“…വീര്യം കൂടിയ ലഹരി ഉൽപാദിപ്പിച്ചാലും കുറഞ്ഞ ലഹരി ഉല്പാദിപ്പിച്ചാലും രണ്ടും നിരോധിത വസ്തുക്കൾ തന്നെയാണ്. നിരോധിക്കപ്പെട്ട അവസ്ഥയിൽ അത് രണ്ടും വിതരണം ചെയ്യാൻ അധിക ചിലവുണ്ട്. അപ്പോൾ കൂടുതൽ ലാഭം ആഗ്രഹിക്കുന്ന ഒരാൾക്ക് ഒരേ റിസ്കിൽ കൂടുതൽ ലാഭം നേടികൊടുക്കാൻ കഴിയുന്ന വീര്യം കൂടിയ ലഹരികൾ വിതരണം ചെയ്യാനായിരിക്കും കൂടുതൽ ഇൻസെൻ്റീവ് ഉണ്ടാകുക.”
ജനകീയകോടതിയിൽ മൈത്രേയൻ്റെ ലഹരിസംബന്ധമായ പരാമർശം ലഹരിയെക്കുറിച്ചും, ലഹരിനിരോധന നിയമങ്ങളെകുറിച്ചും കൂടുതൽ ചർച്ചചെയ്യപ്പെടാൻ ഇടയാക്കിയിട്ടുണ്ടല്ലോ. ലഹരി ഉപഭോഗം എന്നത് വ്യക്തികളെയും, അതുവഴി സമൂഹത്തെയും, നശിപ്പിക്കാൻ കെല്പുള്ള ഒന്നാണെന്നതിൽ തർക്കമില്ല. അത്കൊണ്ട് തന്നെ ലഹരി ഉപഭോഗം പ്രോൽസാഹിപ്പിക്കേണ്ട ഒന്നല്ലെന്ന് മാത്രമല്ല, നിരുത്സാഹപ്പെടുത്തേണ്ടതുകൂടിയാണ്. എന്നാൽ ലഹരി ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതും ലഹരി നിയമംമൂലം നിരോധിക്കണം എന്ന് വാദിക്കുന്നതും അജഗജാന്തരമുണ്ട്. അത്കൊണ്ട്തന്നെ ലഹരിയെ വെള്ളത്തോട് ഉപമിക്കുകയും കാല്പനികവൽകരിക്കുകയും ചെയ്യുന്നതിനോട് തികഞ്ഞ എതിർപ്പ് ഉള്ളപ്പോഴും ലഹരി ലീഗലൈസ് ചെയ്യണം എന്ന വാദത്തെ ഈ കാരണംകൊണ്ട് എതിർക്കേണ്ട കാര്യമില്ല. ലഹരി മസ്തിഷ്കത്തിൽ എങ്ങിനെ പ്രവർത്തിക്കുന്നു എന്നത് നോക്കിയല്ല “Drug legalisation” എന്ന വിഷയത്തെ പറ്റി സംസാരിക്കേണ്ടത്. അതിൻ്റെ സാമൂഹിക-സാമ്പത്തിക പരിണിതഫലങ്ങൾ എന്തൊയാണ് എന്നതിനാണ് അവിടെ പ്രധാന്യം കൊടുക്കേണ്ടത്.
കരിഞ്ചന്തയും ലഹരി നിരോധനവും
കഞ്ചാവടക്കമുള്ള ലഹരികൾ നിയമംമൂലം നിരോധിക്കണം എന്ന വാദമുന്നയിക്കുന്ന ആളുകളുടെ ഏറ്റവും വലിയവാദങ്ങളാണ്, നിരോധനമില്ലെങ്കിൽ ‘കരിഞ്ചന്ത’ അഥവാ ‘Black Market’ ഇടപാടുകൾ വർദ്ധിക്കും, വീര്യംകൂടിയ ലഹരികൾ സമൂഹത്തിൽ കൂടുതൽ സുലഭമായി ലഭിക്കാനിടയാക്കും, തുടങ്ങിയവ. എന്നാൽ നേരെ തിരിച്ചാണ് യാഥാർത്ഥ്യം. ബ്ലാക്ക് മാർക്കറ്റ് എന്നാൽ നിയമപരമല്ലാതെയുള്ള മാർക്കറ്റ് എന്നാണ് അർത്ഥം. അത് ചിലകാര്യങ്ങൾ നിയമവിരുദ്ധമാക്കുന്നത് കൊണ്ട് മാത്രമാണ് ഉണ്ടാകുന്നത്. നിരോധനമില്ലെങ്കിൽ പിന്നെ ബ്ലാക്ക് മാർക്കറ്റ് എന്നൊന്നില്ല. എല്ലാം വൈറ്റായി. അത്കൊണ്ട് തന്നെ, ലീഗലല്ലാത്ത അവസ്ഥയിൽ മാത്രമാണ് ബ്ലാക്മാർക്കറ്റുകൾ രൂപപ്പെടുക എന്ന് മാത്രമല്ല, ആവശ്യക്കാരുള്ള ഏതൊരു സാധനവും നിരോധിച്ചാൽ അവിടെ സ്വഭാവികമായി ബ്ലാക്ക് മാർക്കറ്റുകൾ രൂപം കൊള്ളുകയും ചെയ്യും.
