ഒവി വിജയൻ വർഷങ്ങൾക്ക് മുൻപ് ഇസ്രയലിന് വേണ്ടി വാദിച്ചത് അന്ത്രപേറിൻ്റെ കർത്താവിനും സക്കറിയക്കും ഇപ്പോഴും ക്ഷമിക്കാനായിട്ടില്ല. അവർ അദ്ദേഹത്തിൻ്റെ ഓർമ ദിവസത്തിൽ അദ്ദേഹത്തെ സ്നേഹിക്കുന്നവരോടും അത് വീണ്ടും പറഞ്ഞു എന്ന് പത്രവാർത്ത. ചാർലി ഓർത്തു “ഇവിടെ എല്ലാം ആവർത്തിക്കുകയാണല്ലോ”
സത്യാനന്തര പ്രവാചകൻ
“കുട്ടികൾക്കിഷ്ടപെടുന്ന മീൻ. നല്ല ഒന്നാന്തരം ശീലാവ് മീൻ. മുള്ളില്ലാത്ത മീൻ. മറ്റു മീനുകൾക്കൊന്നുമില്ലാത്ത പ്രത്യേകതകൾ…” താളത്തിലിങ്ങനെ വിളിച്ചു പറയുകയാണ് മാർക്കറ്റിലെ മീൻ മുതലാളി. മുതലാളിയുടെ വാക്കുകൾ കേട്ട് ശീലാവിന് പുതുജീവൻ വെച്ചത് പോലെ തോന്നി. ആ ജീവൻ വിലയ്ക്കു വാങ്ങി ചാർലി വീട്ടിലേക്ക് പോയി.
വരുന്ന വഴിയിൽ ഒരു വളവിൽ വലിയ ഫ്ലക്സ് ബോർഡിൽ പ്രവാചക സ്തുതികൾ. ഗാന്ധിയും നാരായണ ഗുരുവും കാസ്ട്രോയും പറഞ്ഞ വാക്യങ്ങൾ. ഗാന്ധിയും ഗുരുവും പറയാൻ സാധ്യതയുണ്ട്. അവർ ഗീതയിൽ ആരും കാണാത്ത അഹിംസ കണ്ടെത്തിയവർ, വേദത്തിൽ കരുണ കണ്ടെത്തിയവർ, പ്രവാചക പരമ്പരയിലെ പുതിയ കണ്ണികൾ.. പരസ്പരം പുകഴ്ത്തി അവർ വീണ്ടും വീണ്ടും ജനിച്ചു കൊണ്ടേയിരിക്കുന്നു. അവർക്ക് തല വാലായും തിരിച്ചും തോന്നാം. പക്ഷേ ഫിഡൽ കാസ്ട്രോ പറഞ്ഞ വാചകം “ലോകത്തിലെ ആദ്യ സോഷ്യലിസ്റ്റാണ് പ്രവാചകൻ”. ഇല്ല, പറയാൻ വഴിയില്ല. ചാർലി മനസിലാക്കിയ ഫിഡൽ അത് പറയില്ല. ഫിഡലിന് ഇലക്ഷൻ ജയിക്കാനായി വിടലിൻ്റെ കാര്യമില്ലായിരുന്നല്ലോ! പക്ഷേ ഫിഡലിന് പുറകേ പോകാൻ ചാർലിക്ക് തോന്നിയില്ല. മലയാളത്തിൻ്റെ ഇതിഹാസ കർത്താവ് ഒവി വിജയൻ്റെ ചിത്രത്തോടൊപ്പം എഴുതി വെച്ചത് പക്ഷേ ചാർലിയുടെ മനസിൽ കിടന്ന് പിടഞ്ഞു. ” അനാഥ കുട്ടികളുടെ മുൻപിൽ വെച്ച് സ്വന്തം മക്കളെ താലോലിക്കരുതെന്ന് പറഞ്ഞ പ്രവാചകനെക്കാൾ നല്ലൊരു അധ്യാപകനെ ഞാൻ കണ്ടിട്ടില്ല ” – ഒ വി വിജയൻ.
ഒ വി വിജയൻ്റെ ഒരേ ഒരു പുസ്തകമാണ് ചാർലി വായിച്ചിരിക്കുന്നത്. ഇതിഹാസം. വായിച്ചതെല്ലാം ചാർലി മറന്നിരിക്കുന്നു. ഓർക്കുന്നത് അത് നല്ലൊരു പുസ്തകമാണെന്ന കാര്യം മാത്രം.
