സിനിമയിലെ ആത്മാവ്: തീമുകളുടെ അദൃശ്യ ലോകം – സുരൻ നൂറനാട്ടുകര എഴുതുന്നു


“സിനിമയിലെ ഓരോ കാര്യവും അതിന്റെ പ്രമേയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലപ്പോൾ കഥയുടെ ഘടനകളിൽ ആഴത്തിൽ മറഞ്ഞുകിടക്കുന്ന ഇത്തരം ആശയങ്ങളെ കൃത്യമായി വാക്കുകൾ കൊണ്ട് വിവരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്.”

എല്ലാ മഹത്തായ കഥകൾക്കും ഒരു തീം (theme) ഉണ്ടായിരിക്കും. കഥകളിലും സിനിമകളിലുമുള്ള തീമുകളെ കുറിച്ചാണ് ഈ ലേഖനം പറയാൻ ഉദ്ദേശിക്കുന്നത്. തീമിന് മലയാളത്തിൽ പ്രമേയം എന്നാണ് അർത്ഥം വരുന്നത് എങ്കിലും അത് theme എന്ന ആശയത്തെ എത്രത്തോളം ഉൾക്കൊള്ളും എന്നതിൽ സംശയം ഉണ്ട്. തൽക്കാലം അതു തന്നെ ഉപയോഗിക്കാം എന്നു കരുതുന്നു. കാരണം പ്രമേയം തന്നെ ചിലപ്പോൾ വിഷയം (subject) ആകാറുണ്ട്, അതുപോലെ തന്നെ സിനിമയുടെ ആകെ തുകയായ പ്രേക്ഷകർക്കു ലഭിക്കുന്ന സന്ദേശമായും മാറാറുണ്ട്.

ഇതു തുടരുന്നതിനു മുൻപ് ഒന്നു പറയട്ടെ, ഈ വിഷയത്തെ കുറിച്ചുള്ള പ്രധാന ആശയങ്ങൾ ഒന്നും എൻ്റെ കണ്ടെത്തൽ അല്ല. താഴെ പറയുന്ന ലോക പ്രശസ്തമായ സിനിമ വെബ്സൈറ്റുകളും പ്രശസ്തരായ സിനിമ തിരക്കഥ അധ്യാപകരുടെ പഠനങ്ങളുമാണ് ഈ ലേഖനത്തിൻ്റെ പ്രധാന ആധാരം. ഈ ആശയത്തെ ഞാൻ കണ്ടിട്ടുള്ള ചില സിനിമകളുമായി ഒരു താരതമ്യ പഠനംമാണ് ചെയ്തിരിക്കുന്നത്. ആ വെബ് സൈറ്റുകളും പുസ്‌തകങ്ങളും ലേഖനത്തിന് ഒടുവിൽ ചേർക്കുന്നതായിരിക്കും.

അപ്പോൾ വിഷയത്തിലേക്ക് വരാം?
ചോദ്യമിതാണ്.
എന്താണ് കഥകളിലേയും, സിനിമയിലേയും theme?
ഇത് എത്രത്തോളം പ്രധാനപ്പെട്ടതാണ്?

ഒരു ചെറിയ ഉദാഹരണം ചൂണ്ടിക്കാണിക്കാൻ പറഞ്ഞാൽ, ഒരു കഥ, ഒരു സിനിമ, അതിൻ്റെ ഉപരിതലമാണ് പ്രേഷകൻ അല്ലെങ്കിൽ വായനക്കാരൻ കാണുകയും അനുഭവിക്കുകയും ചെയ്യുന്നത്. സിനിമയുടെ plot ഉപരിതലമാണ്. ഒരു അഗ്‌നിപർവ്വതം തീ തുപ്പുന്നത് നാം കാണുന്നു. അതിൻ്റെ ഉപരിതലത്തിൽ നിന്നും തിളച്ച ലാവ തെറിക്കുന്നു. യഥാർത്ഥത്തിൽ അതിൻ്റെ ശരിയായ പ്രവർത്തനം നടക്കുന്നത് ഭൂമിക്ക് അടിയിലാണ്. അതു പോലെയാണ് കഥകളിലേയും സിനിമയിലേയും തീം അടിയിൽ പ്രവർത്തിക്കുന്നത്. ഒരു ‘കഥയുടേയോ, സിനിമയുടേയോ കേന്ദ്രം’ എന്നോ അല്ലെങ്കിൽ ‘കാതലായ ആശയം’ എന്നോ നമുക്ക് theme നെ വിളിക്കാം.

