“കേരളം സാമ്പത്തിക ദാരിദ്ര്യത്തെ മറികടന്നിരിക്കാം, പക്ഷേ ലിംഗപരമായ വേർതിരിവുകളും ലൈംഗികതയെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും സൃഷ്ടിച്ച ‘ലൈംഗിക ദാരിദ്ര്യം’ ഇന്നും നമ്മുടെ സമൂഹത്തെ ശ്വാസം മുട്ടിക്കുന്നു.”
ലൈംഗിക ആസക്തി അമേരിക്കൻ ഭരണ വർഗ്ഗങ്ങളിൽ
Hypersexuality (അമിതമായ ലൈംഗിക ആസക്തി) ഒരു മനോരോഗമാണോ? അല്ല എന്നാണ് American Psychiatric Association ന്റെ DSM (Diagnostic and Statistical Manual) പറയുന്നത്. Hypersexuality യെ ലൈംഗിക മനോരോഗങ്ങളുടെ ഗണത്തിൽ പെടുത്തിയിരുന്നെങ്കിൽ പുരുഷന്മാരിൽ വലിയൊരു വിഭാഗം പെട്ടുപോയേനെ. അതിൽ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പഴയ പ്രസിഡന്റ് ബിൽ ക്ലിന്റണും ഒക്കെ ഉൾപ്പെടും. ബിൽ ക്ലിന്റന് മോണിക്ക ലിവിൻസ്കിയും, ട്രംപിന് സ്റ്റോമി ഡാനിയേലുമായുള്ള ചുറ്റികളികളൊക്കെ ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ ഏറെ ആഘോഷിച്ചതാണ്.
2005 ൽ ട്രംപ് ടെലിവിഷൻ ഹോസ്റ്റ് ബില്ലി ബുഷ് നോട് പറഞ്ഞ പ്രശസ്തമായ ഡയലോഗ് ഉണ്ടല്ലോ, “When you’re a star, they let you do it. You can do anything. Grab them by the p*ssy”. 2016 ലെ ഇലക്ഷന് തൊട്ടുമുമ്പ് വാഷിംഗ്ടൺ പോസ്റ്റ് ഇതിന്റെ വീഡിയോ അടക്കം പുറത്തു വിട്ടെങ്കിലും സായിപ്പിന് ഇവരുടെ ഈ ചുറ്റികളികളോ, ഡയലോഗുകളോ ഒന്നും വല്യ പ്രശ്നമായിരുന്നില്ല. രാഷ്ട്രീയക്കാർ എന്ന നിലക്കുള്ള അവരുടെ മികവും കഴിവും രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള അവരുടെ വിഷനും മാത്രമാണ് സായിപ്പ് പരിഗണിച്ചത്. അമേരിക്കകാരന്റെ ധാർമ്മികത ലൈംഗികതയെ മാത്രം ചുറ്റിപ്പറ്റിയുള്ളതല്ലാത്തത്കൊണ്ട് അവർക്കിതൊന്നും നമ്മുടെ കുഞ്ഞാലിക്കുട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ഇഷ്യു ആയിരുന്നില്ല.
അമിതമായ ലൈംഗിക ആസക്തിയും ലൈംഗിക മനോരോഗങ്ങളും
Hypersexuality യിൽ നിന്ന് വ്യത്യസ്തമാണ് ലൈംഗിക മനോരോഗങ്ങൾ. പൊതുസമൂഹത്തിന് ഹാനികരമാകുന്ന (Sexual Abnormalities that does harm to others) ലൈംഗികതയാണ് ലൈംഗിക മനോരോഗങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന്; Pedophilia (കുട്ടികളോടുള്ള ലൈംഗിക ആസക്തി), Voyeurism (ഒളിഞ്ഞു നോട്ടം) Frotteurism (അനുവാദം ഇല്ലാതെയുള്ള ഉരസലും പിടുത്തവുമൊക്കെ), Exhibitionism ( പച്ച മലയാളത്തിൽ പറഞ്ഞാൽ തുണി പൊക്കി കാണിച്ചുള്ള ആനന്ദം കണ്ടെത്തൽ), Fetishism ( അഴയിൽ ഉണക്കാൻ ഇട്ടിരിക്കുന്ന അടിവസ്ത്രം കണ്ടാലും കണ്ട്രോൾ നഷ്ടപെടുന്ന അവസ്ഥ). പിന്നെയുമുണ്ട് Sadism / Masochism അങ്ങനെ എഴുതിയാൽ തീരാത്ത ഒരു നീണ്ട ലിസ്റ്റ്.
