ഡാര്‍വിനെപ്പോലും വളച്ചൊടിച്ച് വംശീയ ഉന്മൂലനത്തിന്റെ വിത്തുകള്‍ പാകിയ ഹിറ്റ്‌ലര്‍; ഗൗതം വര്‍മ്മ എഴുതുന്നു


“ഗ്രീക്ക് ദേവന്മാരെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യമുള്ളവരാണ് വംശശുദ്ധിയുള്ള യഥാര്‍ത്ഥ ആര്യന്മാര്‍ എന്നതായിരുന്നു ഹിറ്റ്‌ലറുടെ സിദ്ധാന്തം. ആറടിയോളം ഉയരവും, വെള്ളതലമുടിയും, നീലക്കണ്ണുകളുമൊക്കെയുള്ള ഒരു വംശമായിരുന്നു നാസികളെ സംബന്ധിച്ച് ആര്യന്മാര്‍. കറുത്തവരും, പൊക്കം കുറഞ്ഞവരും, രോഗികളും, ബുദ്ധിമാന്ദ്യം ബാധിച്ചവരുമൊന്നും സമൂഹത്തില്‍ ആവശ്യമില്ലെന്നും, സോഷ്യല്‍ ഡാര്‍വിനിസം പ്രകാരം യഥാര്‍ത്ഥ ആര്യന്മാര്‍ മാത്രമാണ് അതിജീവിക്കാന്‍ അര്‍ഹതയുള്ള ഒരേയൊരു ജനവിഭാഗം എന്നും പ്രചരിക്കപ്പെട്ടു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ വളച്ചൊടിച്ചുകൊണ്ടുള്ള, കപടശാസ്ത്ര പ്രചാരണങ്ങളിലൂടെ ഭാവിയിലെ വംശീയ ഉന്മൂലനത്തിന്റെ വിത്തുകള്‍ പാകുകയായിരുന്നു ഹിറ്റ്‌ലറുടെ ലക്ഷ്യം.” – ഗൗതംവര്‍മ്മ എഴുതുന്നു
നാസികളുടെ ഉദയവും ജൂതരുടെ പതനവും

‘whenever they burn books they will also, in the end, burn human beings’ – Heinrich Heine. 1918 ലെ ഒന്നാം ലോക മഹായുദ്ധത്തിന്റെ പരിസമാപ്തി ഒരുപാട് ജനങ്ങള്‍ക്ക് സമാധാനം പകരുന്ന നടപടിയായിരുന്നെങ്കിലും, അത് തുടക്കം കുറിച്ചത് ജര്‍മ്മനിയുടെയും അതിലുപരി ജൂതരുടെയും ഉറക്കമില്ലാത്ത ദിനങ്ങള്‍ക്കായിരുന്നു. യുദ്ധം അവസാനിച്ചതിന്റെ ഭാഗമായി ബ്രിട്ടണും ഫ്രാന്‍സും ചേര്‍ന്ന് മുഖ്യശത്രുവായിരുന്ന ജര്‍മ്മനിയെക്കൊണ്ട് Treaty of Versailles ല്‍ ഒപ്പുവെപ്പിച്ചതോടെ രാജ്യത്തിന്റെ തലവര മാറിമറിയാന്‍ തുടങ്ങി. ഉടമ്പടി പ്രകാരം യുദ്ധത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ജര്‍മ്മനി ഏറ്റെടുക്കുകയും, സകല യുദ്ധ ചെലവുകളും വഹിക്കുകയും വേണമായിരുന്നു. അത് ജര്‍മ്മനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. അതോടൊപ്പംതന്നെ ആ രാഷ്ട്രത്തിന്റെ അഭിമാനത്തിനേറ്റ കടുത്ത പ്രഹരംകൂടിയായിരുന്നു അത്. അതില്‍നിന്നും എങ്ങനെയും കരകയറാന്‍ ശ്രമിക്കവെയാണ് ലോകസാമ്പത്തിക വ്യവസ്ഥയെ ആകമാനം തകര്‍ത്തെറിഞ്ഞ 1929 ലെ ഗ്രേറ്റ് ഡിപ്രഷന്റെ വരവ്.

