വെറും ഉപ്പുവെള്ളമാണ് ബ്രോയിലര്‍ കോഴികളില്‍ കുത്തിവെക്കുന്ന ആ മാരക രാസവസ്തു; ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു


“കോഴി, പുഴുവരിക്കാതിരിക്കാന്‍ മറ്റൊരു കെമിക്കല്‍, ഇങ്ങനെ പോവുന്നു രീതികള്‍. കോഴികളില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളും രാസവസ്തുക്കളും ഇറച്ചി വേവിച്ചാലും നശിക്കുന്നില്ല. ഇത് നേരെ വയറ്റിലേക്ക് ചെന്നാല്‍ ശരീരം ആദ്യം വലിച്ചെടുക്കുന്നത്, ഇത്തരം മാരക, രാസവസ്തുക്കള്‍ തന്നെയാണ് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. കിഡ്‌നി, കരള്‍, തലച്ചോറ് എന്നിവയെ നശിപ്പിക്കുന്ന കാര്യത്തില്‍, ഒരു സംശയവും വേണ്ട.”- കേരളത്തിലെ ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഭീതി നിറയ്ക്കുന്ന ഒരു വീഡിയോ ആണിത്. ഇതിന്റെ യാഥാര്‍ഥ്യം എന്താണ്. ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു.

ബ്രോയിലര്‍ ഭീതിവ്യാപാരം!

കേരളത്തിലെ ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇപ്പോള്‍, വൈറല്‍ ആയിരിക്കുന്ന ഒരു വീഡിയോ ആണ് ബ്രോയിലര്‍ കോഴികളെക്കുറിച്ചുള്ളത്. ഇതില്‍ വന്‍ തോതില്‍ കെമിക്കലുകള്‍ കുത്തിവെക്കുകയാണെന്നും അതുമൂലം കിഡ്‌നിക്കും, കരളിനും, മസ്തിഷ്‌ക്കത്തിനും ഗുരുതര രോഗങ്ങള്‍ ഉണ്ടാവുന്നുമെന്നുമാണ്, വീഡിയോയിലെ കണ്ടെത്തല്‍. എന്തോ ഒരു ‘കെമിക്കല്‍’ കോഴിയില്‍ കുത്തിവെക്കുന്നതായും വീഡിയോയില്‍ കാണാം. ഇതോടെ സാധാരണക്കാരില്‍ ഭീതി വര്‍ധിക്കയാണ്.

വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്. ‘കോഴി, പുഴുവരിക്കാതിരിക്കാന്‍ മറ്റൊരു കെമിക്കല്‍, ഇങ്ങനെ പോവുന്നു രീതികള്‍. കോഴികളില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളും രാസവസ്തുക്കളും ഇറച്ചി വേവിച്ചാലും നശിക്കുന്നില്ല. ഇത് നേരെ വയറ്റിലേക്ക് ചെന്നാല്‍ ശരീരം ആദ്യം വലിച്ചെടുക്കുന്നത്, ഇത്തരം മാരക, രാസവസ്തുക്കള്‍ തന്നെയാണ് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. കിഡ്‌നി, കരള്‍, തലച്ചോറ് എന്നിവയെ നശിപ്പിക്കുന്ന കാര്യത്തില്‍, ഒരു സംശയവും വേണ്ട. നാല്‍പ്പത് ദിവസം കൊണ്ട്, രണ്ടരക്കിലോക്ക് മുകളില്‍ തൂക്കം വരുന്ന കോഴിക്കുഞ്ഞുങ്ങള്‍, അറുപത് ദിവസം കഴിഞ്ഞാല്‍ ചത്തുപോവുകയാണ് പതിവ്. അതിനിടക്ക് മാര്‍ക്കറ്റുകളില്‍, എത്തിക്കാന്‍ കഴിയാതിരുന്നാല്‍ ഫോര്‍മാല്‍ഡിഹൈഡ് നിറച്ച്, ഹോട്ടലുകളിലും മാര്‍ക്കറ്റുകളിലും എത്തിക്കുന്നു. ഹോട്ടലുകളില്‍ ഇറച്ചിയുടെ ഗുണനിലവാരമോ, അവസ്ഥയോ ഒന്നും ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. കറിയായി മേശകളില്‍ എത്തുമ്പോള്‍, ആര്‍ത്തിയോടെ കഴിക്കുന്നത് മാരകവിഷവും, അതേ തുടര്‍ന്ന് നമ്മെ കാത്തിരിക്കുന്നത് മാരകമായ രോഗങ്ങളുമാണെന്ന് ഓര്‍ക്കുക. ”- ഇങ്ങനെയാണ് ആ വീഡിയോ അവസാനിക്കുന്നത്.

