എസ്സെൻഷ്യ’21 -നോടനുബന്ധിച്ചു നടത്തിയ കഥ/കവിത മത്സരത്തിൽ രേഷ്മ സുരേന്ദ്രന്റെ OWN WINGS എന്ന ഇംഗ്ലീഷ് കവിത ഒന്നാം സമ്മാനം (2000 രൂപ) നേടി. ഡെന്നിസ് ആന്റണി എഴുതിയ ‘സ്വന്തം ചിറകുകൾ’ എന്ന കഥയും, റഷീദ് ഇ എസ് എഴുതിയ ‘ഹോമോ സാപിയൻസ്’ എന്ന കവിതയും പ്രോത്സാഹന സമ്മാനം (1000 രൂപ വീതം) നേടി.
വിജയികൾക്കും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും എസ്സെൻസ് ഗ്ലോബലിന്റെ അഭിനന്ദനങ്ങൾ, ആശംസകൾ!
സമ്മാനാർഹമായ കൃതികൾ വായിക്കാം
രേഷ്മ സുരേന്ദ്രൻ (ഒന്നാം സമ്മാനം)
OWN WINGS
A depressed soul..
Her mind shattered….
Her thoughts, like a devil..
Drowning her in a sea of confusion.
Chained from unknown corners..
Entire body tightened, stretched..
Heavy pains flashing throughout..
Herself in a self made prison.
Her sad gloomy face…
Her stolid eyes..
Her lifeless heart..
Living with a dead soul.
Who made her crippled??
Her stout and lively body..
Now only flesh and blood..
A life charred to ashes.
Her voice disabled..
Her freedom chained .
Crushed under feet of patriarchy..
She grieves and blames her ill-fate.
Hidden killer snakes..
Sudden acid attacks..
Love coated brutal weapons..
Her awaiting rewards.
Neither the wisdom she learned .
Nor the struggles she faced..
Could make her more precious..
Than her gifted wealth.
She died everyday..
Killing every dreams..
She punished herself..
Only to meet death.
Her hopelessness will end..!!
Once she knows her worth..
Awakening her inner self..
Forming an immortal soul.
From the ashes she will rise..
Like a powerful phoenix bird..
An audacious soldier..
A self made super hero.
Spreading out her wings..
Igniting them with inner fire..
She will soar higher..
Breaking every chains.
A warrior fighting every day..
Until her yes means yes..
And no means no..
Making herself a supremacy.
Every limits will be crossed..
Every dreams will be fulfilled..
As she trusts herself..
Her own tireless wings.
In own wings, she will fly higher..
Crushing her enemies to hell..
Enjoying boundless freedom..
Living the life she dreamt of.
ഡെന്നിസ് ആന്റണി (പ്രോത്സാഹന സമ്മാനം)
സ്വന്തം ചിറകുകൾ
പതിവ് പോലെ ഉച്ചക്ക് ഭക്ഷണമെല്ലാം കഴിച്ചു തോമസ് ചാക്കോ സാർ തന്റെ സ്വന്തം ക്ലാസ്സിലേക്ക് എത്തി. അന്ന് ഭാര്യ കൊടുത്തയച്ച നല്ല ബീഫ് കറി കൂട്ടി ചോറ് കഴിച്ചത് കൊണ്ട് സാറിന് ഒരു ചെറിയ മയക്കമൊക്കെ തോന്നിത്തുടങ്ങിയിരുന്നു. ഉച്ചക്ക് ഒന്നാമത്തെ പീരീഡ് കെമിസ്ട്രി ക്ലാസ് ആണ്. ക്ലാസ് എടുക്കാൻ ഒന്നും ഒരുങ്ങിയിട്ടുമില്ല. എന്തെങ്കിലുമൊക്കെ ചോദ്യങ്ങളൊക്കെ ചോദിച്ചു അന്നത്തെ ക്ലാസ് തട്ടി കൂട്ടാമെന്നു വിചാരിച്ചിട്ടാണ് സാർ ആ പീരീഡ് ക്ലാസ്സിലേക്ക് എത്തിയത്. അറ്റന്റൻസ് വിളിച്ചു കഴിഞ്ഞപ്പോഴാണ് കുട്ടികളുടെ ഇടയിൽ നിന്നും ഒരു മുറുമുറുപ്പ് സാർ കേട്ടത്.