ജര്‍മ്മനിയുടെ നട്ടെല്ലൊടിച്ച മാന്ദ്യം

കറുത്ത ചൊവ്വാഴ്ച എന്ന് അറിയപ്പെട്ട ആ സാമ്പത്തിക മാന്ദ്യം ലോകത്തെയാകമാനം പിടിച്ചുകുലുക്കിയപ്പോള്‍ ജര്‍മ്മനിയും പ്രകമ്പനംകൊണ്ടു. Versailles ഉടമ്പടി മൂലം കടക്കെണിയില്‍ ആയിരുന്ന അവര്‍ ഇതുകൂടിയായപ്പോള്‍ പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും കൂപ്പുകുത്തി. ഭരണപക്ഷത്തിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാനാകാത്തതിനാല്‍ നിയമഭേദഗതികളും മറ്റും നടപ്പാക്കാന്‍ പ്രസിഡന്റിന് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഇത് സംഗതികളെ കൂടുതല്‍ വഷളാക്കി.

സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ കാര്യമായി ഒന്നും ചെയ്യാതിരുന്നതിനാല്‍ തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയും ഇടയില്‍കിടന്ന് ജര്‍മ്മന്‍ ജനത വീര്‍പ്പുമുട്ടി. ദുരിതക്കടലില്‍നിന്നും കരകയറാന്‍ ഏത് കച്ചിത്തുരുമ്പിലും പിടിക്കാന്‍ പാകത്തിന് അവരുടെ മനസ്സ് പരുവപ്പെട്ടുകഴിഞ്ഞിരുന്നു. കൈപിടിച്ചുയര്‍ത്താന്‍ വരുന്നത് ചെകുത്താനായാല്‍പോലും കൈനീട്ടിക്കൊടുക്കാന്‍ തായ്യാറായിനിന്നിരുന്ന അവര്‍ക്ക് മുന്‍പിലേക്കാണ് ഒരു രക്ഷകപരിവേഷത്തില്‍ അഡോള്‍ഫ് ഹിറ്റ്‌ലറും, നാസി പാര്‍ട്ടിയും അവതരിച്ചത്.

ഹിറ്റ്‌ലറുടെ രംഗപ്രവേശം

അപ്പോഴേക്കും Nationalist Socialist German Workers Party എന്ന Nazi പാര്‍ട്ടിയും അതിന്റെ നേതാവായ ഹിറ്റ്‌ലറും നാളുകളായി സ്വപ്നം കണ്ടിരുന്ന, ജര്‍മ്മനിയുടെ അധികാരം എന്ന നേട്ടത്തിന്റെ അരികിലെത്തിക്കഴിഞ്ഞിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പരാജയം, അന്ന് ജര്‍മ്മനിക്കുവേണ്ടി പൊരുതിയ അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന സൈനികന്റെ അഭിമാനത്തിനേല്‍പ്പിച്ച മുറിവ് ചെറുതല്ലായിരുന്നു. അതിനാല്‍ത്തന്നെ തന്റെ പാര്‍ട്ടിയിലും, പ്രസംഗത്തിലുമെല്ലാം തീവ്ര ദേശീയതയായിരുന്നു ഹിറ്റ്‌ലറുടെ പ്രചരണ ആയുധം.

