കാനനുകൾ, കുതിരയുടെ കാൽത്താങ്ങ്, AK-47 തോക്കുകൾ തുടങ്ങിയവ എങ്ങനെയാണോ യുദ്ധങ്ങൾ പയറ്റുന്ന രീതി മാറ്റിയത്, അതേ പോലെ ഇനിയങ്ങോട്ട് ഡ്രോണുകൾ ആയിരിക്കാം യുദ്ധങ്ങളുടെ ജയപരാജയങ്ങളെ നിർണ്ണയിക്കാൻ പോകുന്നത്.
എന്തായാലും ഡ്രോണുകളെ വീഴ്ത്താനും ടെക്നോളജി കുതിപ്പ് ഉണ്ടാവുന്നുണ്ട്. High power microwave technology (HPM), AI Turrets, Lasers, Electronic warfare തുടങ്ങിയവ.
വർഷങ്ങളായി, ഡ്രോൺ ഹാർഡ്‌വെയറിൽ ചൈന മുന്നിട്ട് നിന്നപ്പോൾ അമേരിക്ക പിന്നോക്കം പോയി. വാസ്തവത്തിൽ, യുഎസ് ഗവണ്മെന്റ് നിയന്ത്രണങ്ങൾ ഈ വ്യവസായത്തെ സ്തംഭിപ്പിച്ചു. എന്നാൽ ഇപ്പോൾ യുദ്ധത്തിന്റെ അടിയന്തിരാവസ്ഥയാൽ പ്രചോദിതരായി, പത്ത് വർഷത്തെ സാങ്കേതിക പുരോഗതി പെട്ടന്ന് തന്നെ കൈവരിക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നു.
പെട്ടന്ന് തന്നെ യുക്രൈൻ പരാജയപ്പെടും എന്ന് തുടക്കത്തിൽ കരുതിയെങ്കിലും അവർ റഷ്യയെ വെള്ളം കുടിപ്പിക്കാൻ കഴിഞ്ഞതിന്റെ പ്രധാന കാരണം ഡ്രോണുകളാണ്. 2024-ൽ മാത്രം ഉക്രെയ്ൻ തങ്ങളുടെ സായുധ സേനയിൽ 1.2 ദശലക്ഷം ഡ്രോണുകൾ വിന്യസിച്ചു. ഈ വർഷം 2 ദശലക്ഷം കൂടി നിർമ്മിക്കും. ഡ്രോണുകൾ വിലകുറഞ്ഞതും, വേഗത്തിൽ ഉൽപ്പാദിപ്പിക്കാനും വലിയ അളവിൽ വിന്യസിക്കാനും കഴിയും. അവ നഷ്ട്ടപ്പെട്ടാലും അതൊരു വലിയ നഷ്ട്ടമല്ല. റഷ്യയും ഡ്രോണുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല. വിലകുറഞ്ഞ ഒരു കാമികേസ് ഡ്രോണിന് കോടിക്കണക്കിന് ഡോളർ വിലവരുന്ന ഒരു കവചിത ടാങ്കിന്റെ ഏറ്റവും ദുർബലമായ സ്ഥലത്തേക്ക് എത്തി അതിനെ നശിപ്പിക്കാൻ കഴിയും. 60-80% സമയത്തും ഡ്രോണുകൾ ലക്ഷ്യത്തിലെത്താൻ പരാജയപ്പെട്ടിട്ടും ഉക്രെയ്നിൽ നശിപ്പിക്കപ്പെട്ട 70% കവചിത വാഹനങ്ങൾക്കും ഡ്രോണുകളായിരുന്നു ഉത്തരവാദികൾ. 10 മില്യൺ ഡോളർ വീതം വില വരുന്ന മുപ്പത്തൊന്ന് M1 അബ്രാംസ് ടാങ്കുകൾ അമേരിക്ക ഉക്രെയ്‌നിലേക്ക് അയച്ചു. പത്തൊമ്പത് എണ്ണം നശിപ്പിക്കപ്പെടുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്‌തു. 1000 ഡോളറിൽ താഴെ വിലയുള്ള റഷ്യൻ ഡ്രോണുകൾ ആണ് ഇവയിൽ പലതും നശിപ്പിച്ചത്. ഇത് ബാക്കിയുള്ള ടാങ്കുകളെ മുൻനിരയിൽ നിന്ന് പിൻവലിക്കാൻ കാരണമായി. ഗൾഫ് യുദ്ധത്തിൽ അമേരിക്ക 1,956 ടാങ്കുകൾ വിന്യസിച്ചതിൽ ശത്രുക്കളുടെ വെടിവെപ്പിൽ ഒന്ന് പോലും നശിപ്പിക്കപ്പെട്ടില്ല. അതായത് ഇന്ന് ആ കഥ പഴങ്കഥ ആയിരിക്കുന്നു.
