എവിഡന്‍സ് ബേസ്ഡ് പൊളിറ്റിക്‌സ് കേരളത്തില്‍ ഉയരുമോ; പ്രവീണ്‍ രവി എഴുതുന്നു


“ഇന്ത്യയിലെ 20% മിഡില്‍ ക്ലാസിന്റെ തലയില്‍ ആണ് ബാക്കി 80% പാവപ്പെട്ടവന്റെ ചിലവും കൂടി ഉള്ളത്. ജനസംഖ്യയുടെ 6.25% ജനങ്ങള്‍ മാത്രം ആണ് ഇന്ത്യയില്‍ ഇന്‍കം ടാക്‌സ് അടക്കുന്നത്. അതായത് 136 കോടിയില്‍ വെറും 8.27 കോടി ആളുകള്‍. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പ്രധാന വരുമാനം ആണ് ഇന്‍ഡയറക്ട് ടാക്‌സ്. അതില്‍ ഏറ്റവും പ്രധാനം ആണ് പെട്രോള്‍ നികുതി. വിവിധ പാര്‍ട്ടികള്‍ ഇത്രകാലം സമരം നടത്തിയിട്ടും ഇന്ധനവില നാള്‍ക്കുനാള്‍ ഉയര്‍ന്നത് അല്ലാതെ ഒരിക്കലും കുറഞ്ഞിട്ടില്ല.”- പ്രവീണ്‍ രവി എഴുതുന്നു

എവിഡന്‍സ് ബേസ്ഡ് പൊളിറ്റിക്‌സ്

കേരളത്തിലെ എന്നല്ല ലോകത്തിലെ എവിടുത്തെയും ശാപം ആണ് കക്ഷിരാഷ്ട്രീയ അടിമകളും അവരുടെ നേതാക്കന്മാരും നടത്തുന്ന രാഷ്ട്രീയ നാടകങ്ങള്‍. അതിലെ അവസാനത്തേത് ആണ് ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് നടന്ന കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരം. കോണ്‍ഗ്രസ് ഭരിച്ചു കൊണ്ടിരുന്നപ്പോള്‍ ബിജെപി നടത്തിയ സ്‌കൂട്ടര്‍ തള്ളലും, വിറകടുപ്പ് സമരവും, ആഴ്ചയില്‍ ആഴ്ചയില്‍ സെലിബ്രിറ്റികളുടെ ട്വീറ്റും ഒക്കെ നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ അവരെല്ലാം നിശബ്ദരാണ്. സി.പി.എം ആണെങ്കില്‍ വഴിപാട് ആചാരം എന്ന മട്ടില്‍ ഹര്‍ത്താലും ബന്ദും നടത്തി കൊണ്ടിരുന്നു. വഴി തടയുക, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നല്ലാതെ ഇവരെല്ലാം സമരം നടത്തിയിട്ടും ഇന്ധനവില നാള്‍ക്കുനാള്‍ ഉയര്‍ന്നത് അല്ലാതെ ഒരിക്കലും കുറഞ്ഞിട്ടില്ല.

എന്താണ് കാരണം? ഇവരാരും ഒരിക്കലും യാഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ല എന്നതാണ് അതിന്റെ അടിസ്ഥാന കാരണം. അങ്ങനെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം എങ്കില്‍ പ്രശ്‌നങ്ങളെ കുറിച്ച് മനസ്സിലാക്കുന്ന ഒരു പൊതുജനം ഇവിടെ ഉണ്ടാവണം. അതുണ്ടാവാതെ ഇരിക്കാന്‍, പൊതുജനങ്ങളെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അറിയിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമോ അതാണ് രാഷ്ട്രീയക്കാരും അവരുടെ അടിമകളും ഏതാനും മാധ്യമങ്ങളും ഇവിടെ ചെയ്തു കൊണ്ടിരുന്നത്, കൊണ്ടിരിക്കുന്നത്. നിങ്ങള്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കൂ, അങ്ങനെ മാത്രമേ ആ പ്രശ്‌നത്തെ സോള്‍വ് ചെയ്യാന്‍ കഴിയൂ. അല്ലാതെ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പാര്‍ട്ടി ഭരിക്കുന്നു അത് കൊണ്ട് ഞാന്‍ എപ്പോഴും എതിര്‍ത്ത് കൊണ്ടിരിക്കും എന്നത് അന്ധമായ രാഷ്ട്രീയ അടിമത്തം ആണ്. അത് നിങ്ങള്‍ക്കോ സമൂഹത്തിനോ ഗുണം ചെയ്യില്ല.

