‘റഷ്യ – യുക്രൈന്‍ യുദ്ധം മൂര്‍ച്ഛിക്കുന്ന ഈ വേളയില്‍ ഉയരുന്ന ചോദ്യമാണ്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എന്തുകൊണ്ട് റഷ്യക്ക് എതിരെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയില്‍ വോട്ട് ചെയ്തില്ല എന്നത്. എന്തുകൊണ്ട് ഇന്ത്യന്‍ ഭരണകൂടം റഷ്യക്ക് എതിരെ ഔദ്യോഗികമായി ഒരു പ്രസ്താവന ഇറക്കിയില്ല..? പക്ഷേ, ലോകത്ത് സമാനമായ പല പ്രശ്നങ്ങളിലും ഇന്ത്യ മൗനം പാലിച്ചിട്ടുണ്ട്. നമ്മുടെ ചേരിചേരാനയം അബദ്ധമായിരുന്നോ’- നിതിന്‍ രാമചന്ദ്രന്‍ എഴുതുന്നു |
ചേരിചേരാത്തവരുടെ അതിജീവനം
യുക്രൈനില്‍ ഇന്ത്യക്കാര്‍ അടക്കം അനേകം സാധാരണ മനുഷ്യര്‍ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നു. വളരെ ദുഃഖകരമായ വാര്‍ത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. റഷ്യ – യുക്രൈന്‍ യുദ്ധം മൂര്‍ച്ഛിക്കുന്ന ഈ വേളയില്‍ ഇപ്പോള്‍ വീണ്ടും ഉയരുന്ന ഒരു ചോദ്യമാണ്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എന്തുകൊണ്ട് റഷ്യക്ക് എതിരെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയില്‍ വോട്ട് ചെയ്തില്ല എന്നത്. എന്ത്‌കൊണ്ട് ഇന്ത്യന്‍ ഭരണകൂടം റഷ്യക്ക് എതിരെ ഔദ്യോഗികമായി ഒരു പ്രസ്താവന ഇറക്കിയില്ല..?
ലോകത്ത് സമാനമായ പല പ്രശ്നങ്ങളിലും ഇന്ത്യ മൗനം പാലിച്ചിട്ടുണ്ട്… എന്താണ് ഇതിനു കാരണം..? നെഹ്‌റുവിന്റെ കാലം മുതല്‍ ഉള്ള Non Alignment Policy അഥവാ ചേരി ചേരാ നയം എന്ന ഇന്ത്യയുടെ നിലപാട് തന്നെയാണ് നരേന്ദ്ര മോദിയും ഇവിടെ പിന്തുടരുന്നത്. നെഹ്റുവിന്റെ സോഷ്യലിസത്തോടുള്ള അമിത പ്രേമം കാരണം ആണ് അന്ന് ഇന്ത്യ ആ നിലപാട് എടുത്തതെന്ന്, ഇന്ന് പലരും കരുതുന്നു. തീവ്ര വലതുപക്ഷ അനുഭാവികള്‍ ആണ് കൂടുതലായും ഈ ചിന്താഗതി വെച്ച് പുലര്‍ത്തുന്നത്. അപ്പോള്‍ ഇന്ന് മോദി എന്തുകൊണ്ടാണ് നെഹ്‌റുവിനെ പോലെ തന്നെ ചരിത്രം ആവര്‍ത്തിച്ചത്..?
എതിര്‍പ്പ് ഉള്ളവര്‍ ഇന്ന് പറയുന്നു മോദി ഒരു നട്ടെല്ലില്ലാത്ത പ്രധാനമന്ത്രി ആണെന്ന്. മാത്രമല്ല, നെഹ്റുവും അങ്ങനെ തന്നെ ആയിരുന്നെന്ന്. ശരിക്കും അങ്ങനെ ആണോ കാര്യങ്ങള്‍..? അമേരിക്കയില്‍ ജനാധിപത്യം, സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം, എന്നിങ്ങനെ അളന്നു നോക്കിയല്ല അന്ന് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു ചേരി ചേരാ നയത്തിന്റെ പുറകെ പോയത്. ഇന്ത്യയെപോലെ നൂറ്റാണ്ടുകളായി യൂറോപ്പ്യന്‍ കോളോണിയലിസത്തില്‍ സ്വാതന്ത്ര്യം ഇല്ലാതെ കിടന്ന അനേകം രാജ്യങ്ങളുടെ ഒരു കൂട്ടായ തീരുമാനം ആയിരുന്നു ചേരിചേരാ നയം എന്ന ആശയം.
