“സോഷ്യല്‍ മീഡിയകളിലെ മലയാളികളുടെ യുക്രൈന്‍ ചര്‍ച്ചകള്‍ മിക്കവയും പക്ഷപാതിത്വങ്ങള്‍ നിറഞ്ഞവയാണ്. ചിലര്‍ പഴയ ഫാദര്‍ലാന്‍ഡ് സോവിയറ്റ് യൂണിയന്‍ ഹാങ്ങ് ഓവറില്‍ നിന്നു വിട്ടുമാറാതെ പക്ഷം പിടിക്കുന്നു. വേറെ ചിലര്‍ സാമ്രാജ്യത്വ അജണ്ടയില്‍ രാക്ഷസനായ അമേരിക്കയോടുള്ള എതിര്‍പ്പ് ഒളിപ്പിച്ചുവെച്ചു സംസാരിക്കുന്നു. യുക്രൈന്‍ പ്രസിഡന്റ് സെലിന്‍സ്‌കിയെ അമേരിക്ക കുടുക്കിയതാണ് മുതലായ സൂപ്പര്‍ ഇന്റലിജന്റ് വിലയിരുത്തലുകളും ഇവിടെ കാണാനൊക്കും. പക്ഷേ വസ്തുതയെന്താണ്’?”- പി ബി ഹരിദാസന്‍ എഴുതുന്നു. |
യുക്രൈന്‍ വിപത്തും മലയാളിയുടെ തള്ളിമറയ്ക്കലും!
യുക്രൈന്‍ വിപത്തിനെ മലയാളികള്‍ കാണുന്നത് പലപ്പോഴും ഹൃദയശൂന്യമായാണെന്ന് സോഷ്യല്‍ മീഡിയയും, ഒന്‍പതുമണി ചര്‍ച്ചകളും നോക്കിയാല്‍ അറിയാം. മിക്കപ്പോഴും പക്ഷം പിടിച്ച, കെ റെയില്‍ ചര്‍ച്ച ചെയ്യുന്ന ലാഘവത്തോടെ, അല്ലെങ്കില്‍ കണ്ണൂരിലെ അക്രമരാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന മനോഭാവത്തോടെ, വീറും വാശിയോടെ സംസാരിക്കുന്നത് കേള്‍ക്കാം. സഹോദരന്മാരെ, പക്ഷം പിടിച്ചുകൊണ്ട് നമ്മളിത് ചര്‍ച്ച ചെയ്യരുത്. ആറായിരം കിലോമീറ്ററുകള്‍ക്കപ്പുറത്ത് കിടക്കുന്ന ഒരു ജനതയുടെ കഷ്ടപാടുകളാണ് നമ്മള്‍ ചര്‍ച്ചചെയ്യുന്നത്. അതിലെ ശരിതെറ്റുകള്‍ നമ്മളാല്‍ സ്വാംശീകരിക്കാന്‍ ആവില്ല. അതവിടെ ജീവിക്കുന്നവര്‍ കാണുന്ന അവബോധത്തോടെ നമുക്ക് എന്തായാലും ഉള്‍ക്കൊള്ളാനാവില്ല.
പല സൂക്ഷ്മഭേദങ്ങളും ആ അയല്‍വാസികളുടെ സമ്പര്‍ക്കത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കാം. ഒരു പറ്റം ജനതയുടെ നശിപ്പിക്കപ്പെട്ട ശാന്ത ജീവിതം ആണ് നാം സംസാരിക്കുന്നത്. നമ്മളെ അസ്വസ്ഥരാക്കുന്നത് ഒരുജനതയുടെ വേദനയായിരിക്കണം. നമ്മുടെ മക്കള്‍ അവിടെ പഠിക്കുന്നു, അവര്‍ കഷ്ടപ്പാടിലാണ് എന്നത് മാത്രമല്ല നമ്മുടെ വേദന. കുട്ടികളെ കൈകളിലെടുത്ത് ജീവനുവേണ്ടി ഓടുന്ന അമ്മമാര്‍. അഭയാര്‍ഥികളായ പത്തുലക്ഷത്തോളം മനുഷ്യര്‍…. അങ്ങനെ എത്ര ദയനീയ കാഴ്ചകള്‍. മാനവികതയെ കുറിച്ച് നിരന്തരം സംസാരിക്കുന്ന, ഒരൊറ്റ ലോകം ഒരു ജനത എന്നൊക്കെ ആവേശം കൊള്ളുന്ന ആധുനിക മൂല്യബോധങ്ങളുടെ കാലത്തും ഇതൊക്കെ നടക്കുന്നല്ലോ എന്നതായിരിക്കണം നമ്മുടെ ആകുലത.