വീട്ടിലെത്തി മീൻ മുതലാളി പറഞ്ഞ ശിലാവ് സാഹിത്യം അതേ പോലെ അമ്മയോട് പറഞ്ഞ് ചാർലി മൊബൈലുമായി സത്യാന്വേഷണത്തിനിറങ്ങി.”ഒവി വിജയൻ + അനാഥ”…. പല തരത്തിലുള്ള കീവേർഡുകളുമായി ചാർലി സത്യത്തെ ചൂണ്ടയിട്ടു. കുടുങ്ങിയത് മുഴുവൻ ഒരേ നുണയുടെ പല പതിർപ്പുകൾ. പക്ഷേ വിജയൻ അങ്ങനെ പറഞ്ഞതായി സ്ഥാപിക്കുന്നയൊന്നും ചാർലി കണ്ടില്ല.
ചൂണ്ടയിടൽ ചാർലിയെ ഫെയ്സ്ബുക്കിലെത്തിച്ചു. ഇനി ചാർലി അൽഗരിതത്തിൻ്റെ അടിമ. അൽഗരിതം ആരിഫ് ഹുസൈൻ്റെ ഒരു ഷോർട്ട് വീഡിയോ ചാർലിയ്ക്ക് മുന്നിലേക്ക് ഇട്ടു. ആരിഫ് ഒരു ന്യൂസ് ചാനലിൽ വന്ന വാർത്തയുടെ സത്യം പറയുകയാണ്. ചാർലിയും ആരിഫും ഒരേ വാർത്തയിലെ ചതികളാണ് തേടി കൊണ്ടിരുന്നത്. ആരിഫ് പ്രവാചകൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറയുന്നു. പ്രവാചകൻ പറയാത്ത കാര്യത്തെ പറ്റി ഒവി വിജയൻ പറഞ്ഞിട്ടുണ്ടോയെന്ന് ആരിഫ് അന്വേഷിട്ടുണ്ടാകുമോ?! അറിയില്ല, ഷോർട്ട് വീഡിയോ തീർന്നു.
ആരിഫ് നുണയെന്ന് കണ്ടെത്തിയ വാർത്ത വന്നത് സത്യാനന്തര കാലത്തെ പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്ന പാർട്ട് ടൈം പത്രപ്രവർത്തകൻ- ഫുൾ ടൈം രാഷ്ട്രീയ പ്രവർത്തകൻ ജോലി ചെയ്യുന്ന ചാനലിൻ്റെ സോഷ്യൽ മീഡിയ പേജിലായിരുന്നു. പ്രവാചക ദിനവും അധ്യാപക ദിനവും ഒരുമിച്ച് വന്നപ്പോൾ വളവിലെ വഞ്ചന ചാനലിലെ ചതിയായി.
മുഹമ്മദ് പറഞ്ഞിട്ടില്ല. വിജയനും പറഞ്ഞിട്ടില്ല. പക്ഷേ, വളവിലെയും ചാനൽ പേജിലെയും പോസ്റ്റിൽ സത്യാനന്തരം നുണ ചാരി വെച്ചിരിക്കുന്നു. അൽഗരിതത്തിൻ്റെ ചങ്ങലകൾ ഭേദിച്ച് ചാർലി വീണ്ടും ചൂണ്ടയുമായി ഗൂഗിളിലേക്കിറങ്ങി. “ഒവി വിജയൻ + ഇസ്ലാം….” കീവേർഡുകൾ മാറ്റി മാറ്റി ചാർലി മുന്നോട്ട് പോയി. ഗൂഗിൾ ചാർലിയെ ഒരു ഇസ്ലാമിക ബ്ലോഗിൽ എത്തിച്ചു. അവിടെ ഒവി വിജയൻ എഴുതിയ പ്രവാചക സ്തുതി.
നേരത്തെ ഫ്ലക്സിൽ കണ്ട വാചകമല്ല. പകരം ഒ വിവിജയൻ “എൻ്റെ പ്രവാചകൻ” എന്ന തലക്കെട്ടിൽ ഒരു ലേഖനം തന്നെയെഴുതിയിരിക്കുന്നു. തൻ്റെ ഗുരു സാഗരം എന്ന നോവലിലെ ഒരു ഖണ്ഡിക ഉദ്ധരിച്ചാണ് അദ്ദേഹം തുടങ്ങുന്നത്.
