“സ്വകാര്യ സ്വത്തിന്റെ ഉന്മൂലനത്തിലല്ല, മറിച്ച് സ്വത്തുക്കൾ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിലാണ് ഒരു സമൂഹത്തിന്റെ പുരോഗതി അടങ്ങിയിരിക്കുന്നത്. ആശയങ്ങളെ വിപണിയിലേക്ക് എത്തിക്കാനുള്ള സംരംഭകരുടെ കഴിവിനെ ചൂഷണമെന്ന് മുദ്രകുത്തുന്നതിന് പകരം, അതിനെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള അവസരമായി കാണാൻ നാം തയ്യാറാകണം.”
ഒരു മുതലാളി എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്ന ചില ചിത്രങ്ങളുണ്ട്, വ്യക്തികളുണ്ട്. സ്വന്തം തൊഴിലാളികളെ ക്രൂരമായി പീഡിപ്പിക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്ന മുതലാളിമാർ. കുടി കിടപ്പുകാരൻ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ വാഴക്കുല വരെ വന്നു മോഷ്ടിക്കുന്ന ക്രൂരന്മാരായ ജന്മിമാർ. ഇത്തരമൊരു ഫ്യൂഡൽ സിസ്റ്റത്തിൽ ജീവിച്ചു വന്ന ഇന്ത്യക്കാർക്ക് മുതലാളി എന്നത് ക്രൂരതയുടെ, സ്വാർത്ഥതയുടെ പര്യായമാണ്. അതുകൊണ്ടാണ് സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും ഒക്കെ ഇത്രയധികം ജന മനസ്സുകളിൽ സ്വാധീനം ഉറപ്പിക്കാൻ സാധിച്ചത്.
ഈ കഴിഞ്ഞ ദിവസമാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ട്രില്യൻ ഡോളർ ആസ്തിയുള്ള ലോകത്തിലെ ആദ്യത്തെ സംരംഭകനായി ഇലോൺ മസ്ക് മാറുന്നത്. എങ്ങനെയാണ് അദ്ദേഹം ഇത്ര വലിയ സമ്പന്നനായത്? നമ്മൾ കേട്ട് പരിചയിച്ച ഫ്യൂഡൽ പ്രഭുക്കന്മാരെ പോലെയോ, ചൂഷകന്മാരായ ഫാക്ടറി മുതലാളിമാരെ പോലെയോ പണം ഉണ്ടാക്കിയ വ്യക്തിയല്ല ഇലോൺ മസ്ക്. പക്ഷേ ആദ്യം പറഞ്ഞ കണ്ണിൽ കൂടി മുതലാളിമാരെയും സംരംഭകരെയും കാണുന്ന വലിയൊരു ഭൂരിപക്ഷം ആളുകൾക്ക് ഇലോൺ മസ്ക്കിൻ്റെ സമ്പാദ്യം ചൂഷണങ്ങളിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതാണ് എന്ന് കരുതാൻ മാത്രമേ കഴിയൂ.
മസ്ക് റോക്കറ്റുകൾ ഉണ്ടാക്കി, ഒരു ലക്ഷത്തി അമ്പതിനായിരത്തിൽ പരം തൊഴിലുകൾ സൃഷ്ടിച്ചു, ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ ആഗോളതാപനത്തിൽ നിന്നും ഭൂമിയെ രക്ഷിക്കുന്നതിനായി, സബ്സിഡികൾ ഇല്ലാതെ, പൊതുജനങ്ങളുടെ ടാക്സ് പണം എടുത്തു ചിലവാക്കാതെ, നിലവിലെ കംപ്രഷൻ എൻജിൻ ഓട്ടോമൊബൈലുകളെക്കാൾ മെച്ചപ്പെട്ട ഇലക്ട്രിക് കാറുകൾ സൃഷ്ടിച്ചു ഓട്ടോമൊബൈൽ ഇൻഡസ്ട്രിയിലേ ഇലക്ട്രിഫിക്കേഷനേ മുന്നിൽ നിന്ന് നയിച്ചു. അധിനിവേശങ്ങളും യുദ്ധങ്ങളും നടക്കുന്ന ജനതയ്ക്ക് പുറംലോകവുമായുള്ള കണക്ടിവിറ്റി ഉറപ്പാക്കി (ഉക്രൈനും ഇറാനിയൻ ജനതയ്ക്കും).
