കുട്ടികളെ ജനിപ്പിക്കുക ഒരു അനിവാര്യതയാണോ, അബോര്‍ഷന്‍ ദുരന്തമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു


”കുട്ടികളെ വളര്‍ത്താന്‍ കെല്‍പ്പില്ലാത്തവര്‍ക്കും, കുട്ടികളെ ഇഷ്ടം അല്ലാത്തവര്‍ക്കും, കുട്ടികള്‍ ഉണ്ടാവാതെ ഇരിക്കാനുള്ള അവകാശം ഉണ്ടാവണം. പുതു ദമ്പതികള്‍ക്ക് കുട്ടികള്‍ ആയില്ലേ എന്ന ചോദ്യം ചോദിച്ചു അവരില്‍ ബന്ധുക്കളും പൊതു സമൂഹവും സമ്മര്‍ദ്ദം ചെലുത്തുന്നത് നിര്‍ത്തേണ്ടതാണ്. കുട്ടികളെ താല്‍പ്പര്യം ഇല്ലാത്ത ആളുകളും ഈ സമൂഹത്തില്‍ ഉണ്ട് എന്ന ബോധ്യം ആണ് ആളുകള്‍ക്ക് ഉണ്ടാവേണ്ടത്. ഇവിടെയാണ് ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെയും അബോര്‍ഷന്റെയും പ്രസക്തി.”- രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു.

ഗര്‍ഭച്ഛിദ്രത്തിന്റെ പ്രസക്തി

കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ് മയക്കുമരുന്നിന് അടിമയായ ഒരു വ്യക്തി പോഷകാഹാരക്കുറവ് പ്രകടമായ ഒന്നും രണ്ടും വയസ്സുള്ള തന്റെ കുട്ടികളെ നോക്കാന്‍ സാധിക്കുകയില്ല എന്ന് പറഞ്ഞു കൊണ്ട് പെരുമ്പാവൂര്‍ പോലീസില്‍ ഏല്‍പ്പിച്ച വാര്‍ത്ത വായിക്കാനിടയായത്. ഗാര്‍ഹിക പീഡനം മടുത്തു ഇയാളുടെ ഭാര്യ കുടുംബത്തെ ഉപേക്ഷിച്ചു നേരത്തെ പോയിട്ടുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച്ച ആണ് മാവേലിക്കരയില്‍ വച്ച് 38 വയസ്സുകാരനായ ഒരാള്‍ തന്റെ ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയത്. കുട്ടിയുടെ അമ്മ മൂന്ന് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.

ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴാണ്, എല്ലാവര്‍ക്കും ഒരുപോലെ കുട്ടികളെ ജനിപ്പിക്കാന്‍ യോഗ്യത ഇല്ല എന്ന് തോന്നുന്നത്. ചില പുരുഷന്മാര്‍ തന്റെ കുട്ടികളോട് അക്രമം കാണിക്കും എന്ന് പൊതു സമൂഹത്തിന് ബോധ്യമുണ്ടെങ്കിലും, ഒരമ്മക്ക് കുഞ്ഞിനോട് വാത്സല്യം മാത്രമേ ഉണ്ടാവൂ എന്ന ധാരണ വല്ലാതെ കാല്‍പ്പനികവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. വയലന്‍സ് പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ന്യൂനപക്ഷം സ്ത്രീകളും ഉണ്ട് എന്നതാണ് വസ്തുത. കുട്ടികളെ വളര്‍ത്താന്‍ കെല്‍പ്പില്ലാത്തവര്‍ക്കും, കുട്ടികളെ ഇഷ്ടം അല്ലാത്തവര്‍ക്കും, കുട്ടികള്‍ ഉണ്ടാവാതെ ഇരിക്കാനുള്ള അവകാശം ഉണ്ടാവണം. പുതു ദമ്പതികള്‍ക്ക് കുട്ടികള്‍ ആയില്ലേ എന്ന ചോദ്യം ചോദിച്ചു അവരില്‍ ബന്ധുക്കളും പൊതു സമൂഹവും സമ്മര്‍ദ്ദം ചെലുത്തുന്നത് നിര്‍ത്തേണ്ടതാണ്. കുട്ടികളെ താല്‍പ്പര്യം ഇല്ലാത്ത ആളുകളും ഈ സമൂഹത്തില്‍ ഉണ്ട് എന്ന ബോധ്യം ആണ് ആളുകള്‍ക്ക് ഉണ്ടാവേണ്ടത്. ഇവിടെയാണ് ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെയും അബോര്‍ഷന്റെയും പ്രസക്തി.

