ഇന്ത്യയുടെ കടം ഭയാനകമോ? പി ബി ഹരിദാസൻ എഴുതുന്നു


“ഇന്ത്യയുടെ കടം ഭയാനകമായ അവസ്ഥയിൽ ആണോ? ഇതാണ് ഈ ലേഖനത്തിൽ കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നത്. യുവാക്കളിൽ ഈ വിഷയത്തിൽ ഒരു വ്യക്തത ഉണ്ടാക്കാൻ ആണ് ഇവിടെ ശ്രമിക്കുന്നത്. എന്താണ് ഒരു രാജ്യത്തിൻറെ കടം. എന്തൊക്കെയാണ് ഇന്ത്യയുടെ കടബാധ്യതകളുടെ വിശദാംശങ്ങൾ” – ക്യാപിറ്റലിസം ഒരു പഠനം എന്ന പുസ്തകത്തിന്റെ രചയിതാവായ ഹരിദാസൻ പി ബി എഴുതിയ ലേഖനം

കേരളത്തിലെ കടബാധ്യതയെ പ്രതിയായിരുന്നു ചർച്ചകൾ മുഴുവൻ. ഇടക്കെങ്ങോ അത് ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ കടബാധ്യതയുമായി തുലനം ചെയ്തുകൊണ്ടുള്ള ചർച്ചകളായി അത് മാറിയിരിക്കുന്നു. ഇന്ത്യയുടെ കട ബാധ്യതകൾ അപകടകരമായ നിലയിൽ എത്തിയിരിക്കുന്നു എന്നൊക്കെയാണ് പോസ്റ്റുകൾ. ഇന്ത്യയുടെ കടബാധ്യതകളെ വിശകലനം ചെയ്യുന്നൊരു ലേഖനമാണിത്. കേരളത്തിലെ കടബാധ്യതയെ ന്യായീകരിക്കാൻ കേരളത്തിൻറെ കടബാധ്യതയുടെ വളർച്ചയുടെ തോതും ഇന്ത്യ റിപ്പബ്ലിക്ന്റെ കടബാധ്യതയുടെ തോതുമായി താരതമ്യം ചെയ്തു കൊണ്ട് സംസാരിക്കുന്നു. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ അസംബന്ധമാണത്. കേരളത്തിലെ യുവാക്കളെ വീണ്ടും വീണ്ടും പൊട്ടകിണറ്റിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുന്ന തത്വദീക്ഷയില്ലാത്ത ഇത്തരം പലതരം പോസ്റ്റുകൾ കാണുന്നു. പ്രിയ യുവാക്കളെ രാഷ്ട്രീയ വിജയത്തിനുവേണ്ടി മാധ്യമങ്ങളിലോടികൊണ്ടിരിക്കുന്ന, സോഷ്യൽ മീഡിയയിലെ പുങ്കവന്മാർ നടത്തുന്ന, പല ‘അറിവുകളും’ ദുരുപദിഷ്ടമാണ്. അവയിൽ പലതും നിങ്ങളുടെ വിജ്ഞാനത്തെ തദ്വാരാ നിങ്ങളുടെ ലോക വീക്ഷണത്തെ വിലക്ഷണമാക്കൻ ഇടയുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നിലപാടുകൾ എടുക്കാം പക്ഷെ നിങ്ങളുടെ അറിവുകൾ അൺബയാസ്ഡ്‌ ആയിരിക്കട്ടെ.

ഈ വിഷയത്തിലെ പോസ്റ്റുകൾ രണ്ടു തരമുണ്ട് ഒന്ന് സംസ്ഥാന സർക്കാരിൻറെ കടബാധ്യത ന്യായീകരിക്കാൻ വേണ്ടി കേന്ദ്രത്തിലെ കടത്തിൻ്റെ തോത് കാണിക്കുക. ഇത്തരം പോസ്റ്റ് ഇട്ട എല്ലാവരെയും ഉൾക്കൊള്ളിച്ചു പറയുന്നു, You are Bullshitting. (ചില കാര്യങ്ങളിൽ മിത ഭാഷ ആയിക്കൂടാ).

രണ്ടാമത്തെ കാര്യമാണ് ഇന്ത്യയുടെ കടം ഭയാനകമായ അവസ്ഥയിലാണ് എന്നത്. ഇന്ത്യയുടെ കടം ഭയാനകമായ അവസ്ഥയിൽ ആണോ? ഇതാണ് ഈ ലേഖനത്തിൽ കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നത്. യുവാക്കളിൽ ഈ വിഷയത്തിൽ ഒരു വ്യക്തത ഉണ്ടാക്കാൻ ആണ് ഇവിടെ ശ്രമിക്കുന്നത്. എന്താണ് ഒരു രാജ്യത്തിൻറെ കടം. എന്തൊക്കെയാണ് ഇന്ത്യയുടെ കടബാധ്യതകളുടെ വിശദാംശങ്ങൾ.