അമേരിക്കയിലും പല ആധുനിക സമൂഹങ്ങളിലും ഇങ്ങനെയുള്ള ലൈംഗിക മനോരോഗികൾ ഒരു ലൈംഗിക കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ അവർ ശിക്ഷ കഴിഞ്ഞു പുറത്തുവന്നാലും, പൊതു സമൂഹത്തിന് അവർ ഉപദ്രവം ആകാതിരിക്കാൻ അവരുടെ പേര് Sex Offender Registry യിൽ ചേർക്കുന്ന ഒരു പരിപാടിയുണ്ട്. അവരുടെ പ്രശ്നത്തിന്റെ ഗൗരവമനുസരിച്ചായിരിക്കും അവരെ ഈ registry യിൽ തരം തിരിച്ച് ചേർക്കുന്നത്.
- Tier 1(Lower Risk) Registration 10-15 years
- Tier 2 (Moderate Risk) 25 years
- Tier 3 (Higher Risk) Life time
ഇങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അവരുടെ പേര് ചേർക്കപെടുന്നത്. ഇങ്ങനെ ഒരിക്കൽ പേര് ചേർക്കപെട്ടാൽ പിന്നെ ഇവർക്ക് പല സ്ഥലങ്ങളിലും ഒരു വീട് വാങ്ങുന്നതിനോ വാടക്ക് താമസിക്കുന്നതിനോ പോലും നിരോധനം ഉണ്ടാകും. ഒരു സ്കൂളിന്റെയോ പാർക്കിന്റെയോ ഒക്കെ പരിസരത്തേക്ക് വരാൻ പോലും അനുവാദം ഉണ്ടാകുകയില്ല. ഏത് ജോലിക്കും Background check എന്ന പരിപാടിയുള്ളത് കൊണ്ട് നല്ല ഒരു ജോലി കിട്ടുന്ന കാര്യം പിന്നെ പറയേണ്ടല്ലോ. ഇങ്ങനെ ലൈംഗിക മനോരോഗികളെ പൊതു സമൂഹത്തിന് ശല്യമാകാതെ അകറ്റി നിർത്തുന്ന ഒരു സംവിധാനം നമുക്കില്ലാത്തത് നമ്മുടെ സമൂഹത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ പെരുകുന്നതിന് ഒരു കാരണമാകുന്നുണ്ട്.
അമിതമായ ലൈംഗിക ആസക്തി ഒരു പ്രശ്നമാണോ?
തിരികെ Hypersexuality ലേക്ക് വന്നാൽ ഈ അമിതമായ ലൈംഗിക ആസക്തി അത്ര നിസാരമായ ഒരു കാര്യമാണോ? അല്ല. പ്രശ്നമാണോ? ആസക്തിയുടെ ആഴം അനുസരിച്ച് പ്രശ്നമാവാം. എന്തും അമിതമായാൽ പ്രശ്നമാണല്ലോ. അത് കൊണ്ടാണ് അമേരിക്കക്കാർ ഇതിനെ മനോരോഗമായി കാണുന്നില്ലെങ്കിലും World Health Organization (WHO) ന്റെ International Classification of Diseases (ICD) ൽ Compulsive Sexual Behavior Disorder (CSBD) ഉൾപ്പെടുത്തിയിട്ടുള്ളത്.