പെട്രോള്‍ വില വര്‍ദ്ധനവിന് കാരണം?

കഴിഞ്ഞ വര്‍ഷം ഈ സമയം പ്രധാന ചര്‍ച്ച എണ്ണക്കമ്പനികള്‍ക്ക് വില നിര്‍ണയിക്കാന്‍ ഉള്ള അവകാശം കൊടുത്തതും, കോര്‍പ്പറേറ്റുകളുടെ അമിത ലാഭക്കൊതി എന്നീ കാരണങ്ങളില്‍ നിന്നും ഇന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അമിതമായ നികുതി എന്ന യാഥാര്‍ഥ്യത്തിലേക്ക് ജനങ്ങള്‍ എത്തി. മാത്രമല്ല ഇന്ത്യയുടെ എണ്ണ വിപണി നിയന്ത്രിക്കുന്ന പ്രധാന കമ്പനികള്‍ എല്ലാം പൊതുമേഖലാ കമ്പനികള്‍ ആണെന്നതും ആളുകള്‍ക്ക് മനസിലായി. അത് കൊണ്ട് തന്നെ വില നിര്‍ണയ അധികാരം ഇവര്‍ക്ക് കൊടുത്തുവെങ്കിലും ഇലക്ഷന്‍ സമയങ്ങളില്‍ സര്‍ക്കാരിന് തോന്നുന്ന പോലെ ഈ കമ്പനികളെ നിയന്ത്രിക്കാന്‍ കഴിയുന്നു എന്നും മനസിലായി.

ഇപ്പോള്‍ പെട്രോള്‍ വില നൂറു കടന്നപ്പോള്‍ കാര്യങ്ങളെ കുറച്ചു കൂടി സമഗ്രമായി കാണേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഉയര്‍ന്ന നികുതിക്ക് പുറമെ, ആഗോള വിപണിയില്‍ ഇന്ധന വിലയില്‍ ഉണ്ടായ വര്‍ധനവും അതിനോടൊപ്പം സംസ്ഥാനങ്ങളുടെ വാറ്റ് വരുമാനം വര്‍ധിച്ചതും ഈ കൂട്ടത്തില്‍ ചേര്‍ത്ത് വായിക്കണം.

വാറ്റ് നികുതി കേന്ദ്ര നികുതിക്കും പുറത്തു ശതമാനക്കണക്കില്‍ കണക്കാക്കുന്നതുകൊണ്ട് ക്രൂഡ് വില സ്ഥിരമായി കൂടുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി വരുമാനം അതിനനുസരിച്ചു കൂടും. എന്നാല്‍ കേന്ദ്ര നികുതി സ്ഥിര സംഖ്യ ആയത് കൊണ്ട് അതില്‍ മാറ്റം ഉണ്ടാകുന്നില്ല. അത് കൊണ്ട് തന്നെ ചേട്ടനും അനിയനും ഇതില്‍ ഒരുപോലെ കുറ്റക്കാരാണ് എന്ന യാഥാര്‍ഥ്യം പലര്‍ക്കും അംഗീകരിക്കേണ്ടി വന്നു.

