“അനിശ്ചിതത്വങ്ങളെ കൈകാര്യം ചെയ്യാൻ, മനുഷ്യ മസ്തിഷ്കം പരിണമിച്ചതിലൂടെ രൂപപ്പെട്ട, വൈകാരികമായ ആശ്വാസം, നിയന്ത്രണബോധം, ദുരന്തങ്ങൾക്കുള്ള വിശദീകരണം, സാമൂഹികമായ അടുപ്പം എന്നിവ നൽകുന്നതുകൊണ്ടാണ് ആളുകൾ വിശ്വസിക്കുന്നത്, അതിപ്പോ ദുർമന്ത്രവാദം, അന്ധവിശ്വാസങ്ങൾ എന്നതോ സാധാരണ വിശ്വാസങ്ങൾ എന്നതോ തമ്മിൽ വ്യത്യാസമില്ല. എല്ലാ വിശ്വാസങ്ങളും അന്ധമാണ്.”
പ്ലാസിബോ വിൽക്കുന്ന മന്ത്രവാദികളും ബയസ്ഡ് ആയ പോലീസുകാരും
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ റിട്ടയേർഡ് പോലീസ് എസ്.പി ജോർജ്ജ് ജോസഫ് സംസാരിക്കുന്നത് കേൾക്കുകയായിരുന്നു.
അദ്ദേഹം അന്വേഷിച്ച പല കേസുകളെക്കുറിച്ചു കേൾക്കാൻ രസമായിരുന്നെങ്കിലും ചില കാര്യങ്ങൾ കല്ലുകടി ആയി. ജയറാം പടിക്കലിനെ അദ്ദേഹം ബഹുമാനത്തോടെ കാണുന്നു. കേരളത്തിൽ ഒരു ദുരന്തമായി മാറുമായിരുന്ന നക്സൽ പ്രസ്ഥാനത്തിന്റെ മുനയൊടിച്ചതിന് ജയറാം പടിക്കലിന് ഒരു വലിയ സ്ഥാനമുണ്ട് എന്ന് അദ്ദേഹം പറയുന്നു. എന്നാലും ഈച്ചരവാരിയര്‍ എഴുതിയ ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ച ആർക്കും ജയറാം പടിക്കലിനെ ഇഷ്ടപ്പെടാൻ തരമില്ല.
23 വയസ്സിന് ശേഷം മാത്രമേ പ്രേമിക്കാവൂ എന്നാണ് ജോർജ്ജ് ജോസഫിന്റെ അഭിപ്രായം. അത് പോലെ സ്വവഗാനുരാഗികൾ ആയിട്ടുള്ളവർ ചെയ്‌ത ഒരു കൊലപാതകത്തെ ചൂണ്ടി കാണിച്ചു സ്വവർഗാനുരാഗത്തെത്തന്നെ റദ്ദു ചെയ്യുന്ന ഒരു നിലപാടും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ എതിർലിംഗത്തോട് ആകർഷണം തോന്നുന്നവർ അല്ലേ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ…
ബയസ് ഉള്ള ചിന്താരീതി ആയിരിക്കാം പോലീസ് പണിക്ക് എളുപ്പം. ഉദാഹരണത്തിന് സംസ്ഥാനത്ത് പുതുവത്സര പാർട്ടികളിൽ ഗസ്റ്റുകൾ മയക്കു മരുന്ന് ഉപയോഗിച്ചാൽ ഹോട്ടൽ ഉടമകൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് കർശന നിർദ്ദേശം കൊടുക്കുമ്പോൾ തലവേദന എടുക്കാൻ വയ്യാത്തത് കൊണ്ട് കോടിക്കണക്കിന് വരുന്ന ബിസിനസ് വേണ്ടാന്ന് വയ്ക്കുകയാണ് ഹോട്ടലുകാർ ന്യൂ ഇയറിന് ചെയ്യുക. വളരെ കുറച്ചു മാത്രം കുറ്റകൃത്യം നടക്കാൻ സാധ്യത ഉള്ള കാര്യത്തെ ഇല്ലാതാക്കാൻ മുഴുവൻ ആളുകളും വില കൊടുക്കണം. പ്രേമിച്ച് വഞ്ചിച്ചു കേസ് ആകുന്നതിനേക്കാൾ നല്ലതാണ് പ്രേമിക്കാതെയിരുന്നാൽ എന്നായിരിക്കാം ആ ചിന്താരീതി. കുറ്റകൃത്യത്തെ തടയാൻ കുറ്റകൃത്യം സംഭവിക്കാൻ ഒരു സാധ്യതയും ഇല്ലെങ്കിൽ എളുപ്പമാണ്. അത് കൊണ്ടായിരിക്കാം അവർ അപരാധികളെയും നിരപരാധികളെയും പോലീസ് കണ്ണുകളിലൂടെ നോക്കുന്നത്, പലപ്പോഴും അത് വ്യക്തിസ്വാതന്ത്ര്യത്തിന് നേരെ ഉള്ള കടന്നുകയറ്റം ആണെങ്കിലും.