“എന്താ അവിടെ ഒരു സംസാരം?”, തോമസ് ചാക്കോ സാർ മുഖമുയർത്തി ചോദിച്ചു
“സാറെ, ഇവിടെ അക്ഷയും കെവിനും തമ്മിൽ തല്ലു കൂടുന്നു സാറെ”, രോഹിത് ആണ് അത് പറഞ്ഞത്
“അക്ഷയ് ആൻഡ് രോഹിത് സ്റ്റാൻഡ് അപ്പ്”, തോമസ് സാർ അല്പം ഗൗരവത്തിൽ പറഞ്ഞു. മുഖത്തു ഗൗരവമായിരുന്നെങ്കിലും മനസ്സിൽ സാറിന് ഒരു സന്തോഷം തോന്നി. കാരണം നല്ലൊരു കേസ് ആണെങ്കിൽ ഇന്നത്തെ പീരീഡ് അല്പം ഉപദേശമൊക്കെ ആയി കഴിച്ചു കൂട്ടാം. നല്ലൊരു കേസ് ആവണേ ഈശോയെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് സാർ ചോദിച്ചു
“എന്താ കാര്യം? ?”
“സാറെ അക്ഷയ് പറയാ ദൈവം ഇല്ലെന്നു”, കെവിൻ അല്പം വികാര ക്ഷോഭത്തോടെ പറഞ്ഞു
പണി പാളിയല്ലോ. ഇത് തൊട്ടാൽ പൊള്ളുന്ന കേസ് ആയിപോയല്ലോ. എന്ത് പറഞ്ഞാണ് ഈ പ്രശ്‍നം ഒന്ന് പരിഹരിക്കുക. തോമസ് ചാക്കോ സാർ തല പുകഞ്ഞു ആലോചിക്കാൻ തുടങ്ങി. തോമസ് ചാക്കോ സാർ ആണെങ്കിൽ ഒരു സത്യ ക്രിസ്ത്യാനിയും. ഒരു അധ്യാപകനാകുബോൾ ആരുടേയും പക്ഷം പറഞ്ഞു സംസാരിക്കാൻ പറ്റില്ലല്ലോ. ഇന്നത്തോടെ തന്റെ സകല ഗ്ലാമറും തീർന്നത് തന്നെ. എന്നാലും അതൊന്നും പുറത്തു കാണിക്കാതെ തോമസ് സാർ ചോദിച്ചു
“എന്താ അക്ഷയ് ദൈവം ഇല്ല എന്ന് പറയാൻ കാരണം?”
“സാറെ, ദൈവം ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഈ ലോകത്തു കാണുന്ന അസമാധാനം, പട്ടിണി, പ്രകൃതി ദുരന്തങ്ങൾ എന്നിവ അനുവദിക്കുമായിരുന്നോ?”
“ദൈവം മനുഷ്യനെ സൃഷ്ടിച്ചിട്ട് എല്ലാ സ്വാതന്ത്ര്യവും അവനു കൊടുത്തിട്ടുണ്ട്. നന്മ ചെയ്യാനും തിന്മ ചെയ്യാനും. കേട്ടിട്ടില്ലേ ഞാൻ നിന്റെ മുൻപിൽ ജലവും തീയും വക്കുന്നു. നിനക്ക് ഇഷ്ടമുള്ളത് എടുക്കാം. ജലം എടുത്താൽ നിനക്ക് കുടിച്ചു ദാഹം അകറ്റാം എന്നാൽ തീ എടുത്താലോ നിനക്ക് വെന്തു ചാകാം. ഈ ഭൂമിയിലെ ദുരിതങ്ങൾക്ക് കാരണം മനുഷ്യൻ തന്നെയാണ് ദൈവമല്ല”, തോമസ് സാറിന്റെ മനസിലെ ദൈവ സ്‌നേഹി സട കുടഞ്ഞെഴുന്നേറ്റിരുന്നു
“അങ്ങിനെയെങ്കിൽ സർവശക്തനായ ദൈവത്തിന് ഈ തെറ്റ് ചെയ്യുന്നവരെ തിരുത്തിയാൽ പോരെ സാറെ? അത് ദൈവം ചെയ്യുന്നില്ലല്ലോ? അത് കൊണ്ട് ദൈവം ഇല്ല സാറെ”, അക്ഷയ് തറപ്പിച്ചു പറഞ്ഞു
വല്ലാത്തൊരു ചോദ്യമാണല്ലോ ഈ പഹയൻ ചോദിച്ചിരിക്കുന്നത് എന്നാലോചിച്ചു തോമസ് സാർ ക്ലാസ്സിലെ മറ്റു കുട്ടികളുടെ മുഖത്തേക്ക് നോക്കി. ഈ കളിയിൽ തോമസ് സാർ ആണോ അതോ അക്ഷയ് ആണോ ജയിക്കുക എന്ന ആകാംഷ അവരുടെ മുഖങ്ങളിൽ സാർ ദർശിച്ചു. ഈ നിരീശ്വരവാദിയെ ഇങ്ങനെ വിട്ടാൽ പറ്റില്ല. ഇവനെ മനസാന്തരപ്പെടുത്തിയിട്ടു തന്നെ കാര്യം. ഞായറാഴ്ച വേദപാഠം പഠിപ്പിക്കുന്ന തന്നോടാ കളി. തോമസ് സാർ തന്റെ ആവനാഴിയിലെ വിലപ്പെട്ട അസ്ത്രങ്ങൾ എടുത്തു പൊരുതുവാൻ തീരുമാനിച്ചു.
