മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളത്തിന് 20 ലക്ഷംപേരെ കൊല്ലാനുള്ള കഴിവുണ്ടോ; പി. വി. സുഘോഷ് എഴുതുന്നു


‘മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ കേരളത്തിലെ നാല് ജില്ലകള്‍ ഒലിച്ചുപോകുമെന്നും അറബിക്കടല്‍ ഇളകിമറിയുമെന്നൊക്കെയാണ് പ്രചാരണം. എന്നാല്‍ 443 MCM മാത്രം സ്റ്റോറേജുള്ള ഡാമിന് 20 ലക്ഷംപേരെ കൊല്ലാനും ജില്ലകളെ കടലിലൊഴുക്കാനുമൊന്നും കഴിയില്ല. ഡാം തകര്‍ന്നാല്‍ പെരിയാറിന്റെ കരകളിലും അതിന്റെ കൈവഴികളിലുമാണ് വെള്ളം ഉയരുകയും അപകടങ്ങളുണ്ടാവുകയും ചെയ്യുക. ഈ വ്യാജപ്രചാരണങ്ങളില്‍ മുല്ലപ്പെരിയാറിന് താഴേ താമസിക്കുന്നവരും പെരിയാറിന്റെ തീരത്തുള്ളവരുമൊക്കെ വളരെയേറേ പേടിക്കാനിടയാകുന്നുണ്ട്. മാത്രമല്ല ഡാം സുരക്ഷിതമല്ല എന്ന് ഒരു പരിശോധനയിലും തെളിഞ്ഞിട്ടില്ല’- പി. വി. സുഘോഷ് എഴുതുന്നു
മുല്ലപ്പെരിയാര്‍ ശരിക്കും ഒരു ജലബോംബാണോ?
1. ചരിത്രം

ബ്രിട്ടീഷ്‌കാരുടെ ആവശ്യപ്രകാരം തിരുവിതാംകൂര്‍ രാജാവായ വിശാഖം തിരുനാള്‍ രാമവര്‍മ്മയും മദ്രാസ് പ്രൊവിന്‍സും തമ്മില്‍ 1886 ഒക്ടോബര്‍ മാസം 29 ന് ഒരു കരാര്‍ ഒപ്പിടുകയും, തിരുവിതാംകൂറിന് കീഴിലുള്ള 8100 ഏക്കര്‍ വനഭൂമി മദ്രാസ് പ്രൊവിന്‍സിന് 999 വര്‍ഷത്തേക്ക് നല്‍കാനും ധാരണയാകുന്നു.’Periyar lease deed’ അനുസരിച്ചുള്ള ഈ വനഭൂമിയില്‍ ജലസേചന ആവശ്യത്തിനായി ഒരു തടയണ കെട്ടാനായി 1874 ല്‍ മദ്രാസ് ചീഫ് എഞ്ചിനീയര്‍ ആയ ജോണ്‍വാക്കര്‍ പെനി ക്വിക്കിനേയും, ആര്‍ സ്മിത്തിനേയും നിയമിച്ചു. ഇന്ന് തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ശിവഗിരികുന്നില്‍നിന്ന് ഉത്ഭവിക്കുന്ന പെരിയാറിന്റെ പോഷകനദികള്‍ ഈ വനഭൂമിയിലൂടെയാണ് ഒഴുകുന്നത്. 5,398 ചതുരശ്രകിലോമീറ്റര്‍ വൃഷ്ടിപ്രദേശമുള്ള പെരിയാറിന്റെ ജലസമൃദ്ധി തിരിച്ചറിഞ്ഞ പെനിക്വിക്ക് കൃത്രിമ തടാകം നിര്‍മ്മിക്കാനുള്ള അനുയോജ്യമായ സ്ഥലം നിശ്ചയിച്ച് 1882 ല്‍ ഡാമിന്റെ ഡിസൈന്‍ സമര്‍പ്പിക്കുന്നു. 1887-1895 കാലയളവില്‍ ഡാം നിര്‍മ്മിക്കുകയും കമ്മീഷന്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.