ഇത്തരം ബ്ലാക്ക് മാർക്കറ്റുകളിൽ നിരോധിക്കുമ്പോൾ പിടിക്കപ്പെട്ടാലുള്ള ‘ലീഗൽ റിസ്ക്’ കൂടെ കണക്കിലെടുത്ത് ഈ പണിക്കിറങ്ങുക ഭൂരിഭാഗവും ക്രിമിനലുകളും, അധോലോക സംഘങ്ങളും മാത്രമായിരിക്കും. വിൽക്കുന്ന വസ്തുവിൻ്റെ ഗുണനിലവാരം ഉറപ്പ് വരുത്തി, കൂടുതൽ റെസ്പോൺസിബിൾ ആയി, ലഹരി വിൽക്കാൻ താത്പര്യമുള്ള ആളുകൾക്ക് നിയമം മൂലം നിരോധിച്ചത് കൊണ്ട് ഈ ബിസിനസ് ലാഭകരം ആക്കാൻ ഒരുപാട് ബുദ്ധിമുട്ട് ആയിരിക്കും. അവർ പിൻവാങ്ങുന്നത് മൂലം ലഹരി വിതരണ മേഖലയിൽ കുത്തക ലഭിക്കുക, ഉപഭോക്തക്കളോടും സമൂഹത്തോടും യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത ആളുകൾക്കായിരിക്കും. പിടിക്കപ്പെട്ടാലുള്ള ലീഗൽ റിസ്ക് നികത്തി തങ്ങളുടെ ലാഭം ഉറപ്പ് വരുത്താൻ, ഗുണ നിലവാരം കുറച്ച് കൊണ്ട് കൂടെ ആയിരിക്കും അവർ ഇത്തരം നിയമങ്ങളോട് പ്രതികരിക്കുക. അത്തരം ക്രിമിനലുകൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിക്കൊടുക്കുന്ന തരത്തിൽ ക്രിമിനലല്ലാത്തവരുടെ മത്സരം മാർക്കറ്റിൽ ഇല്ലാതെയാക്കുക എന്നതാണ് നിരോധനം കൊണ്ട് സംഭവിക്കുന്നത്. അതുവഴി, ലഹരി ഉപയോഗിക്കുന്നവർക്ക് ലഹരി ലഭിക്കാൻ ഇത്തരം ക്രിമിനൽ സംഘങ്ങളെ മാത്രം ആശ്രയിക്കേണ്ടതായി വരുന്നു.
ഇനി ഇത്തരം ക്രിമിനൽ സംഘങ്ങൾ കൂടുതൽ സ്വാധീനമുളളവർ കൂടെയാകുമ്പോൾ അവർക്ക് ഭീഷണിയായി വരുന്ന ഏതൊരു എതിരാളികളെയും ലഹരി കേസുകളിൽ നിയമപരമായി പൂട്ടിയും അവരുടെ കുത്തക നിലനിർത്താൻ കഴിയും.
വീര്യം കൂടിയ ലഹരികളും ലഹരി നിരോധനവും
ലഹരി നിയമംമൂലം നിരോധിക്കുകയും ഉപയോഗിക്കുന്നവർക്ക് ശിക്ഷ നൽകുകയും ചെയ്തില്ലെങ്കിൽ സമൂഹത്തെ നശിപ്പിക്കാൻ കെൽപ്പുള്ള കൂടുതൽ വീര്യമുള്ള ലഹരികൾ സമൂഹത്തിൽ വിതരണം ചെയ്യപ്പെടുമെന്നതാണ് ലഹരി നിയമത്തെ അനുകൂലിക്കുന്ന പലരും മുന്നോട്ട് വെക്കുന്ന മറ്റൊരു വാദം. ലഹരി ഉപഭോഗം നിരോധിച്ചാൽ അതിൻ്റെ ഉത്പാദനവും വിതരണവും എല്ലാം കൂടുതൽ ചിലവേറിയതാകുമെന്നതിനാൽ അതിൻ്റെ ലഭ്യതയും കുറയും എന്നത് വസ്തുതയാണ്. അപ്പോൾ സ്വഭാവികമായും അതിൻ്റെ വില ഉയരും. പക്ഷേ അങ്ങിനെ ലഭിക്കാൻ കൂടുതൽ പ്രയാസം ഉണ്ടാകുമ്പോൾ ആണ് ആളുകൾക്ക് കൂടുതൽ വീര്യം ഉള്ള ലഹരികൾ ഉത്പാദിപ്പിക്കാൻ ഇൻസെൻ്റീവ് ഉണ്ടാകുന്നത്.
