പൊതുമേഖലാ സ്വകാര്യവത്ക്കരണം വിറ്റ് തുലയ്ക്കൽ ആണോ? – സാഹിർ ഷാ എഴുതുന്നു 


“കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം ഉള്ള രാജ്യങ്ങൾ ഉയർന്ന ഹ്യൂമൺ ഡെവലപ്പ്മെന്റ് ഇൻഡെക്സ് ഉള്ള ധനിക രാജ്യങ്ങൾ ആയിരിക്കും. അതീവ ദരിദ്ര രാജ്യം ആയത്കൊണ്ടാണ് 1947 – 1991 കാലഘട്ടത്തിൽ ഇന്ത്യയിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങ് ഇട്ടതെന്ന് ചിലർ വാദിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് ഒരു തെറ്റായ വ്യാഖ്യാനമാണ്. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്തത്കൊണ്ടാണ് ദാരിദ്ര്യം ഉണ്ടായത്. ആ ദാരിദ്ര്യത്തെ മാറ്റാൻ സാമ്പത്തിക സ്വാതന്ത്ര്യങ്ങൾക്ക് കൂടുതൽ കൂടുതൽ കൂച്ച് വിലങ്ങ് ഇടുന്നത് തീ കെടുത്താൻ പെട്രോൾ ഒഴിക്കുന്നതിന് സമാനമായ പരിപാടി ആണ്.” – സാഹിർ ഷാ എഴുതുന്നു 

പൊതുമേഖലാ സ്വകാര്യവത്ക്കരണത്തെ “കൊള്ള”, “വിറ്റു തുലയ്ക്കൽ” എന്നിങ്ങനെയൊക്കെയാണ് നല്ലൊരു വിഭാഗം മലയാളികൾ വിശേഷിപ്പിക്കുന്നത്. ഈ നിലപാടിന് കാരണം സാമ്പത്തിക വിഷയങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ്. 2023 മേയ് മാസത്തിൽ സ്വകാര്യവത്ക്കരണത്തെക്കുറിച്ച് രാകേഷ് ഉണ്ണികൃഷ്ണൻ എസ്സൻസ് ഗ്ലോബൽ പ്രസിദ്ധീകരണത്തിൽ ഒരു ലേഖനം എഴുതിയിരുന്നു. ഞാനിപ്പോൾ പറയാൻ പോകുന്ന കാര്യങ്ങളെ അതിന്റെ തുടർച്ച ആയി കരുതാം. രാകേഷ് ഉണ്ണികൃഷ്ണൻ എഴുതിയത് പ്രധാനമായും നഷ്ടത്തിൽ ഓടുന്ന പൊതുമേഖല സ്ഥാപനങ്ങളെ നിലനിർത്തുന്നത് വഴി ഖജനാവിന് ഉണ്ടാക്കുന്ന നഷ്ടങ്ങളെക്കുറിച്ചാണ്. ലാഭത്തിൽ ഓടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുന്നതിന് പിന്നിലെ സാംഗത്യം വ്യക്തമാക്കാനാണ് ഈ ലേഖനം. ഇതിന് വേണ്ടി 2018 ന് ശേഷം നടന്ന മൂന്ന് സ്വകാര്യവത്ക്കരണങ്ങളുടെ കണക്കുകൾ നമുക്ക് പരിശോധിച്ച് നോക്കാം.

