‘കോവിഡ് രോഗബാധയുടെ ഘട്ടങ്ങളില്‍ എവിടെയും പഴയതോ പാരമ്പരാഗതമോ ആയ യാതൊരു ചികിത്സക്കും ഒരവസരമോ സാധ്യതയോ ഇല്ല എന്ന് കാണാം. ഇവരുടെ ‘ഇമ്മ്യൂണ്‍ ബൂസ്റ്റര്‍’ ഫലിച്ചിരുന്നെങ്കില്‍ കോവിഡ് മരണങ്ങള്‍ എത്രയോ ഇരട്ടി ആയേനെ. ഹോമിയോ മരുന്ന് ‘ഇമ്മ്യൂണ്‍ ബൂസ്റ്റര്‍’ ആയി പ്രവര്‍ത്തിക്കുമെന്ന് പത്തനംതിട്ടയില്‍ രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ തളിയിച്ചു എന്ന അവകാശവാദം അടിച്ചുവിട്ടു ലജ്ജാലേശമെന്യേ മീഡിയയില്‍ വാര്‍ത്താപ്രാധാന്യം നേടിയെടുക്കാനും തല്‍പരകക്ഷികള്‍ ശ്രമിച്ചു. ആ പഠനം നടത്തിയ ‘ഗവേഷകന്‍’ സ്വയം കോവിഡ് വാക്‌സിന്‍ എടുത്തു എന്നതാണ് അതിലെ തമാശ. ഇപ്പോള്‍ ആയുഷ് ഡോക്ടര്‍മാര്‍ കോവിഡ് പോസിറ്റിവ് ആള്‍ക്കാരെ കൈകാര്യം ചെയ്യുന്നത് റിസ്‌ക് ആയതുകൊണ്ട് ‘കോവിഡാനന്തര ചികിത്സ’ എന്ന ചീട്ടിറക്കുകയാണ്’- ഡോ മനോജ് കോമത്ത് എഴുതുന്നു |
കോവിഡാനന്തര ചി ‘KILL’ സ ചെയ്യല്ലേ, പ്ലീസ്..!
ഇന്നലെ വാട്‌സാപ്പ് തുറന്നപ്പോള്‍ ആദ്യം കണ്ണുടക്കിയത് ‘കോവിഡിനെ നേരിടാന്‍ ജനങ്ങള്‍ക്ക് ആയുഷ് ചികിത്സാ സമ്പ്രദായങ്ങളും വേണം’ എന്നൊരു മെസ്സേജിലാണ്. എന്താണ് സംഭവം എന്ന കൗതുകം ഉണര്‍ന്നത് സ്വാഭാവികം. കാരണം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെ ആയി ഇവിടെ കോവിഡും അതിന്റെ ടെസ്റ്റിംഗും പരിചരണവും ഒക്കെ നടന്നുകൊണ്ടേയിരിക്കയാണല്ലോ. ജനങ്ങള്‍ പൊതുവെ അതില്‍ അതൃപ്തിയോ പരാതിയോ പറഞ്ഞതായി കണ്ടിട്ടില്ല. അതിനു മുന്‍പേയും കോവിഡിന്റെ ആദ്യവരവിലും രണ്ടാം തരംഗം അലയടിക്കുമ്പോഴും ആയുഷ് സമ്പ്രദായങ്ങള്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു. അതിലേതെങ്കിലും ഒരു ചികിത്സ ഇപ്പോഴുള്ള കോവിഡ് പരിചരണത്തെക്കാള്‍ മെച്ചമായേക്കും എന്നുള്ള വിദഗ്ദാഭിപ്രായവും കണ്ടിട്ടില്ല. ഇപ്പോള്‍ വിശേഷാല്‍ എന്താണാവോ സംഭവിച്ചത് ?
വാര്‍ത്ത ഇങ്ങനെ തുടരുന്നു -മെയ് 24 തിങ്കള്‍ ആയുഷ് ഡോക്ടര്‍മാരുടെ പ്രതിഷേധ ദിനാചരണമാണത്രെ. കോവിഡു് പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മോഡേണ്‍ മെഡിസിന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ആയുഷ് വിഭാഗത്തില്‍പ്പെട്ട ആയുര്‍വേദ, ഹോമിയോ, യുനാനി ,സിദ്ധ, യോഗ-നാച്ചുറോപ്പതി ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് കോവിഡ് പ്രതിരോധരംഗത്തും ചികിത്സാരംഗത്തും ചിലവു കുറഞ്ഞതും പാര്‍ശ്വഫലങ്ങളില്ലാത്തതുമായ വഴികളുണ്ട്. ഇക്കാര്യത്തില്‍ വേണ്ട വിധത്തിലുള്ള പരിഗണന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവാത്തതിനാല്‍ ആയുഷ് വിഭാഗത്തില്‍പ്പെട്ട ഡോക്ടര്‍മാരുടെ ഒന്‍പതു സംഘടനകള്‍ ചേര്‍ന്ന് പ്രതിഷേധ ദിനമാചരിക്കുകയാണ്. ഈ ചികിത്സാ വിഭാഗങ്ങളെ രംഗത്തു കൊണ്ടുവരേണ്ടത് ജനങ്ങളുടെ ആവശ്യമാണ് എന്നും ‘ആയുഷ് ജനകീയ ഐക്യവേദി’ ഓര്‍മിപ്പിക്കുന്നു.