1924ല്‍ ഗവണ്‍മെന്റ് വിരുദ്ധ വിപ്ലവം നയിച്ചതിന് ജയിലില്‍ കഴിയവെയാണ് അയാള്‍ തന്റെ ആത്മകഥയായ Mein Kampf രചിക്കുന്നത്. തന്റെയും, ജര്‍മ്മനിയുടെത്തന്നെയും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കുറിച്ചിട്ട ആ പുസ്തകം, ജൂതവിരോധം, സോഷ്യലിസ്റ്റ്- കമ്മ്യൂണിസ്റ്റ് വിരോധം തുടങ്ങിയവയാല്‍ സമ്പന്നമായിരുന്നു. വംശശുദ്ധിയുള്ള തന്നെപ്പോലുള്ള ആര്യന്മാരാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍, ജൂതരടക്കമുള്ള മറ്റുള്ളവരെല്ലാം വംശീയമായി അധമരും, രാജ്യത്തെ സംബന്ധിച്ച് ഒറ്റുകാരുമാണ് എന്നരീതിയിലുള്ള ആ പ്രൊപ്പഗന്‍ഡ സാഹിത്യമായിരുന്നു ലക്ഷക്കണക്കിന് നിരപരാധികളുടെ കൂട്ടക്കൊലകള്‍ക്ക് വേദിയാവാനിരുന്ന ഭാവി ജര്‍മ്മനിയുടെ അനൗദ്യോഗിക ഭരണഘടന.

മനുഷ്യന്റെ പ്രാകൃത വികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന, നാടിന്റെ ദുരിതങ്ങള്‍ക്കെല്ലാം കാരണക്കാരായി ഒരു പൊതുശത്രുവിനെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ആ പ്രചാരവേലയില്‍ ജര്‍മ്മന്‍ ജനത ആസക്തരായി. യഥാര്‍ത്ഥ ജര്‍മ്മന്‍കാരായ തങ്ങള്‍ ആര്യന്മാര്‍ എന്ന ശ്രേഷ്ഠ വംശമാണെന്നും, ജൂത-സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് മുതലായവരാണ് പണ്ട് മഹത്തരമായിരുന്ന ആ നാടിന്റെ ഇന്നത്തെ നാശത്തിന് കാരണമെന്നുമുള്ള പ്രചാരണം ലക്ഷ്യംകണ്ടു. തീവ്ര ദേശീയത നല്‍കിയ ആവേശം ആകെ ഇരുളടഞ്ഞ ജീവിത്തില്‍ അവര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കാന്‍ പര്യാപ്തമായിരുന്നു.

പാര്‍ലമെന്റ് മന്ദിരത്തില്‍നിന്നും പടര്‍ന്ന തീ

1932 ലെ തിരഞ്ഞെടുപ്പില്‍ വലിയൊരു വോട്ട് ഷെയര്‍ ലഭിച്ചെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ഹിറ്റ്‌ലര്‍ക്കും കൂട്ടര്‍ക്കും കിട്ടിയിരുന്നില്ല. അതിനാല്‍ നാസി പാര്‍ട്ടി German National People’s Party യോടൊപ്പം ചേര്‍ന്ന് വളരെ കുറച്ചുകാലത്തേക്ക് ഒരു കൂട്ടുകക്ഷി മന്ത്രിസഭയുടെ ഭാഗമായി. അതിനുശേഷം 1933 ലാണ് അന്നത്തെ പ്രസിഡന്റായിരുന്ന Paul Von Hindenburg ഹിറ്റ്‌ലറെ ജര്‍മ്മനിയുടെ ചാന്‍സലര്‍ ആയി നിയമിക്കുന്നത്. ഈ നിയമനം കഴിഞ്ഞ് ഏതാണ്ട് നാല് ആഴ്ചകള്‍ക്ക് ശേഷമാണ് ബെര്‍ലിനിലെ Reichstag Building ന് (ജര്‍മ്മനിയുടെ പാര്‍ലമെന്റ് മന്ദിരം) തീപിടിക്കുന്നത്. ആ തീപിടുത്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് Van der Lubbe എന്ന ഡച്ച് കമ്മ്യൂണിസ്റ്റ്കാരനായിരുന്നു (ജര്‍മ്മന്‍ ചരിത്രകാരനായ Hans Mommsen നെപ്പോലുള്ളവര്‍ ഈ സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പങ്കില്ല എന്നും തീവച്ചത് Van der Lubbe എന്ന വ്യക്തി ഒറ്റക്കാണെന്നുമാണ് അഭിപ്രായപ്പെടുന്നത്). അതേതുടര്‍ന്ന് അയാള്‍ അറസ്റ്റ്‌ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തെങ്കിലും ആ സംഭവം മറ്റൊരു വലിയ തീപ്പൊരിയുടെ തുടക്കമായിരുന്നു.