എല്ലാ ജീവി വർഗ്ഗങ്ങളിലും ഈ Hypersexuality കൂടുതലായി ഉള്ളത് ആൺ വർഗ്ഗങ്ങളിലാണ്. അതിന്റെ പിന്നിൽ പരിണാമപരമായ ചില ജൈവിക ചോദനകൾ ഉണ്ടെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. എന്ത് തന്നെയായാലും മനുഷ്യരുടെ കാര്യമെടുത്താൽ ആൺവർഗ്ഗത്തിന്റെ ഈ സ്വഭാവമാണ് മനുഷ്യകുലത്തെ അതിജീവിക്കാൻ സഹായിച്ച പലകാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. മനുഷ്യകുലം മാത്രമല്ല, പക്ഷി മൃഗാദികളിലെല്ലാം ആൺ വർഗ്ഗത്തിന്റെ ഈ സ്വഭാവം അതിജീവനത്തിന് സഹായിച്ചിട്ടുണ്ട്. കോഴികളിൽ ഒക്കെ കണ്ടിട്ടില്ലേ, നിന്ന നിൽപ്പിൽ പൂവൻ കോഴികൾ ഓടി വന്ന് ചാടിക്കേറി പരിപാടി ഒപ്പിച്ച് ഒന്നുമറിയാത്തപോലെ ഒരു കൊക്കരക്കോയും കൂവി സ്ഥലം വിടുന്നത്.
പ്രത്യുൽപാദനത്തിലുള്ള ആൺ വർഗ്ഗത്തിന്റെ ഈ അതീവ താത്പര്യമാണ് ജീവി വർഗ്ഗങ്ങൾ പെരുകി വളരാൻ സഹായിക്കുന്നത്. ആണുങ്ങളിലെ Testosterone ഉം ഈ Hypersexuality ക്ക് ഒരു പരിധി വരെ കാരണമാകുന്നുണ്ട്. എന്ന് വെച്ചാൽ അവൻ വിചാരിച്ചിട്ടല്ല, ആത്മ നിയന്ത്രണമില്ലാതാവുമ്പോൾ അങ്ങനെയൊക്ക അങ്ങ് ആയി പോകുന്നതാണ്.
അമിത ലൈംഗിക ആസക്തി: അപൂർവ്വമല്ലാത്ത ഒരു അവസ്ഥ
“അമിത ലൈംഗിക ആസക്തി (Hypersexuality) എന്നത് നമ്മുടെ സമൂഹത്തിൽ അത്ര അപൂർവ്വമായ ഒന്നല്ല. പുറംലോകം അറിയുന്നതിനേക്കാൾ വലിയൊരു വിഭാഗം ആളുകൾ ഇത്തരത്തിലുള്ള ജൈവിക ചോദനകളിലൂടെ നിത്യേന കടന്നുപോകുന്നുണ്ട്. സാധാരണക്കാരെ അപേക്ഷിച്ച്, പൊതുരംഗത്തുള്ളവരോ സെലിബ്രിറ്റികളോ ഇത്തരം വിവാദങ്ങളിൽ അകപ്പെടുമ്പോൾ മാത്രമാണ് മാധ്യമങ്ങളും സമൂഹവും ഇത് ഗൗരവത്തോടെ ചർച്ച ചെയ്യുന്നതും പലപ്പോഴും ആഘോഷമാക്കുന്നതും.
ഇത്തരക്കാരെ ‘ലൈംഗിക മനോരോഗികൾ’ എന്ന് കണ്ണടച്ച് മുദ്രകുത്തുന്നത് ശാസ്ത്രീയമായി ശരിയല്ല. മറിച്ച്, ജൈവികമായ അമിത ലൈംഗിക താല്പര്യമുള്ളവർ (Hypersexuals) എന്നാണ് ഇവരെ കാണേണ്ടത്. രാഷ്ട്രീയ-സാംസ്കാരിക രംഗത്തുള്ള പല പ്രമുഖരും പല കാലഘട്ടങ്ങളിൽ ഇത്തരം ആരോപണങ്ങൾ നേരിട്ടിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത് കേവലം വ്യക്തിപരമായ പിഴവിനേക്കാളുപരി, മനുഷ്യന്റെ ജൈവികമായ ചോദനകളെയും നമ്മുടെ സാമൂഹിക പശ്ചാത്തലത്തെയും അടിസ്ഥാനമാക്കി ആഴത്തിൽ വിശകലനം ചെയ്യേണ്ട ഒന്നാണ്.
