“രണ്ടുകോടി രൂപ 40 വർഷത്തേക്ക് ഇൻവെസ്റ്റ് ചെയ്താൽ, 15% CAGR കണക്കാക്കിയാൽ നിങ്ങളുടെ രണ്ട് കോടി രൂപ 537 കോടി രൂപയായി മാറും എന്ന ഒരു വാർത്ത ഞാൻ കണ്ടിരുന്നു. ഞാനത് കാൽക്കുലേറ്റ് ചെയ്തു നോക്കിയപ്പോൾ ശരിയാണ്, അത് കൊണ്ട് ഞാൻ അതൊരു പോസ്റ്റ് ആയി ഇട്ടു. അപ്പൊൾ അതിൻ്റെ അടിയിൽ വന്ന ചില കമന്റുകളുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ആണ്…”
വെൽത്ത് ക്രിയേഷൻ ഒരു സീറോ സം ഗെയിം ആണ്, എന്നുവച്ചാൽ ഒരാൾ സമ്പത്ത് ഉണ്ടാക്കുമ്പോൾ മറ്റൊരാൾക്ക് അത് നഷ്ടപ്പെടുന്നു. ഇങ്ങനെ ഒരു ചിന്ത മനുഷ്യന് വരാൻ കാരണം എന്താണ്?
മനുഷ്യൻ സമൂഹമായി ജീവിച്ചു കൃഷി തുടങ്ങിയപ്പോൾ, അവനെ സംബന്ധിക്കുന്ന ഏറ്റവും പ്രധാന റിസോഴ്സുകളിൽ ഒന്നു ലാൻഡ് ആയിരുന്നു, മറ്റൊന്ന് കന്നുകാലികളും മറ്റു വളർത്തു മൃഗങ്ങളുമായിരുന്നു. ലാൻഡ് എന്നുപറയുന്നത് ഒരിക്കലും അവസാനിക്കാത്ത ഒരു റിസോർസ് അല്ല. അതായത് ഒരാൾ കൂടുതൽ സ്ഥലം കൈവശപ്പെടുത്തുമ്പോൾ മറ്റ് ആളുകൾക്ക് അത് നഷ്ടപ്പെടുന്നു.
ആദ്യകാലത്ത്, താമസയോഗ്യവും കൃഷിയോഗ്യവുമായ സ്ഥലങ്ങൾ കണ്ടെത്തുക എന്നത് തന്നെ വളരെ ദുഷ്കരമായിരുന്നു. വളരെയധികം ആളുകളുടെ അധ്വാനഫലമായി അങ്ങനെ സൃഷ്ടിച്ചെടുത്ത സ്ഥലം ഏതാനും വ്യക്തികൾ, കയ്യൂക്ക് കൊണ്ടും കായിക ബലം കൊണ്ടും കൈവശപ്പെടുത്തുമ്പോൾ അത് ചൂഷണമായും, തങ്ങളുടെ സമ്പത്ത് മോഷ്ടിച്ചെടുത്തതായും ആണ് മറ്റു ആളുകൾക്ക് അനുഭവപ്പെടുക. മനുഷ്യൻ എത്ര പ്രയത്നിച്ചാലും, അവന് ഉണ്ടാക്കാൻ സാധിക്കുന്ന സ്ഥലത്തിന് പരിധികളുണ്ട്.
മൃഗങ്ങളുടെ കാര്യത്തിൽ ആയാലും ഒരു ഇൻഫിനിറ്റ് റിസോർസ് എന്ന് പറയാവുന്ന അവസ്ഥയില്ല. രോഗങ്ങളും, പട്ടിണിയും ഒക്കെ മൂലം ഈ സമ്പത്ത് നശിച്ചു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ അത് ആരെങ്കിലും തട്ടിയെടുക്കുന്നതോ കൂടുതൽ കൈവശം വയ്ക്കുന്നതോ ചൂഷണമായി അനുഭവപ്പെടും. ആദ്യകാലത്ത് മനുഷ്യർ ഒരു പാസ്റ്ററൽ സമൂഹമായിരുന്നു.
