‘കേരളത്തിലെ ചിന്താമണ്ഡലങ്ങളെ മുഴുവന്‍ ബാധിച്ചിരിക്കുന്ന ഒരു വ്യാധിയെ പരിചയപ്പെടുത്താനാണ് ഈ ലേഖനം. ‘ബുദ്ധിജീവി കുപ്പായം ആങ്സൈറ്റി ഡിസോര്‍ഡര്‍’ അഥവ ലിബറല്‍ ഹാറ്റ് സിന്‍ഡ്രം (LHS) എന്ന് ഞാനതിനെ നാമകരണം ചെയ്തിരിക്കുന്നു. കേരളത്തിലെ ചിന്താമണ്ഡലങ്ങളെ മുഴുവന്‍ ബാധിച്ചിരിക്കുന്ന ഈ അസുഖത്തെ കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്‌തേ പറ്റൂ. കേരളത്തിലെ പൊതുബോധത്തെ സ്വാധീനിക്കുന്ന വലിയൊരു ‘പ്രബുദ്ധ മലയാളി ബുദ്ധിജീവി’ എഡ്യൂക്കേറ്റഡ് ജനതയ്ക്ക് ഇതിന്റെ അസ്‌ക്യത ബാധിച്ചിരിക്കുന്നു. പലരും ഈ വ്യാധി തനിക്കുണ്ടെന്ന് മനസ്സിലാക്കാന്‍ വിസമ്മതിക്കുന്നു എന്നതാണ് കാര്യങ്ങളെ ഗൗരവതരമാക്കുന്നത്.’- പി.ബി. ഹരിദാസന്‍ എഴുതുന്നു |
ലിബറല്‍ ഹാറ്റ് സിന്‍ഡ്രം അഥവാ ബുദ്ധിജീവി കുപ്പായം ആങ്സൈറ്റി ഡിസോര്‍ഡര്‍
കേരളത്തിലെ ചിന്താമണ്ഡലങ്ങളെ മുഴുവന്‍ ബാധിച്ചിരിക്കുന്ന ഒരു വ്യാധിയെ പരിചയപ്പെടുത്താനാണ് ഈ ലേഖനം. . ‘ബുദ്ധിജീവി കുപ്പായം ആങ്സൈറ്റി ഡിസോര്‍ഡര്‍’ അഥവാ ലിബറല്‍ ഹാറ്റ് സിന്‍ഡ്രം (LHS) എന്ന് ഞാനതിനെ നാമകരണം ചെയ്തിരിക്കുന്നു. കേരളത്തിലെ ചിന്താമണ്ഡലങ്ങളെ മുഴുവന്‍ ബാധിച്ചിരിക്കുന്ന ഈ അസുഖത്തെ കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്‌തേ പറ്റൂ. കേരളത്തിലെ പൊതുബോധത്തെ സ്വാധീനിക്കുന്ന വലിയൊരു ‘പ്രബുദ്ധ മലയാളി ബുദ്ധിജീവി’ എഡ്യൂക്കേറ്റഡ് ജനതയ്ക്ക് ഇതിന്റെ അസ്‌ക്യത ബാധിച്ചിരിക്കുന്നു. പലരും ഈ വ്യാധി തനിക്കുണ്ടെന്ന് മനസ്സിലാക്കാന്‍ വിസമ്മതിക്കുന്നു എന്നതാണ് കാര്യങ്ങളെ ഗൗരവതരമാക്കുന്നത്. അതില്‍ കുറച്ചുകൂടി വലിയ ജനുസ്സിന്റെ അസ്‌ക്യതയുള്ളവര്‍ കരുതുന്നത് They can get away with it without others getting to know about it, noticing it. ഇതിങ്ങനെ തുടരാനനുവദിച്ചുകൂടാ. കാര്യങ്ങളെ അടിയന്തിരമായി ചികിത്സക്ക് വിധേയമാക്കപ്പെടേണ്ടിയിരിക്കുന്നു തുറന്നു കാട്ടേണ്ടിയിരിക്കുന്നു.
ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് Intellectual dishonesty ആകുന്നു. ആര്‍ജവം ഇല്ലാത്ത എഴുത്തുകളും പ്രസംഗങ്ങളും. ഇന്റെലെക്ച്വല്‍ സത്യസന്ധത ഇല്ലായ്മ. അക്കാഡമിക് സത്യസന്ധത ഇല്ലായ്മ. അവരവരുടെ പേര്‍സണല്‍ ഫിലോസഫിക്ക് നിരക്കാത്ത പാലിക്കാത്ത എഴുത്തുകളും പ്രസംഗങ്ങളും. (ഓര്‍ക്കുക വ്യക്തിജീവിതത്തിലെ സത്യസന്ധത ഉള്ളതോ ഇല്ലായ്മയോ നമ്മള്‍ ഇവിടെ ആലോചിക്കുന്നില്ല. അത് നമ്മെ അലട്ടുന്ന വിഷയമാകേണ്ട കാര്യമില്ല). രണ്ടാമത്തെ പ്രധാന ലക്ഷണീ സെലെക്ടിവ് അംനീഷ്യ, അല്ലെങ്കില്‍ സെലെക്ടിവ് ബ്ലൈന്‍ഡ്നെസ്സ് ആകുന്നു. തന്റെ ഗോത്രത്തിന്റെ അഭിപ്രായങ്ങളില്‍ മാത്രം ശരികള്‍ കാണല്‍, ജനറല്‍ ടെമ്പോയില്‍ ഇടക്കിടക്ക് വന്ന് ചില കാര്യങ്ങളില്‍ മാത്രം നിലപാടുകള്‍ എടുക്കല്‍, ബുദ്ധിജീവി കുപ്പായത്തോടുള്ള, അതായത് ഞാന്‍ ബുദ്ധിജീവിയാണെന്ന് ലോകത്തോട് പ്രദര്‍ശിപ്പിക്കാനുള്ള ത്വര, മുതലായ വേറെയും പല ലക്ഷണങ്ങളും ഈ അസ്‌ക്യതയുള്ളവരില്‍ കാണാവുന്നതാണ്. അവ വിവരിക്കും മുന്‍പ് ഈ അസുഖം കാണപ്പെടുന്നത് ആരിലൊക്കെയാണെന്നു വിശകലനം ചെയ്യുമ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകും.