ചില നേതാക്കളുടെ ഒരു പ്രയോജനവുമില്ലാത്ത, കാലഹരണപ്പെട്ട ദേശീയതാബോധത്തില്‍ നിന്നും ഉണ്ടായ ഈ ദുരിതം, ഇക്കാലത്തും എന്തുകൊണ്ട് ഉണ്ടാകുന്നു? നൂറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്ന ഇത്തരം ദുരവസ്ഥകള്‍ക്കു ഇനിയും പരിഹാരമില്ലേ?
നമ്മുടെ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചകള്‍ മിക്കവയും പക്ഷപാതിത്വങ്ങള്‍ നിറഞ്ഞവയാണ്. ചിലര്‍ പഴയ ഫാദര്‍ലാന്‍ഡ് സോവിയറ്റ് യൂണിയന്‍ ഹാങ്ങ് ഓവറില്‍ നിന്ന് വിട്ടുമാറാതെ പക്ഷം പിടിക്കുന്നു. വേറെ ചിലര്‍ സാമ്രാജ്യത്വ അജണ്ടയില്‍ രാക്ഷസനായ അമേരിക്കയോടുള്ള എതിര്‍പ്പ് ഒളിപ്പിച്ചുവെച്ച് സംസാരിക്കുന്നു. യുക്രൈന്‍ പ്രസിഡന്റ് സെലിന്‍സ്‌കിയെ അമേരിക്ക കുടുക്കിയതാണ് മുതലായ സൂപ്പര്‍ ഇന്റലിജന്റ് വിലയിരുത്തലുകളും നിങ്ങള്‍ക്ക് ഇവിടെ കാണാനൊക്കും. അമേരിക്കയുടെ കൈയിലെ കരുവാണ് സെലിന്‍സ്‌കി മുതലായ ടിപ്പിക്കല്‍ മലയാളി കണ്ടുപിടുത്തങ്ങളും ഒട്ടേറെ.
വര്‍ഷങ്ങളായുള്ള അമേരിക്കന്‍ പദ്ധതിയുടെ ഭാഗമാണ്, അവരുടെ സാമ്പത്തിക യുക്തിയാണ് ഇതിനുപുറകില്‍ എന്നിങ്ങനെ പറയുന്ന ‘അതിബുദ്ധിമാന്മാരെയും’ നിങ്ങള്‍ക്കിവിടെ കാണാം. സ്വതന്ത്രപരമാധികാര രാഷ്ട്രമായിരുന്ന ഇറാഖിനെ ആക്രമിച്ചപ്പോള്‍ ഈ സാമ്പത്തിക ഉപരോധങ്ങളൊന്നും കണ്ടില്ലല്ലോ മുതലായ പരിദേവനങ്ങളും വൈരാഗ്യങ്ങളും നമുക്കിവിടെ കാണാം. ഇതൊക്കെ പറയുന്നത് പക്ഷെ റഷ്യയോടോ യുക്രൈനോടോ അമേരിക്കയോടോ ‘എനിക്ക് പ്രത്യേകമമതയൊന്നുമില്ല’ എന്ന മുന്‍കൂര്‍ ജാമ്യം വിശദീകരിച്ചതിന് ശേഷമായിരിക്കും. എന്റെത് ‘നിക്ഷ്പക്ഷ’ വിലയിരുത്തല്‍ എന്നാണ് ധ്വനിപ്പിക്കുന്നത്.
എല്ലാ വിഷയങ്ങളിലും സ്വന്തമായ അഭിപ്രായങ്ങളുള്ളവര്‍ ആണല്ലോ നമ്മള്‍. ‘മുതലാളിത്ത- ആയുധ- കച്ചവട ലോബികളുടെ കുതന്ത്രത്തിന്റെ പരിണിത ഫലമാണ് യുക്രൈന്‍ – റഷ്യ യുദ്ധം’ എന്നതും ഒരു പതിവ് മലയാളി ഡയലോഗാണ്. ഇത്തരം ഉപസംഹാരം ഇല്ലാത്ത ഒരു മലയാളീ ചര്‍ച്ചകള്‍ വിഷയം കാണാന്‍ പ്രയാസമായിരിക്കും.