ഇത് മനസ്സിലാക്കാൻ ലഹരി വിൽക്കുന്ന ഒരാളിൻ്റെ മാനസികാവസ്ഥ സങ്കൽപിച്ചാൽ മതി. ഒരു ലഹരി വിതരണക്കാരനേ സംബന്ധിച്ച് നിയമപാലകർ അറിയാതെ കൈമാറ്റം ചെയ്യാൻ ഏറ്റവും എളുപ്പം എന്താണ് എന്ന് ആലോചിച്ച് നോക്കൂ. ചെറിയ അളവിൽ പോലും കൂടുതൽ പ്രഹരശേഷി ഉള്ള വീര്യം കൂടിയ ലഹരികൾ ആണോ അതോ കൂടുതൽ അളവിൽ ഉള്ള വീര്യം കുറഞ്ഞ ലഹരികളോ? അവരെ സംബന്ധിച്ച് വീര്യം കൂടിയ ലഹരി ഉൽപാദിപ്പിച്ചാലും കുറഞ്ഞ ലഹരി ഉല്പാദിപ്പിച്ചാലും രണ്ടും നിരോധിത വസ്തുക്കൾ തന്നെ ആണ്. നിരോധിക്കപ്പെട്ട അവസ്ഥയിൽ അത് രണ്ടും വിതരണം ചെയ്യാൻ അധിക ചിലവുണ്ട്. അപ്പോൾ കൂടുതൽ ലാഭം ആഗ്രഹിക്കുന്ന ഒരാൾക്ക് ഒരേ റിസ്കിൽ കൂടുതൽ ലാഭം നേടികൊടുക്കാൻ കഴിയുന്ന വീര്യം കൂടിയ ലഹരികൾ വിതരണം ചെയ്യാൻ ആയിരിക്കും കൂടുതൽ ഇൻസെൻ്റീവ് ഉണ്ടാകുക.
നിരോധനം വീര്യം കൂടിയവയും കുറഞ്ഞവയും തമ്മിലുള്ള ആപേക്ഷിക ചിലവ് (Relative cost) കുറയ്ക്കുന്നത് കൊണ്ട് തന്നെ നിരോധനം ഇല്ലാത്ത അവസ്ഥയെക്കാൾ വീര്യം കൂടിയ ലഹരികൾ നിരോധനം ഉള്ള അവസ്ഥയിൽ ലഭ്യമാക്കപ്പെടും. (ഇക്കണോമിക്സിൽ ഈ പ്രതിഭാസം iron law of prohibition എന്ന് അറിയപ്പെടും). സിഗരറ്റും മദ്യവും നിരോദിച്ചാൽ വീര്യം കൂടിയ ചാരായത്തിൻ്റെയും പുകയുടെയും ലഭ്യത കൂടുന്നതും ഇതേ കാരണങ്ങൾ കൊണ്ട് തന്നെ ആണ്. അത്കൊണ്ട് തന്നെ ഇത്തരം നിയമപരമായ നിരോധനം കാരണം കൂടുതൽ അപകടകരമായ ലഹരി ഉണ്ടാകുന്നത് കുറയുകയല്ല ചെയ്യുന്നത്, മറിച്ച്, ഇത്പോലെ കൂടുതൽ അപകടകാരികളായ ലഹരികൾ മാർക്കറ്റിൽ ഇറങ്ങാൻ ഉള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്.
കുട്ടികളും ലഹരിയും
ലഹരി നിരോധനത്തിന് വേണ്ടി വാദിക്കുന്നവർ മുന്നോട്ട് വെക്കുന്ന മറ്റൊരു വാദം കുട്ടികളെ സംബന്ധിച്ച് ആണ്. ഇവിടെ പലരും വീണ്ടും മറന്ന് പോകുന്ന ഒരു കാര്യം നമ്മുടെ വിഷയം ഡ്രഗ്സ് വിപത്ത് ഉണ്ടാക്കുമോ ഇല്ലയോ എന്നതല്ല എന്നതാണ്. കുട്ടികൾ കൂടുതൽ ആയി ലഹരി കേസുകളിൽ ജയിലിൽ ആകുകയും ലഹരി മാഫിയകൾ ലഹരി കടത്തുവാൻ ആയി കുട്ടികളെ കൂടുതൽ ആയി ഉപയോഗിക്കുകയും ചെയ്യുന്നു എന്നത് ഒരു വസ്തുത ആണ്. എന്നാല് ഇത് ലഹരി നിരോധനത്തിൻ്റെ മറ്റൊരു പരിണിതഫലം (Unintended consequence) ആണ് എന്നത് ആണ് യാഥാർത്ഥ്യം.
എന്ത് കൊണ്ട് ആണ് ലഹരി മാഫിയകൾ കുട്ടികളെ ലഹരി കടത്താനായി ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാനും ലഹരി മാഫിയകളുടെ ഇൻസെൻ്റിവുകൾ നോക്കുക എന്നതാണ് ആദ്യപടി. കുട്ടികൾക്ക് ശിക്ഷ കുറവാണ്. അത്കൊണ്ട്തന്നെ ഇത് നിയമവിരുദ്ധമാകുമ്പോൾ ലഹരിമാഫിയകൾ ലോജിക്കലി ചിന്തിക്കുക സാധ്യമായ സന്ദർഭങ്ങളിലെല്ലാം കുട്ടികൾ വഴി കടത്താനും വിതരണം ചെയ്യാനുമാണ്. നിയമ വിധേയം ആയിരുന്നെങ്കിൽ അവർക്ക് കുട്ടികളെ തന്നെ തേടി റിക്രൂട്ട് ചെയ്യണ്ട കാര്യം ഇല്ലല്ലോ. നോക്കൂ, അപ്പോള് കൂടുതൽ കുട്ടികൾ ഇതിൻ്റെ ഇരകളായി മാറുന്നതിന് ലഹരി നിയമങ്ങൾ ഒരു വലിയ കാരണം അല്ലെ?