1950 കളിലും പിന്നീട് മുമ്പോട്ടും, അമേരിക്കന്‍-സോവിയറ്റ് യൂണിയന്‍ ശീതയുദ്ധ കാലത്ത്, ദക്ഷിണ ഏഷ്യ കേന്ദ്രീകരിച്ച് നാറ്റോ പോലെയൊരു ഐക്യം അമേരിക്കന്‍ പോളിസി മേക്കേഴ്‌സിന്റെ ഒരു സ്വപ്നം ആയിരുന്നു. സോവിയറ്റ്‌യൂണിയനും 1971 ന് മുമ്പുള്ള കമ്യൂണിസ്റ്റ് ചൈനക്കും എതിരെ ചെറുത്തു നില്‍ക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളെ പ്രാപ്തരാക്കുകയായിരുന്നു ഉദേശം. ഇത് കൂടാതെ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയില്‍ സ്ഥിര രാജ്യങ്ങളുടെ പട്ടികയില്‍ ഒരു ഏഷ്യന്‍ രാജ്യം കൂടി വേണം എന്ന് ചര്‍ച്ച വന്നപ്പോള്‍, അനൗദ്യോഗികമായിട്ട് ആണെങ്കിലും ആദ്യം ക്ഷണം കിട്ടിയത് ഇന്ത്യക്ക് ആയിരുന്നു. ഇത്രയും സാധ്യതകള്‍ ഉണ്ടായിട്ടും, ജവഹര്‍ലാല്‍ നെഹ്റു ചേരിചേരാ നയം ആണ് തെരഞ്ഞെടുത്തത്.
ആ തീരുമാനത്തിന് പിന്നില്‍, ഒരുപാടു വലുതും ചെറുതുമായ കാരണങ്ങള്‍ ഉണ്ട്. എല്ലാത്തിലും ഉപരി ഇന്ത്യയുടെ അന്നത്തെ നിസ്സഹായാവസ്ഥ തന്നെ ആയിരുന്നു അത്. സാങ്കേതികമായും സാമൂഹികമായും വളര്‍ച്ച കൈവരിച്ച രാജ്യങ്ങളോടുള്ള ആശ്രിതത്വം ആയിരുന്നു അത്. ഇന്ത്യയെ പോലെ ഒരു വമ്പന്‍ സൈനിക-സാമ്പത്തിക ശക്തികേന്ദ്രം അല്ലാത്ത രാജ്യങ്ങള്‍ക്ക് വലിയ സാമ്രാജ്യങ്ങള്‍ തമ്മിലുളള പ്രശ്‌നങ്ങളില്‍ പക്ഷം ചേരാന്‍ പല പരിമിതികള്‍ ഉണ്ട്.
ഇന്ത്യക്ക് അവരെയാണ് ആവശ്യം അല്ലാതെ മറിച്ചല്ല. ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം നിന്നാല്‍, ഇന്ത്യക്ക് ഗുണങ്ങള്‍ കുറയും, പ്രശ്‌നങ്ങള്‍ കൂടും. നെഹ്റുവിന്റെ കാലത്ത് തന്നെ, ഡാമുകളും ആണവ കേന്ദ്രങ്ങളുമൊക്കേ സ്ഥാപിക്കാനും, കാര്‍ഷിക മേഖലയിലും സാമ്പത്തികാസൂത്രണ മേഖലയിലും, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലും മറ്റെല്ലാ മേഖലയിലും സോവിയറ്റ് ഭാഗത്ത് നിന്നും നാറ്റോ ഭാഗത്ത് നിന്നും ഒരുപോലെ സഹായങ്ങള്‍ ഇന്ത്യക്ക് കിട്ടിയിട്ടുണ്ട്.