പിന്നീട് ലോഹങ്ങളിലേക്ക് എത്തി,അവിടെ നിന്നും തിളക്കമുള്ള ലോഹങ്ങളിലേക്ക് സ്വർണ്ണം, വജ്രം, ഇതും സ്കാർസിറ്റി ഉള്ള റിസോഴ്സസ് ആണ്. പിന്നെ ഓയിൽ, കൽക്കരി അങ്ങനെ നാച്ചുറൽ റിസോഴ്സസ്.
ഇത്തരം റിസോഴ്സുകളാണ് മനുഷ്യൻറെ സമ്പത്ത് ആയി നമ്മൾ ആയിരക്കണക്കിന് വർഷങ്ങളോളം പരിഗണിച്ചു പോന്നത്. നമ്മുടെ ബേസിക് എക്കണോമിക്സ് രൂപപ്പെട്ടിരിക്കുന്നത് ഇത്തരം tangible ആയ അസറ്റുകളുടെ മുകളിലാണ്.
അതുകൊണ്ടാണ് വലിയൊരു പണക്കാരൻ, ഒരു കേക്കിന്റെ വലിയൊരു ഭാഗം എടുക്കുമ്പോൾ, ചെറിയൊരു പീസിനായി ലക്ഷക്കണക്കിന് ദരിദ്രർ ഇരിക്കുന്ന ഫോട്ടോ നമ്മൾ അസമത്വത്തിന്റെ പ്രതീകമായി ഷെയർ ചെയ്യുന്നത്.
അതേസമയം ക്യാപ്പിറ്റലിസ്റ്റുകൾ വാദിക്കുന്നത് ഈ സമ്പത്ത് എന്നത് ഒരു സീറോ സം ഗെയിം അല്ല എന്നതാണ്. അതിനു കാരണം നമ്മുടെ അസറ്റ് ക്ലാസുകളിൽ ഉണ്ടായിരിക്കുന്ന മാറ്റമാണ്. ഏതാണ്ട് ഇൻഡസ്ട്രിയൽ റവല്യൂഷൻ സമയത്താണ് ഇത്തരത്തിലുള്ള ഒരു ചിന്തയിലേക്ക് സമൂഹം പോകുന്നത്.
Tangible ആയ റിസോഴ്സുകളിൽ നിന്നും, intangible ആയ റിസോഴ്സുകളിലേക്ക് നമ്മൾ ചുവടു വച്ചു. സോഫ്റ്റ് വെയറുകൾ, ബൗദ്ധിക സ്വത്ത്, നിങ്ങളുടെ ബിസിനസ് നെറ്റ് വർക്ക്, നിങ്ങൾ കൈവശം വച്ചിരിക്കുന്ന ഡാറ്റ , കോഡ്, നിങ്ങളുടെ ആശയങ്ങൾ ഇതിനൊക്കെ വലിയ വില വന്നു. ഇന്നുണ്ടാക്കപ്പെടുന്ന സമ്പത്തിന്റെ വലിയൊരു അംശവും ഇത്തരത്തിലുള്ള വോളണ്ടറി ട്രാൻസാക്ഷനിലൂടെ , സ്റ്റോക്ക് ഇൻവെസ്റ് മെൻ്റുകളിൽ കൂടി സൃഷ്ടിക്കപ്പെടുന്നതാണ്. ഇവിടെയാണ് “പണക്കാരനും കേക്കും” ചിത്രം അപ്രസക്തമായി മാറുന്നത്.
ഈ സിസ്റ്റമാണ് നിങ്ങൾ നിക്ഷേപിക്കുന്ന 2 കോടി രൂപ 40 വർഷം കഴിയുമ്പോൾ 550 കോടി രൂപ ആയി മാറ്റുന്നത്, ഇവിടെ അതേപോലെ തന്നെ നിങ്ങളുടെ നിക്ഷേപം പൂജ്യമായി പോകാനും സാധ്യതയുണ്ട്.
എന്ത് കൊണ്ടാണ് പണം ഉള്ളവൻ്റെ പണം പത്തും നൂറും ഇരട്ടി ആയി മാറുന്നത്? ഈ ചാർട്ട് തരും അതിൻറെ ഉത്തരം.

2 കോടി രൂപ 15% CAGR (Compound Annual Growth Rate) അനുസരിച്ച് 40 വർഷം കഴിഞ്ഞാൽ 535 കോടി രൂപ ആകും. 20 ലക്ഷം രൂപ ആണങ്കിൽ , 53 കോടി ആകും. രണ്ടു ലക്ഷം ആണങ്കിൽ 5.36 കോടി രൂപ ആകും. അതായത് കൂടുതൽ പൈസ ഉണ്ടെങ്കിൽ Compounding വഴി അതുണ്ടാക്കുന്ന നേട്ടം വളരെ വലുതാണ്.