നിരോധനവും ലഹരി മോണിറ്ററിങ്ങും
നിരോധനത്തെ അനുകൂലിക്കുന്ന മറ്റൊരു വാദം ലഹരി ഉപഭോഗത്തിൻ്റെ മോണിറ്ററിങ്ങും ട്രാക്കിങ്ങുമാണ്. കൂടുതൽ വീര്യമുള്ള ലഹരികൾ ട്രാക്ക് ചെയ്യാൻ ബുദ്ധിമുട്ടായത്കൊണ്ട് തന്നെ ആളുകളിൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കുന്നു എന്നറിയാൻ സാധിക്കുന്നില്ല എന്നതാണ്. ഇതും ഒരു തെറ്റിദ്ധാരണയാണ്.
യഥാർത്ഥത്തിൽ അത്തരം ട്രാക്കിങ്ങുകൾ ബുദ്ധിമുട്ട് ഏറിയതാകുന്നത് നിരോധനം മൂലമാണ്. നിയമവിധേയമായി ലഭിക്കുന്ന വസ്തുക്കൾ ട്രാക്ക് ചെയ്യാനാണ് സ്വഭാവികമായും എളുപ്പം. ഇനി ചികിത്സയും സൈഡ് എഫക്ടുകളും അറിയാനാണെങ്കിലും നിരോധിക്കുന്നത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
ലഹരിക്ക് അടിമയായ, ആരോഗ്യപ്രശ്നങ്ങൾഅനുഭവിക്കുന്ന, ഒരു വ്യക്തിയെ സംബന്ധിച്ച്, താൻ നിരോധിക്കപ്പെട്ട ഒരു വസ്തു ഉപയോഗിക്കുന്ന ആളാണെന്ന് ഡോക്ടർ അറിയുന്നത് തനിക്ക് ജയിൽശിക്ഷ ലഭിക്കാൻ ഉള്ള സാധ്യത കൂട്ടും എന്ന് മനസ്സിലാക്കിയാൽ, പരമാവധി വൈദ്യ സഹായം തേടാതെ ഇരിക്കാൻ ആണ് ശ്രമിക്കുക. അത് ആ വ്യക്തിയുടെ ആരോഗ്യം കൂടുതൽ റിസ്കിലേക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്യുന്നത്. ലഹരി ഉപയോഗിക്കുന്ന ഒരു ഗർഭിണിയുടെ കാര്യം ആലോചിച്ച് നോക്കൂ. ഈ ഒരു പേടി കാരണം ഹോസ്പിറ്റലിലേക്ക് പോകില്ല എന്ന് തീരുമാനിച്ചാൽ അത് ബാധിക്കുന്നത് അവരുടെ കുഞ്ഞിനെ കൂടെയാണ്. എന്നാൽ നിരോധനം ഒഴിവാക്കിയാൽ ഒരുപക്ഷേ അവർക്ക് ഡോക്ടറുടെ സഹായം തേടാനും മടി ഉണ്ടാകില്ല. ഡീ അഡീക്ഷൻ്റെ കാര്യത്തിലും ഇതേ പ്രശ്നം ലഹരി നിയമങ്ങൾ കൊണ്ട് ഉണ്ടാകുന്നുണ്ട്.
ഇരയില്ലാത്ത കുറ്റകൃത്യങ്ങൾ
ലഹരിനിയമങ്ങൾ എല്ലാം ഇരയില്ലത്ത കുറ്റകൃത്യങ്ങളെയാണ് (Victimless crimes) അഡ്രസ് ചെയ്യുന്നത്. അവിടെ വേറൊരു ഇര ഇല്ല. അത് ഉപയോഗിക്കുന്നവർ തന്നെ ആണ് അതിൻ്റെ ഗുണവും ദോഷവും അനുഭവിക്കുന്നത്. അങ്ങിനെ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കാതെ ചെയ്യുന്ന ഒരു കാര്യം നിരോധിക്കുക വഴി സംഭവിക്കുന്നത് കുറച്ച് ആളുകൾക്ക് മറ്റുള്ളവരുടെ ജീവിതത്തെ നിയന്ത്രിക്കാൻ കൂടുതൽ അധികാരം കൊടുക്കുക എന്നതാണ്. അങ്ങിനെ തങ്ങളെടുക്കുന്ന തീരുമാനത്തിൻ്റെ ദോഷം അനുഭവിക്കേണ്ട ആവശ്യമില്ലാത്ത കുറച്ച് ആളുകൾക്ക് മറ്റുള്ളവരുടെ ജീവിതത്തെ നിയന്ത്രിക്കാൻ അധികാരം ലഭിക്കുമ്പോൾ അത് തീർച്ചയായും ദുരുപയോഗം ചെയ്യപ്പെടും. അത്തരം അഴിമതികൾക്കുള്ള സാധ്യതയ്ക്ക് പുറമെ ഈ നിയമം കൊണ്ട് വന്നാൽ ഉണ്ടാകും എന്ന് പറയപ്പെടുന്ന ഗുണങ്ങളും പൊള്ളയാണ് എന്ന് വന്നാൽ ഇത്തരം വിക്ടിംലെസ് ക്രൈമുകൾക്ക് ശിക്ഷ കൊടുക്കുന്ന രീതി ഒഴിവാക്കേണ്ട കാലം അതിക്രമിച്ചു എന്നല്ലാതെ എന്താണ് പറയേണ്ടത്?
