ലക്ഷദ്വീപിലെ ക്രൈം റേറ്റ് പൂജ്യമാണോ; ആരും ഒരു കുറ്റവും ചെയ്യാത്ത ഒരു പ്രദേശമുണ്ടോ; ഡോ രാഗേഷ് എഴുതുന്നു


‘2019 ല്‍ ലക്ഷദ്വീപിലെ ക്രൈം റേറ്റ് 268 ആയിരുന്നു. ഒരു ലക്ഷത്തിന് 268 വെച്ച്. പൂജ്യം അല്ല! ഐ.പി.സി പ്രകാരമോ പ്രത്യേക നിയമങ്ങള്‍ പ്രകാരമോ ഉള്ള ഗൗരവമുളള കുറ്റകൃത്യങ്ങളുടെ കണക്കാണ് ഇത്. പെറ്റിയടിച്ച കണക്കല്ല. ഈ കാലയളവില്‍ നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ 248 ആയിരുന്നു ക്രൈം റേറ്റ്. കര്‍ണാടകത്തിലെ ക്രൈം റേറ്റിനെക്കാള്‍ അല്‍പം കൂടുതല്‍ ആണ് ലക്ഷദ്വീപില്‍. ദേശീയ ശരാശരിയാവട്ടെ 385 ആയിരുന്നു.’- ഡോ രാഗേഷ് എഴുതുന്നു
ലക്ഷദ്വീപിലെ ക്രൈം റേറ്റ്

ക്രൈം റേറ്റ് പൂജ്യം ഉള്ള പ്രദേശം ഉണ്ടാവുമോ? ആരും ഒരു കുറ്റവും ചെയ്യാത്ത ഒരു പ്രദേശം? ലക്ഷദ്വീപ് അങ്ങനെ ആണെന്ന് ഒരുപാട് പേര്‍ പറയുന്നു. അതുകൊണ്ട് അവിടെ പോലീസ് സ്റ്റേഷനും കോടതിയും അടച്ചിട്ടിരിക്കുകയാണെന്നും പറയുന്നു. ഈ പറയുന്ന പലരില്‍ ചിലര്‍ പ്രമുഖരും ആണ്. ഈ ക്രൈം റേറ്റ് നോക്കുന്നതില്‍ എനിക്കാണെങ്കില്‍ പ്രൊഫഷണല്‍ താല്‍പര്യം ഉണ്ട് താനും.

എന്താണ് ക്രൈം റേറ്റ്?

ഒരു പ്രദേശത്ത് ഒരു വര്‍ഷം ഒരു ലക്ഷം പേര്‍ക്ക് എത്ര കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്ന കണക്കാണ് ക്രൈം റേറ്റ്. ഒരു കോടി ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് 10,000 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ 100 ആയിരിക്കും ക്രൈം റേറ്റ്. ഒരു ലക്ഷത്തിന് 100 എന്ന കണക്കില്‍.

ക്രൈം റേറ്റ് എവിടെ നിന്ന് കിട്ടും?

2019 വരെയുള്ള കണക്ക് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വെബ്സൈറ്റില്‍ കിട്ടും. 2019 ല്‍ ആണ് അവസാനമായി റിപ്പോര്‍ട്ട് ഇറങ്ങിയത്. ആയിരത്തില്‍ അധികം പേജുകള്‍ വരുന്നതും അനേകം സ്ഥിതിവിവര കണക്കുകള്‍ അടങ്ങിയതുമായ റിപ്പോര്‍ട്ട് ഒന്നു രണ്ടു വര്‍ഷം വൈകിയാണ് ഇറങ്ങാറ്.

ലക്ഷദ്വീപിലെ ക്രൈം റേറ്റ് എത്രയാണ്?

2019 ല്‍ ലക്ഷദ്വീപിലെ ക്രൈം റേറ്റ് 268 ആയിരുന്നു. ഒരു ലക്ഷത്തിന് 268 വെച്ച്. പൂജ്യം അല്ല!ഐ.പി.സി പ്രകാരമോ പ്രത്യേക നിയമങ്ങള്‍ പ്രകാരമോ ഉള്ള ഗൗരവമുളള കുറ്റകൃത്യങ്ങളുടെ കണക്കാണ് ഇത്. പെറ്റിയടിച്ച കണക്കല്ല. ഈ കാലയളവില്‍ നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ 248 ആയിരുന്നു ക്രൈം റേറ്റ്. കര്‍ണാടകത്തിലെ ക്രൈം റേറ്റിനെക്കാള്‍ അല്‍പം കൂടുതല്‍ ആണ് ലക്ഷദ്വീപില്‍. ദേശീയ ശരാശരിയാവട്ടെ 385 ആയിരുന്നു.