എന്തിനാണ് വോട്ട് ചെയ്യുന്നത് എന്ന് പോലും അറിയാത്ത, എന്തിനാണ് വിദ്യാഭ്യാസം നേടുന്നത് എന്ന് പോലും അറിയാത്ത മനുഷ്യരുടെ, അന്ധവിശ്വാസങ്ങളും പ്രാകൃത ജീവിതരീതികളും ജാതി-മത വിടവുകളും നിറഞ്ഞ, പല ഭാഷകളില്‍ സംസാരിക്കുന്ന, പല സംസ്‌കാരങ്ങള്‍ നിറഞ്ഞ ഒരു വലിയ ഭൂപ്രദേശമായിരുന്നു, അന്ന് ഇന്ത്യ.
ഇന്ത്യയെ പോലെ ചേരിചേരാ നയം സ്വീകരിച്ച മറ്റ് പല രാജ്യങ്ങളിലും സ്ഥിതി ഏകദേശം സമാനം ആയിരുന്നു. ഇത്തരം രാജ്യങ്ങള്‍ക്ക് ജപ്പാനെ പോലെയോ കിഴക്കന്‍ ജര്‍മ്മനിയെ പോലെയോ രണ്ടാം മഹായുദ്ധ ശേഷം അമേരിക്കന്‍ ഭാഗത്തേക്ക് പിന്തുണ കൊടുത്ത്, വളരെ പെട്ടന്നുള്ള ഒരു തിരിച്ചു കയറ്റം എളുപ്പമായിരുന്നില്ല. ജപ്പാന്‍ ഒരു യൂറോപ്പ്യന്‍ കോളനി ആയിരുന്നില്ല. തങ്ങളെ നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തിയ നാറ്റോ അംഗരാജ്യങ്ങള്‍ നിക്ഷേപകരുടെ രൂപത്തില്‍ വലിയ തോതില്‍ പഴയത് പോലെ വീണ്ടും തിരിച്ചു വരുന്നത് ചെറിയ രാജ്യങ്ങള്‍ ഭയന്നു.
അതിനാല്‍, അമേരിക്കന്‍ സഖ്യവുമായി അധികം അടുക്കാന്‍ പറ്റുമായിരുന്നില്ല. എന്നാല്‍, സോവിയറ്റ് യൂണിയനുമായി അടുത്താല്‍ സമാനമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലും അമേരിക്കന്‍ സഖ്യത്തെ പൂര്‍ണമായി വെറുപ്പിക്കേണ്ടി വരും എന്നതിനാലും, രണ്ട് പക്ഷത്ത് നിന്നും അകലം പാലിച്ചു, എന്നാല്‍ രണ്ട് ഭാഗത്ത് നിന്നും ഗുണങ്ങള്‍ ഉള്‍കൊള്ളാന്‍ തയ്യാറായി, സ്വയം ഉയര്‍ന്ന് വരാന്‍ ആണ് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ശ്രമിച്ചത്.
ചേരിചേരാ നയം ഉടലെടുത്തതിന് ഇനിയുമുണ്ട് ഒരുപാട് കാരണങ്ങള്‍ അന്നത്തെ ലോക രാഷ്ട്രീയ അന്തരീക്ഷം കീറി മുറിച്ചു പരിശോധന നടത്തേണ്ടി വരും. ഇന്നത്തെ സാഹചര്യം വച്ച് അന്നത്തെ തീരുമാനങ്ങള്‍ വിലയിരുത്തുന്നത് വിഡ്ഢിത്തം ആണ്. ഇന്ദിരാഗാന്ധിയുടെ സോവിയറ്റ് പ്രേമവും, ഡോ. മന്‍മോഹന്‍ സിങ് കൊണ്ടുവന്ന സാമ്പത്തിക വിപ്ലവവും മാത്രം വെവ്വേറെ പരിഗണിച്ച്, ഉദാഹരണങ്ങളായി എടുത്ത്, ഇന്ത്യ എന്തെങ്കിലും ഒരു ഭാഗത്തേക്ക് മാത്രം പലപ്പോഴായി ചാഞ്ഞു എന്ന് പറയാനും കഴിയില്ല.