ലോകത്തു ഇല്ലാത്ത “നാഗമാണിക്യം” അന്വേഷിച്ചു പോയ തന്റെ ഒരു സഹപ്രവർത്തകനെക്കുറിച്ചും ചാത്തനേറ് കള്ളത്തരം എങ്ങനെ പൊളിച്ചു തുടങ്ങി പല അന്ധവിശ്വാസ കേസുകളും അദ്ദേഹം ഓർക്കുന്നു. ഒരു സംഭവത്തിൽ കൊലപാതകം ചെയ്‌ത ഒരു പ്രതി എന്തൊക്കെ കിണഞ്ഞു പ്രയത്നിച്ചിട്ടും കുറ്റം സമ്മതിക്കുന്നില്ല. പിന്നീട് ആണ് മനസ്സിലായത് ആൾ ഒരു മന്ത്രവാദി ജപിച്ചു കൊടുത്ത തകിട് കെട്ടിയിട്ടുണ്ട്. അതാണ് ഇത്ര ആത്മവിശ്വാസം. ജോർജ്ജ് ജോസഫ് പ്രസ്‌തുത മന്ത്രവാദിയെ കാണുന്നു, അയാളുമായി നല്ല സൗഹാർദ്ദത്തിൽ ആകുന്നു. തകിടിനോ തനിക്കോ യാതൊരു സിദ്ധിയും ഇല്ലെന്നും ഇതൊക്കെ പണം ഉണ്ടാക്കാൻ ഉള്ള ഓരോ കുറുക്കു വഴികൾ അല്ലേയെന്ന് മന്ത്രവാദി ജോർജ്ജ് ജോസഫിനോട് പറയുന്നു. അന്ധവിശ്വാസ സംബന്ധമായ പല കേസുകളും കൈകാര്യം ചെയ്‌തിട്ടുള്ളത് കൊണ്ടാവും, മനുഷ്യർക്ക് വിശ്വാസം അത്ര വേണ്ട എന്നും ശാസ്ത്രീയ ചിന്താരീതി ആണ് വേണ്ടതെന്നും ജോർജ്ജ് ജോസഫ് പറയുന്നു.
മന്ത്രവാദം, ദുർമന്ത്രവാദം, അന്ധവിശ്വാസങ്ങൾ ഇവയ്‌ക്കെല്ലാം സാധാരണ വിശ്വാസികൾ പോലും എതിരാണ്. എന്നാൽ വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പ്, വിശ്വാസം പോലെ തന്നെ കനം കുറഞ്ഞതാണ്. വിശ്വാസം മനുഷ്യന്റെ ഒരു അവിഭാജ്യ പ്രതിഭാസമാണ്. ഇതിന് മനഃശാസ്ത്രപരവും സാമൂഹികവും പരിണാമപരവുമായ ഘടകങ്ങളുണ്ട്.
Cognitive biases and Pattern recognition
മനുഷ്യൻ പാറ്റേണുകൾ തേടുന്ന ജീവിയാണ്. അർത്ഥമില്ലാത്ത കാര്യങ്ങളിൽ പോലും അർത്ഥം കണ്ടെത്താനാണ് തലച്ചോറ് പരിണാമത്തിലൂടെ ശീലിച്ചിരിക്കുന്നത്.
Agenticity: സംഭവങ്ങൾക്ക് പിന്നിൽ ഒരു ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ശക്തി (ഉദാഹരണത്തിന്: ശാപം, പ്രേതം, ദൈവം) ഉണ്ടെന്ന് വിശ്വസിക്കാനുള്ള പ്രവണത.
Apophenia: യാദൃച്ഛികമായ സംഭവങ്ങളിൽ പോലും ബന്ധങ്ങളോ പാറ്റേണുകളോ കാണുന്നത്. പണ്ട് കോളേജിൽ പഠിക്കുമ്പോ എന്റെ കൂട്ടുകാരന്റെ കറുത്ത ഷർട്ട് ഇട്ടും കൂടാതെ ഒരു പെൺകുട്ടി മഞ്ഞ ചൂരിദാർ ഇട്ടു വന്നാലും പരീക്ഷ എളുപ്പമാവും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു. എനിക്ക് പരീക്ഷ ഉള്ള ദിവസങ്ങളിൽ മഞ്ഞ ചൂരിദാർ ഇട്ടു വരാൻ ആ പെൺകുട്ടിയോട് അഭ്യർത്ഥിച്ചത് ഓർക്കുന്നു.