2. ഡാമിന്റെ ഘടനയും വിവരങ്ങളും

ഡാമിന്റെ നിര്‍മ്മാണകാലഘട്ടത്തില്‍ സിമന്റ് പ്രചാരത്തിലില്ലാതിരുന്നതിനാല്‍ ലോകത്ത് സുര്‍ക്കി, ലൈം, മണ്ണ് മിശ്രിതങ്ങളാണ് കല്ലുവെച്ച് കെട്ടാന്‍ പശ (ബൈന്റിംങ് മിശ്രിതം) ആയി ഉപയോഗിച്ചിരുന്നത്. 20ാം നൂറ്റാണ്ടിലാണ് സിമന്റ് കണ്ടെത്തുന്നത്. 1925-ല്‍ പേറ്റന്റ് കിട്ടിയെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ സിമന്റ് നിര്‍മാണം തുടങ്ങാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. ഇഷ്ടികപ്പൊടി ചൂട്ടുചൂടാക്കിയെടുത്ത മിശ്രിതത്തേയാണ് സുര്‍ക്കിയെന്ന് പറയുന്നത്. 2:1:3 എന്ന അനുപാതത്തില്‍ യഥാക്രമം ചുണ്ണാമ്പും, സുര്‍ക്കിയും, മണലും വെള്ളവുമായി ചേര്‍ത്തതാണ് ഈ ബൈന്റിംങ് മിശ്രീതം. സിമന്റിനായാലും സുര്‍ക്കി-ലൈം മിശ്രിതത്തിനായാലും അതിന്റേതായ ഗുണവും ദോഷവും ഉണ്ട്. പാറക്കല്ലുകള്‍ സുര്‍ക്കി-ലൈം മിശ്രിതം ഉപയോഗിച്ച് കെട്ടിയെടുത്തതാണ് ഈ ഡാം. രണ്ട് ഡാമുകളാണ് പെരിയാര്‍ പ്രൊജക്ടിന്റെ ഭാഗമായുള്ളത്. മുല്ലപ്പെരിയാറെന്ന് നമ്മള്‍വിളിക്കുന്ന മെയിന്‍ ഡാമും, തൊട്ടടുത്തായി നിലനില്‍കുന്ന ബേബി ഡാമും. ഇത് രണ്ടും കൂടി ചേര്‍ന്ന് മുല്ലപ്പെരിയാര്‍ റിസര്‍വോയര്‍ രൂപംകൊള്ളുന്നു.

മെയിന്‍ ഡാമിന് 366 മീറ്റര്‍ നീളവും, 53.64 മീറ്റര്‍ പരമാവധി ഉയരവും, മുകള്‍ഭാഗത്ത്  6.4 മീറ്റര്‍ വീതിയുമുണ്ട്.
ബേബി ഡാമിന്  73.15 മീറ്റര്‍ നീളവും, 16.15 മീറ്റര്‍ പരമാവധി ഉയരവുമുണ്ട്.
മാക്‌സിമം വാട്ടര്‍ ലെവല്‍ – 155 അടി,
ഫുള്‍ റിസര്‍വോയര്‍ ലെവല്‍ – 152 അടി,
വൃഷ്ടിപ്രദേശം – 624 ചതുരശ്ര കിലോമീറ്റര്‍.
ഇപ്പോള്‍ അനുവദനീയമായ പരമാവധി ജലനിരപ്പ് 142 അടി.

റിസര്‍വോയറില്‍ 106.5 അടിയില്‍ ടണല്‍ സ്ഥാപിച്ച് ഇതിലെ വെള്ളം തമിഴ്‌നാട് വൈദ്യുതനിര്‍മ്മാണത്തിനും ജലസേചന ആവിശ്യത്തിനുമായി ഉപയോഗിച്ചുവരുന്നു. വേനല്‍കാലത്ത് വറ്റിവരണ്ടുപോകുന്ന വൈഗൈ നദിയുടെ ജീവന്‍ നിലനിര്‍ത്തുന്നതും മുല്ലപ്പെരിയാറിലെ വെള്ളമാണ്. 68558 ഹെക്ടര്‍ കൃഷിഭൂമിയിലേക്ക് തമിഴ്‌നാട് ഈ വെള്ളം ഉപയോഗിക്കുന്നുമുണ്ട്.

ഡാമിന്റെ സ്പില്‍വേ സ്ഥിതിചെയ്യുന്നത് ഡാം സ്ട്രക്ചറിലല്ല എന്നത് ഈ പ്രൊജക്ടിന്റെ പ്രത്യേകതയാണ്. ഡാമില്‍ നിന്ന് അല്‍പം മാറിയാണ് സ്പില്‍വേ സ്ഥിതിചെയ്യുന്നത്. ആകെ 13 ഷട്ടറുകളാണ് നിലവിലുള്ളത്. 8000 ക്യൂമെക്‌സിലധികം വെള്ളത്തേ കൈകാര്യംചെയ്യാന്‍ ഈ സ്പില്‍വേക്ക് കഴിയും.

നിര്‍മ്മിക്കുമ്പോള്‍ അത് സുര്‍ക്കി മിശ്രിതം ഉപയോഗിച്ചുള്ള ഒരു masonry dam ആയിരുന്നെങ്കില്‍ അതിന്റെ കാലാകാലമായുള്ള പുനരുദ്ധാരണത്തിലൂടെ ഇന്നത് സംഭരണിയിലെ ജലത്തിന്റെ ഭാഗത്ത് ലൈംസുര്‍ക്കി കോണ്‍ക്രീറ്റ് rubble masonry ഉം, അതിന്റെ ഡൗണ്‍സ്ട്രീമിലേക്ക് grouted open joints ഉം, 10 മീറ്റര്‍ വീതിയുള്ള കോണ്‍ക്രീറ്റ് ബാക്കിംങുമുള്ള ‘Composite heterogeneous structure’ ആയി മുല്ലപ്പെരിയാര്‍ മാറിയിട്ടുണ്ട്. ഇത് പഴക്കത്തേയും സുരക്ഷയേയും സംബന്ധിച്ചുള്ള എല്ലാ ആശങ്കകളേയും ആരോപണത്തേയും റദ്ദ് ചെയ്ത് കളയുന്നു.