‘പെരുങ്കാലനും വന്നിരിക്കട്ടെ തിന്നാന്‍’
ഇത് വായിച്ചപ്പോള്‍ ‘മരച്ചീനി വെക്കാന്‍ അരക്കട്ടെ തേങ്ങാ; പെരുങ്കാലനും വന്നിരിക്കട്ടെ തിന്നാന്‍…’ എന്നൊരു ക്ഷുദ്ര കവിതയാണ് ഓര്‍മവന്നത്. തറവാട്ടില്‍ മന്തുകാരണം പണിയൊന്നും ചെയ്യാതെ ഉമ്മറത്തിരിക്കുന്ന കക്ഷിക്കും അടുക്കളയില്‍ വേവുന്ന കപ്പപ്പുഴുക്ക് കിട്ടും. എന്നാല്‍ പെരുങ്കാലന്‍ അടുക്കളയില്‍ അരക്കുന്ന തേങ്ങാ തെങ്ങില്‍ കയറിപ്പറിച്ചിടാന്‍ തന്നെ വിളിച്ചില്ലായെന്നു പറഞ്ഞു ബഹളം തുടങ്ങിയാലോ? അയാള്‍ക്ക് നീതികിട്ടണം എന്ന് പറഞ്ഞു പഞ്ചായത്തുമെമ്പര്‍മാര്‍ തറവാട്ടിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാലോ? ഇതെന്തൊക്കെ അസംബന്ധനാടകം ആണെന്ന് നിങ്ങള്‍ ഉറപ്പായും പറയും.
ജനങ്ങളുടെ നികുതിപ്പണം വച്ച് സര്‍ക്കാര്‍ പോറ്റുന്ന ‘ആയുഷ് ജനകീയ ഐക്യവേദി’യുടെ പ്രതിഷേധ ദിനാചരണമെന്നത് അതുക്കും മേലെയുള്ള ഒരസംബന്ധ നാടകമാണെന്ന് തോന്നിയാല്‍ ഈ മാമനെ കുറ്റം പറയരുത്. അവര്‍ പരാമര്‍ശിച്ചിരിക്കുന്ന ‘പൊതുജനത്തില്‍’ ഒരാളെന്ന നിലയില്‍ ചില കാര്യങ്ങള്‍ സൂചിപ്പിച്ചുകൊള്ളട്ടെ.
ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴില്‍ ആധുനിക അറിവിന്റെ അടിസ്ഥാനത്തിലുള്ള കാലികചികിത്സ (Modern Medicine) പുരോഗമിക്കുമ്പോള്‍ ഒരുകാലത്തു സര്‍ക്കാരിന്റെ രേഖപ്രകാരം നാട്ടുവൈദ്യമായി ഒതുങ്ങിക്കിടന്നിരുന്ന ചികിത്സാരീതികളെ സംഘടിതമായി പരിപോഷിപ്പിക്കാന്‍ പ്രത്യേകം രൂപീകരിച്ചതാണ് ആയുഷ് (AYUSH) വകുപ്പ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ വകുപ്പ് ആയുഷ് വിഭാഗത്തില്‍പ്പെട്ട ആയുര്‍വേദ, ഹോമിയോ, യുനാനി ,സിദ്ധ, യോഗ-നാച്ചുറോപ്പതി ചികിത്സാ സമ്പ്രദായങ്ങളെ, ജനങ്ങള്‍ക്ക് എന്തുമാത്രം പ്രയോജനപ്പെടുന്നു എന്നൊന്നും നോക്കാതെ, നിരുപാധികം ഉത്തരോത്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
സര്‍ക്കാര്‍ എന്തിന് ആയുഷിനെ തീറ്റിപ്പോറ്റുന്നു
ജനത്തിന് സാര്‍വത്രികമായ ചികിത്സ നല്‍കാന്‍ ആരോഗ്യവകുപ്പിന് കീഴില്‍ ഫലപ്രദമായ ഒരു ത്രിതല സംവിധാനം ഇരിക്കേ നിത്യച്ചെലവിനു കടംവാങ്ങുന്ന സര്‍ക്കാര്‍ എന്തിന് ആയുഷ് വിഭാഗങ്ങളെക്കൂടി തീറ്റിപ്പോറ്റുന്നു എന്നചോദ്യത്തില്‍ നിന്ന് തുടങ്ങുന്നു അസംബന്ധങ്ങളുടെ തിരക്കഥ. ശാസ്ത്രീയ അറിവുകള്‍ ആരോഗ്യത്തിലും ആയുസ്സിലും വരുത്തിയ മികവ് സമൂഹത്തിന് അനുഭവേദ്യമാണെന്നിരിക്കെ സര്‍ക്കാര്‍ തന്നെ ലോകത്തെങ്ങുമില്ലാത്ത ‘അലോപ്പതി’ എന്ന പദംകൊണ്ടാണ് ശാസ്ത്രാധിഷ്ഠിത ചികിത്സയെ രേഖപ്പെടുത്തുന്നത്. രോഗിക്ക് വന്നുപെടാവുന്ന ആരോഗ്യക്ഷതങ്ങള്‍ പരിഗണിക്കാതെ ചികിത്സകന്‍ തോന്നിയമാതിരിയുള്ള പ്രയോഗങ്ങള്‍ നടത്തിയിരുന്ന പഴയ പാശ്ചാത്യ പാരമ്പര്യചികിത്സയെ സൂചിപ്പിക്കാന്‍ പണ്ട് സാമുവല്‍ ഹാനിമാന്‍ ഉപയോഗിച്ച പരിഹാസപദമാണ് ‘അലോപ്പതി’. അത് ലോകത്തുനിന്ന് മണ്‍ മറഞ്ഞിട്ടു, ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള സിലബസില്‍ പുതിയ ചികിത്സാഭ്യസനം വന്നിട്ട് ഒരു നൂറ്റാണ്ടായി. ഇന്നും അധികാരികള്‍ക്ക് നേരം വെളുത്തിട്ടില്ല (തങ്ങള്‍ പഠിച്ചതും പ്രയോഗിക്കുന്നതും അലോപ്പതി ചികിത്സ അല്ല എന്ന് തുറന്നു പറയാന്‍ ഐഎംഎ സംഘടന മുതിര്‍ന്നിട്ടുമില്ല). പഴയ അലോപ്പതിയുടെ കാലത്തു നടപ്പിലുണ്ടായിരുന്ന പഴഞ്ചന്‍ ചികിത്സകള്‍ മുഴുവന്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനുണ്ടായിരുന്ന മുടന്തന്‍ ന്യായവും ‘ഇപ്പോഴും തുടരുന്ന അല്ലോപ്പതിരീത്യാ ഉള്ള ചികിത്സക്കു ബദല്‍ കണ്ടെത്താനുള്ള മഹദ് സംരംഭമാണ് ആയുഷ്’ എന്നതത്രേ!
ഈ അസംബന്ധം ഒടുവില്‍ തിരിഞ്ഞടിച്ചതു കോവിഡ് മഹാമാരി വന്നപ്പോഴാണ്. ആരോഗ്യവകുപ്പിന് കീഴിലുള്ള സകല സംവിധാനവും ആളും അറിവും അര്‍ത്ഥവും എല്ലാം മഹാമാരിയെ കൈകാര്യം ചെയ്യാന്‍ വിനിയോഗിച്ചപ്പോള്‍ അതില്‍ ഈ ആയുഷിന്റെ റോള്‍ എന്താണെന്നു ആ വകുപ്പിനോ അതിലെ വിവിധ ചികിത്സകള്‍ കൈയാളുന്ന കൂട്ടായ്മകള്‍ക്കോ ഒരു നിശ്ചയവും ഇല്ലായിരുന്നു. ഈ വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുവായ ഒരു രോഗനിവാരണതന്ത്രം രൂപപ്പെടുത്തുക എന്നത് തത്വത്തില്‍ അസാധ്യമാണെന്നും അറിയണം. എന്തെന്നാല്‍ ആയുഷ് വിഭാഗത്തില്‍പ്പെട്ട ആയുര്‍വേദ, ഹോമിയോ, യുനാനി, സിദ്ധ, യോഗ-നാച്ചുറോപ്പതി ചികിത്സാ സമ്പ്രദായങ്ങള്‍ക്കെല്ലാം രോഗകാരണത്തെപ്പറ്റിയും നിവാരണ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാം വ്യത്യസ്ത സമീപനങ്ങളാണ്. രോഗങ്ങള്‍ ഉണ്ടാകുന്നത് വാത-പിത്ത-കഫ ദോഷങ്ങളാലാണെന്ന് ഒരു കൂട്ടര്‍, മയാസമെന്ന ദുര്‍ഭൂതം ആവേശിച്ചിട്ടാണെന്ന് മറ്റൊരു കൂട്ടര്‍, ജീവശക്തി ക്ഷയം കൊണ്ടാണെന്നു വേറൊരുകൂട്ടര്‍. ആയുര്‍വേദത്തില്‍ പച്ചമരുന്നും ധാതുക്കളും സത്തെടുത്തു കുറുക്കി കൊടുക്കുമ്പോള്‍ ഹോമിയോപ്പതിയില്‍ ഇതേ സത്തുക്കള്‍ കോടിക്കണക്കിനു മടങ്ങു നേര്‍പ്പിച്ച കൊടുക്കുന്നു. നാച്യുറോപ്പതിയില്‍ ഔഷധപ്രയോഗം വര്‍ജ്യമത്രെ!
