ഒരു സൂപ്പർസ്റ്റാറിന്റെ സ്വാഗതം: ബിഗ് ബോസ് മലയാളവും സ്വവർഗപ്രണയത്തിന്റെ സൗന്ദര്യവും ലാളിത്യവും; വിനായകൻ സജീവ് ബീന എഴുതുന്നു


“കേരളത്തിൽ ക്വിയർ വ്യക്തിത്വങ്ങളെ തിരിച്ചറിയുന്നത് കൂടുതലും ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ദൃശ്യതയിലൂടെയാണ്. ഹിജഡ, തിരുനങ്കൈ തുടങ്ങിയ സമൂഹങ്ങൾ ചരിത്രപരമായിത്തന്നെ പൊതുബോധത്തിൽ ഇടംനേടുകയും നിയമപരമായ അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗേ, ലെസ്ബിയൻ വ്യക്തിത്വങ്ങൾ പലപ്പോഴും നിശ്ശബ്ദമാക്കപ്പെടുന്നു.” – ബൊലോണിയ സർവകലാശാലയിലെ എം എസ് സി ഇക്കണോമിക്സ് & പബ്ലിക് പോളിസി വിദ്യാർത്ഥിയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്വിയർ ഇക്കണോമിക്സിന്റെ സഹസ്ഥാപകനുമായ വിനായകൻ സജീവ് ബീന എഴുതുന്നു 

ഒരു സൂപ്പർസ്റ്റാറിന്റെ സ്വാഗതം: ബിഗ് ബോസ് മലയാളവും സ്വവർഗപ്രണയത്തിന്റെ സൗന്ദര്യവും ലാളിത്യവും

ഞാൻ ഓർലാൻഡോയിലായിരിക്കുമ്പോഴാണ് കേരളത്തിൽനിന്ന് എന്റെ അമ്മാവൻ ഒരു പാതിരാത്രിയിൽ വിളിക്കുന്നത്. ഞാൻ ഒരു ഗേ ആണെന്ന വിവരം മാതാപിതാക്കളിൽ നിന്നറിഞ്ഞ ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിളി. സമയത്തിലെ വൈരുദ്ധ്യം പ്രകടമായിരുന്നു: എനിക്കവിടെ പുലർന്നിട്ടേയുണ്ടായിരുന്നുള്ളൂ, അദ്ദേഹത്തിനാവട്ടെ രാത്രി ഏറെ വൈകിയിരുന്നു. അദ്ദേഹം പങ്കുവെച്ചത് വ്യക്തിപരമായ ആശങ്കകൾക്കപ്പുറമുള്ള ചില കാര്യങ്ങളായിരുന്നു. എന്റെ കാര്യങ്ങൾ നേരിട്ടു ചോദിക്കുന്നതിനു പകരം, അദ്ദേഹം സംസാരിച്ചു തുടങ്ങിയത് തന്റെ ഓഫീസിൽ പുതുതായി ജോലിക്കുചേർന്ന ഒരു ട്രാൻസ്‌ജെൻഡർ സഹപ്രവർത്തകയെക്കുറിച്ചാണ്. അദ്ദേഹത്തിന്, ക്വിയർ വ്യക്തിത്വങ്ങളെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നത് ലിംഗമാറ്റമെന്ന ആശയത്തിലൂടെ മാത്രമായിരുന്നു. ഞാൻ വളരെ ലളിതമായി മറുപടി നൽകി: “എന്റെ സഹോദരൻ പെൺകുട്ടികളെ ഇഷ്ടപ്പെടുന്നു, ഞാൻ ആൺകുട്ടികളെയും.” എന്നെ ഏറ്റവും വേദനിപ്പിച്ചത് അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ആശങ്കയായിരുന്നില്ല, മറിച്ച് ലോകപരിചയവും വിദ്യാഭ്യാസവുമുള്ള ഒരാൾക്കുപോലും സ്വവർഗാനുരാഗത്തെ അതിന്റെ സ്വാഭാവികതയിൽ മനസ്സിലാക്കാൻ കഴിയുന്നില്ല എന്നതായിരുന്നു. പിന്നീട് ഞാനറിഞ്ഞു, ഈയൊരു അജ്ഞത എന്റെ കുടുംബത്തിൽ വ്യാപകമാണെന്ന്. എന്റെ ബന്ധുവായ ഒരു ഗൈനക്കോളജിസ്റ്റ് ‘ലെസ്ബിയൻ’ എന്ന വാക്കിന്റെ അർത്ഥം തനിക്കറിയില്ലെന്ന് സമ്മതിക്കുകയുണ്ടായി. എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ അമ്മ പോലും, ഞാൻ പ്രണയിച്ചവരെ “പങ്കാളികൾ” എന്ന് അഭിസംബോധന ചെയ്യാതെ ഇന്നും “സുഹൃത്തുക്കൾ” എന്ന് വിളിക്കുന്നു. ഇതൊന്നും വിദ്വേഷം കൊണ്ടല്ല, മറിച്ച് സ്വവർഗപ്രണയത്തെ പേരെടുത്തുവിളിക്കാൻ മടിക്കുന്ന, അതിനെ അദൃശ്യമാക്കുന്ന ഒരു സംസ്കാരത്തിന്റെ പ്രതിഫലനമാണ്.