“ഒരു കാര്യം ഇല്ല എന്ന് പറയണമെങ്കിൽ അത് ഉണ്ടായിട്ടാകണമല്ലോ, ഉദാഹരണത്തിന് അക്ഷയ് ഇല്ല എന്നെനിക്ക് പറയണമെങ്കിൽ അക്ഷയ് ആദ്യം ഉണ്ടാകണമല്ലോ, അത് കൊണ്ട് ദൈവം ഇല്ല എന്ന് പറയുന്നത് തന്നെ ദൈവം ഉണ്ട് എന്നുള്ളതിന് തെളിവ് അല്ലെ”, തോമസ് സാർ ഒരു അസ്ത്രം വിക്ഷേപിച്ചു കഴിഞ്ഞു. അത് വിക്ഷേപിച്ചു കഴിഞ്ഞപ്പോൾ കെവിന്റെയും ബാക്കി ക്ലാസ്സിലെ സകല വിശ്വാസികളുടെയും മുഖത്തു ഫുട്ബോൾ കളി കാണുമ്പോൾ നമുക്കിഷ്ടപ്പെട്ട ടീം ഗോൾ അടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം ഉണ്ടല്ലോ അത് കാണപ്പെട്ടു
“അത് എങ്ങിനെ ശരിയാകും സാർ, ഞാൻ ഇപ്പോൾ കുക്കുടുമാൻഡം ഇല്ല എന്ന് പറഞ്ഞാൽ അത് ഉണ്ട് എന്നുള്ളതിന് തെളിവ് ആകുമോ സാർ, കാരണം ഞാൻ അത് വെറുതെ പറയുന്ന ഒരു വാക്ക് അല്ലെ സാർ. അപ്പോൾ ഈ ദൈവവും അത് പോലെ ആയിക്കൂടെ?”, അക്ഷയ് യുടെ ഈ ചോദ്യം കേട്ടപ്പോൾ തോമസ് സാറിന്റെ ഭാഗത്തെ ഫുട്ബോൾ വല നന്നായി കുലുങ്ങുന്ന പോലെ സാറിന് തോന്നി. അപ്പോഴാണ് രണ്ടു ആഴ്ച മുൻപ് ഞായറാഴ്ച്ച മെൽവിൻ അച്ഛൻ പള്ളിയിൽ പറഞ്ഞ പ്രസംഗം സാറിന് ഓർമ്മ വന്നത്.
സാറിന്റെ മനസിലെ”ബി നിലവറ” തുറന്നു ആ പ്രസംഗത്തിന്റെ ഭാണ്ഡക്കെട്ട് അഴിച്ചു
“നിങ്ങൾ കുരക്കും പട്ടി കടിക്കില്ല എന്ന ചൊല്ല് കേട്ടിട്ടില്ലേ?”, സാർ ചോദിച്ചു
കേട്ടിട്ടുണ്ട് എന്നുള്ള മട്ടിൽ കുറേപ്പേർ തലയാട്ടി
“ഈ ചൊല്ല് വിശ്വസിക്കുന്ന അക്ഷയ് ഒരു ദിവസം ജയന്റെ വീട്ടിൽ പോയി എന്ന് കരുതുക. അവിടെ ചെന്നപ്പോൾ ഒരു പട്ടി കുരച്ചു കൊണ്ട് വരുന്നത് കണ്ടു. പക്ഷെ ആ പട്ടി അക്ഷയിനെ കടിച്ചു. പിന്നെ എപ്പോഴെങ്കിലും ഈ ചൊല്ല് അക്ഷയ് വിശ്വസിക്കുമോ”, തോമസ് സാർ കുട്ടികളോട് ചോദിച്ചു
“ഇല്ല”, കുട്ടികൾ ഒരുമിച്ചു മറുപടി പറഞ്ഞു.