ഒരു കഥ പറയുന്നതിൻ്റെ പ്രധാന ലക്ഷ്യം തന്നെ അതിൻ്റെ പ്രധാന ആശയമായ തീം ആയിരിക്കും. ഒരു വിഷയത്തിൽ വ്യക്തമായ വീക്ഷണം ഉള്ളപ്പോഴാണ് എഴുത്തുകാരൻ അതിനെ അവതരിപ്പിക്കാനായി കഥകളെ ഉപയോഗിക്കുന്നത്. Theme കടന്നു വരുന്നത് ലാറ്റിൻ വാക്കായ subject/thesis ൽ നിന്നാണ്. Themes ഒരിക്കലും കഥയുടെ moral അല്ല.

സാഹിത്യത്തിലെ “തീം” എപ്പോഴും അതിൻ്റെ പേജുകളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു . സിനിമയിലാവട്ടെ തീമുകളെ രണ്ടു രീതിയിൽ വ്യക്തമാക്കൻ കഴിയും. ശബ്ദത്തിലൂടെയും ഒപ്പം ദൃശ്യത്തിലൂടെയും. ഇവ രണ്ടും സംയോജിപ്പിച്ചും വേണമെങ്കിൽ പ്രത്യേകമായും തീമുകളെ ആവിഷ്ക്കരിക്കാൻ കഴിയും.

നമ്മുടെ പ്രധാന വിഷയം സിനിമ ആയതു കൊണ്ട് തന്നെ സാഹിത്യത്തെ കുറിച്ചുള്ള ചർച്ച തൽക്കാലം വിടുകയാണ്.

ഇനി തീമുകളെ കുറിച്ചു കുറെ കൂടി വ്യക്തമായി ഒരു ഉദാഹരണത്തിലൂടെ പറഞ്ഞാൽ, ജുറാസിക്ക് പാർക്ക് എന്ന സിനിമ എടുക്കാം. എന്താണ് കഥാതന്തു. ഒരു ജുറാസിക് പാർക്കിൽ എത്തുന്ന കുട്ടികളും മറ്റുള്ളവരും ദിനോസറിൻ്റെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നു. അവിടെ നമ്മൾ കാണുന്നത് ഒരു സയൻസ് ഫിക്ഷൻ സ്റ്റോറിയാണ്.
എന്നാൽ തീം എന്താണ്? തീം ഉപരിതലത്തിൽ ഇല്ല. മനുഷ്യൻ ദൈവത്തെ അനുകരിക്കുന്നതോ, പ്രകൃതിയെ ശാസ്ത്രം ഉപയോഗിച്ച് വരുതിയിൽ നിർത്താൻ ശ്രമിക്കുന്നതോ ആണ് തീം.

മറ്റൊരു ഉദാഹരണം പറഞ്ഞാൽ Casablanca എന്ന ചിത്രം നോക്കാം. ഇതിൻ്റെ വിഷയം പ്രണയമാണ്: വർഷങ്ങൾക്കു മുമ്പ് താൻ പ്രണയിച്ചിരുന്ന കാമുകി മടങ്ങിവരുന്നതും തനിക്കും ഭർത്താവിനുമായി ഒരു വലിയ സഹായം പഴയ കാമുകനോട് അഭ്യർത്ഥിക്കുന്നതുമാണ് കഥാ തന്തു. ഇവിടെ വിഷയം പ്രണയമാകുമ്പോഴും അടിത്തട്ടിലെ കാതലായ തീം പ്രിയപ്പെട്ടതിന് വേണ്ടിയുള്ള ആത്മത്യാഗമാണ്.

ഒരു കഥയിലെ കേന്ദ്ര വിഷയങ്ങളെ കുറിച്ചോ, സന്ദേശങ്ങളെ കുറിച്ചോ ഉള്ള വ്യക്തമായ നിലപാടാണ് തീം. കഥാപാത്രങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ, കഥ നടക്കുന്ന സാഹചര്യം ഇവയെല്ലാം തീമുകളെ ആശ്രയിച്ചാണ് നിൽക്കുന്നത്. ഒരു കഥയിലെ ഓരോ കാര്യത്തിനും തീമുമായി അടുത്ത ബന്ധം ഉണ്ട്.