പ്രൊഫസര്‍മാരിലും ഡോ. പട്ടം നേടന്ന എഴുത്തകാരിലും ‘അസുഖം’ ഏറെ
കേരളത്തിന്റെ പൊതുമണ്ഡലങ്ങളില്‍ ലിബറല്‍ ഹാറ്റ് സിന്‍ഡ്രം ആരിലാണോ കാണപ്പെടാന്‍ പാടില്ലാത്തത് അവരിലാണ് ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. പ്രൊഫസര്‍മാര്‍, (Dr.) എന്ന പട്ടം പേറുന്നവര്‍, എഴുത്തുകാര്‍ – ഇവര്‍ ആ ലിസ്റ്റിലെ ഒന്നാം നിരയില്‍ പെടുന്നു. പൊതുമണ്ഡലങ്ങളില്‍ പ്രസംഗിച്ചുനടക്കുന്ന, എഴുതുന്ന കുറെ പ്രൊഫസര്‍മാര്‍. അവരുടെ കൈമുതല്‍ എന്താണെന്നുവെച്ചാല്‍ ഭാഷാ നൈപുണ്യം. അതിമനോഹരമായി ആരെയും മയക്കുന്ന പ്രത്യേകിച്ച് യുവാക്കളെ കൈകളിലെടുക്കുന്ന പ്രസംഗപാടവം. പക്ഷെ ഇന്റലക്ച്വല്‍ duplicitousness ആണ് നിറയെ (ഇംഗ്ലീഷ് വാക്ക് മാത്രമേ ഉചിതമാകുകയുള്ളു. കപടത, അവസരവാദം എന്ന മലയാളം വാക്കുകള്‍ പകരം നില്‍ക്കില്ല). ഇവരെ എങ്ങനെ തിരിച്ചറിയാം എന്ന് ചോദിച്ചാല്‍ ഇവരുടെ പൊതുഇടങ്ങളിലെ പേഴ്‌സണല്‍ ഫിലോസഫി, ഇന്റലക്ച്വല്‍ ഓണസ്റ്റി ശ്രദ്ധിച്ചാല്‍ മതിയാകും.
പക്ഷെ ഓര്‍ക്കുക ഇവര്‍ വളരെ ചതുരരാണ്. നിങ്ങള്‍ വളരെ ശ്രമപ്പെട്ടാലേ ഇത് തിരിച്ചറിയുകയുള്ളു. മധുര-മനോജ്ഞ മലയാളത്തില്‍ ആരെയും ആകര്‍ഷിപ്പിക്കുന്ന പ്രസംഗ പാടവത്തോടെ ഇവര്‍ സംസാരിക്കും. സഭയെ അടിമുടി കൈയിലെടുക്കും. യുവാക്കള്‍ ആരാധനയോടെ കൈയടിക്കും. അവസാനം നിങ്ങള്‍ക്ക് തന്നെ നിങ്ങളുടെ വിലയിരുത്തല്‍ തെറ്റിപ്പോയോ എന്ന് ഭ്രമിപ്പിക്കും. പക്ഷെ എന്നാലും നിങ്ങള്‍ക്കിവരെ എളുപ്പത്തില്‍ ചൂണ്ടിക്കാണിക്കാം. അവരുടെ കുറച്ചു പ്രഭാഷണങ്ങളോ എഴുത്തുകളോ പിന്തുടര്‍ന്നാല്‍ മതി. ഈ ഡിസോണ്‍സ്റ്റി, സത്യസന്ധത ഇല്ലായ്മ പ്രതിഫലിക്കുന്നത് പല രീതികളിലൂടെ നമുക്ക് വായിക്കാം. ഒരു പാറ്റേണ്‍ തെളിഞ്ഞുവരും. ഇവര്‍ക്ക് അവരുടേതായ വിശ്വാസപ്രമാണങ്ങളില്ല. നിലപാടുകള്‍ പേര്‍സണല്‍ ഫിലോസഫിക്കനുസൃതമായിരിക്കില്ല.
ഒരു നല്ല ഉദാഹരണം പറയാം. ജനാധിപത്യത്തെ മാനിക്കാത്തവനും, ജനാധിപത്യ സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്തവനും “To execute a man we don’t need proof of his guilt. We only need proof that it’s necessary to execute him. It’s that simple.” എന്ന് പരസ്യ പ്രസ്താവന നടത്തിയ താടിക്കാരന്‍, സഖാവ് ചെഗുവേരയുടെ, ചിത്രത്തിന് താഴെ നിന്നുകൊണ്ട്, ഇവര്‍ മഹാനായ, ജനാധിപത്യ സംസ്‌കാരത്തിന്റെ മൂര്‍ത്തിരൂപമായ, ലിബര്‍ട്ടി, വ്യക്തി സ്വാതന്ത്ര്യ, ജീവിത സത്യമായി കൊണ്ടുനടക്കുന്ന ബാബാസാഹിബ് അംബേദ്കറെ കുറിച്ച് മധുര മനോഹരമായി പുകഴ്ത്തി പ്രസംഗിക്കും. മാത്രമോ അടുത്ത നാളില്‍ അടുത്ത വേദിയില്‍ ‘ഒരു പീഢ എറുമ്പിനും വരുത്തരുത്’ എന്ന് ഉദ്ധരിച്ചുകൊണ്ട് ശ്രീനാരായണ ഗുരുവിനെ കുറിച്ച് അനുകമ്പയോടെ പ്രസംഗിക്കും. സഭയെ കൈയിലെടുത്തുകൊണ്ടു പ്രസംഗിക്കും. നിങ്ങളുടെ വിശ്വാസപ്രമാണം ഇതിലേതാണ് സാറേ എന്ന് ആലോചിക്കരുത്. ബുദ്ധിജീവി കുപ്പായം ആങ്സൈറ്റി ഡിസോര്‍ഡര്‍ ആഴ്ന്നിറങ്ങിയ വ്യക്തിത്വങ്ങളാണ്. അത്തരം ചോദ്യങ്ങള്‍ അലോസരമുണ്ടാക്കും.