‘ആര്യാവര്‍ത്തത്തിലൂടെ പടകള്‍ പിന്നെയും നീങ്ങുന്നത് ആദിമ ഗുരുക്കന്‍മാര്‍ അറിഞ്ഞു. എല്ലാം ആവര്‍ത്തിക്കുന്നുവല്ലോ, അവര്‍ ഖേദിച്ചു. ആര്യാവര്‍ത്തത്തിന്‍റെ കഴിഞ്ഞ കാലങ്ങള്‍; സിന്ധുവും ഗംഗയും അതിന്‍റെ പരപ്പുകളെ നനച്ചുകൊണ്ട് ഒഴുകി നടന്നു, നദീതടങ്ങള്‍ പച്ചപിടിച്ചും വരവൃക്ഷങ്ങള്‍ പക്വഫലങ്ങളെ കൊണ്ട് നിറഞ്ഞുമിരുന്നു. ബ്രാഹ്മണനും ക്ഷത്രിയനും ഈ വിളയെ പ്രകൃതി ദേവതകള്‍ക്ക് നേദിച്ചു. എന്നാല്‍, ഈ അര്‍പ്പണത്തില്‍ നിന്ന് അവര്‍ അധ:കൃതന്‍റെ സന്തതികളെ വിലക്കി നിര്‍ത്തി. അങ്ങനെ വിലക്കപ്പെട്ടവര്‍ ആരാധന നിഷേധിക്കപ്പെട്ട്, സ്പര്‍ശത്തില്‍ നിന്നും സാമീപ്യത്തില്‍ നിന്നും അകറ്റപ്പെട്ട്, വെളിമ്പുറങ്ങളില്‍ അലഞ്ഞു; ഗുരു പരമ്പരകള്‍ അവര്‍ക്കായി ദു:ഖം പൂണ്ടു. ആ ദു:ഖത്തിന്‍റെ വിളി കേട്ട്, ഒരായിരം കാതം അകലെക്കിടന്ന മരുഭൂമിയിലെവിടെയോ വീണ്ടും ഒരു ഗുരു പിറവി കൊണ്ടു. മരുഭൂമിയുടെ ചന്ദ്രക്കലയിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി ആ ഗുരു അഖണ്ഡത്തോട് സംസാരിച്ചു. അഖണ്ഡത്തിന്‍റെ വെളിപാടുകള്‍ അവന്‍റെ കാതില്‍ സ്വകാര്യമായി, മൃദുലമായി മുഴങ്ങി. മരുപ്പച്ചയിലെ മിനാരങ്ങളില്‍ കയറി നിന്ന് കൊണ്ട് അവന്‍ മരുഭൂമിയിലൂടെ വിളിച്ചു, താരതമ്യമില്ലാത്തവനായ ദൈവത്തെ ആരാധിക്കാന്‍ ഈ മന്ദിരത്തിലേക്ക് വരിക! ഒട്ടകവും ആടും മേച്ചു നടന്ന പ്രാകൃതഗോത്രങ്ങള്‍ ഈ പ്രവാചകനെ ചെവിക്കൊണ്ട് വാളെടുത്ത് മണലുകടന്ന് ദിക്കുകളിലേക്ക് കവിഞ്ഞൊഴുകി’.
വിജയൻ എഴുതിയത് വായിച്ച് ചാർലി നടുങ്ങി. ചാർലി വാക്കുകളുടെ മായയിൽ നിന്ന് വസ്തുതകൾ അരിച്ചെടുത്തു. പിന്നെ തൻ്റെ ഭാഷയിൽ ചുരുക്കി എഴുതി നോക്കി. “ഇന്ത്യയിൽ കാലങ്ങളായി നിലനിൽക്കുന്ന ജാതീയ വേർതിരിവുകൾ. ഇന്ത്യയിലെ അധ:കൃതവർഗത്തിൻ്റെ രക്ഷയ്ക്കായി എല്ലാവരെയും തുല്യരായി കാണുന്ന പ്രവാചകൻ മരുഭൂമിയിൽ പിറവിയെടുക്കുന്നു. ശേഷം അറേബ്യൻ ഗോത്രങ്ങൾ പ്രവാചക ശബ്ദം ശ്രവിച്ച് വാളുമായി പുറത്തേക്കു നീങ്ങി”
ചാർലി ഞെട്ടി. ഇതല്ല സത്യം. ഇതിലും ഭേദം ഫ്ലക്സ് ബോർഡിലെ നുണയോ? ഫിക്ഷന് അതിരുകളില്ല. കഥാകാരൻ എല്ലാത്തിനെയും കഥ പറയാനുള്ള സങ്കേതങ്ങൾ മാത്രമായി കാണുന്നു. അവിടെ സത്യത്തിന് പ്രസക്തിയില്ല. പക്ഷേ കഥാകാരൻ തന്നെ ഖണ്ഡിക കഥയ്ക്ക് പുറത്തേക്ക് വലിച്ചിടുമ്പോൾ പിന്നെ അത് പിന്നെ ഫിക്ഷനല്ല. കഥാകാരൻ്റെ അഭിപ്രായം ആകുന്നു. വിഗ്രഹങ്ങൾ ഉടയുകയാണോ!! ചാർലിക്ക് തല കറങ്ങി തുടങ്ങി. ഇതിഹാസ കർത്താവ് നോവലിന് പുറത്തിറങ്ങി ലേഖനം തുടർന്നു.
