ഹോമിയോ പോലുള്ള വ്യാജചികിത്സകള്‍ക്ക് ഫലമുള്ളതായി തോന്നുന്നതെന്തുകൊണ്ട്? ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു


”രോഗങ്ങള്‍ വരുന്നവരെല്ലാം അതു മൂലം മരിക്കാറില്ല. ഏറ്റവും അപകടം പിടിച്ച വസൂരിയുടെ പോലും മരണ നിരക്ക് ഏതാണ്ട് 33 ശതമാനമായിരുന്നു. അതായത് വാക്സിനേഷന്‍ വരുന്നതിനു മുന്‍പും വസൂരി വന്നിരുന്നവര്‍ മിക്കവാറും പേര്‍, ഏതാണ്ട് 66 ശതമാനം പേരും, രക്ഷപ്പെട്ടിരുന്നു. അതായത് ഹോമിയോ കഴിച്ചാലും, ചാണകം കലക്കി കുടിച്ചാലും, ഇനി ഒരു ചികിത്സയും ചെയ്തില്ലെങ്കിലും വസൂരി വന്നിരുന്ന ഭൂരിഭാഗം ആളുകളും ജീവനോടെ രക്ഷപ്പെട്ടിരുന്നു. ചാകാതെ രക്ഷപ്പെട്ടവര്‍ അത് മരുന്നിന്റെ ഗുണമാണെന്നു തെറ്റിദ്ധരിക്കാം.”- ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു.
കപടചികിത്സാ മാഹാത്മ്യം!

സഞ്ജയന്‍ എന്ന കഥാകാരന്‍ എഴുതിയ രുദ്രാക്ഷ മാഹാത്മ്യം എന്നൊരു കഥയുണ്ട്. നെറ്റില്‍ കിട്ടും. അത് വായിച്ചു നോക്കുക. രുദ്രാക്ഷത്തിന് അത്ഭുത ശക്തിയുണ്ട് എന്ന് ആളുകള്‍ വിശ്വസിക്കാന്‍ കാരണം അതില്‍ പറയുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ നമ്മള്‍ ഭയപ്പെടുന്ന worst case scenario എല്ലായ്പ്പോഴും സംഭവിക്കാറില്ല. നിങ്ങള്‍ പരീക്ഷക്കു ജയിക്കാന്‍ ഗണപതിക്കു തേങ്ങ അടിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ ജയിക്കാന്‍ സാധ്യതയുണ്ട്. തോറ്റുപോകും എന്നത് നിങ്ങളുടെ പേടി മാത്രമാണ്. എല്ലാവരും തോല്‍ക്കുന്ന പരീക്ഷയൊന്നും ഇല്ലല്ലോ. കുറെ പേര്‍ ജയിച്ചേ ഒക്കൂ. തീരെ മോശമല്ലെങ്കില്‍ ജയിക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങളും കാണും.

അതുപോലെ രോഗങ്ങള്‍ വരുന്നവരെല്ലാം അതു മൂലം മരിക്കാറില്ല. ഏറ്റവും അപകടം പിടിച്ച വസൂരിയുടെ പോലും മരണ നിരക്ക് ഏതാണ്ട് 33 ശതമാനമായിരുന്നു .അതായത് വാക്‌സിനേഷന്‍ വരുന്നതിനു മുന്‍പും വസൂരി വന്നിരുന്നവര്‍ മിക്കവാറും പേര്‍ ,ഏതാണ്ട് 66 ശതമാനം പേരും, രക്ഷപ്പെട്ടിരുന്നു. അതായത് ഹോമിയോ കഴിച്ചാലും, ചാണകം കലക്കി കുടിച്ചാലും, ഇനി ഒരു ചികിത്സയും ചെയ്തില്ലെങ്കിലും വസൂരി വന്നിരുന്ന ഭൂരിഭാഗം ആളുകളും ജീവനോടെ രക്ഷപ്പെട്ടിരുന്നു. ചാകാതെ രക്ഷപ്പെട്ടവര്‍ അത് മരുന്നിന്റെ ഗുണമാണെന്നു തെറ്റിദ്ധരിക്കാം. അതിനാല്‍ തന്നെ ഇത്തരം ചികിത്സകള്‍ക്ക് അന്നും ആരാധകരും ഉണ്ടായിരുന്നു.