ഞാന്‍ പറഞ്ഞത് ഒന്നുകൂടി ആലോചിക്കുക. ‘To make individualism disappear from the nation. It is criminal to think of individuals.’ എന്ന് പറഞ്ഞ സഖാവ് ചെഗുവേരയുടെ ചിത്രത്തിനടിയില്‍ നിന്നുകൊണ്ട്, ഒരിക്കല്‍ പോലും ഈ അക്രമത്തിന്റെ ആശയത്തെ, തള്ളിപറയാതെ ‘Freedom of mind is the proof of one’s existence.’ എന്ന് വിളിച്ചു പറഞ്ഞ ബാബാസാഹിബിനെ കുറിച്ച് സംസാരിക്കുമ്പോള്‍; ‘Poverty there is and there will be. But poverty cannot be an excuse for sacrificing human freedom’, ‘Man cannot live by bread alone. He has a mind which needs food for thought…’ എന്ന് ഉദ്ഘോഷിച്ച അംബേദ്കറെ കുറിച്ച് പ്രസംഗിക്കുമ്പോള്‍ അതൊരു ഇന്റലക്‌റ്ച്വല്‍ ഡിസോണസ്റ്റി അല്ലെ? ‘a revolutionary must become a cold killing machine motivated by pure hate’ എന്നെഴുതിയ ചെഗുവേരയുടെ ചിത്രത്തിന് താഴെ, പോസ്റ്ററുകള്‍ക്കു താഴെ, ടി ഷർട്ടുകളെ അഭിമുഖീകരിച്ച് പ്രസംഗിച്ച വ്യക്തി അടുത്ത വേദിയില്‍ അപരനോടുള്ള കരുതലിനെക്കുറിച്ചു ‘ഒരു പീഡ വറുത്തോല്ലേറുമ്പിനും’ എന്നൊക്കെ മനോഹരമായി സംസാരിക്കുമ്പോള്‍ എനിക്കതിനെ ഇന്റലക്‌റ്ച്വല്‍ ഡിസോണറ്റി ആയി മാത്രമേ കാണാന്‍ കഴിയൂ. മലയാളി ബുദ്ധിജീവികള്‍ പ്രൊഫസ്സര്‍മാര്‍, (Dr.) മാര്‍, അങ്ങനെ ചെയ്യുന്നു. കാരണം അവരില്‍ പലരും are suffering from “ലിബറൽ ഹാറ്റ് സിൻഡ്രോം (LHS ) അഥവാ ബുദ്ധിജീവി കുപ്പായം ആങ്സൈറ്റി ഡിസോര്‍ഡര്‍”.
‘യഥാര്‍ത്ഥ’ കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്നവര്‍
പല പഴയകാല, പ്രായാധിക്യത്തിന്റെ വിഷമങ്ങളുള്ള, ‘ബുദ്ധിജീവി’ കള്‍ക്കും ഇങ്ങനെയൊരു അസ്‌ക്യത തനിക്കുണ്ടെന്ന് അറിഞ്ഞുകൂടാ. എന്നാല്‍ പുതിയ കാലത്തെ യൂട്യൂബ് കാലത്തെ വലിയൊരു വിഭാഗം പ്രാസംഗികരും എഴുത്തുകാരും പ്രൊഫസ്സര്‍മാരും cunningly ഇതുകൊണ്ടുനടക്കുന്നവരാണ്. ആരും കാണില്ലെന്ന മനസ്സിലാക്കില്ലെന്ന ധാര്‍ഷ്ട്യത്തോടെ കൊണ്ടുനടക്കുന്നവരാണ്. എങ്കിലും ഇവരില്‍ പലരിലും തന്നില്‍ ഒരു intellectual dishonesty ഉണ്ട് എന്ന ഉള്ളറിവ് സ്വയം അലോസരപ്പെടുത്തുന്നുണ്ട് . ഫ്രഞ്ച് റവല്യൂഷനെ കുറിച്ച് മനോഹരമായി സംസാരിക്കുന്ന ഫാഷിസത്തിനെതിരെ ഘോരഘോരം സംസാരിക്കുന്ന ഈ പ്രൊഫസര്‍മാര്‍ ചെഗുവേരയുടെ പടം വെച്ച വേദിയില്‍ നിന്ന് കൊണ്ട് സംസാരിക്കുമ്പോള്‍ എവിടെയൊക്കെയോ ജാള്യതകൊണ്ടോ കുറ്റബോധം കൊണ്ടോ അതിലടങ്ങിയിരിക്കുന്ന ഡിസോണസ്റ്റി ഉള്ളറിവ് അവരെ അലോസരപെടുത്തുന്നു. അങ്ങനെയാണ് അവര്‍ ഇന്നത്തെ കമ്മ്യൂണിസത്തിന്റെ അപജയത്തെ കുറിച്ച് വ്യാകുലതപ്പെടുന്നത് . ‘യഥാര്‍ത്ഥ’ കമ്മ്യൂണിസത്തിലാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന് ദ്യോതിപ്പിക്കും. പക്ഷെ ജീവിതത്തിലൊരിക്കലും ഈ യഥാര്‍ത്ഥ കമ്മ്യൂണിസം എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന് വിശദീകരിച്ചു സംസാരിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കരുത്. ഫ്രഞ്ച് റെവല്യൂഷന്‍ മുതലായ ഗീര്‍വാണങ്ങളൊക്കെ അറിവ് പ്രദർശിപ്പിക്കല്‍ മാത്രമാണ്. മാത്രമല്ല ഈ താടിവെച്ചവരുടെ ഫോട്ടോകള്‍ക്ക് താഴെനിന്ന് അംബേദ്കറെ കുറിച്ച് സംസാരിക്കുമ്പോള്‍ അടുത്ത വേദിയില്‍ ചെന്ന് അപരനോടുള്ള കരുതലിനെക്കുറിച്ചു സംസാരിക്കുമ്പോള്‍, പ്രസംഗിക്കുമ്പോള്‍ നമ്മള്‍ അടിവരയിട്ടു മനസ്സിലാക്കേണ്ടതെന്തെന്നാല്‍ ഈ പ്രൊഫസര്‍മാര്‍ അത്രക്ക് നിഷ്‌ക്കളങ്കരല്ല. അവര്‍ വളരെ ചതുരരാണ്. അവര്‍ അവരുടെ അറിവും സമുന്നതസ്ഥാനവും വെച്ച് ഇത് ഇങ്ങനെ കൊണ്ടുനടക്കാം എന്നാണു ധരിക്കുന്നത്.