“പ്രവചനം നിരന്തരമാണെന്നും അതേറ്റുവാങ്ങാനുള്ള ഭിക്ഷാപാത്രങ്ങളാണ് പ്രവാചകന്‍മാരെന്നും ധരിച്ചാല്‍ സംഘടനാ രൂപത്തിലുള്ള മതസ്പര്‍ധകള്‍ ബാലിശങ്ങളായിത്തീരും. സംഘടിത മതങ്ങള്‍ക്ക് ചരിത്ര കാലഘട്ടവും ഗോത്രസവിശേഷതകളുമുണ്ട്. ഒരു ഗോത്രം ഒരു കാലഘട്ടത്തില്‍ ഏറ്റു വാങ്ങുന്ന പ്രവചനത്തിന്‍റെ ധ്വനികളും സിംബലുകളും ആ കാലത്തിന്‍റെയും ഗോത്രസംസ്‌കൃതിയുടെയുമാണ്. എന്നാല്‍, പ്രവചനത്തിന്‍റെ ചൈതന്യം ഒരു സനാതനധാരയുടെ ഭാഗമാണെന്ന് കാണാം. മതസംഘടനകള്‍ക്ക് പറ്റുന്ന തെറ്റ് ഈ സനാതനധാരയെ കാണാതിരിക്കുകയും മറിച്ച് ചരിത്രനിഷ്ഠമായ സിംബലുകളെ ശാശ്വതീകരിക്കുകയും ചെയ്യുക എന്നതാണ്. എല്ലാ മതങ്ങള്‍ക്കും ഇത്തരത്തില്‍ അസഹിഷ്ണുത സംഭവിച്ചിട്ടുണ്ട്.
ഒരു പ്രവാചകന്‍ ഞാന്‍ മാത്രം എന്നിലൂടെ മാത്രം എന്ന് പറയുന്നതും അക്ഷരാര്‍ത്ഥത്തില്‍ എടുത്തുകൂടാ. ദൈവാനുഭവത്തിന്റെ തീക്ഷണതയിലാണ് അങ്ങനെ പറഞ്ഞുപോകുന്നത്. അല്ലെങ്കില്‍, ഗതാഗതവും, ആശയവിനിമയവും പ്രയാസമായിരുന്ന പ്രാചീനശതകങ്ങളില്‍ ദൈവം ഏതെങ്കിലും ഒരു ഗോത്രത്തില്‍മാത്രം തന്‍റെ വെളിപാടുകള്‍ നിക്ഷേപിച്ച് തൃപ്തിയടഞ്ഞു എന്ന് കരുതേണ്ടി വരും. ഇത് ക്രൂരമായ ദൈവനിന്ദയായിരിക്കും.
കഴിഞ്ഞ രണ്ടായിരം കൊല്ലങ്ങള്‍ക്കിടക്ക് മാത്രമല്ല പ്രവചനം നടന്നിരിക്കുക. പ്രാചീനയുഗങ്ങളില്‍, പ്രാചീന മനുഷ്യന്‍റെ രൂപകങ്ങളില്‍, പ്രപഞ്ചമനസ്സ് സംസാരിച്ചെന്നിരിക്കണം. അങ്ങനെ മൃഗപ്രായങ്ങളായ സംസ്‌കൃതികളില്‍ പോലും, പ്രവചനവും പ്രവാചകനും ഉണ്ടായിരുന്നിരിക്കണം. പ്രവചനം സാക്ഷാത്ക്കാരമല്ല; അക്ഷരാതീതവും, ഭാവദീപ്തവുമാണ്.