ബേസ് റേറ്റ് മനസ്സിലാക്കണം

ലോട്ടറിയെടുക്കുന്ന ചിലര്‍ക്കെങ്കിലും സമ്മാനം അടിക്കും. കേടുവന്ന ഒരു ക്‌ളോക്ക് പോലും ദിവസം രണ്ടു തവണ ശരിയായ സമയം കാണിക്കും. ഒരു നാണയം ടോസ് ചെയ്താല്‍ തലയോ വാലോ വീഴുമെന്നു അമ്പതു ശതമാനം കൃത്യതയോടെ ആര്‍ക്കും പ്രവചിക്കാം. (പ്രവചനം പകുതി പ്രാവശ്യം കൃത്യമായിരിക്കും.) ഇതിനെ ബേസ് റേറ്റ് എന്ന് പറയാം. അതായത് പ്രത്യേക ഇടപെടലുകള്‍ ഒന്നും ഇല്ലാതെ ഒരു കാര്യം സംഭവിക്കാനുള്ള സാധ്യത. ഒരു ചികിത്സാ ഫലപ്രദമാണോ എന്നറിയാന്‍ അനുഭവം മാത്രം പോരാ. അത് ഈ പറയുന്ന ബേസ് റേറ്റിനെക്കാള്‍ കൂടുതലാണോ എന്നാണ് നോക്കേണ്ടത്.

ഉദാഹരണത്തിന്, ആണ്‍കുട്ടി ജനിക്കാനുള്ള ‘മരുന്ന്’ കഴിച്ചാല്‍ മരുന്ന് ഫലിക്കാനുള്ള സാധ്യത അമ്പതു ശതമാനമാണ്. അതിനു ‘മരുന്ന്’ വേണമെന്നില്ല. ആര്‍ക്കും അമ്പതു ശതമാനം കൃത്യതയോടെ ആണ്‍കുട്ടിയുടെ ജനനം പ്രവചിക്കാം. അതിനാല്‍ ആണ്‍കുട്ടി ജനിക്കാനുള്ള മരുന്ന് കഴിച്ച് അയല്‍ക്കാരന്റെ അമ്മായിയുടെ വകേലെ മരുമോന്റെ കൂട്ടുകാരന് ആണ്‍കുട്ടിയുണ്ടായി എന്നതല്ല കാര്യം. മരുന്നിന്റെ ഫലസിദ്ധി അമ്പതു ശതമാനത്തില്‍ എത്രമാത്രം കൂടുതലുണ്ട് എന്നാണ് നോക്കേണ്ടത്. കാരണം കുട്ടി ആണോ പെണ്ണോ ആകാനുള്ള സാധ്യത അതായത് ബേസ് റേറ്റ് അമ്പതു ശതമാനമാണ്. അത് കൂടുംതോറും മരുന്ന് കൂടുതല്‍ ഫലപ്രദമാണ് എന്ന് അനുമാനിക്കാം.

അതുപോലെ വസൂരിയുടെ കാര്യത്തില്‍ മരണത്തില്‍ നിന്ന് രക്ഷപെട്ട കുറെ പേരെ ചൂണ്ടിക്കാട്ടിയിട്ടു കാര്യമില്ല. ഒന്നും ചെയ്തില്ലെങ്കിലും 66 ശതമാനം പേര് ജീവനോടെ ബാക്കിയുണ്ടാകും.വസൂരിയുടെ ചികിത്സ കൊണ്ട് രക്ഷപ്പെടുന്നവരുടെ നിരക്ക് 66 ശതമാനത്തില്‍ കൂടുതലാണ് എന്നാണ് തെളിയിക്കേണ്ടത്. അത് എത്ര കൂടുന്നോ ചികിത്സ അത്രയും മികച്ചതാണ് എന്നു പറയാം. മോഡേണ്‍ മെഡിസിന്റെ ഗുണം എന്നത് 66 ശതമാനം അതിജീവന നിരക്ക് എന്നത് നൂറു ശതമാനത്തിലെത്തിച്ചു എന്നതാണ്. ഇതുപോലെ തന്നെയാണ് ഓരോ അസുഖവും.