പാരലൈസ്ഡ് ആയ ആളുകൾക്ക് കമ്പ്യൂട്ടറുകളെ നിയന്ത്രിക്കാനും അതുവഴി മറ്റുള്ളവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനും പ്രാപ്തമാക്കി, അങ്ങനെ മസ്കിന്റെ ചിപ്പ് ഉപയോഗിച്ച് ആദ്യത്തെ പാരലൈസ്ഡ് രോഗി കമ്പ്യൂട്ടറുമായി ചെസ്സ് കളിച്ചു. ടെസ്‌ലയുടെ ഡ്രൈവർ ലെസ്സ് കാറുകൾ, മനുഷ്യരുടെ അശ്രദ്ധമൂലം ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം വളരെയധികം കുറച്ചു. ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചു.
2021ൽ മാത്രം, 11 ബില്യൺ ഡോളർ ആണ് അമേരിക്കൻ ഗവൺമെന്റിലേക്ക് ടാക്സ് ആയി കൊടുത്തത്. ഇത്രയും പറയുമ്പോൾ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ളവർ ചോദിക്കുന്ന ഒരു ചോദ്യമാണ്? ഇതെല്ലാം മസ്ക്കാണോ ചെയ്തത്? അതോ അദ്ദേഹത്തിൻറെ കമ്പനിയിലെ തൊഴിലാളികളോ? ഇവിടെയാണ് കമ്മ്യൂണിസ്റ്റുകൾക്ക് മനസ്സിലാക്കാൻ കഴിയാത്ത മനുഷ്യപ്രകൃതത്തിന്റെ അന്തസത്ത ഒളിഞ്ഞിരിക്കുന്നത്.

നിങ്ങൾ എത്ര കഴിവുള്ളവൻ ആയാലും സർഗ്ഗവാസനകൾ ഉള്ളവനായാലും, അതിനെ പരിപോഷിപ്പിക്കാനും, നിങ്ങൾക്കത് പ്രയോഗിക്കാനുള്ള എക്കോ സിസ്റ്റത്തിലേക്ക് നിങ്ങൾ എത്തിപ്പെടുന്നില്ല എങ്കിൽ നിങ്ങളുടെ കഴിവുകൾ നിങ്ങളോടൊപ്പം മണ്ണടിയും. നിങ്ങളുടെ കഴിവുകൾക്ക് കൃത്യമായ റിവാർഡുകൾ നൽകി നിങ്ങളിലെ ഏറ്റവും മികച്ച വ്യക്തിയെ പുറത്തെടുക്കുന്നതും , അങ്ങനെ പുറത്തെടുത്ത കഴിവുകളെ ലോകത്തിന് ഉപകാരപ്രദമാകുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും ആക്കി മാർക്കറ്റ് ചെയ്തു, നിങ്ങളുടെ വ്യക്തിഗത മികവിന് ഇൻസെന്റീവുകൾ നൽകി നിങ്ങളുടെ ജീവിത നിലവാരവും നിങ്ങൾ ജീവിക്കുന്ന സമൂഹത്തിൻറെ ജീവിത നിലവാരവും മെച്ചപ്പെടുത്തുന്ന പ്രക്രിയയ്ക്ക് പറയുന്ന പേരാണ് സംരംഭകത്വം. അതിന് ലീഡർഷിപ്പ് ക്വാളിറ്റീസ് വേണം, റിസ്ക് എടുക്കാനുള്ള മനോധൈര്യം വേണം. പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാനസിക കരുത്ത് വേണം, ലഭിക്കുന്ന സമ്പത്തിനെ പല ഇരട്ടിയായി വർദ്ധിപ്പിക്കാനുള്ള അറിവും ആത്മവിശ്വാസവും വേണം. ഇതാണ് ഒരു സംരംഭകനെ ഒരു തൊഴിലാളിയിൽ നിന്നും വ്യത്യസ്തനാക്കുന്നത്.