ഇന്ത്യ കടം കേറി മുടിഞ്ഞു എന്നൊക്കെ പ്രയോഗിക്കുന്ന പലർക്കും എന്തൊക്കെയാണ് ഇന്ത്യയുടെ കടം എന്നു തന്നെ വലിയ ധാരണയൊന്നുമില്ല എന്നുതോന്നുന്നു. പലരും ഇതിനെ കാണുന്നത് ഊരാള്ങ്കലിന്റെ കടബാധ്യതപോലെ അല്ലെങ്കിൽ KIIFB യുടെ കടബാധ്യതപോലെ ഒരു കടം എന്നപോലെയാണ് ഇന്ത്യയുടെ കടത്തെ കുറിച്ച്, IMF റിപ്പോർട്ടുകളൊക്കെ വായിച്ചു മനസ്സിലാക്കിവെച്ചിരിക്കുന്നത് എന്ന് തോന്നുന്നു.

ഇന്ത്യയുടെ കടബാധ്യത എന്താണെന്ന് നോക്കാം. ആദ്യം തന്നെ ഇന്ത്യയുടെ കട ബാധ്യതകളെ രണ്ടായി തിരിച്ചു മനസ്സിലാക്കണം. ഒന്ന് internal debt. രണ്ട് external debt, അതായത് പ്രധാനമായും foreign governments, and international financial institutions കൾക്ക് ഉള്ള ബാധ്യതകൾ. (As of March 31, 2024, the internal debt of the Indian government is estimated to be ₹172.37 lakh crore. https://www.indiabudget.gov.in/. As of September 30, 2023, the external debt of the Indian government is estimated to be US$635.3 billion. https://dea.gov.in/external-debt). ഇന്ത്യൻ രൂപയിൽ തിരിച്ചു കൊടുക്കേണ്ട കടം ഇന്റെർണൽ ഡെബ്റ്റ്‌. വിദേശ നാണയത്തിൽ തിരിച്ചുകൊടുക്കേണ്ട കടം എക്സ്റ്റേർണൽ ഡെബ്റ്റ്‌.

വിശദീകരിച്ചുപറഞ്ഞാൽ വിദേശ നാണയത്തിൽ ഇന്ത്യ ഗവണ്മെന്റ് കടപ്പെട്ട തുക 635 ബില്ല്യൺ മാത്രമാണ്. മറ്റേതോ? അത് പ്രധാനമായും ഇന്ത്യക്കാർക്ക്‌ ഇന്ത്യൻ രൂപയിൽ കൊടുക്കേണ്ട തുക മാത്രമാണ് (banks, insurance companies, and individuals). അതാണ് ₹172.37 ലക്ഷം കോടി. ഇത്ര ലക്ഷം കോടിയോ? അതെങ്ങനെ കൊടുക്കും. കൊടുത്ത് തീർക്കും. ഇത് കൊടുത്ത് തീർക്കേണ്ട കാര്യമില്ല. തുടർന്ന് വായിക്കുക. അമേരിക്കയുടെ പഴയ ഫെഡ് ചെയർമാൻ ആയിരുന്ന ബെൻ ബെർണാക്കിയെ (Ben Bernanke), ഉദ്ധരിച്ചു പറഞ്ഞാൽ പ്രിന്റിങ് പ്രെസ്സിൽ പോകുക പുതിയ ബോണ്ട് അടിച്ചു കൊടുക്കുക. അത്രേയേയുള്ളു. ഗൗനിക്കാനുള്ളത് പലിശ തുകയുടെ കാര്യം മാത്രമാണ്. പലിശ തുക ആ രാജ്യത്തെ ഉത്പാദന പ്രക്രിയകളിൽ, രാജ്യത്തു നടക്കുന്ന ഇക്കണോമിക് ആക്ടിവിറ്റികളിൽ ഉളവാകുന്നുണ്ടോ എന്നത് മാത്രമാണ് ഗൗനിക്കേണ്ടതുള്ളൂ. രാജ്യം സാമ്പത്തികമായി പുരോഗമിക്കുന്നു. ഇക്കണോമിക് ആക്ടിവിറ്റികളിൽ നിന്നുണ്ടാകുന്ന വെൽത്തിനു മേൽ സർക്കാർ പല ടാക്‌സുകൾ ഏർപ്പെടുത്തുന്നു. കടത്തിലെ പലിശ അടക്കുന്നു. പുതിയ കട പത്രമിറക്കുന്നു. ഈ ആവൃത്തി തുടരുന്നു. ലോകമെമ്പാടും മാനവരാശിയുടെ ഇന്നത്തെ സിസ്റ്റങ്ങൾ നടന്നുപോകുന്ന കാലത്തോളം ഇതിങ്ങനെ തുടരാം. (ഈ ബോണ്ടെന്ന കടലാസ്‌ എനിക്കുവേണ്ട, പകരം സ്വർണം തന്നെ വേണം (അല്ലെങ്കിൽ നെല്ല് വേണം) എന്നൊന്നും ഒരിന്ത്യക്കാരനും പറയാനൊക്കില്ല).