ആ അദൃശ്യതയാണ് ബിഗ് ബോസ് മലയാളം സീസൺ 7-ൽ ചോദ്യം ചെയ്യപ്പെട്ടത്. ഷോയിലെ ആദ്യത്തെ ലെസ്ബിയൻ ദമ്പതികളായ ആദില നസ്റിനെയും ഫാത്തിമ നൂറയെയും ഒരു മത്സരാർത്ഥി അപമാനിച്ചു: “അവർക്ക് സമൂഹത്തിൽ തുറന്നു ജീവിക്കാൻ കഴിയില്ല; നിങ്ങളാരും അവരെ സ്വന്തം വീടുകളിൽ സ്വീകരിക്കില്ല” എന്ന് പുച്ഛത്തോടെ പറഞ്ഞു. പല വീടുകളിലും ഇന്നും നിലനിൽക്കുന്ന മുൻവിധികൾക്ക് ശബ്ദം നൽകുകയായിരുന്നു അവർ. എന്നാൽ, അതിനുള്ള മറുപടി വന്നത് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സാംസ്കാരിക ബിംബമായ മോഹൻലാലിൽ നിന്നായിരുന്നു: “അവർ നിങ്ങളുടെ ചെലവിലല്ല ജീവിക്കുന്നത്. അവർ സ്വന്തമായി ജോലി ചെയ്ത് മാന്യമായി ജീവിക്കുന്നു… ഞാൻ അവരെ എന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യും.” ലക്ഷക്കണക്കിനാളുകൾ കണ്ടുകൊണ്ടിരുന്ന ആ നിമിഷം, അത് കേവലം മത്സരാർത്ഥിയും അവതാരകനും തമ്മിലുള്ള സംഭാഷണമായിരുന്നില്ല; കേരളത്തിന്റെ സാംസ്കാരിക വ്യവഹാരങ്ങളിലെ ഒരു വഴിത്തിരിവായിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ വേദിയിൽ, സ്വവർഗപ്രണയം അസ്വാഭാവികമല്ലെന്നും, മനുഷ്യന്റെ സാധാരണമായ ഒരു അവസ്ഥയാണെന്നും പ്രഖ്യാപിക്കപ്പെടുകയായിരുന്നു.