ഇന്ത്യ എന്നും, ഇരു ഭാഗത്തുനിന്നും സഹായങ്ങള്‍ എത്തിക്കാന്‍ ആണ് ശ്രമിച്ചിട്ടുള്ളത്. പാകിസ്താനുമായുള്ള യുദ്ധകാലത്ത് അമേരിക്ക ഇന്ത്യയുടെ എതിര്‍ഭാഗത്ത് ആയത്, അമേരിക്കന്‍-സോവിയറ്റ് യൂണിയന്‍ ശീതയുദ്ധത്തില്‍ സംഭവിച്ച അനേകം പ്രോക്‌സി യുദ്ധങ്ങളില്‍ ഒന്ന് മാത്രമാണ്. അമേരിക്കക്കും സോവിയറ്റ് യൂണിയനും അവരുടേതായ പ്രയോജനങ്ങള്‍ ഉണ്ടായിരുന്നു. പാകിസ്ഥാനെ രക്ഷിച്ചു ഇന്ത്യയെ തകര്‍ക്കാന്‍ അമേരിക്കക്ക് പ്രത്യേക പദ്ധതി ഒന്നും ഇല്ലായിരുന്നു. ഇന്ത്യയെ രക്ഷിക്കണം എന്ന് സോവിയറ്റ് യൂണിയനും അതിയായ സ്‌നേഹം ഒന്നുമില്ലായിരുന്നു.
‘In Geopolitics, there are no permanent allies or permanent enemies, but only permanent interests..’ എന്നാണ്. And for India, our permanent interest was always to stay in one piece… ലോക രാഷ്ട്രീയ കളിക്കളത്തില്‍, തകര്‍ന്നു നാമാവശേഷമായി പോകാതെ ഇരിക്കുക എന്നത് മാത്രമാണ് ഇന്ത്യയുടെ ഒരേ ഒരു ലക്ഷ്യം. അന്നും ഇന്നും.
മറ്റ് രാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍, കുറ്റം ചുമത്തുമ്പോള്‍, റഷ്യയെയോ അമേരിക്കയെയോ ഇന്ത്യ പിന്തുണച്ചാല്‍, അല്ലെങ്കില്‍ നിഷ്പക്ഷരായി നിന്നാല്‍, ലോകത്തിലെ ഏറ്റവും ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നല്ല ഇമേജ് പോകും എന്നൊന്നും ഇല്ല. നല്ല ഇമേജ്, മോശം ഇമേജ്, എന്നൊക്കെ പറയുന്നത് വെറും ബാലിശമാണ്. ഉട്ടോപ്യന്‍ ഫാന്റസിയില്‍ മതിമറന്ന്, യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്ന്, പക്വത ഇല്ലാതെ പടച്ചു വിടുന്ന അഭിപ്രായങ്ങള്‍ ആണ് ഇവ.
ഉപയോഗമുള്ള സഖ്യങ്ങള്‍ മാത്രം ആണ് ജിയോപൊളിറ്റിക്‌സില്‍ പ്രധാനപെട്ടത്. കൊല്ലാന്‍ വരുന്നവനെ പ്രത്യയ ശാസ്ത്രം പറഞ്ഞു മനസ്സിലാക്കാന്‍ പറ്റുമോ? ഇന്ത്യന്‍ പ്രതിരോധ സമ്പ്രദായം നിലനിറുത്താന്‍ അനേകം രാജ്യങ്ങളുടെ സഹായം ആവശ്യമാണ്. ഇന്ത്യയുടെ 70 ശതമാനം മിലിട്ടറി ഇറക്കുമതിയും റഷ്യയില്‍ നിന്നാണ്.