തനിക്ക് കൈവന്ന ആ അവസരത്തിന്റെ പ്രാധാന്യം മറ്റാരേക്കാളും വ്യക്തമായി തിരിച്ചറിഞ്ഞയാളായിരുന്നു ഹിറ്റ്‌ലര്‍. താന്‍ സ്വപ്നം കണ്ട, തന്റെ നാടിന്റെ സര്‍വ്വസൈന്യാധിപന്റെ പദവിയിലേക്കുള്ള അടുത്ത ചുവടുവയ്‌പ്പെന്നോണം വലിയ ഒരു പ്രചാരണത്തിന് ഹിറ്റ്‌ലറും കൂട്ടരും തുടക്കമിട്ടു. Reichstag Building തീപ്പിടുത്തം കമ്മ്യൂണിസ്റ്റുകാര്‍ ആസൂത്രണംചെയ്ത വലിയ ഒരു ആട്ടിമറിശ്രമമാണ് എന്നൊരു പ്രൊപ്പഗന്‍ഡ ക്യാമ്പെയിന് നാസികള്‍ തുടക്കമിട്ടു. ഒരുകൂട്ടം ആളുകളെ വര്‍ഗ്ഗശത്രുക്കളായി മുദ്രകുത്തിയുള്ള ആ നീക്കം, വര്‍ത്തമാന പരിതസ്ഥിതികളില്‍ അഭിമാനിക്കാനൊന്നുമില്ലാതെ, പഴമയിലും, ആര്യന്‍ വംശീയതയിലും ആത്മസംതൃപ്തി കണ്ടെത്തിയ, ഒരു കൂട്ടം ജനങ്ങളുടെ വികാരം ഉത്തേജിപ്പിക്കാന്‍ പോന്നതായിരുന്നു.

അതിന്റെ ചുവടുപിടിച്ച് നാസികളും അവരുടെ Paramilitary Group ആയ SA (Sturmabteilung) അഥവാ ബ്രൗണ്‍ ഷര്‍ട്‌സ് എന്നറിയപ്പെട്ട ആളുകളും നടത്തിയ അക്രമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏകദേശം നാലായിരം കമ്മ്യൂണിസ്റ്റുകാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

അധികാരം എന്ന ലഹരി

അടുത്തമാസം തന്നെ ഹിറ്റ്‌ലര്‍ പാര്‍ലമെന്റിലെ തന്റെ അനുഭാവികളുടെ സഹായത്തോടെ Enabling Act എന്ന ഭരണഘടനാ ഭേദഗതി പാസാക്കിയെടുത്തു. ആ നിയമഭേദഗതിയുടെ സഹായത്താല്‍ ജര്‍മ്മന്‍ ചാന്‍സലര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഏത് നിയമവും തോന്നുംപോലെ പാസ്സാക്കിയെടുക്കാമായിരുന്നു. അതായിരുന്നു ഹിറ്റ്‌ലര്‍ കാത്തിരുന്ന അവസരം. അതിനുശേഷം ഹിറ്റ്‌ലര്‍ ആദ്യം ചെയ്തത് രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടി ജര്‍മ്മനിയിലെ Dachau ല്‍ ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് ആരംഭിക്കുക എന്നതായിരുന്നു. അതോടൊപ്പംതന്നെ തന്റെ വംശീയമായ പ്രൊപ്പഗന്‍ഡകള്‍ വിറ്റഴിക്കാനായി ജോസഫ് ഗീബല്‍സിന്റെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തിക്കൊണ്ടിരുന്നു. ‘എല്ലാം രാജ്യത്തിന്റെ നന്മയ്ക്ക്’ എന്ന മുദ്രാവാക്യം ഗീബല്‍സ് ജനങ്ങളില്‍ കുത്തിവച്ചുകൊണ്ടിരുന്നു.