മേഖലകൾക്കതീതമായ ലൈംഗിക ആസക്തി
ഇത്തരത്തിലുള്ള പ്രവണതകൾ രാഷ്ട്രീയക്കാരിൽ മാത്രമാണോ കാണപ്പെടുന്നത്? ഒരിക്കലുമല്ല. “മീ ടൂ” വെളിപ്പെടുത്തലുകളുടെ കാലത്ത് ചലച്ചിത്ര മേഖലയിലുള്ളവരിൽ നിന്നും സമാനമായ വാർത്തകൾ നാം കേട്ടതാണ്. ആത്മീയ ആചാര്യന്മാരും മതനേതാക്കളും പോലും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്നതാണ് യാഥാർത്ഥ്യം. വിവിധ മതവിഭാഗങ്ങളിൽപ്പെട്ട പുരോഹിതന്മാരും ആത്മീയ ഗുരുക്കളും ലൈംഗികാരോപണങ്ങളിലും പീഡനക്കേസുകളിലും ഉൾപ്പെട്ട വാർത്തകൾ നിരന്തരം പുറത്തുവരുന്നുണ്ട്.
ഈയൊരു കാര്യത്തിൽ രാഷ്ട്രീയക്കാരനെന്നോ, സിനിമക്കാരനെന്നോ, കവിയെന്നോ, കലാകാരനെന്നോ, ആത്മീയ ഗുരുവെന്നോ, സാധാരണക്കാരനെന്നോ ഉള്ള വ്യത്യാസമില്ല. സമൂഹത്തിന്റെ ഏത് തട്ടിലുള്ളവരായാലും ലൈംഗിക ചോദനകളുടെയും ആസക്തികളുടെയും കാര്യത്തിൽ ഒരേ സ്വഭാവമാണ് പലപ്പോഴും പ്രകടിപ്പിക്കുന്നത്. ചുരുക്കത്തിൽ, ഇത്തരം ജൈവികമായ ചോദനകളിൽ നാമെല്ലാം ഒരുപോലെയാണ്.
ലൈംഗീകത പുരുഷ കേന്ദ്രീകൃതം ആണോ?
ലൈംഗികതയുമായി ബന്ധപ്പെട്ട ഈ പ്രശ്നങ്ങൾ അപ്പോ ആണുങ്ങളുടെ മാത്രം വിഷയമാണോ? അല്ല. ഈ കളിയിൽ പെൺവർഗ്ഗവും ഉണ്ട്. പറഞ്ഞുവരുന്നത് അമിത ലൈംഗിക ആസക്തിയുള്ള Nymphomaniac എന്ന് വിളിക്കപ്പെടുന്ന പെണ്ണുങ്ങളെ കുറിച്ചോ, ലൈംഗിക തൊഴിലാളികളെ കുറിച്ചോ ഒന്നും അല്ല. ആൺ വർഗ്ഗത്തിന്റെ ലൈംഗിക താത്പര്യങ്ങളെ, ലൈംഗികത കൊണ്ട് തന്നെ മുതലെടുക്കുന്ന പെണ്ണുങ്ങളെ കുറിച്ചാണ്. മാങ്കൂട്ടത്തിന്റെ കേസിലും സംഭവിച്ചത് ഇത് മാത്രമാണ്. പീഡിപ്പിച്ച ഒരാൾക്ക് ആരും വിലയേറിയ സമ്മാനങ്ങൾ വാങ്ങി നൽകില്ലല്ലോ. അതിന് വേണ്ടി ഫ്ലൈറ്റ് പിടിച്ച് വരികയുമില്ല. പീഡനമല്ല. ഒരു സെലിബ്രിറ്റിയുടെ ഭാര്യാപദം മോഹിച്ച് അതിനായി ലൈംഗികത ഉപയോഗിച്ച ചിലരുടെ മോഹഭംഗങ്ങളുടെ പ്രതികാരമാണ് ഈ കേസുകളെല്ലാം.
മനുഷ്യർ Polygamous ആണോ?