ഇപ്പോൾ എത്തിനിൽക്കുന്ന കടപ്പത്രങ്ങൾ വളരെ കൂടുതലാണെന്ന് ആരാണ് തീരുമാനിക്കുന്നത്. ലോകത്തെ ഒരു സാമ്പത്തിക വിദഗ്ദ്ധനും ഒരു രാജ്യത്തിൻറെ ആകെ കടപ്പത്രം ഇത്രയൊക്കെയേ ആകാവൂ എന്ന് അതേപ്പറ്റി ഒരു നിശ്ചിത അളവ്, ശതമാനം, പ്രഖ്യാപിച്ചിട്ടില്ല (കേരളത്തിലെ സാമ്പത്തിക/സോഷ്യൽ മീഡിയ വിദഗ്ധരൊഴികെ). ഒരു രാജ്യത്തിന്റെ fiscal deficit 3.5 ശതമാനം വരെയായിരിക്കുന്നതാണ് നല്ലത് എന്നൊരു നിരീക്ഷണം നിലവിലുണ്ട്. പക്ഷെ ആരും എത്രയാണ് optimum എന്ന് പറഞ്ഞിട്ടില്ല. എന്നാൽ ഒരു രാജ്യത്തിൻറെ കടപ്പത്രങ്ങൾ ആവരുടെ ജിഡിപിയുടെ ഇത്ര ശതമാനമേ ആകാവൂ എന്നൊരു ബെഞ്ച് മാർക്ക് ആരും പറഞ്ഞിട്ടില്ല. ഉദാഹരണമായി ജപ്പാൻറെ കടബാധ്യത കഴിഞ്ഞ രണ്ടു ദശാബ്ദമായി അവരുടെ ജിഡിപി യുടെ 100 ശതമാനത്തിന് മുകളിലാണ്. അവരുടെ ഇപ്പോഴത്തെ കടബാധ്യത അവരുടെ ജിഡിപി യുടെ 255% ആണ്. അപ്പോൾ ഇന്ത്യയുടെ കടം കൂടുതലാണെന്ന് ഏത് തോത് വെച്ചാണ് കേരളത്തിലെ ‘വിദഗ്ധന്മാർ’ പ്രഖ്യാപിക്കുന്നത്? ഇന്ത്യയുടെ കടബാധ്യത ഇന്ത്യൻ ജിഡിപി യുടെ 81% മാത്രമാണ്.

ലോകത്തെ മറ്റു ചില പ്രധാന രാജ്യങ്ങളുടെ ഡെബ്റ്റ്‌ ടു ജിഡിപി ഇപ്രകാരമാണ്. ഫ്രാൻസ് 111%, ഇറ്റലി 144%, യൂസ്എ 121%, കാനഡ 116%, ചൈന 77% (നിങ്ങൾക്ക് ചൈനയുടെ ഡാറ്റകൾ വിശ്വസിക്കാമെങ്കിൽ മാത്രം), യുക്കെ 101%, ( India’s public debt-to-GDP ratio at the general government level has barely increased from 81% in 2005-06 to 84% in 2021-22, and back to 81% in 2022-23,” …. which is part of the IMF report). പക്ഷെ പറകാല പ്രഭാകർമാർക്കും, രാജ്യസഭാ സീറ്റ് പ്രതീക്ഷിക്കുന്ന രഘു റാം രാജന്മാർക്കും ഈ ശതമാനം വളരെ കൂടുതലാണത്രെ.

