”സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം ജനങ്ങളില്‍ നിന്ന് ടാക്‌സ് പിരിക്കുന്നതിനേക്കാള്‍ വളരെ ആകര്‍ഷകമായ രീതി ആണ് പണം പ്രിന്റ് ചെയ്തു കൊണ്ട് ഇന്‍ഫ്ളേഷന്‍ വഴി പണം കണ്ടെത്തി ചിലവഴിക്കുക എന്നത്. ആളുകള്‍ക്ക് തങ്ങളുടെ കൈയിലെ പണത്തിന്റെ മൂല്യം കുറയുന്നത് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുകയില്ല. അതിനാല്‍ തന്നെ ഈ നികുതി ജനങ്ങളുടെ പ്രതിഷേധത്തിന് വഴി വെക്കുന്നില്ല.”-വിഷ്ണു അജിത്ത് എഴുതുന്നു
ജനപക്ഷ സര്‍ക്കാറുകള്‍ ഉണ്ടാക്കുന്ന ഇന്‍ഫ്‌ളേഷനുകള്‍
നമ്മള്‍ ഒരുപാട് തവണ ചര്‍ച്ച ചെയ്യാറുള്ളതും നമ്മുടെ നിത്യ ജീവിതത്തെ വളരെ അധികം ബാധിക്കുന്നതുമായ ഒരു വിഷയം ആണ് inflation അഥവാ വിലക്കയറ്റം. ക്രമാതീതമായി കുതിച്ചുയരുന്ന വില ഏതൊരു സാധാരണക്കാരന്റെയും കുടുംബ ബജറ്റ് തകരാറില്‍ ആക്കും എന്നത് കൊണ്ട് തന്നെ വിലക്കയറ്റം എന്നത് നമുക്ക് ആര്‍ക്കും ഇഷ്ടം ഇല്ലാത്ത ഒരു കാര്യം ആണ്. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികളില്‍ നിന്നും കര കയറാന്‍ തുടങ്ങുന്ന സമയത്ത് തന്നെ വിലക്കയറ്റം നമ്മുടെ സമ്പദ് വ്യവസ്ഥയെ ബാധിച്ചത് ഒരുപാട് ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ചും സമൂഹത്തിലെ താഴെക്കിടയിലുള്ള കുറഞ്ഞ വരുമാനം മാത്രം ഉള്ള ജനങ്ങള്‍ക്ക്. പ്രശ്‌നങ്ങള്‍ പലപ്പോളും ചര്‍ച്ച ചെയ്യുന്നു എങ്കിലും രാഷ്ട്രീയക്കാരുടെ പരസ്പരം ഉള്ള പഴിചാരല്‍ അല്ലാതെ പ്രശനം പരിഹരിക്കുന്നത് എങ്ങിനെ ആണ് എന്നതിനെപ്പറ്റി ഉള്ള ചര്‍ച്ചകള്‍ അപൂര്‍വമാണ്.
എന്താണ് inflation എന്നതിന് സാധാരണ ആയി കണ്ടു വരുന്ന നിര്‍വചനം എന്നത് വിപണിയിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും വില പൊതുവായി വര്‍ധിക്കുന്ന പ്രതിഭാസം എന്നതാണ്. ഇവിടെ പൊതുവായി എന്ന് പ്രത്യേകം പറയാന്‍ കാരണം inflation എന്നത് നമ്മള്‍ വാങ്ങാന്‍ നോക്കുന്ന ഏതെങ്കിലും ഒന്നോ രണ്ടോ സാധനങ്ങളുടെ വില കൂടുന്നത് അല്ല, മറിച്ചു എല്ലാ സാധന സേവനങ്ങളുടെയും വില മൊത്തത്തില്‍ നോക്കുമ്പോള്‍ കൂടുതല്‍ ആകുന്നു എന്നത് ആയതില്‍നാല്‍ ആണ്. അതായത് ചില സാധന സേവനങ്ങളുടെ മാത്രം വില കൂടിയാലും ഇന്‍ഫ്ളേഷന്‍ ആണ് എന്ന് പറയാന്‍ പറ്റില്ല. നേരെ മറിച്ച് മറ്റു ചില സാധന സേവനങ്ങളുടെ വില കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലും ഇന്‍ഫ്ളേഷന്‍ സംഭവിക്കുകയും ചെയ്യാം എന്നര്‍ത്ഥം
പണത്തിന്റെ വില
സാധന സേവനങ്ങളുടെ വില കൂടുന്ന സാഹചര്യം ആണ് ഇന്‍ഫ്ളേഷന്‍ എന്ന് നമ്മള്‍ മുകളില്‍ കണ്ടുവല്ലോ. എന്തൊക്കെ ആണ് ഇത് ഉണ്ടാകുവാന്‍ ഉള്ള കാരണങ്ങള്‍? ഇന്‍ഫ്ളേഷന്‍ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്നത് എന്താണ്? ആരാണ് ഇതിന്റെ ഉത്തരവാദികള്‍? സാധാരണക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഈ പ്രശ്‌നത്തിന്റെ കാരണവും പരിഹാരങ്ങളും എന്തെല്ലാമാണ്?
ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണം എങ്കില്‍ ആദ്യം നമ്മള്‍ എന്താണ് പണം എന്നും അതിന്റെ വില എന്താണ് എന്നും മനസ്സിലാക്കണം. നമ്മുടെ നിത്യ ജീവിത്തില്‍ നാം ഉപയോഗിക്കുന്ന മറ്റേതൊരു വസ്തുവും പോലെ നമ്മുടെ ചില ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു വസ്തു ആണ് പണവും. ഒരു പേന നമ്മളെ എഴുതുവാന്‍ സഹായിക്കുന്ന പോലെ, ഒരു കാര്‍ നമുക്ക് സുഖകരമായ യാത്രയ്ക് സഹായിക്കുന്ന പോലെ തന്നെ പണം നമ്മളെ ആവശ്യ വസ്തുക്കളും സേവനങ്ങളും സുഗമമായി കൈമാറ്റം ചെയ്യുവാന്‍ സഹായിക്കുന്നു (Medium of Exchange).
അത് പോലെ തന്നെ നമ്മുടെ ഭാവി ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന മൂല്യത്തെ സൂക്ഷിച്ചു വെക്കുവാനും (Storage of value) പണം കൈവശം വെക്കുന്നതിലൂടെ നമുക്ക് സാധിക്കുന്നുണ്ട്. കാറിന്റെയും പേനയുടെയും മൂല്യം നമുക്ക് പണത്തിന്റെ രൂപത്തില്‍, അതായത് അതിന്റെ വിലയിലൂടെ മനസ്സിലാക്കുവാന്‍ സാധിക്കും. ഉദാഹരണത്തിന് 10 പേനക്ക് 100 രൂപ എന്ന് പറയുമ്പോള്‍, നമുക്ക് പത്തു പേന ലഭിക്കുവാന്‍ നമ്മള്‍ നമ്മുടെ കൈയില്‍ ഉള്ള 100 രൂപ ചെലവഴിക്കണം എന്നാണല്ലോ അര്‍ഥം. എന്നാല്‍ ഇതേ ലോജിക്ക് പണത്തിന്റെ കാര്യത്തില്‍ എടുക്കാന്‍ കഴിയില്ല. കാരണം പത്ത് രൂപ ലഭിക്കാന്‍ പത്തു രൂപ ചെലവഴിക്കണം എന്ന് പറയുമ്പോള്‍ അത് അര്‍ത്ഥ ശൂന്യമായി മാറുന്നു. അത് കൊണ്ട് തന്നെ പണത്തിന്റെ വില എന്താണ് എന്ന് ചിന്തിക്കുമ്പോള്‍ നമ്മള്‍ തിരിച്ചു സാധനങ്ങളുടെയും സേവനങ്ങളുടെയും രൂപത്തില്‍ ചിന്തിക്കേണ്ടതുണ്ട്.
