“സാങ്കേതിക വിദ്യയെ നാം നിയന്ത്രിക്കുമോ, അതോ അത് നമ്മെ നിയന്ത്രിക്കുമോ?”
മസ്കിന്റെ ന്യൂറാലിങ്ക് കമ്പനി
അബുദാബിയിലെ ക്ലീവ്ലാൻഡ് ക്ലിനിക്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ച് ന്യൂറാലിങ്കുമായി (Neuralink) ചേർന്ന് ഈ മേഖലയിലെ ആദ്യത്തെ മനുഷ്യ മസ്തിഷ്ക-കമ്പ്യൂട്ടർ ഇന്റർഫേസ് (Implantable brain–computer interfaces, BCI) പഠനം ആരംഭിച്ചു എന്നൊരു വാർത്ത കുറച്ചു നാൾ മുമ്പ് ഞാൻ വായിച്ചു. UAE-Prime ട്രയൽ ഒരു സാധ്യതാ പഠനമാണ് (feasibility study). ന്യൂറാലിങ്കിന്റെ N1 ഇംപ്ലാന്റിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും വിലയിരുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിൽ പങ്കെടുക്കുന്നവർ ഒരു വർഷത്തേക്ക് ഈ ഉപകരണം ഉപയോഗിക്കും. അതു കൂടാതെ, മൂന്ന് വർഷം കൂടി ഉപകരണം ഉപയോഗിക്കുന്നത് തുടരാനുള്ള അവസരവുമുണ്ട്. ഈ വാർത്ത എനിക്ക് ന്യൂറാലിങ്കിനെപ്പറ്റി കൂടുതൽ അറിയാൻ താൽപ്പര്യമുണ്ടാക്കി.
2016-ൽ ആണ് സ്ഥാപിതമായ ഇലോൺ മസ്കിന്റെ കമ്പനിയാണ് ന്യൂറാലിങ്ക്. തലച്ചോറിനെ കമ്പ്യൂട്ടറുകളുമായി നേരിട്ട് ബന്ധിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ഉപകരണങ്ങളായ Implantable brain–computer interfaces (BCI) വികസിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. അതായത് തളർന്നു കിടക്കുന്നതോ അന്ധത ബാധിച്ചതോ അല്ലെങ്കിൽ നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങൾ ഉള്ള ആളുകൾക്ക് അവരുടെ നഷ്ടപ്പെട്ട പ്രവർത്തനങ്ങൾ വീണ്ടെടുക്കാൻ സഹായിക്കുക, കാലക്രമേണ മനുഷ്യ ബുദ്ധിയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ലയിപ്പിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശ്യം. കമ്പനിയുടെ ആദ്യ ഉപകരണമായ N1 Implant ഇതിനകം തന്നെ മനുഷ്യരിൽ പരീക്ഷിച്ചു കഴിഞ്ഞു. പക്ഷാഘാതം സംഭവിച്ച രോഗികളിൽ അവരുടെ ചിന്തകൾ മാത്രം ഉപയോഗിച്ച് കമ്പ്യൂട്ടർ കഴ്സർ ചലിപ്പിക്കാനും ടൈപ്പ് ചെയ്യാനും ഇത് അവരെ സഹായിക്കുന്നു. ആറ് വർഷത്തിനുള്ളിൽ അഞ്ച് വലിയ ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കാനും മൂന്ന് തരം ബ്രെയിൻ ഇംപ്ലാൻ്റുകൾ വിപണനം ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നു. ഇതിൽ, തലച്ചോറും മെഷീനുകളും തമ്മിലുള്ള ആശയവിനിമയത്തിനായി ടെലിപതി (Telepathy), കാഴ്ച പുനഃസ്ഥാപിക്കുന്നതിനായി ബ്ലൈൻഡ്സൈറ്റ് (Blindsight), പാർക്കിൻസൺസ് രോഗം ചികിത്സിക്കുന്നതിനായി ഡീപ് (Deep) എന്നിവ ഉൾപ്പെടുന്നു.