കണക്കുകളിലേക്ക് കടക്കുന്നതിന് മുൻപ് ഇന്ത്യൻ എക്കോണമിയെക്കുറിച്ച് കാലാകാലങ്ങളായി നിലനിൽക്കുന്ന ഒരു തെറ്റിദ്ധാരണയെക്കുറിച്ച് പറയാം. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, കാനഡ, ആസ്ട്രേലിയ മുതലായ രാജ്യങ്ങൾ കാപ്പിറ്റലിസ്റ്റ് രാജ്യങ്ങളും ഇന്ത്യ ഒരു മിക്സ്ഡ് എക്കോണമിയും ആണെന്നാണ് പലരും കരുതുന്നത്. സ്കൂൾ സിലബസിൽ പോലും അങ്ങനെയാണ് പഠിപ്പിക്കുന്നത്. ഇത് തെറ്റായ വ്യാഖ്യാനമാണ്ശുദ്ധ കാപ്പിറ്റലിസ്റ്റ് രാജ്യം” എന്നൊന്ന് ഇല്ല. അമേരിക്ക ഉൾപ്പടെ ഉള്ള സകല പാശ്ചാത്യ രാജ്യങ്ങളും മിക്സ്ഡ് എക്കോണമി ആണ്. ഫ്രീ മാർക്കറ്റ് എക്കോണമി ആശയങ്ങൾ പിന്തുടരുന്ന രാജ്യങ്ങളിലും public good എന്ന് വിളിക്കാവുന്ന ഉത്പന്നങ്ങളെയോ സേവനങ്ങളെയോ സൃഷ്ടിക്കുന്ന സ്ഥാപനങ്ങൾ കൂടുതലും സർക്കാർ ഉടമസ്ഥതയിൽ ആണ്. പബ്ലിക് ഗുഡ് എന്ന വാക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ഒരു സാങ്കേതിക പദം ആണ്, സാധാരണ ഭാഷയിൽ ഇതിനെപൊതു സേവനംഎന്ന് വിളിക്കാം.

പൊതു സേവനങ്ങൾ എപ്പോഴും ഗവണ്മെന്റിന്റെ നിയന്ത്രണത്തിൽ ആയിരിക്കണം എന്നതാണ് ലോകമാസകലം നിലനിൽക്കുന്ന പൊതു ബോധം. കാപിറ്റലിസം, സോഷ്യലിസം, കമ്യൂണിസം മുതലായ സകല സോഷ്യോ പൊളിറ്റിക്കൽ ഐഡിയോളികൾക്കും ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഇല്ല. രാജ്യത്ത് നില നിൽക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ (economic freedom) അളവിൽ മാത്രമാണ് ധനിക രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിൽ വ്യത്യാസം ഉള്ളത്. കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം ഉള്ള രാജ്യങ്ങൾ ഉയർന്ന ഹ്യൂമൺ ഡെവലപ്പ്മെന്റ് ഇൻഡെക്സ് ഉള്ള ധനിക രാജ്യങ്ങൾ ആയിരിക്കും. അതീവ ദരിദ്ര രാജ്യം ആയത്കൊണ്ടാണ് 1947 – 1991 കാലഘട്ടത്തിൽ ഇന്ത്യയിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങ് ഇട്ടതെന്ന് ചിലർ വാദിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് ഒരു തെറ്റായ വ്യാഖ്യാനമാണ്. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്തത്കൊണ്ടാണ് ദാരിദ്ര്യം ഉണ്ടായത്. ആ ദാരിദ്ര്യത്തെ മാറ്റാൻ സാമ്പത്തിക സ്വാതന്ത്ര്യങ്ങൾക്ക് കൂടുതൽ കൂടുതൽ കൂച്ച് വിലങ്ങ് ഇടുന്നത് തീ കെടുത്താൻ പെട്രോൾ ഒഴിക്കുന്നതിന് സമാനമായ പരിപാടി ആണ്.