പുടിന്റെത് ‘അഖണ്ഡ ഭാരതം’ മൈന്‍ഡ്സെറ്റ്
ഹിറ്റ്‌ലറുടെ വലം കൈ ആയിരുന്ന ഹെര്‍മന്‍ ഗോറിങ്ങിന്റെ വാക്കുകളാണ് പക്ഷെ യാഥാര്‍ഥ്യം. ‘നേതാക്കളാണ് യുദ്ധങ്ങളുണ്ടാക്കുന്നത്’. പലപ്പോഴും അവരുടെ ഭ്രമങ്ങളാണ് യുദ്ധങ്ങള്‍. ജനതയുടെ പക്ഷപാതിത്വങ്ങളാണ് അവര്‍ക്ക് വളം. അതവര്‍ക്ക് നടപ്പിലാക്കാന്‍ കഴിയുന്നത് ഇത്തരം ധ്രുവീകരണങ്ങളില്‍ നിന്നാണ്. ജനതയെ ഭയപെടുത്തിയാണ് അവര്‍ തയ്യാറെടുപ്പുകള്‍ ഉണ്ടാക്കുന്നത്.
വ്‌ളാഡിമീര്‍ പുടിൻ ഒരു ഹിറ്റ്‌ലറുടെ മറുപതിപ്പാണ് എന്നൊക്കെ പറയുന്നത് ഒരു അത്യുക്തി മാത്രമാണ്. ആധുനിക ജിയോ പൊളിറ്റിക്‌സില്‍ വളരെ ഇടപെട്ട് പരിചയമുള്ള അതിന്റെ സന്ധി സംഭാഷണ പ്രക്രിയകളില്‍ ചതുരതയോടെ വളരെ കൈകാര്യം ചെയ്തു പരിചയമുള്ള വ്യക്തിയാണ് പുടിൻ. ഒരു ഹിറ്റ്‌ലേറിയന്‍ വംശഹത്യ മൈന്‍ഡ്സെറ്റ് അദ്ദേഹത്തില്‍ ആരോപിക്കുന്നത് ഒരു ഓവര്‍ സ്റ്റേറ്റ്‌മെന്റ് മാത്രമായി മാത്രമേ ഞാന്‍ കാണുന്നുള്ളൂ. ഒരു കെ ജി ബി ഏജന്റിന്റെ മനഃസാക്ഷിയില്ലാത്ത കൃത്യനിര്‍വ്വഹണത്വര നമുക്ക് വായിക്കാം. എന്നാല്‍ ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തി സംസാരിക്കുന്നത് ഒരു അധിക പറച്ചിലാണ്. അദ്ദേഹത്തിന്റെ രാജ്യത്തിന്റെ പൂര്‍വികതയില്‍ അഭിമാനം കൊള്ളുന്ന ഒരു കര്‍ക്കശന്‍. അദ്ദേഹത്തിന്റെ ഹൈസ്‌കൂള്‍ കാലത്തെങ്ങോ ഉള്‍കൊണ്ട ഒരു ‘ഗ്രേറ്റ് സോവിയറ്റ് യൂണിയന്‍’ ദേശഭക്തി വ്യാമോഹങ്ങള്‍ അദ്ദേഹത്തെ ഭരിക്കുന്നുണ്ടാകാം. തെളിവ് ഈ വരികളിലുണ്ട്.
Putin called the collapse of the Soviet Empire the greatest geopolitical catastrophe of the 20th century. ‘It is no longer important what exactly the idea of the Bolshevik leaders who were chopping the country into pieces was. We can disagree about minor details, background and logics behind certain decisions. One fact is crystal clear: Russia was robbed, indeed,’ Putin wrote in the summer essay.
‘Let’s start with the fact that modern Ukraine was entirely created by Russia, more precisely, by the Bolshevik, communist Russia. This process began almost immediately after the 1917 revolution,’
അതായത് ഇന്ത്യയില്‍ ചില ബിജെപി അല്ലെങ്കില്‍ ആര്‍എസ്എസ് നേതാക്കള്‍ അഭിമാനം കൊണ്ടുനടക്കുന്ന ‘അഖണ്ഡ ഭാരതം’ മൈന്‍ഡ്സെറ്റ്. ഇത്തരം മൈന്‍ഡ്സെറ്റുകള്‍ക്ക് ഓശാനപാടലാണ് പൂട്ടിന്റെ ഈ അധിനിവേശ ശ്രമങ്ങളെ ഇങ്ങു ആറായിരം കിലോമീറ്ററുകള്‍ക്കിപ്പുറത്തിരുന്നു നമ്മള്‍ മലയാളികള്‍ ചെയ്യുന്നത്. ഇവിടത്തെ സോഷ്യല്‍ മീഡിയകളില്‍ ‘ക്വീന്‍ കാതറീന്റെ കാലം മുതല്‍ യുക്രൈന്‍ റഷ്യയുടെ ഭാഗമായിരുന്നു അവിടേക്കാണ് അമേരിക്കക്കാരന്‍ ഇടപെടുന്നത്’ മുതലായ മലയാളി ന്യായീകരണക്കാരുടെ വാദങ്ങള്‍ നിങ്ങള്‍ കേട്ടിരിക്കും. ക്വീന്‍ കാതറീന്‍ പതിനെട്ടാം നൂറ്റാണ്ടിലെ ഭരണാധികാരിയാണ്. അതിനുശേഷം ചരിത്രത്തില്‍ മാറ്റങ്ങള്‍ ഒരുപാട് നടന്നിരിക്കുന്നു. അനേകം ദേശീയതകളും ഐഡന്റിറ്റികളും രൂപപ്പെട്ടിട്ടുണ്ട്. അവരെ പ്രതി ഇപ്പോഴത്തെ യുക്രൈന്‍ അധിനിവേശത്തെ ഒക്കെ ന്യായീകരിക്കാന്‍ പോകുന്നത് ‘അഖണ്ഡ ഭാരതം’ മൈന്‍ഡ്സെറ്റിനേക്കാള്‍ ബാലിശമാണ്.