അപ്പോൾ ഇന്ത്യയുടെ കടം കൂടുതലാണോ അല്ലയോ എന്ന് സാധാരണക്കാരായ നമുക്കെങ്ങനെ വിലയിരുത്താം. നമ്മൾ വിലയിരുത്തേണ്ടത് നമ്മുടെ ഇൻഫ്‌ളേഷൻ, പണപ്പെരുപ്പം, കൂടുതലാണോ അല്ലയോ എന്ന് വെച്ച് തീരുമാനിക്കാവുന്നതാണ്. ഒരു രാജ്യത്തിന്റെ കടബാധ്യത കൈവിട്ടുപോയാൽ ആ രാജ്യം മാനേജ് ചെയ്യാൻ കഴിയാത്ത ഇൻഫ്ളേഷനിലേക്ക് പതിയെ വീണു തുടങ്ങും. നമ്മുടെ ഇൻഫ്‌ളേഷൻ ഇപ്പോൾ 5.69% ആണ് (December 2023), അതൊരു നിയന്ത്രണവിധേയമായ ഇൻഫ്‌ളേഷൻ നിരക്കാണെന്നു മാത്രമല്ല, ഒരു വളരുന്ന ഇക്കണോമിക്ക് ആവശ്യമായ നിരക്കുകൂടിയാണ്. ഇൻഫ്‌ളേഷൻ ഒരു രാജ്യത്ത് ഇല്ല എന്നുവെച്ചാൽ ആ രാജ്യം ഡിഫ്‌ളേഷനിലേക്ക്, പോയിത്തുടങ്ങിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഇൻഫ്‌ളേഷൻ കൂടുതൽ ഉള്ള ചില രാജ്യങ്ങളുമായി താരതമ്യം ചെയ്തു മനസ്സിൽ കാണുക. അർജെന്റിന 100%, തുർക്കി 48%, ശ്രീലങ്ക 22% എന്നിങ്ങനെയാണ്.

ഈ കടബാധ്യത കൂടുതലാണോ അല്ലയോ എന്ന അവസ്ഥ വിലയിരുത്താനുള്ള ഇനിയൊരു ഘടകം ലോക സാമ്പത്തിക അവസ്ഥയുടെ കാര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ലോകം ഒരു സാമ്പത്തിക meltdown ലേക്ക് പോയാൽ ഈ കടം ഒരു ഭാരമാകും. പക്ഷെ അത് ലോകത്തെ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന അവസ്ഥയാണ്. ഇന്ത്യയെ മാത്രമായി കേറി ബാധിച്ചുകളയാം എന്നൊരു അവസ്ഥയില്ല. മാത്രമല്ല ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും എക്സ്പോർട്ട്നെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നതെങ്കിൽ, ഇന്ത്യയുടേത് ആഭ്യന്തര ഉൽപാദനത്തിൽ വളരെ ആശ്രിതമാണ്. അതുകൊണ്ടുതന്നെ ലോക സാമ്പത്തിക സിസ്റ്റം ഒരു meltdown ലേക്ക് പോകുകയാണെങ്കിൽ പോലും ആ മെൽറ്റ്ഡൗൺ ഏറ്റവും കുറവ് ബാധിക്കുന്ന രാജ്യമാണ് ഇന്ത്യ. കേരളത്തിലെ സാമ്പത്തിക കാര്യ ‘വിദഗ്ധന്മാർ’ നിങ്ങളോട് ഇത് പറയാറില്ല.

ഇനി മേൽപ്പറഞ്ഞ 81% വരുന്ന ഇന്ത്യയുടെ കട ബാധ്യതകളിലെ, ₹172.37 ലക്ഷം കോടിയിലെ, ഘടകങ്ങൾ, Composition of internal debt, എന്തൊക്കെയാണെന്ന് നോക്കാം. ₹172.37 ലക്ഷം കോടിയിലെ 46.04 ശതമാനം കടമാണ് കേന്ദ്ര ഗവണ്മെന്റ് കടം. സ്റ്റേറ്റ് സർക്കാരുകൾ എല്ലാവരും കൂടി ഇറക്കിയിരിക്കുന്ന കടം 24.4 ശതമാനം വരുന്നു. പിന്നെയുള്ളത് 4.51 ശതമാനം കടം ട്രഷറി ബിൽസ് എന്ന് വിളിക്കുന്ന ഷോർട് ടെം കടമാണ്. ബാക്കിയുള്ളത് നമ്മുടെ കിസാൻ വികാസ് പത്ര, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്, മുതലായ ഡെപ്പോസിറ്റ് കളും, റിസേർവ് ബാങ്കിൽ നിന്നൊക്കെ എടുത്തിട്ടുള്ള താൽക്കാലിക ഓവർ ഡ്രാഫ്റ്റ് എന്നിവയൊക്കെ ചേർന്നതാണ്. (ഇവിടെ സാധാരണക്കാരൻ എന്ന നിലക്ക് നമ്മൾ ആലോചിക്കേണ്ടത്, IMF എന്തോ പറയട്ടെ, നമ്മൾ ആലോചിക്കേണ്ടത്, ഈ പബ്ലിക് പ്രോവിഡന്റ് ഫണ്ട്, കിസാൻ വികാസ് പത്ര ഡെപ്പോസിറ്റുകളൊക്കെ ‘കട’ മാണോ? ഇന്ത്യക്കാരെല്ലാവരും ചേർന്ന് ഒരു ദിവസം അതൊക്കെ തിരിച്ചുതരൂ എന്ന് ആവശ്യപ്പെട്ടു ചെല്ലുമോ? ഇതൊക്കെ ലോങ്ങ് ടെം ഡെപ്പോസിറ്റുകളാണ്). 