മുകളില്‍ പറഞ്ഞ പേനയുടെ ഉദാഹരണത്തിലൂടെ ലളിതമാക്കാന്‍ ശ്രമിക്കാം. 100 രൂപ കൊടുത്താല്‍ 10 പേന ലഭിക്കും എന്നത് തിരിച്ചു ചിന്തിച്ചാല്‍ നൂറു രൂപ ലഭിക്കണം എങ്കില്‍ നിങ്ങള്‍ 10 പേന വിട്ടു കൊടുക്കണം എന്ന് വായിക്കാം. അതായത് 10 പേന ആണ് നൂറു രൂപയുടെ വില. പേനയുടെ കാര്യത്തില്‍ മാത്രം അല്ല, പണം എല്ലാ ഇടപാടുകളുടെയും ഒരു വശത്ത് എല്ലായിപ്പോഴും ഉണ്ടാകും എന്നത് കൊണ്ട് തന്നെ ഏതൊരു ഇടപാടിനും ഈ ഒരു കാര്യം ബാധകമാണ്. പേനയ്ക് പകരം 5 ചോക്ലേറ്റ് (ഒരു ചോക്ലേറ്റിന് 20 രൂപ എന്ന് സങ്കല്പിക്കുക) ആണ് 100 രൂപയുടെ വില എന്ന് പറയാം, അല്ലെങ്കില്‍ 3 ചോക്ലേറ്റ് ഉം 4 പേനയും ആണ് 100 രൂപയുടെ വില എന്ന് പറയാം. അത് പോലെ നമ്മള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് സാധന സേവനങ്ങളുടെയും രൂപത്തില്‍ പണത്തിന്റെ വില എന്താണെന്ന് മനസിലാക്കാം. ചുരുക്കി പറഞ്ഞാല്‍ ഏതൊരു സാധന സേവനങ്ങളും വാങ്ങുവാന്‍ ഉള്ള കഴിവ് അഥവാ Purchasing Power ആണ് പണത്തിന്റെ വില എന്ന് പറയുന്നത്.
മറ്റേതൊരു സാധന സേവനങ്ങള്‍ക്കും എന്നപോലെ പണത്തിനു ഒരു വില ഉണ്ട് എന്ന് നമ്മള്‍ കണ്ടു. മറ്റുള്ളവയുടെ വില പണത്തിന്റെ രൂപത്തില്‍ എളുപ്പത്തില്‍ പ്രകടിപ്പിക്കാന്‍ പറ്റുമ്പോള്‍ പണത്തിന്റെ വില അങ്ങിനെ പ്രകടിപ്പിക്കാന്‍ പറ്റുന്നില്ല എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. അതുപോലെ മറ്റേതൊരു വസ്തുവും പോലെ തന്നെ പണത്തിന്റെ വിലയും ഡിമാന്‍ഡും സപ്ലൈയും അനുസരിച്ച തന്നെ ആണ് നിശ്ചയിക്കപ്പെടുന്നത്. പണം എത്ര കിട്ടിയാലും മതിയാവാത്ത ഒന്നായത് കൊണ്ട് പണത്തിന്റെ ഡിമാന്‍ഡ് എപ്പോളും കൂടിക്കൊണ്ടിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്.
യഥാര്‍ത്ഥത്തില്‍ പണം അല്ല, മറിച്ചു ആ പണം ഉപയോഗിച്ച് വാങ്ങാന്‍ കഴിയുന്ന സാധന സേവനങ്ങള്‍ ആണ് നമ്മള്‍ വില മതിക്കുന്നത്. പണം നേരത്തെ പറഞ്ഞ പോലെ നമുക്ക് അവ കൈമാറ്റം ചെയ്തു ലഭിക്കുവാന്‍ ഉള്ള ഒരു മാധ്യമം മാത്രം ആണ്. അത്‌കൊണ്ട് പണത്തിന്റെ ഡിമാന്‍ഡ് പ്രധാനമായും ആശ്രയിച്ചിരുന്നത് പണത്തിന്റെ ഭാവിയിലെ വാങ്ങല്‍ ശേഷിയെ (Purchasing Power) കുറിച്ചുള്ള ആളുകളുടെ പ്രതീക്ഷയെ ആണ്. പണം കൊണ്ട് ഭാവിയില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങുവാന്‍ സാധിക്കും എന്ന പ്രതീക്ഷ നമുക്ക് ഉണ്ടെങ്കില്‍, നമ്മള്‍ കുറച്ച പണം മാത്രം കൈയില്‍ കരുതിയാല്‍ മതിയാവും. കാരണം ആ കുറച്ച പണത്തിനു തന്നെ നമ്മുടെ ഭാവി ആവശ്യങ്ങളെ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. നേരെ മറിച്ചു പണത്തിന്റെ മൂല്യം കുറവാണ് എന്നാണെങ്കില്‍ നമുക്ക് വേണ്ട കുറച്ചു സാധനങ്ങള്‍ വാങ്ങണമെങ്കില്‍ പോലും നമ്മള്‍ കൂടുതല്‍ പണം കൈയില്‍ കരുതേണ്ടി വരും.
പണത്തിന്റെ ലഭ്യത എന്നാല്‍ സമ്പദ് വ്യവസ്ഥയില്‍ ഉള്ള പണത്തിന്റെ അളവാണ്. ഇത് നമ്മുടെ കറന്‍സിയുടെ രൂപത്തിലും ബാങ്ക് ബാലന്‍സിന്റെ രൂപത്തിലും എല്ലാം ഉള്ള മൊത്തം പണം ആണ്. മറ്റു സാധനങ്ങളുടെ പോലെ തന്നെ പണത്തിന്റെ ഡിമാന്‍ഡിലും അധികമായി സപ്ലൈ വിപണിയില്‍ ഉണ്ടാകുമ്പോള്‍ ആണ് പണത്തിന്റെ വില കുറയുന്നത് അഥവാ വിലക്കയറ്റം സംഭവിക്കുന്നത്.