അതുപോലെ പ്രധാനപ്പെട്ട ഒരു പ്രചാരണമായിരുന്നു ശരീര സൗന്ദര്യവും വംശീയമേന്മയും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള പ്രസ്താവനകളും, പരസ്യങ്ങളും. ഗ്രീക്ക് ദേവന്മാരെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യമുള്ളവരാണ് വംശശുദ്ധിയുള്ള യഥാര്‍ത്ഥ ആര്യന്മാര്‍ എന്നതായിരുന്നു ഹിറ്റ്‌ലറുടെ സിദ്ധാന്തം. ആറടിയോളം ഉയരവും, വെള്ളതലമുടിയും, നീലക്കണ്ണുകളുമൊക്കെയുള്ള ഒരു വംശമായിരുന്നു നാസികളെ സംബന്ധിച്ച് ആര്യന്മാര്‍ (ഹിറ്റ്‌ലര്‍ സ്വന്തം നിലയ്ക്ക് ഈ ഗുണങ്ങളൊന്നും തികയാത്ത ഒരാളായിരുന്നു എന്നത് രസകരമായ സംഗതിയാണ്!). കറുത്തവരും, പൊക്കം കുറഞ്ഞവരും, രോഗികളും, ബുദ്ധിമാന്ദ്യം ബാധിച്ചവരുമൊന്നും സമൂഹത്തില്‍ ആവശ്യമില്ലെന്നും, യഥാര്‍ത്ഥ ആര്യന്മാരാണ് സോഷ്യല്‍ ഡാര്‍വിനിസം പ്രകാരം അതിജീവിക്കാന്‍ അര്‍ഹതയുള്ള ഒരേയൊരു ജനവിഭാഗം എന്നും പ്രചരിക്കപ്പെട്ടു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ വളച്ചൊടിച്ചുകൊണ്ടുള്ള, കപടശാസ്ത്ര പ്രചാരണങ്ങളിലൂടെ ഭാവിയിലെ വംശീയ ഉന്മൂലനത്തിന്റെ വിത്തുകള്‍ പാകുകയായിരുന്നു ഹിറ്റ്‌ലറുടെ പ്രധാന ലക്ഷ്യം.

ഒരു റിപ്പബ്ലിക്കിന്റെ മരണം

Enabling Act ന്റെ ബലത്തില്‍ നാസികള്‍ മറ്റുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും ഒന്നൊന്നായി നിരോധിക്കാന്‍ തുടങ്ങി. Hindenburg ആകട്ടെ പേരിനൊരു പ്രസിഡന്റ് എന്ന അവസ്ഥയിലേക്ക് അതിനോടകം മാറിക്കഴിഞ്ഞിരുന്നു. 1933 ജൂലൈ 14 ലോടെ നാസി പാര്‍ട്ടി ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും നിയമവിരുദ്ധ സംഘടനകളായി മാറി. ഒടുവില്‍ 1934 ല്‍ Hindenburg ന്റെ മരണത്തോടെ ജര്‍മ്മനി മുഴുവനായും ഹിറ്റ്‌ലറുടെ ഏകധിപത്യ ഭരണത്തിന്റെ കീഴിലായി.