Robert Mckee പ്രശസ്തനായ അറിയപ്പെടുന്ന ഒരു തിരകഥാകൃത്തും തിരക്കഥയെ കുറിച്ച് ക്ലാസുകൾ എടുക്കുന്ന അധ്യാപകനുമാണ്. കഥാ സന്ദർഭങ്ങളെ മെച്ചപ്പെടുത്തുന്നതിൽ വിദഗ്ദനാണ് അദ്ദേഹം. അരിസ്‌റ്റോട്ടിലിനു ശേഷം കഥ പറയുന്നത് സംബന്ധിച്ച് ഏറ്റവും സ്വാധീനം ചെലുത്തിയ സിദ്ധാന്തങ്ങൾ അദ്ദേഹത്തിൻ്റേതാണ്. അദ്ദേഹം പറയുന്നത് ഒരു കഥയുടെ തീം എന്നത് എഴുത്തുകാരനെ സംബന്ധിച്ച് ഒരു controlling idea ആണെന്നാണ്.

ചില സിനിമകൾക്ക് പരസ്പര പൂരകങ്ങളായി വർത്തിക്കുന്ന തീമുകളും ഉപതീമുകളും ഉണ്ടാവാറുണ്ട്. ജയിംസ് കാമറൂണിൻ്റെ “അവതാർ”ന് പ്രധാനമായും മൂന്നു തീമുകൾ ഉണ്ട്.
പരിസ്ഥിതി വാദം , കൊളോണിയലിസം, അത്യാഗ്രഹം. ഇവ മൂന്നും മൊത്തം കഥയുമായി ചുറ്റി പിണഞ്ഞു കിടക്കുന്നു.

ചില സിനിമകളുടെ തീമുകൾ അതിൻ്റെ സബ്ജക്ട്, സന്ദേശം എന്നിവ എല്ലാം എകദേശം ഒന്നായി മാറുന്നുണ്ട്. മലയാളത്തിൽ ഇതിന് ഉദാഹരണമാണ് “സന്ദേശം” എന്ന സിനിമ.

സിനിമകളുടെ തീമുകൾ പലപ്പോഴും കഥയുടെ ഘടനകളിൽ ആഴത്തിൽ മറഞ്ഞു കിടക്കുന്നതായും കാണാറുണ്ട്, അവയെ വ്യക്തമായി തിരിച്ചറിയാനോ വാക്കുകൾ കൊണ്ട് വിവരിക്കാനോ പ്രയാസമായിരിക്കും.

ഒരു എഴുത്തുകാരൻ കേന്ദ്ര ആശയമായ theme കണ്ടെത്തിയാൽ അത് കഥയുടെ എല്ലാ ഭാഗങ്ങൾക്കുമുള്ള നങ്കുര (anchor) മായി മാറും. കഥാ തന്തു (plot) കഥാപാത്രങ്ങൾ സംഭാഷണങ്ങൾ എന്നിവയെല്ലാം ഏതെങ്കിലും രീതിയിൽ theme മായി ബന്ധപ്പെട്ടിരിക്കും.

എന്നാൽ ചില എഴുത്തുകാർ കഥ പൂർത്തിയാക്കിയ ശേഷമാണ് തീം എന്താണ് എന്ന് ചിന്തിക്കുന്നത്. പ്രശസ്ത സംവിധായകനായ Poul Thomas Anderson അത്തരത്തിൽ ഒരാളാണ്.
“കഥാപാത്രങ്ങളേയും മറ്റ് കാര്യങ്ങളും രൂപപ്പെടുത്തിയ ശേഷമേ പലപ്പോഴും തീം എന്താണന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കു.”

തീമിനെ വ്യക്തമാക്കാൻ സിനിമകൾ എന്തെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു എന്നു നമുക്കു നോക്കാം.

