ്ഗം തടസ്സമില്ലാതെ ആചരിക്കപ്പെട്ടിരുന്നു എന്നതാണ്. യമുനയുടെ കിഴക്ക് ബുദ്ധവിശ്വാസിയല്ലാത്ത ഒരൊറ്റ രാജാവിനെപ്പോലും കണ്ടില്ല എന്നാണ് ഫാഹിയാന്‍ പറയുന്നത്. അങ്ങനെ ആയിരത്തോളം വര്‍ഷങ്ങള്‍ ഇടതടവില്ലാതെ ബുദ്ധമാര്‍ഗ്ഗം ആചരിച്ചിരുന്ന നാട്ടിലാണ് നഗരത്തിനു പുറത്ത് ചില ജാതികള്‍ താമസിക്കുന്നത്. അവര്‍ക്ക് നഗരത്തിലേക്ക് കടക്കാന്‍ പ്രത്യേകം ശബ്ദമുണ്ടാക്കേണ്ടി വരുന്നത്.

ഉള്ളിയും വെളുത്തുള്ളിയും കഴിക്കുന്നവരും ബഹിഷ്‌കൃതര്‍

ഹുയാങ്ങ് സാങ്ങ് (602-664) എത്തുന്ന കാലത്ത് ഇവിടെ ബുദ്ധമതം ക്ഷയിച്ചു തുടങ്ങിയിരുന്നു എങ്കിലും ബുദ്ധവിശ്വാസിയല്ലാത്ത രണ്ടു രാജാക്കന്മാരെ മാത്രമാണ് അദ്ദേഹവും സൂചിപ്പിക്കുന്നത്. ഉള്ളി, വെളിത്തുള്ളി പോലുള്ളവയും, ചില തരം മാംസങ്ങള്‍ കഴിക്കുന്നവരും സമൂഹത്തില്‍ നിന്നു ബഹിഷ്‌ക്രിതരായിരുന്നു എന്ന് അദ്ദേഹവും സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹവും ചണ്ഡാളര്‍ നഗരത്തിനു പുറത്താണ് വസിക്കുന്നതെന്ന കാര്യം പറയുന്നുണ്ട്.

എല്ലാ ബുദ്ധിസ്റ്റ് രാജ്യങ്ങളിലും (ഥേരാവാദ, മഹായാന, ടിബറ്റന്‍ ബുദ്ധിസം ഏതായാലും) പൊതുവായുള്ള ഒരു കാര്യമുണ്ട്. അവിടെയെല്ലാം അധഃകൃരായ ആളുകളുണ്ട്. ഇവര്‍ എല്ലാവരും തന്നെ ജീവഹത്യയുമായി ബന്ധപ്പെട്ട, ബുദ്ധന്‍ നിഷിദ്ധമായി കണക്കാക്കുന്ന തൊഴിലുകള്‍ ചെയ്യുന്ന നായാടികള്‍, മുക്കുവര്‍, കൊല്ലപ്പണിക്കാര്‍, കശാപ്പുകാര്‍, ആരാച്ചാര്‍, തുകല്‍പ്പണിക്കാര്‍ മുതലായവരാണ്. അവരെല്ലാം പൊതുസമൂഹത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടിരുന്നു. അവരെല്ലാം അവിടങ്ങളിലെ ദളിതരാണ്. പലരും കരുതുന്ന പോലെ അസ്പൃശ്യരായ ജനവിഭാഗങ്ങള്‍ ഇന്ത്യയില്‍ മാത്രമൊന്നുമല്ല ഉണ്ടായിരുന്നത്. ലഡാക്കിലെ ബീഡകള്‍, ജപ്പാനിലെ ബുറാക്കുമിന്‍ (Burakumin), ടിബറ്റിലെ റാഗ്യപ്പ (Ragyapa), കൊറിയയിലെ പീക്ക്‌ചോംഗ് (Paekchong), ശ്രീലങ്കയിലെ റോഡിയ (Rodiya) ഒക്കെ ഇത്തരം ‘നികൃഷ്ട്ട’ ജോലികള്‍ ചെയ്തിരുന്ന അധഃകൃരാണ്. അസ്പൃശ്യരുള്ള ഈ രാജ്യങ്ങളിലൊന്നും ബ്രാഹ്മണരോ, ചാതുര്‍വര്‍ണ്യമോ ഉണ്ടായിരുന്നുമില്ല.