“ഇനി അക്ഷയിനെ ആ പട്ടി കടിക്കുന്നില്ല എങ്കിൽ ഈ ചൊല്ല് അക്ഷയ് എന്നും വിശ്വസിക്കും അല്ലെ?”, സാർ കൂട്ടിച്ചേർത്തു
“അതെ”, കുട്ടികൾ പറഞ്ഞു
“ഇത് പോലെ തന്നെയാണ് വിശ്വാസവും. ഒരാൾക്കുണ്ടാകുന്ന അനുഭവമാണ് വിശ്വാസമായി മാറുക. കെവിൻ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അവനു ആ അനുഭവം ഉണ്ടായിരിക്കണം. അക്ഷയ് അങ്ങിനെ വിശ്വസിക്കുന്നില്ലെങ്കിൽ അവനു ആ അനുഭവം ഉണ്ടായിക്കാണില്ല. അത് കൊണ്ട് കെവിന്റെ വിശ്വാസം തെറ്റാണെന്നു അക്ഷയിക്കും അക്ഷയിന്റെ വിശ്വാസം തെറ്റാണെന്നു കെവിനും പറയാൻ അവകാശമില്ല”
“പക്ഷെ സാർ ഒരു കുട്ടി ദൈവത്തിൽ വിശ്വസിക്കുന്നത് അവന്റെ അനുഭവത്തിൽ നിന്ന് അല്ലല്ലോ സാർ, അവൻ ജനിച്ചു വീഴുന്ന ചുറ്റുപാടിൽ നിന്നല്ലേ?, ഇപ്പൊ സാർ ക്രിസ്ത്യാനി ആയതു സാർ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചത് കൊണ്ടല്ലേ, അല്ലെങ്കിൽ സാർ മറ്റേതെങ്കിലും മതത്തിൽ അല്ലെ വിശ്വസിക്കുക”
തോമസ് സാറിന്റെ ഉള്ളിൽ നിന്നും ഒരു കിളി പറന്നു പോകുന്ന പോലെ സാറിന് തോന്നി. ആ കിളി സാറിനെ നോക്കി കളിയാക്കി ചിരിച്ചു . ഇവൻ ആള് പത്താം ക്ലാസ്സിൽ ആണെങ്കിലും ചില്ലറക്കാരനല്ല എന്ന് സാറിന് മനസിലായി . എതിരാളി ശക്തനാണെന്നു മനസ്സിലായാൽ പിന്നെ ബുദ്ധി ഉപയോഗിച്ച് സമാധാനം സ്ഥാപിക്കുന്നതാണ് നല്ലത് എന്ന ബോധം സാറിന് ഉണ്ടായി.
സാർ പറഞ്ഞു
“നിന്നോട് തർക്കിക്കാൻ ഞാനില്ല. എപ്പോഴും സ്വന്തം ചിറകിൽ മാത്രം ആശ്രയിച്ചാൽ ശരിയാവില്ല. ദൈവത്തിന്റെ ചിറകുകളിൽ കൂടി ആശ്രയിക്കണം. ഇന്നല്ലെങ്കിൽ നാളെ ഏതെങ്കിലും ജീവിതാനുഭവത്തിലൂടെ ദൈവം നിന്നെ തേടി എത്തും”
തോമസ് സാർ ക്ലാസ്സിലെ മറ്റു കുട്ടികളുടെ മുഖത്തു നോക്കിയപ്പോൾ ഫുട്ബോൾ കളിയിൽ ഇഷ്ടപ്പെട്ട ടീം വിജയിച്ച സന്തോഷമൊന്നും ആരുടേയും മുഖത്തു കാണാനില്ല. എന്നാലും തോൽക്കാതെ സമനില നേടിയ ഒരു ആശ്വാസം വിശ്വാസികളുടെ മുഖത്തു കണ്ടു.
വർഷങ്ങൾക്ക് ശേഷം ഒരു ദിവസം തോമസ് സാറിന് ഒരു വിദേശ വാട്സ് ആപ്പ് കാൾ വന്നു. അതിന്റെ അങ്ങേത്തലക്കൽ പണ്ടത്തെ നിരീശ്വരവാദിയായ അക്ഷയ് ആയിരുന്നു. കക്ഷി ഇപ്പോൾ കാനഡയിൽ റിസർച്ച് ചെയ്യുന്നു . കുശലാന്വേഷണങ്ങൾക്കു ശേഷം തോമസ് സാർ അക്ഷയിനോട് ചോദിച്ചു
“നീ ഇപ്പോഴും സ്വന്തം ചിറകിൽ മാത്രമാണോ ആശ്രയിക്കുന്നത്, അതോ നിന്നെ ഏതെങ്കിലും ദൈവം തേടിയെത്തിയോ?”
