കർഷകരെ സംബന്ധിച്ചിടത്തോളം MSP എന്നത് കേവലം ഒരു വിലയല്ല, മറിച്ച് അനിശ്ചിതത്വങ്ങൾ നിറഞ്ഞ കാർഷിക മേഖലയിലെ ഏക സുരക്ഷാ കവചമാണ്. വിപണിയിലെ വിലത്തകർച്ച ഭയക്കാതെ അരിയും ഗോതമ്പും കൃഷി ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത് സർക്കാർ നൽകുന്ന ഈ ഉറപ്പാണ്.
നിറഞ്ഞു കവിയുന്ന ഗോഡൗണുകൾ
ഇന്ത്യയുടെ ഗോഡൗണുകൾ ഇന്നോളം കണ്ടിട്ടില്ലാത്ത വിധം നിറഞ്ഞൊഴുകുകയാണ്. ഈ വർഷം സെപ്റ്റംബറിലേ കണക്ക് പ്രകാരം, അരിയുടെ മൊത്തം ശേഖരം (അരിയും നെല്ലും) 48.2 മില്യൺ ടണ്ണിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 14 ശതമാനത്തിൽ കൂടുതലുള്ള ഈ വർധന ഒരു ചരിത്ര റെക്കോഡാണ്. ഗോതമ്പ് സ്റ്റോക്കുകളും നാല് വർഷത്തിനിടയിലെ ഏറ്റവുമുയർന്ന 33.3 മില്യൺ ടൺ ആണ്. ഒരു റിസ്ക്-മാനേജ്മെന്റ് ബഫർ എന്ന നിലയിൽ മോശം വിളവെടുപ്പ്, വിതരണ ആഘാതങ്ങൾ അല്ലെങ്കിൽ വിലയിലെ ചാഞ്ചാട്ടം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സർക്കാർ ധാന്യങ്ങൾ അധികമായി കൈവശം വച്ചേക്കാമെങ്കിലും ഇപ്പോൾ സംഭവിച്ചിരിക്കുന്നത് സർക്കാർ ഉദ്ദേശിച്ചിട്ടുള്ള ബഫർ സ്റ്റോക്കിനേക്കാൾ വളരെ കൂടുതൽ ആണ്. ജൂലൈയിൽ അരിക്കുള്ള ബഫർ സ്റ്റോക്ക് ലക്ഷ്യം വെറും 25.77 മില്യൺ ടണ്ണും ഗോതമ്പിനുള്ളത് ഏകദേശം 10.2 മില്യൺ ടണ്ണുമാണ്. ആഭ്യന്തര ഉപഭോഗം ഉൽപ്പാദനത്തിന്റെ നിരക്കിനനുസരിച്ചു ഉയരുന്നില്ല. എങ്ങനെയാണ് ഇന്ത്യയിലെ കൃഷി സപ്ലൈ Vs ഡിമാൻഡ് എന്ന തത്വത്തിന്റെ അട്ടിമറി ആകുന്നത് എന്ന് പരിശോധിക്കാം.
Law of Supply & Demand
സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണമാണ് വിതരണത്തിന്റെയും ആവശ്യകതയുടെയും നിയമം (Law of Supply and Demand). ഒരു സ്വതന്ത്ര കമ്പോളത്തിൽ, ഉപഭോക്താക്കളുടെ വാങ്ങാനുള്ള സന്നദ്ധതയെയും കഴിവിനെയും ആവശ്യകത (Demand) പ്രതിനിധീകരിക്കുന്നു, അതേസമയം ഉത്പാദകർ വിൽക്കാൻ തയ്യാറുള്ള ഉൽപ്പന്നത്തിന്റെ അളവിനെ വിതരണം (Supply) സൂചിപ്പിക്കുന്നു. ഈ രണ്ട് ശക്തികളുടെ പരസ്പര പ്രവർത്തനമാണ് ഒരു ഉൽപ്പന്നത്തിന്റെ കമ്പോള വില (Market Price) നിർണ്ണയിക്കുന്നത്. ആവശ്യകത വിതരണത്തേക്കാൾ കൂടുമ്പോൾ ക്ഷാമം (Shortage) ഉണ്ടാകുകയും വില വർദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ വിതരണം ആവശ്യകതയേക്കാൾ കൂടുമ്പോൾ മിച്ചോത്പാദനം (Surplus) ഉണ്ടാവുകയും വില കുറയുകയും ചെയ്യുന്നു. സന്തുലിത വില (Equilibrium Price) എന്ന ഒരു അവസ്ഥയിലേക്ക് എത്താൻ കമ്പോളത്തെ സഹായിക്കുന്നത് ഈ വില വ്യതിയാനങ്ങളാണ്, അവിടെ വിതരണത്തിന്റെ അളവും ആവശ്യകതയുടെ അളവും തുല്യമായിരിക്കും. സർക്കാർ ഇടപെടലുകളോ (ഉദാഹരണത്തിന്: MSP), മറ്റ് ബാഹ്യ ഘടകങ്ങളോ ഈ സ്വാഭാവികമായ വിപണി സിഗ്നലുകളെ തടസ്സപ്പെടുത്തുമ്പോൾ, കമ്പോളത്തിൽ അസന്തുലിതാവസ്ഥ (Disequilibrium) സൃഷ്ടിക്കപ്പെടുന്നു.