ഈ കേന്ദ്ര ഗവണ്മെന്റ് കടത്തിൻ്റെ കാര്യത്തിൽ അവർക്ക് ചെയ്യാനുള്ളത് അവരിറക്കിയ ബോണ്ടുകൾക്ക് യഥാസമയം പലിശ കൊടുക്കുക എന്നത് മാത്രമാണ്. മുതലോ? മുതൽ വേറൊരു ബോണ്ട് ഇറക്കി തിരിച്ചുകൊടുക്കുക. അത്രമാത്രം. ലോകത്തുള്ള എല്ലാ സർക്കാരുകളും അതാണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. മാനവരാശിയുടെ സിസ്റ്റങ്ങൾ നടക്കുന്നിടത്തോളം കാലം ഇതിങ്ങനെ നടന്നുകൊണ്ടിരിക്കും. മാത്രമല്ല ഈ ബോണ്ടുകളാണ് മണി എന്ന നിലക്ക് സർക്കുലേഷനിൽ ഒരു രാജ്യത്തെ എക്കണോമിയെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ ഈ പോയിന്റ് ഒന്നുകൂടി വിശദീകരിക്കേണ്ടിയിരിക്കുന്നു. ആദ്യം തന്നെ അറിയുക ഒരു സോവറിന് റിപ്പബ്ലിക്ക് ന്റെ കടം എന്നത് ഒരു മണി ക്രീയേഷൻ ആക്ടിവിറ്റി കൂടി ആകുന്നു. മണി ക്രീയേഷൻ എന്നത് ഒരു രാജ്യത്തിൻറെ ആവശ്യമാകുന്നു. നമ്മൾ അതിനെ കടം എന്ന് വിളിക്കുന്നുണ്ടെങ്കിലും ഒരു രാജ്യത്തിലെ പൗരന്മാരുടെ ദൈനംദിന കാര്യങ്ങളുടെ മുന്നോട്ട് പോക്ക് ആ സോവറിന് ക്രിയേറ്റ് ചെയ്യുന്ന മണിയിലൂടെ ആകുന്നു. ആ രാജ്യത്തിന്റെ വ്യവസായങ്ങൾ ഇടതടവില്ലാതെ നിര്ബാധമായി നടക്കണമെങ്കിൽ ആ പ്രക്രിയക്കാവശ്യമായ മണി ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്. അത് നിർവ്വഹിക്കുന്നത് നമ്മൾ കടം എന്ന് വിളിക്കുന്ന ബോണ്ടുകൾ എന്ന മണി ഇൻസ്ട്രുമെന്റ് ലൂടെയാണ്. ഒരു രാജ്യം അടിച്ചിറക്കുന്ന മണി ആണ് ആ നാട്ടിലെ വ്യവസായങ്ങളിലെ സ്‌മൂത്തനിങ് എണ്ണയായി (grease) പ്രവർത്തിക്കുന്നത്. മണി, ഇക്കണോമിക് പ്രവർത്തനങ്ങളെ ആയാസമാക്കുന്ന ഒരു തൈലം ആകുന്നു. ഒരു സോവറിന്, മണി അടിച്ചിറക്കുന്നതിലൂടെ ഈ പ്രധാന പ്രവർത്തനം കൂടി നടത്തുന്നുണ്ട്. ഒരു രാജ്യത്തെ ഇക്കണോമിയിലെ സ്മൂത്തനിങ് ഏജന്റ് ആയ മണി സെർക്കുലേഷനിൽ കുറഞ്ഞുപോയാൽ അത് ആ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ വല്ലാതെ ബാധിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ മുരടിപ്പിക്കും. മണി ക്രിയേഷൻ എല്ലാ സോവറിന് റിപ്പബ്ലിക്കുകളുടെയും ഉത്തരവാദിത്തം കൂടിയാകുന്നു. ഒരു രാജ്യത്തിൻറെ സാമ്പത്തിക വളർച്ച കൂടുന്നതിനനുസരിച്ചു് ഈ കടപ്പത്രങ്ങൾ അടിച്ചിറക്കപ്പെടേണ്ടതുണ്ട്. അത് കൂടുതലാകാതെ നോക്കുക എന്നത് മാത്രമാണ് സാമ്പത്തിക വിദഗ്ധൻ മാരുടെ കർത്തവ്യം. കൂടുതലാണോ അല്ലയോ എന്ന തീരുമാനത്തിൻറെ ബെഞ്ച് മാർക്ക് നേരത്തെ പറഞ്ഞതുപോലെ ആ രാജ്യത്തെ ഇൻഫ്‌ളേഷൻ നിയന്ത്രണവിധേയമാണോ അല്ലയോ എന്നതുമാത്രമാണ്. അതാണ് അളവുകോൽ. അല്ലാതെ പറകാലമാരുടെ ചപ്പടാച്ചികളായിരിക്കരുത് അതിൻറെ ബേസ്.