ഇന്‍ഫ്ളേഷനും കാരണങ്ങളും
എന്നാല്‍ പലപ്പോളും ഈ ഒരു കാര്യം ആളുകള്‍ കാണാതെ പോകുകയും ഇന്‍ഫ്‌ളേഷന്റെ കാരണം ആയി മറ്റു പല കാരണങ്ങളും ഉയര്‍ത്തികാണിക്കുകയും ചെയ്യാറുണ്ട്. സാധനങ്ങള്‍ നിര്‍മാണത്തിന്റെ ഉള്ള ചിലവില്‍ (production cost) ഉള്ള വര്‍ദ്ധന (Cost Push Inflation), തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്നത് (Wage push Inflation), ആളുകളുടെ ആവശ്യങ്ങള്‍ കൂടുന്നതിനാല്‍ ഉണ്ടാകുന്ന ഡിമാന്‍ഡ് മൂലം ഉണ്ടാകുന്ന വില വര്‍ദ്ധന (Demand Pull Inflation) തുടങ്ങിയവ ആണ് കൂടുതലായും കേള്‍ക്കാറുള്ളത്. ഇതൊന്നും കൂടാതെ വലിയ കോര്‍പ്പറേറ്ററുകളുടെ പണത്തോടുള്ള ആര്‍ത്തിയും ഉപഭോക്താക്കളുടെ അമിതമായ ചിലവഴിക്കലും ആണ് ഇന്‍ഫ്ളേഷന്റെ കാരണം എന്ന് വാദിക്കുന്നവര്‍ വരെ ഉണ്ട്.
എന്നാല്‍ ഇന്‍ഫ്ളേഷന്റെ പ്രധാന കാരണം എന്നത് സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ ലഭ്യത (Money Supply) കൂടുന്നത് ആണ്. സമ്പദ് വ്യവസ്ഥയില്‍ നിലവില്‍ സാധന സേവനങ്ങള്‍ വാങ്ങുവാന്‍ ആവശ്യമായ പണത്തിലും കൂടുതല്‍ ആയി പണത്തിന്റെ ലഭ്യത ഉണ്ടാകുമ്പോള്‍ എല്ലാ സാധന സേവനങ്ങള്‍ക്കും പൊതുവായി വില വര്‍ധിക്കപ്പെടുന്നു. മുകളില്‍ പറഞ്ഞ മറ്റുള്ള കാരണങ്ങള്‍ പലതും ഇങ്ങനെ മണി സപ്ലൈ കൂടുന്നത് കൊണ്ടുള്ള പരിണിത ഫലങ്ങള്‍ മാത്രമാണ്. അതായത് വിലവര്‍ദ്ധനവ് ഉണ്ടാകണം എങ്കില്‍ ഉല്‍പ്പാദനത്തിനു ഉപരിയായി Money Supply കൂടണം. അങ്ങിനെ Money Supply കൂടുമ്പോള്‍ ഉണ്ടാകുന്ന ഒരു പരിണിത ഫലം ആണ് വിലവര്‍ദ്ധനവ് (A General increase in the Price Level).
അതായത് പണത്തിന്റെ ലഭ്യത സമ്പദ് വ്യവസ്ഥയില്‍ കൂടുന്നത് ഒരു രോഗം ആയി കണക്കാക്കിയാല്‍ ആ രോഗത്തിന്റെ ഒരു ലക്ഷണം ആണ് വില വര്‍ദ്ധനവ്. അത്‌കൊണ്ട് തന്നെ വിലവര്‍ദ്ധനവ് എന്നതിനേക്കാള്‍ പണത്തിന്റെ വര്‍ദ്ധനവ് (A General increase in the Money Supply) എന്ന നിര്‍വചനം ആണ് ഇന്‍ഫ്ളേഷനു കൂടുതല്‍ ചേരുന്നത്. പല സാമ്പത്തിക ശാസ്ത്രജ്ഞരും ഇന്‍ഫ്ളേഷനു ഈ ഒരു നിര്‍വചനം കൊടുക്കാറുണ്ട്.
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ Ludwing Von Mises ന്റെ നിര്‍വചന പ്രകാരം, ശൂന്യതയില്‍ നിന്ന് പണം ഉണ്ടാക്കികൊണ്ട്, പണത്തിന്റെ ലഭ്യത കൂട്ടുന്ന പ്രതിഭാസം ആണ് ഇന്‍ഫ്ളേഷന്‍. ഇന്‍ഫ്ളേഷന്‍ ഇങ്ങനെ നിര്‍വചിക്കുന്നത് നമ്മുടെ നിത്യ ജീവിതത്തില്‍ ഇത് കൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറച്ച കൂടി നല്ല രീതിയില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നുണ്ട്. എന്തെന്നാല്‍ എല്ലായിപ്പോലും Money Supply വര്‍ധിക്കുമ്പോള്‍ വിലക്കയറ്റം എന്ന രോഗ ലക്ഷണം ഉണ്ടാവണം എന്നില്ല. സമ്പദ് വ്യവസ്ഥയിലെ മൊത്ത ഉല്‍പ്പാദനം, പണത്തിന്റെ സപ്ലൈയില്‍ ഉള്ള വളര്‍ച്ചയേക്കാള്‍ കൂടുകയാണെങ്കില്‍ പ്രത്യക്ഷത്തില്‍ വിലവര്‍ദ്ധനവ് ഉണ്ടാകില്ല. എന്നാല്‍ തന്നെയും അധികമായി സമ്പദ്വ്യവസ്ഥയിലേക്ക് വരുന്ന പണം നമ്മുടെ എല്ലാവരുടെയും പണത്തിന്റെ മൂല്യത്തെ കുറയ്ക്കുന്നുണ്ട്. കാരണം ഒന്നും ഇല്ലായ്മയില്‍ നിന്ന് പണം സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ വെല്‍ത്ത് അഥവാ സമ്പത്ത് ഉണ്ടാകുന്നില്ല, സര്‍ക്കാര്‍ ഒന്നും നഷ്ടപ്പെടുത്താതെ തന്നെ പണം ഉണ്ടാക്കുകയാണ്. അങ്ങിനെ സംഭവിക്കണം എങ്കില്‍ ആ ഉണ്ടാക്കുന്ന പണത്തിനു തുല്യമായ നഷ്ടം ആരെങ്കിലും വഹിക്കണം. ആ നഷ്ടം ആണ് പണത്തിന്റെ മൂല്യ ശോഷണം ആയി നമുക്ക് അനുഭവപ്പെടുന്നത്. ഈ ഒരു മൂല്യ ശോഷണം Money Supply യുടെ രൂപത്തില്‍ ഇന്‍ഫ്ളേഷനെ നിര്‍വചിക്കുമ്പോള്‍ മാത്രമാണ് പൂര്‍ണമായും അക്കൗണ്ട് ചെയ്യപ്പെടുന്നത്.