Confirmation Bias: ഒരാൾക്ക് മാന്ത്രികതയിലോ ശാപങ്ങളിലോ വിശ്വാസം വന്നാൽ, അവരുടെ വിശ്വാസത്തെ സ്ഥിരീകരിക്കുന്ന തെളിവുകൾ മാത്രം അവർ ശ്രദ്ധിക്കുകയും അതിനെതിരായ കാര്യങ്ങൾ അവഗണിക്കുകയും ചെയ്യുന്നു.
Need for control in uncertainty or crisis
മനുഷ്യർക്ക് ഉത്തരങ്ങൾ കിട്ടിയില്ലെങ്കിൽ അവർ അസ്വസ്ഥരാവും. വിശദീകരിക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത സാഹചര്യങ്ങളെ (രോഗം, സാമ്പത്തിക നഷ്ടം, മരണം, വന്ധ്യത) ആളുകൾ അഭിമുഖീകരിക്കുമ്പോൾ, അവർ അതിൽ ഒരു അർത്ഥം തേടുന്നു.
അന്ധവിശ്വാസങ്ങളും മാന്ത്രികതയും മിഥ്യയാണെങ്കിൽ പോലും ഒരു നിയന്ത്രണബോധം നൽകുന്നു. ഇത് ശാസ്ത്രീയ സാക്ഷരത കുറഞ്ഞതോ അതല്ലെങ്കിൽ സുരക്ഷിതത്വം കുറഞ്ഞതോ ആയ സമൂഹങ്ങളിൽ സാധാരണമാണ്.
Childhood conditioning and social learning
കുട്ടികൾ Critical thinking വികസിപ്പിക്കുന്നതിന് മുമ്പു തന്നെ വിശ്വാസങ്ങൾ പലപ്പോഴും കുടുംബങ്ങളിലൂടെയോ സാംസ്‌കാരിക ഇടങ്ങളിലൂടെയോ കൈമാറ്റം ചെയ്യപ്പെടുന്നു.
അധികാര സ്ഥാനങ്ങളിലുള്ളവർ (മാതാപിതാക്കൾ, മുതിർന്നവർ, പുരോഹിതന്മാർ) പറയുന്നത് കുട്ടികൾ വിശ്വസിക്കുന്നു.
അന്ധവിശ്വാസങ്ങളോടുള്ള ആവർത്തിച്ചുള്ള സമ്പർക്കം മാന്ത്രിക ചിന്തയെ സാധാരണവൽക്കരിക്കുന്നു.
Thinking fast and slow by Daniel Kahnemann
മനുഷ്യ ശരീരത്തിൽ ഏറ്റവും അധികം ഊർജ്ജം വിനയോഗിക്കുന്ന അവയവം മസ്തിഷ്കം ആണ്. അതു കൊണ്ടു തന്നെ പലപ്പോഴും നിങ്ങളുടെ മസ്തിഷ്കം ഏറ്റവും കുറഞ്ഞ ഊർജ്ജവും കാര്യക്ഷമത ഉള്ളതുമായ വഴി മാത്രം പിന്തുടരാൻ ശ്രമിക്കും. ഇതു് മൃഗങ്ങൾക്ക് പരിണാമപരമായി മുന്നേറാൻ വളരേയധികം സഹായം ചെയ്തത ഒരു സവിഷേതയാണ്.
നിങ്ങൾ ബോധപൂർമായി ചെയ്യുന്ന കാര്യങ്ങൾ ഏറ്റവും അധികം ഊർജ്ജം ഉപയോഗിക്കുന്നവയാണ്. പ്രത്യേകിച്ചും കോർട്ടക്സും, പ്രീഫ്രോണ്ടൽ കോർട്ടെക്സും ചെയ്യുന്ന പ്രവർത്തികൾ. പക്ഷെ ഈ മേഖലകൾ പ്രവർത്തിപ്പിക്കാതിരിക്കാൻ തലച്ചോറ് പരമാവധി ശ്രമിച്ചുകൊണ്ടിരിക്കും. ഊർജ്ജം വളരെ വിലപ്പെട്ടതാണല്ലോ.
രണ്ട് തരം ചിന്താ രീതികളാണ് തലച്ചോറിൽ നടക്കുന്നത് എന്ന് ഡാനിയേൽ കഹ്നെമാൻ പറയുന്നു.
System 1: മുമ്പ് കണ്ട് പരിചയമുള്ള പാറ്റെർണുകൾ കണ്ടു ഉടൻ വളരെ വേഗത്തിൽ തിരിച്ചറിഞ്ഞു കൊണ്ടു് തീരുമാനങ്ങൾ എടുക്കുന്ന രീതി. ഉദാഹരണം: വായന, സംഗീത ഉപകരണങ്ങൾ ഉപയൊഗിക്കുക, വാഹനം ഓടിക്കുക.