ഇക്കാര്യം അടിയുറച്ചു് മനസ്സിലാക്കിയതിനുശേഷമേ ആ രാജ്യത്തിൻറെ കട ബാധ്യതകൾ അതിൻ്റെ തോത് കൂടുതലാണെന്നും അല്ലെന്നുമുള്ള വാദഗതികളിലേക്ക് പോകാവൂ. അതുകൊണ്ടാണ് ഇന്ത്യയെന്ന സോവറിന് റിപ്പബ്ളിക്കിന്റെ കടത്തിലെ വളർച്ചയുടെ തോതിനെ അതിലെ ഒരു സംസ്ഥാനമായ കേരളത്തിലെ കടബാധ്യതകളുടെ വളർച്ചയുമായി ചേർത്തുവെച്ചു, താരതമ്യം ചെയ്‌തു, സംസാരിക്കുന്നത് ഒരു അസംബന്ധമാകുന്നു എന്ന് പറഞ്ഞത്. 

മുകളിൽ പറഞ്ഞ കട ബാധ്യതകളെ കുറച്ചുകൂടി അതിൻ്റെ ഘടകങ്ങളാക്കിയാൽ അതിങ്ങനെയാണ്. Dated Securities എന്ന് പറയുന്ന ബോണ്ടുകളാണ് ഇന്ത്യയുടെ ഇന്റെർണൽ ഡെബ്റ്റ്‌ ന്റെ 80 ശതമാനവും. അതിലെ 46.04 ശതമാനം മാത്രമാണ് കേന്ദ്ര ഗവണ്മെന്റ് ഇറക്കിയിരിക്കുന്ന ബോണ്ടുകൾ. ബാക്കിയുള്ളതിലെ 24.4 ശതമാനം, 50 ലക്ഷത്തോളം കോടി രൂപയുടേത്, സ്റ്റേറ്റ് ഗോവെർന്മെന്റുകൾ ഇറക്കിയ ബോണ്ടുളാണ്. ബാക്കിവരുന്ന 21.54 ശതമാനം വരുന്ന, 44 ലക്ഷം കോടി രൂപയുടേത്, കോർപറേറ്റുകൾ ഇറക്കിയിരിക്കുന്ന കോർപറേറ്റു കട പത്രങ്ങളാണ്. അതിന് സർക്കാരുകൾക്ക് ബാധ്യതയൊന്നുമില്ല. ഈ കോര്പറേറ്റ് ബോണ്ടുകൾ നമ്മുടെ ഇൻഫ്ളേഷനെ ബാധിക്കുന്ന ഘടകവുമല്ല.

ഇന്ത്യക്ക് ‘കടബാധ്യത’ ആയി മാറാവുന്ന പ്രധാന കടം ഇന്ത്യയുടെ എക്സ്ടെർണൽ കടം മാത്രമാണെന്ന് പറയാം. എക്സ്ടെർണൽ ഡെബ്റ്റ് വിദേശ നാണയത്തിൽ തിരിച്ചടക്കേണ്ടതുകൊണ്ട് അതൊരു വൻ ബാധ്യത ആയി മാറാം. എന്നാൽ ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശകടം എന്നത് താരതമ്യേന കുറവായ ഇന്ത്യൻ ജിഡിപിയുടെ 18.61 ശതമാനം മാത്രമാണ് (As of September 30, 2023, the external debt of the Indian government is estimated to be US$635.3 billion. The external debt to GDP ratio stood at 18.61% at the end of September 2023. https://dea.gov.in/external-debt). ജർമനിയുടെ വിദേശ കടബാധ്യത അവരുടെ ജിഡിപിയുടെ 65%, ഫ്രാന്സിന്റെത് 112%, ഇറ്റലിയുടേത് 143 ശതമാനവും, ജപ്പാന്റേത് 98 ശതമാനവും ആകുന്നു. യൂ സ് എ യുടേത് 122 %, യുകെ യുടേത് 288 ശതമാനവും ആണെങ്കിലും ഈ രണ്ടു കടങ്ങളെയും മറ്റുരാജ്യങ്ങളുമായി താരതമ്യപെടുത്താവുന്നതല്ല. കാരണം നമ്മൾ മൂന്നാം ലോകരാജ്യങ്ങൾ നമ്മുടെയൊക്കെ Forex ഇവരുടെ ബാങ്കുകളിൽ കൊണ്ട് സൂക്ഷിച്ചിരിക്കുന്നത് കൊണ്ട് ഈ രണ്ടു രാജ്യങ്ങളുടെ ശതമാനങ്ങളുമായി താരതമ്യപ്പെടുത്താവതല്ല. എന്നാൽ പാകിസ്താന്റേത്‌ അവരുടെ ജിഡിപിയുടെ 72.0% വും, അര്ജന്റീനയുടേത് 79.3 %, ഇന്തോനേഷ്യയുടേത് 23.2% ആണെന്നും, സൗത്ത് ആഫ്രിക്കയുടെ എക്സ്ടെർണൽ കടം അവരുടെ ജിഡിപിയുടെ 54.2 % ആണെന്നുള്ളത് ഇന്ത്യ വൻ കട ബാധ്യതയിലാണോ എന്ന താരതമ്യത്തിന് ഉപയോഗിക്കാവുന്നതാണ്.