കഴിഞ്ഞ വർഷം ഇറാൻ ഇസ്രായേലിനെതിരെ 350 ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ഇസ്രായേലിന്റെ നൂതന പ്രതിരോധ സംവിധാനങ്ങൾ 99% വിജയശതമാനത്തോടെ ആക്രമണത്തെ പരാജയപ്പെടുത്തി. എങ്കിലും ഇവിടെയാണ് അസമമായ യുദ്ധാവസ്ഥ ഉള്ളത്.
ഷാഹെദ്-136 ഡ്രോണുകളെ അടിസ്ഥാനമാക്കിയുള്ള ഇറാന്റെ ആക്രമണത്തിന് ഏകദേശം 100 മില്യൺ ഡോളർ ചിലവായി. അതേസമയം, ഇസ്രായേലിന്റെ ആരോ ഇന്റർസെപ്ഷൻ സിസ്റ്റത്തിന് ഒരു ഷോട്ടിന് ഏകദേശം 3.5 മില്യൺ ഡോളർ ചിലവാകും. ഏറ്റവും വിലകുറഞ്ഞ ഓപ്ഷനായ അയൺ ഡോമിന് പോലും ഒരു ഷോട്ടിന് ഏകദേശം 100,000 ഡോളർ ചിലവാകും. മൊത്തത്തിൽ, ഇസ്രായേൽ സ്വയം പ്രതിരോധിക്കാൻ 1 ബില്യൺ ഡോളറിലധികം ചെലവഴിച്ചു – ഇറാന്റെ ആക്രമണ ചെലവിന്റെ 10 ഇരട്ടിയിലധികം. പതിനായിരമോ അതിൽ താഴെയോ ഡോളർ വിലവരുന്ന ഡ്രോണുകളെ വെടിവയ്ക്കാൻ ഇപ്പോഴത്തെ അവസ്ഥയിൽ ദശലക്ഷക്കണക്കിന് ഡോളർ ചിലവഴിക്കേണ്ടി വരുന്നു. ഏതാനും ഡോളറുകൾക്ക് ഒരു ഡ്രോണിനെ പ്രവർത്തനരഹിതമാക്കാൻ കഴിയുന്ന ലേസർ സംവിധാനമായ റാഫേലിന്റെ അയൺ ബീമിൽ ഇസ്രായേൽ ഇപ്പോൾ വൻതോതിൽ നിക്ഷേപിക്കുന്നത് ഇതുകൊണ്ടാണ്.
2015 ൽ ചൈന “Made in China 2025” എന്ന സംരംഭം ആരംഭിച്ചു. 10 വർഷത്തിനുള്ളിൽ ചൈനയെ ഒരു വ്യാവസായിക ശക്തിയാക്കി വളർത്തിയെടുക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. അവർ ഏതാണ്ട് വിജയിച്ചു എന്ന് തന്നെ പറയാം. ഈ സംരംഭത്തിന്റെ ഭാഗമായി, ചൈനീസ് രാഷ്ട്രീയ നേതൃത്വം നാല് “ദേശീയ ചാമ്പ്യൻ” കമ്പനികളെ തിരഞ്ഞെടുത്ത് അവയെ ഉയർത്തിക്കൊണ്ടുവരാനും സബ്‌സിഡി നൽകാനും തീരുമാനിച്ചു. ഡ്രോൺ നിർമ്മാതാക്കളായ DJI, ഇലക്ട്രിക്ക് കാർ നിർമ്മാതാവായ BYD, ഫോൺ നിർമ്മാതാവായ Huawei, ഓട്ടോമോട്ടീവ് ഇന്റലിജന്റ് സൊല്യൂഷൻസ് കമ്പനി ആയ Autel എന്നിവ.