സമാന്തര ചികിത്സ ട്രോള്‍ ആയ കോവിഡ് കാലം
ഇവരെല്ലാം തന്നെ ഒരേ അസുഖം മാറ്റിയതായി അനുഭവസ്ഥരുടെ സാക്ഷ്യങ്ങള്‍ (ഒരുഘട്ടം കഴിഞ്ഞാല്‍ സ്വയം ശമിക്കുന്ന രോഗങ്ങളാണ് അവരുടെയൊക്കെ സാക്ഷ്യങ്ങളില്‍ കാണുക എന്നത് പരസ്യമായ രഹസ്യം). അവരുടെ പഴയ ഗ്രന്ഥങ്ങളില്‍ അനാട്ടമിയോ ഫിസിയോളജിയോ ഫാര്‍മക്കോളജിയോ മൈക്രോബയോളജിയോ ഒന്നും ഇല്ല. അപ്പോള്‍ എന്തടിസ്ഥാനത്തിലാണ് അവര്‍ക്ക് പുതിയ ഒരു പകര്‍ച്ചവ്യാധിയുടെ ചികിത്സകണ്ടെത്താനാവുക? വൈറസും ബാക്ടീരിയയും ഫംഗസ്സും ഒന്നും കണ്ടുപിടിക്കപ്പെടും മുന്‍പുള്ള പുസ്തകങ്ങള്‍ എത്ര ആഴത്തില്‍ പഠിച്ചാലും കോവിഡ് പോലൊരു രോഗത്തെ മനസ്സിലാക്കാനോ കൈകാര്യം ചെയ്യാനോ ആവില്ലെന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും മനസ്സിലാകും.
ചികിത്സയിലെ ‘ആള്‍ട്ടര്‍നേറ്റീവി’നെ പര്യവേഷണം ചെയ്തു ശാസ്ത്രത്തിനതീതമായ പുതിയ ചികില്‍സാ അറിവുകള്‍ കൊണ്ടുവരാനാണ് ആയുഷ് വകുപ്പിനെ നികുതിപ്പണം ചെലവാക്കി പോറ്റുന്നത് എന്നും മറ്റുമുള്ള അവകാശവാദങ്ങള്‍ വെറും പൊള്ളയാണെന്ന് ജനത്തിന് മനസ്സിലായി. പാരമ്പര്യത്തോടു യാതൊരു ബഹുമാനവും പുലര്‍ത്താത്ത മാരകമായ ട്രോളുകളാണ് സമാന്തര ചികിത്സക്കെതിരെ കോവിഡ് കാലത്തു പ്രത്യക്ഷപ്പെട്ടത്
മുന്‍പ് ‘അലോപ്പതി’ ചികിത്സക്ക് എതിരെ ഇറക്കിയിരുന്ന സ്ഥിരം നമ്പരുകള്‍ ഒന്നും തന്നെ കോവിഡ് കാലത്ത് എവിടെയും ഏശാതെ പോയി. ചികിത്സ എന്നതിലേറെ പരിചരണമാണ് കോവിഡ് രോഗികള്‍ക്ക് കിട്ടുന്നത് എന്നതിനാല്‍ ഡോക്ടര്‍മാര്‍ അമിത ചികിത്സ നല്‍കുന്നു എന്ന പരാതി ഇല്ല. വളരെ പരിമിതമായി, വിലകുറഞ്ഞ മരുന്നുകള്‍ മാത്രമേ നല്‍കുന്നുള്ളൂ എന്നതിനാല്‍ മരുന്ന് മാഫിയ ചികിത്സാരംഗം കയ്യടക്കിയതിന്റെ ഗൂഡലോചനാ സിദ്ധാന്തങ്ങള്‍ ഇല്ല. സൈഡ് ഇഫക്ള്‍റ്റിന്റെ ഭീകരവര്‍ണന ഇല്ല. അലോപ്പതി ആള്‍ക്കാരുടെ അധികപ്രസംഗങ്ങള്‍ക്ക് ആയുഷ് ആണ് മറുപടി എന്ന സ്ഥിരം പല്ലവിയുടെ നിരര്‍ത്ഥകത ജനം മനസ്സിലാക്കി.
അറിവിന്റെ മികവും പഴയ ജ്ഞാനത്തിന്റെ പരിമിതിയും മഹാമാരിക്കാലത്ത് അവര്‍ തിരിച്ചറിഞ്ഞു. ജനം ആയുഷിന്റെ പൊള്ളത്തരം മനസ്സിലാക്കിത്തുടങ്ങി എന്ന് വന്നപ്പോഴാകണം ഈ ആയുഷ് പരിവാരങ്ങള്‍ എല്ലാം ഒത്ത് ഒരു ‘പെരുങ്കാലന്‍’ കളി കളിച്ചുനോക്കാം എന്ന് നിരൂപിച്ചു ഇറങ്ങിയത്.