System 2: ഗഹനമായി ആലോചിച്ച് ശേഷം നിരവധി പ്രതിവിധികളിൽ നിന്നും ഒന്നു് തിരഞ്ഞെടുക്കുക്കുന്ന രീതി. ഉദാഹരണം: ശാസ്ത്ര ഗവേഷണം, പ്രോജെക്റ്റ് പ്ലാനിംഗ്, Air Traffic Control.
മാന്ത്രികതയിലുള്ള വിശ്വാസം പ്രധാനമായും സിസ്റ്റം 1 ചിന്തയിൽ നിന്നാണ് ഉടലെടുക്കുന്നത്. യുക്തിപരമായ വിശകലനത്തേക്കാൾ വൈകാരികമായി തൃപ്തികരവും വേഗതയേറിയതുമാണത്.
Psychological defense mechanism
ദുർമന്ത്രവാദത്തിലോ ശാപങ്ങളിലോ ഉള്ള വിശ്വാസം കുറ്റബോധം, ലജ്ജ, ഭയം എന്നിവയ്‌ക്കെതിരായ ഒരു പ്രതിരോധ സംവിധാനമായി പ്രവർത്തിക്കും. ഇത് ഉത്തരവാദിത്വം ഒഴിവാക്കുന്നു. “ഞാൻ പരാജയപ്പെട്ടത് എന്റെ കഴിവില്ലായ്‌മ കൊണ്ടല്ല, മറിച്ച് ആരോ എന്നെ ശപിച്ചതോ കൂടോത്രം ചെയ്‌തതോ കൊണ്ടാണ്.” ഇത് ആത്മാഭിമാനം സംരക്ഷിക്കുകയും കഠിനമായ സത്യങ്ങളെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.
Social cohesion and group identity
അന്ധവിശ്വാസങ്ങൾ പലപ്പോഴും ആളുകളെ സാംസ്കാരികമായോ മതപരമായോ ഒരുമിപ്പിക്കുന്നു. ഒരുമിച്ച് ആചാരങ്ങൾ അനുഷ്ഠിക്കുന്നത് ഗ്രൂപ്പ് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നു.
വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നത് സാമൂഹികമായി ഒറ്റപ്പെടാൻ കാരണമായേക്കാം. അത് കൊണ്ട് സ്വതന്ത്രചിന്തകർ എണ്ണത്തിൽ കുറവായിരിക്കും.
Existential anxiety and fear of death
മാന്ത്രികത, ആത്മാക്കൾ, പരലോകം, ദൈവീക ശിക്ഷ എന്നിവയിലുള്ള വിശ്വാസങ്ങൾ മരണഭയത്തെ അല്ലെങ്കിൽ അർത്ഥമില്ലായ്മയെ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.
എന്തുകൊണ്ടാണ് കാര്യങ്ങൾ സംഭവിക്കുന്നതെന്നതിനെക്കുറിച്ച് അവർ ആശ്വാസകരമായ കഥകൾ നൽകുന്നു.
അമാനുഷിക വിശ്വാസ സമ്പ്രദായങ്ങൾ ഒരു നീതിബോധം നൽകുന്നു (“അവർക്ക് അർഹമായത് ലഭിക്കും”).
ജീവിതം വെറും യാദൃശ്ചികമാണെന്ന് വിശ്വസിക്കുന്നതിനേക്കാൾ, കർമ്മമോ ശാപങ്ങളോ യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാൻ എളുപ്പമാണ്.
ചുരുക്കത്തിൽ അനിശ്ചിതത്വങ്ങളെ കൈകാര്യം ചെയ്യാൻ, മനുഷ്യ മസ്തിഷ്കം പരിണമിച്ചതിലൂടെ രൂപപ്പെട്ട, വൈകാരികമായ ആശ്വാസം, നിയന്ത്രണബോധം, ദുരന്തങ്ങൾക്കുള്ള വിശദീകരണം, സാമൂഹികമായ അടുപ്പം എന്നിവ നൽകുന്നതുകൊണ്ടാണ് ആളുകൾ വിശ്വസിക്കുന്നത്, അതിപ്പോ ദുർമന്ത്രവാദം, അന്ധവിശ്വാസങ്ങൾ എന്നതോ സാധാരണ വിശ്വാസങ്ങൾ എന്നതോ തമ്മിൽ വ്യത്യാസമില്ല. എല്ലാ വിശ്വാസങ്ങളും അന്ധമാണ്.
![]()