എങ്ങനെ വീണാലും നാല് കാലില്‍

പെന്‍സിലിന്റെ കണ്ടുപിടുത്തതോടെ സിഫിലിസ് ബാധിച്ചു മരിച്ചിരുന്നവരുടെ എണ്ണം 30 ശതമാനത്തില്‍ നിന്ന് ഏതാണ്ട് പൂജ്യം ശതമാനത്തിലെത്തി. മറ്റു ചികിത്സാ ശാഖകളില്‍ അത് ഈ 30 ശതമാനം തന്നെയാണ്. ചാവാതെ കിടക്കുന്ന ആരെയെങ്കിലും ചുമ്മാ ചൂണ്ടിയിട്ടു കാര്യമില്ല. അതുപോലെ പാമ്പു കടിക്കുന്ന എല്ലാവരും മരിക്കാറില്ല. കടിയേല്‍ക്കുന്നവരില്‍ ഏതാണ്ട് 90 ശതമാനം പേരും എന്ത് ചെയ്താലും രക്ഷപ്പെടും. മരിക്കുമായിരുന്ന പത്ത് ശതമാനത്തെ കൂടി രക്ഷിക്കുക എന്നതാണ് മോഡേണ്‍ മെഡിസിന്‍ ചെയുന്നത്.

അപകട നിരക്ക് വളരെ താഴ്ന്നു നില്‍ക്കുന്ന അസുഖങ്ങളാണ് വ്യാജ ചികിത്സകളുടെ സ്ഥിരം വേട്ട മൃഗം. ബേസ് റേറ്റ് വളരെ കൂടുതലുള്ള (അതായത് തന്നത്താന്‍ മാറാന്‍ സാധ്യത കൂടുതലുള്ള) ചൊറി, ചിരങ്ങ്, തോന്നുന്ന പോലെ വന്നും പോയും ഇരിക്കുന്ന ചെറുകിട ശ്വാസം മുട്ടല്‍, മൈഗ്രൈന്‍, സോറിയാസിസ് ശരീര വേദന ഇതിനൊക്കെയാണ് ഇവരുടെ ഏറ്റവും മികച്ച ഉള്ളത് എന്നത് തന്നെ കാര്യങ്ങള്‍ വ്യക്തമാകാന്‍ സഹായിക്കും.

അസുഖ ലക്ഷണങ്ങള്‍ പ്രത്യേകിച്ച് ക്രമമൊന്നുമില്ലാതെ പോയും വന്നും ഇരിക്കുന്ന ഇത്തരം അസുഖങ്ങള്‍ക്ക് നിങ്ങള്‍ ഹോമിയോ മരുന്ന് കഴിച്ചാലും, ഇനി അഥവാ മരുന്നൊന്നും കഴിച്ചില്ലെങ്കില്‍ പോലും മൂന്ന് സാധ്യതകളെ ഉള്ളൂ. ഒന്നുകില്‍ ലക്ഷണങ്ങള്‍ കൂടാം. അല്ലെങ്കില്‍ കുറയാം. അല്ലെങ്കില്‍ അതേപോലെ തുടരാം. ശരിയല്ലെ? അപ്പോള്‍ നിങ്ങള്‍ ഹോമിയോ മരുന്ന് കഴിക്കുന്നു. ലക്ഷണങ്ങള്‍ കുറയുന്നു. നിങ്ങളും ഡോക്ടറും രോഗം മാറിയതായി പറഞ്ഞു നടക്കുന്നു. ലക്ഷണങ്ങളില്‍ ഒരു മാറ്റവുമില്ലെങ്കിലും ഇതുതന്നെ പറയാം. മരുന്ന് രോഗവുമായി മല്‍പ്പിടിച്ച് മത്സരം സമനിലയില്‍ കലാശിച്ചിരിക്കുകയാണ്. സംഭവം കൈയ്യില്‍നിന്ന് പോകുമ്പോള്‍ treatment crisis, exacerbation effect പഴകിയ രോഗം, അലോപതി മരുന്ന് ഉപയോഗിച്ചതിന്റെ പ്രശ്‌നം എന്നൊക്കെ അലക്കാം.അതായത് എങ്ങനെ വീണാലും നാല് കാലില്‍തന്നെ.

