‘ഈ നൂറ്റാണ്ട് കണ്ട മഹാനായ നേതാവായി ഒബാമ മാറിയത് കാമ്പസുകളില്‍ കത്തിവീശിയല്ല. എതിരാളികളുടെ പോലും ആദരവ് പിടിച്ചു പറ്റുന്ന രാഷ്ട്രീയ വ്യക്തിത്വമായി ശശി തരൂര്‍ വളര്‍ന്നത് കോളേജില്‍ കളരിപ്പയറ്റ് നടത്തിയല്ല. അധ:കൃത ജനതയുടെ വിമോചനത്തിനായി എണ്ണിയാലൊടുങ്ങാത്ത ബിരുദങ്ങളുമായി പോരിനിറങ്ങിയ ഡോ.അംബേദ്ക്കര്‍ സഹപാഠികള്‍ക്ക് നേരെ കഠാര വീശിയ കഥകള്‍ കേട്ടിട്ടില്ല. കാമ്പസുകളില്‍ കക്ഷി രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനാ സംവിധാനം നിലനില്‍ക്കുന്നതിന്റെ പ്രധാന ഗുണഭോക്താക്കള്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളാണ്. യുവത്വത്തിന്റെ ഊര്‍ജ്ജത്തിളപ്പിനെ വന്യമാക്കി വഴിതിരിച്ചുവിടുന്നത് അവരുടെ പൊളിറ്റിക്കല്‍ മാസ്റ്റേഴ്‌സാണ്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ എണ്ണത്തോണിയില്‍ കിടന്നുകൊണ്ട്, പഴയ കോളേജുകാല വെട്ടും കുത്തും കഥകള്‍ വിളിച്ചലറി ഊറ്റം കൊള്ളുന്ന വയസ്സന്മാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നതില്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് തീര്‍ച്ചയായും അഭിമാനം കൊള്ളാം.’- സജീവ് ആല എഴുതുന്നു
കലാപശാലകള്‍ ആക്കുന്നതാര്?
ഇതായിരുന്നു ബ്രണ്ണന്‍ കോളേജ്, ഇതാണ് ഇന്നും ബ്രണ്ണന്‍ കോളേജ്. ഇതായിരുന്നു യൂണിവേഴ്‌സിറ്റി കോളേജ്, ഇതാണ് ഇന്നും യൂണിവേഴ്‌സിറ്റി കോളേജ്…
കത്തിയും വടിവാളും സൈക്കിള്‍ ചെയിനും ഹോക്കി സ്റ്റിക്കും വാഴുന്ന കലാലയങ്ങള്‍ സ്‌നേഹവും സൗഹൃദവും സംവാദവും പാരസ്പര്യവും നിറയേണ്ട കാമ്പസുകളെ വെറുപ്പിന്റെ വിദ്വേഷത്തിന്റേ പകയുടെ ചോരയിടങ്ങളാക്കി മാറ്റിയത് രാഷ്ട്രീയമാണ്.
വാര്‍ധക്യ അവശതയിലും പഴയ കോളേജ് കത്തിക്കുത്ത് വീരഗാഥകള്‍, ഒരുതരത്തിലുള്ള നാണമോ ജാള്യതയോ ഇല്ലാതെ പൊതുസദസ്സുകളില്‍ അയവിറക്കി സ്വയം ബഫൂണുകളായി മാറുന്ന നേതാക്കളുടെ നാടാണ് കേരളം. ജ്ഞാന-വിജ്ഞാന ശാഖകളുടെ ഉന്നതശിഖരങ്ങള്‍ പടര്‍ന്നു പന്തലിച്ച മഹാവിദ്യാലയങ്ങളെയാണ് സര്‍വകലാശാലയെന്ന് വിളിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് കേംബ്രിഡ്ജ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദരവ് വന്നുനിറയുന്നത് അതുകൊണ്ടാണ്.
എന്നാല്‍ രാഷ്ട്രീയ ഗുണ്ടകളെ വിരിയിച്ചെടുക്കുന്ന ഇന്‍കുബേറ്ററുകളാണ് കേരളത്തിലെ കലാലയങ്ങള്‍.കോളേജിലേക്ക് മാതാപിതാക്കള്‍ മക്കളെ അയ്ക്കുന്നത് അവര്‍ പഠിച്ച് മിടുക്കരായി സ്വാശ്രയ ബോധത്തോടെ പുറത്തിറങ്ങി ഒരു പുതുജീവിതം കെട്ടിപ്പടുക്കുകയെന്ന എന്ന ഒരൊറ്റ ഉദ്ദേശത്തിലാണ്. എന്നാല്‍ ബിരുദവും ബിരുദാനന്തര ബിരുദവും കഴിയുമ്പോഴേക്കും പത്തിരുപത്തഞ്ച് പോലീസ് കേസുകളില്‍ പ്രതിയാവുന്ന സ്ഥിതിയാണ് ഇവിടെ കണ്ടുവരുന്നത്.
പതിനെട്ട് വയസ്സ് കഴിഞ്ഞ മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന കാമ്പസുകളില്‍ രാഷ്ട്രീയം പാടില്ലെന്ന് പറയുന്നതിന് എന്തടിസ്ഥാനമാണുള്ളത്…?