3. മുല്ലപ്പെരിയാര്‍ ഡാം വിവാദം

ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം അവസാനിക്കുകയും സംസ്ഥാനം പുന:സംഘടിതമാവുകയും ചെയ്തതോടെ തിരുവിതാംകൂറും മദ്രാസ് പ്രോവിന്‍സും ഒപ്പുവെച്ച പെരിയാര്‍ ലീസ് ഡീഡ് ഇല്ലാതാകുമോയെന്ന ഭയത്താലും കരാര്‍ പുതുക്കേണ്ടത് അനിവാര്യമായതിനാലും തമിഴ്‌നാട് പലതവണയായി കേരള ഗവണ്‍മെന്റുമായി ചര്‍ച്ചനടത്തുകയുണ്ടായി. പല ചര്‍ച്ചകളും സമവായത്തിലെത്താതെ പരാജയപ്പെട്ടു. എന്നാല്‍ 1970 ല്‍ ചില നിബന്ധനകളോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ കരാര്‍ പുതുക്കി ഒപ്പു ചാര്‍ത്തുന്നു. എന്നാല്‍ അതിനുമുമ്പേ തന്നെ മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച് ആശങ്കയും പേടിയും കേരളത്തിനുണ്ടായിരുന്നു. അങ്ങിനെ പതുക്കെ പതുക്കെ അഭ്യൂഹങ്ങളിലൂടെയും രാഷ്ട്രീയവിവാദങ്ങളിലൂടെയും മുല്ലപ്പെരിയാര്‍ വിവാദം വികാരഭരിതമാകാന്‍ തുടങ്ങി. 1990 ലും 2000 ലും തമിഴ്‌നാടും കേരളവും തമ്മില്‍ വലിയ വാഗ്വാദങ്ങളുണ്ടാകുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി ആക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ തമിഴ്‌നാട് 142 അടിയിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യത്തിലും ഉറച്ചുനിന്നു.

സുപ്രീംകോടതിയില്‍ കേസ്

മുല്ലപ്പെരിയാര്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഫോറം 2001 ല്‍ ഒരു റിട്ട് പെറ്റീഷന്‍ സമര്‍പ്പിക്കുന്നതോടെ അതുവരെയുണ്ടായിരുന്ന വിവാദങ്ങള്‍ നിയമപോരാട്ടത്തിലേക്ക് കടന്നു. തമിഴ്‌നാടും, കേരളവും കേസില്‍ കക്ഷിചേര്‍ക്കപ്പെടുന്നു. വാദത്തിനും പരിശോധനയ്ക്കും ശേഷം കേന്ദ്രജലകമ്മീഷനോട് കോടതി റിപ്പോര്‍ട്ട് തേടുന്നു. കേരളവും തമിഴ്‌നാടും കേന്ദ്രജലകമ്മീഷനും അംഗമായ കമ്മീഷനെ ഏര്‍പ്പെടുത്തുന്നു.

കേരളത്തിന്റെ കോടതിയിലെ വാദങ്ങള്‍

1.  മുല്ലപ്പെരിയാര്‍ ഡാം ഘടനാപരമായും, ഭുമിശാസ്ത്രപരമായും ശക്തമല്ല.
2. ബ്രിട്ടീഷ് കാലത്തെ കരാര്‍ ഇക്കാലത്ത് നിലനില്‍കില്ല.
3. മുല്ലപ്പെരിയാര്‍ ഡാമില്‍ വെള്ളമുയര്‍ത്തിയാല്‍ ഗുരുതരമായ പരിസ്ഥിതിപ്രശ്‌നങ്ങളുണ്ടാകും.
4. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്നത് ഇടുക്കി ജലവൈദ്യുതപദ്ധതിക്ക് ആവശ്യമായ വെള്ളം കിട്ടാത്ത സാഹചര്യമുണ്ടാക്കും.

ഇങ്ങനെ നിരവധി വാദങ്ങള്‍ കേരളം മുന്നോട്ട് വെക്കുന്നുണ്ട്. കേരളത്തിന് ഒരു കൃത്യമായ കാരണമായിരുന്നില്ല എതിര്‍പ്പിന് പിന്നില്‍, മറിച്ച് എല്ലാവിഷയവും തമിഴ്‌നാടിനെ എതിര്‍ക്കാനായി കേരളം ഉപയോഗിച്ചിട്ടുണ്ട് എന്ന് കാണാം.

കമ്മീഷനും കോടതിയും കേരളത്തിന്റെ ആശങ്കകള്‍ ഓരോന്നായി പരിശോധിക്കുകയും ഒന്നിനും അടിസ്ഥാനമില്ലെന്ന് കണ്ടെത്തുകയുംചെയ്യുന്നു.