ഈ തീവ്രഭാവമാണ് ഏത് മതത്തിന്‍റെയും കാതല്‍. വിഭിന്നങ്ങളായ തിയോളജികള്‍ പുറന്തോടുകള്‍ മാത്രം. വിഗ്രഹാരാധകന്‍റെയും, വിഗ്രഹനിഷേധിയുടെയും കാര്യമെടുക്കുക. രണ്ടു പേരുടെയും ആരാധന വിഭിന്നങ്ങളാണെന്ന് സമ്മതിക്കാം. എന്നാല്‍, താന്താങ്ങളുടെ സങ്കല്‍പ്പങ്ങളുടെ കടമ്പകള്‍ കടക്കുന്നത് വരെയുള്ളൂ ഈ വിഭിന്നത. കടന്നുകഴിഞ്ഞാലാകട്ടെ, പിന്നെയുള്ളത് ശുദ്ധമായ ദൈവാനുഭവം മാത്രം. ആ അനുഭവം സരൂപമല്ല.
ഇത് മനസ്സില്‍ വെച്ചാല്‍ മതസ്പര്‍ധകള്‍ മഞ്ഞുപൊലെ മാഞ്ഞുപോകും. ഈ ലാളിത്യത്തോടെയാണ് ഞാന്‍ പ്രവാചകനായ മുഹമ്മദിനെ സ്വീകരിച്ചിട്ടുള്ളത്. മുഹമ്മദ് എന്‍റെ ഗുരുപരമ്പരയിലെ തേജസ്വിയായ ഗുരുവാണ്, എന്‍റെ പ്രവാചകന്‍.”
-ഒ വി വിജയൻ
ചാർലി വായിച്ചത് തൻ്റെ ഭാഷയിൽ ചുരുക്കിയെടുത്തു എഴുതി നോക്കി – “പ്രവചനം നിരന്തരമാണ്. പ്രവാചകൻമാർ എന്നുമുണ്ടാകും. ദൈവമനസ് പ്രവാചകൻമാരിലൂടെ നമ്മളിലേക്ക് എത്തുന്നു. തിയോളജി പുറംചെട്ടയാണ്.
പ്രവാചകൻ്റെ കാലഘട്ട പ്രത്യേകതകൾ പ്രബോധനത്തിൽ അടിഞ്ഞു കൂടിയിട്ടുണ്ടാവും. പക്ഷേ അതിനപ്പുറം അതിൽ സനാതനമായ ധാർമിക മൂല്യങ്ങൾ ഉണ്ട് “
എഴുതുന്നതിനടയിൽ പണ്ട് വായിച്ച ഒരു വാർത്ത ചാർലിയുടെ ഓർമ്മയിലേക്ക് കടന്നു വന്നു. മുഹമ്മദ് അവസാന പ്രവാചകനല്ല എന്ന് കരുതുന്ന അഹമ്മദിയ വിഭാഗക്കാരുടെ പാകിസ്ഥാനിലെ ദുരവസ്ഥ. വിജയൻ എഴുതിയത് വീണ്ടും വായിച്ചു ചാർലി ചിരിച്ചു. ഒരു പക്ഷേ മുസ്ലീം അല്ലാത്തത് കൊണ്ടാവും പ്രവചനം നിരന്തരമാണെന്ന് വിജയൻ മാഷ് പറഞ്ഞത്. പ്രവചനം നിരന്തരം ആണെന്ന് പറയുന്നവന് മുസ്ലിമാകാനാവില്ല എന്ന് മുസ്ലീമനറിയാവുന്നത് കൊണ്ടാവും “മുഹമ്മദ് എന്‍റെ ഗുരുപരമ്പരയിലെ തേജസ്വിയായ ഗുരുവാണ്, എന്‍റെ പ്രവാചകന്‍.” എന്ന കിടിലൻ വാചകമുണ്ടായിട്ടും ഫ്ലക്സിൽ അത് വരാത്തത്. വിജയൻ മാഷിൻ്റെ ഗുരുപരമ്പര പരബ്രഹ്മത്തിൽ തുടങ്ങി പരബ്രഹ്മത്തിൽ തീരുന്നു. മുസ്ലീമിൻ്റെ ഗുരുപരമ്പര മുഹമ്മദിൽ തീരുന്നു.