ശരിയാണ്. കോളേജില്‍ രാഷ്ട്രീയവും രാഷ്ട്രമീമാംസയും ചര്‍ച്ചയാവണം. ഇക്കണോമിക്‌സും സയന്‍സും സാഹിത്യവും മറ്റ് സര്‍ഗവ്യാപാരമേഖലകളും കാമ്പസുകളില്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്യപ്പെടണം. പക്ഷെ ഇവിടെ നടക്കുന്നത് രാഷ്ട്രീയ മേലാളന്മാരുടെ അടിമക്കണ്ണുകളായി മാറിയവരുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയമാണ്. മുകളില്‍ നിന്നുള്ള ഉത്തരവ് അനുസരിക്കുന്ന ചാവേര്‍ മനോഘടനയുള്ള അനുയായികളാണ് കാമ്പസുകളില്‍ രക്തച്ചാലുകള്‍ തീര്‍ക്കുന്നത്. ഇവിടെ സംവാദമില്ല സംവേദനമില്ല സര്‍ഗാത്മകതയില്ല ആകെയുള്ളത് അസഹിഷ്ണു വടിവാളുകളുടെ ശീല്‍ക്കാരമേളം മാത്രം.
ഈ നൂറ്റാണ്ട് കണ്ട മഹാനായ നേതാവായി ഒബാമ മാറിയത് കാമ്പസുകളില്‍ കത്തിവീശിയല്ല. എതിരാളികളുടെ പോലും ആദരവ് പിടിച്ചു പറ്റുന്ന രാഷ്ട്രീയ വ്യക്തിത്വമായി ശശി തരൂര്‍ വളര്‍ന്നത് കോളേജില്‍ കളരിപ്പയറ്റ് നടത്തിയല്ല. അധ:കൃത ജനതയുടെ വിമോചനത്തിനായി എണ്ണിയാലൊടുങ്ങാത്ത ബിരുദങ്ങളുമായി പോരിനിറങ്ങിയ ഡോ.അംബേദ്ക്കര്‍ സഹപാഠികള്‍ക്ക് നേരെ കഠാര വീശിയ കഥകള്‍ കേട്ടിട്ടില്ല. കാമ്പസുകളില്‍ കക്ഷി രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനാ സംവിധാനം നിലനില്‍ക്കുന്നതിന്റെ പ്രധാന ഗുണഭോക്താക്കള്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളാണ്. യുവത്വത്തിന്റെ ഊര്‍ജ്ജത്തിളപ്പിനെ വന്യമാക്കി വഴിതിരിച്ചുവിടുന്നത് അവരുടെ പൊളിറ്റിക്കല്‍ മാസ്റ്റേഴ്‌സാണ്.
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനമില്ലെങ്കില്‍ കാമ്പസുകള്‍ മതജാതി സംഘടനകളുടെയും മയക്കുമരുന്ന് വിപണനത്തിന്റെയും കേന്ദ്രമായി മാറുമെന്നാണ് മറ്റൊരു വാദം. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത് മതാധിഷ്ഠിത വിദ്യാര്‍ത്ഥി സംഘടനയാണ്. മദ്യവും മയക്കുമരുന്നും മലയാള യുവതയെ എന്നേ കീഴടക്കി കഴിഞ്ഞിരിക്കുന്നു. ഇതിനെതിരെ ഒരു ചുക്കും ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സാറ്റലൈറ്റുകളായ നമ്മുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കഴിഞ്ഞിട്ടില്ല. അതുമാത്രമല്ല ഡ്രഗ് അഡിക്റ്റുകളേക്കാള്‍ വയലന്റായി കാമ്പസുകളില്‍ അഴിഞ്ഞാടുന്നത് രാഷ്ട്രീയ ചട്ടുകങ്ങളായ വിദ്യാര്‍ത്ഥി കോമരങ്ങളാണ്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം പരിതാപകരമായി ഇടിഞ്ഞതിന് പിന്നിലും പ്രതിലോമകാമ്പസ് രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ സര്‍വകലാശാലകളെ ഉയര്‍ത്തുന്നതിന് അനിവാര്യമായ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന കൊടുംവാശി വച്ചുപുലര്‍ത്തുന്നവരാണ് രാഷ്ട്രീയാടിമകളായ കാമ്പസ് സംഘടനകള്‍.
ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനും മാഡം ക്യൂറിയും ജോനാസ് സാല്‍ക്കും കാള്‍ പോപ്പറും ജോ ബൈഡനും ജസിന്തയും ഒന്നും ഒരുകാലത്തും കേരളത്തിലെ കാമ്പസുകളില്‍ നിന്ന് ഉണ്ടാകാന്‍ പോകുന്നില്ല.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ എണ്ണത്തോണിയില്‍ കിടന്നുകൊണ്ട്, പഴയ കോളേജുകാല വെട്ടും കുത്തും കഥകള്‍ വിളിച്ചലറി ഊറ്റം കൊള്ളുന്ന വയസ്സന്മാരെ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നതില്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് തീര്‍ച്ചയായും അഭിമാനം കൊള്ളാം.