തന്റെ ശരീരത്തില്‍ അബോര്‍ഷന്‍ ഉള്‍പ്പടെ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ ഉള്ള പൂര്‍ണമായ അവകാശം സ്ത്രീക്കാണ് എന്ന വാദം അംഗീകരിച്ചു കൊണ്ട് തന്നെ, ഇവിടെ കുട്ടികളുടെ അവകാശങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്, പ്രിത്യേകിച്ചും ജീവിച്ചിരിക്കുന്ന കുട്ടികളുടെ അവകാശങ്ങളെ കുറിച്ച്. ലോകത്തു ഉണ്ടാവുന്ന പകുതി ഗര്‍ഭധാരണങ്ങളും പ്ലാന്‍ഡ് അല്ല, അബദ്ധത്തില്‍ സംഭവിക്കുന്നതാണ് എന്നാണ് UNFPA (UN population fund) റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ ഏഴില്‍ ഒന്ന് സംഭവിക്കുന്നതും ഇന്ത്യയില്‍ ആണ്. ഗര്‍ഭധാരണത്തെ കുറിച്ചുള്ള ധാരണക്കുറവാണ് പ്രധാന പ്രശ്‌നം. National family health survey NFHS 201-2021 പ്രകാരം ഇന്ത്യയില്‍ 18-49 വയസ്സിനിടയിലുള്ള വിവാഹിതരായ സ്ത്രീകളില്‍ 32 ശതമാനം പേര്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് ശാരീരികമോ ലൈംഗികമോ വൈകാരികമോ ആയ അതിക്രമങ്ങള്‍ അനുഭവിക്കുന്നുണ്ട്.

ഈ ഡാറ്റയെ 32 ശതമാനം കുടുംബങ്ങള്‍ സന്തോഷമില്ലാതെ അസംതൃപ്തര്‍ ആണ് എന്ന് വായിക്കാം. ഈ കുടുംബങ്ങളില്‍ ജീവിക്കുന്ന കുട്ടികളുടെ അവസ്ഥകളെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

വൈ മെന്‍ റേപ്പ്?

താരാ കൗശല്‍ എഴുതിയ ‘Why men rape?’ എന്ന പുസ്തകത്തില്‍ അവര്‍ ബലാത്സംഗം ചെയ്തിട്ടും പിടിക്കപ്പെടാത്ത വ്യത്യസ്ഥ സാമൂഹിക സാഹചര്യത്തില്‍ നിന്ന് വരുന്ന ഒമ്പത് പുരുഷന്മാരെ ഇന്റര്‍വ്യൂ ചെയ്തു. ഇവരില്‍ എല്ലാം തന്നെ കണ്ട പൊതുവായ ഘടകം ഇവരാരും തന്നെ സ്വന്തം വീട്ടില്‍ അച്ഛനമ്മമാര്‍ സ്‌നേഹത്തോടെ ഇടപഴകുന്നത് കണ്ടിട്ടില്ലാത്തവര്‍ ആയിരുന്നു.

കുട്ടികളുടെ ക്ഷേമത്തിന് അമ്മയെ പോലെ തന്നെ അച്ഛനും പ്രാധാന്യമുണ്ട്. അച്ഛന്‍ ഉപേക്ഷിച്ചതോ അച്ഛന്‍ ഇല്ലാത്തതോ ആയ വീടുകള്‍ കുട്ടികളുടെ സാമൂഹിക-വൈകാരിക വികാസത്തെ ബാധിക്കുന്നു. മധ്യകാല കുട്ടിക്കാലത്തേക്കാള്‍ ബാല്യകാലത്താണ് പിതാവിന്റെ അഭാവം സംഭവിക്കുന്നതെങ്കില്‍ ഈ ഫലങ്ങള്‍ കൂടുതല്‍ പ്രകടമാകാം, കൂടാതെ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളില്‍ ഇത് കൂടുതല്‍ പ്രകടമാകാം. പിതാവിന്റെ അഭാവം കൗമാരക്കാരുടെ പുകവലി അല്ലെങ്കില്‍ കൗമാര ഗര്‍ഭം പോലെയുള്ള അപകടകരമായ പെരുമാറ്റം വര്‍ദ്ധിപ്പിക്കുന്നു. പിതാവിന്റെ അഭാവം കൗമാരക്കാരുടെ വൈജ്ഞാനിക ശേഷിയില്‍ സ്വാധീനം ചെലുത്തുന്നതിന്റെ തെളിവുകള്‍ ദുര്‍ബലമാണെങ്കിലും, ഹൈസ്‌കൂള്‍ ബിരുദമെടുക്കുന്നതില്‍ പിതാവിന്റെ അഭാവം പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നതായി അമേരിക്കയില്‍ നടന്ന പഠനങ്ങള്‍ കാണിക്കുന്നു.