മസ്തിഷ്കവും ന്യൂറോണുകളും
നിങ്ങളുടെ തലച്ചോറ് കോടിക്കണക്കിന് ന്യൂറോണുകൾ (നാഡീകോശങ്ങൾ) എന്നറിയപ്പെടുന്ന ചെറിയ കോശങ്ങളാൽ നിർമ്മിതമാണ്. ഈ ന്യൂറോണുകളാണ് വിവരങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത്. ന്യൂറോണുകൾ വാക്കുകളിലൂടെയല്ല പരസ്പരം സംവേദനം ചെയ്യുന്നത്; പകരം അവ വൈദ്യുതിയും കെമിക്കലുകളും (neurotransmitter chemical) ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്. ഒരു ന്യൂറോൺ “ഫയർ” ചെയ്യുന്നു എന്ന് പറയുമ്പോൾ മറ്റു ന്യൂറോണുകളുമായി സംവദിക്കാൻ, അതിന്റെ നീണ്ട ശരീരത്തിലൂടെ (Axon) ഒരു വൈദ്യുത സിഗ്നൽ അയയ്ക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ലക്ഷക്കണക്കിന് ന്യൂറോണുകൾ പ്രത്യേക രൂപങ്ങളിൽ (patterns) ഫയർ ചെയ്യുമ്പോൾ; നിങ്ങൾ എന്തെങ്കിലും കാണുന്നു, നിങ്ങൾ നിങ്ങളുടെ കൈ ചലിപ്പിക്കുന്നു, നിങ്ങൾക്ക് ഒരു വികാരം അനുഭവപ്പെടുന്നു, നിങ്ങൾ ഒരു പാട്ട് ഓർക്കുന്നു… മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ ചിന്തിക്കുന്നതോ, അനുഭവിക്കുന്നതോ, ചെയ്യുന്നതോ ആയ എല്ലാ കാര്യങ്ങളും ന്യൂറോണുകൾ ഫയർ ചെയ്യുന്നതിലൂടെയും പരസ്പരം ആശയവിനിമയം നടത്തുന്നതിലൂടെയും ഉണ്ടാകുന്ന ഈ പ്രത്യേക രൂപങ്ങളിൽ നിന്നാണ് (patterns).
ന്യൂറാലിങ്കിന്റെ പ്രധാന ഘടകങ്ങൾ
N1 ചിപ്പ് (Implant)
തലയോട്ടിക്കടിയിൽ സ്ഥാപിക്കുന്ന, നാണയത്തിന്റെ വലുപ്പമുള്ള ഒരു ചെറിയ ഉപകരണമാണിത്. മനുഷ്യന്റെ മുടിയിഴയേക്കാൾ കനം കുറഞ്ഞ നൂലുകൾ (threads) വഴിയാണ് ഇത് തലച്ചോറുമായി ബന്ധിപ്പിക്കുന്നത്. ഈ നൂലുകൾ ന്യൂറോണുകളിൽ നിന്നുള്ള വൈദ്യുത സിഗ്നലുകൾ കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു.
നൂലുകൾ / ഇലക്ട്രോഡുകൾ (Threads/ Electrodes)
ഒരു ഇംപ്ലാൻ്റിൽ 64 അൾട്രാ-ഫൈൻ നൂലുകൾ ഉണ്ട്, അവയിൽ 1,024 ഇലക്ട്രോഡുകൾ ഉണ്ടാകും. നേരത്തെ പറഞ്ഞ പോലെ നിങ്ങളുടെ കൈ ചലിപ്പിക്കാൻ നിങ്ങൾ ചിന്തിക്കുമ്പോൾ, നിങ്ങളുടെ തലച്ചോറിലെ ന്യൂറോണുകൾ ഫയർ ചെയ്യുന്നു. ഈ ഇലെക്ട്രോഡുകൾ തലച്ചോറിലെ കോർട്ടെക്സിന്റെ (cortex) പ്രത്യേക ഭാഗങ്ങളിൽ നിന്നുള്ള നാഡീ പ്രവർത്തനങ്ങൾ (neural activity) ശേഖരിക്കുന്നു. ഈ സിഗ്നലുകളാണ് ചിന്തകൾ, ചലനത്തിനുള്ള നിർദ്ദേശങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നത്.
ന്യൂറൽ ഡാറ്റാ പ്രോസസ്സർ (Neural Data Processor)
ചിപ്പ് ഈ സിഗ്നലുകളെ ആംപ്ലിഫൈ ചെയ്തു ഡിജിറ്റൽ രൂപത്തിലാക്കുന്നു. തുടർന്ന്, ബ്ലൂടൂത്ത് പോലുള്ള ആശയവിനിമയത്തിലൂടെ ഇത് ഈ വിവരങ്ങൾ ഒരു കമ്പ്യൂട്ടറിലേക്കോ ഫോൺ ആപ്പിലേക്കോ വയർലെസ്സ് ആയി അയയ്ക്കുന്നു.