ഇനി എന്തൊക്കെയാണ് ഈ എക്സ്ടെർണൽ ഡെബ്റ്റ് എന്ന് നോക്കാം. ഇന്ത്യയുടെ വിദേശ കടത്തിലെ അതായത് US $635.3 ബില്യണിലെ 31.1 ശതമാനം മാത്രമാണ് ഇന്ത്യ സർക്കാരിന് നേരിട്ട് ബാധ്യതയുള്ളു (Sovereign and Guaranteed). ബാക്കിയുള്ള 68.9 ശതമാനവും Non-Government Private Corporate Sector: 41.5%, ഫിനാൻഷ്യൽ സെക്റ്റർ, എന്നിവയുടെ ബാധ്യതകളാകുന്നു. എന്നുവെച്ചാൽ ഏതോ അദാനിമാർ അല്ലെങ്കിൽ ടാറ്റമാർ എടുത്ത കടങ്ങളാണ്. അതിനൊക്കെ ഗവണ്മെന്റ് ഓഫ് ഇന്ത്യക്ക് ബാധ്യതയുണ്ടോ? ഉണ്ട് മോറൽ ഒബ്ലിഗേഷൻ മാത്രം. അദാനിമാർക്ക് വിദേശ ഏജൻസികൾ കടം കൊടുത്തപ്പോൾ അദാനിയുടെ ആസ്ട്രേലിയയിലും ഹംബെൻ ഘോട്ട പോർട്ടുകളിലെയും Haifa Port കളിലെയും അസ്സറ്റുകൾ വിലയിരുത്തി കൊടുത്തവയാണ്. അതിനുമേൽ ഗവണ്മെന്റ് ഓഫ് ഇന്ത്യക്ക് ബാധ്യതയൊന്നുമില്ല. അത് ലോൺ കൊടുത്തവൻ ശ്രദ്ധിക്കേണ്ടതാണ്. നിയമനടപടികൾ വന്നാൽ തടയാതിരിക്കുക സപ്പോർട്ട് ചെയ്യുക എന്നതുമാത്രമാണ് ആണ് സർക്കാരിന്റെ പ്രധാനമായുള്ള ബാധ്യത. അല്ലാതെ ഇന്ത്യാ സർക്കാർ സ്വന്തം ഫണ്ട് ഉപയോഗിച്ചു് അത്തരം കടം തീർക്കേണ്ട കാര്യമൊന്നുമില്ല. ഉദാഹരണമായി അമേരിക്കയുടെ പല ബാങ്കുകളും അല്ലെങ്കിൽ Enron എന്ന കമ്പനി പൊളിഞ്ഞപ്പോൾ Govt of USA അമേരിക്കക്ക് വെളിയിലുള്ള ആരുടെയെങ്കിലും നഷ്ടം നികത്തി കാശു കൊടുത്തുവോ? അത്രമാത്രമൊക്കെയേ ഇന്ത്യൻ സർക്കാരിനും ഈ പറഞ്ഞ Private Corporate Sector: 41.5% കടത്തിന് മേൽ ബാധ്യതയുള്ളു. 