കേരളത്തില്‍ 18 വയസ്സിന് താഴെയുള്ള 75,000 കുട്ടികള്‍ അനാഥാലയങ്ങളില്‍ കഴിയുന്നുണ്ടെന്ന് കേരള സാമൂഹിക സുരക്ഷ മിഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ ഏകദേശം 1500 അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനാഥാലയങ്ങളിലെ ഏകദേശം 80- 90 ശതമാനം കുട്ടികള്‍ക്കും കുടുംബങ്ങളും ബന്ധുക്കളുമുണ്ട്. ദത്തെടുക്കാന്‍ ഉള്ള നിയമങ്ങള്‍ കൂടുതല്‍ ലഘൂകരിച്ചു ആനുകാലികമായി അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തി ഈ കുട്ടികളെ ഏറ്റെടുക്കാന്‍ താത്പര്യം ഉള്ള കുടുംബങ്ങളിലേക്ക് പറഞ്ഞയക്കുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. എന്നാല്‍ പോലും ദത്തെടുക്കുക എന്ന കാര്യത്തോടുള്ള സമൂഹത്തിന്റെ മനസ്ഥിതി ഇപ്പോഴും കാലങ്ങള്‍ പിറകിലാണ്. വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലെങ്കിലും ദമ്പതിമാര്‍ സ്വന്തം കുട്ടികള്‍ ജനിക്കാന്‍ ചിലവേറിയ ചികിത്സാരീതികള്‍ പരീക്ഷിക്കുന്നു. ദത്തെടുക്കാന്‍ തയ്യാറുള്ള ആളുകളുടെ എണ്ണത്തേക്കാള്‍ വളരെ അധികം കുട്ടികള്‍ ആണ് അനാഥാലയങ്ങളില്‍ ഉള്ളത്.

റുമാനിയയിൽ അബോര്‍ഷന്‍ നിരോധിച്ച കമ്മ്യൂണിസ്റ്റ് സർക്കാർ

‘4 Months, 3 Weeks and 2 Days’ എന്നത് ഒരു റൊമാനിയന്‍ സിനിമ ആണ്. ഒരു സ്ത്രീ, അബോര്‍ഷന്‍ വേണ്ടുന്ന ഒരു സുഹൃത്തിനെ സഹായിക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. രണ്ടാം ലോക മഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയന്റെ ചെമ്പട റൊമാനിയ പിടിച്ചടക്കിയത് മുതല്‍ റൊമാനിയ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആയി മാറി. റൊമാനിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയ നിക്കോളായ് സസെസ്‌കു ആണ് 1965-1989 വരെ റൊമാനിയന്‍ പ്രസിഡന്റ് ആയി രാജ്യം ഭരിച്ചത്. 1966 യില്‍ സസെസ്‌കു അബോര്‍ഷന്‍ നിരോധിച്ചു. അബോര്‍ഷന്‍ നടത്തുന്ന സ്ത്രീകള്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കും ജയില്‍ ശിക്ഷ അടക്കമുള്ള കടുത്ത ശിക്ഷയാണ് നിലവില്‍ വന്നത്. അബോര്‍ഷന്‍ നിരോധിക്കാന്‍ ഉണ്ടായ കാരണങ്ങളില്‍ ഒന്ന്  ജനസംഖ്യ വര്‍ധിപ്പിക്കുക , ജനങ്ങളുടെ മേല്‍ ഭരണകൂടത്തിന്റെ അധികാരം ഊട്ടി ഉറപ്പിക്കുക എന്നതായിരുന്നു.

