മനുഷ്യവര്‍ഗ്ഗമാണോ ഭൂമിയിലെ മുഴുവന്‍ വിനാശങ്ങള്‍ക്കും ഉത്തരവാദി; ലൈഫ്-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു


‘മനുഷ്യവര്‍ഗ്ഗം ഉണ്ടാകുന്നതിന് മുമ്പു തന്നെ ഭൂമി അഞ്ചോളം വന്‍ വിനാശങ്ങള്‍ക്ക് വിധേയമാവുകയും, അവയില്‍ ഓരോന്നിലും കോടിക്കണക്കിന് ജന്തു, സസ്സ്യ സ്പീഷീസുകള്‍ ഭൂമിയില്‍നിന്നും തുടച്ചു നീക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്ന് കൂട്ടത്തോടെ ചത്തൊടുങ്ങിയ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളാണ് ഇന്ന് നാം ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങളായ പെട്രോളിയവും കല്‍ക്കരിയുമൊക്കെ. ഏതാണ്ട് 25 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഏറ്റവും വലിയ mass extinction event Bb Permian-Triassic- ല്‍ മാത്രം 85 ശതമാനത്തോളം കടലിലെയും, കരയിലെയും ജീവജാലങ്ങളും സസ്യങ്ങളും ചത്തൊടുങ്ങി. ഭൂമി വീണ്ടും വാസയോഗ്യമായ അവസ്ഥയിലേക്ക് തിരിച്ചുവരാന്‍ ഏതാണ്ട് രണ്ട് കോടിയോളം വര്‍ഷങ്ങളെടുത്തു എന്നത് തന്നെ, എത്രമാത്രം ഭീമവും ഭീകരമായ കൂട്ടനാശമായിരുന്നു അതെന്ന് വ്യക്തമാക്കുന്നു.’- ലൈഫ്-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു
മനുഷ്യ ചരിത്രവും പരിസ്ഥിതി വാദവും; ഒരവലോകനം

വേട്ടയാടിയും, കുന്നുകള്‍ ഇടിച്ചു നിരത്തിയും, വനങ്ങള്‍ വെട്ടിത്തെളിച്ച് കൃഷിചെയ്തും, റോഡുകളും റെയില്‍പാളങ്ങളും പണിതും, ഭൂമിക്ക് പരിക്കേല്പിച്ചുകൊണ്ട്, ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ഭൂമിയില്‍ സുഖമായി ജീവിച്ച അനേകം ജീവജാലങ്ങളുടെ വംശനാശത്തിന് മനുഷ്യന്‍ കാരണമായിട്ടുണ്ട്. മനുഷ്യവര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തില്‍ വംശമറ്റുപോയ നിയാണ്ടര്‍താല്‍, വൂളി മാമോത്ത്, എലിഫെന്റ് ബേഡ് എന്നിവയെ ഒക്കെ ഏറെ വേദനയോടെ മാത്രമേ ഇന്ന്‌നമുക്ക് ഓര്‍ക്കാനാകൂ.

എന്നാല്‍ ഈ വിഷയത്തില്‍ മനുഷ്യ വംശത്തിന്റെ ഭാഗത്തുനിന്നുള്ള വീക്ഷണങ്ങള്‍ പൊതുവെ കാണാറില്ല. മനുഷ്യചരിത്രം ആഴത്തിലോ ശരിയായ രീതിയിലോ മനസ്സിലാക്കാതെ നമുക്ക് ജീവിക്കാനവസരം നല്‍കിയവരെ തള്ളിപ്പറയുക. ഇവിടത്തെ പരിസ്ഥിതിയുടെ മൊത്തക്കച്ചവടക്കാരെണ് അവകാശപ്പെടുന്നവരുടെ മുഖ്യവിനോദം അതാണ്. അങ്ങനെ പറയുന്നതാണ് ശരി എന്ന ഒരു പൊതുധാരണ ഉണ്ടാക്കിയെടുക്കുന്നതിലും ഇക്കൂട്ടര്‍ വിജയിച്ചിട്ടുണ്ട്. എന്തിന്റെ പേരിലായാലും അത് ആത്മവഞ്ചനയാണ്.
ഭൂമിയിലെ മനുഷ്യരുടെ ഇടപെടലുകള്‍ പരിശോധിക്കുന്നതിന് മുന്‍പ്, മനുഷ്യാതീത കാലത്തെ ഭൂമി എങ്ങിനെ ആയിരുന്നു എന്ന് അറിഞ്ഞിരിക്കുന്നത്, വിഷയത്തെ കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കാന്‍ സഹായകരമാകുമെന്ന് കരുതുന്നു.

