ദൈവങ്ങളുടെ വീട് തിരിച്ചു പിടിക്കാന്‍ എത്ര മനുഷ്യരുടെ രക്തം തെരുവില്‍ വീഴണം!


“ഇന്ത്യയില്‍ പത്ത് ലക്ഷത്തില്‍ പരം ആരാധാനാലയങ്ങള്‍ ഉണ്ട്. മനുഷ്യനെ കൊന്നിട്ട് ഒന്നുകൂടി വീണ്ടെടുത്താല്‍ എന്ത് മാറ്റമാണ് ഉണ്ടാകുക? അയോധ്യക്ക് വേണ്ടി ആയിരങ്ങള്‍ മരിച്ചു. നിയമവും മാധ്യമങ്ങളും ഭരണസംവിധാനങ്ങളും എല്ലാം ഊര്‍ജവും സമയവും ചിലവഴിച്ചു. ദൈവത്തിന്റെ ജന്മഭൂമി വീണ്ടെടുത്തത് കൊണ്ടു ഭക്തര്‍ കൂടുതല്‍ സമാധാനത്തില്‍ ഉറങ്ങുന്നുണ്ടോ? ഐശ്വര്യം വര്‍ദ്ധിച്ചോ?”- രാകേഷ് ഉണ്ണികൃഷ്ണന്‍ & അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

ഗ്യാന്‍വ്യാപികള്‍ ഉണ്ടാകുന്നത്?

ചരിത്രം രക്തത്തില്‍ മുങ്ങിയിരിക്കുന്നു. മനുഷ്യന്‍ പരസ്പരം സഹകരിച്ചു മുന്നോട്ട് പോകാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ഔറംഗസീബ് അമ്പലം പൊളിച്ചിട്ടാണോ അല്ലയോ പള്ളി പണിഞ്ഞത് എന്നത് പ്രസക്തമല്ല .പൊളിച്ചു എന്ന് തന്നെ കരുതുക. എന്ത് മാറ്റമാണ് ഇന്നത്തെ കാലത്ത് അതിന്റെ തിരിച്ചടികളും വീണ്ടെടുക്കലും കൊണ്ട് നേടാന്‍ ആകുക.?

2012ല്‍ ഞാന്‍ ലക്‌നൗവില്‍ നിന്ന് ഗോരഖ്പൂറിലേക്ക് യാത്ര ചെയ്യുകയായിരുന്നു. പോകുന്ന വഴി സ്ഥലങ്ങള്‍ ഏതൊക്കെ എന്ന് ഡ്രൈവര്‍ എനിക്ക് പറഞ്ഞു തരുന്നുണ്ടായിരുന്നു. ഒരു സ്ഥലത്തു എത്തിയപ്പോള്‍ ഇവിടുന്ന് വളരെ അടുത്താണ് പുണ്യഭൂമിയായ അയോദ്ധ്യ എന്ന് പറഞ്ഞു തന്നു. ഈ പ്രശ്‌നങ്ങള്‍ ഒക്കെ ഒരു പ്രഹസനം അല്ലേ എന്ന് ചോദിച്ചപ്പോള്‍ ആള്‍ വികാരാധീനനായി. ഗസ്‌നിയിലെ സുല്‍ത്താന്‍ 17 തവണ ഭാരതത്തെ ആക്രമിച്ചു നാണം കെടുത്തി. ബാബര്‍ ഇത് പോലെ ഹിന്ദുക്കളെ നാണം കെടുത്തിയതിന് പകരം വീട്ടാനുള്ള സമയമാണിത് എന്ന് ക്ഷോഭത്തോടെ ആള്‍ പറഞ്ഞു.

ദൈവങ്ങളുടെ വീട് തിരിച്ചു പിടിക്കാന്‍ എത്ര മനുഷ്യരുടെ രക്തം തെരുവില്‍ വീഴണം. ഇന്ത്യയില്‍ പത്ത് ലക്ഷത്തില്‍ പരം ആരാധാനാലയങള്‍ ഉണ്ട്. മനുഷ്യനെ കൊന്നിട്ട് ഒന്നുകൂടി വീണ്ടെടുത്താല്‍ എന്ത് മാറ്റമാണ് ഉണ്ടാകുക? അയോധ്യക്ക് വേണ്ടി ആയിരങ്ങള്‍ മരിച്ചു. നിയമവും മാധ്യമങ്ങളും ഭരണസംവിധാനങ്ങളും എല്ലാം ഊര്‍ജവും സമയവും ചിലവഴിച്ചു. ദൈവത്തിന്റെ ജന്മഭൂമി വീണ്ടെടുത്തത് കൊണ്ടു ഭക്തര്‍ കൂടുതല്‍ സമാധാനത്തില്‍ ഉറങ്ങുന്നുണ്ടോ? ഐശ്വര്യം വര്‍ദ്ധിച്ചോ? അയോധ്യ സമയത്ത് തന്നെ മത തീവ്രവാദികളുടെ മുദ്രവാക്യം അടുത്തത് കാശി, മധുര എന്നായിരുന്നു. എന്നും ഒരു അടുത്തത് ഉണ്ടാകും