കേരളത്തിൽ ക്വിയർ വ്യക്തിത്വങ്ങളെ തിരിച്ചറിയുന്നത് കൂടുതലും ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ദൃശ്യതയിലൂടെയാണ്. ഹിജഡ, തിരുനങ്കൈ തുടങ്ങിയ സമൂഹങ്ങൾ ചരിത്രപരമായിത്തന്നെ പൊതുബോധത്തിൽ ഇടംനേടുകയും നിയമപരമായ അംഗീകാരം നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗേ, ലെസ്ബിയൻ വ്യക്തിത്വങ്ങൾ പലപ്പോഴും നിശ്ശബ്ദമാക്കപ്പെടുന്നു. മിഷേൽ ഫൂക്കോ നിരീക്ഷിക്കുന്നതുപോലെ, ചില യാഥാർത്ഥ്യങ്ങളെ പേര് ചൊല്ലി വിളിക്കാൻ അനുവദിക്കാതെയാണ് അധികാരം അവയെ അദൃശ്യമാക്കുന്നത്. ജൂഡിത്ത് ബട്ലർ അതിനോട് കൂട്ടിച്ചേർക്കും: കുടുംബം, വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങിയ സാമൂഹിക തിരക്കഥകളിൽ ഒതുങ്ങാത്തതുകൊണ്ട് സമലിംഗ പ്രണയം സമൂഹത്തിന് “വായിച്ചെടുക്കാൻ” കഴിയാതെ പോകുന്നു. ആദിലയെയും നൂറയെയും “സാധാരണ” വീടുകളിൽ സ്വീകരിക്കാനാവില്ലെന്ന് ആ മത്സരാർത്ഥി പറഞ്ഞപ്പോൾ, ഈ അധികാരഘടനയെയാണ് അവർ പ്രയോഗിച്ചത്. എന്നാൽ മോഹൻലാലിന്റെ മറുപടി ആ വാദത്തെ ഖണ്ഡിച്ചു; ലെസ്ബിയൻ പ്രണയത്തെ മലയാളി കുടുംബസങ്കൽപ്പത്തിലേക്ക് അദ്ദേഹം തിരികെച്ചേർത്തു.

ഇത്തരം മുൻവിധികൾക്ക് പലപ്പോഴും കാരണമാകുന്നത് സ്വവർഗപ്രണയത്തെക്കുറിച്ചുള്ള ലൈംഗിക അതിഭാവുകത്വമാണ് (hypersexualization). ഗേ, ലെസ്ബിയൻ പ്രണയങ്ങളെ കേവലം ലൈംഗികവൃത്തികളുടെ പട്ടികയായോ വികാരരഹിതമായ കാമമായോ മാത്രം ചിത്രീകരിക്കുന്നു. ഇതുവഴി, സമലിംഗ ദമ്പതികളുടെ ജീവിതത്തിലെ സാധാരണത്വം നിഷേധിക്കപ്പെടുന്നു. എന്നാൽ യാഥാർത്ഥ്യത്തിൽ, ഭിന്നലിംഗ ദമ്പതികളെപ്പോലെ അവരും വഴക്കിടുന്നു, അടുക്കള പങ്കുവെക്കുന്നു, പരസ്പരം ആശ്വസിപ്പിക്കുന്നു, ദൈനംദിന ജീവിതം ഒരുമിച്ച് നയിക്കുന്നു. ലൈംഗികതയിലെ അതിഭാവുകത്വം എല്ലാത്തരം ബന്ധങ്ങളിലും സംഭവിക്കാം; അതിനെ ഗേ, ലെസ്ബിയൻ വ്യക്തികളുടെ മാത്രം പ്രത്യേകതയായി ചിത്രീകരിക്കുന്നത് തെറ്റാണ്. ആദിലയുടെയും നൂറയുടെയും സ്നേഹവും സാധാരണ ജീവിതവും സ്ക്രീനിൽ വന്നപ്പോൾ, സ്വവർഗപ്രണയം ലൈംഗികത മാത്രമാണെന്ന മിഥ്യാധാരണ തകരുകയായിരുന്നു.