ഇത് നിരോധിച്ചതോട്  കൂടി നിയമ വിരുദ്ധമായ അബോര്‍ഷനുകള്‍ വര്‍ധിച്ചു. ഇത്തരം സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രങ്ങള്‍ വഴി റൊമാനിയയില്‍ മരണമടഞ്ഞവരുടെ എണ്ണം അഞ്ച് ലക്ഷത്തോളം വരും എന്നാണ് അനൗദ്യോഗിക കണക്ക്. 1989ലെ സോഷ്യലിസ്റ്റ് വിരുദ്ധ വിപ്ലവത്തെത്തുടര്‍ന്ന്, റൊമാനിയയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലംപതിക്കുകയും, തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം നിയമാനുസൃതമാവുകയും ചെയ്തു. അബോര്‍ഷന്‍ നിരോധിച്ചപ്പോള്‍ അനാഥാലയങ്ങള്‍ നിറഞ്ഞു കവിഞ്ഞു. അവിടെ കുഞ്ഞുങ്ങള്‍ക്ക് അതിഭീകരമായ അവസ്ഥകളാണ് നേരിടേണ്ടി വന്നത്. ഇഷ്ടമില്ലാതെ പ്രവസിച്ചതോ സാമ്പത്തിക സ്ഥിതി മോശമായത് മൂലമോ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ ഒരു തലമുറയെ പാര്‍പ്പിക്കാന്‍, രാജ്യത്തുടനീളമുള്ള നൂറുകണക്കിന് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സസെസ്‌കു ഉത്തരവിട്ടു. ‘The state can take better care of your child than you can’ എന്നെഴുതിയ ബോര്‍ഡുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കപ്പെട്ടു.

1990-ല്‍, പുറംലോകം സസെസ്‌കുവിന്റെ അനാഥാലയങ്ങളെ കുറിച്ചറിഞ്ഞു. അതില്‍ 1,70,000 ഉപേക്ഷിക്കപ്പെട്ട ശിശുക്കളും കുട്ടികളും കൗമാരപ്രായക്കാരും വളര്‍ത്തപ്പെട്ടിരുന്നു. ജീവനക്കാരുടെ ദൗര്‍ലഭ്യം കാരണം ഇത്ര അധികം കുട്ടികളെ സ്‌നേഹത്തോടെ പരിചരിക്കുക എന്നത് പ്രായോഗികമായി അസാധ്യമായിരുന്നു. സ്‌നേഹത്തോടെ ഉള്ള ഒരു സ്പര്‍ശ്ശനം പോലും കിട്ടാതെ ആണ് ഈ അനാഥാലയങ്ങളില്‍ കുട്ടികള്‍ വളര്‍ന്നത്. 1966-1989ന് ഇടയില്‍ റൊമാനിയയിലെ കുട്ടികളുടെ ഭവനങ്ങളുടെ ശൃംഖലയില്‍ 15,000 – 20,000ന് ഇടയില്‍ കുട്ടികളുടെ അനാവശ്യ മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇതില്‍ ഭൂരിഭാഗവും എന്തെങ്കിലും വൈകല്യമുള്ള കുട്ടികള്‍ക്കായി നീക്കിവച്ചിരിക്കുന്നവയിലാണ്. മഞ്ഞുവീഴ്ച ബാധിച്ചും, എലികളാല്‍ ആക്രമിക്കപ്പെട്ടും കുട്ടികള്‍ മരിച്ചു വീണു. ഒഴിവാക്കാമായിരുന്ന മരണങ്ങള്‍.