കഥാപാത്രവും സംഭാഷണവും

എഴുത്തുകാരൻ്റെ ശബ്‌ദ വാഹകരാണ് കഥാപാത്രങ്ങൾ. എഴുത്തുകാരൻ്റെ കാഴ്ച്ചപാടുകളും അഭിപ്രായങ്ങളും അവർ വഴിയാണ് പ്രകടിപ്പിക്കുന്നത്. ഏത് കഥാപാത്രങ്ങളാണ് അതിന് കൂടുതൽ അനുയോജ്യർ എന്ന് കഥാകാരൻ തന്നെയാണ് തീരുമാനിക്കേണ്ടത്.

സംഭാഷണങ്ങളിൽ തീമിലേക്ക് വിരൽ ചൂണ്ടുന്ന മാർഗ്ഗങ്ങൾ അവലംബിക്കാം. “I drink your Milk shake” എന്ന ഡയലോഗ് There will be blood എന്ന ചിത്രത്തിൽ പറയുന്നത് ശ്രദ്ധിക്കുക. അല്ലെങ്കിൽ Final Destination എന്ന ചിത്രത്തിൽ മോർച്ചറി സൂക്ഷിപ്പുകാരൻ “നിങ്ങളെല്ലാവരും ഓരോരുത്തരായി മരിക്കും” എന്നു പറയുന്നത് തീമിലേക്ക് എത്രമാത്രം അടുപ്പിക്കുന്നു എന്ന് നോക്കുക.

ക്യാരക്റ്റർ വെബ് എന്ന ആശയം

John Truby എന്ന തിരക്കഥാ ഗവേഷകനാണ് ഈ ശൈലി അവതരിപ്പിച്ചത്. ഹോളിവുഡിൽ ഏറ്റവും അധികം സ്വാധീനമുള്ള തിരക്കഥ ഗവേഷകൻ ആണ് അദ്ദേഹം. പരമ്പരാഗതമായ There Act Structure എന്ന രീതിയിൽ നിന്നു മാറി കഥാപാത്രങ്ങളുടെ മാനസിക വളർച്ചക്ക്, (Character Growth) മുൻഗണന നൽകുന്ന 22 Step method ആണ് Trubyയുടെ പ്രത്യേകത.

പ്രധാന theme നെ മധ്യത്തിൽ വച്ചു കൊണ്ട് ചുറ്റുപാടും കഥാപാത്രങ്ങളെ നിരത്തുന്നതാണ് ക്യാരക്റ്റർ വെബ് രീതി. കഥാപാത്രങ്ങളെ ഒറ്റപ്പെട്ടവരായി സൃഷ്‌ടിക്കാതെ അവർ എങ്ങിനെ പരസ്പരം ബന്ധപെട്ടിരിക്കുന്നുവെന്നും അവരുടെ തീമുമായുള്ള ബന്ധവും എഴുത്തുകാരന് നിർച്ചചിക്കാൻ കഴിയും.

കഥാപാത്രങ്ങളെ ഈ ക്യാരക്റ്റർ വെബിൽ പ്രതിഷ്ഠിച്ചാൽ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമാകും. വ്യത്യസ്ഥ കാഴ്ച്ചപാടുകൾ ഉള്ള കഥാപാത്രങ്ങളുടെ സൃഷ്‌ടി തീമിനെ കുറിച്ചും ചർച്ചക്ക് വഴി തെളിക്കും.

ഒരു കുടുംബത്തിൽ ഒരു വിഷയത്തെ സംബന്ധിച്ച് വ്യത്യസ്ഥമായ അഭിപ്രായങ്ങൾ കുടുംബാംഗങ്ങൾക്ക് ഉണ്ടാകുന്നതുപോലെയാണത്. ക്യാരക്റ്റർ വെബിൽ കഥാപാത്രങ്ങളാണ് കുടുംബാംഗങ്ങൾ, വിഷയം ആണ് തീം.

ക്രിസ്‌റ്റഫർ നോളൻ്റെ The Dark Knight എന്ന ചിത്രമാണ് Character web നെ മനസ്സിലാക്കാൻ പറ്റിയ ഉദാഹരണം.