ആളുകൾ ഇത്തരം സാധനങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന കാലത്തോളം ഇത്തരം ബ്ലാക്മാർക്കറ്റുകൾ ഇല്ലാതെ ആക്കാൻ കഴിയില്ല. അതിന് വേണ്ടി എത്രത്തോളം നിയമങ്ങൾ ശക്തമാക്കുന്നുവോ, അത്രത്തോളം ജനജീവിതം ബുദ്ധിമുട്ടിലാകുകയും, ലഹരി കൈവശം വെച്ചു എന്ന കാരണത്താൽ മാത്രം കൂടുതൽ ആളുകളുടെ ജീവിതം താറ്മാറാകുകയും ചെയ്യും. ഒപ്പം നിരോധനം ഇല്ലെങ്കിൽ ഉള്ളതിനേക്കാൾ വീര്യം കൂടിയ സാധനങ്ങൾ കരിഞ്ചന്തയിൽ സുലഭം ആകുകയും ചെയ്യുന്നു.
അപ്പോൾ മറ്റൊരാളെ ഉപദ്രവിക്കാതെ സ്വന്തം ഇഷ്ടത്തിന് ലഹരി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ അതിന് സമ്മതിക്കാതെ തടയുകയും, ഉപയോഗിക്കുന്നവരെ ജയിലിൽ ഇട്ട് അവരുടെ ജീവിതം ഇല്ലാതെ ആക്കുകയും, നാട്ടിലെ ക്രമ സമാധാനത്തിന് വേണ്ടി വിന്യസിക്കേണ്ട ഫോഴ്സിൻ്റെ വലിയ ഒരു ഭാഗം ഇതിന് വേണ്ടി മുടക്കുകയും ചെയ്യുന്നത് എത്ര വലിയ നഷ്ടം ആണെന്ന് ആലോചിച്ച് നോക്കൂ. അത്കൊണ്ട് തന്നെ നിരോധനമില്ലെങ്കിൽ സമൂഹത്തിന് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ലഹരികൾ സുലഭമായി ലഭിക്കും എന്ന് പേടിച്ച് നിരോധനത്തെ സപ്പോർട്ട് ചെയ്യുന്ന ആളുകൾ യഥാർത്ഥത്തിൽ ചെയ്യേണ്ടത് ലഹരി നിയമവിധേയമാക്കാൻ സപ്പോർട്ട് ചെയ്യുക എന്നതാണ്.
ലഹരി നിയമവിധേയമാക്കുമ്പോൾ
ലഹരി നിയമവിധേയമാക്കുമ്പോഴും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു എന്നർത്ഥമില്ല . ഇപ്പോൾ തന്നെ മദ്യത്തിൻ്റെ ലീഗൽ സ്റ്റാറ്റസും മാർക്കറ്റിലെ ലഭ്യതയും അത് ഉപയോഗിക്കുന്നവർ ഒരു അവസരമായാണ് കാണുന്നത്. മറ്റെലായിടത്തും മദ്യം ഉപഭോഗം ഉണ്ടെങ്കിലും നമ്മുടെ നാട്ടിൽ അത് ആഘോഷം പോലെയാണ്. ഡ്രഗുകൾ നിയമപരമാക്കിയതിനാൽ അത് കുഴപ്പമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് എന്ന ന്യായം കണ്ടെത്തുന്ന അനേകം മനുഷ്യർ ഇവിടെ ഉണ്ടാകും. സിഗരറ്റ് പായ്ക്കറ്റിലെയും മദ്യ കുപ്പികളിലെയും അപകട മുന്നറിയിപ്പ് ഗൗരവമായി എടുക്കുന്നവർ എത്ര പേർ കാണും. ഗവർൺമൻ്റുകളും മദ്യത്തിനെ ഒരു ടാക്സ് പിരി യന്ത്രമായി കാണുന്നു. അത്കൊണ്ട് തന്നെ മറ്റേതൊരു സാമൂഹ്യ വിഷയവും പോലെ ഇവിടെയും ഒരു പെർഫെക്ട് സൊല്യൂഷന് എന്നതിനേക്കാൾ പരിണിതഫലങ്ങളുടെ ഗുണദോഷങ്ങൾ പരിഗണിച്ച് കൊണ്ട് ഭേദപ്പെട്ട Trade off എന്താണ് എന്ന് കണ്ടെത്താൻ ആണ് ശ്രമിക്കേണ്ടത്.