”Civilization is the progress towards a society of privacy. The savage’s whole existence is public, ruled by the laws of his tribe. Civilization is the process of setting man free from men.’ – Ayn Rand

എന്റെ രണ്ടു അപ്പൂപ്പന്മാരുടെയും മാതാപിതാക്കളുടെ പേരുകളോ അവര്‍ എന്ത് ചെയ്തിരുന്നെന്നോ ഞാനറിയില്ല. ഒരു മൂന്ന് തലമുറക്ക് പുറകോട്ട് ഉള്ള പൂര്‍വികരുടെ ഒരു വിവരവും ഭൂരിപക്ഷം മനുഷ്യര്‍ക്കും അറിയാന്‍ തരമില്ല. അവരാണ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്നത്. നമ്മുടെ പൂര്‍വികരില്‍ ആരെങ്കിലും മറ്റു ഗോത്രത്തില്‍ (മതത്തില്‍/ ജാതിയില്‍) പെടുന്ന ആരെങ്കിലും ആയി രതിക്രീഡയില്‍ ഏര്‍പ്പെട്ടിട്ടല്ല അടുത്ത തലമുറകള്‍ ഉണ്ടായതെന്ന് ഉറപ്പിച്ചു എങ്ങനെ പറയാന്‍ സാധിക്കും? നാം ഒരു സ്ഥലത്തു യാദൃശ്ചികമായി ജനിച്ചു പോയി എന്നുള്ള ഒരൊറ്റ കാരണം കൊണ്ട് എന്തിനാണ് ആ സ്ഥലത്തിന്റെ/ മതത്തിന്റെ/ ജാതിയുടെ പേരില്‍ പാരമ്പര്യത്തില്‍ ദുരഭിമാനം കൊള്ളുന്നത്?

നൂറുകണക്കിന് വര്‍ഷങ്ങള്‍ മുമ്പ് ആരെങ്കിലും അമ്പലം ആക്രമിച്ചെന്നോ പള്ളി ആക്രമിച്ചെന്നോ പറഞ്ഞു കൊണ്ട് ഇന്ന് വിധ്വേഷം തോന്നുകയും പ്രതികാരം ചെയ്യണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നതിന്റെ സാംഗത്യം എന്താണ്? നൂറുകണക്കിന് വര്‍ഷങ്ങള്‍ മുമ്പ് ഇസ്ലാമിസ്റ്റുകള്‍ അമ്പലം തകര്‍ത്തു പള്ളി പണിഞ്ഞതിന്റെ പ്രതികാരം ഇന്ന് ചെയ്യണം എന്ന് വാദിക്കുന്നവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സവര്‍ണ്ണര്‍ ദളിതരോട് ചെയ്ത ക്രൂരതകള്‍ക്ക് ഇന്ന് അതേ അളവില്‍ ദളിതര്‍ക്ക് സവര്‍ണ്ണരോട് പ്രതികാരം ചെയ്യാം എന്ന വാദം അംഗീകരിക്കുമോ? ഇന്ന് അമ്പലങ്ങള്‍ സ്ഥിതി ചെയ്യുന്ന ചില സ്ഥലങ്ങളില്‍ എങ്കിലും അത് ഒരു കാലത്തു ബുദ്ധവിഹാരങ്ങള്‍ ആയിരുന്നിരിക്കാം അല്ലെങ്കില്‍ മറ്റു ഗോത്രദേവന്മാരുടെ ആരാധനാലയങ്ങള്‍ പൊളിച്ചു അമ്പലം പണിഞ്ഞത് ആകാം. അത് കൊണ്ട് ഇന്ന് ഈ അമ്പലങ്ങള്‍ ഒക്കെ പൊളിച്ചു കളയണോ?