ഞാന്‍ ഇടതു പക്ഷമാണെന്ന് ഇടക്കിടക്ക് പ്രദര്‍ശിപ്പിക്കും. ഇടതു പക്ഷത്തിന്റെ സമീപകാല ഇടം എന്നൊക്കെ പറയും. എന്താണീ ഇടതുപക്ഷം. ആഴക്കടല്‍ മീന്‍പിടുത്ത അവകാശം ഒരു അമേരിക്കന്‍ കമ്പനിക്കു കൊടുക്കാന്‍ ശ്രമിക്കലോ, അല്ലെങ്കില്‍ ബന്ധു നിയമനം? ഇവിടെ എവിടെയാണ് നിങ്ങള്‍ നില്‍ക്കുന്നത്. ഇങ്ങനെ ഇവരോട് ചോദിക്കരുത്. ഇങ്ങനെയുള്ള അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ വന്നാല്‍ ഉടനെ അവര്‍ എന്താണ് ഇടതു പക്ഷം അല്ലെങ്കില്‍ വലതു പക്ഷം എന്ന എറ്റിമോളജി വിശദീകരണവുമായി അവര്‍ രക്ഷപെടും. ഫ്രഞ്ച് വിപ്ലവത്തിലെ ഇരിപ്പിടങ്ങളിലെ സ്ഥാനം മനോഹരമായി വിവരിക്കും. ആ ഇരിപ്പിടവും ആഴക്കടല്‍ മീന്‍ പിടുത്തവും ആയി എന്ത് ബന്ധം. എന്റെ സുഹൃത്തേ, മഹാനുഭാവ! പുരോഗമനം ആഗ്രഹിക്കാത്ത ആവശ്യപ്പെടാത്ത ആരാണ് ഇവിടെയുള്ളത്. നിങ്ങളുടെ പുരോഗമനമല്ല അടുത്തവന്റെ പുരോഗമനം. അയാളുടെ പുരോഗമനം ചൊവ്വയിലേക്കുള്ള യാത്രയും ചൊവ്വയില്‍ കുടിപാര്‍ക്കാനുള്ള സ്വപ്നങ്ങളുമാകുമ്പോള്‍, അടുത്തവന്റെ പുരോഗമനം ടെസ്ലയും ഒറ്റ ചാര്‍ജില്‍ 400 കിലോ മീറ്റര്‍ വരെ ഓടിക്കാവുന്ന വണ്ടികളും ആയതു കൊണ്ട് നിങ്ങള്‍ മാത്രം ഇടതുപക്ഷവും പുരോഗമനവും അവര്‍ പുരോഗമനത്തിന് എതിരും ആകുന്നതെങ്ങനെയാണ്? അടുത്തവനും ഇടതു പക്ഷം തന്നെ. അവനും പുരോഗമനത്തിനു തന്നെയാണ് ശ്രമിക്കുന്നത്. അവരൊക്കെ മാനവികത കാണാത്തവരാണെന്ന ധാരണ നിങ്ങളുടെ മുഷ്‌ക്ക് മാത്രമാണ്. നിങ്ങളുടെ പുരോഗമനം, നിങ്ങളുടെ ഇടതുപക്ഷം എന്താണ് സോഷ്യലിസമോ? അതിന് വലിയ ക്ലാരിറ്റി ഒന്നുമില്ല. വിശദീകരിച്ചു കാണാറുമില്ല. നേരത്തെ പറഞ്ഞതുപോലെ കമ്മ്യൂണിസത്തിന്റെ അപജയത്തില്‍ ചെന്നെത്തി നില്‍ക്കും. കുറുക്കി പെറുക്കി നോക്കിയാല്‍ ഇവരില്‍ പലരെ സംബന്ധിച്ചിടത്തോളം ഇടതു പക്ഷം എന്നാല്‍ സോഷ്യലിസമാണ്. അതിന്റെ പ്രയോഗക്ഷമത, കോണ്‍ടൂര്‍സ് എന്താണെന്ന് വലിയ പിടിയുമില്ല.
വ്യാപകമാവുന്ന സെലക്റ്റീവ് അംനേഷ്യ
ഇവരിലെ വേറൊരു വിഭാഗത്തിന് ഈ അസുഖം – LHS കാണപ്പെടുന്നത് സെലക്ടീവ് അംനേഷ്യ ആയിട്ടാണ്. ഇവരെ തിരിച്ചറിയാവുന്നത് അവരുടെ സോഷ്യല്‍ മീഡിയ കളിലെ ഇടപെടലുകള്‍ ശ്രദ്ധിച്ചാല്‍ മതി. ബോക്കോ ഹാറംമിലെ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോയ വാര്‍ത്തവന്നാല്‍ ഇവരറിയില്ല, നൈജീരിയയിലെ കൂട്ടക്കൊലകള്‍ അറിയുകയേയില്ല. ഉയ്ഗൂറുകളുടെ ദുരവസ്ഥ അറിയുകയേയില്ല. കുര്‍ദിഷ് പെണ്‍കുട്ടികളെ ഡോളറില്‍ വിലപേശി വില്‍ക്കുന്നത് ഇവര്‍ക്ക് വെറും വിശ്വസിക്കാന്‍ കൊള്ളാത്ത സോഷ്യല്‍ മീഡിയ മെസ്സേജുകളാണ് , അഫ്ഗാനിലെ പെണ്‍കുട്ടിയുടെ കരളലിയിക്കുന്ന നിലവിളി കണ്ടാല്‍ കവിത വരില്ല മനുഷ്യനായില്ലെങ്കിലും കുഴപ്പമില്ല പക്ഷെ പാലസ്റ്റീനിലെ അഭയാര്‍ത്ഥികള്‍, കരയുന്ന കുട്ടികള്‍ പൊരുതുന്ന അമ്മമാര്‍ ഇവരെ വല്ലാതെ അലട്ടും. കവിതകള്‍ നിറഞ്ഞൊഴുകും. ഇടുക്കികാരി സൗമ്യ ഇവര്‍ക്ക് ജോലി തേടിപ്പോയി അപകടത്തില്‍ പെട്ട നിര്ഭാഗ്യവതിയായ യുവതിമാത്രമാണ്. അതിന്റെ പേരില്‍ കേരളം മുഴുവന്‍ ചേരിതിരിഞ്ഞു വര്‍ഗീയമായി കാര്യങ്ങള്‍ എത്തിപെട്ടിട്ടും ഇവര്‍ മിണ്ടില്ല. ചുരുക്കി പറഞ്ഞാല്‍ ഒരു സെലക്ടീവ് മാനവികത. ഒരു സെലക്ടീവ് മതേതരത്വം. നിസ്സംശയം പറയാം ഇത് ബുദ്ധിജീവി കുപ്പായം ആങ്സൈറ്റി ഡിസോര്‍ഡര്‍ ആകുന്നു.