2006 ഫെബ്രുവരിയില്‍ തമിഴ്‌നാടിന് അനുകൂലമായ സുപ്രീംകോടതിയില്‍നിന്ന് താല്കാലിക ഉത്തരവുണ്ടാകുന്നു. തമിഴ്‌നാടിന് 142 അടിയിലേക്ക് വെള്ളം ഉയര്‍ത്താന്‍ അനുമതി ലഭിച്ചതോടെ അതേ വര്‍ഷം മാര്‍ച്ച് മാസത്തില്‍ 2003 ലെ കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് കേരള നിയമസഭ ഭേദഗതിചെയ്യുകയും സുപ്രീംകോടതിവിധിയെ മറികടക്കാന്‍ ശ്രമിക്കുന്നു. അതോടെ വിവാദങ്ങളിലും നിയമപോരാട്ടത്തിലും നിന്ന മുല്ലപ്പെരിയാര്‍ രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലെ അക്രമത്തിലേക്ക് വഴിവെക്കുന്നു. തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി ബസ്സ് കത്തിക്കുകയും കേരളത്തിലേക്കുള്ള ചരക്ക് ലോറികള്‍ തടയുകയും ഉണ്ടായി. എന്നാല്‍ കേരള നിയമസഭ പാസാക്കിയ ഭേദഗതി ‘ഭരണഘടനാവിരുദ്ധം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് സുപ്രീംകോടതി തള്ളുകയുണ്ടായി.

കേരളം 136 അടിയില്‍ ഉറച്ചുനിന്നതോടെ 2010 ല്‍ കോടതി വീണ്ടും ഒരു വിദഗ്ധ കമ്മിറ്റിയെ നിയമിക്കുകയും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.

എംപവേര്‍ഡ് കമ്മറ്റി

2010 ല്‍ സുപ്രീംകോടതി നിയമിച്ച എംപവേര്‍ഡ് കമ്മിറ്റിയില്‍ ഒരു ചെയര്‍മാനും രണ്ട് സാങ്കേതിക വിദഗ്ധരും, രണ്ട് പ്രതിനിധികളും ഉള്‍പ്പെടെ അഞ്ച് അംഗങ്ങളാണ് ഉണ്ടായിരുന്നത്.

മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയ ഡോ. എ.സ്. ആനന്ദ് ചെയര്‍മാനായ കമ്മിറ്റിയില്‍ സുപ്രീംകോടതി മുന്‍ ജഡ്ജും മലയാളിയുമായ കെ. ടി. തോമസ്, സുപ്രീംകോടതി മുന്‍ ജഡ്ജ് ആയ ഡോ. എ.ആര്‍. ലക്ഷ്മണന്‍, സിവില്‍ എഞ്ചിനീയറും ഹൈഡ്രോളജി വിദഗ്ധനുമായ Dr C. D. Thatte, ലോകരാജ്യങ്ങളില്‍ നിരവധി പദ്ധതികളില്‍ പ്രവര്‍ത്തിക്കുകയും സെന്‍ട്രല്‍വാട്ടര്‍ എഞ്ചിനീയറിംങ് സര്‍വീസില്‍ വൈദഗ്ധ്യം തെളിയിക്കുകയും ചെയ്ത ഡോ. കെ. മേത്ത എന്നിവരാണ് കമ്മിറ്റിയിലുണ്ടായിരുന്നത്.

എംപവേര്‍ഡ് കമ്മിറ്റി പരിശോധിച്ച വിഷയങ്ങള്‍

1. ഹൈഡ്രോളോജിക് സേഫ്റ്റി
2. സ്ട്രക്ചറല്‍ സേഫ്റ്റി
3. സീസ്മിക് സേഫ്റ്റി
4. കരാറിന്റെ നിലനില്‍പ്പ്
5. കേരളംപാസാക്കിയ ഭേദഗതിയുടെ നിലനില്‍പ്പ്
6. ഡാമിന്റെ പഴക്കത്തേ സംബന്ധിച്ചുള്ള ആശങ്ക
7. മറ്റ് വിഷയങ്ങള്‍

Dam failure പ്രധാനമായും നടക്കുന്നത് ബ്രിച്ചിംങ്, സീപേജ്, സ്ലൈഡിംങ് എന്നിവ കാരണമാണ്. ബ്രീച്ചിംങ് പ്രധാനമായും കവിഞ്ഞൊഴുകുന്നതിനാലാണ് നടക്കുന്നത്. ഇത്തരം Dam failure സംഭവിക്കുന്ന സാഹചര്യങ്ങളും എഞ്ചിനീയറിംങ് തിയറികളും ഉപയോഗിച്ച് ഓരോന്നായി ഈ കമ്മിറ്റി പഠിക്കുകയുണ്ടായി.

കമ്മിറ്റിയുടെ പരിശോധനകളും കണ്ടെത്തലുകളും

* ഡാമില്‍ മാക്‌സിമം വാട്ടര്‍ ലെവലിൽ പെര്‍മിസിബിള്‍ മാക്‌സിമം ഫ്ലൂയിഡ് (Permissible Maximum Fluid – PMF) ഉണ്ടായാലും പരമാവധി ജലവിതാനത്തേക്കാൾ (Maximum water level) മുകളിലാണ് ഡാമിന്റെ ടോപ്പ് നിലനില്‍കുന്നത് എന്നതിനാല്‍ ഡാം നിറഞ്ഞ് കവിയാനുള്ള സാധ്യതയില്ല. കൂടാതെ PMF നെ കൈകാര്യം ചെയ്യാനാകുന്ന സ്പില്‍വേകള്‍ മുല്ലപ്പെരിയാറിനുണ്ട്. അതുകൊണ്ട് കവിഞ്ഞൊഴുകാനും അതുവഴി ബ്രീച്ചിംങിനുമുള്ള സാധ്യത ഇല്ലാതാകുന്നു.