Hypersexual ആയ ഒരാളുടെ ലിംഗ വിനോദങ്ങൾക്ക് ഇരയായതല്ല. ഉദ്ദിഷ്ട കാര്യസാധ്യത്തിന് ചെയ്ത ലിംഗപൂജയാണ്. ഭൂമിയിലുള്ള ജീവിവർഗ്ഗങ്ങളിൽ മഹാ ഭൂരിപക്ഷം ജീവിവർഗ്ഗങ്ങളും, polygamous ആണ്. മനുഷ്യരുടെ ലൈംഗിക സ്വഭാവം Polygamous ആണോ Monogamous എന്നതിനെ കുറിച്ച് നടത്തിയിട്ടുള്ള ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്; Humans show a Mix of tendencies shaped by evolution, ecology, and culture എന്നാണ്. അതായത് മനുഷ്യരുടെ ലൈംഗിക സ്വഭാവം കർശനമായി ഒരേയൊരു ബന്ധ രീതിയിലേക്ക് മാത്രം പരിമിതരല്ല, മറിച്ച് പരിണാമം, പരിസ്ഥിതി സാഹചര്യങ്ങൾ, സംസ്കാരം എന്നിവയുടെ സ്വാധീനത്തിൽ, മനുഷ്യരുടെ ലൈംഗിക സ്വഭാവം വിവിധ പ്രവണതകളുടെ ഒരു മിശ്രണമാണ് എന്നാണ്. ബന്ധങ്ങളെ ഒരേയൊരു ഇണയിലേക്ക് പരിമിതപ്പെടുത്തുന്ന വിവാഹം എന്ന Institution നെയാണ് അവർ പ്രക്രതി വിരുദ്ധമെന്ന് വിശേഷിപ്പിക്കുന്നത്.
David P Barash ഉം Judith Eve Lipton ചേർന്ന് തയ്യാറാക്കിയ The Myth of Monogamy: Fidelity and Infidelity in Animal and People എന്ന പഠനവും David P Barash ന്റെ തന്നെ Out of Eden: The Surprising Consequences of Polygamy എന്ന പുസ്തകവും പിന്നെ Alan Dixson ന്റെ Sexual Selection and the Origins of Human Mating Systems എന്ന പഠനവും എല്ലാം പറയുന്നത് മനുഷ്യരുടെ polygamous സ്വഭാവത്ത കുറിച്ചാണ്.
ശാസ്ത്രീയ പഠനങ്ങൾ എന്തൊക്കെ പറഞ്ഞാലും ഒരു ഇണയുമായി ജീവിക്കുന്ന വിവാഹം തന്നെയാണ് സമാധാനപരം. പക്ഷെ നമ്മുടെ പ്രശ്നം അതല്ല. നമ്മുടെ സമൂഹം വിവാഹത്തെ അമിതമായി glorify ചെയ്യുന്നത് കൊണ്ട്, തിരഞ്ഞെടുത്ത ഇണയുമായി ചേർന്ന് പോകാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടായാലും, ബന്ധം എത്ര ടോക്സിക് ആയി മാറിയാലും ആ ബന്ധത്തിൽ തുടരാൻ പലരും നിർബന്ധിതരാവുകയാണ്. അവസാനം ഒരാളുടെ ആത്മഹത്യയിൽ ( മിക്കവാറും സ്ത്രീകളാവും അത്) അവസാനിക്കുകയാവും ചെയ്യുന്നത്. മാറ്റങ്ങൾ ഉണ്ടാവേണ്ടത് ഈ സാഹചര്യങ്ങൾക്കാണ്. ഒരു ബന്ധം തുടർന്ന് പോകാൻ പറ്റാത്ത സാഹചര്യത്തിൽ സൗഹാർദ്ദമായി പിരിയാനും പുനർവിവാഹം ചെയ്യാനും ഒക്കെ ലളിതമായി സാധിക്കുന്ന സാഹചര്യങ്ങളിലേക്ക് നമ്മുടെ മനോഭാവവും സമൂഹവുമൊക്കെ പുരോഗമിക്കേണ്ടിയിരിക്കുന്നു.
മനുഷ്യരുടെ ലൈംഗിക ആസക്തികൾക്ക് പരിഹാരമുണ്ടോ?
കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചെങ്കിലും ലൈംഗിക ദാരിദ്ര്യത്തിന്റെ കാര്യത്തിൽ നാം ഇനിയും മുക്തമായിട്ടില്ല. കുഞ്ഞുന്നാൾ മുതലേ പള്ളിയിലും പള്ളിക്കൂടത്തിലും എല്ലാ പൊതു ഇടങ്ങളിലും ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചിരുത്തുകയാണ് ചെയ്യുന്നത്. അവർക്ക് പരസ്പരം സ്വതന്ത്രമായി ഇടപഴകാൻ നാം അനുവാദം നൽകുന്നില്ല. എതിർലിംഗത്തിൽ പെട്ട ഒരു സുഹൃത്ത് ഉണ്ടാകുന്നതും, അവർക്കിടയിൽ ശാരീരികമായ അടുപ്പം (Physical intimacy) ഉണ്ടാകുന്നതും, ഡേറ്റ് ചെയ്യുന്നതുമെല്ലാം ഇന്നും നമുക്ക് മഹാ അധാർമ്മികമാണ്. ലൈംഗികതയ്ക്ക് വിവാഹമെന്ന ലൈസൻസിങ് സമ്പ്രദായം ഇന്നും തുടരുന്നത് കൊണ്ട് വിവാഹപൂർവ ബന്ധങ്ങളും ഇവിടെ മഹാ പാതകമായി കരുതപ്പെടുന്നു.
സമ്മതം (Consent) എന്താണെന്നോ, സ്ത്രീകൾ ബഹുമാനിക്കപ്പെടേണ്ടവരാണെന്നോ ഇനിയും തിരിച്ചറിയാത്ത ഒരു വലിയ പുരുഷ സമൂഹം ഇന്നും നമ്മുടെ ഇടയിലുണ്ട്. അവരുടെ ഈ ലൈംഗിക ദാരിദ്ര്യം നിലവിലുള്ള പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
മനുഷ്യരുടെ ഇത്തരം ലൈംഗിക ആസക്തികൾക്ക് പരിഹാരമൊന്നും ഇല്ലേ? ഉണ്ട്, എല്ലാ ആസക്തികൾക്കും പരിഹാരമുണ്ട്. ഉള്ളിൽ ഒത്തിരിയേറെ ആസക്തികളുടെ എരിയുന്ന കനലുമായി ജീവിക്കുന്നവരാണ് മനുഷ്യർ. മദ്യത്തോടുള്ള ആസക്തി, മയക്കുമരുന്നിനോടുള്ള ആസക്തി, ഭക്തി മൂത്തുണ്ടാകുന്ന ആസക്തി, പണത്തോടും അധികാരത്തോടും ഉള്ള ആസക്തി—ഇങ്ങനെ നീളുന്ന ആസക്തികളുടെ പട്ടികയിൽ ഒന്നാണ് ലൈംഗികതയോടുള്ള അമിതമായ ആസക്തിയും. ഇവയ്ക്കെല്ലാം കൃത്യമായ പരിഹാരവുമുണ്ട്.
നമ്മുടെ ഉള്ളിലെ ഈ ആസകതികളെ ഏറ്റവും നന്നായി അറിയാവുന്നവർ നമ്മൾ തന്നെയാണ്.
ആ ആസക്തികൾക്ക് മേൽ നമ്മൾ നേടുന്ന ആത്മനിയന്ത്രണമാണ് നമ്മുടെ യഥാർത്ഥ ജീവിത വിജയം. അത് അത്ര എളുപ്പമല്ല. കാരണം കനലുകൾ അവിടെ തന്നെയുണ്ടല്ലോ. ചാരം മൂടി കിടന്നാലും ഉള്ളിൽ സദാ എരിഞ്ഞുകൊണ്ടാണിരിക്കുന്നത്. സാഹചര്യങ്ങൾ കൊണ്ടുവരുന്ന ഒരു ഇളം കാറ്റ് മതി ആ കനലുകളെ ആളിപടർത്താൻ. ആ സാഹചര്യങ്ങളിൽ നിന്നും മാറിനിൽക്കാൻ അതിലേറെ ആത്മനിയന്ത്രണം ആർജ്ജിക്കേണ്ടതുണ്ട്.
ഓർക്കുക.
ആ കനലുകൾ ആളിപടർന്നാൽ അതിൽ എരിയുന്നത്
നമ്മുടെ ജീവിതം തന്നെയാണ്.
നമ്മുടെ അഭിമാനമാണ്.
നമ്മൾ നേടിയതെല്ലാം ആണ്.
അപ്പോ കളി കാര്യമാവും.
![]()