നർക്കോട്ടിക്ക്സ് ഈസ് ഏ …
നമ്മൾക്ക് മുൻപ് തന്നെ ലഹരി വലിയ പ്രശ്നമായി പല സമൂഹങ്ങളും അനുഭവിക്കേണ്ടി വരുകയും അതിനെതിരെ പല തരത്തിലുള്ള പ്രതിരോധം തീർക്കാനും ശ്രമിച്ചിട്ടുണ്ട്. ലഹരിയുടെ പ്രശ്നങ്ങൾ വളരെ ഗൗരവത്തോടെ കേരളം ചർച്ച ചെയ്യുന്ന ഈ സാഹചര്യത്തിൽ ലഹരിയെ നേരിടാൻ മുൻപ് സ്വീകരിച്ചിട്ടുള്ള വിത്യസ്ത മാർഗങ്ങളെയും അതിൻ്റെ ഇഫക്റ്റുകളെയും പറ്റി ഒന്നു വിശകലനം ചെയ്ത് നോക്കാം.
ബ്രേക്കിംഗ് ബാഡ്
അമേരിക്ക മയക്കുമരുന്നുകൾക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ച രാജ്യമാണ്. ഇന്നല്ല . ഒരു അറുപത് കൊല്ലം മുമ്പ് തുടങ്ങിയ യുദ്ധം. എഴുപതുകളിൽ റിച്ചാർഡ് നിക്സൻ്റെ കാലത്ത് ഡ്രഗിനെ രാജ്യത്തിൻ്റെ ശത്രുവായി പ്രഖ്യാപിച്ച് തുടങ്ങിയ പോരാട്ടം . നിക്സണു ശേഷം വന്ന റീഗൻ അഡ്മിനിസ്ട്രേഷനും പോരാട്ടം കൂടുതൽ കടുപ്പിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിൽക്കുന്നവരെയും ജയിലിൽ അടച്ചും കാർട്ടലുകൾക്ക് എതിരെ തെരുവിൽ നടത്തിയ പോരാട്ടങ്ങളുടെ റിസൾട്ട് പക്ഷേ അത്ര ഇഫക്റ്റീവ് ആണെന്നു പറയാനാകില്ല. ലക്ഷകണക്കിന് ആളുകൾ ഡ്രഗ്കേസിൽ അകപ്പെട്ട് അമേരിക്കൻ ജയിലുകൾ നിറഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടിൽ തന്നെ എല്ലാ വർഷവും ഏകദേശം 5 ലക്ഷം പേർ ജയിലിൽ ആകുന്നു എന്നാണ് കണക്ക്. എഴുപതുകൾ മുതലുള്ള കണക്ക് നോക്കിയാൽ ഇതുവരെ 4 കോടി പേർ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ ഡ്രഗ് ഓവർഡോസ് പ്രശ്നം കാരണം മരിക്കുന്നവരിൽ വലിയ കുറവ് ഒന്നും കാണുന്നില്ല. 2021 ൽ മാത്രം ഒരു ലക്ഷം പേർ മരിച്ചു എന്നാണ് കണക്കുകൾ . അത് പോലെ ഇപ്പോഴും മൂന്ന് കോടി പേരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് . ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് സിന്തറ്റിക്ക് ഒപ്പിയോഡ് എത്തുന്നു എന്ന് പറഞ്ഞ് ചൈനീസ് കമ്പിനികൾക്ക് എതിരെ താരിഫും നിരോധനവും ഒക്കെ ട്രമ്പ് പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്. മെക്സിക്കയെയും കാനഡയെയും താരിഫ് ഭീഷണി ഉയർത്തി അതിർത്തിയിൽ കൂടെ ഒഴുകുന്ന ലഹരിയെ നേരിടാനും ട്രമ്പ് ശ്രമിച്ചിരുന്നു. ട്രമ്പിന് മുമ്പും അമേരിക്ക രാജ്യത്തിന് പുറത്തേക്കും ഡ്രഗിന് എതിരെയുള്ള യുദ്ധങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. കൊളംബിയയിൽ പോയി അവിടുത്തെ ലഹരി കൃഷി മരുന്നടിപ്പിച്ച് നശിപ്പിക്കുന്നതു മുതൽ മെക്സിക്കൻ കാർട്ടൽസിനെതിരെ യുദ്ധം ചെയ്യാൻ പണം ഫണ്ട് ചെയ്യുന്നത് വരെ അതിൽ പെടും. ലഹരി നിരോധനവും കടുത്ത ശിക്ഷാനടപടികളും വഴി കോടികൾ ഒഴുക്കി സപ്ലെ സൈഡിൽ യുദ്ധം നടത്തുകയും അതേ സമയം ഡിമാൻഡ് സൈഡിനെ ഇഫക്റ്റീവായി നേരിടാനും കഴിയാതെ പോയതിൻ്റെ ചിത്രമാണ് അമേരിക്കയിൽ നിന്ന് കിട്ടുന്നത്.