MSP + Open-Ended Government Procurement = Guaranteed Buyers
രാജ്യം വർഷംതോറും അരിക്കും ഗോതമ്പിനും മിനിമം സപ്പോർട്ട് പ്രൈസ് (MSP) പ്രഖ്യാപിക്കുന്നു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾ ഈ വിലയ്ക്ക് എത്തുന്ന മുഴുവൻ ധാന്യവും വാങ്ങുന്നു. വിപണിവില താഴ്ന്നാലും, ഡിമാൻഡ് കുറഞ്ഞാലും, വിതരണ ശൃംഖലയിൽ ഓവർഫ്ലോ ഉണ്ടായാലും സർക്കാർ വാങ്ങൽ നിർത്തുകയില്ല. NFSA (National Food Security Act, 2013) പ്രകാരം വലിയ അളവിൽ ഭക്ഷ്യധാന്യം സൗജന്യമായോ കുറഞ്ഞ വിലക്കോ ജനങ്ങൾക്ക് നൽകേണ്ടതുണ്ട്. ഇതിനായുള്ള ധാന്യം സംഭരിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്.
കർഷകരുടെ കണ്ണുകളിലൂടെ നോക്കുമ്പോൾ MSP അവർക്ക് സുരക്ഷിതത്വം നൽകും. MSP ഇല്ലാത്ത മറ്റു വിളകൾ (പൾസ്, ഓയിൽസീഡ്, പച്ചക്കറികൾ) വിലതകർച്ചയ്ക്കും ഡിമാൻഡ് വ്യതാസത്തിനും വിധേയമാകുമ്പോൾ, അരിയും ഗോതമ്പും സർക്കാർ വാങ്ങും എന്ന് ഉറപ്പുള്ള വിളകളായി മാറുന്നു. ചെറിയ കർഷകർക്ക് ഇത് വലിയ ആശ്വാസമാണ്. കൂടാതെ കാലങ്ങളായി ജലസേചന സൗകര്യവും സ്റ്റോറേജ് സൗകര്യവും മറ്റും അരിയും ഗോതമ്പും കൃഷി ചെയ്യുന്നതിന് ഉതകുന്നതാണ്. പഞ്ചാബ്, ഹരിയാന പോലുള്ള സംസ്ഥാനങ്ങളിൽ സൗജന്യ വൈദ്യുതി നൽകി ഭൂഗർഭജലം ഉപയോഗിച്ച് നെല്ല് കൃഷി ചെയ്യുന്നത് കർഷകർക്ക് ലാഭകരമാക്കുന്നു. റിസ്‌ക് കുറവായതിനാൽ മറ്റു വിളകൾ കൃഷി ചെയ്യാതെ അവർ വർഷാവർഷം അരിയിലും ഗോതമ്പിലും ഒതുങ്ങി നിൽക്കുന്നു.