എന്തുകൊണ്ടാണ് തൊഴിലാളികളുടെ വേതനത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ഇന്‍ഫ്ളേഷനു കാരണം ആകുന്നില്ല എന്ന് പറയുന്നത്? സമ്പദ് വ്യവസ്ഥയില്‍ നിര്‍മാണ ചെലവും തൊഴിലാളികളുടെ കൂലിയും എല്ലാം ഒരേ സമയം കുതിച്ചുയരണം. എങ്കില്‍ മാത്രമേ ആ സാധന സേവനങ്ങളുടെ എല്ലാ ആവശ്യക്കാരുടെ കൈയിലും ഈ ഉയര്‍ന്ന വില കൊടുക്കുവാന്‍ ഉള്ള അത്രയും പണം ഉണ്ടാകണം. അല്ലാത്ത പക്ഷം ഒരു സ്ഥലത്തു വില കൂടുമ്പോള്‍ മറ്റൊരു മേഖലയിലോ അല്ലെങ്കില്‍ അതെ മേഖലയിലെ തന്നെ മറ്റു സാധന സേവനങ്ങള്‍ക്കോ വിലകുറയും. പണത്തിന്റെ ലഭ്യത ആകെ ഉള്ള സമ്പദ് വ്യവസ്ഥയുടെ ഉല്‍പ്പാദനത്തിന് മുകളില്‍ കൂടാതെ എല്ലാ വിലകള്‍ക്കും ഒരുമിച്ച് ഉയരുവാന്‍ സാധിക്കില്ല. തൊഴിലാളികള്‍ എല്ലാവരും സംഘടിച്ച് വില പേശി കൂലി ഉയര്‍ത്തി എന്ന് കരുതുക. അപ്പോള്‍ സംഭവിക്കുക യൂണിയന് ശക്തമായ ഇടങ്ങളില്‍ തൊഴിലാളികളുടെ കൂലി ഉയരുക എന്നത് മാത്രം ആണ്.
കമ്പനികള്‍ക്ക് കൂടുതല്‍ ചെലവ് വരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ അവര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വില കൂട്ടേണ്ടി വരും. എന്നാല്‍ ഉയര്‍ന്ന വിലയില്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യക്കാര്‍ കുറയുന്നു. വില കൂട്ടാന്‍ കഴിയാത്ത പക്ഷം അവര്‍ ഒന്നുകില്‍ ഉല്‍പ്പാദനം കുറയ്ക്കും അല്ലെങ്കില്‍ മെഷീനുകള്‍ വെച്ച് തൊഴിലാളികളെ റീപ്ലേസ് ചെയ്ത് കുറച്ചു പേരെ മാത്രം ജോലിക്ക് എടുക്കും അതും അല്ലെങ്കില്‍ ഭാവിയില്‍ എടുക്കാന്‍ സാധ്യത ഉള്ള ആളുകളെ എടുക്കാതെ ആവും. അതുകൊണ്ട് തന്നെ ചില ആളുകള്‍ക്ക് ഭാവിയില്‍ കിട്ടുമായിരുന്ന കൂലി കുറച്ചുകൊണ്ട് മാത്രം ആണ് തൊഴിലാളി യൂണിയനുകള്‍ സമരം നടത്തുമ്പോള്‍ കൂലി കൂടുന്നത്. മറ്റുള്ള ആളുകളുടെ അവസരങ്ങളും ജോലി സാധ്യതകളും ഇല്ലാതെ ആക്കുന്നു എന്നല്ലാതെ വിലക്കയറ്റം ഉണ്ടാക്കുന്നതില്‍ അവര്‍ക്ക് യാതൊരു പങ്കും ഇല്ല.
മറിച്ചു ഇന്‍ഫ്ളേഷന്‍ കാരണം ഉള്ള വിലക്കയറ്റത്തിനു എതിരെ ഉള്ള response ആയി ആണ് തൊഴിലാളികളുടെ വേതനം വര്‍ധിക്കുന്നത്. അതുപോലെ തന്നെ പല കാരണങ്ങള്‍ കൊണ്ട് മറ്റേതൊരു സാധന സേവനങ്ങളുടെയും (ഉദാ: ഓയില്‍) ലഭ്യതയില്‍ പെട്ടെന്ന് കുറവ് വരുമ്പോള്‍ (Supply Shock) പണത്തിന്റെ ലഭ്യത കൂടാത്ത പക്ഷം അവയുടെ ഉപഭോഗം കുറയുകയോ, അല്ലെങ്കില്‍ മറ്റു സാധന സേവനങ്ങളുടെ ഉപഭോഗം കുറയുകയോ ചെയ്തുകൊണ്ട് അഡ്ജസ്റ്റ് ആകുകയാണ് ചെയ്യുക. ഇത്തരം ഷോക്കുകള്‍ മാറി സാധാരണ നിലയിലേക്ക് മാറുമ്പോള്‍ വീണ്ടും പഴയ നിലയിലേക്ക് വില നിലവാരങ്ങള്‍ അഡ്ജസ്റ്റ് ആകുകയും ചെയ്യുന്നു.
കോര്‍പ്പറേറ്റുകളുടെ കാര്യത്തിലും ഇത് ബാധകം ആണ്. കോര്‍പ്പറേറ്റുകള്‍ എത്ര അത്യാഗ്രഹികള്‍ ആണ് എന്ന് നമ്മള്‍ തീരുമാനിച്ചാല്‍ തന്നെയും, അവര്‍ എത്ര വില കൂട്ടിയാല്‍ തന്നെയും ആ വില കൊടുക്കാന്‍ സ്വമേധയാ ഉപഭോക്താക്കള്‍ തയാറായാല്‍ മാത്രമേ അവര്‍ക്ക് ആ വില കൂട്ടുവാന്‍ സാധിക്കുകയുള്ളൂ. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില ഭീമമായി വര്‍ധിപ്പിച്ച് ലാഭം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ആളുകളുടെ കൈയില്‍ പണം കൂടാത്ത പക്ഷം ആ പ്രോഡക്റ്റുകൾക്ക് ആവശ്യക്കാര്‍ കുറയും. കൂടാതെ ഈ അവസരത്തില്‍ വില കുറച്ചു കൊണ്ട് അവരുമായി മത്സരിക്കുന്ന ചെറുതും വലുതും ആയ ആളുകള്‍ കുറഞ്ഞ വിലയില്‍ കൊടുത്ത കൊണ്ട് ബിസിനസ് പിടിക്കാനും ശ്രമിക്കും.
അതിനാല്‍ തന്നെ ആളുകള്‍ കൊടുക്കാന്‍ തയ്യാറാകുന്നതിലും വലിയ വില കോര്‍പ്പറേറ്റുകള്‍ക്ക് ഈടാക്കുവാന്‍ ഉള്ള കഴിവ് ഇല്ല. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല ഗുണമേന്മയും അത് വാങ്ങുന്നവന് കൊടുക്കുന്ന പണത്തിനു അനുസരിച്ചു ഉള്ള ഉപകാരവും കൊടുക്കാന്‍ കഴിയുന്നിടത്തോളം മാത്രമേ ചെറുതും വലുതും ആയ ഏതൊരു കമ്പനികള്‍ക്കും പ്രോഡക്റ്റുകളുടെ വില ഉയര്‍ത്തിവാന്‍ സാധിക്കുള്ളൂ. കോര്‍പറേറ്റുകളുടെ അത്യാഗ്രഹത്തെ പഴിക്കുന്ന ആളുകളോട് ഇന്‍ഫ്ളേഷന്‍ കുറഞ്ഞ സമയങ്ങളിലും സ്ഥലങ്ങളിലും ഉള്ള കോര്‍പറേറ്റുകളെ ദയാലുക്കളും ഉദാര മനസ്‌കരും ആയി ആണോ അവര്‍ കാണുന്നത് എന്നും എന്ത് കൊണ്ട് കോര്‍പറേറ്റുകളുടെ അത്യാഗ്രഹം സമയാ സമയം മാറിക്കൊണ്ടിരിക്കുന്നു എന്നും ഒക്കെ ചോദിച്ചാല്‍ ഉത്തരം ഉണ്ടാകില്ല.