110 ഡെസിബലിൽ ഒരു വലിയ അലർച്ച ചാർലിയുടെ ചെവിയിലേക്ക് തുളഞ്ഞു കയറി. “അല്ലാഹുവാണ് ഏറ്റവും വലിയവൻ അല്ലാഹുവാണ് ഏറ്റവും വലിയവൻ… അല്ലാഹു അല്ലാതെ ഒരു ദൈവമില്ല” . ചാർലി ജനലിലൂടെ പുറത്തേക്ക് നോക്കി. ദൂരെ നിന്നും പരമോന്നത നീതിപീഠം വിലക്കിയ കോളാമ്പികൾ ചാർലിയെ നോക്കി കൊഞ്ഞനം കുത്തി.
ചാർലിയുടെ മനസ് വിജയൻ മാഷിൻ്റെ വരികളിൽ തന്നെ ഉടക്കി നിന്നു. “ആര്യാവര്‍ത്തത്തിലൂടെ പടകള്‍ പിന്നെയും നീങ്ങുന്നത് ആദിമ ഗുരുക്കന്‍മാര്‍ അറിഞ്ഞു. എല്ലാം ആവര്‍ത്തിക്കുന്നുവല്ലോ, അവര്‍ ഖേദിച്ചു.”
ഗുരുസാഗരം വായിക്കാതെ തനിക്കുറക്കം വരില്ലെന്ന് ചാർലി മനസിലാക്കി. നിമിഷങ്ങൾക്കുള്ളിൽ മുതലാളിത്തത്തിൻ്റെ അദൃശ്യ കരങ്ങൾ ചാർലിയുടെ വിരലിൽ ഗുരുസാഗരം എത്തിച്ചു. ഇതിലും വലിയൊരു ആത്മീയതയുണ്ടോ?! അറിവ് വേണം എന്ന് വിചാരിക്കുമ്പോൾ സ്ഥലകാലങ്ങൾ ഭേദിച്ച് അത് വേണ്ടവൻ്റെ മുന്നിലെത്തുന്നു. മുതലാളിത്തത്തിൻ്റെ ലാഭക്കൊതിക്ക് സ്തുതി പറഞ്ഞു കൊണ്ട് ചാർലി ഗുരുസാഗരം വായിച്ചു.
ചാർലിയുടെ ലോക വീക്ഷണവുമായി ചേർന്നു പോകുന്നില്ല ഗുരുസാഗരത്തിലെ ആത്മീയത. പക്ഷേ ഒ വി വിജയൻ എന്ന ഇതിഹാസത്തിൻ്റെ ഭാഷ. അത് ഒരിക്കൽ കൂടെ ചാർലിയെ മയക്കി.
അന്വേഷണത്തിനിടയിൽ ഗുരുവിനെ കണ്ടെത്തുന്ന കുഞ്ഞുണ്ണിയുടെ കഥയാണ് ഗുരുസാഗരം. സക്കറിയ ഒ വി വിജയനെ മൃദുഹിന്ദുത്വവാദിയെന്ന് വിളിച്ചത് ഇത് വായിച്ചിട്ടാണോ എന്ന് സംശയിക്കണം. മരുഭുമിയിൽ നിന്ന് വാളെടുത്ത് പുറത്തിറങ്ങിയവർക്ക് എതിരെ വിവേകാനന്ദനും ഓർബന്ദോയും പൊടി തട്ടിയെടുത്ത ഭാരത മാതാവിൻ്റെ ആത്മാവെന്ന പടപ്പ്. അതേ ആത്മീയത കൊണ്ട് വിജയൻ്റെ കുഞ്ഞുണ്ണി എല്ലാ മതവും ഒന്നെന്ന് വരുത്താൻ നോക്കുന്നു. എല്ലാം ആവർത്തിക്കുകയാണല്ലോ, കുഞ്ഞുണ്ണിയെ പോലെയും വിജയനെ പോലെയും ചാർലിയും പറഞ്ഞു.
കുഞ്ഞുണ്ണി ആത്മഗതവും ആത്മീയതും തുടർന്നു.