1918 മുതല്‍ നിലവിലുണ്ടായിരുന്ന Weimar Republic എന്ന Federal Constitutional Republic ന്റെ അവസാന നിമിഷങ്ങളായിരുന്നു അവ. അതോടെ, അതുവരെയുണ്ടായിരുന്ന ജര്‍മ്മനിയുടെ കൊടി നിരോധിച്ച് പകരം സ്വസ്തിക ചിഹ്നം പതിച്ച നാസി കൊടി രാജ്യത്തിന്റെ ഔദ്യോഗിക പതാകയായി പ്രഖ്യാപിച്ചു. തങ്ങളുടെ ആശയങ്ങള്‍ക്ക് വിരുദ്ധം എന്ന് കരുതിയിരുന്ന ഏകദേശം ഇരുപയ്യായിരത്തോളം പുസ്തകങ്ങള്‍ (പ്രധാനമായും ജൂതര്‍, സോഷ്യലിസ്റ്റുകള്‍, കമ്മ്യൂണിസ്റ്റ്കാര്‍ എന്നിവര്‍ എഴുതിയവ) നാസികള്‍ കൂട്ടിയിട്ട് കത്തിച്ചു. ഏകാധിപത്യം ആയിരുന്നെങ്കിലും ‘ജനഹിതം’ പിടിച്ചുപറ്റാനായി ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്ന തൊഴിലില്ലായ്മ പരിഹരിക്കാനായി പൊതുമരാമത്ത് പ്രൊജക്റ്റുകള്‍ രൂപീകരിച്ച് നടപ്പാക്കാന്‍ ആരംഭിച്ചു. അങ്ങനെ വര്‍ഷാവസാനത്തോടെ പത്തുലക്ഷത്തിലേറെ പുതിയ തൊഴിലാവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ജനജീവിതം മെല്ലെ പൂര്‍വ്വസ്ഥിതിയിലേക്ക് വരാന്‍ തുടങ്ങി.

ജര്‍മ്മനിയിലെ രണ്ടാംകിട പൗരന്മാര്‍

അതേസമയം ജര്‍മ്മനിയിലെ ജൂതന്മാരാകട്ടെ കുറച്ചുനാളായി വര്‍ധിച്ചുവരുന്ന ആന്റി സെമിറ്റിക്ക് പ്രവണത മൂലം അവരുടെ മതത്തിലേക്കും ചരിത്ര സംസ്‌കാരങ്ങളിലേക്കും കൂടുതല്‍ ഉള്‍വലിഞ്ഞുതുടങ്ങി. തങ്ങള്‍ വേട്ടയാടപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടാവുമ്പോള്‍ ഏതൊരു ജനതയും പണ്ട് തങ്ങളെ ഒന്നിച്ച് നിര്‍ത്തിയ മതത്തിലും സംസ്‌കാരത്തിലുമെല്ലാം അഭയംപ്രാപിക്കുക എന്നത് വളരെ സഹജമായ ഒരു പ്രവണതയാണ്. ജൂതര്‍ അവരുടെ കുട്ടികളെ കൂടുതലായി ജൂത ചരിത്രവും സംസ്‌കാരവും പഠിപ്പിക്കാന്‍ തുടങ്ങി. അതിന്റെ മറുപടിയെന്നോണം നാസികളും കടുത്ത നടപടികളിലേക്ക് നീങ്ങി. ഏതാനം വര്‍ഷം മുന്‍പ് Mein Kampf എന്ന തന്റെ പുസ്തകത്തില്‍ ഹിറ്റ്‌ലര്‍ കുറിച്ച വാചകങ്ങളായിരുന്നു അവരെ മുന്നോട്ട് നയിച്ചത് :

‘Hence today i believe that I am acting in accordance with the will of Almighty Creator : by defending myself against the Jew, I am fighting for the work of Lord..’ (Mein Kampf Chapter 2)

