56 ഇഞ്ച് നെഞ്ചളവും പോപ്പുലാരിറ്റിയും ഇല്ലാതിരുന്ന ആ മനുഷ്യനാണ് ഇന്ത്യയെ മാറ്റിമാറിച്ചത്; റാവുവും മോദിയും; സജീവ് ആല എഴുതുന്നു


‘ഒരൊറ്റ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തോറ്റപ്പോള്‍ ശബരിമല നവോത്ഥാനവാദികള്‍ പുനരുത്ഥാനവാദികളായി മാറുന്നത് കേരളം കണ്ടതാണ്. ഉപതെരഞ്ഞെടുപ്പില്‍ മൂന്നുനാല് സീറ്റുകള്‍ നഷ്ടമായപ്പോള്‍ ഒരുപറ്റം ഫ്യൂഡല്‍ കര്‍ഷകജന്മികളുടെ തിട്ടൂരത്തിന് മുന്നില്‍ നരേന്ദ്രമോദി മുട്ടുകുത്തി മാപ്പിരന്നിരിക്കുന്നു. എന്നാല്‍ നരസിംഹ റാവുവിനെ നോക്കുക, എല്ലാ എതിര്‍പ്പുകളും മറികടന്ന് അദ്ദേഹം ഉദാരവത്ക്കരണം നടപ്പാക്കി ഇന്ത്യയെ രക്ഷിച്ചു’- സജീവ് ആല എഴുതുന്നു

റാവുവും മോദിയും

ആധുനിക ഇന്ത്യയുടെ സൃഷ്ടാവായ നരസിംഹറാവുവിന് നരേന്ദ്രമോദിയുടെ ജനപ്രീതിയും സ്റ്റാര്‍ വാല്യുവും ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ അസാമാന്യമായ ദൃഢതയും ഇച്ഛാശക്തിയും പ്രധാനമന്ത്രി റാവുവിന് കൈമുതലായുണ്ടായിരുന്നു. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് ചങ്ങലയില്‍ കുടുങ്ങി മരണവക്രത്തിലായിരുന്ന ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ അസാധാരണ നടപടികള്‍ തന്നെ വേണമെന്ന് പണ്ഡിതന്മാരില്‍ പണ്ഡിതനായ റാവു തിരിച്ചറിഞ്ഞിരുന്നു.

തലനിറയെ ബുദ്ധിയും ഹൃദയം നിറയെ സത്യസന്ധതയുമുള്ള മന്മോഹന്‍ സിംഗിനെ റാവു തപ്പിയെടുത്ത് കൊണ്ടുവന്ന് ധനകാര്യവകുപ്പ് ഏല്‍പ്പിച്ചു കൊടുത്തു. വിവരവും വിദ്യാഭ്യാസവും രാജ്യസ്‌നേഹവുമുള്ള ആ രണ്ട് മഹാവ്യക്തിത്വങ്ങള്‍ ചേര്‍ന്ന് 1991ല്‍ അഴിച്ചുവിട്ട മഹാവിപ്‌ളവത്തിന്റെ പേരായിരുന്നു ഉദാരവല്‍ക്കരണം. പെട്രോളിയം ഇറക്കുമതി ചെയ്യാനുള്ള വിദേശനാണ്യത്തുട്ടുകള്‍ പോലും കയ്യിലില്ലാതെ, മാനം പോയി, സ്വര്‍ണ്ണം പണയം വയ്‌ക്കേണ്ട ഗതികേടിലായിരുന്ന ഒരു രാജ്യത്തെ ഇന്നത്തെ വളരുന്ന ഇന്ത്യയാക്കി മാറ്റിയത് നരസിംഹ റാവുവാണ്. ലൈസന്‍സ് രാജിന്റെ പിടിയിലകപ്പെട്ട് മൃതാവസ്ഥയിലായിരുന്ന വ്യവസായ-വാണിജ്യ മേഖലകളിലേക്ക് ജീവചൈതന്യം പമ്പ് ചെയ്തത് ലിബറലൈസേഷനാണ്.

ആകെ തകര്‍ന്നുകിടന്ന കയറ്റുമതി മേഖലയ്ക്ക് പിടിച്ചു നില്‍ക്കാനായി രൂപയുടെ വിനിമയമൂല്യം റാവു സര്‍ക്കാര്‍ കുറച്ചപ്പോള്‍ രാജ്യത്തിന്റെ അന്തസ്സ് അടിയറവുവെച്ചെന്ന് അന്നത്തെ കുറുനരികള്‍ നിര്‍ത്താതെ ഓരിയിട്ടു. വിദേശ നിക്ഷേപം എന്ന പദം തന്നെ വിലക്കപ്പെട്ടിരുന്ന രാജ്യത്തേക്ക് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഒഴുകിത്തുടങ്ങിയത് ആഗോളവത്ക്കരണത്തിന്റെ ആഗമനത്തോടെ ആയിരുന്നു.