എന്ത് കൊണ്ട് മണി സപ്ലൈ കൂടുന്നു?
Money Supply അഥവാ പണത്തിന്റെ ലഭ്യത വിപണിയില്‍ കൂടുവാന്‍ ഉള്ള ഒരേയൊരു കാരണം സര്‍ക്കാര്‍ കൂടുതല്‍ പണം പ്രിന്റ് ചെയ്തുകൊണ്ട് വിപണിയിലേക്ക് ഇറക്കുന്നു എന്നത് മാത്രം ആണ്. കാരണം സര്‍ക്കാരിന് മാത്രമേ പണം അടിച്ചിറക്കാന്‍ ഉള്ള അധികാരം ഉള്ളൂ. കൂലി വര്‍ദ്ധനവ് ആവശ്യപ്പെടുന്ന തൊഴിലാളികള്‍ക്കോ വില കൂട്ടി വില്‍ക്കുന്ന കച്ചവടക്കാരനോ കോര്‍പ്പറേറ്റുകള്‍ക്കോ പണം പ്രിന്റ് ചെയ്യാന്‍ ആകില്ല. അത്‌കൊണ്ട് തന്നെ ഇന്‍ഫ്ളേഷനു മൂലകാരണം ചികയുമ്പോള്‍ വിരലുകള്‍ അവസാനം സര്‍ക്കാരിലേക്ക് തന്നെ ആണ് ചൂണ്ടപ്പെടുന്നത്. സര്‍ക്കാര്‍ എപ്പോളെല്ലാം വിപണിയിലെക്ക് ഉല്‍പ്പാദനത്തിനേക്കാള്‍ പണം അടിച്ചിറക്കുന്നുവോ അപ്പോളെല്ലാം ഇന്‍ഫ്ളേഷന്‍ നമ്മുടെ എല്ലാവരുടെയും കൈയില്‍ ഉള്ള പണത്തിന്റെ മൂല്യത്തെ കാര്‍ന്നു തിന്നുകൊണ്ടിരുന്നു.
ഇന്‍ഫ്ളേഷന്‍ കൈവിട്ടു പോയ രാജ്യങ്ങളുടെയും കാലഘട്ടങ്ങളുടെയും എല്ലാം ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അതാത് സര്‍ക്കാരുകള്‍ വിപണിയിലേക്ക് ഇറക്കിയ പണത്തിന്റെ അളവും ഇന്‍ഫ്ളേഷനും തമ്മില്‍ കൃത്യമായ ഒരു ബന്ധം കാണുവാന്‍ കഴിയും. ഓരോ യൂണിറ്റ് ഉദ്പാദനത്തിനു മുകളില്‍ സര്‍ക്കാര്‍ വിപണിയിലേക്ക് ഇറക്കുന്ന പണത്തിന്റെ അളവും (Quantity of Money Per unit of output) ഇന്‍ഫ്ളേഷനും തമ്മില്‍ വളരെ അധികം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതായി നോബല്‍ സമ്മാന ജേതാവ് കൂടിയായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മില്‍ട്ടന്‍ ഫ്രീഡ്മാന്‍ കണ്ടെത്തിയിട്ടുണ്ട്. നൂറിലധികം വര്‍ഷങ്ങളില്‍ പല രാജ്യങ്ങളിലെയും പല കാലഘട്ടങ്ങളിലെയും ഡാറ്റ ശേഖരിച്ചുകൊണ്ട് നടത്തിയ സമഗ്രമായ പഠനത്തില്‍ ആയിരുന്നു ഈ കണ്ടെത്തല്‍. ലോകത്തിന്റെ ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടുള്ള ഏതൊരു ഇന്‍ഫ്ളേഷനും പരിശോധിക്കുമ്പോള്‍ അതിന്റെ പ്രധാന കാരണം സര്‍ക്കാരുകള്‍ അമിതമായി പണം അടിച്ചിറക്കിയത് ആണ് എന്നും കാണാം.
അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം ഇതാണ്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെ പണം അടിച്ചിറക്കുന്നത്? പ്രധാന കാരണം എന്നത് സര്‍ക്കാരിന്റെ ചിലവുകള്‍ ആണ്. സര്‍ക്കാരുകള്‍ എല്ലായിപ്പോലും വലുതായികൊണ്ടിരിക്കുകയാണ്. എന്തും ഏതും സര്‍ക്കാര്‍ ചെയ്യണം എന്ന വാശിയും എല്ലാം ചെയ്തു തരുന്ന പടുഭീമന്‍ ചക്ക സര്‍ക്കാരുകള്‍ വേണം എന്നും ഉള്ള പൊതുബോധം നമ്മുടെ ഇടയില്‍ ഉണ്ട്. സര്‍ക്കാരുകള്‍ എല്ലാം ചെയ്തു തരുമ്പോള്‍ എന്തെല്ലാമൊക്കെയൊ ലാഭം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്നു എന്ന തെറ്റിദ്ധാരണ ഉള്ള നമ്മളോരോരുത്തരും സര്‍ക്കാരുകള്‍ ഓരോ മേഖലയിലും കൂടുതലായി പണം നമുക്ക് വേണ്ടി ചെലവഴിക്കണം എന്ന് വാശി പിടിക്കുന്നു.
എന്നാല്‍ അതെ സമയം തന്നെ നമുക്ക് എല്ലാവര്‍ക്കും നമ്മുടെ കൈയില്‍ നിന്ന് നികുതി കൂടുതല്‍ പിരിക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തന്നെ കുറഞ്ഞ നികുതി പൊതുജനങ്ങളുടെ അടുത്ത് നിന്ന് പിരിക്കുന്ന, എന്നാല്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ തരുന്ന, കൂടുതല്‍ ചിലവുകള്‍ ”ജനങ്ങള്‍ക്ക് വേണ്ടി” ചെയ്യുന്ന കൂടുതല്‍ ”സൗജന്യങ്ങള്‍” പൊതുജനങ്ങള്‍ക്ക് കൊടുക്കുന്ന സര്‍ക്കാരുകളെ ”ജനപക്ഷ സര്‍ക്കാരുകള്‍” എന്നും അത്തരം നേതാക്കളെ ജനനായകര്‍ എന്നും വിശേഷിപ്പിച്ചു കൊണ്ട് നമ്മള്‍ വാഴ്ത്തി പാടുന്നു. അപ്പോള്‍ എങ്ങിനെ ആണ് ഇത്തരം ”ജനനായകര്‍ക്കു” കുറഞ്ഞ നികുതി പിരിച്ചുകൊണ്ട് കൂടുതല്‍ ചിലവഴിക്കുവാന്‍ സാധിക്കുക?