മുകളിൽ പറഞ്ഞ വിദേശ ബാധ്യതകളിൽ നേരിട്ട് ഗവണ്മെന്റ് ഓഫ് ഇന്ത്യയ്ക്ക് മേൽ ബാധ്യത ഉണ്ടാക്കുന്നവ ഏതൊക്കെ എന്ന് നോക്കാം. 1) മൾട്ടിലാറ്ററൽ ഏജൻസികളിൽ നിന്ന് ഇന്ത്യ നേരിട്ട് കടമെടുത്ത തുക, ഉദാഹരണം IMF ലോൺസ് (വല്ലതും ഉണ്ടെങ്കിൽ), 2) Bilateral Loans: 13.4%, ജപ്പാനിൽ നിന്നും ഫ്രാൻസിൽ നിന്നുമോ ഒക്കെ ഡിഫെൻസ് എക്വിപ്മെന്റ് വാങ്ങിച്ചതിന്റെ ഫലമായുള്ളതും അല്ലാത്തതുമായ നേരിട്ടുള്ള കടങ്ങൾ. 3) FCNR ഡെപ്പോസിറ്റുകൾ (17.3%). സാധാരണഗതിക്ക്‌ എല്ലാ NRI ഇന്ത്യക്കാരും ഒരുമിച്ചു ഞങ്ങളുടെ ഡെപ്പോസിറ്റ് തിരിച്ചു തരൂ എന്നുപറഞ്ഞു വരാനൊന്നും പോകുന്നില്ല. 4) ട്രേഡ് ക്രെഡിറ്റ്. അന്താരാഷ്‌ട്ര കച്ചവടങ്ങളുമായി ബന്ധപ്പെട്ടു ഒരു പ്രത്യേക സമയത്ത് ഉരുത്തിരിഞ്ഞു നിൽക്കുന്ന കച്ചവട ബാധ്യതകൾ. ഉദാഹരണമായി ഇന്ത്യയിലെ ഓയിൽ കമ്പനികളോ മറ്റോ വാങ്ങുന്ന ഓയിലുമായി ബന്ധപ്പെട്ട ഒരു പ്രത്യേക സമയത്തെ ബാദ്ധ്യതകൾ (ഉണ്ടെങ്കിൽ). പിന്നെ ചില മിസെലെനി ബാധ്യതകളും. ഇവ മാത്രമേ ഗവണ്മെന്റ് ഓഫ് ഇന്ത്യക്ക് നേരിട്ട് പാലിക്കേണ്ടതുള്ളൂ. ഏതെങ്കിലും അദാനിമാർ അല്ലെങ്കിൽ ടാറ്റ മാർ അല്ലെങ്കിൽ ബൈജൂസ് മാർ കടമെടുത്തുട്ടുണ്ടെങ്കിൽ അത് കടം കൊടുക്കുന്നവൻ കൊടുക്കുമ്പോൾ വിലയിരുത്തേണ്ടതാണ്, അവർ തമ്മിലുള്ള ബാധ്യതയാണ്. (എല്ലാ ഫിനാൻഷ്യൽ സ്ഥാപനങ്ങളും അദാനിമാരുടെ ടാറ്റമാരുടെ അസ്സെറ്റ് മുഴുവൻ പഠിച്ചു ആവശ്യത്തിന് കൊളാറ്ററൽ വാങ്ങിവെച്ചുതന്നെയാണ് ഇത്തരം കോര്പറേറ്റുകൾക്ക് കടം കൊടുത്തിട്ടുള്ളത്).

പോരാ, അതിപ്രധാനമായ ഇനിയൊരു പോയിന്റ് കൂടി ഇവിടെ പ്രതിപാദിക്കാനുണ്ട്. അത് ഇന്ത്യയുടെ വിദേശ നാണയ നിക്ഷേപമായ $600 ബില്ല്യൺ ആകുന്നു. വിശദീകരിച്ചാൽ, ഇന്ത്യയുടെ എക്സ്ടെർണൽ ഡെബ്റ്റ് മുകളിൽ പറഞ്ഞ $635 ബില്യൺ ആണെങ്കിൽ ബാലൻസ് ഷീറ്റിന്റെ ഇപ്പുറത്ത് ഇന്ത്യയുടെ ഫോറെക്സ് റിസേർവ് $600 ബില്ല്യൺ ഉണ്ട്. ഇതൊക്കെ എടുത്ത് ഉപയോഗിക്കാവുന്നതാണോ എന്ന് ആലോചിക്കേണ്ട. അപ്പുറത്തെ ബാധ്യതയാണെങ്കിൽ ഇപ്പുറത്തേതു് ഒരു അസ്സെറ്റ് ആണ്.

പൊളിറ്റിക്കലി മോട്ടിവേറ്റഡ് ഫാൾസ് ഇൻഫൊർമേഷനുകൾ ധാരാളം ഓടുന്നൊരു ഇടമാണ് മലയാളം മാധ്യമരംഗം. ധൈഷണിക സത്യസന്ധതകൾ അവിടെ കുറവാണ്. അറിവിൻ്റെ അന്ധവിശ്വാസ ഗർത്തത്തിലേക്ക് വീഴാതിരിക്കാൻ, അൺ ബയാസ്ഡ്‌ ആയി കാര്യങ്ങളെ മനസ്സിലാക്കി വിലയിരുത്താൻ, പല കോണുകളിൽ നിന്നുള്ള വീക്ഷണങ്ങൾ തുറന്ന മനസ്സോടെ വിലയിരുത്താനുള്ള സ്‌കിൽ നേടാൻ പഠിക്കുക. ഇത് ഫാൾസ് ഇൻഫോർമേഷൻ സോഷ്യൽ മീഡിയകൾ ഭരിക്കുന്ന കാലമാണ്.