മഹാമാരിയെ നിയന്ത്രിക്കാന്‍ ആയുഷിന്റെ കൈയില്‍ എന്തുണ്ട്?
സമൂഹം മൊത്തത്തില്‍ ഒരു ആരോഗ്യപ്രശ്‌നം നേരിടുമ്പോള്‍ നിലവിലുള്ള ചികിത്സകള്‍ക്ക് ചെയ്യാന്‍ പറ്റുന്നതിലും മെച്ചമായി എന്തെങ്കിലും ആര്‍ക്കെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ എന്ന് ആരായുന്നത് സ്വാഭാവികമാണ്. കോവിഡ് മഹാമാരിയെ നിയന്ത്രിക്കാനും രോഗികളെ ചികില്‍സിക്കാനും ആയുഷ് വിഭാഗത്തിന് എന്തൊക്കെ ചെയ്യാനാവും എന്ന് പരിശോധിക്കുന്നത് ന്യായം തന്നെ. ഗ്രന്ഥങ്ങള്‍ പഴഞ്ചന്‍ ആയാലും ചികിത്സകര്‍ അനുഭവത്തിലൂടെ പുതിയ പരിഹാരം കണ്ടെത്തിക്കൂടായ്ക ഇല്ലല്ലോ.
കോവിഡിന്റെ കാര്യത്തില്‍ അങ്ങനെ ഒരു സാധ്യത അറിയാന്‍ ആദ്യം ആ രോഗം എന്തെന്ന് മനസ്സിലാക്കണം. സാര്‍സ് കോവ് വൈറസ് ശരീരത്തിനകത്തു കടക്കുന്നത് തൊട്ട് സങ്കീര്‍ണമായ പല ഘട്ടങ്ങളിലൂടെയും ആണ് കോവിഡ് രോഗം മുന്നോട്ടു പോകുന്നത്. കോവിഡിന്റെ ആദ്യഘട്ടം: വൈറസ് ശരീരത്തില്‍ കടന്നു മൂക്കിലും വായിലും ഉള്ള കോശങ്ങള്‍ക്കുള്ളില്‍ കയറി പെരുകുന്ന ഘട്ടം ആണ്. 4-5 ദിവസം വരെ നീണ്ട് നില്‍ക്കുന്ന ഈ ഘട്ടത്തില്‍ കാര്യമായ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടാവില്ല.
രണ്ടാം ഘട്ടം: 5-6 ദിവസം കഴിയുമ്പോള്‍ പനി, ചുമ, തൊണ്ടവേദന തുടങ്ങിയവ അനുഭവപ്പെടും. ശ്വാസനാളങ്ങളില്‍ വൈറസ് ബാധിക്കുമ്പോള്‍ ആണ് ഇത്തരം രോഗലക്ഷണങ്ങള്‍ കാണിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ സജ്ജമായി വൈറസിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കും. 85% രോഗികളിലും ഒരാഴ്ചക്കുള്ളില്‍ വൈറസിനെ തോല്‍പ്പിക്കാന്‍ മനുഷ്യന്റെ പ്രതിരോധവ്യവസ്ഥക്ക് സാധിക്കും. (കൂടുതല്‍ കാര്യക്ഷമമായും, വേഗത്തിലും ഇത് ചെയ്യാന്‍ പ്രതിരോധവ്യവസ്ഥക്ക് സാധിക്കും എന്നതാണ് വാക്‌സിനേഷന്‍ കൊണ്ടുള്ള മെച്ചം). ബാക്കി രോഗികളില്‍ വിവിധ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇത് ക്രമേണ മാറി സാധാരണ നിലയില്‍ ജീവിക്കാന്‍ സാധിക്കും.
കോവിഡിന്റെ ഒരു ഘട്ടത്തിലും സമാന്തരത്തിന് പ്രസക്തിയില്ല
മൂന്നാംഘട്ടം: നാക്ക്, തൊണ്ട, ശ്വാസനാളികള്‍ എന്നിവയില്‍ വെച്ച് വൈറസിനെ മുഴുവനായി പുറത്താക്കാന്‍ പ്രതിരോധവ്യവസ്ഥക്ക് സാധിച്ചില്ല എങ്കില്‍ രോഗം തുടങ്ങി ഏതാണ്ട് രണ്ടാമത്തെ ആഴ്ചയോടെ വൈറസ് ശ്വാസകോശത്തെ ബാധിക്കും. ഇതത്രെ ന്യുമോണിയ ഫേസ് (Pneumonia phase) . പ്രതിരോധവ്യവസ്ഥ ശക്തമായി പ്രതികരിച്ചു വൈറസിനെയും, വൈറസ് ബാധിച്ച കോശങ്ങളെയും നശിപ്പിക്കുന്നതിന്റെ കൂടെ സ്വാഭാവിക ശ്വാസകോശകലകളെ കൂടെ നശിപ്പിക്കും. അതിന്റെ കൂടെ നീര്‍ക്കെട്ടും നിലനില്‍ക്കുമ്പോള്‍ ശ്വസനവ്യവസ്ഥ താല്‍ക്കാലികമായി പരാജയപെടുകയും ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ എത്തിക്കാന്‍ പറ്റാതെ വരികയും ചെയ്യുന്നു. രോഗിക്ക് ചെറുതായി ആയാസപ്പെടുമ്പോള്‍ പോലും കിതപ്പ്, നെഞ്ചില്‍ ഞെരുക്കം, ഉയര്‍ന്ന ഗതിയില്‍ ശ്വാസോച്ഛ്വാസം, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ കാണും. രക്തത്തിലെ ഓക്‌സിജന്‍ ലെവല്‍ ക്രമാധികം കുറഞ്ഞാല്‍ രോഗിക്ക് ഓക്‌സിജന്‍ കൊടുക്കേണ്ടതായി വരും. മൊത്തം രോഗം ബാധിച്ചവരില്‍ 1-5% രോഗികള്‍ ഈ അവസ്ഥയില്‍ എത്താം.