* മെയിന്‍ഡാമിന്റേയും ബേബീഡാമിന്റേയും ഹൈഡ്രോലോജിക് സേഫ്റ്റി 152 അടിവരേയും സുരക്ഷിതമാണ്.

* ഡാമിന്റെ ജലത്തിനു നേരേയുള്ള ഭാഗത്ത് കാലപഴക്കത്താല്‍ സുര്‍ക്കി മിശ്രിതം സീപേജിന് വിധേയമായി ഒഴുകിപോകുകയും ചെറിയതോതിലുള്ള തുളകളും മറ്റും കണ്ടെത്തുന്നു. സുര്‍ക്കി മിശ്രിതത്തിന്റെ സീപേജ് തോത് കമ്മിറ്റി ശാസ്ത്രീയമായ രീതിയില്‍ കണക്കാക്കുകയും അത് ഡാമിന്റെ ശക്തിപെടുത്തല്‍ നടത്തുന്നത് വരെ 0.006 cumecs ഉം പിന്നീട് 0.002 ക്യൂമെക്‌സും ആണെന്ന് കണ്ടെത്തി. 116 വര്‍ഷമായി ആകെയുള്ള മിശ്രിതത്തിന്റെ 4% ല്‍ താഴെമാത്രമേ ഈ ഒഴുകിപ്പോക്കിലൂടെ നഷ്ടമായിട്ടുള്ളൂ എന്നും അത് അപകടകരമായ നിരക്കല്ലെന്നും മനസ്സിലാക്കുന്നു. അതോടൊപ്പംതന്നെ ഇത് തുടരാതിരിക്കാന്‍ എപോക്‌സി പോളിമര്‍ കോട്ടിംങ് ചെയ്യാനായി നിര്‍ദ്ദേശവും വെക്കുന്നുണ്ട്.

* പുനരുദ്ധാരണത്തിന്റെ ഭാഗമായി ഡാമിന്റെ ജലത്തിനു നേരെയുള്ള ഭാഗത്ത് എപോക്‌സി, പോളിമര്‍ കോട്ടിംങ് ചെയ്യുകയുണ്ടായി. അതോടൊപ്പംതന്നെ ഡൗണ്‍സ്ട്രീമില്‍ 10 മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്യുകയും ഗാലറികളും ഡ്രയിര്‍ഹോളുകളും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ഡാമിനുമുകളിലേക്ക് വന്നിടിക്കുന്ന ജലത്തിന്റെ uplift force ഈ ഡ്രയിന്‍ഹോളിലൂടെ പുറത്തേക്ക് പോകാന്‍ സഹായിക്കുന്നുണ്ട്.

* മുല്ലപ്പെരിയാര്‍ ഡാമിലെ എല്ലാ ഉപകരണങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്നും ആവശ്യമായ ഡാറ്റ നല്‍കുന്നുണ്ടെന്നും കമ്മിറ്റി പറയുന്നു.

* ഡാമിന്റെ ശക്തിവര്‍ദ്ധിപ്പിക്കുന്നതിന്റെഭാഗമായി ഏതാണ്ട്  95-ഓളം cable anchors സ്ഥാപിച്ചിട്ടുണ്ട്. അപകടകരമാകുന്ന ടെര്‍സൈല്‍ സ്ട്രസ്സ്  (tensile stress) ഭൂമിയിലേക്ക് കൈമാറുക എന്നതൊക്കെയാണ് ഇതിന്റെ ലക്ഷ്യം. ഈ കേബിള്‍ എടുത്ത് പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ 80% pre-stress ഉം 31 വര്‍ഷംമുമ്പ് അതായത് അതിന്റെ പുനരുദ്ധാരണസമയത്താണ് അനുഭവപ്പെട്ടിട്ടുള്ളത്. അത് ഒരു നല്ലകാര്യമാണെന്നും വിദഗ്ധസംഘം ശാസ്ത്രീയമായി ചൂണ്ടികാട്ടുന്നുണ്ട്.

* ഡാമിന്റെ പ്രധാനമെറ്റീരിയലുകള്‍ തുരന്നെടുത്ത് Non destructive test (NDT) നടത്തുകയും ഡാം നിര്‍മ്മാണത്തിനുപയോഗിച്ചവ ഇപ്പോഴും സുരക്ഷിതമാണെന്നും കണ്ടെത്തി.

* Water loss test in the bore holes ചെയ്യുകയും ഡാമിന് ബലക്ഷയമില്ലെന്നും ചൂണ്ടികാട്ടി.

വിവാദങ്ങളില്‍ പറയപ്പെടുന്നപോലുള്ള നിയന്ത്രണവിധേയമല്ലാത്ത സീപേജ്, വലിയ വിണ്ടുകീറലുകള്‍, ഡാം മെറ്റീരിയലുകളുടെ സ്ഥാനാന്തരവും ചലനവും തുടങ്ങിയ ഒരു പ്രശ്‌നവും ഡാമിനില്ല. നിലവിലുള്ള സീപേജുകളും, ചെറിയ വിള്ളലും അനുവദനീയമായ അളവില്‍ മാത്രമാണെന്നും ഡാമിന്റെ റിപ്പേറിംങിലൂടെയാണ് ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാറുള്ളതെന്നും അത് അപകടമുണ്ടാക്കില്ലെന്നും കമ്മിറ്റി തെളിയിക്കുന്നുണ്ട്.