മനുഷ്യന്‍ ഉണ്ടാകുന്നതിന് മുമ്പ് തുടങ്ങിയ വിനാശങ്ങള്‍

മനുഷ്യവര്‍ഗ്ഗം ഉണ്ടാകുന്നതിന് മുമ്പു തന്നെ ഭൂമി അഞ്ചോളം വന്‍ വിനാശങ്ങള്‍ക്ക് (mass extinctions events) വിധേയമാവുകയും, അവയില്‍ ഓരോന്നിലും കോടിക്കണക്കിന് ജന്തു, സസ്സ്യ സ്പീഷീസുകള്‍ ഭൂമിയില്‍നിന്നും തുടച്ചു നീക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്ന് കൂട്ടത്തോടെ ചത്തൊടുങ്ങിയ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളാണ് ഇന്ന് നാം ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങളായ പെട്രോളിയവും കല്‍ക്കരിയുമൊക്കെ.

ഏതാണ്ട് 25 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഏറ്റവും വലിയ mass extinction event Bb Permian-Triassic- ല്‍ മാത്രം 85 ശതമാനത്തോളം കടലിലെയും, കരയിലെയും ജീവജാലങ്ങളും സസ്യങ്ങളും ചത്തൊടുങ്ങി. ഭൂമി വീണ്ടും വാസയോഗ്യമായ അവസ്ഥയിലേക്ക് തിരിച്ചുവരാന്‍ ഏതാണ്ട് രണ്ട് കോടിയോളം വര്‍ഷങ്ങളെടുത്തു എന്നത് തന്നെ, എത്രമാത്രം ഭീമവും ഭീകരമായ കൂട്ടനാശമായിരുന്നു അതെന്ന് വ്യക്തമാക്കുന്നു. പക്ഷെ ഓരോ വിനാശത്തിന് ശേഷവും പരിണാമം വീണ്ടും വീണ്ടും ഭൂമിയെ അതിന്റെ ജൈവ വൈവിധ്യതയാല്‍ സമ്പുഷ്ടമാക്കികൊണ്ടേ ഇരുന്നു.

കരയെ ഉറപ്പിച്ചുനിര്‍ത്താന്‍ ദൈവം ആണികളാക്കി അടിച്ചുവച്ചു എന്ന് മതപുസ്തകങ്ങളില്‍ പറയുന്നവയില്‍ ഏറ്റവും വലിയ പര്‍വ്വതമായ ഹിമാലയം പോലും ദിനോസറുകളുടെ കാലത്തിനും ഒന്നരക്കൊടി വര്‍ഷങ്ങള്‍ക്ക് ശേഷം ഉയര്‍ന്നുവന്നതാണ്. കുന്നുകള്‍ നിരത്തുന്നതിനെ ന്യായീകരിക്കുകയല്ല, മറിച്ചു് പണ്ടുമുതല്‍ക്കെ ഇതൊക്കെ ഇങ്ങിനെ തന്നെ ആയിരുന്നെന്നും, അതുകൊണ്ട് ഇനി എക്കാലവും ഇതൊക്കെ ഇതുപോലെ തന്നെ തുടരേണ്ടതുണ്ടെന്നും വാശിപിടിക്കുന്നതിലെ അര്‍ഥ ശൂന്യതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു എന്ന് മാത്രമെ കരുതേണ്ടതുള്ളൂ.