അതായത് ചില തരം മാംസം കഴിക്കുന്നവരും (പശു, പന്നി), ജീവഹത്യയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ചെയ്യുന്നവരും (കൊല്ലന്‍, നായാടി, കശാപ്പുകാരന്‍, തുകല്‍പ്പണിക്കാരന്‍ മുതലായവര്‍ ) ബുദ്ധിസ്റ്റ് ലോകത്ത് എല്ലായിടത്തും അധഃകൃതരായിരുന്നു. അവര്‍ സമൂഹത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടിരുന്നു. ഇങ്ങനെ ചിലരെ ബഹിഷ്‌ക്രിതരാക്കിയവര്‍ ആരായിരിക്കും?

അംബേ്ദര്‍ക്കര്‍ പറയുന്നത് എത്രമാത്രം ശരിയുണ്ട്?

”ബുദ്ധിസ്റ്റ് ഇന്ത്യയില്‍” (ബുദ്ധിസം ഇന്ത്യയില്‍, വിശേഷിച്ചും അശോകന്റെ ഒക്കെ കാലത്തും അതിനു ശേഷവും ഏറെ കാലം വെന്നിക്കൊടി പാറിച്ചിരുന്നു എന്നാണല്ലോ പറയപ്പെടുന്നത്. (Buddhism was at one time the religion of the majority of the people of India. It continued to be the religion of the masses for hundreds of years. It attacked Brahmanism on all sides as no religion had done before എന്ന് അംബേദ്കര്‍.) ചില വിഭാഗം ജനങ്ങള്‍ അധഃകൃതരായതിനു പിന്നിലെ ബുദ്ധിസ്റ്റ് സ്വാധീനം ചര്‍ച്ചചെയ്യപ്പെടേണ്ടെ?

എല്ലാ ബുദ്ധിസ്റ്റ് രാജ്യങ്ങളിലും ബുദ്ധിസം കൊണ്ട് അയിത്തവും, വിവേചനവും ഉണ്ടാകാമെങ്കില്‍ ഇവിടെ മാത്രം ഈ കാര്യം വിശദീകരിക്കേണ്ടിവരുമ്പോള്‍ എന്തുകൊണ്ടാണ് ബുദ്ധിസത്തെ ഒഴിവാക്കുന്നത്? ചണ്ഡാളരെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം എങ്ങിനെയാണ് ബ്രാഹ്മണരുടെ മാത്രമാകുന്നത്? ‘First of all the outcast is a creation of Brahmanism’ എന്ന് അംബേദ്ക്കര്‍ പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. ബ്രാഹ്മണര്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമൊന്നുമല്ല അധഃകൃത ജനങ്ങള്‍ ഉണ്ടായിരുന്നത്. എല്ലായിടത്തും പൊതുവായി ഉണ്ടായിരുന്നത് ബുദ്ധിസമാണ്. ബുദ്ധിസം ഉണ്ടായിരുന്ന രാജങ്ങളിലെല്ലാം അസ്പൃശ്യരുണ്ടായിരുന്നു എന്നത് ഒരു വിരോധാഭാസമാണ്.

കാരുണ്യത്തിന്റെ മതം എന്നൊക്കെ പുകഴ്ത്തപ്പെടുന്ന ബുദ്ധിസം ഉള്ളിടത്തൊക്കെ അധഃകൃത ജനങ്ങളുണ്ടാകുന്നത് എങ്ങനെ വിശദീകരിക്കും? ബുദ്ധിസമുണ്ടായിരുന്ന എല്ലാ രാജ്യങ്ങളിലും ബുദ്ധിസം കൊണ്ട് അയിത്തവും, വിവേചനവും ഉണ്ടാകാമെങ്കില്‍, ബുദ്ധവചനങ്ങളില്‍ തന്നെ അതിനുള്ള വ്യക്തമായ സൂചനകളുള്ളപ്പോള്‍, അയിത്തത്തിന്റെ കാര്യകാരണങ്ങള്‍ പറയുമ്പോള്‍ എന്തുകൊണ്ടാണ് ബുദ്ധിസത്തെ ഒഴിവാക്കുന്നത്?

ബോധിവൃക്ഷത്തിലെ മുള്ളുകള്‍- ബുദ്ധമതം വിമര്‍ശിക്കപ്പെടുന്നു.

Loading


Leave a Reply

Your email address will not be published. Required fields are marked *