  1. മനുഷത്വത്തിലുള്ള വിശ്വാസം.
  2. കമ്രം (order)
  3. അരാജകത്വം (chaos)

ഹാർവി ഡെൻ്റ്, പോലീസ് കമ്മീഷണർ ഗോൾഡൻ, മേയർ ഇവർ മനുഷ്യത്വത്തിലുള്ള വിശ്വാസക്കാരാണ്. ഇവർ നിയമ വ്യവസ്ഥയെയും ക്രമത്തെയും പ്രതിനിധീകരിക്കുന്നു എന്നാൽ ജോക്കർ ഇതിന് കടക വിരുദ്ധമാണ്. അയാൾ അരാജകത്വത്തെ പിൻതുടരുന്നു. ഗോഥം അധോലോകത്താണ് അയാളുടെ തേരോട്ടം.

Batman നീതിക്കായി പോരാടുന്നു. പക്ഷേ അയാൾ നിയമങ്ങൾക്ക് പുറത്താണ്. ഹാർവിക്കും ജോക്കറിനും ഇടയിലാണ് അയാൾക്ക് സ്ഥാനം.

ജോക്കർ അരാജകത്വം തൻ്റെ മുഖമുദ്രയാക്കി ആളുകൾ ഉണ്ടാക്കിയ നിയമങ്ങൾ അവർക്ക് എതിരേ തന്നെ തിരിച്ചു വിടുന്നു. അതിലയാൾ ആനന്ദം കണ്ടെത്തുന്നു. ഇവിടെ ബാറ്റ് മാനും ജോക്കറും തമ്മിലുള്ള അന്തരം കഥയുടെ കാതലായ തീമിലേക്ക് എത്താനുള്ള മാർഗ്ഗമാണ് .

Settings (പശ്ചാത്തലം)

കഥ നടക്കുന്ന സ്ഥലവം കാലവുമാണ് പശ്ചാത്തലം. തീം അരങ്ങേറാനുള്ള വേദി ഒരുക്കുകയാണ് പശ്ചാത്തലത്തിൻ്റെ കടമ. നീതിയെ കുറിച്ചുള്ള സിനിമകൾ കോർട്ട് റൂമുകളിൽ സെറ്റ് ചെയ്യുമ്പോൾ, കുറ്റസമ്മതമോ, മനം മാറ്റമോ വേണ്ടി വരുന്ന തീമുകൾ ജയിലുകളിൽ സെറ്റ് ചെയ്യുന്നു.

പാരസൈറ്റ് എന്ന കൊറിയൻ ചിത്രം മികച്ച സെറ്റിങ്ങിനുള്ള ഉദാഹരണമാണ്. സമ്പന്നതയുടെ വീട്, ദരിദ്രരുടെ ജീവിതം ഇതു രണ്ടും ആ പശ്ചാത്തലത്തിൽ തന്നെ പ്രേക്ഷകർക്കു ബോധ്യം വരും. സെറ്റ് ഡിസൈനും പ്രൊഡക്ഷൻ യൂണിറ്റും ഇവിടെ അഭിനന്ദനം അർഹിക്കുന്നു: രണ്ട് ക്ലാസുകൾക്ക് ഇടയിലുള്ള അന്തരമാണ് പാരസൈറ്റ് എടുത്തു കാണിക്കുന്നത്. ചിത്രം ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്, പടികൾ ഇറങ്ങുകയും കയറുകയും ചെയ്യുന്ന നിരവധി സീനുകൾ ഉണ്ട് ചിത്രത്തിൽ. സമ്പന്നരുടെ വീടിൻ്റെ ഏറ്റവും അടിയിലുള്ള നിലവറയിലേക്കുള്ള പടിയിറക്കം ഏറെ നീണ്ട ഒന്നാണ്.