അങ്ങനെ ദൈവഹിതം നടപ്പാക്കാനിറങ്ങിയ ഹിറ്റ്‌ലറും കൂട്ടരും ആദ്യം ചെയ്തത് ജൂതരെ പട്ടാളമടക്കമുള്ള ഗവണ്മെന്റ് സര്‍വീസുകളില്‍ നിന്നും പുറത്താക്കുകയാണ്. ലോകത്തിലെ ജൂത നേതാക്കള്‍ ജര്‍മ്മന്‍ ഇറക്കുമതികള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ നാസികള്‍ തിരിച്ചടിച്ചത് ജര്‍മ്മനിയിലെ ജൂതരായ ഡോക്ടര്‍മാര്‍, കച്ചവടക്കാര്‍ തുടങ്ങിയവരെയെല്ലാം ബഹിഷ്‌കരിച്ചുകൊണ്ടാണ് (വാള്‍ട്ട് ഡിസിനി യുടെ മിക്കിമൗസ് കാര്‍ട്ടൂണുകളും ആയിടക്ക് നാസികള്‍ ബഹിഷ്‌കരിക്കുകയുണ്ടായി!). മറ്റെല്ലായെപ്പോഴും എന്നപോലെ ജൂതര്‍ മെല്ലെ അയല്‍രാജ്യങ്ങളിലേക്ക് പാലായനം ചെയ്യാന്‍തുടങ്ങി. യൂറോപ്പിനെ ഫാസിസവും, നാസിസവും, കമ്മ്യൂണിസവും കയ്യടക്കിയിരുന്ന അക്കാലത്ത് അമേരിക്ക പോലുള്ള രാജ്യങ്ങളാണ് അവര്‍ മുഖ്യമായും കുടിയേറ്റങ്ങള്‍ക്ക് ആശ്രയിച്ചിരുന്നത്. 1929 ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയായിരുന്ന അമേരിക്കയാകട്ടെ ലോകത്തിലെ മറ്റൊരു പ്രശ്‌നത്തിലും ഇടപെടാതെ സ്വന്തം നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലായിരുന്നു. അതിനാല്‍ത്തന്നെ കുടിയേറ്റങ്ങള്‍ക്ക് ശക്തമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

ന്യംറംബര്‍ഗ് നിയമങ്ങള്‍ എന്ന കരിനിയമങ്ങള്‍

1935 ല്‍ നാസികള്‍ ന്യൂറംബര്‍ഗ് നിയമങ്ങള്‍ കൊണ്ടുവന്നു. ഈ നിയമപ്രകാരം ‘ശുദ്ധ ജര്‍മ്മന്‍’കാരായ ആര്യന്മാരെ വിവാഹം ചെയ്യുന്നതില്‍ നിന്നും ജൂതന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി (അതേ കാലത്ത് തന്നെ അംഗവൈകല്യമുള്ളവരെയും, Genetically Inferior എന്ന് വിശ്വസിച്ചവരെയും മറ്റും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് അയക്കുകയോ, ദയവധത്തിന് വിധേയരാക്കുകയോ ചെയ്തുകൊണ്ടിരുന്നു). തുടര്‍ന്ന് ജൂതരുടെ ജര്‍മ്മന്‍ പൗരത്വം റദ്ദ് ചെയ്യപ്പെട്ടു. അവരുടെ എല്ലാ നിയമ പരിരക്ഷകളും, അവകാശാധികാരങ്ങളും കണ്ണടച്ച് തുറക്കുന്ന സമയംകൊണ്ട് നഷ്ടപ്പെട്ടു. അവര്‍ രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ മേഖലകളില്‍നിന്നും അകറ്റിനിര്‍ത്തിപ്പെട്ടു. പാരീസിലേക്കും ആംസ്റ്റര്‍ഡാമിലേക്കുമെല്ലാം പലരും ഓടിപ്പോയി (ആന്‍ ഫ്രാങ്കും കുടുംബവും അവരില്‍പ്പെട്ടവരായിരുന്നു).

വര്‍ഷങ്ങളായുള്ള ഇത്തരം വംശീയ വേട്ടയാടലുകളില്‍ പലപ്പോഴായി മനംമടുത്ത അവര്‍ക്ക് തങ്ങളുടേതായ ഒരു രാജ്യത്ത് മാത്രമേ മരണഭയമില്ലാതെ കഴിയാനാവൂ എന്ന തോന്നല്‍ ഏറെക്കുറെ ശക്തമായി കഴിഞ്ഞിരുന്നു. ഒപ്പം, മറ്റുരാജ്യങ്ങള്‍ കുടിയേറ്റങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പലവിധ വിലക്കുകളും ജൂതര്‍ക്ക് അഭയംപ്രാപിക്കാന്‍ ഇടമില്ല എന്ന അവസ്ഥയുണ്ടാക്കി. അതോടെ അക്കാലമത്രയും ജര്‍മ്മന്‍ ജൂതര്‍ അത്ര ഗൗരവമായി എടുക്കാതിരുന്ന ആ ചിന്ത അവരില്‍ പ്രബലമായിതുടങ്ങി – ഇസ്രായേല്‍ എന്ന തങ്ങളുടെ വാഗ്ദത്ത ഭൂമി.