എല്ലാവർക്കും നേതാവാകാൻ കഴിയാത്തത് പോലെ എല്ലാവർക്കും സംരംഭകരാകാനും കഴിയില്ല. അത്തരം കഴിവുള്ളവരെ പരിപോഷിപ്പിക്കുകയും, അവർക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും സമാധാനവും ഉറപ്പാക്കുക എന്നതാണ് ഭരണകൂടങ്ങൾ ചെയ്യേണ്ടത്. അങ്ങനെയുള്ള ഇടങ്ങളിൽ ഇനിയും മസ്കുമാർ ഉണ്ടാകും. അവർ സമൂഹത്തിലേക്ക് നിരവധി സംഭാവനകൾ നൽകും, വെൽത്ത് ക്രിയേഷന് നേതൃത്വം നൽകും.
ഇന്ത്യ ഇന്നും ഒരു ഫ്യൂഡൽ സ്റ്റേറ്റ് ആയി തന്നെ നിലനിൽക്കുന്നു എന്ന കമ്മ്യൂണിസ്റ്റുകാരുടെ ആരോപണം പൂർണമായി തള്ളിക്കളയാതെയാണ് ഞാനിത് പറയുന്നത്. അതിനു പരിഹാരമായി കമ്യൂണിസ്റ്റുകാർ കാണുന്നത് സ്വകാര്യ സ്വത്തിന്റെ ഉന്മൂലനവും വർഗ്ഗരാഷ്ട്രീയ വിപ്ലവുമാണ്. ഇത് രണ്ടും സാമ്പത്തിക ഫ്യൂഡൽ വ്യവസ്ഥയിൽ നിന്നും രാഷ്ട്രീയ ഫ്യൂഡൽ വ്യവസ്ഥയിലേക്കുള്ള മാറ്റം മാത്രമാണുണ്ടാക്കുക എന്ന് മനസ്സിലാക്കാൻ ചരിത്രം സാക്ഷി.
ചുരുക്കത്തിൽ, പഴയകാല ഫ്യൂഡൽ മനോഭാവങ്ങളിൽ നിന്ന് മാറി, ആധുനിക സംരംഭകത്വത്തിന്റെ മൂല്യത്തെ തിരിച്ചറിയാൻ നാം തയ്യാറാകേണ്ടതുണ്ട്. സ്വകാര്യ സ്വത്തിന്റെ ഉന്മൂലനത്തിലല്ല, മറിച്ച് സ്വത്തുക്കൾ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിലാണ് ഒരു സമൂഹത്തിന്റെ പുരോഗതി അടങ്ങിയിരിക്കുന്നത്. ആശയങ്ങളെ വിപണിയിലേക്ക് എത്തിക്കാനുള്ള ഇലോൺ മസ്കിന്റെയും അതുപോലെയുള്ളവരുടെ കഴിവുകളെ ‘ചൂഷണം’ എന്ന് മുദ്രകുത്തുന്നതിന് പകരം, അതിനെ വലിയൊരു സമൂഹത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള അവസരമായി കാണാൻ നമുക്ക് കഴിയണം.
ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണം വെറും രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൂടെയല്ല, മറിച്ച് ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം, സാമ്പത്തിക സ്വാതന്ത്ര്യം, ഒപ്പം ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിലൂടെ മാത്രമാണ് സാധ്യമാവുക. ഫ്യൂഡൽ ചിന്തകളുടെ തടവറയിൽ നിന്ന് പുറത്തുകടന്ന്, സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന, പൗരബോധമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ ഭരണകൂടങ്ങൾ തടസ്സങ്ങളല്ല, മറിച്ച് ഉൽപ്രേരകങ്ങളായി മാറേണ്ടതുണ്ട്. അത്തരമൊരു പരിസ്ഥിതിയിൽ മാത്രമേ ഇന്ത്യയിൽ നിന്നും മസ്കുമാരെപ്പോലെ ലോകത്തെ മാറ്റിമറിക്കുന്ന പ്രതിഭകൾ ഉയർന്നു വരുകയുള്ളൂ.
![]()