In a normal market: If demand falls → Supply falls. If price falls → Farmers shift crops
സാധാരണ വിപണിയിൽ ആവശ്യകത കുറയുമ്പോൾ വിതരണവും സ്വാഭാവികമായി കുറയും. വില താഴുമ്പോൾ കർഷകർ അത് മനസ്സിലാക്കി വിളമാറ്റം നടത്തും. പക്ഷേ ഇന്ത്യയിൽ ഈ വിപണി സിഗ്നലുകൾ MSP മതിൽ കെട്ടി തടയുന്നു. MSP യഥാർത്ഥ വിപണിവിലയെക്കാൾ ഉയർന്നതായാൽ, സ്വകാര്യ വ്യാപാരികൾ വാങ്ങുന്നതിൽ പിന്നോട്ട് പോയാലും സർക്കാർ വാങ്ങിക്കൊണ്ടേയിരിക്കും. ഡിമാൻഡ് ആകട്ടെ വളരുന്നുമില്ല. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങൾക്കും അരിയും ഗോതമ്പും ഇപ്പോഴും പ്രധാന ഭക്ഷണമാണെങ്കിലും ഭക്ഷണ മുൻഗണനകളിലും മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ഉയർന്ന പ്രോട്ടീൻ, പച്ചക്കറികൾ, ഓയിലുകൾ, പ്രോസസ്ഡ് ഫുഡുകൾ, റെഡി-ടു-കുക്ക് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കുള്ള ആവശ്യകത വർഷംതോറും കുതിച്ചുയരുന്നു. PDS (ക്ഷേമപദ്ധതികളിലെ വിതരണം) സ്ഥിരതയുള്ളതാണെങ്കിലും അതിന് ഒരു പരിമിതിയുണ്ട്. അതിനെ മറികടക്കുന്ന അളവിൽ ആണ് സർക്കാർ അരിയും ഗോതമ്പും വാങ്ങിക്കൂട്ടുന്നത്.
അധിക സംഭരണത്തിന്റെ ദൂഷ്യഫലങ്ങൾ
സർക്കാരിന്റെ ഗോഡൗണുകൾ നിറയുമ്പോൾ ഏറ്റവും ആദ്യം പ്രതിസന്ധിയിലാകുന്നത് സംഭരണ സംവിധാനമാണ്. വിളകളുടെ ഗുണനിലവാരനഷ്ടം, മണ്ണിൻ്റെ പോഷണ നഷ്ടം, സംഭരണ ചിലവ് കൂടുന്നത് എന്നിവയെല്ലാം കൂടി വലിയ ധനനഷ്ടം ഉണ്ടാവുന്നു. കൂടാതെ ജലക്ഷാമം വർധിപ്പിക്കുന്നു. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഭൂജല ക്ഷയം അതിന്റെ ഉദാഹരണം ആണ്.
അരിയും ഗോതമ്പും കൂടുതൽ കൃഷി ചെയ്യുന്നത് കൊണ്ട് ഇന്ത്യ പൾസ്, ഓയിൽസീഡ്, പച്ചക്കറി എന്നിവയൊക്കെ കുറഞ്ഞ അളവിലെ കൃഷി ചെയ്യുന്നുള്ളു. 2022-23 ൽ ഇന്ത്യയുടെ ആകെ ഭക്ഷ്യ എണ്ണ ഇറക്കുമതി ഏകദേശം 1.38 ലക്ഷം കോടി രൂപ ആയിരുന്നത് 2024-25 ആയപ്പോഴേക്കും അത് ഏകദേശം 1.61 ലക്ഷം കോടിയായി ഉയർന്നിരിക്കുന്നു. ഇറക്കുമതി ഉൽപ്പാദനക്കുറവിനപ്പുറം വിളവുകളുടെ വ്യത്യസ്ഥത, തദ്ദേശീയമായി ഉണ്ടാക്കുന്നതിനേക്കാൾ ഇറക്കുമതി ചെയ്‌താൽ വിലക്കുറവ്, വിതരണ ശൃംഖലയിലെ കാര്യക്ഷമതയില്ലായ്മ (പെട്ടന്ന് ചീത്തയാവുന്ന സാധനങ്ങൾ സൂക്ഷിക്കാൻ ഉള്ള കോൾഡ് സ്‌റ്റോറുകൾ) തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്നാൽപ്പോലും ആഭ്യന്തരമായി ഇതെല്ലാം ഉൽപാദിപ്പിക്കാനുള്ള കഴിവ് ഇന്ത്യക്ക് ഉണ്ട്.