ഈ ഭൂമി ഇന്ന് നിയാണ്ടര്‍താലുകളുടേത് ആയേനെ

ഇനി നമുക്ക് മനുഷ്യരുടെ കാലഘട്ടത്തിലേക്ക് തിരിച്ചുവരാം. മനുഷ്യരുടെമേല്‍ ആരോപിക്കപ്പെടുന്ന നശീകരണപ്രവര്‍ത്തനങ്ങളില്‍ ആദ്യത്തേത്, ഏതാണ്ട് 65,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് – out of Africa event ന് ശേഷവും ഏതാണ്ട് 30,000 വര്‍ഷത്തോളം മനുഷ്യരുടെ സമകാലികരായി ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ ജീവിച്ചിരുന്ന Neanderthals, Denisovans, Homo erectus, Homo floresiensis എന്നീ ഹോമോ സ്പീഷീസുകളുടെ തിരോധനമാണ്. അതില്‍ ഹോമോ എറിക്ടസ്സും, ഫ്‌ലോറേസിയന്‍സിസും ജനിതകപരമായി കൂടുതല്‍ ആദിമാനവരായിരുന്നു. എന്നാല്‍ നിയാണ്ടര്‍താലുകളും, ഡെനിസോവനുകളുമായും നാം ജീനുകള്‍ പങ്കുവെക്കുന്നു എന്നത്, പ്രത്യുല്പാദനം സാധ്യമല്ലാത്ത രീതിയില്‍ അകന്നുമാറാത്ത നമ്മുടെ അര്‍ദ്ധസഹോദര സ്പീഷീസുകളായിരുന്നു ഇവ എന്നതാണ്. ഇതുതന്നെയാവാം ഒരുപക്ഷെ നമ്മളെ ഏറെ ദുഖിപ്പിക്കുന്നതും.

ഏതാണ്ട് സമാനമായ ശിലായുധങ്ങള്‍ വിനിയോഗിക്കപ്പെട്ട, അവരുമായുള്ള പോരാട്ടത്തില്‍, കമ്മ്യൂണിക്കേഷന്‍ , യുദ്ധ തന്ത്രങ്ങള്‍ എന്നിവയിലെ മികവ് മനുഷ്യര്‍ക്ക് അനുകൂലമായിരുന്നതിനാലാവാം ഒരുപക്ഷെ ഇന്ന് നാം ജീവിച്ചിരിക്കുന്നത്. അല്ലായിരുന്നെങ്കില്‍ ഇന്നീ ഭൂമി, നമ്മളെക്കാള്‍ മസ്തിഷ്‌കവലിപ്പവും, കരുത്തും ആര്‍ജ്ജിച്ചിരുന്ന നിയാണ്ടര്‍താലുകളുടെതായിരുന്നേനെ.

ആസ്ട്രേലിയയില്‍ കാലുകുത്തിയത് ചന്ദ്രനിലെത്തിയതിന് സമാനം

കിഴക്കന്‍ ഏഷ്യയിലെത്തിപ്പെട്ട സാപിയന്‍സിന് ഹിമയുഗം തുറന്നുകൊടുത്ത സമുദ്രപാതകള്‍, തെക്ക്പടിഞ്ഞാറന്‍ ശാന്തസമുദ്ര ദ്വീപുകളിലേക്കും, ആസ്ട്രേലിയയിലേക്കുമുള്ള സമുദ്രത്തിന്റെ ദൂരം കുറച്ചുകൊടുത്തെങ്കിലും, യൂറോപ്പിലേക്കുള്ള സാപിയന്‍സിന്റെ മുന്നേറ്റത്തിന് ഹിമയുഗം തടസ്ഥമായി. എന്നിട്ടും മഞ്ഞുമൃഗങ്ങളെ വേട്ടയാടിയും അവയുടെ തുകലുകള്‍കൊണ്ട് വസ്ത്രങ്ങള്‍ നെയ്തും ഹിമയുഗത്തിലെ കൊടുംതണുപ്പില്‍ അവര്‍ വിജയകരമായി സൈബീരിയ പിന്നിടുകയും, ഹിമയുഗത്തില്‍ മാത്രം രൂപപ്പെടുന്ന bering land bridge കടന്ന് അമേരിക്കന്‍ വന്‍കരയില്‍ എത്തിച്ചേരുകയും ചെയ്തു. ഇല്ലെങ്കില്‍ അമേരിക്കന്‍ വന്‍കരയില്‍ കാലുകുത്താന്‍ മനുഷ്യര്‍ക്ക് ക്രിസ്റ്റഫര്‍ കൊളംബസ്സിന്റെ കാലംവരെ കാത്തിരിക്കേണ്ടിവരുമായിരുന്നു.