* ഫിസിക്കല്‍ ആന്റ് കെമിക്കല്‍ ടെസ്റ്റിനായി ITS ചെയ്യുകയും ഡാമിനുള്ളില്‍നിന്നെടുത്ത സാമ്പിളുകളുടെ ബലപരിശോധനയും അതിലൂടെ ഫിനൈറ്റ് എലമെന്റ് മെതേര്‍ഡ് (finite element method – FEM) ഉപയോഗിച്ച് ഡാം ഘടനയുടെ ശക്തി പരീക്ഷിക്കുകയും ചെയ്തു.

* ഡാം പുനരുദ്ധാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച 95 ആങ്കര്‍ കേബളുകളില്‍ റിസിഡുവല്‍ പ്രീ സ്ട്രസ്സ് (residual prestress) പരിശോധനകള്‍ നടത്തി.

* കോണ്‍ക്രീറ്റിന്റേയും ബാക്കിംങ്‌ന്റേയും തെര്‍മല്‍ പ്രോപര്‍ട്ടീസ് പരിശോധിച്ചു.

* ബേബി ഡാമിന് ആവശ്യമായ സ്റ്റെബിലിറ്റ് പരിശോധനകള്‍ നടത്തി.

* ഐ.എ.ടി. റൂര്‍ക്കിയുടേയും അണ്ണാ യൂനിവേര്‍സിറ്റിയുടേയും പഠനറിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും അതനുസരിച്ച് ഭൂകമ്പസാധ്യതയിലും ഡാം സുരക്ഷിതമെന്ന് കണ്ടെത്തി. അണ്ണാ യൂണിവേഴ്‌സിറ്റിയുടെ 3D FEM അനാലിസിസും ഡാമിന് ബലക്ഷയമില്ലെന്ന് സ്ഥാപിക്കുന്നുണ്ട്.

* 2011 ല്‍ ഇടുക്കിയിലുണ്ടായ ഭൂകമ്പ പ്രദേശം സന്ദര്‍ശിക്കുകയും ഇന്ത്യ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (IMD), ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (GSI) എന്നിവരോടൊപ്പം പഠനം നടത്തുകയും അതൊരു ചെറിയ മാഗ്‌നിറ്റിയൂഡിലുള്ള ഭൂകമ്പമാണെന്നും മുല്ലപെരിയാര്‍ ഡാമിന് ഭൂകമ്പസുരക്ഷയുണ്ടെന്ന് ചൂണ്ടികാണിക്കുകയും ചെയ്തു.

*ദേശീയതലത്തിലുള്ള മൂന്ന് സ്ഥാപനങ്ങളും (WC, CSMRS, CWPRS), IMD&GSI സ്ഥാപനത്തേയും ഉള്‍പ്പെടുത്തി ITS ടെസ്റ്റുകള്‍ നടത്തുകയും ചെയ്തു.

അതോടൊപ്പം കമ്മിറ്റി രണ്ട് ആള്‍ട്ടനേറ്റീവ് പദ്ധതിയും മുന്നോട്ടുവെക്കുന്നുണ്ട്. ഒന്ന് കേരളത്തിന് ആവശ്യമുണ്ടെങ്കില്‍ സ്വന്തം ചെലവില്‍ പുതിയ ഡാം പണിയാം. രണ്ടാമത്തേത് മുല്ലപ്പെരിയാറിലെ ഡെഡ് സ്റ്റോറേജ് കൂടി ഉപയോഗിക്കാനായി 50 ഫീറ്റ് ഉയരത്തില്‍ ഒരു ടണല്‍കൂടി സ്ഥാപിക്കാമോ എന്ന് പഠിച്ച് അതിനുള്ള നടപടികള്‍ ചെയ്യുക.

5. നിലവിലെ ആരോപണങ്ങളും വിവാദവും

ഇപ്പോള്‍ കേരളത്തിലും തമിഴ്‌നാട്ടിലും അലയടിക്കുന്ന വിവാദത്തിന് കാരണം ഒരു മലയാളം യൂടൂബ് ചാനലില്‍ വന്ന ‘ഡാം എന്തായാലും പൊട്ടും’ എന്ന അഭിമുഖമാണ്. അത് മുല്ലപ്പെരിയാര്‍ 136 അടിക്ക് മുകളിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഭീതിയായും ആശങ്കയായും പടര്‍ന്നു. കേരളത്തിലെ പ്രമുഖ സിനിമാതാരങ്ങളും മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന ഹാഷ്ടാഗുമായി പ്രതികരിച്ചതോടെ തമിഴ്‌നാട്ടില്‍ മലയാളത്തിലെ ഈ നടന്‍മാരുടെ കോലം കത്തിക്കലും, ഇടുക്കിയേ തമിഴ്‌നാടോട് ചേര്‍ക്കണമെന്ന രീതിയിലൊക്കെ പ്രതിഷേധം നടന്ന് വരുന്നുണ്ട്.