കുട്ടികളെ ആരും പരിചരിക്കാന്‍ ഇല്ലാതെ കൂട്ടില്‍ കിടത്തുകയും, സ്വന്തം മലത്തില്‍ കുട്ടികള്‍ പുരണ്ടു കിടക്കുന്നതും, ഇത്തരം അനാഥാലയങ്ങളില്‍ പതിവ് കാഴ്ച്ച ആയിരുന്നു. പ്രവര്‍ത്തിക്കാത്ത സിസ്റ്റത്തിന്റെ മനുഷ്യത്വരഹിതമായ സ്വഭാവത്താല്‍ പല ജീവനക്കാരുടെയും മനസ്സ് മുരടിച്ചു. വൈകല്യമുള്ള കുട്ടികളുമായി ഇടപെടാന്‍ അവരില്‍ പലരും വിദ്യാഭ്യാസം നേടിയവരായിരുന്നില്ല, മാത്രമല്ല ഇത്രയും അധികം കുട്ടികളെ കൈകാര്യം ചെയ്യുന്നത് ജീവനക്കാരുടെ എണ്ണക്കുറവ് കൊണ്ട് അസാധ്യമായിരുന്നു. അവരില്‍ പലര്‍ക്കും സഹാനുഭൂതി ഉണ്ടായിരുന്നു, എന്നാല്‍ അവര്‍ കുട്ടികളെ സഹായിക്കാന്‍ ശ്രമിച്ചാല്‍ സീനിയര്‍ സൂപ്പര്‍വൈസറുമാരാല്‍ ശിക്ഷിക്കപ്പെടുമായിരുന്നു.

ഇതില്‍ നിരവധി കുട്ടികളെ പാശ്ചാത്യര്‍ ദത്തെടുക്കുകയും അവരില്‍ ചിലര്‍ ഒടുവില്‍ അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങുകയും ചെയ്തു. ഈ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്ന കുട്ടികളെ ഹാര്‍വാര്‍ഡിലെ ചാള്‍സ് നെല്‍സണ്‍ പഠിച്ചു. ഈ കുട്ടികള്‍ക്ക് ഐക്യു കുറവ്, മോശം വൈജ്ഞാനിക കഴിവുകള്‍, ഓട്ടിസത്തോട് അടുത്ത് നില്‍ക്കുന്ന തരത്തില്‍ മറ്റുള്ളവരുമായി അടുപ്പം രൂപീകരിക്കുന്നതില്‍ പ്രശ്‌നങ്ങള്‍, ഒപ്പം ഉത്കണ്ഠയും വിഷാദവും, വളരെ കൂടുതല്‍ ആയിരുന്നു.

അമേരിക്കയിലെ ഗര്‍ഭച്ഛിദ്രം

അമേരിക്കയില്‍ ആരാണ് ഗര്‍ഭച്ഛിദ്രം കൂടുതലായി തേടുന്നത് എന്ന് നോക്കാം. കൗമാരക്കാര്‍, അവിവാഹിതരായ സ്ത്രീകള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതാനും സ്ത്രീകള്‍ എന്നിവരെല്ലാം ഗര്‍ഭച്ഛിദ്രം തേടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത കൂടുതല്‍ ആണ്. 1973-ല്‍ അമേരിക്കയില്‍ Roe Vs Wade എന്ന കേസിന് വിധിയായി അബോര്‍ഷന്‍ നിയമവിധേയമാക്കപ്പെട്ടു. Roe Vs Wadeന് ഏഴ് വര്‍ഷത്തിന് ശേഷം, പ്രതിവര്‍ഷം 1.6 ദശലക്ഷത്തിലധികം ഗര്‍ഭച്ഛിദ്രങ്ങള്‍ അമേരിക്കയില്‍ നടന്നു വന്നു, ഓരോ രണ്ട് ജീവനുള്ള ജനനങ്ങള്‍ക്കും ഒരു ഗര്‍ഭച്ഛിദ്രം എന്ന തോതില്‍. അതിനും 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിയമവിധേയമാക്കിയ അബോര്‍ഷനുകളുടെ യഥാര്‍ത്ഥ ഫലം അമേരിക്ക അനുഭവിച്ചത്.

John J Donohue III, Steven Levitt എന്നിവര്‍ നടത്തിയ രണ്ട് പഠനങ്ങളില്‍ നിയമവിധേയമാക്കിയ ഗര്‍ഭഛിദ്രം മൂലം 1998 മുതല്‍ 2014 വരെ മൊത്തത്തിലുള്ള കുറ്റകൃത്യങ്ങള്‍ 17.5% കുറഞ്ഞു. പ്രതിവര്‍ഷം ഒരു ശതമാനം എന്ന തോതില്‍. 1991 മുതല്‍ 2014 വരെ, അക്രമവും സ്വത്തിടപാടുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ഓരോന്നും 50 ശതാമാനം കുറഞ്ഞു. നിയമാനുസൃതമായ ഗര്‍ഭഛിദ്രം ഈ കാലയളവില്‍ അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ 47 ശതമാനവും സ്വത്ത് കുറ്റകൃത്യങ്ങള്‍ 33 ശതമാനവും കുറച്ചതായി കണക്കാക്കപ്പെടുന്നു. 1973-ന് മുമ്പ് ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയ സംസ്ഥാനങ്ങളില്‍, കുറ്റകൃത്യങ്ങളില്‍ നേരത്തെ തൊട്ടേ കുറവുണ്ടായിരുന്നു.

