പ്രൊഫ. കാന എം. സുരേശനും ആരിഫ് ഹുസൈനും എസ്സെൻസ് പ്രൈസ്; ശാസ്ത്രസംഭാവനകൾക്കും ശാസ്ത്രീയ മനോവൃത്തിയുടെ പ്രചരണത്തിനും അംഗീകാരം


ഡിസംബർ 11 -ന് എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച എസ്സെൻസ് ഗ്ലോബലിന്റെ ഫ്ലാഗ്ഷിപ് ഇവന്റ് ആയ essentia’21 (https://essenseglobal.com/essentia21) ജനപങ്കാളിത്തം കൊണ്ടും മാധ്യമശ്രദ്ധകൊണ്ടും സമ്പുഷ്ടമായി. 1400 പേരോളം നേരിട്ടും 24000 പേർ ഓൺലൈൻ പ്ലാറ്റ്ഫോമിലും പരിപാടിയിൽ തത്സമയം പങ്കെടുത്തു. അടിമുടി മതത്തിൽ കുളിച്ചുനിൽക്കുന്ന സമൂഹത്തിൽ മതാത്മക വിശാസങ്ങളിൽനിന്നു മാറി ചിന്തിക്കാനും സയൻസ് അറിയാനും കുറച്ചുപേരെയെങ്കിലും സന്നദ്ധരാക്കാൻ കഴിഞ്ഞത്, ഭരണഘടനയിലെ ആർട്ടിക്കിൾ 51A(h) മുൻനിർത്തി പ്രവർത്തിക്കുന്ന കൂട്ടായ്മയായ എസ്സെൻസ് ഗ്ലോബലിന് ഏറെ പ്രോത്സാഹനവും സന്തോഷകരവുമാണ്.

essentia21 -ൽ ശാസ്ത്രരംഗത്തു നൽകിയ സംഭാവനകളെയും സമൂഹത്തിൽ ശാസ്ത്രീയ ചിന്താവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളെയും ആദരിച്ചുകൊണ്ട് പ്രശസ്ത ശാസ്ത്രജ്ഞൻ പ്രൊഫ. കാന എം. സുരേശനെയും ശ്രീ. ആരിഫ് ഹുസൈൻ തെരുവത്തിനെയും എസ്സെൻസ് പ്രൈസ് നൽകി ആദരിച്ചു. ഇരുപതിനായിരം രൂപയും പ്രശസ്തിഫലകവും ഉൾപ്പെടുന്നതാണ് സമ്മാനം. പുരസ്കാരജേതാക്കളെ പരിചയപ്പെടാം.

പ്രൊഫസർ കാനാ എം. സുരേശൻ

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെൻററിലെ ശാസ്ത്രജ്ഞനായ ഇദ്ദേഹം കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എമരം സ്വദേശിയാണ്.

ക്ഷയരോഗിയായിരുന്ന അമ്മയെ സഹായിക്കാൻ സ്‌കൂൾ പഠനകാലത്ത് കവുങ്ങ് കയറ്റം തൊഴിൽ ആയി സ്വീകരിച്ച കുട്ടി പിൽക്കാലത്ത് രസതന്ത്രത്തിൽ പിഎച്ച്ഡി നേടി ജപ്പാനിലും ഇംഗ്ലണ്ടിലും ജർമ്മനിയിലും ഗവേഷണം നടത്തി ജീവിതത്തിൽ പുതിയ ഉയരങ്ങൾ തേടി. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ പ്രൊഫസറും ഇൻഫ്രാസ്ട്രക്ചർ ആന്റ് പ്ലാനിംഗ് ഡീനും ആയി ജോലി ചെയ്യുന്നു. ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഫെലോഷിപ്പ് അടക്കം ലോകം ആദരിക്കുന്ന നിരവധി നേട്ടങ്ങൾ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന കാലത്ത് ക്ഷയരോഗ ചികിത്സയ്ക്കുള്ള PA-824 എന്ന മരുന്ന് എളുപ്പത്തിൽ നിർമിക്കാനുള്ള മാർഗ്ഗം കണ്ടുപിടിച്ച ടീമിൽ പങ്കാളിയായിരുന്നു. ഇന്ത്യാ ഗവൺമെന്റ് സ്വർണ്ണജയന്തി ഫെലോഷിപ്പ്, അമേരിക്കയിലെ വൈ. ഐ. എം. ബോസ്റ്റൺ യുവ ശാസ്ത്രജ്ഞൻ പുരസ്‌കാരം, ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെലോ, ഇന്ത്യാ ഗവൺമെന്റ് ഏർപ്പെടുത്തിയ ടെക്‌നോളജി ഇന്നൊവേഷൻ അവാർഡ്, ഈ വർഷത്തെ കുരുക്ഷേത്ര സർവകലാശാലയുടെ റെജിബ് ഗോയൽ ദേശീയ പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്നദ്ദേഹം ലോകമറിയുന്ന ശാസ്ത്രജ്ഞനാണ്.