ഫാക്ട് ബേസ്ഡ് നരേട്ടീവുകള്‍ ഉണ്ടാക്കിയ തലവേദന

ഇടതുപക്ഷത്തെ സേഫ് ആക്കി കേന്ദ്ര സര്‍ക്കാരിനെയും കോര്‍പ്പറേറ്റുകളെയും മാത്രം ഇന്ധന വില വര്‍ദ്ധനവിന് കുറ്റം പറഞ്ഞിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ അംഗങ്ങള്‍ക്ക് ഈ ഫാക്ട് ബേസ്ഡ് നരേട്ടീവുകള്‍ വലിയ തലവേദന ഉണ്ടാക്കി. അത് കൊണ്ട് തന്നെ എസ്സന്‍സിനെയും അതിലെ അംഗങ്ങളെയും സംഘി ചാപ്പ അടിച്ചു വലതുപക്ഷ വാദികള്‍ ആക്കി മാറ്റാന്‍ കൊണ്ട് പിടിച്ച ശ്രമങ്ങളും നടന്നു.
ഇവിടെ വസ്തുത കേള്‍ക്കാനും അറിയാനും താല്‍പര്യം ഉള്ള വളരെ ചെറിയ ഒരു ശതമാനം ആളുകളെ ഉള്ളൂ. പക്ഷെ അങ്ങനെ ഉള്ള ഓരോ വ്യക്തിയും കക്ഷി രാഷ്ട്രീയ അടിമകള്‍ക്കും, അവരുടെ അജണ്ടകള്‍ക്കും വലിയ രീതിയില്‍ ക്ഷീണം ഉണ്ടാക്കും. കര്‍ഷക ബില്ലിന്റെ കാര്യത്തിലും ബില്ലിലെ ഗുണങ്ങള്‍ ദോഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം ബി.ജെ.പി.യുടെ രാഷ്ട്രീയം ആണ് ഇവിടെ ആളുകള്‍ ചര്‍ച്ച ആക്കിയത്.

പക്ഷെ നമ്മള്‍ ബില്ല് എന്താണ് എന്നും ബില്ല് ശരിയായി നടപ്പിലാക്കപ്പെട്ടാല്‍ കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചും സംസാരിച്ചു. അതും ഇവിടെയുള്ള സൊകോള്‍ഡ് രാഷ്ട്രീയ അടിമകള്‍ക്ക് രസിച്ചില്ല. പക്ഷെ സാധാരണക്കാരായ ജനങ്ങള്‍ക്ക് കാര്യങ്ങളെക്കുറിച്ച് കുറച്ചുകൂടി ബോധ്യം ഉണ്ടാകുന്നതിനു സഹായിച്ചു. അംബാനിയും അദാനിയും വന്നു എല്ലാം കൊണ്ടുപോകും എന്ന സ്ഥിരം കോര്‍പ്പറേറ്റ് ഭീതി വ്യാപരത്തില്‍ നിന്നും ബില്ലിലെ വ്യവസ്ഥകളെ കുറിച്ച് സംസാരിക്കാന്‍ ആളുകള്‍ നിർബന്ധിതരായി.

പറയുന്ന കാര്യങ്ങളില്‍ പിശകുകള്‍ ഉണ്ടാകാം, അങ്ങനെ തെറ്റാവരം കിട്ടിയ ആളുകള്‍ അല്ല നമ്മളാരും. അങ്ങനെ തെറ്റുകള്‍ ഉണ്ടങ്കില്‍ വ്യക്തി അധിക്ഷേപം നടത്താതെ ആരോഗ്യകരമായ ഒരു ചര്‍ച്ചക്ക് വരുന്നതിനു പകരം കേരളത്തിലെ ബുദ്ധിജീവിക്കൂട്ടം മൂത്രപ്പുരയില്‍ തെറി എഴുതി വയ്ക്കുന്ന മാനസികരോഗികളെ പോലെയാണ് എതിര്‍ ആശയങ്ങളെ, അത് പറയുന്നവരെ നേരിടുന്നത്. അപ്പോള്‍ അവിടെ ഉണ്ടാകുന്നത് പിന്നെ ചര്‍ച്ച അല്ല അധിക്ഷേപം ആണ്. അവര്‍ക്കു വേണ്ടതും അതാണ്, ചിലപ്പോള്‍ ഒക്കെ അത്തരം ട്രാപ്പുകളില്‍ നമ്മളും വീഴും. എങ്കിലും പരമാവധി ഒച്ചപ്പാട് ഉണ്ടാക്കുന്നവരില്‍ നിന്നും മാറി നടക്കുക ആണ് നമ്മള്‍ക്ക് നല്ലത്. നന്നായി ഉപയോഗിച്ചാല്‍ സോഷ്യല്‍ മീഡിയ ഒരു നല്ല ആശയവിനിമയ ഉപാധിയാണ്. പക്ഷെ അമിത ജനാധിപത്യം ജനാധിപത്യ ബോധമില്ലാത്ത പൗരബോധമില്ലാത്ത ജനങ്ങളെ ലഹളയിലേക്ക് നയിക്കും എന്നത് പോലെയാണ് സോഷ്യല്‍ മീഡിയ ലോകം.