മുസ്ലീമുകള്‍ ഹിന്ദുക്കളെ ഏതോ കാലത്തു അടിച്ചമര്‍ത്തി എന്ന് പറഞ്ഞു വികാരം കൊള്ളുന്നവര്‍, ഇന്ത്യക്കാരെ യഥാര്‍ത്ഥത്തില്‍ കോളനിവത്ക്കരിച്ച് അടിച്ചമര്‍ത്തിയ ബ്രിട്ടീഷുകാരെ കുറിച്ച് ഓര്‍ക്കാറില്ല. ആ ആവേശക്കമ്മറ്റിക്കാര്‍ പലരും ഇന്ന് ഇംഗ്ലണ്ടില്‍ സെറ്റില്‍ഡാണ്. ബംഗാളില്‍ ബ്രിട്ടീഷുകാരുടെ കെടുകാര്യസ്ഥത മൂലം ഉണ്ടായ വരള്‍ച്ചയില്‍ പട്ടിണി കിടന്നു മരിച്ചത് 30 ലക്ഷം മനുഷ്യ ജീവനുകള്‍ ആണ്. സഹിഷ്ണുത എന്ന് പറഞ്ഞാല്‍ പരസ്പരം സഹിക്കുക, ക്ഷമിക്കുക എന്നാണ് അര്‍ത്ഥം. ഔറംഗസീബും ശിവജിയും ഒക്കെ മരിച്ചു മണ്ണടിഞ്ഞു. ദൈവങ്ങളുടെ മണ്ണിന് വേണ്ടി പോരടിക്കാതെ സഹിഷ്ണുതയോട് മുന്നോട്ട് പോകു.

ഇന്ത്യ ഒരു സെക്കുലര്‍ സ്റ്റേറ്റ് ആണ്. സെക്കുലറസത്തിന്റെ സത്ത ഉള്‍കൊള്ളുന്ന നിയമമാണ് 1991-ലെ ‘The place of Worship Act.’ അത് പ്രകാരം 1947 ആഗസ്റ്റ് 15 ആയിരിക്കണം ഒരു ആരാധാനയത്തിന്റെ ഉടമസ്ഥാവകാശം കണക്കാക്കേണ്ട അടിസ്ഥാന കാലപരിധി. അതിന് ശേഷം ഒരു ആരാധനാലയത്തിലും മറ്റ് ഗ്രൂപ്പുകള്‍ക്ക് അവകാശം ഉന്നയിക്കാന്‍ അവില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 1947 ല്‍ X മതത്തിന്റെതേണ് ഒരു ആരാധനാലയം എങ്കില്‍ പതിനഞ്ചാം നൂറ്റാണ്ടിലെ കാര്യം പറഞ്ഞ് Y മതത്തിന് ഇന്ന് അവകാശം ഉന്നയിക്കാന്‍ ആവില്ല. ഇന്ത്യ രൂപികരിച്ചപ്പോള്‍ ചരിത്രപരമായ എല്ലാ തെറ്റുകളും നമ്മള്‍ പരസ്പരം പൊറുത്തു എന്ന് വായിക്കാം.

ഇത് അമ്പലങ്ങളുടെയോ പള്ളികളുടെയോ മാത്രം കാര്യം ആയിരിക്കരുത് . എല്ലാ കാര്യങ്ങളിലും ചരിത്രപരമായ തെറ്റുകള്‍ പരസ്പരം ക്ഷമിച്ചും സഹിച്ചും മുന്നോട്ട് പോകുന്നതായിരിക്കണം നാഗരികതയുടെ അടിസ്ഥാനം ഭൂമിയില്‍ നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ ജീവനും സ്വകാര്യ സ്വത്ത് മാത്രം. തൂണിലും തുരുമ്പിലും ഉള്ള നിങ്ങളുടെ ദൈവം, അല്ലെങ്കില്‍ അരൂപിയും സര്‍വ്വവ്യാപിയും ആയ ദൈവം, ചോര വീഴ്ത്തിയും കോടതി കയറിയും നിങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്ന തുണ്ടുഭൂമി കൊണ്ട് കൂടുതല്‍ ചെറുതാകുകയേ ഉള്ളു.

തങ്ങളുടെ ഗോത്രത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും ആളുകള്‍ക്കുള്ള ദുരഭിമാനം ഒരു തരം തെറ്റായ ശ്രേഷ്ഠതയും അഹങ്കാരവും സൃഷ്ടിക്കുന്നു. ഈ തെറ്റായ ധാര്ഷ്ട്യം മറ്റ് മനുഷ്യരെയും അവരുടെ സാമൂഹിക നിലയെയും ഇകഴ്ത്താനും അപമാനിക്കാനും ഉള്ള അവസരമുണ്ടാക്കുന്നു.

”The respectable family that supports worthless relatives or covers up their crimes in order to ‘protect the family name'(as if the moral stature of one man could be damaged by the actions of another)
-the bum who boasts that his great-grandfather was an empire-builder, or the small-town spinster who boasts that her maternal great-uncle was a state senator and her third cousin gave a concert at carnegie hall (as if the achievement of one man could rub off on the mediocrity of another)
-the parents who search genealogical trees in order to evaluate their prospective son-in-law.
-the celebrity who starts his autobiography with a detailed account of his family history
-All these are samples of racism.’ – Ayn Rand