അപകടകരമായ നാലാം ഘട്ടം: മുന്‍പത്തെ ഘട്ടത്തില്‍ പ്രതിരോധവ്യവസ്ഥ ശക്തമായി പ്രതികരിച്ചുതുടങ്ങിയത് തുടരുകയാണെങ്കില്‍ Hyperinflammation/ cytokine storm എന്ന അപകടകരമായ അവസ്ഥ വന്നുചേരും. പ്രതിരോധ വ്യവസ്ഥയെ അടക്കി നിര്‍ത്തുന്ന immuno-suppressant മരുന്നുകള്‍ അടിയന്തരമായി കൊടുത്തു പ്രതികരണം കുറച്ചില്ലെങ്കില്‍ circulatory shock വന്നു ജീവന് ഭീഷണിയാകും. ഘട്ടത്തില്‍ എത്തിയാല്‍ വിദഗ്ധവൈദ്യ ചികിത്സ ആവശ്യം ആയി വരും. ഓക്‌സിജനും, പ്രതിരോധവ്യവസ്ഥ ശ്വാസകോശത്തെ നശിപ്പിക്കുന്നത് തടയുന്നതിന് സ്റ്റിറോയിഡുകളും, ദ്വിതീയ അണുബാധയില്‍ നിന്ന് (secondary infections) രക്ഷ നേടാന്‍ ആന്റിബയോട്ടിക്കുകളും നല്‍കേണ്ടതുണ്ട്. കൂടുതല്‍ ഗുരുതരമായ respiratory failure ആണെങ്കില്‍ വെന്റിലേഷന്‍ അടക്കം ഈ ഘട്ടത്തില്‍ ആവശ്യമായി വന്നേക്കാം. കൂടെ രക്തം കട്ടപിടിക്കുന്നത് തടയാന്‍ Heparin, Aspirin പോലുള്ള മരുന്നുകളും ആവശ്യം വരാം.
അഞ്ചാം ഘട്ടം: ഇത് ശ്വാസകോശത്തിന് വെളിയില്‍ മറ്റു വ്യവസ്ഥകളെ ബാധിക്കുന്നവയും ദീര്‍ഘകാലമായി നിലനില്‍ക്കാന്‍ സാധ്യത ഉള്ളവയും ആയ അനുബന്ധപ്രശ്‌നങ്ങള്‍ ആണ്. രക്തകുഴലുകളില്‍ രക്തം കട്ടപിടിക്കല്‍, നാഡീവ്യവസ്ഥയെ മന്ദീഭവിപ്പിക്കല്‍ എന്നിവ കണ്ടിട്ടുണ്ട്. . രക്തം കട്ടപിടിക്കല്‍ കാരണം ഹൃദ്രോഗികള്‍, വൃക്കരോഗികള്‍ എന്നിവരില്‍ ഹൃദയാഘാതം മരണകാരണം ആയി വരാം. പണ്ടേ ഉള്ള ഹാര്‍ട്ട് ബ്ലോക്ക്, രക്തത്തില്‍ ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥ, കൂടുതല്‍ രക്തകുഴലുകളില്‍ ബ്ലോക്കുകള്‍ ഇവയെല്ലാം ചേര്‍ന്ന് കോവിഡ് വാര്‍ഡുകളില്‍ മരണസാധ്യത വളരെ വര്‍ധിപ്പിക്കുന്നു.
ഇത്രയും കാര്യം പരിശോധിച്ചാല്‍ കോവിഡ് രോഗബാധയുടെ ഘട്ടങ്ങളില്‍ എവിടെയും പഴയതോ പാരമ്പരാഗതമോ ആയ യാതൊരു ചികിത്സക്കും ഒരവസരമോ സാധ്യതയോ ഇല്ല എന്ന് കാണാം.