“അതെ സാർ. ഐ ട്രസ്റ്റ് ഇൻ മൈ ഓൺ വിങ്‌സ് , ഒരു ദൈവവും എന്നെ തേടി വന്നില്ല , സാറിന്റെ ദൈവം സാറിന്റെ കൂടെ തന്നെയില്ലേ?”
“ഇല്ലെടാ കോവിഡ് കാലം വന്നപ്പോൾ എന്റെ ദൈവം എന്നിൽ നിന്നും പടി ഇറങ്ങിപ്പോയി”, തോമസ് സാർ ഒരു ചിരി പാസ്സാക്കി
“സൊ യുവർ ഗോഡ്‌സ് വിങ്‌സ് ?”
“ദേർ ഈസ് നോ ഗോഡ്‌സ് വിങ്‌സ് ഡാ , ഇട്സ് മൈ ഓൺ വിങ്‌സ് , എന്നാലും ചില സമയത്തു മറ്റു മനുഷ്യരുടെ ചിറകുകളിലും ആശ്രയിക്കാറുണ്ട് എന്ന് മാത്രം. എന്റെ ചിറകുകളും ഞാൻ മറ്റുള്ളവർക്കും കൊടുക്കാറുണ്ട്. അതല്ലേ മാനവികത”,
അത് പറഞ്ഞു കഴിഞ്ഞപ്പോൾ തോമസ് സാറിന്റെ മുഖത്തു ഉദിച്ചുയർന്ന സൂര്യന്റെ പ്രകാശം ഉണ്ടായിരുന്നു.
റഷീദ് ഇ എസ് (പ്രോത്സാഹന സമ്മാനം)
ഹോമോ സാപിയൻസ്
സ്‌പൈറലായ സ്ഥലകാലങ്ങളിൽ
ജൈവജാലങ്ങളുടെ ജനിതക ലയം
ഊഷരമായ സൗര മണ്ഡലങ്ങളിൽ നിന്നും
പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ
ഉർവരമായ ഓർഗാനിക പ്രവാഹം
നൈസർഗിക രൂപങ്ങളിൽ
നിന്നൂർന്നു വിടരുന്ന സർഗാത്മകത
നിലയ്ക്കാത്ത ഇന്നലെകളിൽ നിന്നും
ആവർത്തനങ്ങളില്ലാത്ത പരിവർത്തനങ്ങളിലേക്ക്
തിളക്കമാർന്ന നക്ഷത്രക്കണ്ണുകളിലൂടെ
അറ്റുപോകാത്ത അറ്റങ്ങളിലേക്കുള്ള
നാളെകളുടെ അനന്ത യാനം
പ്രയാണത്തിന്റെ ചരിത്രവീഥികളിൽ
ആഫ്രിക്കയിൽ നിന്നും
ഒരു ഫീനിക്‌സ്പക്ഷിയെ പോലെ
ഉയിർത്തെഴുന്നേറ്റ്
നൈതിക യുക്തികളിൽ ചിറക് വിരിച്ച്
സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക്
പറന്നുയരുന്ന മർത്യവസന്തം
അവർണ്ണനീയ സ്ഥലരാശികളിൽ
കാലം വരയ്ക്കുന്ന അനുഭൂതി നിറഞ്ഞ
കവിതയായ് ജീവിതം
ജിജ്ഞാസയുടെ നാൾവഴികളിൽ
ശാസ്ത്രത്തിന്റെ സർഗോത്സവം തീർക്കുന്ന
അണയാത്ത ചേതനയായ് മാനവികത
ചിന്തകളുടെ ചന്തങ്ങളിൽ
വിശ്വമാനവികതയോളം
ലോകനാഗരികതയോളം
ഭാവനയുടെ ചിറകാട്ടം
ഹേ സാപിയൻസ്,
പരിണാമത്തിന്റെ മുദ്ര പതിഞ്ഞ
നിന്റെ പകർപ്പവകാശികൾ ഞങ്ങൾ
….
അനശ്വര താരാകണങ്ങൾ നമ്മൾ
സത്യത്തിന്റെ സുഗന്ധം പരത്താൻ
അനന്തര തലമുറകളിലേക്ക്
യാത്ര തിരിച്ചവർ..!!!