Move from “produce what the government buys” to “produce what the market demands.”
ഇന്നത്തെ ഇന്ത്യൻ കൃഷിയിലെ വലിയ പ്രശ്നം സർക്കാർ പ്രോത്സാഹിപ്പിക്കുന്ന ഉൽപ്പാദനവും വിപണി ആവശ്യപ്പെടുന്ന ഉൽപ്പാദനവും തമ്മിലുള്ള ചേർച്ചയില്ലായ്മയാണ്. വിപണി വിലയാണ് ഏറ്റവും നല്ല സൂചന (price signal). സർക്കാർ വിലകൾ നിർണയിച്ചാൽ, വ്യവസ്ഥിതിക്ക് ആവശ്യമുള്ള സൂചനകൾ തകരുകയും, ഉൽപ്പാദനപരമായ തെറ്റായ തീരുമാനങ്ങൾ തുടർച്ചയായി ആവർത്തിക്കുകയും ചെയ്യും.
പൾസ്, ഓയിൽസീഡ്, ഹോർട്ടികൾച്ചർ എന്നിവയ്ക്കും MSP നൽകണമെന്ന് പലരും പറയുന്നു. വേണ്ടത് MSP-കളുടെ വ്യാപനമല്ല മറിച്ചു അതിന്റെ അതിന്റെ പുനർവിചാരം ആണ്. ഏതൊരു വിളയ്ക്കും സർക്കാർ ഗ്യാരണ്ടി വില നൽകിയാൽ അസന്തുലിതാവസ്ഥ മാത്രമേ ഉണ്ടാവൂ. അതാണ് ഇന്ന് അരിക്കും ഗോതമ്പിനും സംഭവിക്കുന്നത്.
ഇതിന് പകരം ചെയ്യേണ്ടത്:
1. വിപണിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകുക.
2. വിലകൾ സ്വാഭാവികമായി ഉയരുകയും താഴുകയും ചെയ്യുന്നതിലൂടെ ഉൽപ്പാദനസൂചനകൾ കർഷകരിലേക്കെത്തുക.
3. സംഭരണം, പ്രോസസിങ്, കോൾഡ് സ്റ്റോറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വിപണി നിക്ഷേപങ്ങളിലൂടെ വളരാൻ അനുമതി നൽകുക.
4. ഭൂഗർഭജല നശീകരണം പോലുള്ള പ്രശ്‌നങ്ങൾ നിയന്ത്രിക്കുന്നതിനായി targeted environmental regulations വരുത്തുക.
എന്നാൽ അധിക ധാന്യം എല്ലാം കയറ്റുമതി ചെയ്‌താൽ പ്രശ്‌നം പരിഹരിച്ചുകൂടെ എന്ന ചോദ്യം പരിശോധിക്കാം. രോഗലക്ഷണങ്ങളെയല്ല, മൂലകാരണത്തെയാണ് നമ്മൾ ചികിത്സിക്കേണ്ടത് എന്ന് പറഞ്ഞ പോലെ കയറ്റുമതി ചെയ്‌താലും ഈ പ്രശ്‌നങ്ങൾ അതെ പോലെ നിലനിൽക്കും എന്നതാണ്. ലോക വിപണിയിൽ അരിയുടെയും ഗോതമ്പിന്റെയും വില ഇന്ത്യയിലെ MSP-യേക്കാൾ താഴെയാണ്. സർക്കാർ വാങ്ങിയ ധാന്യം കയറ്റുമതി ചെയ്യുന്നത് നഷ്ട്ടം കൂട്ടുകയേയുള്ളു. പ്രശ്നത്തിന്റെ മൂലകാരണം MSP + open-ended procurement ആണ്. കയറ്റുമതി ചെയ്‌താലും കർഷകർ MSP ഉള്ളത് കൊണ്ട് പിന്നെയും അതേ വിളകൾ കൂടുതലായി ഉത്പാദിപ്പിക്കും. കയറ്റുമതി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട രാഷ്ട്രീയ–റിസ്‌ക് ആണ്. നേരിയ വിലവർധന പോലും സർക്കാരിനെ താഴെ ഇറക്കുന്ന രീതിയിലേക്ക് ആളിപ്പടരും എന്നതുകൊണ്ട് സർക്കാർ സ്ഥിരമായി ധാന്യം കയറ്റുമതി ചെയ്യാൻ മടിക്കുന്നു. അതിനാൽ തന്നെ export ban ഒക്കെ ചെയ്യുന്ന ഇന്ത്യയെ വിശ്വാസമില്ലാത്തതിനാൽ ഇന്ത്യൻ ധാന്യം ലോകവിപണിയിൽ സ്ഥിരമായി വാങ്ങുന്നവർ ഇല്ല.