ഫ്രീ അല്ലാത്ത ഫ്രീതിങ്കേഴ്‌സ്
ഈ അസ്‌ക്യത- LHS കാണപ്പെടുന്ന രണ്ടാമത്തെ പ്രധാന വിഭാഗം ഫ്രീ അല്ലാത്ത ഫ്രീ തിങ്കേഴ്‌സ്, neo-rationalist കളില്‍, പലരുമാണ്. ഇവര്‍ പല അവാന്തര വിഭാഗങ്ങളായി, യുക്തിവാദി, കേരള യുക്തിവാദി, അന്താരാഷ്ട്ര യുക്തിവാദി, റേഷനലിസ്‌റ്, എയ്ത്തീസ്റ്റ് എന്നിങ്ങനെയൊക്കെ നിലനില്‍ക്കുന്നു. ഇവരെ പക്ഷെ ഇന്റലക്ച്വല്‍ ഡിസോണസ്റ്റി ആരോപിക്കാന്‍ കഴിയില്ല. കാരണം അവര്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളും one upmanship മനോഭാവങ്ങളും കാരണം സ്വന്തം വാക്കുകളും പ്രവര്‍ത്തിയും അവര്‍ തുടര്‍ച്ചയായ സ്വയം നിരീക്ഷണത്തിനു വിധേയരാകുന്നു. എതിര്‍പക്ഷം ഭൂതക്കണ്ണാടി വെച്ച് നോക്കി കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും വാക്കുകള്‍ വരികള്‍ വലതുപക്ഷ ചാപ്പയടിക്കാന്‍ പറ്റിയ ഏതെങ്കിലും വാക്കുകള്‍ വരികള്‍ വീണു കിട്ടുമോ?
ഈ വിഭാഗത്തിന്റെ പ്രത്യേകത അവരില്‍ മിക്കവാറും അതിമനോഹരമായി കാര്യങ്ങളെ യുക്തിയോടെ കാണുന്നവരാണ്. പക്ഷെ യുക്തിവാദി കുപ്പായവും അറ്റെന്‍ഷന്‍ സീക്കിങ് മാനസികാവസ്ഥയും ചെറുപ്പകാലത്ത് പഠിച്ചുവെച്ച ‘സാമ്രാജ്യത്വ’ ‘ക്യാപിറ്റലിസ്‌റ്’ ആശയങ്ങളില്‍ തടഞ്ഞു കിടക്കുന്നതുകൊണ്ടും ഇവരില്‍ പലരും ചിലകാര്യങ്ങളില്‍ വിട്ടുവീഴ്ചയോടെ അനുരഞ്ജനത്തോടെ സംസാരിക്കാന്‍ ഇടവരുത്തിപ്പിക്കുന്നു. പലപ്പോഴും ഫ്രീ തിങ്കറിനു യോജിക്കാത്ത നിലപാടാണ് എന്ന് ഉള്ളാള്‍ അറിയുമെങ്കിലും തന്റെ ബുദ്ധിജീവികുപ്പായത്തില്‍ ചളിയാകുമെന്നു ഭയന്ന് ജെനെറല്‍ ടെമ്പോയില്‍ പൊതു അഭിപ്രായങ്ങളോടൊപ്പം നിന്ന് ‘ബാലന്‍സ് കെ നായരായി’ സംസാരിക്കുന്നു.
ഉദാഹരണം സ്റ്റോക്ക് മാര്‍ക്കറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ് അംബാനി ബില്‍ ഗേറ്റ്‌സ് WTO ഇവയൊക്കെ ഏതോ ചൂഷണ പദ്ധതികളാണെന്ന് പലരും വിശ്വസിക്കുന്നു. അവയെ അനുകൂലിച്ചു സംസാരിക്കാന്‍ തയാറല്ല. ഇതൊക്കെ എതിര്‍ക്കപ്പെടേണ്ടതാണ് എന്ന ടെമ്പ്‌ലേറ്റ് ബോധം. കാര്‍ഷിക ബില്‍ 2020 നോടുള്ള പല ഫ്രീതിങ്കേഴ്സ് കാരുടെയും നിലപാട് പരിശോധിച്ചാല്‍ മതി. ഒന്നുകില്‍ ഒരു നിലപാടും എടുക്കില്ല അല്ലെങ്കില്‍ ഞാന്‍ ‘പാവപെട്ട’ കര്ഷകരുടെ വേദനക്കൊപ്പമാണ് എന്ന് ഉറക്കെ പറഞ്ഞു നടക്കും. കാര്‍ഷിക ബില്ലിന്റെ ഗുണവശങ്ങളെ കുറിച്ച് സംസാരിക്കില്ല, ആ ബില്ലിന്റെ nitty-gritty സംസാരിക്കില്ല. ഈ ബില്‍ രാജ്യത്തിന് ഗുണകരമാകുന്ന വശങ്ങളെ കുറിച്ച് സംസാരിക്കില്ല. ഭയമാണ്. കുപ്പായത്തില്‍ അഴുക്കാകുമോ എന്ന ഭയം. എന്തുകൊണ്ടാണ് കര്‍ഷക ബില്ലിനെ എതിര്‍ക്കുന്നത്? അതാണ് ജനറല്‍ ടെമ്പോ; അതുകൊണ്ട് ബില്ലിനെ എതിര്‍ക്കുന്നു. ഇത് ഒരു ഉദാഹരണം മാത്രം. ഇതുപോലെ പൊതുവിഷയങ്ങളില്‍ മിക്കവയിലും ജനറല്‍ ടെമ്പോ എന്താണോ അതിന്റെ കൂടെയങ്ങു നില്‍ക്കും. കുത്തക മുതലാളി, കോർപ്പറേറ്റ്, വന്‍കിട, ക്യാപിറ്റലിസ്റ്റ് മുതലായ ജാര്‍ഗണുകളില്‍ നിന്ന് ഇവരില്‍ പലരും മുക്തരല്ല. ഇക്കാര്യത്തില്‍ ഒരു ഫ്രീതിങ്കിങ് ഇല്ല. മാത്രമല്ല ക്യാപിറ്റലിസത്തിന് അനുകൂലമായി സംസാരിച്ചാല്‍ തന്റെ ലിബറല്‍ ഹാറ്റ് നിറം മങ്ങിപോകുമെന്ന് ഇവര്‍ ഉള്ളാള്‍ ഭയപ്പെടുന്നു.