സർജിക്കൽ റോബോട്ട് (Surgical Robot)
ന്യൂറാലിങ്കിന്റെ ന്യൂറോസർജിക്കൽ റോബോട്ടാണ് നൂലുകൾ തലച്ചോറിൽ സ്ഥാപിക്കുന്നത്. രക്തക്കുഴലുകൾ ഒഴിവാക്കാനും തലച്ചോറിന് ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനും വേണ്ടി മൈക്രോൺ തലത്തിലുള്ള കൃത്യതയോടെയാണ് (micron-level precision) ഇത് ചെയ്യുന്നത്. ഏകദേശം ഒരു മണിക്കൂർ എടുക്കുന്ന ഈ ശസ്ത്രക്രിയ പൂർണ്ണമായും ഓട്ടോമേറ്റഡ് ആണ്.
സോഫ്റ്റ്വെയർ ഇൻ്റർഫേസ് (Software Interface)
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന അൽഗോരിതങ്ങൾ തലച്ചോറിലെ സിഗ്നലുകളെ വ്യാഖ്യാനിക്കുകയും ഡിജിറ്റൽ കമാൻഡുകളാക്കി മാറ്റുകയും ചെയ്യുന്നു. ഒരു കഴ്സർ ചലിപ്പിക്കുക, ടൈപ്പ് ചെയ്യുക, അല്ലെങ്കിൽ ഒരു റോബോട്ടിക് കൈ നിയന്ത്രിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാക്കി മാറ്റുന്നത് ഈ സോഫ്റ്റ്വെയറാണ്. കാലക്രമേണ, മെഷീൻ ലേണിംഗ് ഓരോ ഉപയോക്താവിൻ്റെയും തലച്ചോറിലെ ചിന്താ രീതികളുമായി പൊരുത്തപ്പെടുന്നു. അതു വഴി കൃത്യതയും വേഗതയും വർധിക്കുന്നു.
ന്യൂറാലിങ്ക് ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. എങ്കിലും, ഇത് വിജയകരമാകുകയാണെങ്കിൽ അതിന്റെ പ്രതിഫലനം മനുഷ്യചരിത്രത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വരുത്തും. ഇന്ന് അത് പക്ഷാഘാതം, അന്ധത, ALS, സ്പൈനൽ ഇൻജുറി പോലുള്ള ഗുരുതര നാഡീവ്യാധികളുള്ള രോഗികൾക്ക് ആശ്വാസം നൽകാനുള്ള പ്രതീക്ഷയാണ്. ഇത് പുരോഗമിക്കുംതോറും മനുഷ്യൻ തൻറെ ചിന്തകൾ കൊണ്ട് കമ്പ്യൂട്ടറുകളെ നിയന്ത്രിക്കുകയും, ഓർമ്മകൾ സംഭരിക്കുകയും, ദൂരെയുള്ള മറ്റൊരാളുമായി നേരിട്ടു ചിന്തകൾ പങ്കിടുകയും ചെയ്യുന്നത് ഓർത്തുനോക്കൂ? മസ്തിഷ്കത്തെയും ആർട്ടിഫിഷ്യൽ ഇന്റലിജെൻസിനെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന ഈ ടെക്നോളജി, മനുഷ്യബുദ്ധിയെ വികസിപ്പിച്ചെടുക്കാനുള്ള വഴിയും ആയേക്കാം.
ഇതൊക്കെയാണെങ്കിലും മറികടക്കാൻ നിരവധി വെല്ലുവിളികളുണ്ട്. തലച്ചോറിൽ ചെയ്യുന്ന ഇംപ്ലാൻ്റുകൾക്ക് ശസ്ത്രക്രിയ ആവശ്യമാണ് (invasive). ത്രെഡുകളും ഇലക്ട്രോഡുകളും കേടുപാടുകൾ, അണുബാധ, നശിച്ചുപോകൽ കൂടാതെ വർഷങ്ങളോളം പ്രവർത്തിക്കണം. ത്രെഡുകൾ ഉള്ളിലേക്ക് വലിയുന്നതും (retracting) സിഗ്നൽ നഷ്ടപ്പെടുന്നതും (losing signal) നിലവിൽ അറിയപ്പെടുന്ന മറികടക്കേണ്ടുന്ന പ്രശ്നങ്ങളാണ്.
ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് പ്രകാരം 2031-ഓടെ ഓരോ വർഷവും 20,000 ആളുകളിൽ ചിപ്പുകൾ സ്ഥാപിക്കാനും, പ്രതിവർഷം കുറഞ്ഞത് ഒരു ബില്യൺ ഡോളർ വരുമാനം നേടാനും ന്യൂറാലിങ്ക് ലക്ഷ്യമിടുന്നു. 2029-ഓടെ അവരുടെ ടെലിപതി (Telepathy) ഉപകരണത്തിന് നിയമപരമായ അംഗീകാരം ലഭിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അതുവഴി പ്രതിവർഷം 2,000 ശസ്ത്രക്രിയകൾ നടത്താനും, 100 മില്യൺ ഡോളർ വരുമാനം നേടാനുമാണ് പദ്ധതി. 2030-ൽ ബ്ലൈൻഡ്സൈറ്റ് (Blindsight) ഉപകരണം ലോഞ്ച് ചെയ്യാൻ ന്യൂറാലിങ്ക് പദ്ധതിയിടുന്നു. അത് വഴി പ്രതിവർഷം നടത്തുന്ന ശസ്ത്രക്രിയകളുടെ എണ്ണം 10,000 ആയി ഉയർത്താനും, 500 മില്യൺ ഡോളർ അധികം വരുമാനം നേടാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
BCI മത്സരത്തിൽ ന്യൂറാലിങ്ക് മാത്രമല്ല ഉള്ളത്. വ്യത്യസ്ത ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമാന സാങ്കേതികവിദ്യ വികസിപ്പിക്കാൻ ശ്രമിക്കുന്ന നിരവധി കമ്പനികൾ ഉണ്ട്. Synchron Inc, Paradromics, Precision Neuroscience, BrainCo, Blackrock Neurotech, Kernel, Neurable, OpenBCI, Bitbrain, Forest Neurotech, Cognixion, NextMind, Emotiv, NeuroSky, Starfish Neuroscience തുടങ്ങിയവ ആണ് ഇതിൽ ചിലത്. Synchron Inc എന്ന കമ്പനി നിർമ്മിക്കുന്ന ബ്രെയിൻ ഇംപ്ലാന്റുകൾ ഡോക്ടർമാർക്ക് രക്തക്കുഴലുകളിലൂടെ അകത്തേക്ക് കടത്തിവിടാൻ സാധിക്കും. ഇതു കൊണ്ട്, ന്യൂറാലിങ്ക് പോലുള്ള കമ്പനികളുടെ ഉപകരണങ്ങൾ തലച്ചോറിൽ സ്ഥാപിക്കുന്നതിന് ആവശ്യമായ ചെലവേറിയ ശസ്ത്രക്രിയകൾ ഒഴിവാക്കാൻ കഴിയും. അതിന്റെ വികസനത്തിനായി അവർ 200 മില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ട്.
നട്ടെല്ലിനേറ്റ പരിക്കുമൂലം തളർന്നുപോയ രോഗിയാണ് അലക്സ് കോൺലി. മൂന്ന് ദിവസം മുൻപ് ഞാൻ കണ്ട ഒരു വീഡിയോയിൽ, ചിന്തകൾ ഉപയോഗിച്ച് ഒരു ഡ്രോൺ പറത്താൻ മാത്രമല്ല, മറിച്ച് ബ്രെയിൻ ഇംപ്ലാന്റിനെ മറ്റു ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന കൺട്രോളറുകൾ പ്രോഗ്രാം ചെയ്യാനും അദ്ദേഹം പഠിക്കുന്നത് കാണിക്കുന്നുണ്ട്. ഇത് സൂചിപ്പിക്കുന്നത്, BCI വെറും മൗസ് ചലിപ്പിക്കലിൽ നിന്ന് ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു എന്നാണ്.
BCI-യുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളായ മനുഷ്യ ശേഷി വർദ്ധിപ്പിക്കൽ (സൂപ്പർ ഹ്യൂമൻ കഴിവുകൾ) യാഥാർത്ഥ്യമാകാൻ ഒരുപക്ഷെ ദശാബ്ദങ്ങൾ എടുത്തേക്കാം. ഇത്തരം ഉപകരണങ്ങൾ സാധാരണക്കാർക്ക് ഉപയോഗിക്കാൻ തുടങ്ങുന്നതിന് കമ്പനികൾ പരസ്യം ചെയ്യുന്നതിലും കൂടുതൽ വർഷങ്ങൾ എടുക്കുമെന്ന് പല വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
എന്തായാലും “സാങ്കേതിക വിദ്യയെ നാം നിയന്ത്രിക്കുമോ, അതോ അത് നമ്മെ നിയന്ത്രിക്കുമോ?” എന്ന ചോദ്യവും സ്വകാര്യത, സുരക്ഷ, മനുഷ്യനെന്ന നിലയിലെ തിരിച്ചറിവ് എന്നിവയെ ചുറ്റിപ്പറ്റിയുള്ള നൈതിക ചർച്ചകളും ഇനിയങ്ങോട്ട് കൂടുതൽ ശക്തമാകും.
![]()