ഒരു പക്ഷെ റഷ്യയുടെ പഴയ പ്രതാപങ്ങള്‍ റഷ്യക്ക് വീണ്ടെടുത്ത് കൊടുത്ത് ചരിത്രത്താളുകളില്‍ സ്ഥിര പ്രതിഷ്ഠ നേടാന്‍ ആഗ്രഹിക്കുന്നതിന്റെ മാനസികാവസ്ഥയായിരിക്കാം വ്‌ലാഡിമീര്‍ പുടിന്റെത്. ചരിത്രത്തില്‍ പലപ്പോഴും ഇത്തരം മാനസികാവസ്ഥകള്‍ യുദ്ധങ്ങളുണ്ടാക്കുന്നു. അവരുടെ വിജയങ്ങളെയാണ് നമ്മള്‍ ചരിത്രപുസ്തകങ്ങളില്‍ വീരേതിഹാസങ്ങളായി കൊണ്ടാടുന്നത്. അവര്‍ ജനത്തെ പല ഉപായങ്ങളിലൂടെ അതിന് തയാറെടുപ്പിക്കുന്നു. സാപിയന്‍സ് കൂട്ടങ്ങളായി ഹേര്‍ഡ് മെന്റാലിറ്റിയോടെ അത്തരം യുദ്ധങ്ങളില്‍ പങ്കെടുക്കുന്നു. നാട്ടില്‍ കഷ്ടപ്പാടുകളും ദുരിതങ്ങളും നടമാടുന്നു. ആയിരം മൈലുകള്‍ക്കിപ്പുറത്തിരുന്നു അതേ ഹെര്‍ഡ് മെന്റാലിറ്റിയോടെ നമ്മളും പക്ഷം ചേര്‍ന്ന് അമേരിക്കയെ കുറ്റം പറയുന്നു. അല്ലെങ്കില്‍ പുടിനെ ഹിറ്റ്‌ലര്‍ എന്ന് വിളിക്കുന്നു.
നാണ്യപ്പെരുപ്പം അമേരിക്കയിലും എത്തും
ഈ യുദ്ധം നീണ്ടുപോയാല്‍ റഷ്യക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധങ്ങള്‍, സാമ്പത്തിക ഒറ്റപെടുത്തലുകള്‍, SWIFT സിസ്റ്റത്തില്‍ നിന്ന് പുറത്താക്കിയത് ഇവയെല്ലാം ചേര്‍ന്ന് റഷ്യന്‍ ഇക്കണോമിയെ തളര്‍ത്തും. Russian economy in fee fall എന്നൊക്കെയുള്ള നരേറ്റീവിലാണ് നമ്മള്‍ കാര്യങ്ങള്‍ വായിച്ചുപോകുന്നത്. റഷ്യയുടെ റൂബിള്‍ 30 ശതമാനം മൂല്യം കുറഞ്ഞു. പിടിച്ചുനിര്‍ത്താനായി റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് റേറ്റ് 9 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്ക് ഉയര്‍ത്തി. ഇതൊക്കെ ശരിയാണ് എങ്കിലും ഇതൊക്കെ ഷോര്‍ട്ട് ടേം നരേറ്റീവിലുള്ള വായനയാണ്. (നമ്മുടെ ആബിഐ അവരുടെ മോണിറ്ററി പോളിസിയുടെ ഭാഗമായി കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നത് 0.25 അല്ലെങ്കില്‍ കൂടിയത് 0.50 ശതമാനം എന്നൊക്കെ നിരക്കിലാണ് പതിവ് എന്നത് താരതമ്യത്തിന് ഓര്‍ക്കാവുന്നതാണ്.).