നിയമപരമായ ഗര്‍ഭച്ഛിദ്രം കുറ്റവാളികളാകാന്‍ സാധ്യതയുള്ള പലരുടെയും ജനനത്തെ തടഞ്ഞിട്ടുണ്ടെന്ന് അവരുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. ഈ ആളുകളുടെ അഭാവം, 1991-നും 1997-നും ഇടയില്‍ ഉണ്ടാവുമായിരുന്നു കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ പകുതിയോളം കുറച്ചു. പല സന്ദര്‍ഭങ്ങളിലും, ഗര്‍ഭച്ഛിദ്രം ചെറുപ്പക്കാരായ, അവിവാഹിതരായ, ദരിദ്രരായ, പലപ്പോഴും ന്യൂനപക്ഷ സ്ത്രീകള്‍ക്ക് പ്രായപൂര്‍ത്തിയാകാനും ജോലി നേടാനും വിവാഹിതരാകാനും സാമ്പത്തികമായി സ്ഥിരത കൈവരിക്കാനും കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള സാധ്യത കുറവുള്ള കുട്ടികളുണ്ടാകാനും സമയം നല്‍കിയിട്ടുണ്ടാകാം.

‘One of the ways of understanding the consequences of (economic) decisions is to look at them in terms of the incentives they create, rather than the goals they pursue. This means that consequences matter more than intentions- and not just the immediate consequences, but also the longer run repercussions.’ – Thomas Sowell

കുട്ടികളെ മാതൃകാ പൗരന്മാരായി വളര്‍ത്തുക എന്നത് ഏതൊരു മാതാപിതാക്കളുടെയും ഉത്തരവാദിത്വം ആണ്. അതിന് സാധിക്കാത്തവര്‍ക്ക് കുട്ടികള്‍ വേണ്ട എന്ന് തീരുമാനമെടുക്കാനുള്ള അവകാശം സമൂഹം കൊടുക്കുകയും നിയമവിധേയമായി സുരക്ഷിതമായ അബോര്‍ഷനുള്ള സാമൂഹിക സാഹചര്യവും ഉണ്ടാകേണ്ടതാണ്.

”സ്വാതന്ത്ര്യം എന്നാല്‍ വ്യക്തിക്ക് തിരഞ്ഞെടുക്കാനുള്ള അവസരവും ബാധ്യതയുമുണ്ടെന്ന് മാത്രമല്ല അര്‍ത്ഥമാക്കുന്നത്; വ്യക്തിയുടെ തിരഞ്ഞെടുപ്പിന്റെ അനന്തരഫലങ്ങള്‍ അവന്‍ വഹിക്കണമെന്നും അര്‍ത്ഥമുണ്ട്. സ്വാതന്ത്ര്യവും ഉത്തരവാദിത്വവും വേര്‍തിരിക്കാനാവാത്തതാണ്.” ഫ്രെഡ്രിക്ക്. എ. ഹയേക്

കൂടുതല്‍ മനസ്സിലാക്കാന്‍ ‘അബോര്‍ഷനും കുറ്റകൃത്യങ്ങളും’ എന്ന വീഡിയോ കാണുക.
https://youtu.be/JeBoy-si_3k

References:

1. Romania’s Abandoned Children: Deprivation, Brain Development, and the Struggle for Recovery- Charles A. Nelson, Nathan A. Fox, Charles H. Zeanah, 2014

2. Local brain functional activity following early deprivation: A study of postinstitutionalized Romanian orphans- Harry T. Chugani, Micheal E. Behen, Otto Muzik, Csaba Juhasz, Ferenc Nagy, Diane Chugani, 2002

3. The impact of legalized abortion on crime- John J Donohue III, Steven Levitt, 2001

4. The impact of legalized abortion on crime over the last two decades- John J Donohue III, Steven Levitt, 2020

5. National family health survey NFHS-5, 2019-2021


Leave a Reply

Your email address will not be published. Required fields are marked *