അവിടെ രണ്ടുകോടി രൂപ മാർക്കറ്റിൽ നിക്ഷേപിക്കാൻ നിങ്ങൾ എടുക്കുന്ന റിസ്കിനാണ് ഈ റിട്ടേൺ കിട്ടുന്നത്. രണ്ടുകോടി രൂപയ്ക്ക് എത്ര പൊറോട്ട തിന്നാമെന്ന് ചിന്തിച്ചാൽ ഇത് നിങ്ങൾക്ക് ഉണ്ടാകില്ല. The more you take risk, the more you get rewarded. പക്ഷേ ഇവിടെ എല്ലാവർക്കും ഇതിന് കഴിയുന്നില്ല.
സിസ്റ്റമാറ്റിക്കായി ഡിസ്ക്രിമിനേഷൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് അതിന് കഴിയില്ല. നിങ്ങൾക്ക് സമ്പത്ത് ഉണ്ടാക്കാൻ താല്പര്യവും സമയവും ഇല്ലെങ്കിൽ അതിന് കഴിയില്ല. നിങ്ങൾക്ക് ഇതിനെക്കുറിച്ച് ശരിയായ അറിവില്ലെങ്കിൽ കഴിയില്ല. അങ്ങനെ നിങ്ങൾക്ക് സമ്പത്ത് ഉണ്ടാകാത്തതിന് ഒരുപാട് കാരണങ്ങളുണ്ട്.
അതായത് സമ്പത്ത് നേടുന്നതിന് , അതിനാവശ്യമായ അറിവ് നേടുന്നതിന്, ഒക്കെ എല്ലാവർക്കും തുല്യമായ അവസരങ്ങൾ ഈ ലോകത്തിൽ ഇല്ല. ഇനി അവസരങ്ങൾ ഉണ്ടായാലും എല്ലാവർക്കും അതിന് താല്പര്യവുമില്ല. ആളുകൾ ജീവിതത്തിൽ ഓരോന്നിനെയും പ്രയോരറ്റൈസ് ചെയ്യുന്നത് വ്യത്യസ്തമായാണ്..
അതെ സമയം എല്ലാവർക്കും തുല്യമായ അവസരങ്ങൾ (Equal Opportunities) ഉണ്ടാകണം എന്ന കാര്യത്തിൽ ഒരു വലതുപക്ഷക്കാരനും തർക്കം ഉണ്ടാകാൻ സാധ്യതയില്ല.
അവസരങ്ങളിൽ തുല്യത ഇല്ലാത്തതുകൊണ്ട്, ഔട്ട്പുട്ടിൽ തുല്യത കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങളെയാണ് വലതുപക്ഷ സാമ്പത്തിക വാദികൾ എന്ന് ആരോപിക്കപ്പെടുന്നവരിൽ ഭൂരിപക്ഷവും എതിർക്കുന്നത്.
അതായത് എല്ലാവർക്കും തുല്യ അവസരങ്ങൾ ഉണ്ടായാലും, ഓരോ മനുഷ്യനും വ്യത്യസ്തനായതുകൊണ്ടും വ്യത്യസ്തമായ അഭിരുചികളും വാസനകളും കഴിവുകളും ഉള്ളതു കൊണ്ടും അവരുടെ ഔട്ട്പുട്ടുകളും വ്യത്യസ്തമായിരിക്കും.
ഒരേ സാഹചര്യങ്ങളിൽ ജനിക്കുന്ന ഇരട്ടക്കുട്ടികളിൽ പോലും ഈ വ്യത്യാസം പ്രകടമാണ്. ഈ വ്യത്യസ്തതയാണ് നമ്മുടെ സമൂഹത്തെ രസകരമാക്കുന്നത്. അങ്ങനെയുള്ള മനുഷ്യപ്രകൃതത്തെ പരിഗണിക്കാതെ, ഫലത്തിൽ തുല്യത ഉണ്ടാക്കാനുള്ള ശ്രമം സ്വാഭാവികമായി അധ്വാനിക്കുന്ന, റിസ്ക് എടുക്കുന്ന ആളുകളെ അപമാനിക്കുന്നതിന് തുല്യമാണ് എന്നതാണ് വലതുപക്ഷ സാമ്പത്തിക വാദികൾ എന്ന് പറയുന്നവർ ഉയർത്തുന്ന വാദം.