എന്നാല്‍ ഈ യുദ്ധം നീണ്ടുപോയാല്‍ ഇന്‍ഫ്ളേഷന്‍ എന്ന കയം അമേരിക്കയുടെ തീരത്തും എത്തും. ലോക കൊമ്മോഡിറ്റി മാര്‍ക്കറ്റ് മുകളിലേക്ക് പോയി തുടങ്ങി. ക്രൂഡ്ഓയില് വില എവിടെ ചെന്നാണ് നില്‍ക്കുക എന്ന് ആര്‍ക്കും നിശ്ചയമില്ല. മുകളിലേക്ക് പോകുന്ന ഇന്‍ഫ്ളേഷന്‍ മിക്കവാറും റഷ്യയേക്കാള്‍ കൂടുതല്‍ അമേരിക്കക്കാവും വിലകൊടുക്കേണ്ടിവരിക. അമേരിക്ക ഇന്ന് ഭയപ്പെടുന്നത് ശത്രു രാജ്യങ്ങളുടെ ആയുധപ്പുരകളെയല്ല. അമേരിക്ക ഭയപ്പെടുന്നത് സ്വന്തം എക്കണോമിയെയാണ്. ഓരോ സ്ലാബ് പലിശ നിരക്ക് മുകളിലേക്ക് പോകുമ്പോഴും അവര്‍ക്കുണ്ടാകുന്ന നഷ്ടം ഭീമമാണ്. ഇന്‍ഫ്ളേഷന്‍ മുകളിലേക്ക് പോകുമ്പോള്‍ പുറകെ പലിശ നിരക്ക് കയറിവരും. ലോകത്തെ മിക്ക രാജ്യങ്ങളിലേക്കും ഇന്‍ഫ്ളേഷന്‍ കയറ്റി അയക്കപെടും. ഇന്ത്യയിലും അതെത്തും. പെട്രോള്‍ വില നീണ്ടകാലത്തേക്ക് ഉയര്‍ന്നു തന്നെ നിന്നാല്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന ഇക്കണോമിയെ അത് തളര്‍ത്തിയിടും. റഷ്യയുടെ ഉപരോധം ഒരു പക്ഷേ റഷ്യ പതിയെ ബൈലാറ്ററല്‍ ട്രേഡുകളിലൂടെ മറികടക്കാം. ഉദാഹരണമായി ഡോളറിനു പകരമായി ലോക്കല്‍ കറന്‍സികളെ ആധാരപ്പെടുത്തി, ഇന്ത്യന്‍ രൂപയെ ആധാരപ്പെടുത്തി, അതുപോലെ ചൈനയുമായി ചൈനീസ് യുവാന്‍ ആധാരപ്പെടുത്തി, കച്ചവടങ്ങള്‍ അടുത്തുതന്നെ തുടങ്ങും. റഷ്യ ഒരു സ്മാള്‍ ഫ്‌ളൈ അല്ലെന്നോര്‍ക്കണം. ഇറാനോട് നടത്തിയ ഉപരോധം ഇവിടെ വിലപ്പോകണമെന്നില്ല.
റഷ്യയെ ആക്രമിക്കാന്‍ യുക്രൈനില്‍ പോവേണ്ട കാര്യമില്ല
വ്‌ലാഡിമീര്‍ പുടിന്‍ എന്ന ഒരു വ്യക്തിയുടെ വ്യാമോഹങ്ങളാണ് ഭ്രമങ്ങളാണ് ഈ യുദ്ധം. മുവായിരം മൈലുകള്‍ക്ക് അപ്പുറത്തു കിടക്കുന്ന സാമ്രാജ്യത്വവാദി അമേരിക്ക ഇടപെട്ടതുകൊണ്ടല്ലേ, റഷ്യയുടെ അയല്‍വക്കത്തേക്കുവരെ അവരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാക്കികൊണ്ട് നാറ്റോയുടെ ശക്തി വ്യാപിക്കുന്നത് അക്രമമല്ലേ എന്നൊക്കെ നമുക്ക് പക്ഷം ചേര്‍ന്ന് വാദിക്കാം. ഒരു ഫൈറ്റര്‍ പ്ലെയിന്‍ മോസ്‌കോ വരെ എത്താന്‍, ഒരു മിസൈല്‍ മോസ്‌കൊവരെ എത്താന്‍ യുക്രൈനില്‍ പോയി ബേസ് ഉണ്ടാക്കേണ്ട ആവശ്യം ഒന്നുമില്ല. ലോകത്തെ മുച്ചൂടും നശിപ്പിക്കാന്‍ രണ്ടുകൂട്ടരും ആയുധം ഉണ്ടാക്കി കൂട്ടിയിരിക്കുകയാണ്. ഇവിടെ ഭരിക്കുന്നത് honour, pride, പലതരം താല്പര്യങ്ങള്‍, മുതലായ സാപ്പിയന്‍സിന്റെ പ്രിമോഡിയല്‍ ശിഥിലതകളാണ്.