കണ്ടുപിടിച്ചത് അമേരിക്കന്‍ വന്‍കരയാണെന്ന് പ്രസിദ്ധ നാവികനായ കൊളംബസിനുപോലും അറിയില്ലായിരുന്നെങ്കില്‍ 45,000 വര്‍ഷങ്ങള്‍ക്കും 16,000 വര്‍ഷങ്ങള്‍ക്കും മുന്‍പ് മനുഷ്യര്‍ ആസ്‌ട്രേലിയയും അമേരിക്കയും കണ്ടുപിടിക്കുകയായിരുന്നില്ല, മറിച്ചു് ആവര്‍ അന്നന്നത്തെ ഭക്ഷണം തേടി അലയുകയായിരുന്നു. അതെന്തായാലും ആഫ്രിക്കയോട് വിടപറഞ്ഞശേഷം ഇരുപതിനായിരം വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ (45,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്) മനുഷ്യന്‍ ആസ്ട്രേലിയയില്‍ കാലുകുത്തിയ സംഭവം മനുഷ്യവര്‍ഗ്ഗചരിത്രത്തിലെ – മനുഷ്യന്‍ ചന്ദ്രനില്‍ കാല് കുത്തിയതിന് സമാനമായ- ഒരു നേട്ടമായിരുന്നു.

മികച്ച പായക്കപ്പലുകളും വടക്കുനോക്കിയന്ത്രങ്ങളും ഉണ്ടായിരുന്നിട്ടും പതിനാറാം നൂറ്റാണ്ടിനും പത്തൊന്‍പതാം നൂറ്റാണ്ടിനുമിടയില്‍ ഏതാണ്ട് ഇരുപത് ലക്ഷത്തോളം നാവികര്‍ സമുദ്രയാത്രക്കിടെ സ്‌കര്‍വി (scurvy ) എന്ന രോഗം പിടിപെട്ട് മരിച്ചിട്ടുണ്ട്. സ്‌കര്‍വി യുടെ കാരണം കടല്‍യാത്രക്കിടെ ഉണ്ടാകുന്ന വിറ്റാമിന്‍ സി യുടെ കുറവാണെന്ന് അന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അപ്പോള്‍ 45,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിലായുധങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കൊച്ചു തടിച്ചങ്ങാടത്തിലുള്ള നമ്മുടെ പൂര്‍വ്വികരുടെ കടല്‍യാത്രകള്‍ എത്ര സാഹസികമായിരുന്നിരിക്കാം. ലക്ഷ്യത്തിലെത്തിയവരുടെയും എത്താത്തവരുടെയും യാത്രാനുഭവങ്ങള്‍ ഏറെ വ്യത്യസ്ഥമാകാനിടയില്ല. എന്നിട്ടും അവരെ ഇന്ന് നാം സ്മരിക്കുന്നത് ആ നേട്ടത്തിന്റെ പേരിലല്ല, ജീവിച്ചിരിക്കാന്‍ വേണ്ടി അവര്‍ ഭക്ഷണമാക്കിയിരിക്കാവുന്ന ചില ജീവികളുടെ ഘാതകര്‍ എന്നനിലയിലാണ്