കേരളത്തിലെ നാല് ജില്ലകള്‍ ഒലിച്ചുപോകുമെന്നും അറബിക്കടല്‍ ഇളകിമറിയുമെന്നൊക്കെയാണ് പ്രചാരണം. എന്നാല്‍ 443 MCM മാത്രം സ്റ്റോറേജുള്ള ഡാമിന് 20 ലക്ഷംപേരെ കൊല്ലാനും ജില്ലകളെ കടലിലൊഴുക്കാനുമൊന്നും കഴിയില്ല. ഡാം തകര്‍ന്നാല്‍ പെരിയാറിന്റെ കരകളിലും അതിന്റെ കൈവഴികളിലുമാണ് വെള്ളം ഉയരുകയും അപകടങ്ങളുണ്ടാവുകയും ചെയ്യുക. ഈ വ്യാജപ്രചാരണങ്ങളില്‍ മുല്ലപ്പെരിയാറിന് താഴേ താമസിക്കുന്നവരും പെരിയാറിന്റെ തീരത്തുള്ളവരുമൊക്കെ വളരെയേറേ പേടിക്കാനിടയാകുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത്രയേറേ സുരക്ഷാ പരിശോധനയും പരീക്ഷണവും നടന്ന വേറേ ഡാമുകളുണ്ടോ എന്നത് തന്നെ സംശയമാണ്. ഇന്ന് ഉന്നയിക്കപ്പെടുന്ന വിവാദം ഡാമിന്റേ പഴക്കത്തേ സംബന്ധിച്ചാണ്.

* യു.എന്‍. റിപോര്‍ട്ടിലും 50 വര്‍ഷം കാലയളവുള്ള ഡാമാണ് മുല്ലപ്പെരിയാര്‍ എന്നും അതിപ്പോള്‍ നൂറിലേറെവര്‍ഷം കഴിഞ്ഞെന്നും അതിനാലത് ഡീകമ്മീഷന്‍ ചെയ്യണമെന്നും ആവശ്യപ്പെടുന്നതായി കാണാം. എന്നാല്‍ ഡീകമ്മീഷന്‍ ചെയ്യാന്‍ മാത്രം ഡാമിന് സുരക്ഷാ പ്രശ്‌നമുള്ളതായി ആ റിപ്പോര്‍ട്ടിലെവിടേയും വിവരിക്കുകയോ അതിനാവശ്യമായ പഠനത്തിന്റെ തെളിവുകള്‍ നിരത്തുകയോ ചെയ്തിട്ടില്ല എന്നത് യുഎന്‍ ന്റെ റിപ്പോര്‍ട്ടിനെ അപ്രസക്തമാക്കി തീര്‍ക്കുന്നു. എങ്കിലും പഴക്കത്തേ സംബന്ധിച്ചുള്ള ആശങ്കകള്‍ വലിയതോതില്‍ നിലനില്‍കുകയും ചെയ്യുന്നുണ്ട്. അതിനുള്ള വ്യക്തമായ നിര്‍വ്വചനവും ഉത്തരവും സുപ്രീംകോടതി നിയമിച്ച എംപവേര്‍ഡ് കമ്മി നല്‍കുന്നുണ്ട്.

‘For dams the term life exists in name only and is neither real nor actual’
ഡാമിനെ സംബന്ധിച്ച് ലൈഫ് എന്നത് യാഥാര്‍ത്ഥ്യമല്ലെന്നാണ് സൂചിപ്പിക്കുന്നത്. അതിനര്‍ത്ഥം ഒരു ജീവിയേയോ ജീവനേയോപോലുള്ള കോശവിഭജനവും ലൈഫ്‌സ്പാനും ഡാമുകള്‍ക്ക് ബാധകമല്ല. അതായത് 50 വര്‍ഷം ശരാശരി ലൈഫ് എന്ന ഒരു വ്യവസ്ഥയൊന്നും നിലവിലില്ല. മറിച്ച് അത് മറ്റ് ഘടകങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു.

‘A dam life is linked to the inherent health and care through maintenance, repair and rehabilitation bestowed on it during its existence.’
ഒരു ഡാമിന്റെ കാലാവധിയെന്നത് അതിന്റെ മെയിന്റനന്‍സിലും, തുടര്‍ച്ചയായ റിപേറിംങിലും, പുനരുദ്ധാരണത്തേയും ആശ്രയിച്ചാണ്. അതായത് നല്ല രീതിയില്‍ മെയിന്റെയിന്‍ ചെയ്യുകയും പുനരുദ്ധാരണം നടത്തുകയും ചെയ്താല്‍ ഡാമിന്റെ ലൈഫ് എന്നത് 50 – 100 വര്‍ഷത്തിലൊന്നും തീരില്ലെന്നര്‍ത്ഥം.