പാവപ്പെട്ടവന്റെ ചെലവും മിഡല്‍ക്ലാസിന്റെ തലയില്‍

ഇനിയും പറയാന്‍ പോകുന്നത് വീണ്ടും കുറച്ചു ഫാക്ട്‌സ് ആണ്. ഇന്ത്യയിലെ 20% മിഡില്‍ ക്ലാസിന്റെ തലയില്‍ ആണ് ബാക്കി 80% പാവപ്പെട്ടവന്റെ ചിലവും കൂടി ഉള്ളത്. ജനസംഖ്യയുടെ 6.25% ജനങ്ങള്‍ മാത്രം ആണ് ഇന്ത്യയില്‍ ഇന്‍കം ടാക്‌സ് അടക്കുന്നത്. അതായത് 136 കോടിയില്‍ വെറും 8.27 കോടി ആളുകള്‍. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പ്രധാന വരുമാനം ആണ് പരോക്ഷ നികുതി (Indirect Tax). അതില്‍ ഏറ്റവും പ്രധാനമാണ് പെട്രോള്‍ നികുതി. ഈ കൊറോണ കാലത്ത് നമ്മള്‍ പട്ടിണി മരണങ്ങള്‍ അധികം കേട്ടില്ല. എല്ലാവര്‍ക്കും കിട്ടിയില്ല എങ്കിലും കുറെ പേര്‍ക്ക് ഒക്കെ സഹായം കിട്ടി. ഇതൊന്നും ചുമ്മാ കിട്ടില്ല.

എല്ലാം സര്‍ക്കാര്‍ ചെയ്യണം എന്നാഗ്രഹിക്കുന്ന ജനങ്ങള്‍, ചന്തയില്‍ കൊണ്ട് പശുവിനെ തടിപ്പിക്കാന്‍ വരെ സര്‍ക്കാര്‍ ഉണ്ടങ്കില്‍ അത്രയും നല്ലത് എന്ന് കരുതുന്ന ജനങ്ങള്‍, നികുതി വര്‍ദ്ധനവിന് തെരുവില്‍ ഇറങ്ങിയത് കൊണ്ട് ഒരു കാര്യവും ഇല്ല. സര്‍ക്കാരിനെ സര്‍ക്കാരിന്റെ പണി ചെയ്യാന്‍ വിടുക, അല്ലാതെ നിങ്ങളുടെ ജെട്ടി വരെ അലക്കി തേച്ചു തരണം എന്ന വാശി കളയുക.

ആരോഗ്യവും വിദ്യാഭ്യസവും ഇല്ലാത്ത ജനത എല്ലാവര്‍ക്കും ബാധ്യത ആണ്. അപ്പോള്‍ നമുക്ക് വേണ്ടത്, മികച്ച പൊതുജനാരോഗ്യം, മികച്ച വിദ്യാഭ്യാസം, നല്ല ശമ്പളം ഉള്ള ജോലി, മികച്ച ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇതൊക്കെ ആയിരിക്കണം. അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ആയിരിക്കണം സര്‍ക്കാരുകള്‍ ചെയ്യേണ്ടത്.

അല്ലാതെ ലാപ്‌ടോപ് ഉണ്ടാക്കുക, ഓട്ടോറിക്ഷ ഉണ്ടാക്കി വില്‍ക്കുക തുടങ്ങിയ പരിപാടികള്‍ അല്ല. അതൊക്കെ വിറ്റു പോയില്ല എങ്കില്‍ വീണ്ടും നമ്മുടെ പുറത്ത് തന്നെ നികുതി ചുമത്തി ആ നഷ്ടവും ഈടാക്കും. അപ്പോഴും ദോ ലവനാണ് ഇതിനെല്ലാം കാരണം എന്നും പറഞ്ഞു നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ രാഷ്ട്രീയ അടിമകള്‍ വരുമ്പോള്‍ ‘ചേട്ടാ/അനിയാ ഇനിയും ഈ പരിപ്പ് ഇവിടെ വേവില്ല’ എന്ന് പറയാന്‍ ഉള്ള വിവരം നമ്മളും ആര്‍ജ്ജിക്കണം. അല്ലാതെ വഴിയേ പോകുന്നവന്റെ നെഞ്ചത്ത് കേറിയത് കൊണ്ടോ, പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു കുറെ ഹര്‍ത്താല്‍ നടത്തിയത് കൊണ്ടോ ഒരു കാര്യവും ഇല്ല.


Leave a Reply

Your email address will not be published. Required fields are marked *