എന്തൊക്കെയാണ് പബ്ലിക് ഗുഡ് അഥവാ പൊതു സേവനം എന്ന് വിളിക്കാവുന്ന ഉത്പന്നങ്ങൾ ? Non-excludable and non-rivalrous ആയിട്ടുള്ള ഉത്പന്നങ്ങളെയോ സേവനങ്ങളയോ ആണ് public good എന്ന് പറയുന്നത്. Non-excludable എന്ന് പറഞ്ഞാൽ അത് ഉപയോഗിക്കുന്നതിൽ നിന്ന് ആരെയും തടയാൻപറ്റില്ല. ഉദാഹരണത്തിന് നിങ്ങൾ സ്വന്തം കാശ് മുടക്കി വീടിന് മുന്നിൽ ഒരു തെരുവ് വിളക്ക് സ്ഥാപിച്ചാൽ അതിലേ പോകുന്ന എല്ലാർക്കും ഒരുപോലെ വെളിച്ചം ലഭിക്കും. ആരെയും അതിൽ നിന്ന് ഒഴിവാക്കാൻ പറ്റില്ല. ശുദ്ധവായു, രാജ്യ സുരക്ഷ, നിയമ പാലനം, കുടിവെള്ളം എന്നിവ non-excludable good ആണ്. അത് എല്ലാർക്കും ലഭ്യമാക്കേണ്ടതാണ്. പൈപ്പിലൂടെ വരുന്ന വെള്ളത്തിന് നാം മീറ്റർ ചാർജ്ജ് കൊടുക്കുന്നുണ്ട് പക്ഷേ കാശ് കൊടുക്കാൻ കപ്പാസിറ്റി ഇല്ലാത്തവർക്കും അത് ലഭ്യമാക്കിയേ പറ്റൂ. അതിനാൽ അത് non-excludable ആണ്. Non-rivalrous good എന്ന് പറഞ്ഞാൽ ഒരാൾ ഒരു വസ്തു ഉപയോഗിക്കുമ്പോൾ മറ്റുള്ളവർക്കുള്ള ലഭ്യതയെ ബാധിക്കാത്ത വസ്തു എന്നാണ്. മിക്ക ഉപഭോഗവസ്തുക്കളും rivalrous ആണ്. അത് ഒരാൾ വാങ്ങി ഉപയോഗിച്ചാൽ അതോടെ അത് മറ്റാർക്കും ലഭ്യമല്ലാതാകും. അതേ സമയം തെരുവ് വിളക്കിന്റെ വെളിച്ചം എത്ര പേർ ഉപയോഗിച്ചാലും തീർന്ന് പോകില്ല. അത് അതിലേ പോകുന്ന എല്ലാർക്കും വെളിച്ചം നൽകും. ഈ രണ്ട് സവിശേഷതകൾ ഉള്ള ഉത്പന്നങ്ങളെ ആണ് പബ്ലിക് ഗുഡ് അഥവാ പൊതു സേവനം എന്ന് വിളിക്കുന്നത്.

Divestment vs Disinvestment

Disinvestment എന്ന് വച്ചാൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാറിന് ഉള്ള ഷെയറിന്റെ ഭാഗികമായ വില്പന ആണ്. പൊതുമേഖല സ്ഥാപനങ്ങളുടെ നിയന്ത്രണം പൂർണ്ണമായി സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന പ്രക്രിയയെ ആണ് divestment എന്ന് പറയുന്നത്. സ്വകാര്യവത്ക്കരണം എന്ന് പറയാൻ പറ്റുന്നത് divestment മാത്രമാണ് disinvestment സ്വകാര്യവത്ക്കരണം അല്ല. Disinvestment നടക്കുമ്പോൾ കമ്പനിയുടെ നിയന്ത്രണം ഗവണ്മെന്റിന്റെ കൈയിൽ നിന്ന് പോവുകയില്ല. ഗവണ്മെന്റ് ഹോൾഡ് ചെയ്യുന്ന ഷെയറിന്റെ ഒരു ഭാഗം മാത്രമാണ് വിൽക്കപ്പെടുന്നത്. വില്പനയ്ക്ക് ശേഷവും അമ്പത് ശതമാനത്തിൽ കൂടുതൽ ഷെയറുകൾ ഗവണ്മെന്റിന്റെ കൈയിൽ ഉണ്ടാവും.

താഴെക്കാണുന്നവയാണ് 2000 ന് ശേഷം ഇന്ത്യയിൽ നടന്ന പ്രധാനപ്പെട്ട ചില സ്വകാര്യവത്ക്കരണങ്ങൾ:

Year

Company

Taken over by

2001

Bharat Aluminium Co.

Vedanta Resources

2001

Hindustan Zinc

Vedanta Resources

2001

CMC Ltd

TCS

2002

Maruti Suzuki

Suzuki Japan

2007

Indian Petrochemicals Corp

Reliance Industries

2022

Air India

Tata Group

2014 – 2024 കാലഘട്ടത്തിൽ നടന്ന ഏക സ്വകാര്യവത്ക്കരണം എയർ ഇന്ത്യയുടെ നിയന്ത്രണം Tata ഗ്രൂപ്പിന് കൈമാറിയതാണ്. ബാക്കി കുറേ വില്പനകളിൽ ടെണ്ടർ നേടിയത് സംസ്ഥാന സർക്കാറുകൾ ആണ് (e.g. Hindustan Newsprint sold to Govt of Kerala). കമ്പനിയുടെ നിയന്ത്രണം കേന്ദ്ര സർക്കാറിൽ നിന്ന് സംസ്ഥാന സർക്കാറിന്റെ കൈയിൽ ആവുന്നതിനെ സ്വകാര്യവത്ക്കരണം എന്ന് പറയാൻ പറ്റില്ല.