കേരളത്തില്‍ ഇത് 1288 ആയിരുന്നു. പോലീസിന്റെ ശുഷ്‌കാന്തിയും നാട്ടുകാര്‍ക്ക് പരാതി കൊടുക്കാനുള്ള സാധ്യതയും കൂടുന്തോറും ക്രൈം രെജിസ്ടേഷനും കൂടും. ലക്ഷദ്വീപിനെക്കാള്‍ ക്രൈം റേറ്റ് കുറഞ്ഞിരിക്കുന്ന ഇന്ത്യയിലെ ചില സംസ്ഥാനങ്ങളുടെ ലിസ്റ്റ് നോക്കാം. ബിഹാര്‍ (224), ഗോവ (241), ജമ്മു കാശ്മീര്‍ (188), പഞ്ചാബ് (243), ത്രിപുര (150), പശ്ചിമ ബംഗാള്‍ (194). നമ്മുടെ അടുത്തു കിടക്കുന്ന മറ്റൊരു കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍ 264 ആയിരുന്നു ക്രൈം റേറ്റ്. പൊടിക്ക് താഴ്ന്നു നില്‍ക്കുന്നു. ഉത്തര്‍പ്രദേശില്‍ 278 ആയിരുന്നു. പൊടിക്ക് ചിന്‍ അപ്പ് ആയും നില്‍ക്കുന്നു.

പെര്‍സെന്റേജ് ഷെയര്‍ ഓഫ് സ്റ്റേറ്റ്

ഇത് വേറെ ഒരു കണക്കാണ്. രാജ്യത്ത് മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ എത്ര ശതമാനമാണ് ഒരു സംസ്ഥാനത്ത് ഉണ്ടായത് എന്നതിന്റെ കണക്കാണ് ഇത്. ജനസംഖ്യ കുറഞ്ഞ പ്രദേശത്ത് ക്രൈം എണ്ണം കുറവായിരിക്കും. ഷെയറും കുറവായിരിക്കും. ശതകോടിയില്‍ ജനസംഖ്യയുള്ള രാജ്യത്തെ കുറ്റകൃത്യങ്ങളുടെ എത്ര ശതമാനമായിരിക്കും പതിനായിരങ്ങളില്‍ ജനസംഖ്യയുള്ള പ്രദേശത്തേത്? 0.1% ത്തിനും താഴെ ആയിരിക്കും. അത് സൗകര്യത്തിന് 0% എന്നങ്ങ് പറയും. ഇതാണ് ലക്ഷദ്വീപില്‍ ഉള്ള പൂജ്യം%. നാഗാലാന്റിലും സിക്കിമിലും, പിന്നെ ഡാമന്‍ഡ്യൂ, ദാദ്ര നാഗര്‍ഹവേലി എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലും ഈ കണക്ക് 0% ആണ്. 0.1% ഉള്ള 9 പ്രദേശങ്ങള്‍ വേറയും ഉണ്ട്. ജനസംഖ്യ കുറവായതു തന്നെ കാരണം. പറഞ്ഞു വന്നതിന്റെ രത്നച്ചുരുക്കം ഇതാണ്: ലക്ഷദ്വീപിലെ ക്രൈം റേറ്റ് 0% എന്നത് നുണ പ്രചരണം ആണ്.

പോലീസ് സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണെങ്കില്‍ ഏതു വഴിയാണ് ക്രൈം റിപ്പോര്‍ട്ട് ചെയ്തത് എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. എന്തായാലും ക്രൈം ഉള്ള സ്ഥിതിക്ക് പോലീസ് സ്റ്റേഷനുകള്‍ തുറക്കുന്നതാണ് നല്ലത്.

അവലംബം:
നാഷണല്‍ റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്, 2019

Loading