ആരാണ് ഈ അധിക ചെലവ് വഹിക്കുന്നത്? അതിന്റെ ഉത്തരം ആണ് Inflation നമുക്ക് തരുന്നത്. പിരിക്കുന്ന ടാക്‌സിനെക്കാള്‍ കൂടുതലായി സര്‍ക്കാര്‍ ചിലവാക്കുന്ന തുക ഇന്‍ഫ്ളേഷനിലൂടെ നമ്മള്‍ ഓരോരുത്തരും തന്നെ വഹിക്കുകയാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇന്‍ഫ്ളേഷന്‍ എന്നത് നമ്മള്‍ സര്‍ക്കാരിന് കൊടുക്കുന്ന നികുതി ആണ്.
ഇന്‍ഫ്ളേഷന്‍ സര്‍ക്കാരുകളെ സഹായിക്കുന്നു
സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം ജനങ്ങളില്‍ നിന്ന് ടാക്‌സ് പിരിക്കുന്നതിനേക്കാള്‍ വളരെ ആകര്‍ഷകമായ രീതി ആണ് പണം പ്രിന്റ് ചെയ്തു കൊണ്ട് ഇന്‍ഫ്ളേഷന്‍ വഴി പണം കണ്ടെത്തി ചിലവഴിക്കുക എന്നത്. ആളുകള്‍ക്ക് തങ്ങളുടെ കൈയിലെ പണത്തിന്റെ മൂല്യം കുറയുന്നത് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുകയില്ല. അതിനാല്‍ തന്നെ ഈ നികുതി ജനങ്ങളുടെ പ്രതിഷേധത്തിന് വഴി വെക്കുന്നില്ല. പണം അടിച്ചിറക്കുമ്പോള്‍ ഉണ്ടാകുന്ന ലാഭത്തിനു പുറമെ മറ്റു രണ്ട് വഴികളിലൂടെയും കൂടെ ഇന്‍ഫ്ളേഷന്‍ സര്‍ക്കാരിന് വരുമാനം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. ഒന്നാമതായി ഇന്‍ഫ്ളേഷന്‍ മൂലം ഉള്ള വിലവര്‍ദ്ധനവ് മൂലം ആളുകളുടെ വരുമാനം കൂടെ ഉയരുകയും അതുവഴി അവര്‍ ഉയര്‍ന്ന ടാക്‌സ് ബ്രാക്കറ്റിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു.
രണ്ടാമത്തെ വഴി സര്‍ക്കാരിന്റെ കടമെടുപ്പ് ആണ്. എല്ലാ വര്‍ഷവും സര്‍ക്കാര്‍ കടമെടുക്കുന്നുണ്ട്. ഈ കടത്തിന്റെ ഒരു ഭാഗം വീട്ടപ്പെടുന്നത് ഇന്‍ഫ്‌ളേഷനിലൂടെ ആണ്. മാത്രവുമല്ല, ഇന്‍ഫ്ളേഷന്‍ കാരണം പണത്തിനു മൂല്യം കുറയുന്നത് കടം വാങ്ങുന്ന സര്‍ക്കാരിന്റെ ബാധ്യത വീണ്ടും കുറയ്ക്കുന്നു. ഇങ്ങനെ 3 തരത്തില്‍ ഇന്‍ഫ്ളേഷന്‍ സര്‍ക്കാരിനെ സഹായിക്കുന്നു. ചുരുക്കത്തില്‍ ഇന്‍ഫ്ളേഷന്‍ എന്നത് രാജ്യത്തെ ജനങ്ങളില്‍ നിന്നും സര്‍ക്കാരിലേക്ക് സമ്പത്ത് പുനര്‍ വിതരണം ചെയ്യുന്ന ഒരു പ്രതിഭാസം ആണ്.
ഇന്‍ഫ്‌ളേഷനും അസമത്വവും
സര്‍ക്കാരുകള്‍കളെ പോലെ തന്നെ ഇന്‍ഫ്ളേഷന്റെ ഗുണഭോക്താക്കള്‍ വേറെയും ഉണ്ട്. സെന്‍ട്രല്‍ ബാങ്കുകള്‍ സമ്പദ് വ്യവസ്ഥയിലേക്ക് പണം പമ്പ് ചെയ്തു ഇറക്കുമ്പോള്‍ അത് ആളുകളുടെ കയ്യില്‍ ഉള്ള പണത്തിന്റെ മൂല്യം കുറയ്ക്കുന്നു എന്ന് നമ്മള്‍ കണ്ടല്ലോ, എന്നാല്‍ ഈ മൂല്യ ശോഷണം, പണം സമ്പദ് വ്യവസ്ഥയില്‍ എത്തിയ ഉടന്‍ തന്നെ സംഭവിക്കാറില്ല. ഈ രണ്ടു പ്രതിഭാസങ്ങള്‍ക്കിടയിലും ഒരു കാല താമസം ഉണ്ട്. സാധാരണ ഗതിയില്‍ 12 മുതല്‍ 18 മാസം വരെ ഉള്ള താമസം കണ്ടുവരാറുണ്ട്. അത്‌കൊണ്ട് തന്നെ ഈ മൂല്യശോഷണം എല്ലാവരെയും ഒരുപോലെ അല്ല ബാധിക്കുന്നത്.
സര്‍ക്കാര്‍ പമ്പ് ചെയ്യുന്ന പണം ആദ്യം ലഭിക്കുന്നവര്‍ക്ക് ഉയര്‍ന്ന മൂല്യവും കൈമാറ്റം ചെയ്തു ചെയ്തു അവസാന കണ്ണിയിലേക്ക് എത്തുമ്പോള്‍ കുറഞ്ഞ മൂല്യവും ആയിരിക്കും ഉണ്ടാകുന്നത്. പുതിയതായി അടിച്ചിറക്കുന്ന പണം ആദ്യം സമ്പദ്വ്യവസ്ഥയില്‍ പ്രവേശിക്കുന്നത് പലപ്പോളും ലോണുകള്‍ ആയാണ്. കൂടുതല്‍ പണം സമ്പദ് വ്യവസ്ഥയിലേക്ക് വരുന്നത് കൊണ്ട് തന്നെ പലിശ കൃത്രിമമായി കുറച്ചു കൊണ്ട് ആണ് ലോണുകള്‍ നല്‍കപ്പെടുന്നത്. പലപ്പോളും ഈ ചീപ്പ് ലോണുകള്‍ കൂടുതലായി ലഭിക്കുന്നത് വലിയ ബിസിനെസ്സുകള്‍ക്കും പണക്കാരായ വ്യക്തികള്‍ക്കും ഒക്കെ ആയിരിക്കും. കാരണം ബാങ്കുകള്‍ കൂടുതല്‍ ലോണ്‍ കൊടുക്കാന്‍ സാധ്യത സാധാരണക്കാരേക്കാള്‍ ക്രെഡിറ്റ് റേറ്റിംഗ് കൂടുതല്‍ ആയ ആളുകള്‍ക്ക് ആയിരിക്കും. അങ്ങനെ ആദ്യം പണം ലഭിക്കുന്ന ആളുകള്‍ക്ക് വളരെ വലിയ ഒരു ലാഭം ആണ് ഇന്‍ഫ്ളേഷന്‍ കാരണം ഉണ്ടാകുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ട് കൂടുതല്‍ ആയി അവര്‍ Real Estate, Equity, Gold, തുടങ്ങിയവ വാങ്ങുന്നു.