മലയാളത്തിൽ ഇത്തരം സെറ്റിംങ് മനസ്സിലാക്കാൻ “കുമ്പളങ്ങി നൈറ്റ്സ്” എന്ന ചിത്രം ശ്രദ്ധിച്ചാൽ മതിയാവും. നല്ല കുടുംബം ചീത്ത കുടുംബം ഇതാണ് ചിത്രത്തിൻ്റെ അടിസ്ഥാന തീം. നല്ല കുടുംബം ഷമ്മിയുടെ കുടുംബമാണ്. സജിയുടെ വീട് ഒരു നല്ല കുടുംബമാണ് എന്ന് അവർക്കു തന്നെ ഉറപ്പില്ല. സജിയുടെ വീട് ശ്രദ്ധിക്കുക. പലകകൾ അടിച്ച ഒരു വീട്. സജി ചോദിക്കുന്നു ഇവിടെ എന്താണ് കുറവ്. യുറോപ്യൻ ക്ലോസറ്റ് ഇല്ലേ ….. ഇവിടെ ഇനി മുടിയാൻ ഒന്നും ബാക്കിയില്ല എന്ന് ഷെയിൽ നിഗത്തിൻ്റെ കഥാപാത്രം പറയുന്നുണ്ട്. ആ വീടിനെ കുറിച്ച് ഷമ്മി പറയുന്നത് അങ്ങിനെ ഒരു വീട്ടിലേക്ക് ഒരു പെൺകുട്ടിയെ പറഞ്ഞയക്കാൻ പറ്റില്ല എന്നാണ്. ഈ രണ്ടു വീടുകൾ ഷമ്മിയുടെയും സജിയുടേയും, ഇവ അടിസ്ഥാന പരമായി കഥയുടെ തീമിലേക്ക് സഞ്ചരിക്കുന്നതാണ്.

Motifs and Symbols

എന്താണ് motifs?
ഒരു കഥയിലോ സിനിമയിലോ ആവർത്തിച്ചു വരുന്ന ഒരു ഘടകം. ഇതൊരു വസ്തുവോ, ശബ്‌ദമോ, നിറമോ ആകാം.

കഥയുടെ തീമിനെ ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. ഒന്നു കൂടി വിശദീകരിച്ച് പറഞ്ഞാൽ പ്രമേയത്തെ ധൃഢമാക്കാൻ കഥാകൃത്ത് ഉപയോഗിക്കുന്ന ആവർത്തന ബിംബങ്ങളാണ് motifs. പ്രമേയ പരമായ ആവർത്തന ബിംബങ്ങൾ.

എന്താണ് symbols? (ചിഹ്നങ്ങൾ)

ഒരു ചിഹ്നത്തിന് പലതരം തീമുകളെ പ്രധിനിധീകരിക്കാൻ കഴിയും. ഒരു അമേരിക്കൻ പതാക നോക്കുക: ദേശസ്‌നേഹത്തിനും, ദേശസ്‌നേഹത്തെ വിമർശിക്കാനും അത് ഉപയോഗിക്കാം.

Motif നും Symbols നും കടൽ പോലെ ഉദാഹരണങ്ങൾ ഉണ്ട്. പലപ്പോഴും ഇവ രണ്ടും ചേർന്നു പ്രവർത്തിക്കാറും ഉണ്ട്. അതായത് ചിഹ്‌നമായും motif ആയും മാറി മാറി വരും.

ഷിൻഡ്ലേഴ്‌സ് ലിസ്റ്റ് എന്ന ചിത്രത്തിലെ ചുവപ്പ് ഫ്രോക്ക് അണിഞ്ഞ പെൺകുട്ടി. അവൾ ഒരു motif ഉം അതേ സമയം ഓർമ്മപ്പെടുത്തുന്ന ഒരു symbol ഉം കൂടിയാണ്. Kill bill എന്ന ചിത്രത്തിലെ പ്രശസ്തമായ ആ ചൂളം വിളി ഒരു motif ആണ്.

ചിഹ്നവും motif ഉം ചൂണ്ടികാണിക്കാൻ പറ്റിയ ചിത്രമാണ് മലയാളത്തിൽ “ചുരുളി” എന്ന ചിത്രം. ടൈറ്റിലിൽ തന്നെ ആ കറക്കം തീമിലേക്കുള്ള ചിഹ്‌നമാണ് . ഇടക്കിടെ കടന്നു വരുന്ന ആ നിഗുഢമായ പശ്ചാത്തല സംഗീതം ഒരു motif ആണ്. ഇതു കൂടാതെ തീമിനെ വ്യക്തമാക്കാൻ അനവധി motif ഉം symbol കളും ചുരുളിയിൽ ഉണ്ട്.