റഷ്യയുടെ S-400 മിസൈല്‍ ഡിഫന്‍സ് സിസ്റ്റവും എയര്‍ക്രാഫ്റ്റ് കാരിയര്‍ ആയ ഐഎന്‍സ് വിക്രമാദിത്യയും, പാട്ടത്തിന് എടുത്ത ആണവ അന്തര്‍വാഹിനിയുമൊക്കെ യുക്രൈന്‍ യുദ്ധം കാരണം വേണ്ടെന്ന് വെക്കാന്‍ കഴിയുമോ..? അമേരിക്കയുമായി LEMOA, BECA, COMCASA signing ഒക്കെ വേണ്ടെന്ന് വെക്കാന്‍ കഴിയുമോ..? ഇന്ത്യന്‍ ഡിഫന്‍സിന്റെ അമേരിക്കന്‍-റഷ്യന്‍ ആശ്രിതത്വത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇപ്പോള്‍ സൂചിപ്പിച്ചത്.
ഇതില്‍ ആരെയാണ് വെറുപ്പിക്കേണ്ടത്..? ചൈനീസ്-പാക്കിസ്ഥാന്‍ aggression ഏതു സമയത്തും പ്രതീക്ഷിക്കാം. ഇത് വെറുമൊരു ഊഹാപോഹം അല്ല. പച്ചയായ യാഥാര്‍ത്ഥ്യം ആണ്. പണ്ടത്തെ പോലെ ഒരു യുദ്ധാവസ്ഥയല്ല ഇനി പ്രതീക്ഷിക്കേണ്ടത്. രണ്ടോ മൂന്നോ front കളില്‍ ഒരേ സമയം ഉള്ള പ്രകോപനം ആയിരിക്കും സംഭവിക്കുന്നത്. രണ്ടു front കളില്‍ ഉള്ള ഒരു വലിയ യുദ്ധം ഇന്ത്യക്ക് താങ്ങാന്‍ കഴിയില്ല എന്ന് ഇന്ത്യന്‍ ഡിഫന്‍സ് വൃത്തങ്ങള്‍ വളരെ കാലമായി മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇന്ന്, BRO ഓടി നടന്നു അരുണാചല്‍ പ്രദേശില്‍ റോഡുകളും പാലങ്ങളും പണിയുന്നത് ഇത് മുന്നില്‍ കണ്ടാണ്.
ഒരു Chinese-Pak combined aggression ഇതുവരെ ഉണ്ടാകാത്തത് ഒരുപക്ഷേ ഇന്ത്യയുടെ US-Russian balanced ബന്ധം കാരണമാണ്. റഷ്യ യുക്രൈന്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതിന് ചൈനയുടെ രഹസ്യ പിന്തുണയുണ്ട്. ചൈനയുടെ സമാനമായ പദ്ധതികളില്‍ റഷ്യ തിരിച്ചു പിന്തുണ കൊടുക്കും എന്നതായിരിക്കും എഴുതപ്പെടാത്ത കരാര്‍. ചൈനയുടെ നീണ്ട ലിസ്റ്റില്‍ Aksai Chin ഉം Arunachal Pradesh മുള്‍മെല്ലാം ഉള്‍പ്പെടുന്നു.
അപ്പോള്‍, റഷ്യയെ പൂര്‍ണമായും ചൈനക്ക് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ ഇട വരുത്താതെയിരിക്കണം.