ആരിഫ് ഹുസ്സൈൻ തെരുവത്ത്

യാഥാസ്ഥിതിക ഇസ്ലാം കുടുംബത്തിൽ ജനനം. ഉപരിപഠനം ഹോമിയോപ്പതിയിൽ. പഠനശേഷം താൻ പ്രാക്ടീസ് ചെയ്യുന്ന ഹോമിയോപ്പതിയുടെ ഫലപ്രാപ്തി സംബന്ധിച്ചുള്ള സംശയങ്ങൾ വർദ്ധിച്ചുവന്നതിനാൽ അതിൻറെ ശാസ്ത്രീയവശങ്ങളെപ്പറ്റി സ്വന്തമായി അന്വേഷണങ്ങൾ നടത്തി. ഓപ്പൺ സോഴ്സ് റിസേർച്ചിലൂടെ ഹോമിയോപ്പതിയുടെ പൊള്ളത്തരങ്ങൾ ബോധ്യപ്പെട്ടതോടെ പത്തുവർഷത്തോളം നടത്തിവന്നിരുന്ന ഹോമിയോപ്പതി ചികിത്സ അവസാനിപ്പിച്ച് മറ്റുജോലികൾ കണ്ടെത്താൻ തുടങ്ങി. മാത്രമല്ല പുതിയ തലമുറയിലെ കുട്ടികൾ തന്നെപ്പോലെ ഹോമിയോപ്പതി ഒരു ശാസ്ത്രീയ വിഷയമാണെന്നും അതിൽ തൊഴിൽ സാധ്യത ഉണ്ടെന്നും തെറ്റിദ്ധരിച്ചു കെണിയിൽ പെടാതിരിക്കാനും,ഹോമിയോപ്പതി പോലെയുള്ള അശാസ്ത്രീയ ചികിത്സകൾക്ക് സർക്കാർ പണം ചിലവഴിക്കുന്നതിന് എതിരെയും,സാധാരണജനങ്ങൾക്ക് ഇതിൻറെ പൊള്ളത്തരം മനസ്സിലാക്കികൊടുക്കുന്നതിനും വേണ്ടി പൊതുയിടങ്ങളിൽ വിമര്ശനങ്ങളിലും ചർച്ചകളിലും ഏർപ്പെടുന്നു.

ശാസ്ത്രീയ അന്വേഷങ്ങൾക്കിടയിൽ മതാത്മക വിശ്വാസങ്ങൾ എല്ലാം തന്നെ തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെ മതം ഉപേക്ഷിക്കുകയും, മതം മൂലം ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങൾ തുറന്നുകാട്ടുന്നതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. നിലവിൽ ക്ലിനിക്കൽ റിസേർച്ചർ ആയി ജോലി ചെയ്യുന്നതോടൊപ്പം എക്സ് മുസ്ലിം കേരളയുടെ സ്ഥാപക എക്സിക്യൂട്ടീവ് മെമ്പറും, മതരഹിതരുടെ കൂട്ടായ്മയായ നോൺ റിലീജിയസ് സിറ്റിസൺസ് ഇന്ത്യയുടെ പ്രസിഡന്റും ആണ്.


Leave a Reply

Your email address will not be published. Required fields are marked *