അത് ഇത്തരം വസ്തുക്കളുടെ വിലയും ഡിമാന്‍ഡും കൂട്ടുന്നു. ഇത് ഇത്തരം ആസ്തികള്‍ കൂടുതലായി ഉള്ള പണക്കാരുടെ ആസ്തി വീണ്ടും വര്‍ധിപ്പിക്കുന്നു. അവിടെ നിന്ന് എക്കണോമിയുടെ പല മേഖലകളിലേക്കും ശമ്പളം ആയും ഇന്‍വെസ്റ്റ്‌മെന്റ് ആയും ചിലവഴിക്കല്‍ ആയും ഒക്കെ എത്തുമ്പോളേക്കും പണത്തിന്റെ മൂല്യം കുറഞ്ഞു വരുന്നു. ആയതിനാല്‍ തന്നെ അവസാനം ലഭിക്കുന്ന സാധാരണക്കാരായ ആളുകള്‍ക്ക് കുറഞ്ഞ മൂല്യവും ആദ്യം ലോണുകള്‍ ലഭിക്കുന്ന ആളുകള്‍ക്ക് കൂടിയ മൂല്യവും ആണ് ലഭിക്കുന്നത്. പണത്തിന്റെ രൂപത്തില്‍ നിന്നും മാറ്റി മറ്റു അസറ്റ് ക്ളാസ്സുകളില്‍ നിക്ഷേപിക്കാന്‍ ഉള്ള അറിവും കഴിവും ഇല്ലാത്ത ദൈനം ദിന കൂലിയില്‍ കഴിഞ്ഞു കൂടുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍ ആണ് അത്‌കൊണ്ട് തന്നെ ഇന്‍ഫ്ളേഷന്റെ ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത്. ഇത് കൂടുതല്‍ സാമ്പത്തിക-സാമൂഹ്യ അസമത്വത്തിലേക്ക് കൂടി നയിക്കുന്നു.
ഇന്‍ഫ്‌ളേഷനും തൊഴിലില്ലായ്മയും
ഒരു കാലത്ത് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ പൊതുവെ വിശ്വസിച്ചിരുന്നത് ഇന്‍ഫ്ളേഷന്‍ ഉണ്ടാകുമ്പോള്‍ അത് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും തൊഴിലില്ലായ്മ കുറയ്ക്കുകയും ചെയ്യും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ 1970 കളില്‍ ഉണ്ടായ ‘Stagflation’ എന്ന പ്രതിഭാസം ഈ ധാരണകള്‍ തികച്ചും തെറ്റായിരുന്നു എന്നും ഉയര്‍ന്ന ഇന്‍ഫ്‌ളേഷനും തൊഴിലില്ലായ്മയും ഒരുമിച്ചു സംഭവിക്കാം എന്നും തെളിയിച്ചു. ഇന്‍ഫ്‌ളേഷനും തൊഴിലില്ലായ്മയും തമ്മില്‍ ഉള്ള വിപരീത ബന്ധം ദീര്‍ഘ കാലയളവില്‍ ഇല്ലാതെ ആകുകയും ഇന്‍ഫ്ളേഷന്‍ ഉപയോഗിച്ച് കൊണ്ട് സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ശ്രമിക്കുന്നത് അമ്പേ പരാജയപ്പെടും എന്നും തെളിയിച്ചു.
ഇതിന്റെ കാരണം എന്തെന്നാല്‍ ഇന്‍ഫ്ളേഷന്‍ കാരണം ഉണ്ടാകുന്നത് അധിക പണം സമ്പദ് വ്യവസ്ഥയിലേക്ക് വരുക എന്നത് മാത്രം ആണ്. അത് യഥാര്‍ത്ഥത്തില്‍ ഉള്ള വെല്‍ത്ത് അഥവാ സമ്പത്ത് ഉണ്ടാക്കുന്നില്ല. അത് കൊണ്ട് തന്നെ തുടക്കത്തില്‍ ഉണ്ടായ ഉത്തേജനത്തിന്റെ പ്രശ്‌നങ്ങള്‍ വിലക്കയറ്റം ഉണ്ടാകുമ്പോള്‍ ആളുകള്‍ക്ക് അനുഭവപ്പെടുകയും അത് തൊഴിലില്ലായ്മയെ വീണ്ടും പഴയ നിരക്കിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് വഴി സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുന്നതിലും ഇന്‍ഫ്ളേഷന്‍ ഒരു വലിയ പങ്കു വഹിയ്ക്കുന്നു. സര്‍ക്കാര്‍ പണം സമ്പദ് വ്യവസ്ഥയിലേക്ക് പമ്പ് ചെയ്യുവാന്‍ പലിശ കൃത്രിമമായി കുറച്ചു വെക്കുന്നു എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ, അങ്ങനെ കുറഞ്ഞ പലിശയില്‍ ലോണ്‍ കിട്ടുമ്പോള്‍ അത് സംരംഭകര്‍ക്കു സാധാരണ ഗതിയില്‍ ലാഭകരം ആകുമായിരുന്നില്ലാത്ത ബിസിനസുകള്‍ ലാഭകരമാക്കും എന്ന തെറ്റായ ഒരു സിഗ്‌നല്‍ കൊടുക്കുന്നു. കുറഞ്ഞ പലിശ നിരക്ക് കൂടുതല്‍ ആളുകളെയും ബസിനസ്സുകളെയും ലോണ്‍ എടുക്കുവാന്‍ അത് പ്രേരിപ്പിക്കുന്നു.
ഇത് കൂടുതല്‍ ജോലിയും അവസരങ്ങളും താല്‍ക്കാലികമായി സൃഷ്ടിക്കും എങ്കിലും ആളുകള്‍ക്ക് ആവശ്യം ഉള്ള അല്ലെങ്കില്‍ സമ്പദ് വ്യവസ്ഥയില്‍ യഥാര്‍ത്ഥത്തില്‍ ലാഭം കിട്ടാവുന്ന സംരംഭങ്ങള്‍ ആയിരിക്കില്ല ഇവ. അത് കൊണ്ട് തന്നെ വിഭവങ്ങളുടെ തെറ്റായ വിതരണത്തിന് കാരണമാകുന്നു. സംരംഭകര്‍ക്ക് തങ്ങളുടെ സംരംഭങ്ങളും നിക്ഷേപങ്ങളും തെറ്റായ സ്ഥലങ്ങളില്‍ ആണ് വിന്യസിച്ചിരിക്കുന്നത് എന്നത് മനസ്സിലാക്കുവാന്‍ സമയം എടുക്കുന്നു. വിലക്കയറ്റം കാരണം പലിശ നിരക്ക് കൂടുന്ന സമയങ്ങളില്‍ ചിലവുകള്‍ കുറയ്ക്കാനും ഉദ്പാദനം നിര്‍ത്തുവാനും അവര്‍ നിര്ബന്ധിതരാകുകയും കൂടുതല്‍ സംരംഭങ്ങള്‍ നഷ്ടത്തിലേക്ക് പോകുകയും ചെയ്യുന്നു. ഇത് തൊഴിലില്ലായ്മ കൂട്ടുകയും സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴി വെക്കുകയും ചെയ്യുന്നു.