ആയുഷിന് എന്താണ് ബദല്‍ ഉളളത്
വൈറസ് വ്യാപനം ഒഴിവാക്കാന്‍ പരമാവധി ജനസമ്പര്‍ക്കം കുറയ്ക്കുക, മാസ്‌ക് ധരിക്കുക, സോപ്പ് അല്ലെങ്കില്‍ സാനിറ്റയ്‌സര്‍ ഉപയോഗിച്ച് കൈ കഴുകുക എന്നിവ നിര്‍ദ്ദേശിക്കപ്പെടുന്നു. ഇത് വളരെ വിജയകരമാണെന്ന് തെളിഞ്ഞതാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ രോഗഭയം ഉള്ളവരെ എളുപ്പം വീഴ്ത്താന്‍ പാകത്തില്‍ ‘പ്രതിരോധ-പ്രിവന്റീവ് മരുന്നുകള്‍’ ചിലര്‍ കേരളത്തില്‍ വിതരണം ചെയ്തു മൈലേജ് ഉണ്ടാക്കി എന്നത് ശ്രദ്ധിക്കേണ്ടതാണ്. പുരകത്തുമ്പോള്‍ വാഴവെട്ടുന്ന ഈ നീചതന്ത്രം ഹോമിയോക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്നത് അത്തരത്തിലുള്ള പ്രചാരണം ഒഴിവാക്കണം എന്ന കേന്ദ്ര ആയുഷ് വകുപ്പിന്റെ ഓര്‍ഡര്‍ ഇരിക്കെയാണ് എന്നതും പ്രസ്താവ്യമാണ്. ശ്വാസകോശ സംബന്ധിയോ, ഹൃദയസംബന്ധിയോ ആയ പ്രശ്‌നങ്ങള്‍, കാന്‍സര്‍ ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവര്‍ 85-90% പേരും 7-10 ദിവസം കൊണ്ട് വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ കോവിഡിനെ അതിജീവിക്കും. അപ്പോള്‍ മരുന്നെന്നപേരില്‍ എന്ത് കാടിവെള്ളം കൊടുത്താലും ‘ഫലം ചെയ്യും’ !രണ്ടാം ഘട്ടത്തില്‍ കോവിഡ് പൊസിറ്റിവ് ആണെന്ന് അറിഞ്ഞാല്‍ നിര്‍ദ്ദേശിക്കപ്പെടുന്നത് – നന്നായി റെസ്റ്റ് എടുക്കുക; ആവശ്യത്തിന് വെള്ളം കുടിക്കുക; പനി, ചുമ ഉണ്ടെങ്കെില്‍ പാരസെറ്റമോള്‍, സെട്രിസിന്‍ പോലെ വല്ലതും കഴിക്കുക; തൊണ്ടവേദനക്ക് കുലുക്കുഴിയുക. ഇവിടെ, ഏതെങ്കിലും പ്രത്യേക മരുന്നോ സവിശേഷമായ പരിചരണമോ ആവശ്യമായി വരുന്നില്ല.
മൂന്നാംഘട്ടത്തിലും ആയുഷ് പരിവാരങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. എന്നല്ല, തങ്ങളുടെ ഗ്രന്ഥങ്ങള്‍ വച്ച് ‘ഇമ്മ്യൂണ്‍ ബൂസ്റ്റര്‍’ ഉണ്ടാക്കി കോവിഡിനെ ചെറുക്കാം എന്ന് പലരും അവകാശപ്പെട്ടത് എന്തുമാത്രം പരമാബദ്ധമാണെന്നും മനസിലാക്കാം. (അവരുടെയൊക്കെ ‘ഇമ്മ്യൂണ്‍ ബൂസ്റ്റര്‍’ ഫലിച്ചിരുന്നെങ്കില്‍ കോവിഡ് മരണങ്ങള്‍ എത്രയോ ഇരട്ടി ആയേനെ. ഹോമിയോ മരുന്ന് ‘ഇമ്മ്യൂണ്‍ ബൂസ്റ്റര്‍’ ആയി പ്രവര്‍ത്തിക്കുമെന്ന് പത്തനംതിട്ടയില്‍ രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ തളിയിച്ചു എന്ന അവകാശവാദം അടിച്ചുവിട്ടു ലജ്ജാലേശമെന്യേ മീഡിയയില്‍ വാര്‍ത്താപ്രാധാന്യം നേടിയെടുക്കാനും തല്‍പരകക്ഷികള്‍ ശ്രമിച്ചു. ആ പഠനം നടത്തിയ ‘ഗവേഷകന്‍’ സ്വയം കോവിഡ് വാക്‌സീന്‍ എടുത്തു എന്നതാണ് അതിലെ തമാശ).
മൂന്നാം ഘട്ടത്തിന് ശേഷമുള്ള ശേഷമുള്ള ക്രിട്ടിക്കല്‍ കെയര്‍ വേണ്ടിവരുന്ന ഘട്ടങ്ങളില്‍ ഏതെങ്കിലും ആയുഷ് സഹായം വിദൂര സാധ്യതയായി പോലും വേണ്ടിവരില്ല. രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതോ അല്ലെങ്കില്‍ ഓക്‌സിജന്‍ കുറയുന്നതോ മനസ്സിലാക്കാന്‍ എന്ത് പദ്ധതിയാണ് ആയുഷിന് ഉള്ളത് ? ഇനി ആധുനിക മാര്‍ഗേണ കണ്ടെത്താനാണെങ്കില്‍ അതിനു പരിഹാരം എന്താണ് അവരുടെ കയ്യില്‍ ഉള്ളത് ?