കുപ്രസിദ്ധമായ ബൈസണ്‍ വേട്ട

ഭൂമിയുടെ വിവിധ കോണുകളില്‍, വന്‍കരകളില്‍, ദ്വീപുകളില്‍ അന്നന്നത്തെ ആഹാര സമ്പാദനത്തിനായി ശിലായുധങ്ങളുപയോഗിച്ച് വേട്ടയാടുമ്പോള്‍, അവ വംശനാശം നേരിടുന്ന സ്പീഷീസാണെന്നോ, മറ്റെവിടെയും ഇല്ലാത്തതാണെന്നോ, അവസാനത്തെ ജീവിയാണെന്ന് പോലുമോ അവര്‍ അറിഞ്ഞിരുന്നില്ല. അവരന്ന് പരിസ്ഥിതിയെ പ്രണയിച്ച് പട്ടിണികിടന്ന് തീര്‍ന്നിരുന്നെങ്കില്‍ അവരോടൊപ്പം മനുഷ്യ ചരിത്രവും നിശ്ചലമായേനെ. വേട്ടയില്‍നിന്നും കൃഷിയിലേക്കും, നാഗരീകതയിലേക്കുമുള്ള മനുഷ്യന്റെ ചുവടുമാറ്റം അനേകം ജീവജാലങ്ങളെ വംശനാശത്തിന്റെ വക്കില്‍നിന്നും രക്ഷിച്ചിരിക്കാം. എന്നാല്‍ തോക്കിന്റെ കടന്നുവരവോടെ വേട്ടയാടല്‍ ഒരു വിനോദമായി വീണ്ടും തിരിച്ചെത്തുന്നതാണ് കണ്ടത്.

ഏറ്റവുമധികം വെടിയുണ്ടകളേറ്റുവാങ്ങേണ്ട ദുര്യോഗമുണ്ടായത് ബൈസനുകള്‍ക്കാണ്. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ സ്പാനിഷ് കാരനായ Francisco Vázquez de Coronado യും സംഘവും അവരുടെ തോക്കുകളും കുതിരകളുമായി അമേരിക്കയിലേ സമതലങ്ങളില്‍ കാലുകുത്തുമ്പോള്‍ അവിടെ ഏതാണ്ട് 6 കോടിയോളം ബൈസണുകള്‍ സ്വച്ഛന്ദമായി മേഞ്ഞു നടന്നിരുന്നു. 1840 ആയപ്പോഴേക്കും അത് നേരെ പകുതിയായും 1889-ല്‍ കേവലം 541 എണ്ണത്തിലേക്കും കുറഞ്ഞു എന്നത് ബൈസണ്‍ വേട്ടയുടെ ഹൃദയഭേദകമായ ചിത്രം നമുക്ക് കാട്ടിത്തരുന്നു.

ഭക്ഷ്യ സ്രോതസ്സുകളെ ഇല്ലാതാക്കിക്കൊണ്ട് സ്വദേശീയരായ അമേരിക്കന്‍ ഗോത്രങ്ങളെ സ്വയം അവരുടെ വാസ സ്ഥലം ഉപേക്ഷിച്ച്‌പോകാന്‍ നിര്‍ബന്ധിതരാക്കുക എന്ന പ്രാദേശിക ഭരണകൂടങ്ങളുടെ ഗൂഢ ലക്ഷ്യവും കൂടി ഈ ബൈസണ്‍ വേട്ടക്ക് പുറകില്‍ പ്രവര്‍ത്തിച്ചിരുന്നതിന് തെളിവുകളുണ്ട്.

എത്ര ക്രൂരമാണിതെന്ന് തൊന്നിയേക്കാം, എന്നാല്‍- ‘നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് അവകാശമായി നല്‍കുന്ന ഈ ജനങ്ങളുടെ നഗരങ്ങളില്‍ ഒരു ജീവിയെയും നിലനില്‍ക്കാന്‍ നിങ്ങള്‍ അനുവദിക്കരുത്. നിങ്ങള്‍ അവയെ പൂര്‍ണ്ണമായും നശിപ്പിക്കണം – പുരുഷന്മാരെയും സ്ത്രീകളെയും ശിശുക്കളെയും മുലയൂട്ടുന്ന കുഞ്ഞുങ്ങളെയും കാളകളെയും ആടുകളെയും ഒട്ടകങ്ങളെയും കഴുതകളെയും കൊല്ലുക.’- എന്ന് ആഹ്വനംചെയ്യുന്ന അടിസ്ഥാനപരമായ മത ധാര്‍മികതയില്‍നിന്നും എത്രയോ മികച്ചതായിരുന്നു 19ാം നൂറ്റാണ്ടിലെ നീതിബോധം എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷെ നമ്മുടെ വൈകാരികതക്ക് കുറച്ചൊക്കെ ശമനമുണ്ടായേക്കാം.