മതങ്ങളെ ട്രോളിയതുകൊണ്ട് നിങ്ങള്‍ ഒരു ഫ്രീതിങ്കര്‍ ആവുന്നില്ല
ദൈവം ഇല്ല എന്ന് പറഞ്ഞത് കൊണ്ടോ മതങ്ങളെ മതിയാകോളം ട്രോളിയത് കൊണ്ടോ മാത്രം നിങ്ങളൊരു ഫ്രീതിങ്കര്‍ ആകുന്നില്ല. ഞാന്‍ ഒരു വിശ്വാസി അല്ല എന്ന് പുരപ്പുറത്ത് നിന്ന് പ്രഖ്യാപിച്ചതുകൊണ്ടും നിങ്ങളൊരു റാഷണലിസ്റ്റ് ഫ്രീതിങ്കര്‍ ആകുന്നില്ല. മാനവരാശിയുടെ പുരോഗമനങ്ങള്‍ക്കു ഒപ്പം നില്‍ക്കലും ജനാധിപത്യ സംസ്‌കാരം പാലിക്കലും ഒരു ഫ്രീതിങ്കറിന് ഉണ്ടാകേണ്ടിയിരിക്കുന്നു. ജനാധിപത്യ സംസ്‌കാരം പാലിക്കാതെ അപരന്റെ അഭിപ്രായത്തെ മാനിക്കാതെ അന്യനെ ചാപ്പയടിക്കാന്‍ വ്യഗ്രത കാണിക്കുമ്പോള്‍ നിങ്ങളൊരു റാഷണലിസ്റ്റ് പോയിട്ട് ഒരു ജന്റില്‍മാന്‍ കൂടിയല്ല. അപരന്റെ പ്രസംഗം എടുത്തു മുഴുവന്‍ ഭൂതക്കണ്ണാടി വെച്ച് അരിച്ചുപെറുക്കി ആ പ്രാസംഗികന്‍ എക്‌സ്‌ടെംപറി ആയി പറഞ്ഞു പോകുന്നതിലെ പിഴവുകള്‍ കണ്ട് പിടിച്ചു ചാപ്പയടിക്കാന്‍ നടക്കുമ്പോള്‍ നിങ്ങളൊരു ഫ്രീതിങ്കര്‍ അല്ല. നിങ്ങളൊരു LHS മാത്രമാണ്.
മിക്കവാറും ഫ്രീ തിങ്കര്‍ കുപ്പായക്കാരുടെ ഒരു incorrigible പരാജയം എന്താണെന്ന് വെച്ചാല്‍ അത് Attention seeking syndrome ആണ്. പ്രൊഫസ്സര്‍ മാരുടേത് ഇന്റലക്ച്വല്‍ ഡിസോണസ്റ്റി ആണെങ്കില്‍ ഒരു ഫ്രീതിങ്കരിലെക്ക് വരുമ്പോള്‍ അത് Attention-seeking, അല്ലെങ്കില്‍ recognition longing ആകുന്നു. അത് അത്രക്ക് മോശപ്പെട്ട കാര്യമാണോ എന്ന് ചോദിച്ചാല്‍ അല്ല. പക്ഷെ അത് വേറൊരാളുടെ ചിലവില്‍ ആകുമ്പോള്‍ it is cheap. ജനാധിപത്യത്തെ ആണയിട്ട് സംസാരിച്ചതിനുശേഷം ഇനിയൊരാളുടെ അഭിപ്രായം മാനിക്കാതെ അവന്‍ വലതു പക്ഷം ഞാന്‍ സത്യസന്ധനായ ഇടതുപക്ഷം എന്നുള്ള മാനസികാവസ്ഥ ഫ്രീതിങ്കിങ് അല്ല. നിങ്ങള്‍ ബുദ്ധിസത്തിലേക്കൊക്കെ ഒന്ന് പോയി കുറച്ചു സമത (Samata) എന്താണെന്നൊക്കെ മനസ്സിലാക്കി പാലിച്ചു വരുന്നത് നന്നായിരിക്കും . അത് നിങ്ങളെ ഒരു നല്ല ഫ്രീതിങ്കര്‍ ആകാന്‍ സഹായിക്കും. ബുദ്ധിസമൊക്കെ കഴിഞ്ഞകാലത്തെ മത സാഹിത്യമാണെന്ന് അത് ഫ്രീതിങ്കറിന് യോജിക്കുന്നതല്ല എന്ന മുന്‍വിധി ഫ്രീതിങ്കിങ് അല്ല. ഫ്രീതിങ്കര്‍സിന്റെ മുതു മുത്തച്ഛന്‍ ബുദ്ധിസമാണ്. സമത എന്നാല്‍ ഇന്റലക്ച്വല്‍ ഫ്‌ലെക്‌സിബിലിറ്റി ആണ്. എന്തിനെയും വിരോധമില്ലാതെ വെറുക്കപ്പെടാതെ one upmanship ഇല്ലാതെ കാണാന്‍ ഉള്ള കഴിവ്. വേണ്ടത് കൊള്ളുക.
മാധ്യമ പ്രവര്‍ത്തകരുടെ ബുജിക്കുപ്പായം
ഇനിയൊരു വിഭാഗം പത്ര മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റുകളാണ്. അവരുടെ തൊഴിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അതുപോര ഒരു ബുദ്ധിജീവിക്കുപ്പായവും കൂടെ ഉണ്ടാകുന്നത് മാറ്റുകൂട്ടും എന്ന നിലക്ക് സംസാരിക്കുന്ന ചിലര്‍. മുകളില്‍ പ്രൊഫസ്സറന്‍മാര്‍ക്കുണ്ടെന്ന് പറഞ്ഞ പല അസ്‌ക്യതകളും ഇവരിലുമുണ്ട്. പഴയ തലമുറ പത്രപ്രവര്‍ത്തകരില്‍ നിന്ന് ഇവരെ പെട്ടെന്ന് തിരിച്ചറിയാം. പഴയകാല പത്രപ്രവര്‍ത്തക എഴുത്തുകാര്‍ എഴുതുമ്പോഴും പറയുമ്പോഴും തന്റെ പ്രവര്‍ത്തനത്തില്‍ ഒരു ആശയ വൈരുദ്ധ്യം വരുന്നുണ്ടോ എന്ന് വളരെ ശ്രദ്ധിക്കുന്നവരും ഇടയ്ക്കിടയ്ക്ക് അത് തിരിഞ്ഞു നോക്കുന്നവരും ആണ്. എന്നാല്‍ പുതിയ തലമുറയിലെ ജേണലിസ്റ്റ് ബുദ്ധിജീവി കുപ്പായം തയ്ച്ചിട്ടിരിക്കുന്നവര്‍ അത് ശ്രദ്ധിക്കാറില്ല. അതുകൊണ്ടു ഇവരുടെ ബുദ്ധിജീവി കുപ്പായം ആങ്സൈറ്റി ഡിസോര്‍ഡര്‍/ന്യൂറോസിസ് നമുക്ക് പെട്ടെന്ന് വായിച്ചെടുക്കാം.