സ്ഥടികം എന്ന ചിത്രത്തിൽ “അത്ഭുത മണി” എന്ന ഉപകരണം തോമസ് ചാക്കോ എന്ന വിദ്യാർത്ഥിയുടെ ഭൂതകാലമാണ്. ഇത് ഇടക്കിടെ കടന്നു വരുന്നുണ്ട്. മധുര മണിനാദം മാടി വിളിക്കുന്നു എന്ന് പാട്ടിൽ പോലും പറയുന്നു. ഇത് ഒരേ സമയം motif ഉം symbol ഉം കൂടിയാണ്. സ്ഥടികം പ്രേഷകർ കാണുന്നത് ഒരു കുടുംബ ചിത്രമായോ ആക്ഷൻ മൂവി ആയിട്ടോ ആണ്. എന്നാൽ അടിസ്ഥാന തീം എന്നത് അടിയിലാണ്. വിദ്യാഭ്യാസ രീതിയുടെ പാളിച്ച പൗരനെ എങ്ങിനെ സാമൂഹത്തിനു എതിരാക്കുന്നു, അല്ലെങ്കിൽ പാരമ്പര്യമായ വിദ്യാഭ്യാസത്തിൻ്റെ ന്യൂനത. ഉത്തമ പൗരനായ ചാക്കോ മാഷിൻ്റെ പ്രസിഡൻ്റിൻ്റെ കൈയ്യിൽ നിന്നും മെഡൽ വാങ്ങുന്ന ചിത്രം വാതിൽക്കൽ ചില്ലിട്ടു വച്ചത് ഒരു symbol ആണ്. അടിസ്ഥാനപരമായി ഈ രണ്ടു കാര്യങ്ങളും തീമീലേക്കു സഞ്ചരിക്കുന്നുണ്ട്.

നിരവധി തീമുകൾ ലെയറുകളായി ഒളിപ്പിച്ച സിനിമകളും ഉണ്ട്. അത്തരത്തിൽ ഒന്നാണ് Jordan peele സംവിധാനം ചെയ്ത Nope എന്ന സയൻസ് ഫിക്ഷൻ ചിത്രം:

ഒരു തിരക്കഥയിൽ ശക്തമായ പ്രമേയം (theme) ഇല്ലെങ്കിൽ അതു വെറും സംഭവങ്ങളുടെ ഒരു നിര മാത്രമായിരിക്കും: കഥാപാത്രങ്ങളുടെ ആന്തരിക വികാസം നഷ്ടപ്പെടും (Character Arc). ഒരു തീമിൻ്റെ പിൻ ബലമില്ലാതെ സംഭവിക്കുന്ന മാറ്റങ്ങൾ കൃതൃമമായി പ്രേക്ഷകന് അനുഭവപ്പെടും.

ചുരുക്കത്തിൽ പറഞ്ഞാൽ മികച്ച ഒരു സിനിമയുടെ ആത്മാവ് ആണ് themes.

തിരക്കഥയുടെ തീമുകളെ ഏഴായി തരം തിരിച്ചിരിക്കുന്ന ഒരു പഠനം ഉണ്ട്. സിനിമയും സാഹിത്യവും കലയും ഒക്കെ ആയതു കൊണ്ട് ഇത് ശാസ്ത്രീയമായ അവസാന വാക്ക് ഒന്നുമല്ല.

  1. ദൈവവും തത്വ ചിന്തയും
  2. അതിജീവനം
  3. സദ്‌ഗുണങ്ങളും മൂല്യങ്ങളും
  4. സ്‌നേഹം
  5. നൻമയും തിൻമയും തമ്മിലുള്ള വ്യത്യാസം
  6. സമൂഹം
  7. ആത്മജ്ഞാനം കണ്ടെത്തൽ

ഇവക്ക് ഓരോന്നിനും പത്തും പന്ത്രണ്ടും ഉപവിഭാഗങ്ങളും ഉണ്ട്.

ഈ ലേഖനത്തിനായി എന്നെ സഹായിച്ച സിനിമ പഠന സഹായികൾ ചുവടെ ചേർക്കുന്നു:

അവലംബം:
Web sites:

  1. ​No Film School
  2. ​Cineaste Magazine
  3. ​StudioBinder

Books:

  1. Anatomy of story 22 step: becoming master story teller.
  2. Story,substance, Structure,style and the principles of Screenwriting.

Loading


About Suran Nooranattukara

Suran Nooranattukara is a painting artist by profession. He is a free thinker. Hobbies: Book Reading, Cinema

View all posts by Suran Nooranattukara →