ബൈസണുകളെ വേട്ടയാടാന്‍ കഴിവുള്ള സ്വാഭാവികമായ ഇരപിടിയന്മാർക്ക് കുറവായിരുന്നതിനാലാകാം അമേരിക്കന്‍ സമതലങ്ങളില്‍ ബൈസണുകള്‍ ഇത്രയേറെ പെരുകാന്‍ കാരണം. എന്തായാലും 6 കോടിയോളം ഭീമാകാരങ്ങളായ ബൈസണുകള്‍ മേഞ്ഞുനടന്നിരുന്ന അവസ്ഥ നിലനിര്‍ത്തിക്കൊണ്ട് ഇന്നത്തെ അമേരിക്ക കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്ന വാദം ഒരു കടുത്ത പരിസ്ഥിതി വാദിക്കുപോലും ഉണ്ടാകുമെന്ന് കരുതുന്നില്ല.

ദേശീയോദ്യാനങ്ങള്‍ വന്യ ജീവികളുടെ തടവറയോ?

മനുഷ്യര്‍ ഭൂമിയെക്കുറിച്ച് കൂടുതല്‍ അറിവ് നേടുകയും പരിസ്ഥിതിയുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തതിന്റെ ഫലമായി 1872 ല്‍ ലോകത്തിലെ ആദ്യത്തെ ദേശീയോദ്യാനമായ Yellowstone National Park അമേരിക്കയില്‍ത്തന്നെ നിലവില്‍ വന്നു. പല സംരക്ഷിത വന മേഖലകളിലുമായി ഇന്ന് അമേരിക്കയില്‍ അഞ്ചു ലക്ഷത്തിലേറെ ബൈസണുകളുണ്ട് എന്നതും, ലോകത്താകമാനം നൂറില്‍പ്പരം പരം രാജ്യങ്ങളിലായി 6555 ത്തില്‍ പരം ദേശീയോദ്യാനങ്ങള്‍ നിലവിലുണ്ട് എന്നതും ഏറെ സന്തോഷകരമാണ്.

എന്നാല്‍ ദേശീയോദ്യാനങ്ങളെപോലും വന്യ ജീവികളുടെ തടവറയായി ചിത്രീകരിച്ചുകൊണ്ട്, മനുഷ്യന്‍ കൈവരിച്ച വിവേകപൂര്‍ണ്ണമായ സഹവര്‍ത്തിത്വ മനോഭാവത്തെ കൊഞ്ഞനം കുത്തുന്ന അനേകം പ്രകൃതി സ്‌നേഹികളെയും നമുക്ക്കിടയില്‍ കാണാന്‍ കഴിയും. ഇന്ന് നമ്മള്‍ നുണയുന്ന സുഖസൗകര്യങ്ങളില്‍ വരുന്ന നിസ്സാരമായ കുറവുകളില്‍പോലും എറ്റവുമധികം അസ്വസ്ഥരാകുന്നവരാണ് ഇവരില്‍ ഏറെയും എന്നതാണ് രസകരം.

ഒരു ദിവസം ആഫ്രിക്കയിലെ ഗുഹയില്‍ കിടന്നുറങ്ങുകയായിരുന്ന നമ്മുടെ പൂര്‍വ്വികര്‍ കാലത്ത് എഴുന്നേറ്റപ്പോള്‍ അവരുടെ ശിലായുധങ്ങള്‍ വച്ചിരുന്നിടത്ത് മൊബൈല്‍ ഫോണുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നില്ല. ആ കല്‍ച്ചീളുകളില്‍നിന്നും സ്മാര്‍ട്ട് ഫോണുകളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ മഹത്തായ നാള്‍വഴികളായിരുന്നു നമ്മുടെ ഭൂതകാലം.

Loading


About Life-Win Surendran (V C Surendran)

View all posts by Life-Win Surendran (V C Surendran) →