ഞാന്‍ നിക്പക്ഷനാണെന്നു ദ്യോതിപ്പിച്ചുകൊണ്ടുള്ള പക്ഷപാതിത്വം. ഇവരില്‍ പലരും മോഡി ബാഷിങ്ങിൽ നിന്നാണ് ഊര്‍ജം ഉള്‍ക്കൊള്ളുന്നത്. അതാണ് ഇവരുടെ USP (Unique Selling Proposition). ഞാന്‍ ഇടത് പക്ഷത്തിന്റെ കൂടെ ആണെന്ന് ഒളിഞ്ഞും തെളിഞ്ഞും ദ്യോതിപ്പിക്കും. ഞാന്‍ കമ്മ്യൂണിസ്റ്റു ബാക്ക്ഗ്രൗണ്ട് ല്‍ നിന്നാണ് വരുന്നത്. വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ അല്ലെങ്കില്‍ ഞങ്ങള്‍ കുടുംബമായിത്തന്നെ കമ്മ്യൂണിസ്റ്റുകാരാണെന്ന ഗമ കാണിക്കും. കമ്മ്യൂണിസം അടിസ്ഥാനപരമായി ജനാധിപത്യ വിരുദ്ധമാണെന്ന കാര്യവും പത്രപ്രവര്‍ത്തനം മള്‍ട്ടി പാര്‍ട്ടി ജനാധിപത്യ സംസ്‌കാരത്തിലാണ് പത്രപ്രവര്‍ത്തനം ശക്തമായി നിലനില്ക്കുന്നതെന്നുമുള്ള കാര്യവും ഇതിനിടയില്‍ മറന്നുപോകുന്നു. സുഹൃത്തുക്കളെ ഈ പ്രൊഫഷനിലാണ് നിങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഈ വരികള്‍ മനനം ചെയ്ത് പഠിച്ചു നിങ്ങളുടെ നിലപാടുകള്‍ ഉറപ്പിക്കുക ‘We must eliminate all newspapers; we cannot make a revolution with free press. Newspapers are instruments of the oligarchy.’ – Che Guevara. നിങ്ങളുടെ വിദ്യാര്‍ത്ഥികാലത്തെ ഹീറോക്കളിലാരും, താടി വെച്ച ഗുരുക്കന്മാരാരും തന്നെ പത്രസ്വാതന്ത്ര്യം അനുവദിച്ചു തന്നിട്ടില്ല എന്ന്, പണ്ട് വൈകുന്നേരങ്ങളില്‍ പെരുക്ക പട്ടിക മനനം ചെയ്തതു ഉറപ്പിച്ചതു പോലെ, ബാലപാഠം ഉറപ്പിക്കുക.
സോഷ്യല്‍ മീഡിയയിലെ ചപ്പാടച്ചി ചില്ലറകള്‍
ഇനിയൊരു വിഭാഗം സോഷ്യല്‍ മീഡിയകളിലെ ചപ്പടാച്ചി ചില്ലറകളാണ്. അവര്‍ ഇടം വലം നോക്കാറില്ല. അവരുടെ നാക്കിന്റെ ശക്തികൊണ്ട് ബുദ്ധിജീവി കുപ്പായം, കളസം, ഇട്ടുകൊണ്ട് പൊതു അഭിപ്രായങ്ങളില്‍ ഏതെങ്കിലും ഒരു വശം ചേര്‍ന്നുകൊണ്ട് യാതൊരു തത്വദീക്ഷയുമില്ലാതെ തന്റെ വശത്തിനു വേണ്ടി ഒരു മറയുമില്ലാതെ ‘ചപ്പടാച്ചിസം’ ചെയ്തുകൊണ്ടിരിക്കും. വാക്കുകളെ ഒരു തത്വദീക്ഷയുമില്ലാതെ ദുരുപയോഗം ചെയ്യും. എന്നുപറഞ്ഞാല്‍ പോരാ മലയാള ഭാഷയിലെ വാക്കുകളെ വ്യഭിചരിക്കുന്ന പ്രവണത. മലയാളം വാക്കുകളുടെ വ്യഭിചാരം ദുഷ്ടമാണ്; നിന്ദ്യമാണ്.
സാധാരണക്കാരില്‍ ഇവര്‍ ഉണ്ടാക്കുന്ന വിഭാഗീയത ഭീമമാണ്. സോഷ്യല്‍ മീഡിയ കളില്‍ നിന്ന് ലഭിക്കുന്ന വരുമാനങ്ങളില്‍ ഒരു കണ്ണ് ഇല്ലായ്കയില്ല പക്ഷെ ഞാന്‍ അതിനൊക്കെ ഉപരി ആണെന്ന് നടിക്കും. ആ വരുമാനം ഉപയോഗിച്ച് മുന്നോട്ട് പോയാല്‍ മതി; ആയിക്കോളൂ. പക്ഷെ ലിബറല്‍ ഹാറ്റ് ഒരു വല്ലാത്ത പ്രലോഭനമാണ്. ആര്‍ജ്ജവമില്ലാത്ത സത്യസന്ധത ഇല്ലാത്ത ചപ്പടാച്ചിസം. ഇവരില്‍ പലരും കുപ്പുവച്ചന്മാരാണ് – ഞങ്ങള്‍ പാലക്കാട്ടുകാരുടെ കുപ്പുവച്ചന്‍. ചിലര്‍ എട്ടുകാലി മമ്മൂഞ്ഞുകളാണ്. ഇവര്‍ മലയാളിയുടെ പൊതുബോധങ്ങളില്‍ ഉണ്ടാക്കുന്ന ഇടപെടലുകള്‍ അപാരമാണ് അപകടകരവും.