ഇന്‍ഫ്ളേഷന്‍: പരിഹാരങ്ങള്‍
ഏതൊരു പ്രശ്‌നത്തിന്റെയും പരിഹാരം എന്ന പോലെ ഇന്‍ഫ്ളേഷനു പരിഹാരം ഉണ്ടാകണം എങ്കിലും അതിന്റെ മൂല കാരണമായ ശൂന്യതയില്‍ നിന്ന് സര്‍ക്കാര്‍ പണം അടിച്ചിറക്കുന്നു എന്ന പ്രശ്‌നത്തെ അഡ്രസ് ചെയ്തു കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. സര്‍ക്കാര്‍ പണം അടിച്ചിറക്കുന്നത് നിയന്ത്രിക്കണം എങ്കില്‍ സര്‍ക്കാരുകളുടെ ചെലവ് കുറച്ചാല്‍ മാത്രമേ സാധിക്കുകയുള്ളൂ. സര്‍ക്കാരുകള്‍ കമ്മി ബഡ്ജറ്റ് നില നിര്‍ത്തുന്നിടത്തോളം കാലം ഇന്‍ഫ്‌ളേഷന് പരിഹാരം കണ്ടെത്തുവാന്‍ പ്രയാസം ആണ്. കാരണം മിക്കവാറും ഈ കമ്മി നികത്തപ്പെടുന്നത് സര്‍ക്കാരുകള്‍ ശൂന്യതയില്‍ നിന്നും പണം അടിച്ചിറക്കി കൊണ്ട് തന്നെ ആയിരിക്കും. അതിനു കഴിയണം എങ്കില്‍ വെള്ളാനകള്‍ ആയ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് മുതല്‍ ഉയര്‍ന്ന പെന്‍ഷനും ശമ്പള ബാധ്യതകളും സൃഷ്ടിക്കുന്ന അനാവശ്യ തസ്തികകള്‍ വെട്ടിക്കുറയ്ക്കുക വരെ ഉള്ള കാര്യങ്ങള്‍ സര്‍ക്കാരുകള്‍ ചെയ്യണം. വെല്‍ഫയര്‍ എന്ന പേരില്‍ തുടങ്ങി പിന്നീട് വോട്ടുബാങ്കുകളെ ആകര്‍ഷിക്കുവാന്‍ ആയി വിപുലീകരിക്കുന്ന സബ്‌സിഡികളും ജനകീയം എന്ന് തോന്നിപ്പിക്കുന്ന, എന്നാല്‍ പൊതുജനങ്ങള്‍ക്ക് പരോക്ഷമായി ബാധ്യതകള്‍ സൃഷ്ടിക്കുന്ന ഫ്രീബികളും നിര്‍ത്തലാക്കണം.
പറയാന്‍ വളരെ എളുപ്പം ഉള്ളതും എന്നാല്‍ നടപ്പിലാക്കുവാന്‍ വളരെ അധികം പ്രയാസമേറിയതും ആയ ഒരു കാര്യം ആണ് ഇത്. അത് കൊണ്ട് തന്നെ പ്രധാന പ്രശനം എന്നത് എന്താണ് ഇന്‍ഫ്ളേഷന്‍ പരിഹരിക്കാന്‍ ഉള്ള മാര്‍ഗം എന്നത് അല്ല, ആ മാര്‍ഗം നടപ്പിലാക്കുവാന്‍ ഉള്ള ഇച്ഛ ശക്തി സര്‍ക്കാരുകള്‍ക്ക് ഉണ്ടാകുക എന്നുള്ളതാണ്. സര്‍ക്കാരുകള്‍ എല്ലാം ചെയ്തു തരണം എന്ന ബോധ്യം ഉള്ള ആളുകള്‍ ഉണ്ടാകുന്നിടത്തോളം ഏതൊരു സര്‍ക്കാരുകള്‍ക്കും കൂടുതല്‍ ചെലവ് ചെയ്യുവാനും വലുതാകുവാനും ഉള്ള ഇന്‍സെന്റീവ് ആണ് കൊടുക്കുന്നത്. ചെലവ് ചുരുക്കുകയും പണം അച്ചടിച്ചു കൊണ്ട് ചിലവുകള്‍ നടത്തുന്നത് നിര്‍ത്തുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ആളുകളുടെ എതിര്‍പ്പുണ്ടാകുകയും സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തതാകുകയും ചെയ്യുവാന്‍ ഉള്ള സാധ്യത ആണുണ്ടാകുന്നത്. നേരെ മറിച്ചു ദുഷ്ചിലവുകള്‍ കൂടുമ്പോളും വോട്ടു ബാങ്കുകളെ തൃപ്തിപ്പെടുത്തടുവാന്‍ സാധിക്കുമ്പോള്‍ അധികാരത്തട്ടില്‍ തുടരുകയും ചെയ്യാം.
അതിനാല്‍ തന്നെ ജനങ്ങള്‍ ഇന്‍ഫ്ളേഷന്‍ എന്ന പ്രശ്‌നത്തിന്റെ കാരണങ്ങള്‍ തിരിച്ചറിയുകയും സര്‍ക്കാരിന്റെ ചിലവുകള്‍ നിയന്ത്രിക്കണം എന്നും എല്ലാം ചെയ്തു തരുന്ന സര്‍ക്കാര്‍ അല്ല, മറിച്ചു വിപണിയെ കൂടുതല്‍ സ്വതന്ത്രമാക്കി കൊണ്ട് വളരാന്‍ അനുവദിക്കുന്ന കാര്യക്ഷമവും വളരെ ചെറുതും ആയ സര്‍ക്കാര്‍ ആണ് വേണ്ടത് എന്നും തിരിച്ചറിഞ്ഞാല്‍ മാത്രമേ ഇന്‍ഫ്‌ളേഷന് ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ. അത് ജനങ്ങള്‍ മനസ്സിലാക്കുന്നത് വരെ ജനങ്ങളെ സേവിക്കുവാന്‍ എന്ന പേരില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പൂർത്തീകരിക്കുവാനും അധികാരം നില നിര്‍ത്തുവാനും വേണ്ടി സൗജന്യങ്ങളും സബ്‌സിഡികളും ആയി പുതിയ പദ്ധതികൾ കൊണ്ടു വന്നുകൊണ്ടേ ഇരിക്കും. അവയ്ക്കെല്ലാം വേണ്ട പണം പൊതുജനങ്ങളുടെ പണത്തിന്റെ മൂല്യത്തെ കവര്‍ന്നെടുത്തു കൊണ്ട് ഈ ”പണം തിന്നുന്ന ബകന്‍” കണ്ടെത്തുകയും ചെയ്യും