യുക്രൈന്‍ ജനതയുടെ സ്വാതന്ത്ര്യ ബോധത്തിനാണ് അവകാശങ്ങള്‍ക്കാണ് പ്രാധാന്യം ഉണ്ടാകേണ്ടത്. അവര്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ നേടിയ ജീവിതനിലവാരങ്ങളും സ്വാതന്ത്ര്യങ്ങളും കാംക്ഷിക്കുന്നു. അവരുമായി കൂടുതല്‍ ഉള്‍ച്ചേരാന്‍ ആഗ്രഹിക്കുന്നു. അവരുടെ സ്വയം നിര്‍ണ്ണയാവകാശങ്ങള്‍ക്കാണ് പ്രാധാന്യം. ‘There is no Ukraine’ മുതലായ റഷ്യന്‍ നേതാക്കളുടെ അഹങ്കാരങ്ങളിലാണ് അക്രമം കിടക്കുന്നത്. ഒരു വലിയ ശക്തി അയല്‍വാസിയായ പോയതുകൊണ്ട് യുക്രൈന്‍കാര്‍ക്ക് ഇതൊക്കെ നിഷേധിക്കുന്നതിന് നമ്മള്‍ കൂട്ടുനില്‍ക്കേണ്ട കാര്യമില്ല. നീണ്ട ചര്‍ച്ചകളിലൂടെ റഷ്യയുടെ സുരക്ഷിതത്വപരമായ ആശങ്കകള്‍ പരിഹരിക്കാവുന്നതേയുള്ളൂ.
ഈ യുദ്ധം ലോക ക്രമങ്ങളെ എന്നന്നത്തേക്കുമായി മാറ്റി കഴിഞ്ഞു. ട്രസ്റ്റ് ഡെഫിസിറ്റ് ന്റെ കാലഘട്ടങ്ങളിലേക്കാണ് ഇനി ലോകം പോകുന്നത്. ആഗോളവല്‍ക്കരണം എന്ന, അത് നല്‍കുന്ന പുരോഗമനങ്ങളില്‍ നിന്ന് ലോകം വഴി മാറുകയാണ്. WTO ഇനി ഒരു നോക്കുകുത്തി മാത്രമായിരിക്കും. നഷ്ടം മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്കായിരിക്കും. പ്രത്യേക ട്രേഡ് ബ്ലോക്കുകള്‍ രൂപപ്പെടും. പലതരം Trade Barriers കള്‍ പല പേരില്‍ തിരിച്ചു വരും. റഷ്യയുമായുള്ള ഇന്നത്തെ രീതിയിലുള്ള കച്ചവട ബന്ധങ്ങളൊന്നും യൂറോപ്പ് അമേരിക്ക ബ്ലോക്കുകള്‍ അടുത്ത ഭാവിയിലൊന്നും തുടരാന്‍ സാധ്യതയില്ല. അല്ലെങ്കില്‍ തന്നെ ചൈന പല അന്താരാഷ്ട്ര പ്രതിസന്ധികളും മുന്‍കൂട്ടിക്കണ്ട് ആഫ്രിക്കന്‍ സൗത്ത് അമേരിക്കന്‍ രാജ്യങ്ങളുമായി പലതരം ബിസിനസ് ബന്ധങ്ങള്‍ കരാറുകള്‍ ചെയ്യുന്നുണ്ടായിരുന്നു. ഇന്ത്യയുടേത് ഇനിയൊരു ഞാണിന്മേല്‍ കളിയായിരിക്കും. ഇന്ത്യ എന്ന വലിയൊരു മാര്‍ക്കറ്റ് എപ്പോഴും ഒരു പ്രലോഭനം ആയതുകൊണ്ട് തഴയപ്പെടില്ല. എന്നാല്‍ ക്രൂഡ് ഓയില്‍ വിലയും ലോക നാണയപ്പെരുപ്പവും ഇന്ത്യയിലേക്കും ഇറക്കുമതി ചെയ്യപ്പെടും. നമ്മുടെ സാമ്പത്തിക വളര്‍ച്ച വീണ്ടും പ്രതിസന്ധിയിലേക്ക് പോകും. എന്നുവെച്ചു് ആഗോളവല്‍ക്കരണത്തിന് എതിരെ സംസാരിക്കുന്നവര്‍ക്ക് ആഘോഷിക്കാന്‍ വകയൊന്നും കിട്ടുകയില്ല. ലോകം ഒരുപാട് ഇന്റഗ്രേറ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു. വില കൂടിയ നിലയില്‍ പലതും തുടരും.