കുത്തിവെക്കുന്നത് ഹോര്‍മോണുകള്‍ ആണോ?

ഈ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിക്കാരന്‍ പറയുന്നത് ശരിയാണെന്ന് കരുതുന്നവരാണ് ഏതാണ്ട് എല്ലാ സാധാരണക്കാരും. എന്നാല്‍ ഇയാള്‍ ചെയ്യുന്നത് ഒരുതരം ഭീതി വ്യാപാരമാണ് എന്ന് മനസ്സിലാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും.

1 ഇയാളുടെ വാദം ശരിയാണെങ്കില്‍ എന്തുകൊണ്ട് നാടന്‍ കോഴികള്‍ക്ക് ഹോര്‍മോണ്‍ നല്‍കി 40 ദിവസംകൊണ്ട് 5 പൗണ്ട് ഭാരം വെപ്പിക്കാന്‍ കഴിയുന്നില്ല..?

2 ഭക്ഷ്യ വസ്തുക്കളില്‍ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ പോലും ലഭിക്കില്ല എന്നിരിക്കെ ഇത്ര കര്‍ശനമായി നിയമം പാലിക്കപ്പെടുന്ന വിദേശ രാജ്യങ്ങളില്‍ കൃത്യമായി നിയമവിരുദ്ധമായ ഹോര്‍മോണ്‍ കുത്തിവച്ചുകൊണ്ട് ഇത്രയും വിപുലമായ രീതിയില്‍ കോഴികളെ വളര്‍ത്തുവാനും വിപണനം നടത്തുവാനും സാധിക്കില്ല.

3. ഗ്രോത്ത് ഹോര്‍മോണുകളുടെയും സ്റ്റീറോയിഡുകളുടെയും വിലയെക്കുറിച്ച് ധാരണ ഇല്ലാത്തതാണ് മറ്റൊരു പ്രശ്‌നം. ഹോര്‍മോണ്‍ നല്‍കി വളര്‍ത്തിയാല്‍ തന്നെ അങ്ങിനെയുള്ള ഒരു കോഴിയെ വാങ്ങാന്‍ ആടിന്റെ വില നല്‍കേണ്ടിവരും.

4 . ലോകത്തിലെ എല്ലാ കായിക താരങ്ങളും കഴിക്കുന്നത് താരതമ്യേണ കൊഴുപ്പ് കുറഞ്ഞ ബ്രൊയ്‌ലര്‍ കോഴിയിറച്ചിയാണ്. ഡോപിങ് ടെസ്റ്റില്‍ ആറ് മാസം മുന്‍പ് കഴിച്ച സ്റ്റിറോയ്ഡ്കളും അനുവദനീയമായ അളവില്‍ കൂടുതലുള്ള ഹോര്‍മോണുകളും പിടിക്കപ്പെടും. അപ്പോള്‍ ഇയാള്‍ പറയുന്നപോലെ കൊഴിയുടെ ശരീരത്തില്‍നിന്നും ഈ തന്മാത്രകള്‍ മനുഷ്യ ശരീരത്തില്‍ എത്തുന്നുണ്ടെങ്കില്‍ വെജിറ്റേറിയന്‍ അല്ലാത്ത ഒരു കായിക താരത്തിനും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇയാളുടെ അറിവില്ലായ്മയും അതിലുപരി ദുരുദ്ദേശവും മനസ്സിലായെങ്കില്‍ പിന്നെ എങ്ങിനെയാണ് 40 ദിവസം കൊണ്ട് ബ്രോയിലര്‍ കോഴികള്‍ 5 പൗണ്ടോളം ഭാരം വെക്കുന്നത് എന്ന് പരിശോധിക്കാം.

ഇന്ന് നാം ഉപയോഗിക്കുന്ന കൂടിയ വിളവ് നല്‍കുന്ന കുരുമുളക്, തെങ് ,കവുങ്, നെല്ല്, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പലയിനം വിളകളും, നായ,പശു, തുടങ്ങിയ വളര്‍ത്ത് മൃഗങ്ങളും ഒക്കെ നാം അറിഞ്ഞോ അറിയാതെയോ ആര്‍ട്ടിഫിഷ്യല്‍ എവലുഷ്യന്‍ വഴി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് ഇനങ്ങളാണ്. തലമുറകളായി വലിപ്പവും ഗുണവുമുള്ള ചെടികളില്‍ നിന്ന് മാത്രം വിത്ത് ശേഖരിക്കുകയും മികച്ച ഇനം മൃഗങ്ങളെ മാത്രം ഇണചേരാന്‍ അനുവദിക്കുകയും ക്രോസ് ബ്രീഡ് ചെയ്തുമൊക്കെയാണ് നാം അറിയാതെ സസ്യങ്ങളുടെയും ജന്തുക്കളുടെയും പരിണാമത്തില്‍ ഇടപെട്ടുപോരുന്നത്. ഇനി ബ്രോയിലര്‍ ചിക്കനിലേക്ക് വരാം.