ഹറോയിൻ ടു ഹീറോയിൻ
അമേരിക്ക സ്വീകരിച്ച പാതയുടെ നേരെ വിപരീതമായ പാതയിൽ ആണ് പോർച്ചുഗൽ സഞ്ചരിക്കുന്നത്. ഒരിക്കൽ യൂറോപ്പിൻ്റെ ഹറോയിൻ ക്യാപിറ്റൽ എന്നറിയപ്പെട്ട സ്ഥലമായിരുന്നു പോർച്ചുഗൽ . എന്നാൽ ഇന്ന് ഏറ്റവും കുറവ് ഓവർ ഡോസ് മരണങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ഒന്നായി മാറി. 2001 ൽ ആണ് ലഹരി ഉപയോഗം കുറ്റവിമുക്തമാക്കുന്ന (decriminalization) പ്രോസസിലേക്ക് പോർച്ചുഗൽ അവരുടെ പോളിസി മാറ്റിയത്. ലഹരി സ്വകാര്യ ആവശ്യത്തിന് വേണ്ടി കരുതുന്നത് ഒരു കുറ്റമല്ലാതെ ആയി. അതേ സമയം അഡിക്റ്റുകളെ ക്രിമിനൽ ആയി കണ്ട് ജയിലിൽ അടക്കുന്നതിന് പകരം രോഗിയായി കണ്ട് ആശുപത്രിയിലേക്ക് അയക്കാൻ തുടങ്ങി. കോടതികളിൽ ലഹരി കേസുകൾ കൊണ്ടും ജയിലുകൾ രോഗികളെ കൊണ്ടും നിറക്കുന്നതിന് പകരം തെരുവിൽ തന്നെ ഡോക്ടേഴസും സൈക്കോളജിസ്റ്റുകളും മറ്റും അടങ്ങുന്ന എക്സപർട്ടുകളുടെ ടീമിനെ വിന്യസിച്ചു.
ഹറോയിൻ അഡിക്റ്റുകൾക്ക് താരതമ്യേന പ്രശ്നം കുറഞ്ഞ മെത്തഡോൺ പകരം കൊടുക്കുക, HIV യുടെ വ്യാപന തോത് കുറയ്ക്കാൻ മയക്കുമരുന്ന് കുത്തി വെക്കാൻ ഉപയോഗിച്ച യൂസ്ഡ് നീഡിലുകൾ മാറ്റി പകരം പുതിയ നീഡിലുകൾ കൊടുക്കുക – അങ്ങനെ ആദ്യം കേൾക്കുമ്പോൾ നമ്മൾ അയ്യോ എന്ന് പറഞ്ഞു പോകുന്ന വിപ്ലവാത്മമകമായ തീരുമാനങ്ങൾ കൂടെ ചേർന്നതാണ് പോർച്ചുഗലിലെ പോളിസികൾ
തുടക്ക കാലത്ത് നേടിയ വിജയങ്ങൾ ആവർത്തിക്കാൻ പോർച്ചുഗലിന് കഴിയുന്നില്ല എന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം പഴയത് പോലെ സർക്കാരിന് പണം മുടക്കാൻ കഴിയാത്തതാണ് ഒരു കാരണം. പോർച്ചുഗലിൽ അഡിക്ഷൻ കുറഞ്ഞെങ്കിലും യൂറോപ്പിലേക്ക് പോർച്ചുഗൽ വഴിയാണ് ഡ്രഗിൻ്റെ എൻട്രി പോയിൻ്റ് എന്നും വിമർശിക്കുന്നവർ ഉണ്ട്.
തിൻമ – ചെറുതും വലുതും
പോർച്ചുഗലിൻ്റെ രീതിയിൽ തന്നെയാണ് നെതർലാൻഡും ഒരു പരിധി വരെ മുന്നോട്ട് പോകുന്നത്. അഡിക്റ്റുകളെ ക്രിമിനലുകളായി കാണുന്നതിന് പകരം രോഗികളായി കാണുന്ന രീതി. അതിനപ്പുറം ഡച്ചുകാർ സ്വീകരിച്ചിരിക്കുന്ന പോളിസിയാണ് എല്ലാ ഡ്രഗിനെയും ഒന്നായി കാണുന്നതിന് പകരം ഹാർഡ് ഡ്രഗ്, സോഫ്റ്റ് ഡ്രഗ് എന്ന് തരം തിരിച്ചു പ്രത്യേകം കൈകാര്യം ചെയ്യുന്നത്. സോഫ്റ്റ് കാറ്റഗറിയിൽ പെടുത്തിയിരിക്കുന്ന കഞ്ചാവ് പോലുള്ളവ ഉപയോഗിക്കുന്നത് ഒരു തെറ്റല്ല. പകരം ഗവർൺമൻ്റ് അനുവദിച്ചിരിക്കുന്ന കോഫീ ഷോപ്പ് എന്ന് പേരിട്ടു വിളിക്കുന്ന ഓട്ട്ലറ്റുകളിൽ റഗുലേറ്റഡ് ആയ രീതിയിൽ വിൽക്കാനുള്ള അനുമതിയുണ്ട്. അതേ സമയം ഹാർഡ് കാറ്റഗറിയിൽ പെട്ടിരിക്കുന്നവയ്ക്ക് പോർച്ചുഗലിലെ പോലെ ഒരു ഹെൽത്ത് ഇഷ്യു എന്ന രീതിയിൽ ഉള്ള പ്രതിരോധ നടപടികളും ഉണ്ട്.