പൊതുമേഖല കമ്പനികളിൽ ഭാഗികമായ വില്പന നടത്താൻ പ്രധാനമായും മൂന്ന് രീതികൾ ഉണ്ട്. 1) OFS – Offer For Sale, 2) EMP OFS – Employee Offer For Sale, 3) Buybacks.

OFS & Employee OFS

സ്റ്റോക്ക് മാർക്കറ്റിലൂടെ ഒരു നിശ്ചിത ശതമാനം ഷെയറുകളെ വിൽക്കുന്നതിനെ ആണ് Offer For Sale എന്ന് പറയുന്നത്. ഇത് ഏകദേശം IPO (Initial Public Offering) പോലെയാണ് പ്രവർത്തിക്കുന്നത്. ഉദാഹരണം ആയിട്ട് ഭാരത് സർക്കാർ 2022-23 ഫൈനാൻഷ്യൽ വർഷത്തിൽ നടത്തിയ IRCTC – Indian Railway Catering and Tourism Corp എന്ന കമ്പനിയുടെ അഞ്ച് ശതമാനം ഷെയറുകളുടെ OFS എടുക്കാം. IRCTC ക്ക് മൊത്തം 80 കോടി outstanding ഷെയറുകൾ ആണ് ഉള്ളത്. അതിൽ 53.93 കോടി ഷെയറുകൾ (67.4%) 2022 വർഷത്തിൽ കേന്ദ്ര ഗവണ്മെന്റിന്റെ കൈയിൽ ആയിരുന്നു. 53.93 കോടി ഷെയറുകളിൽ നിന്ന് 4 കോടി ഷെയറുകൾ സർക്കാർ 2022-23 കാലഘട്ടത്തിൽ OFS വഴി വിറ്റു അതിൽ നിന്ന് Rs2723 Cr നേടി.

OFS ന്റെ വിൽപ്പന കാലാവധി ഒരു ദിവസം ആണ്. വിൽക്കപ്പെടുന്ന ഷെയറുകളുടെ 25 ശതമാനം മ്യൂച്ച്വൽ ഫണ്ടുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും റിസർവ്ഡ് ആണ്. ഏതൊരു വ്യക്തിക്കും OFS വഴി വില്പനയ്ക്ക് വച്ചിരിക്കുന്ന ഷെയറുകളുടെ 25 ശതമാനത്തിൽ കൂടുതൽ ഷെയറുകൾക്ക് ബിഡ് ചെയ്യാൻ പാടില്ല. ഈ നിയന്ത്രണം മ്യൂച്വൽ ഫണ്ടുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും ബാധകമല്ല. വിൽക്കപ്പെടുന്ന ഷെയറുകളുടെ 10 ശതമാനം retail investors അഥവാ institutional investor അല്ലാത്ത ചില്ലറക്കാർക്ക് വേണ്ടി സംവരണം ചെയ്തിരിക്കും. എന്ന് വച്ചാൽ മ്യൂച്വൽ ഫണ്ടുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും വാങ്ങാവുന്ന പരമാവധി ലിമിറ്റ് 90 ശതമാനമാണ്.

Employee OFS ഏതാണ്ട് ഇതേ തത്വത്തിലാണ് പ്രവർത്തിക്കുന്നത്. ആ കമ്പനിയിലെ ജീവനക്കാർക്ക് മാത്രമേ ഷെയറുകൾക്ക് ബിഡ് ചെയ്യാൻ പറ്റൂ.  ഉദാഹരണത്തിന് ഇന്ത്യൻ ഓയിലിന്റെ ഷെയറുകൾ സർക്കാർ Employee OFS വഴി വിൽക്കുകയാണെങ്കിൽ ഇന്ത്യൻ ഓയിൽ സ്റ്റാഫിന് മാത്രമേ ഈ ഷെയറുകൾ വാങ്ങാൻ പറ്റൂ. ജീവനക്കാരുടെ PAN number കമ്പനി നേരത്തേ സ്റ്റോക്ക് എക്സ്ചേഞ്ചിന് കൈമാറിയിട്ടുണ്ടാവും. PAN number ലിസ്റ്റിൽ ഇല്ലാത്തവർ ബിഡ് ചെയ്താൽ സിസ്റ്റം ആ bid reject ചെയ്യും. Employee OFS ൽ ഒരാൾക്ക് മാക്സിമം 5 ലക്ഷം രൂപയുടെ ഷെയറുകൾ മാത്രമേ വാങ്ങാൻ പറ്റൂ.