ഒരു രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് നല്ല ഇമേജ് അല്ല. Leverage ആണ്. സ്വയം പര്യാപ്തതയാണ്. അവിടെയൊന്നും ഇന്ത്യക്ക് ഇനിയും എത്താന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ കാരണവും, നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും സോഷ്യലിസത്തോടുള്ള ചായ്‌വും, പഴയ ചേരിചേരാ നയവും ആണെന്നും, സ്വാതന്ത്ര്യാനന്തരം ഉടനടി അമേരിക്കന്‍ രീതികള്‍ ഉള്‍കൊണ്ട്, മന്‍മോഹന്‍സിംഗ് ചെയ്തതൊക്കെ പണ്ടേ ആരെങ്കിലും ചെയ്തിരുന്നുവെങ്കില്‍ ഇന്ത്യ എന്നേ ലോക ശക്തി ആയേനെ എന്നുമൊക്കെ അഭിപ്രായപ്പെടുന്നത് ചരിത്രത്തിന്റെ മുഖത്ത് നോക്കി കളിയാക്കുന്നതിന് തുല്യമായ പ്രവൃത്തിയാണ്.
ഇന്ത്യയുടെ സമ്പന്ന പാരമ്പര്യവും, അന്തസ്സും വെച്ച് ഒരു ആയുധ ഇടപാട് ഒപ്പിടാന്‍ പറ്റില്ല. Lines of credit നല്‍കാനോ സ്വീകരിക്കാനോ പറ്റില്ല. നല്ല ഇമേജ് കൊണ്ടുള്ള ആകെ ഗുണം ചരിത്ര പുസ്തകങ്ങളില്‍ ഒരു പാരഗ്രാഫില്‍ ഒതുങ്ങാം എന്നത് മാത്രമാണ്. ഭാവിയില്‍, കരിങ്കടലില്‍ നാറ്റോയ്ക്ക് ഉണ്ടാക്കാന്‍ കഴിയുന്ന ഒരു Naval Blockade സാധ്യതയാണ് പുടിനെ യുക്രൈന്‍ ആക്രമിക്കാന്‍ പ്രേരിപ്പിച്ചത്, മറ്റെന്തിനെക്കാളും.
തുര്‍ക്കിയും യുക്രൈനും ഒരേ സമയം നാറ്റോയില്‍ വരുമ്പോള്‍, ഒരു ബ്ലാക്ക്‌മെയിലിങ്ങിന് വഴങ്ങാന്‍ റഷ്യ ബാധ്യസ്ഥരാകും. ഇതൊക്കെ എന്ത്…? എന്ന് തോന്നുന്നുവെങ്കില്‍, ചൈനയുടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ String of Pearls എന്താണ് എന്ന് അന്വേഷിക്കണം. ഇന്ത്യ എന്തുകൊണ്ട് ഭയക്കുന്നു, എന്ത് കൊണ്ട് ബദല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു എന്ന് പഠിക്കണം. Chagos Archipelago യില്‍ ഇന്ത്യയ്ക്കു ഒരു സൈനിക താവളം രൂപം കൊടുക്കുന്നതില്‍ നാറ്റോയുടെ സഹായം വേണം. ചൈനയുടെ One belt One Road പദ്ധതിയെ മറികടക്കാന്‍ ഇന്ത്യക്ക് റഷ്യയുടെയും അമേരിക്കയുടെടയും ഇറാന്റെയും സഹായം ഒരു പോലെ വേണം. ഇത് പോലെ എത്രയെത്ര കാര്യങ്ങള്‍.
ഒരു മഞ്ഞു മലയുടെ മുകള്‍ത്തട്ട് മാത്രമാണ് ഇതൊക്കെ. രണ്ടാം ലോക മഹായുദ്ധാനന്തരം ബ്രിട്ടീഷ് ഡീകോളനൈസേഷന്റെ ഭാഗമായി രൂപം കൊണ്ട ഇന്ത്യയെന്ന വലിയ രാജ്യത്തിന്, സമാധാനമായി, ഈ രൂപത്തില്‍ നില നില്‍ക്കാന്‍, അതിജീവിക്കാന്‍, ചേരി ചേരാ നയം മാത്രമേ ഇപ്പോള്‍ പറ്റുകയുള്ളൂ.