മേൽ പറഞ്ഞ കാര്യങ്ങൾ എല്ലാം കൂടി സംഗ്രഹിച്ചാൽ, ഇന്ത്യയിൽ അരിയും ഗോതമ്പും പോലെ ചില വിളകൾക്ക് ഉയർന്ന MSP നൽകുന്നത് കർഷകർക്കുള്ള ഒരു സുരക്ഷാകവചമായി തോന്നിച്ചാലും, ദീർഘകാലത്ത് ഇത് സമ്പദ്‌വ്യവസ്ഥയ്ക്കും കൃഷി മേഖലയ്ക്കും വലിയ ഭാരം സൃഷ്ടിക്കുന്നു. സ്ഥിരമായി ഉയർന്ന MSP നല്കിയാൽ കർഷകർ മിനിമം സുരക്ഷിതത്വം നൽകുന്ന ഈ വിളകൾ മാത്രം കൃഷി ചെയ്‌തു, ജലക്ഷാമവും മണ്ണിന്റെ ഫലപുഷ്ടി നഷ്ട്ടപ്പെടുത്തുകയും പരിസ്ഥിതി നാശവും വേഗത്തിൽ വർധിക്കുന്നു. അതിനൊപ്പം, സർക്കാർ യഥാർത്ഥ മാർക്കറ്റ് വിലക്ക് മേലായി ഈ ധാന്യം വൻതോതിൽ വാങ്ങി സംഭരിക്കേണ്ടതിനാൽ ഗോഡൗൺ ചെലവുകളും സ്റ്റോക്ക് കെട്ടിക്കിടക്കുന്നതും രാജ്യത്തിന് ഭാരമായി മാറുന്നു. വിപണിയിൽ യഥാർത്ഥ ആവശ്യം കുറവായിട്ടും ഉത്പാദനം കൂടുമ്പോൾ സപ്ലൈ–ഡിമാൻഡ് ബാലൻസ് തകരുകയും, വിപണി മത്സരവും സ്വാഭാവികമായി ഉണ്ടാവേണ്ട നവീകരണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഒടുവിൽ, MSP എന്ന സംരക്ഷണനയം ചെറുകാല ലാഭം നൽകുന്നുണ്ടെങ്കിലും, ദീർഘകാലത്ത് കൃഷിയുടെ വൈവിധ്യവും രാജ്യത്തിന്റെ ധനകാര്യ സ്ഥിരതയും ബാധിക്കുന്ന ചെലവേറിയ നടപടിയാകും.
ഇന്ത്യയിലെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ധാന്യശേഖരം ഭക്ഷ്യസുരക്ഷയുടെ വിജയചിഹ്നമല്ല. അത് സപ്ലൈ Vs ഡിമാൻഡ് അട്ടിമറിക്കുമ്പോൾ വിപണി എത്രത്തോളം തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത് എന്നതിന്‍റെ മുന്നറിയിപ്പ് ആണ്. ഉൽപ്പാദനം വിപണി ആവശ്യപ്പെടുന്ന ദിശയിൽ നീങ്ങിയാൽ മാത്രമേ അത് യഥാർത്ഥ വിജയകഥയാകൂ. ദീർഘകാല സ്ഥിരതയും സുരക്ഷയും സർക്കാർ നിശ്ചയിക്കുന്ന വിലകളിൽ നിന്നല്ല, സ്വാഭാവികമായ വിപണി വിലകളും വിവിധതരം വിളകളുമുള്ള ഒരു ആരോഗ്യകരമായ കൃഷിവ്യവസ്ഥയിലൂടെയാണ് ലഭിക്കുക
![]()