എല്ലാ മയക്കുമരുന്നുകളും ഒന്നല്ല. ഓരോന്നിനും അനുസരിച്ച് പോളിസികൾ രൂപികരിക്കേണ്ടത് എങ്ങനെയാണ് എന്നാണ് ഡച്ച് മാതൃക കാണിക്കുന്നത്. മയക്കുമരുന്ന് ഉപയോഗത്തിൻ്റെ ശതമാന കണക്കിൽ നെതർലാൻഡ് യൂറോപ്പിൻ്റെയും അമേരിക്കയുടെയും നിരക്കിനെക്കാൾ താഴെയാണ് എന്നതാണ് പോളിസിയുടെ റിസൾട്ട് ആയി ചൂണ്ടി കാട്ടുന്നത് എങ്കിലും സപ്ലെ സൈഡിൽ വേണ്ടത്ര പ്രതിരോധം തീർക്കാൻ ആവുന്നില്ല എന്ന വിമർശനവും നേരിടുന്നുണ്ട്.
തുമ്മലും തൂക്കികൊലയും
ഡച്ചുകാർ കോഫീ ഷോപ്പിലൂടെ കാനബീസ് വിൽക്കുമെങ്കിൽ സിംഗപ്പൂരിൽ കാനബീസ് ട്രേഡ് നടത്തിയാൽ തൂക്കി കൊലയാണ് ശിക്ഷ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിംഗപൂരിൽ നടന്ന തുക്കി കൊലകളിൽ ഭൂരിഭാഗവും ഡ്രഗ് റിലേറ്റഡ് കേസുകളിൽ ആണ്. മയക്കുമരുന്നുകളുടെ കാര്യത്തിൽ അത്രയ്ക്ക് സ്ട്രിക്റ്റ് ആണ് സിംഗപ്പൂർ.
ഒരു കിലോഗ്രാം കഞ്ചാവ് വിൽപ്പന നടത്തിയെന്ന് പറഞ്ഞാണ് രണ്ട് വർഷം മുൻപ് തമിഴ് വംശജനായ തംഗരാജ് സുപ്പയയെ തൂക്കികൊന്നത്. അതും അയാൾ നേരിട്ട് ഡ്രഗ് ഡീൽ നടത്തി എന്നതിന് തെളിവൊന്നും ഇല്ലാതിരിന്നിട്ട് കൂടെയും. ഫോൺ വിളികളിലൂടെ ഡീൽ നിയന്ത്രിച്ചു എന്നത് മാത്രമാണ് കുറ്റം. ഈ കേസിൽ നിന്ന് തന്നെ മനസിലാക്കാം സിംഗപൂർ എത്ര കഠിനമായാണ് ഈ കേസുകൾ ഡീൽ ചെയ്യുന്നത് എന്ന്. സിംഗപൂരിൻ്റെ അതോറിറ്റേറിയൻ ഗവർൺമൻ്റ് സ്വീകരിക്കുന്ന ഡ്രാക്കോണിയൻ നിലപാടുകൾ മറ്റ് രാജ്യങ്ങൾക്ക് പിൻതുടരാൻ ബുദ്ധിമുട്ടായിരിക്കും.
സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ സ്വീഡൻ അമേരിക്കയുടെ ഡ്രഗ് യുദ്ധത്തിൽ അമേരിക്കയുടെ പാതയിലും നോർവെ പോർച്ചുഗലിൻ്റെ പാതയിലും ഡെൻമാർക്ക് നെതർലാൻഡിൻ്റെ പാതയിലും ആണ്. ചൈനയുടെ പോളിസി ഏകദേശം സിംഗപൂരിൻ്റെതിന് സമാനവും.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെ നോർത്ത് ഈസ്റ്റിലും പഞ്ചാബിലും ഇതിനോടകം മയക്കുമരുന്ന് ഒരു പ്രധാന പ്രശ്നമായി മാറിയിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നും മ്യാൻമാറിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്നുകൾ ഒഴുകുന്നുണ്ട്.
സപ്ലെ സൈഡിലെ പോരാട്ടങ്ങൾ കൊണ്ട് മാത്രം ഡിമാൻഡ് ഇല്ലാതെ ആകുന്നില്ല. ഡിമാൻഡ് ഉള്ളിടത്തോളം കാലം സപ്ലെ ചെയ്യാനും പുതിയ ആളുകൾ ഉണ്ടാകും. സോഷ്യൽ മീഡിയ ആവേശം കൊണ്ടോ തെരുവു യുദ്ധങ്ങൾ കൊണ്ടോ പരിഹരിക്കാൻ ആവുന്ന പ്രശ്നമല്ല ഇത്.
![]()