Buybacks

ഇത് കുറച്ചു കൂടി സങ്കീർണ്ണമായ പ്രക്രിയ ആണ്. ഇതിനെ പൂർണ്ണമായും മനസ്സിലാക്കണം എങ്കിൽ കമ്പനിയുടെ ഉടമസ്ഥനും കമ്പനിയും രണ്ട് വ്യത്യസ്ഥ legal entities എന്ന തത്വം ഓർമ്മയുണ്ടാവണം.  പബ്ലിക് കമ്പനി sole ownership കമ്പനി പോലെ അല്ല അത് ഒരു കൂട്ട് കച്ചവടം ആണ്, അതിനാൽ controlling shares കൈവശം ഉള്ള ആളും കമ്പനിയും വ്യത്യസ്ഥ വ്യക്തികൾ ആയിട്ട് കരുതപ്പെടണം എന്നാണ് നിയമം.

ഒരു നിശ്ചിത ശതമാനം ഷെയറുകൾ കമ്പനി ഷെയർഹോൾഡർമാരിൽ നിന്ന് തിരികെ വാങ്ങുന്ന പ്രക്രിയ ആണ് ഷെയർ റീപർച്ചേസ് അല്ലെങ്കിൽ buyback. തിരിച്ച് വാങ്ങപ്പെടുന്ന ഷെയറുകൾ റിട്ടയർ ചെയ്യപ്പെടുകയോ ട്രഷറി സ്റ്റോക്ക് ആയി കമ്പനിയുടെ കൈവശം സൂക്ഷിക്കുകയോ ചെയ്യും. വിപണിയിൽ ലഭ്യമാകുന്ന ഷെയറുകളുടെ എണ്ണം കുറയുന്നത് വഴി ഷെയർ വില പൊതുവേ വർദ്ധിക്കും അത് വഴി എല്ലാ ഷെയർഹോൾഡർമാരും ബെനഫിറ്റ് ചെയ്യും. ഇത് ഒരു ഉദാഹരണം വഴി വ്യക്തമാക്കാം. ഒരു സാങ്കല്പിക കമ്പനിക്ക് ഒരു രൂപ face value ഉള്ള 80 ഷെയറുകൾ ഉണ്ട് എന്ന് വയ്ക്കുക. ഈ കമ്പനിയുടെ പ്രൊമോട്ടർ Govt of India ആണ്. സർക്കാറിന്റെ കൈയിൽ 58 ഷെയർ (72.5%) ഉണ്ട്, ബാക്കി 22 ഷെയർ പൊതുജനങ്ങളുടെ കൈയിലും ആണ്. ഒരു ഷെയറിന്റെ നിലവിലെ മാർക്കറ്റ് വില 7 രൂപയാണ്. ഈ വർഷത്തെ കമ്പനിയുടെ നെറ്റ് പ്രോഫിറ്റ് 1600 രൂപ ആണ്. Earnings Per Share കണക്ക് കൂട്ടാനുള്ള ഫോർമുല (Net Profit – Preferred Dividends)/Number of Stocks എന്നാണ്. ഈ കമ്പനിക്ക് preferred dividends ഒന്നും കൊടുക്കാൻ ഇല്ല അതിനാൽ (1600- 0)/80 = 20 രൂപയാണ് earnings per share. കമ്പനി 10 ഷെയറുകളുടെ buyback പ്രഖ്യാപിക്കുന്നു എന്ന് കരുതുക.