ഡാമിനെ സംബന്ധിച്ച മറ്റൊരുചോദ്യമാണ് ‘ഇത് ഒരിക്കലും ഡീകമ്മീഷന്‍ ചെയ്യേണ്ടതില്ലേ’ എന്നത്. എന്നാല്‍ ‘ഏതു ഡാമും എന്നെങ്കിലും ഡീകമ്മീഷന്‍ ചെയ്യേണ്ടതുണ്ട് എന്നതുകൊണ്ട് അത് ഇന്ന് തന്നെ പൊളിച്ചുകളയേണ്ടതുണ്ടോ?’ എന്ന ചോദ്യം പ്രസക്തമാകുന്നുണ്ട്.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുമ്പോള്‍ കൂടുതല്‍ വെള്ളം തമിഴ്‌നാടിന് കൊണ്ടുപോയിക്കൂടേ എന്ന സംശയങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ രസകരമായൊരു കാര്യം സുപ്രീംകോടതിനിയമിച്ച എംപവേര്‍ഡ് കമ്മിറ്റി അംഗമായ കെ. ടി. തോമസ് കമ്മിറ്റി റിപ്പോര്‍ട്ടിനോട് വിയോജിച്ച് കൊണ്ട് ഒപ്പുവെക്കുകയും അതിന്റെ കാരണങ്ങള്‍ നോട്ടീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതില്‍ ചൂണ്ടികാട്ടുന്നത് ഇടുക്കിയില്‍ 70 ടി.എം.സി. കപ്പാസിറ്റി ഉണ്ടായിട്ടും ഞങ്ങള്‍ക്ക് 54 ടി.എം.സി വെള്ളം മാത്രമേ കിട്ടുന്നുള്ളൂ എന്നും മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയില്‍നിന്ന് കൂട്ടിയാല്‍ ഞങ്ങള്‍ക്ക് ഇടുക്കി ഡാമിലേക്ക് ആവശ്യമായ വെള്ളം കിട്ടില്ലെന്നും പറയുന്നുണ്ട്. അതായത് ഇന്ന് വെള്ളം തമിഴ്‌നാടിന് കൊണ്ട് പോയിക്കൂടേ എന്ന് കേരളീയര്‍ ചോദിക്കുമ്പോള്‍ ഒരു കാലഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ വെള്ളം നമുക്ക് കിട്ടാത്തത് കൂടിയായിരുന്നു നമ്മള്‍ ജലനിരപ്പുയര്‍ത്തരുതെന്ന് പറയാനുള്ള ഒരു കാരണമെന്നതാണ്.

കേരളം മുന്നോട്ടുവെച്ച ഡാമിന്റെ ബലക്ഷയം, പരിസ്ഥിതിപ്രശ്‌നം, വെള്ളംകിട്ടുന്നില്ല എന്ന പരാതി, കരാറിനെ സംബന്ധിച്ച പരാതി എല്ലാം ഇന്ത്യയുടെ പരമോന്നത കോടതി നിരുപാധികം തള്ളിയ വിഷയമാണ്. അതാണ് വസ്തുത. അതോടൊപ്പം 136 അടിക്കുമുകളില്‍ ഉയര്‍ത്തുമ്പോള്‍ മുല്ലപ്പെരിയാറിന് താഴേ ജീവികുന്നവര്‍ക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും 6 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൈക്കോസിസ് വരുന്നുവെന്നും റിപ്പോര്‍ട്ടിനെ വിയോജിച്ചുകൊണ്ട് കേരളം പങ്കുവെക്കുന്നുണ്ട്. ഡാമിനെകുറിച്ച് അനാവിശ്യമായ വിവാദവും ആശങ്കയും പ്രചരിപിക്കുന്നതിനാലല്ലേ ഇത്തരം പ്രശ്‌നം? അത്തരം ആശങ്കകള്‍ പ്രചരിപ്പിക്കാതിരിക്കുകയല്ലേ പരിഹാരമെന്ന ചോദ്യത്തിനുമുന്നില്‍ ആ വാദത്തിന്റെ നിലനില്‍പും അസ്തമിക്കുന്നു.

കേരളത്തില്‍ ബാലിശമായ വാദങ്ങള്‍പറഞ്ഞുകൊണ്ട് തല്പരകക്ഷികളും രാഷ്ട്രീയക്കാരും നടത്തിയ പ്രചാരണങ്ങള്‍ ഇന്നും ഒരുപാട് മനുഷ്യരുടെ ഉറക്കംകെടുത്തുന്നുണ്ട്. അത് ഇനിയെങ്കിലും ഇല്ലാതാകേണ്ടത് അനിവാര്യമാകുന്നു.

References
1. verdict of supreme court W(C)386/2001 State of tamil nadu vs state of kerala on 7 may 2014
2 .Dam break analysis by IIT Roorkee (WRC-1022/11-12) Final report volume: 1,2,3
3. report on Empowered committee (constituted under directions of the Hon’ble supreme court of india.
4. International research journal of engineering and technology (IRJET) volume:6 Issue 10 octo 2019
5. compendium of technical papers volume 1 by DRIP
6. International research Journal of Engineering and technology (IRJET) volume 3 issue 3 march 2014
7. Dam safety and DRIP activties in Tamilnadu presented by V.D Suresh project director, TNSPMU
8. Guideline for dam decommissioning project ussd july 2015
9. List of reported failure of dam in india
10. Report on Dam safety procedures by cwc Attachments area

Leave a Reply

Your email address will not be published. Required fields are marked *