രോഗവും അസുഖവുമായുള്ള വ്യത്യാസം

ഹോമിയോക്കാരന്‍ തട്ടിപ്പ് നടത്തുന്നു എന്നര്‍ത്ഥമില്ല. അതുപോലെ രോഗം മാറി എന്നു വിശ്വസിക്കുന്ന ആള്‍ വിഡ്ഢിയാണ് എന്നും അര്‍ത്ഥമില്ല. Both are genuinely fooled by themselves. മോഡേണ്‍ മെഡിസിനില്‍ ഇതുപോലുള്ള സെല്‍ഫ് ഡില്യൂഷന്‍ ഒഴിവാക്കാന്‍ തക്ക രീതിയിലാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്.ഹോമിയോ അശാസ്ത്രീയമായി കണക്കാക്കുന്നതിന് കാരണവും ഇത്തരം ഒരു കണ്ട്രോളുകളും അതില്‍ ഇല്ല എന്നതുകൊണ്ടാണ്.

മറ്റൊരു കാര്യം,’രോഗം’,’അസുഖം’, ഇംഗ്ലീഷില്‍ ‘disease’,’illness.’ ഇവ തമ്മിലുള്ള വ്യത്യാസം അറിയായ്കയാണ്. സാധാരണ ഈ വാക്കുകള്‍ ഒരേ അര്‍ത്ഥത്തിലാണ് ഉപയോഗിക്കുക പതിവ്. എന്നാല്‍ രണ്ടും രണ്ടാണ്. രോഗം (Disease)എന്നത് നിങ്ങളുടെ ശരീരത്തിനോ മനസ്സിനോ ഉള്ള തകരാറും അസുഖം (Illness) എന്നത് അതു നിങ്ങള്‍ക്ക് എങ്ങിനെ അനുഭവപ്പെടുന്നു എന്നതുമാണ്. അതായത് രോഗത്തെക്കുറിച്ചുള്ള നിങ്ങളുടെ interpretation. രണ്ടും എല്ലായ്‌പ്പോഴും ഒന്നായിരിക്കണമില്ല. ഉദാഹരണത്തിന് ദഹനക്കേടും വയറ്റിലെ ക്യാന്‍സറും രണ്ടും വയറു വേദനയായാണ് രോഗിക്ക് അനുഭവപ്പെടുക. രോഗം വ്യത്യസ്തമായാലും ‘അസുഖം’ ഒന്നുതന്നെ, വയറുവേദന. ഈ വയറു വേദന താല്‍ക്കാലികമായെങ്കിലും മാറിയാല്‍ രോഗം മാറിയതായി രോഗി ധരിക്കാം. വേദന മാറിയില്ലെങ്കിലും മുകളില്‍ പറഞ്ഞപോലെ രോഗത്തെ താന്‍ സമനിലയില്‍ പിടിച്ചിരിക്കുകയാണെന്ന് ഹോമിയോക്കാരന് രോഗിയെ വിശ്വസിപ്പിക്കാം. കൈവിട്ടു പോയാല്‍ ‘അലോപ്പതിയുടെ’ തലയിലിടാം.

Loading