സിനിമയും സമാനമായ ഒരു മാറ്റത്തിന് വേദിയായി. മമ്മൂട്ടി അഭിനയിച്ച ‘കാതൽ: ദി കോർ’ എന്ന ചിത്രം ഒളിഞ്ഞുകഴിയുന്ന ജീവിതങ്ങളെ തുറന്നുകാട്ടി. നിർബന്ധിത ഭിന്നലൈംഗികതയുടെ (compulsory heterosexuality) പ്രത്യാഘാതങ്ങൾ ആ സിനിമ വരച്ചുകാട്ടി: കുടുംബം, മതം, സാമ്പത്തിക സുരക്ഷിതത്വം എന്നിവയുടെ സമ്മർദ്ദത്താൽ പുരുഷന്മാർ വിവാഹത്തിലേക്ക് തള്ളപ്പെടുന്നു; സ്ത്രീകൾക്ക് ഒരിക്കലും പൂർണ്ണമാകാത്ത ബന്ധങ്ങളിൽ ജീവിക്കേണ്ടി വരുന്നു. ആ ചിത്രത്തിന്റെ ശക്തി അതിന്റെ സാധാരണത്വത്തിലാണ്. ആ നിശ്ശബ്ദത വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളെത്തന്നെയും എങ്ങനെയെല്ലാം കാർന്നുതിന്നുന്നു എന്ന് ചിത്രം വ്യക്തമാക്കുന്നു. സ്വവർഗാനുരാഗത്തിന് ഇടം നൽകാത്ത ഒരു സാമൂഹിക വ്യവസ്ഥയുടെ ഇരകളായി മാറുകയാണ് അതിലെ രണ്ടുപേരും.

ഓർലാൻഡോയിലെ ആ സംഭാഷണവും ബിഗ് ബോസിലെ ഈ ഏറ്റുമുട്ടലും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഗേ, ലെസ്ബിയൻ വ്യക്തിത്വങ്ങൾ ഒന്നുകിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു, അല്ലെങ്കിൽ പൂർണ്ണമായും അദൃശ്യമാക്കപ്പെടുന്നു എന്നതാണ് രണ്ടും വ്യക്തമാക്കുന്നത്. പാശ്ചാത്യലോകത്ത്, ഗേ, ലെസ്ബിയൻ സമൂഹങ്ങൾ നിയമപരവും സാംസ്കാരികവുമായ അംഗീകാരം നേടിയതുകൊണ്ട് അവിടുത്തെ പോരാട്ടങ്ങൾ ഇപ്പോൾ ട്രാൻസ്‌ജെൻഡർ അവകാശങ്ങളെ കേന്ദ്രീകരിച്ചാണ്. എന്നാൽ ഇന്ത്യയിൽ സ്ഥിതി മറിച്ചാണ്. ട്രാൻസ്‌ജെൻഡർ ദൃശ്യത വർധിക്കുമ്പോഴും, സ്വവർഗാനുരാഗം സാമൂഹികമായി “വായിച്ചെടുക്കാൻ” പ്രയാസമുള്ള ഒന്നായി തുടരുന്നു.

ഈ നിശ്ശബ്ദതയ്‌ക്കെതിരെ, ദൃശ്യതയെന്നത് ഒരു സാംസ്കാരിക വിഷയം മാത്രമല്ല, രാഷ്ട്രീയവുമാണ്. ഒരു ലിബർട്ടേറിയൻ എന്ന നിലയിൽ, വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ വിഷയമായാണ് ഞാൻ അതിനെ കാണുന്നത്. എല്ലാ പ്രതിസന്ധികൾക്കിടയിലും തുറന്നു ജീവിക്കാനുള്ള ആദിലയുടെയും നൂറയുടെയും തീരുമാനം കുടുംബം, മതം, ഭരണകൂടം എന്നിവയുടെ സമ്മർദ്ദങ്ങൾക്കെതിരായ ഒരു സ്വാതന്ത്ര്യപ്രഖ്യാപനമാണ്. എന്നാൽ ‘കാതലി’ലെ മമ്മൂട്ടിയുടെ കഥാപാത്രം പ്രതിനിധീകരിക്കുന്നത് നിർബന്ധിത നിശ്ശബ്ദതയുടെ ദുരന്തമാണ്. ലക്ഷക്കണക്കിന് ആളുകളിലേക്ക് സംപ്രേഷണം ചെയ്യപ്പെട്ട മോഹൻലാലിന്റെ വാക്കുകൾ, തുല്യമായ സമ്മതത്തോടെയുള്ള ബന്ധങ്ങളെ അംഗീകരിച്ചു: രണ്ട് സ്ത്രീകൾക്കോ രണ്ട് പുരുഷന്മാർക്കോ സമൂഹത്തിന്റെ അനുവാദം കൂടാതെ പരസ്പരം സ്നേഹിക്കാൻ കഴിയുമെന്ന് അത് ഉറപ്പിച്ചു.