‘കോവിഡാനന്തര ചികിത്സ’ എന്ന ചീട്ടിറക്കുകയാണ് ബുദ്ധി!
ആയുഷ് ജനകീയ ഐക്യവേദി എന്നൊരു സംഘടന തട്ടിക്കൂട്ടി എന്തിനാണ് ഈ അസത്യ പ്രസ്താവനകള്‍ ചെയ്തു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത് ? ‘…കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മോഡേണ്‍ മെഡിസിന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞിട്ടില്ല…’, ‘…ആയുഷ് വിഭാഗത്തില്‍പ്പെട്ട ആയുര്‍വേദ, ഹോമിയോ, യുനാനി, സിദ്ധ, യോഗ-നാച്ചുറോപ്പതി ചികിത്സാ സമ്പ്രദായങ്ങള്‍ക്ക് കോവിഡു് പ്രതിരോധരംഗത്തം ചികിത്സാരംഗത്തും ചിലവു കുറഞ്ഞതും പാര്‍ശ്വഫലങ്ങളി’ല്ലാത്തതുമായ വഴികളുണ്ട്…’. ‘…ഈ ചികിത്സാ വിഭാഗങ്ങളെ രംഗത്തു കൊണ്ടുവരേണ്ടത് ജനങ്ങളുടെ ആവശ്യമാണ് ‘..
കോവിഡ് ചികിത്സക്ക് അനുവദിക്കാതെ സര്‍ക്കാര്‍ വിവേചനം കാട്ടി എന്ന് പറഞ്ഞു ആരെയാണ് നിങ്ങള്‍ പറ്റിക്കാന്‍ നോക്കുന്നത് ? ആധുനിക ചികിത്സ അപര്യാപ്തമാണെന്ന് ഏതെങ്കിലും രോഗി പരാതിപ്പെട്ടോ ? എന്തിനാണ് പൊതുജനാവശ്യമാണെന്നും മറ്റും അസത്യം വിളിച്ചുപറയുന്നത് ? ആകെക്കൂടി കോവിഡ് പോസിറ്റീവ് ആയി കണ്ട ആള്‍ക്കാരെ ചികില്‍സിക്കുന്നു എന്ന വ്യാജേന വല്ലതും കാട്ടിക്കൂട്ടി അതില്‍ 85 ശതമാനവും സ്വയമേവ റിക്കവര്‍ ചെയ്യുമ്പോള്‍ അത് തങ്ങളുടെ ചികിത്സ കൊണ്ടാണെന്നു വീമ്പിളക്കാന്‍ അവസരം കിട്ടും. പക്ഷെ, പോസിറ്റിവ് ആള്‍ക്കാരെ കൈകാര്യം ചെയ്യുന്നത് റിസ്‌ക് ആയതുകൊണ്ട് ‘കോവിഡാനന്തര ചികിത്സ’ എന്ന ചീട്ടിറക്കുകയാണ് ബുദ്ധി !
ഈ അതിബുദ്ധി നടപ്പാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയും പ്രതിഷേധദിനം ആചരിക്കുകയും ചെയ്യുന്ന ആയുഷ് പരിവാരങ്ങളോട് ഒരഭ്യര്‍ത്ഥന – ഗുരുതരമായ ശാസകോശ നാശവും രക്തഘനീഭവന സാധ്യതയും ആയി പുറത്തുവരുന്ന ഒരു കൂട്ടം രോഗികളുണ്ട്. അവരുടെ കോവിഡാനന്തര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യണമെങ്കില്‍ ആധുനിക അറിവ് ഉപയോഗിച്ചുള്ള അതിവിദഗ്ധമായ ചികിത്സതന്നെ അവര്‍ക്കു വേണം. ആ ചികിത്സ തുടരാന്‍ അനുവദിക്കുക – കാരണം ചെറിയ ഒരു അശ്രദ്ധ പോലും ജീവന്‍ കവര്‍ന്നേക്കാം. അവര്‍ കൂടുതല്‍ ആയുസ്സും ആരോഗ്യവും ആഗ്രഹിക്കുന്ന സാധുക്കളാണ്. സ്വന്തം പ്രൊഫഷന്‍ നിലനിര്‍ത്താന്‍ ‘കോവിഡാനന്തരചികിത്സ നമ്മളും ചെയ്യും’ എന്ന് പറഞ്ഞു സര്‍ക്കാരിനെ ബ്ലാക്ക് മെയില്‍ ചെയ്തു ഈ സാധുക്കളെ കാന്‍വാസ് ചെയ്തു പിടിച്ചു ബലികൊടുക്കരുത് . പ്ലീസ്!