ഇന്ത്യ റഷ്യയുടെ കുടെ നിന്നത് ശരിയോ?
അക്രമിയായ റഷ്യയുടെ കൂടെ നിന്ന് ഫാഷിസ്റ്റുകള്‍ക്ക് ഇന്ത്യ കൂട്ടുനിന്നത് ശരിയായില്ല എന്ന വാദഗതിക്ക് സാംഗത്യമില്ല. അന്താരാഷ്ട്ര നിലപാടുകളൊന്നും, ഒരു രാജ്യത്തിന്റെയും, മൂല്യാധിഷ്ടിതമല്ല. അവരവരുടെ ജനതയുടെ താല്‍പ്പര്യങ്ങള്‍ എന്ന് അവര്‍ കരുതുന്ന തീരുമാനങ്ങള്‍ മാത്രമേ ലോകത്ത് നടക്കുന്നുള്ളൂ. ഇന്ത്യയിപ്പോള്‍ വളര്‍ച്ചയുടെ ദശാബ്ദങ്ങളില്‍ കാലെടുത്തു വെച്ച് മുന്നോട്ടുപോകാന്‍ തയാറായി നില്‍ക്കുന്ന ഈ അവസരത്തില്‍, ഈ കാലഘട്ടത്തില്‍ ഒരു ഹോളിസ്റ്റിക് അപ്രോച്ഛ് എടുത്ത് ഇന്ത്യയുടെ വളര്‍ച്ചയുടെ അവസരങ്ങള്‍ കളഞ്ഞു കുളിക്കേണ്ട കാര്യമൊന്നുമില്ല. മൂവായിരം വര്‍ഷങ്ങളുടെ ദുരിതങ്ങളിലൂടെയും ചൂഷണങ്ങളിലൂടെയും കടന്നു പോയ ഇവിടത്തെ ദളിതനും അധഃകൃതനും പുരോഗമനത്തിന്റെ അവസരങ്ങളില്‍ ആദ്യമായി എത്തപെട്ടുനില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അത് ഡീറെയില്‍ ചെയ്യാന്‍ ഇടവരുത്തരുത്. നമ്മുടെ കാര്‍ഡ് ശരിയായി നീക്കിയാല്‍ ഇന്ത്യന്‍ ഇക്കണോമിക്ക് അവസരങ്ങള്‍ പലതുണ്ടാവും. ലോകത്തെ ഒരു രാജ്യവും മൂല്യാധിഷ്ഠിത ജിയോ പൊളിറ്റിക്‌സ് പാലിക്കാതിരിക്കുമ്പോള്‍ ആ ഭാരം നമ്മള്‍ മാത്രം ചുമക്കേണ്ട കാര്യമില്ല. Let us grow first. എന്നിട്ട് നമുക്ക് മൂല്യാധിഷ്ഠിത അന്താരാഷ്ട്ര കാര്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കാം.
മാത്രമല്ല അജിത് ഡോവല്‍-ജയശങ്കര്‍ കൂട്ട് ഈ നിര്‍ണ്ണായക ക്രിട്ടിക്കല്‍ അവസ്ഥയില്‍ റഷ്യക്കൊപ്പം നില്‍ക്കാം എന്ന തീരുമാനം ദൂരവ്യാപകമായ പല ഗുണ ഫലങ്ങളും ഉള്ളതാണ്. ഇന്ത്യ ഇപ്പോള്‍ റഷ്യയുടെ കൂടെ നിന്നില്ലായിരുന്നുവെങ്കില്‍ ഒരു റഷ്യ-പാകിസ്ഥാന്‍-ചൈന അച്ചുതണ്ട് രൂപപ്പെട്ടേനെ. അത് ലോകത്തെ രണ്ടു ചേരിയായി തിരിക്കും. അമേരിക്കയും യൂറോപ്പും ഒരുഭാഗത്തും, റഷ്യ, പാകിസ്ഥാന്‍, ചൈന, ഒരു പക്ഷെ ഇറാനും കൂടിച്ചേര്‍ന്നത് മറുഭാഗത്തും. ദശാബ്ദങ്ങളോളം പിന്നീട് അതുമായി നമുക്ക് നിരന്തരം സംഘര്‍ഷിക്കേണ്ടി വരുമായിരുന്നു.