ഈ അസുഖത്തിന്റെ അസ്‌ക്യത ബാധിച്ചവര്‍ ഇനിയും പല മേഖലകളിലും ഉണ്ട്. ഉദാഹരണമായി രാഷ്ട്രീയക്കാര്‍. അവരെ പക്ഷെ നമുക്ക് പിടിച്ചാല്‍ വഴുതി കൊണ്ടിരിക്കും. രാഷ്ട്രീയത്തിലെ നിലപാടുകള്‍ എടുക്കേണ്ടിവരുമ്പോഴുള്ള വിട്ടു വീഴ്ചകള്‍ ഇലക്ടറല്‍ പൊളിറ്റിക്സിലെ വിന്നബിലിറ്റി മുതലായി അവര്‍ക്കു പല നിലനില്‍പ്പിന്റെ ആവശ്യങ്ങളുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികാളിലെ രണ്ടാം നിരയിലാണ് ലിബറല്‍ ഹാറ്റ് സിന്‍ഡ്രോം ഗഹനമായി ബാധിച്ചിരിക്കുന്നത്. goebbelsian skills ഇവര്‍ ക്ലാസ്സുകളില്‍ പോയി പഠിച്ചിട്ടുള്ളവരല്ലേ എന്ന് തോന്നിപോകും. യുവാക്കളെ ഇതുപോലെ അന്ധരാക്കുന്ന വേറൊരു വിഭാഗമില്ല. അമേരിക്ക ആണ് ഇവരുടെ പ്രധാന വില്ലന്‍. സാമ്രാജ്യത്വം അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തിന് ഭീഷണി എന്നതാണ് പ്രധാന USP. അപ്പോള്‍ ചൈനീസ് സാമ്രാജ്യത്വത്തിന്റെ ചൂഷണങ്ങളോ? ചോദിക്കരുത്. ഇറാനിയന്‍ സാമ്രാജ്യത്വ ഇടപെടലുകളോ? ചോദിക്കരുത്. സൗദി വഹാബി പെട്രോ ഡോളര്‍ സാമ്രാജ്യത്വമോ? ഇവര്‍ അങ്ങനെയൊന്ന് അറിഞ്ഞിട്ടേയില്ല. ബാബ്റി മസ്ജിദ് പൊളിച്ചത് കാരണമാണ് കേരളത്തിലെ മുസ്ലിം പെണ്‍കുട്ടികള്‍ ബുര്‍ഖ ഇട്ടു നടന്നു തുടങ്ങിയത് എന്ന് വരെ അനുമാനിച്ചുകളയും. അപ്പോള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ ബുര്‍ഖ ഇട്ടു നടക്കാന്‍ തുടങ്ങിയതോ?! ചോദിക്കരുത്. വേറൊരു വില്ലനും കൂടിയുണ്ടിവര്‍ക്ക് – അംബാനി അദാനി. നേരത്തെ, അതായത് ദശകങ്ങള്‍ക്ക് മുന്‍പ് ടാറ്റ-ബിര്‍ള ആയിരുന്നു. ഇപ്പോള്‍ അംബാനി അദാനിയും, അവരുടെ ഫോര്‍ബ്സ് മാഗസിനിലെ സ്ഥാനവും ആണ് യുവാക്കളുടെ മുന്നിലേക്കുള്ള അവരുടെ വാല്യൂ പ്രൊപോസിഷന്‍. ഇവരുടേത് പക്ഷെ ലിബറല്‍ ഹാറ്റ് സിന്‍ഡ്രോം മാത്രമാണെന്ന് പറഞ്ഞുകൂടാ. അപ്‌ഡേറ്റ് ചെയ്യപ്പെടാത്ത ടെംപ്ലേറ്റ് യുക്തികളും മതത്തെ വെല്ലുന്ന വിശ്വാസശാഠ്യങ്ങളും ഇവരെ ഭരിക്കുന്നു.
മതത്തിന്റെ കുപ്പായമിട്ടവര്‍ വേറെ
ഇനിയൊരു വിഭാഗമാണ് മതത്തിന്റെ കുപ്പായമിട്ടവര്‍. മതം വില്‍ക്കുന്നവര്‍ മതത്തില്‍ ജീവിക്കുന്നവര്‍ മതംകൊണ്ട് രാഷ്ട്രീയം കളിക്കുന്നവര്‍. അവരുടെ കാര്യം വളരെ സ്പഷ്ടമാണ്. മാത്രമല്ല ബുദ്ധിജീവി കുപ്പായത്തിന്റെ ജാഡയൊന്നും ഇല്ല. പച്ചക്ക് വിഭാഗീയത പറയും. ഒരു ജാള്യതയുമില്ലാതെ മറയുമില്ലാതെ അവര്‍ പ്രസംഗിച്ചുനടക്കുന്നതു നമുക്ക് വായിച്ചെടുക്കാവുന്നതേയുള്ളു. സദ്ഗുരുമാരെയും അത്രയ്ക്ക് സദ് അല്ലാത്ത ഗുരുമാരെയും യോഗിമാരെയും നമുക്ക് പെട്ടെന്ന് വായിച്ചെടുക്കാവുന്നതേയുള്ളു. പക്ഷെ ആ വിഭാഗങ്ങളിലേക്ക് കടന്നാല്‍ വാള്യങ്ങള്‍ ഒരു പാട് എഴുതേണ്ടിവരും. ഇവരെ മാറ്റിനിര്‍ത്തി സംസാരിക്കുന്നതായിരിക്കും തല്ക്കാലം ഉചിതം.
എല്ലാവരോടുമായി പറയുന്നു – ഇവിടെ വായനാശീലമുള്ള, ഗഹനമായ, വിശാലമായ വായനാശീലമുള്ള, സ്വതന്ത്രമായി വിലയിരുത്തലുകള്‍ നടത്താന്‍ കഴിയുന്ന വലിയൊരു പറ്റം യുവാക്കള്‍ കേരളത്തിലുണ്ട്. ആ സൈലന്റ് വിഭാഗം എല്ലാം കാണുന്നു. നിങ്ങള്‍ സ്വയം ധരിച്ചുനടക്കുന്ന ആ കുപ്പായമുണ്ടല്ലോ അത് അഴുക്ക് പിടിച്ചതാണെന്ന് ഞങ്ങള്‍ കാണുന്നുണ്ട്. അത് നാറുന്നുണ്ട്. വലിയ പത്രാസൊന്നും കാണിക്കേണ്ട.