ഏഴ് സീസണുകളിലായി, ബിഗ് ബോസ് മലയാളം ഇത്തരം പ്രതിരോധങ്ങളുടെ വേദിയായിട്ടുണ്ട്. മജീഷ്യൻ അശ്വിൻ വിജയ് തന്റെ ലൈംഗികതയെക്കുറിച്ച് തുറന്നുപറഞ്ഞു. ജാസ്മിൻ മൂസയും അപർണ മൾബെറിയും തങ്ങളുടെ ലെസ്ബിയൻ വ്യക്തിത്വം പങ്കുവെച്ചു. മിസ്റ്റർ ഗേ കേരളയായിരുന്ന അഭിഷേക് ജയദീപ് മത്സരാർത്ഥിയായി എത്തി. എന്നാൽ ഏഴാം സീസണിൽ ആദിലയും നൂറയും വന്നപ്പോഴാണ് യഥാർത്ഥ സാംസ്കാരിക വിള്ളലുണ്ടായത്. ഒരിക്കൽ മറച്ചുവെക്കപ്പെട്ടത്, ഇനിയൊരിക്കലും മറയ്ക്കാനാവാത്ത വിധം ദൃശ്യമായിക്കഴിഞ്ഞു.

വിപ്ലവം പൂർത്തിയായിട്ടില്ല. ഏഴാം സീസണിലെ ആ മത്സരാർത്ഥിയുടെ വാക്കുകൾ ഇന്നും പല വീടുകളിലും പ്രതിധ്വനിക്കുന്നുണ്ടാവാം. മാതാപിതാക്കൾ പ്രണയബന്ധങ്ങളെ ‘സൗഹൃദം’ എന്ന് തെറ്റായി വ്യാഖ്യാനിക്കുന്നു. കുടുംബങ്ങൾ മകനെ നിർബന്ധിത വിവാഹത്തിലേക്ക് തള്ളുന്നു. മതം അതിനെ ‘പാപം’ എന്ന് മുദ്രകുത്തുന്നു. എന്നാൽ മാറ്റത്തിന്റെ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ‘കാതൽ’ സിനിമയിലൂടെയും ബിഗ് ബോസ് ടെലിവിഷനിലൂടെയും, കേരളം ഏറെക്കാലമായി കാണാൻ വിസമ്മതിച്ച യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ നിർബന്ധിതമാകുന്നു. സ്വവർഗപ്രണയത്തിന്റെ സൗന്ദര്യം വിവാദങ്ങളിലോ പ്രകടനങ്ങളിലോ അല്ല, അതിന്റെ സാധാരണത്വത്തിലാണ് കുടികൊള്ളുന്നത്. എന്റെ സഹോദരന് സ്ത്രീകളോടുള്ള സ്നേഹത്തിൽ നിന്ന് ഒരു വ്യത്യാസവുമില്ലാത്ത ഒന്ന്. അത് വീട്ടകങ്ങളെപ്പോലെ സ്വാഭാവികമാണ്, മാന്യമാണ്, സ്വാഗതം ചെയ്യപ്പെടേണ്ടതാണ്—ഒരു സൂപ്പർസ്റ്റാറിന്റെ വീട്ടിലേക്ക് മാത്രമല്ല, കേരളസമൂഹത്തിന്റെ ഹൃദയത്തിലേക്കുമാണ്.

Loading