അവസരങ്ങളിൽ തുല്യത ഉണ്ടാക്കുക എന്നത് വളരെയധികം സത്യസന്ധതയും എഫർട്ടും ആവശ്യമുള്ള രാഷ്ട്രീയ പ്രവർത്തനമാണ്. ഇവിടെ ചിലപ്പോൾ, നിങ്ങൾ നിങ്ങളെത്തന്നെ മാറ്റാനും വിചാരണ ചെയ്യാനും തയ്യാറാകേണ്ടത് ഉണ്ട്. അതായത് ഇരവാദത്തിന് പ്രസക്തിയില്ല. നിങ്ങൾ ഒരു കാര്യത്തിന് ശ്രമിച്ചിട്ടും അത് സംഭവിക്കുന്നില്ല എങ്കിൽ, അത് സംഭവിക്കാത്തതിൽ സമൂഹത്തിനും സിസ്റ്റത്തിനും ഉള്ള പങ്കിനോട് ഒപ്പം നിങ്ങൾക്ക് എത്രത്തോളം പങ്കുണ്ട് എന്നതുകൂടി പരിഗണിക്കേണ്ടിവരും. ആത്മ വിമർശനം നടത്താനുള്ള കഴിവ് വലിയൊരു ശതമാനം ആളുകൾക്കും ഇല്ല. ബ്ലെയിം ഗെയിം ആണ് കൂടുതൽ താത്പര്യം..കാരണം അതിന് അധ്വാനത്തിന്റെ ആവശ്യമില്ല.
ഇവിടെ സമ്പത്തിന്റെ കാര്യത്തിലുള്ള അസമത്വം എല്ലായിപ്പോഴും നീതി ഇല്ലായ്മയായി കാണുന്നത് തെറ്റായ സമീപനമാണ്. Inequality is not always because of Injustice.
ഓരോ വിഷയത്തിലും അതിന്റെ മെറിറ്റിൽ നിന്നുകൊണ്ട് വേണം ആ വിഷയത്തെ ചർച്ച ചെയ്യാൻ.
ഉദാഹരണത്തിന്, ഒരു ഗ്രാമത്തിൽ വലിയൊരു ഭൂരിപക്ഷം ആളുകൾക്കും വിദ്യാഭ്യാസമില്ല. കാരണം?
1. അവരുടെ പ്രോക്സിമിറ്റിയിൽ വിദ്യാഭ്യാസ സ്ഥാപനം ഇല്ല- ഇത് സമൂഹം എന്ന നിലയ്ക്ക് നമ്മൾ അഡ്രസ്സ് ചെയ്യേണ്ട കാര്യമാണ്, അവിടെ വിദ്യാഭ്യാസ സ്ഥാപനം എത്തിക്കേണ്ടതും വിദ്യാഭ്യാസം എത്തിക്കേണ്ടതും സമൂഹത്തിൻറെ ഉത്തരവാദിത്തമാണ്. അത് ഗവൺമെൻറ് തന്നെ ചെയ്യണം എന്ന് നിർബന്ധമൊന്നുമില്ല. സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒക്കെ ചെയ്യാം. ഒരുപാട് വ്യക്തികൾ philanthropy ചെയ്യാൻ തയ്യാറുള്ളവർ ഉണ്ട്.
2. വിദ്യാഭ്യാസ സ്ഥാപനം ഉണ്ട് പക്ഷേ ആളുകൾക്ക് പഠിക്കാൻ പോകാൻ താല്പര്യമില്ല. –
രണ്ടാമത്തെ കേസിൽ ചാടിക്കയറി അസമത്വം കൊണ്ടാണ്, സാമൂഹിക പിന്നോക്കാവസ്ഥ കൊണ്ട് ആണ് എന്ന് തീരുമാനിക്കുന്നതിന് മുമ്പ്, എന്തുകൊണ്ട് ആളുകൾ പോകുന്നില്ല എന്നതിനെക്കുറിച്ച് വിശദമായ പഠനം നടത്തണം. വിദ്യാഭ്യാസത്തിന് പരിഗണന കൊടുക്കാത്ത ഒരു സമൂഹമാണെങ്കിൽ അവരെ അതിൻറെ ആവശ്യകത പറഞ്ഞു ബോധ്യപ്പെടുത്തണം. അതല്ല കുട്ടികളെ പഠിക്കാൻ വിട്ടാൽ, വീട്ടിലെ വരുമാനത്തിൽ കുറവ് വരും (ചൈൽഡ് ലേബർ ഉണ്ട്) എന്ന ഭയമാണ് എങ്കിൽ അതിനെ അഡ്രസ് ചെയ്യണം.