റഷ്യയുമായി നമ്മള്‍ അകന്നാല്‍ കഴിഞ്ഞ പല പതിറ്റാണ്ടുകളായി നമ്മള്‍ റഷ്യയില്‍ നിന്ന് വാങ്ങിക്കൂട്ടിയ കോടികണക്കിന് യുദ്ധ സാമഗ്രികളിലുള്ള നിക്ഷേപങ്ങള്‍ സ്പേര്‍ പാര്‍ട്‌സ് കിട്ടാതെ മുടങ്ങികിടക്കും. പാകിസ്ഥാന്‍ ചൈന പോലുള്ള രാജ്യങ്ങള്‍ അയല്‍പക്കത്തുള്ളപ്പോള്‍ അതൊന്നും ആശാസ്യമായ തീരുമാനങ്ങളല്ല. ഇന്ത്യയുടെ വലിയൊരു ശതമാനം ആയുധങ്ങളും റഷ്യയില്‍ നിന്നുള്ളതാണ്. അതൊക്കെ റീപ്ലേസ് ചെയ്യാന്‍ അല്ലെങ്കില്‍ പുതിയവ സംഭരിക്കാന്‍ വലിയ തുകകള്‍ വേണ്ടിവരും, ദശാബ്ദങ്ങള്‍ എടുക്കും. ഇന്ത്യയുടേതുപോലുള്ള വലിയൊരു മാര്‍ക്കറ്റിനെ തഴയാന്‍ അമേരിക്കന്‍ കൂട്ടുകെട്ടുകള്‍ക്ക് കഴിയില്ല. തീരുമാനങ്ങള്‍ മുകളില്‍ പറഞ്ഞതുപോലെ ഇന്ത്യന്‍ ഇന്ററസ്റ്റ് ഫസ്റ്റ് എന്നതുതന്നെ ആയിരിക്കണം. അതാണ് മൂല്യാധിഷ്ടിത തീരുമാനം.
വ്‌ലാദ്മീര്‍ പുടിനെ നിഷ്‌കാസിതനാക്കാന്‍ കഴിവുള്ള ശക്തമായ ഒരു ജനാധിപത്യ സംവിധാനങ്ങളൊന്നും റഷ്യയില്‍ കാണുന്നില്ല. പല ജനാധിപത്യ സമരങ്ങളും അവിടെ കാണാന്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭരണത്തിലുള്ള പിടി സ്റ്റാലിന് സാമാനം തന്നെ എന്ന രീതിയിലാണ് കാണുന്നത്. പുടിനാണെങ്കില്‍ ദൃഢ സ്വഭാവക്കാരനും. ഈ യുദ്ധം ഒരു നീണ്ട കാലത്തേക്ക് തുടരാം. ലോകം ഒരു പക്ഷെ വന്‍ ദുരിതത്തിലേക്ക് നീങ്ങിക്കൂടായ്കയില്ല. ഇങ്ങു ആറായിരം മൈലുകള്‍ക്കിപ്പുറത്തുള്ള നമ്മുടെ കുട്ടികളുടെ തൊഴിലിനേയും ഈ യുദ്ധം ബാധിക്കാം. ദുരിതങ്ങളും അങ്കലാപ്പുകളും യുക്രൈന്‍കാര്‍ക്ക് നല്‍കി, ഇന്‍ഫ്‌ളേഷനും തൊഴിലില്ലായ്മയും ലോകത്തിനു നല്‍കി ഈ മനുഷ്യന്‍, വ്‌ലാദ്മീര്‍ പുടിന്‍ എന്താണ് നേടാന്‍ പോകുന്നത്? അദ്ദേഹത്തിന്റെ ചില കുട്ടിക്കാല ഭ്രമങ്ങളുടെ പൂര്‍ത്തീകരണം, അഖണ്ഡ സോവിയറ്റ് സാമ്രാജ്യം?
ഗോളാന്തര യാത്രകളും കോട്ടകൊത്തളങ്ങളും പത്രാസും സാപ്പിയന്‍സ് ഒരുപാട് കെട്ടിപ്പടുത്തിയിട്ടെന്തുകാര്യം. ആവശ്യകാലത്ത് ആവശ്യാനുസരണം സല്‍ബുദ്ധി അവര്‍ കാണിക്കുന്നില്ല. Sapiens Sapiens ബുദ്ധിവികാസം മുഴുവനാകാത്ത ഒരു കുള്ളന്‍ പാതി ‘മനുഷ്യന്‍’ മാത്രമാകുന്നു. ആധുനിക മനുഷ്യന്‍ എന്നത് നമ്മള്‍ സ്വയം പൊക്കിപ്പിടിച്ചു നടക്കുന്ന അവകാശവാദങ്ങള്‍ മാത്രമാണ്.