ഉദാരവല്‍ക്കരണത്തിനായി ഭാരതത്തിന്റെ ആകാശാതിരുകള്‍ തുറന്നപ്പോള്‍ അന്നത്തെ പ്രതിപക്ഷം സമാനതകളില്ലാത്ത പ്രക്ഷോഭം അഴിച്ചുവിട്ടു. ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിനെ തടയുക എന്നതാണ് രാഷ്ട്രീയലക്ഷ്യമെന്ന രീതിയില്‍ ജീവിക്കുന്ന ഇടതുപക്ഷം നരസിംഹറാവുവിനെ അമേരിക്കന്‍ ഏജന്റെന്നും മന്മോഹന്‍ സിംഗിനെ ഐഎംഎഫ് കൂലിപ്പടയാളി എന്നും ആക്ഷേപിച്ചു. കോണ്‍ഗ്രസിലെ സോണിയാ ഗാന്ധി അടിമകളും പഴയ സോഷ്യലിസ്റ്റ് വ്യാമോഹികളും റാവുവിനെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും ആക്രമിച്ചു. പൊതുമേഖലാ വെള്ളാനകളുടെ ഗുണഭോക്താക്കളായ ട്രേഡ് യൂണിയന്‍ മുതലാളിമാര്‍ പണിമുടക്കുകളിലൂടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നിശ്ചലമാക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചു.

1991 മുതല്‍ 1996 വരെയുള്ള അഞ്ചുവര്‍ഷം ഇന്ത്യയിലെ ഏറ്റവും വെറുക്കപ്പെട്ട വ്യക്തികളിലൊരാളായി നരസിംഹ റാവു മാറി. പക്ഷെ മഹാജ്ഞാനിയായിരുന്ന ആ തെലുങ്ക് വൃദ്ധന്‍ ഒട്ടും കുലുങ്ങിയില്ല. നരസിംഹറാവുവിന്റേത് ഒരു ന്യൂനപക്ഷ സര്‍ക്കാരായിരുന്നു. അകത്ത് നിന്നും പുറത്തുനിന്നും നിര്‍ദ്ദയമായ ആക്രമണം നേരിട്ടിട്ടും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പോലെയുള്ള ചെറിയ കക്ഷികളെ സ്വാധീനിച്ച് ആഗോളവല്‍ക്കരണ നടപടികള്‍ നരസിംഹ റാവു മുന്നോട്ട് തന്നെ കൊണ്ടുപോയി.

അടുത്ത തെരഞ്ഞെടുപ്പിനേക്കാള്‍ അടുത്ത തലമുറയുടെ ഭാവിയെ പറ്റി ദീര്‍ഘദര്‍ശനം ചെയ്ത നരസിംഹ റാവുവിനെ പോലൊരു രാജ്യതന്ത്രജ്ഞനെ തൊണ്ണൂറുകളുടെ ആദ്യം തന്നെ പ്രധാനമന്ത്രിയായി ലഭിച്ചതിനാല്‍ ജനാധിപത്യത്തിന്റെ എല്ലാ പരിമിതികള്‍ക്കുള്ളില്‍ നിന്നും അതിവേഗം വളരുന്ന രാഷ്ട്രമായി ഇന്ത്യ മാറി. (റാവുവിന് പകരം രാജീവ് ഗാന്ധിയോ നെഹ്‌റു കുടുംബാംഗങ്ങളോ ഭരണസാരഥ്യം ഏറ്റെടുത്തിയിരുന്നെങ്കില്‍ ഭാരതം ഇന്നും ലൈസന്‍സ് രാജില്‍ കുരുങ്ങി ഊര്‍ദ്ധശ്വാസം വലിക്കുമായിരുന്നു)

അടുത്ത ഇലക്ഷനെ പറ്റി ഓര്‍ത്ത് എപ്പോഴും തലപുണ്ണാക്കുന്ന ഭരണാധികാരികള്‍ക്ക് ധീരമായ ഒരു തിരുമാനവും എടുക്കാനാവില്ല. ഒരൊറ്റ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തോറ്റപ്പോള്‍ ശബരിമല നവോത്ഥാനവാദികള്‍ പുനരുത്ഥാനവാദികളായി മാറുന്നത് കേരളം കണ്ടതാണ്. ഉപതെരഞ്ഞെടുപ്പില്‍ മൂന്നുനാല് സീറ്റുകള്‍ നഷ്ടമായപ്പോള്‍ ഒരുപറ്റം ഫ്യൂഡല്‍ കര്‍ഷകജന്മികളുടെ തിട്ടൂരത്തിന് മുന്നില്‍ നരേന്ദ്രമോദി മുട്ടുകുത്തി മാപ്പിരന്നിരിക്കുന്നു.

ഇന്ത്യയുടെ കാര്‍ഷിക മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുയെഴുതുമായിരുന്ന പരിഷ്‌കരണ നിയമങ്ങള്‍ പിന്‍വലിക്കപ്പെടാന്‍ പോകുന്നു. 56 ഇഞ്ച് നെഞ്ചളവും ആള്‍ക്കൂട്ടത്തെ മയക്കുന്ന പ്രഭാഷണചാതുര്യവും സിനിമാതാരങ്ങളുടെ പോപ്പുലാരിറ്റിയും ഒന്നുമില്ലാതിരുന്ന ഒരു നരസിംഹ റാവു ഒറ്റയ്ക്ക് നയിച്ച വിപ്ലവത്തിന്റെ ഉല്പന്നമാണ് ഇന്നത്തെ ഇന്ത്യന്‍ ഇക്കോണമി തിളക്കം.

ജനപ്രിയതയുടെ തടവറയില്‍ കഴിയുന്ന ഒരു ഭരണാധികാരിക്കും ധീരമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാനുള്ള നട്ടെല്ലുണ്ടാവില്ല.

Loading