ഓരോ വിഷയത്തെയും ഇങ്ങനെ കേസ് ബൈ കേസ് അനലൈസ് ചെയ്തെങ്കിൽ മാത്രമേ അവിടെ സിസ്റ്റമാറ്റിക്കായ ഡിസ്ക്രിമിനെഷൻ ഉണ്ടോ എന്ന് മനസ്സിലാക്കാനും അതിനെ പരിഹരിക്കാനും സാധിക്കു.. പക്ഷേ ഇടതന്മാർ പലപ്പോഴും കാടടച്ച് വെടിവയ്ക്കുകയാണ് ചെയ്യുക. ഇതേപോലെ തന്നെയാണ് മോണോ പോളിയുടെ കാര്യവും. കമ്പനിയുടെ എഫിഷ്യൻസി കൊണ്ട് ആണ് അവർ മാർക്കറ്റിൻ്റെ സിംഹ ഭാഗവും കയ്യാളുന്നത് എങ്കിൽ അതിനെ മനഃപൂർവം dismantle ചെയ്യേണ്ട ആവശ്യം ഇല്ല. അത് consumers നു ബെനഫിറ്റ് ചെയ്യില്ല. അതെ സമയം അവർ അഴിമതി വഴിയും, കൈക്കൂലി വഴിയും, സിസ്റ്റത്തെ കബളിപ്പിച്ചും, മറ്റുള്ള കമ്പനികളെ ഭീഷണിപ്പെടുത്തിയും, പ്രിഡേറ്ററി പ്രൈസിങ് ഉപയോഗിച്ച് കോമ്പറ്റീഷനെ ഇല്ലാതാക്കി ഒക്കെ പ്രവർത്തിക്കുമ്പോൾ മാത്രമാണ് മറ്റൊരു ഏജൻസി അതിൽ ഇടപെടേണ്ടതുള്ളൂ..
നിലവിലെ സാഹചര്യത്തിൽ ഏതൊരു കമ്പനി വലുതാകുമ്പോഴും, സ്വാഭാവികമായി അവരുടെ എഫിഷ്യൻസി കുറയും, അതിനെ മറികടക്കാൻ അവർ പല ഉടായിപ്പുകളും ഉപയോഗിക്കുന്നുണ്ട്. വലിയ രാജ്യങ്ങൾ ഭരിക്കാൻ ബുദ്ധിമുട്ടുന്നതുപോലെയാണ് വലിയ കമ്പനികളും. ടാറ്റ തന്നെ നോക്കൂ.. അതിൻറെ വലുപ്പമനുസരിച്ചുള്ള സർവീസ് ഒരു പ്രോഡക്റ്റിലും അവർക്ക് നൽകാൻ കഴിയുന്നില്ല. ഈ ഗ്യാപ്പിൽ ആണ് പുതിയ കമ്പനികൾക്ക് വളർന്നു വരാനുള്ള അവസരം. പക്ഷേ അങ്ങനെ ഒരു രാജ്യത്ത് ഉണ്ടാകുന്നില്ല എങ്കിൽ അതിനർത്ഥം, ഈ വലിയ കമ്പനികൾക്ക് സിസ്റ്റമാറ്റിക്കായി ചില പ്രിവിലേജ്കൾ ലഭിക്കുന്നുണ്ട് എന്നാണ്. അതാണ് കൃത്യമായി ഡെമോക്രാറ്റിക് പ്രോസസിൽ ചോദ്യം ചെയ്യേണ്ടത്.
Even with equal opportunity, outcomes will differ. And that’s okay.” But ensuring the opportunity is genuinely equal—that’s where the real work lies.
![]()