കൈവശമുള്ള കാഷ് റിസർവ്വുകൾ ഉപയോഗിച്ച് കമ്പനി ഒരു ഷെയറിന് 6 രൂപ വച്ച് 10 ഷെയറുകൾ സർക്കാറിന്റെ കൈയിൽ നിന്ന് വാങ്ങുന്നു. അങ്ങനെ സർക്കാറിന് 6 * 10 = 60 രൂപ ഈ ഷെയർ റീപർച്ചേസിൽ നിന്ന് ലഭിക്കുന്നു. Outstanding number of shares എൺപതിൽ നിന്ന് എഴുപത് ആകുന്നതോടെ Earnings Per Share = (1600 -0)/70 = 22.85 രൂപ ആകുന്നു. Earnings Per Share വർദ്ധിക്കുമ്പോൾ അത് ഷെയറിന്റെ മാർക്കറ്റ് വിലയെ ബാധിക്കും ഈ buyback കാരണം ഒരു ഷെയറിന്റെ മാർക്കറ്റ് വില 9 രൂപ ആകുന്നു. സർക്കാറിന്റെ കൈയിൽ മുൻപ് ഉണ്ടായിരുന്ന ഷെയറുകളുടെ മൂല്യം 58 * 7 = 406 ആയിരുന്നു ഇപ്പോൾ അത് 9 * 48 = 432 ആകുന്നു. പബ്ലിക്കിന്റെ കൈയിൽ ഉണ്ടായിരുന്ന 22 ഷെയറുകളുടെ മൂല്യവും 154 രൂപയിൽ നിന്ന് 198 രൂപ ആയി വർദ്ധിക്കുന്നു. ഇതാണ് ഷെയർ റീപർച്ചേസിന്റെ പ്രക്രിയ.

പ്രക്രിയകൾ വ്യക്തമായ സ്ഥിതിക്ക് ലാഭത്തിൽ ഓടുന്ന ഒരു കമ്പനിയുടെ disinvestment കണക്കുകൾ പരിശോധിച്ച് നോക്കാം.

Indian Oil Corp OFS of 10% in FY 2015-16

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇടയിൽ ഏറ്റവും ലാഭകരമായ അഞ്ച് കമ്പനികളുടെ റാങ്ക് ലിസ്റ്റിൽ എപ്പോഴും വരുന്ന ഒരു കമ്പനിയാണ് Indian Oil Corp. ഇതിന്റെ ഈ വർഷത്തെ share holding pattern ഇപ്രകാരമാണ്:

Shareholder

Percentage held

President of India

51.50%

Foreign Institutional Investors

8.84%

Life Insurance Corp of India

6.99%

ONGC

14.20%

Oil India Ltd

5.16%

Other Domestic Inst. Investors

3.18%

Public

10.13%

Total

100.00%

2015-16 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സർക്കാറിന്റെ കൈയിൽ 68.57% ഷെയറുകൾ ഉണ്ടായിരുന്നു. ആ വർഷം സർക്കാർ 10% ഷെയറുകൾ OFS വഴി വിറ്റു. ആ വില്പനയിൽ നിന്ന് 9,369 കോടി രൂപ ലഭിച്ചു. ഇനി നമുക്ക് ആ പത്ത് ശതമാനം വിറ്റത് വഴി സർക്കാറിന് ലഭിക്കാതെ പോയ ലാഭവിഹിതം അഥവാ dividend എത്ര കുറഞ്ഞു എന്ന് പരിശോധിക്കാം.

Year

Net Profit

Dividend Payout Ratio

Dividend

2015-16

12,413

28%

3,476

2016-17

20,385

45%

9,173

2017-18

22,626

90%

20,363

2018-19

17,274

49%

8,464

2019-20

(1,876)