നാലെണ്ണത്തിൽ ഏറ്റവും വിജയിച്ചത് ഡിജെഐ ആയിരുന്നു. ടെസ്‌ലയേക്കാൾ മികച്ചതും വിലകുറഞ്ഞതുമായ ഇലക്ട്രിക് കാറുകൾ ബിവൈഡി നിർമ്മിക്കുന്നു. ടെസ്‌ല ബിവൈഡിക്ക് ന്യായമായ ഒരു എതിരാളി ആണ്. ഡിജെഐക്ക് നല്ലൊരു കോംപറ്റീറ്റർ ഇല്ല. ആഗോള ഡ്രോൺ വിപണിയുടെ 70% ഉം യുഎസ് ഡ്രോൺ വിപണിയുടെ 80% ഉം ചൈനീസ് കമ്പനിയായ ഡിജെഐ സ്വന്തമാക്കി. ഹാർഡ്‌വെയറിന്റെ സുവർണ്ണ നിലവാരമാണ് ഡിജെഐയുടെ ഡ്രോണുകൾ. അളവിലും ഗുണനിലവാരത്തിലും അവ ആധിപത്യം പുലർത്തുന്നു. 2010-കളുടെ മധ്യത്തിൽ ചൈന കമ്പനികൾക്ക് സബ്‌സിഡി കൊടുത്തു വിലകുറഞ്ഞതായ എല്ലാത്തരം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും യുഎസിൽ വിറ്റഴിച്ചു. നിയന്ത്രണങ്ങൾ കാരണം തുല്യനിലയിൽ മത്സരിക്കാൻ അമേരിക്കൻ കമ്പനികൾക്ക് സാധിച്ചില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് അമേരിക്ക സ്വന്തം ഡ്രോൺ വ്യവസായത്തെ തളർത്തി. ഒരു പരിധിക്കപ്പുറം ഒരു ഡ്രോൺ പറത്താൻ അമേരിക്കയിൽ പൈലറ്റ് ലൈസൻസ് ആവശ്യമായിരുന്നു. ഇത് ഡ്രോൺ വിപണി വികസിക്കുന്നത് തടഞ്ഞു.
അതേസമയം, ചൈന ഡ്രോണുകളെ കളിപ്പാട്ടങ്ങളുടെ വിഭാഗത്തിൽ പെടുത്തി. അത് ദ്രുതഗതിയിലുള്ള ഇന്നോവേഷന് അവസരമൊരുക്കി. ഡിജെഐയുടെ ഡ്രോണുകൾ ടിവികളുടെ പാത പിന്തുടർന്നു. ഡിജെഐ ഡ്രോണുകൾ ഇപ്പോൾ യുഎസിലും മറ്റിടങ്ങളിലും തിരച്ചിൽ, രക്ഷാപ്രവർത്തനം, മേൽക്കൂര പരിശോധന തുടങ്ങി ഡസൻ കണക്കിന് മറ്റ് ജോലികൾക്കായി ഉപയോഗിക്കുന്നു. ഈ വർഷം ചൈന 8 ദശലക്ഷം ഡ്രോണുകൾ നിർമ്മിക്കും. ഉക്രെയ്നും റഷ്യയും ഒഴികെ, മറ്റെല്ലാവരും ഏകദേശം ഒരു ലക്ഷം മാത്രമേ നിർമ്മിക്കുന്നുള്ളൂ.
![]()