ഇസ്രായേല്‍ എന്ന പ്രതീക്ഷ

1936 ല്‍ ഹിറ്റ്‌ലര്‍ നടത്തിയ ഒളിമ്പിക്‌സില്‍ അമേരിക്ക ജൂത അത്‌ലറ്റുകളെ ഒഴിവാക്കിയതും അക്കാലത്ത് വിവാദമായിരുന്നു. അമേരിക്ക പോലും ഹിറ്റ്‌ലര്‍ അനുകൂല നിലപാട് എടുക്കുന്നുവെന്ന് മനസ്സിലാക്കിയ ജര്‍മ്മനിയിലെ ഭൂരിഭാഗം ജൂതരും ഇസ്രായേല്‍ മാത്രമാണ് ഏക ആശ്രയം എന്ന് ഉറപ്പിച്ചു. അങ്ങനെ ജര്‍മ്മനിയില്‍ നിന്നും പലസ്തീനിലേക്ക് അത്യാവശ്യം സമ്പന്നരായ ജൂതര്‍ കപ്പല്‍മാര്‍ഗ്ഗം കൂട്ടമായി കുടിയേറാന്‍ തുടങ്ങി. ഇത് അവിടുത്തെ അറബ് വംശജരെ രോഷംകൊള്ളിച്ചെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ ജൂതര്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ പിന്‍ബലത്തില്‍ കൂടുതല്‍ പേര്‍ വന്നുകൊണ്ടിരുന്നു (1940 ആയതോടെ അവരുടെ ജനസംഖ്യ 4,50,000 ത്തോട് അടുത്തു).

1937 ല്‍ ഹിറ്റ്‌ലര്‍ ജര്‍മ്മനിയിലെ Weimar ല്‍ Buchenwald Concentration Camp ആരംഭിച്ചു. 1938 ല്‍ ഹിറ്റ്‌ലറും കൂട്ടരും ഓസ്ട്രിയയിലേക്ക് കടന്നുകയറി. അവിടെ അവരെ ജനക്കൂട്ടം ആവേശത്തോടെ വരവേറ്റു. തന്റെ ജന്മനാടായിരുന്ന അവിടം അങ്ങനെ ഹിറ്റ്‌ലര്‍ തന്റെ കാല്‍ചുവട്ടിലാക്കി. അതോടുകൂടി അവിടെയുണ്ടായിരുന്ന ജൂതരും ഹിറ്റ്‌ലറുടെ ‘ഉത്തരവാദിത്തം’ ആയിമാറി. ജൂതരെ അവര്‍ ഓസ്ട്രിയയില്‍നിന്നും തുരത്തിയോടിക്കാന്‍ ആരംഭിച്ചു.ലോകം നടുങ്ങിയ കൂട്ടക്കൊലകളുടെ ദിനരാത്രങ്ങള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ജര്‍മ്മനിയുടെചരിത്രത്താളുകളില്‍ രക്തക്കറ പടര്‍ത്തിയ, ലോകം അന്നോളം സാക്ഷ്യംവഹിച്ചതില്‍ അതിക്രൂരമായ വംശഹത്യ അവിടെ ആരംഭിക്കാന്‍ പോകുകയായിരുന്നു…

References:
Nazi Germany: https://en.wikipedia.org/wiki/Nazi_Germany
Path to Nazi Genocide (Documentary)
Germany’s Fatal Attraction (Documentary)
Faith and Fate – episode 4 – Ominous Skies (1930 – 1939) (Documentary)


Leave a Reply

Your email address will not be published. Required fields are marked *