ശംബുകവധത്തിന് പുതിയ വ്യാഖ്യാനങ്ങൾ ചമയ്ക്കുകയാണ് കുഞ്ഞുണ്ണിയുടെ ആത്മീയത. രാമൻ തപസ് ചെയ്യുന്ന ശൂദ്രനായ ശംബുകനോട് ചോദിക്കുന്നു. “അങ്ങ് അങ്ങയുടെ ശരീരത്തെ പീഡിപ്പിക്കുന്നതെന്തിന് ?” ഞാൻ തപസു ചെയ്യുകയാണ് എന്ന് ശംബുകൻ പറയുന്നു. ഇത് അങ്ങേയ്ക്ക് നിഷിദ്ധമല്ലേ എന്ന് രാമൻ ചോദിക്കുന്നു. ശംബുകൻ്റെ ഉത്തരം ” എനിക്കറിഞ്ഞു കൂടാ, ധ്യാനത്തിലാണ്ട എൻ്റെ ഉൾത്തടത്തെ അഖണ്ഡം തൊട്ടുവിളിക്കുന്നു”. ധർമ്മിഷ്ഠനായ രാമനോട് നീതി നടപ്പിലാക്കാൻ ശംബുകൻ പറയുന്നു. ശംബുകനെ വധിച്ച ശേഷം രാമൻ ദുഃഖിക്കുന്നു. “ദൈവമേ ഞാനിതാ ഒരു തപസ്വിയെ വധിക്കുന്നു. അവനെ നിന്നിലേക്ക് എടുക്കുക ” എന്ന് ദൈവം ദൈവത്തോട് പറയുന്നു.
കുഞ്ഞുണ്ണിയിലൂടെ വിജയൻ ദൈവത്തിന് മനുഷത്വം സൃഷ്ടിച്ചു കൊടുക്കുന്നു. അദ്ദേഹത്തിൻ്റെ ഭാഷയും മാഷിൻ്റെ മനസും രാമൻ ചിന്തിക്കാത്തത് രാമനെ കൊണ്ട് ചിന്തിപ്പിക്കുന്നു. ആത്മിയത ക്രൂരനായ ദൈവത്തിൻ്റെ സത്യാനന്തര PR വർക്കാകുന്നു.
കീവേർഡുകൾ മാറ്റി ചാർലി വീണ്ടും ഗൂഗിളിൽ. ശംബുകവധം രാമായണത്തിലെ ധർമ്മസ്ഥാപനം ആണെന്ന വ്യാഖ്യാനങ്ങൾ ഹിന്ദുത്വ ബ്ലോഗുകളിൽ കാണാം. അതോടൊപ്പം ചാർലി മറ്റൊന്നു കൂടെ കണ്ടു. ശംബുക വധം എന്നത് ഒരു ബുദ്ധ മത സൃഷ്ടി എന്ന വ്യാഖ്യാനം. അവർ പറയുന്നത് ഇങ്ങനെയൊന്ന് ഒറിജിനൽ രാമായണത്തിൽ ഇല്ലയെന്നും രാമനെ ഇകഴ്ത്താൻ മറ്റു ദൈവങ്ങളുടെ ആരാധകർ കുട്ടി ചേർത്തതുമാണെന്നാണ്. നസ്ഖ് ദൈവത്തെ മനുഷത്വമുള്ളവനാക്കുന്നതിന് വേണ്ടി ഉള്ളതാണല്ലോ! അയ്യപ്പൻ മനുഷ്യനാണെന്ന് സുരേഷ് ഗോപി പറഞ്ഞത് പോലെ…
കുഞ്ഞുണ്ണി ആത്മഗതത്തിലൂടെ ചേലാകർമത്തിനും മതപരിവർത്തനത്തിനും ക്ഷേത്രങ്ങൾ തകർത്തതിനും ഒക്കെ എന്തോ പുതിയ അർത്ഥങ്ങൾ നൽകി മുന്നോട്ട് പോയി ഇന്ത്യാ പാകിസ്ഥാൻ യുദ്ധത്തിലെത്തി. പിന്നെയും മുന്നോട്ട് പോയി ഗുരുവിലും.
ചാർലിയുടെ മനസ് കുഞ്ഞുണ്ണിയുടെ ഗുരുവിൽ നിന്ന് രാജീവ് അഞ്ചലിൻ്റെ ഗുരുവിലെത്തി. രണ്ടിൻ്റെയും പിന്നിലുള്ളത് കരുണാകര ഗുരുവും അദ്ദേഹത്തിൻ്റെ ആശ്രമവും. രണ്ടിലും ശ്രമിക്കുന്നത് ആത്മീയതയിലൂടെ വർഗീയ കലാപങ്ങളും യുദ്ധങ്ങളും ഒഴിവാക്കാൻ. ആത്മാവ് നുണയെങ്കിൽ ആത്മീയതയും നുണ. ഈ നുണ കൊണ്ട് മത വൈരാഗ്യം എന്ന സത്യത്തെ തകർക്കാനാവില്ല. ചാർലി തിരിച്ചറിയുന്നു. കുഞ്ഞുണ്ണിയും ഗോവർധനും അറിയുന്നില്ല. അവർ കഥാപാത്രങ്ങൾ. പക്ഷേ ചാർലിക്ക് ജീവനുണ്ട്.