0%

2020-21

21,762

51%

11,099

2021-22

25,727

46%

11,834

2022-23

11,704

42%

4,916

Total dividend

69,325

 കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ഇന്ത്യൻ ഓയിൽ ഷെയർ ഹോൾഡർമാർക്ക് നൽകിയ ലാഭവിഹിതം (dividend) Rs 69,325 കോടി ആണ്. സർക്കാർ 2015-16 കാലഘട്ടത്തിൽ പത്ത് ശതമാനം ഷെയറുകൾ വിറ്റത് കാരണം ഈ എട്ട് കൊല്ലം ലഭിക്കേണ്ട ലാഭവിഹിതത്തിൽ ഉണ്ടായ കുറവ് 6933 കോടി രൂപയാണ് (10% of total dividend payout). 2016 10% ഷെയറുകൾ വിറ്റപ്പോൾ ലഭിച്ചത് 9369 കോടി രൂപയാണ്. വില്പനയിൽ നിന്ന് ലഭിച്ച പൈസ നഷ്ടപ്പെട്ട ലാഭവിഹിതത്തെക്കാൾ കൂടുതൽ ആണ്, മാത്രമല്ല പൈസയ്ക്ക് time value എന്നൊരു സംഗതി ഉണ്ട്. 2016 ൽ സർക്കാർ 9369 കോടി രൂപ മൂല്യമുള്ള ബോണ്ട് വഴി കാശ് കടം വാങ്ങിയിരുന്നു എങ്കിൽ അതിന് ആറോ ഏഴോ ശതമാനം വച്ച് പലിശ കൊടുക്കണം. ആ പലിശയും കൂടി കൂട്ടി ഇപ്പോഴത്തെ ബാധ്യത ഏതാണ്ട് 15,000 കോടി ആയേനെ. മേൽപ്പറഞ്ഞ കണക്കുകളിൽ നിന്ന് അന്ന് നടന്ന disinvestment സർക്കാറിന് ലാഭമാണോ നഷ്ടമാണോ ഉണ്ടാക്കിയത് എന്ന് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.

രണ്ട് മൂന്ന് കൊല്ലം മുൻപ് BPCL പൂർണ്ണമായും വിൽക്കാൻ സർക്കാറിന് ആലോചന ഉണ്ടായിരുന്നു. അക്കാലത്ത് കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് അതിനെ വിമർശിച്ച് കൊണ്ട് എഴുതിയത് ഇപ്രകാരമാണ്. – “60000 കോടി രൂപയ്ക്ക് വിൽക്കുന്ന സ്വത്തിന്റെ വലിപ്പത്തെക്കുറിച്ച് ഊഹമുണ്ടോ? ബിപിസിഎല്ലിന്റെ ആസ്തികളുടെ ബാലൻസ്ഷീറ്റ് മൂല്യം 1.4 ലക്ഷം കോടി രൂപയാണ്. എന്നാൽ യഥാർത്ഥമൂല്യം 10 ലക്ഷം കോടി രൂപയെങ്കിലും വരുമെന്നു കരുതുന്നു. അങ്ങനെ ചെറിയൊരു സംഖ്യ മുടക്കിയാൽ ലക്ഷംകോടികളുടെ സ്വത്താണ് വാങ്ങുന്ന സ്വകാര്യ മുതലാളിയുടെ കൈവശം വന്നുചേരുന്നത്. അങ്ങനെ ഭീമമായ പൊതുസ്വത്ത് ചുളുവിലയ്ക്ക് സ്വകാര്യമുതലാളിമാരെ ഏൽപ്പിച്ചുകൊടുക്കുന്ന പ്രക്രിയയാണ് സ്വകാര്യവൽക്കരണം.

BPCL എന്ന കമ്പനിക്ക് 52.98% ഷെയർ ഹോൾഡ് ചെയ്യുന്ന Govt of India മുതൽ 625 രൂപ കൊടുത്ത് ഒരു ഷെയർ വാങ്ങിയ ചില്ലറ ഷെയർഹോൾഡർ വരെ ഉൾപ്പെടുന്ന ഏഴര ലക്ഷത്തോളം ഷെയർഹോൾഡർമാർ ഉണ്ട്. കമ്പനിയുടെ ആസ്തികളിൽ ഈ ഏഴരലക്ഷം പേർക്കും അവകാശം ഉണ്ട്. Majority ഷെയർഹോൾഡർക്ക് കമ്പനി വക ആസ്തികളോ ഭൂമിയോ എടുത്ത് സ്വന്തം ഇഷ്ടപ്രകാരം വിറ്റ് തിന്നാൻ പറ്റില്ല. Privatization, disinvestment എന്നിവയെവിറ്റ് തുലയ്ക്കൽഎന്ന് പറഞ്ഞ് വിമർശിക്കുന്ന പലർക്കും പറ്റുന്ന അബദ്ധം അവർ എല്ലാ കാര്യങ്ങളെയും single owner അഥവാ sole proprietorship സ്ഥാപനങ്ങളുടെ context ൽ നോക്കി കാണുന്നത് കൊണ്ടാണ്. ആ ഒരു mindset ൽ നിന്ന് പുറത്ത് വന്നാലേ അവർക്ക് കാര്യങ്ങളെ വസ്തുനിഷ്ടമായി നിരീക്ഷിക്കാൻ പറ്റൂ.