എന്താണ് ബ്രോയിലര്‍ കോഴികള്‍

1920 ല്‍ അമേരിക്കയിലെ Delaware se Wilmer Steele എന്ന വീട്ടമ്മയാണ് ആദ്യമായി Cornish and White Rock, എന്ന രണ്ട് ഇനം കോഴികളെ ക്രോസ് ബ്രീഡ് ചെയ്യിച്ച് ആഴ്ച്ചകള്‍ കൊണ്ട് ഭാരം വെക്കുന്ന ഇറച്ചിക്കോഴികളെ ഉല്‍പ്പാദിപ്പിച്ചത്. എന്നാല്‍ നാം കരുതുന്നത് പോലെ അന്നത്തെ ബ്രോയ്‌ലര്‍ കോഴികള്‍ ഇന്നത്തെ പോലെ അഞ്ച് അഴ്ചകൊണ്ട് അഞ്ച് പൗണ്ട് തൂക്കം വെക്കുമായിരുന്നില്ല. അവയില്‍ നിന്നും കൂടുതല്‍ ഭാരം വെക്കുന്ന പൂവനെയും പിടയെയും തിരഞ്ഞെടുത്ത് വീണ്ടും വീണ്ടും അനേകായിരം തലമുറകള്‍ selective and cross breeding നടത്തിയാണ് ഇന്നത്തെ ബ്രോയ്ലര്‍ ഇറച്ചിക്കോഴികള്‍ ഉണ്ടായത്.

കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ ഗവേഷകര്‍ 50 വര്‍ഷത്തിനുള്ളിലാണ് കോഴികളുടെ വലിപ്പത്തില്‍ വലിയമാറ്റം ഉണ്ടാക്കിയെടുത്തത്. ഫോട്ടോ കാണുമ്പോള്‍ അത് വ്യക്തമാവും. വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഈ മൂന്ന് ഇനം കോഴികളെ ഒരേ രീതിയില്‍ വളര്‍ത്തുകയും അവ എത്രമാത്രം തിന്നുവെന്നും അവ എങ്ങനെ വളര്‍ന്നുവെന്നും അളന്നുകൊണ്ട് ഹോര്‍മോണോ ആന്റിബയോട്ടിക് പോലുള്ള മറ്റ് ഘടകങ്ങളുടെ സ്വാധീനമോ ഇല്ലാതെ ജനിതക വ്യത്യാസങ്ങള്‍ കൊണ്ട് മാത്രമാണ് ഈ മാറ്റം ഉണ്ടാക്കിയെടുത്തത്. ഇതിന്റെ റിസേര്‍ച്ച് ഫലങ്ങള്‍ പൗള്‍ട്രി സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇനി എന്താണ് അയാളുടെ വിഡിയോയില്‍ കോഴിഇറച്ചിയില്‍ കുത്തിവെക്കുന്നത് എന്ന് അറിയണ്ടേ, പ്രത്യേകിച്ച് ഒന്നുമില്ല, ഉപ്പ് വെള്ളം കുത്തിവക്കുകയാണ്. ഉപ്പ് അഴുകല്‍ പ്രക്രിയയെ മന്ദീഭവിപ്പിക്കും എന്നതിനാലും ഇറച്ചി മൃദുലമായിരിക്കുവാനും ഷെഫുകള്‍ ആണ് ഈ രീതി അവലംബിക്കുന്നത്. 15 ശതമാനത്തോളം ഭാരം വര്‍ദ്ധിപ്പിക്കാമെന്നതിനാല്‍ ചില ചെറുകിട ഇറച്ചി വില്പനക്കാരും ഇത് ചെയ്യുന്നുണ്ടാകാം. തൂക്കത്തില്‍ നാം വഞ്ചിക്കപ്പെടുന്നു എന്നല്ലാതെ ആരോഗ്യപരമായി അതുകൊണ്ട് പ്രശ്‌നമൊന്നും ഉണ്ടാകുന്നില്ല. തത്സമയം ലൈവ് ചിക്കന്‍ വെട്ടി വാങ്ങുന്നവര്‍ക്ക് ഇത് ബാധകമല്ലതാനും.


About Life-Win Surendran (V C Surendran)

View all posts by Life-Win Surendran (V C Surendran) →

Leave a Reply

Your email address will not be published. Required fields are marked *