110 ഡെസിബലിൽ ഒരു വലിയ അലർച്ച വീണ്ടും ചാർലിയുടെ ചെവിയിലേക്ക് തുളഞ്ഞു കയറി. “അല്ലാഹുവാണ് ഏറ്റവും വലിയവൻ അല്ലാഹുവാണ് ഏറ്റവും വലിയവൻ… അല്ലാഹു അല്ലാതെ ഒരു ദൈവമില്ല”. ചാർലിയുടെ ആത്മീയ അനാലിസുകൾ കീറി മുറിക്കപ്പെട്ടു. ചാർലി ചിന്തകളിൽ നിന്ന് മോചിതനായി.
ചാർലി വീണ്ടും ഫെയ്സ്ബുക്ക് തുറന്നു… ഗൂഗിൾ കീബോർഡിൽ നിന്നു ചുരണ്ടിയ വിജയൻ ചുണ്ട ഫെയ്സ് ബുക്ക് ഇനിയും വിട്ടിട്ടില്ല. ദാ വരുന്നു അടുത്ത ഐറ്റം. വിജയൻ ഇസ്രയൽ സപ്പോർട്ട് ആയിരുന്നു എന്ന് അന്ത്രപേറിൻ്റെ സൃഷ്ടാവ് ബന്യാമിൻ പറഞ്ഞു എന്നൊരു പോസ്റ്റർ. ചാർലിക്ക് പുതിയൊരറിവ്. ചാർലി വീണ്ടും ഗൂഗിളിലേക്ക് .
ഇസ്രയലിനെ അനുകൂലിച്ച് വിജയൻ എഴുതിയ ലേഖനം കേരളത്തിലെ പത്രങ്ങൾ സർക്കുലേഷൻ ഭയന്ന് തിരിച്ചയച്ചത് അദ്ദേഹം തന്നെ എഴുതിയിരിക്കുന്നു. ഹാ!! ഒവി വിജയൻ്റെ വാചകങ്ങൾ തന്നെ ചാർലി ഏറ്റു പറഞ്ഞു “തീവ്രഭാവമാണ് ഏത് മതത്തിന്‍റെയും കാതല്‍. വിഭിന്നങ്ങളായ തിയോളജികള്‍ പുറന്തോടുകള്‍ മാത്രം…” പക്ഷേ സർക്കുലേഷൻ. അത് നിജം.
ഒവി വിജയൻ വർഷങ്ങൾക്ക് മുൻപ് ഇസ്രയലിന് വേണ്ടി വാദിച്ചത് അന്ത്രപേറിൻ്റെ കർത്താവിനും സക്കറിയക്കും ഇപ്പോഴും ക്ഷമിക്കാനായിട്ടില്ല. അവർ അദ്ദേഹത്തിൻ്റെ ഓർമ ദിവസത്തിൽ അദ്ദേഹത്തെ സ്നേഹിക്കുന്നവരോടും അത് വീണ്ടും പറഞ്ഞു എന്ന് പത്രവാർത്ത. ചാർലി ഓർത്തു “ഇവിടെ എല്ലാം ആവർത്തിക്കുകയാണല്ലോ “
കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ശിലാവ് മീൻ ചാർലിയുടെ മകൻ മാത്രം കഴിച്ചില്ല. ചാർലി രണ്ടു മൂന്ന് ദിനം കൊണ്ട് തീർത്തു. മീൻ തീർന്നപ്പോൾ പുതിയ ഇരയെ തേടി ചാർലി വീണ്ടും ടൗണിലേക്ക് ഇറങ്ങി. വളവിൽ സ്തുതികളുമായി ഫ്ലക്സ് ബോർഡു വീണ്ടും. മീൻ മുതലാളി താളത്തിൽ വീണ്ടും മാർക്കറ്റിംഗ് തുടർന്നു. “നല്ല കേര മീൻ… ഫ്രഷ് മീൻ, കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന… “
![]()

