നെഹ്റു ആധുനിക ഇന്ത്യയുടെ ശിൽപിയാണോ? ഇന്ത്യൻ ഭരണഘടന നിർമ്മിക്കുന്നതിന് ഭാഗമായി അതിൻ്റെ അടിസ്ഥാന റസലൂഷൻ ആയി നെഹ്റു അവതരിപ്പിച്ച പ്രസംഗം; വിവർത്തനം: അഭിലാഷ് കൃഷ്ണൻ


“ഞാൻ നിങ്ങളുടെ മുന്നിൽ വെക്കുന്ന റസലൂഷൻ ഒരു പ്രതിജ്ജയുടെ സ്വഭാവമുള്ളതാണ്. വിവാദങ്ങൾ ഒഴിവാക്കാൻ ആയി വളരെ ശ്രദ്ധിച്ച് ഡ്രാഫ്റ്റ് ചെയ്ത ഒന്നാണിത്. ഒരു വലിയ രാജ്യത്തിന് ധാരാളം വിവാദപരമായ പ്രശ്നങ്ങൾ ഉണ്ടാകും. പക്ഷേ അത് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ജനങ്ങൾക്ക് കോമൺ ആയി ഉള്ളതും എല്ലാവരും അംഗീകരിക്കുന്നതുമായ അടിസാഥനപരമായ ആശയങ്ങൾ ആണ് ഈ റസലൂഷനിൽ ഉള്ളത്.”

മതാടിസ്ഥാനത്തിൽ മുറിക്കപ്പെട്ട് ഒരു രാജ്യം ഉണ്ടായപ്പോൾ ഇപ്പുറത്ത് മതേതര രാജ്യം സൃഷ്ടിക്കുന്നത് വഴിയാണ് നെഹ്റു ആധുനിക ഇന്ത്യയുടെ ശിൽപി ആകുന്നത്.

ഇന്ത്യൻ ഭരണഘടന അസംബ്ലിയിൽ നെഹ്റു നടത്തിയ പ്രസംഗത്തിൽ ഒരിടത്തും മതമോ മതമൂല്യങ്ങളോ കടന്നു വരുന്നില്ല. ഇന്ത്യൻ ചരിത്രത്തെ മാനിക്കുമ്പോഴും വിദേശ ചരിത്രങ്ങൾ റഫർ ചെയ്യുമ്പോഴും ആധുനിക മനുഷ്യന് ആവശ്യമായ മതേതര മൂല്യങ്ങൾ ആണ് അദ്ധേഹത്തിൻ്റെ അടിസ്ഥാനം.ചരിത്രത്തിലെ തെറ്റുകൾ പൊറുക്കാനും വർത്തമാനകാലത്ത് സഹകരിക്കാനും ഭാവി സുന്ദരമാക്കാനും ശ്രമിച്ചത് വഴിയാണ് നെഹ്റു ആധുനിക ഇന്ത്യയുടെ ശിൽപി ആകുന്നത്. ഗോത്രീയത വെടിയാൻ ഒരു വലിയ രാജ്യത്തെ പഠിപ്പിക്കുന്നത് വഴിയാണ് അയാൾ ആധുനിക ഇന്ത്യയുടെ ശിൽപി ആകുന്നത്.

ഇന്ത്യൻ ഭരണഘടന നിർമ്മിക്കുന്നതിന് ഭാഗമായി അതിൻ്റെ അടിസ്ഥാന റസലൂഷൻ ആയി നെഹ്റു അവതരിപ്പിച്ച പ്രസംഗം
CONSTITUENT ASSEMBLY DEBATES Volume 1, 13 Dec 1946
(വിവർത്തനം : Abhilash Krishnan)

നെഹ്റു: നമ്മൾ ഭരണഘടന അസംബ്ലി കൂടിയിട്ട് ഇപ്പോൾ കുറച്ച് ദിവസങ്ങളായി. ഔദ്യോഗികമായി കുറച്ച് കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഒരുപാട് ജോലികൾ ബാക്കിയാണ്. ഭരണഘടന എന്ന കെട്ടിടം പണിയാനുള്ള സ്ഥലം ശരിയാക്കി എടുക്കുകയായിരുന്നു നമ്മൾ ഇതുവരെ ചെയ്തത്. പക്ഷേ എന്താണ് പണിയുന്നത് എന്നും എങ്ങോട്ടാണ് നമ്മൾ പോകുന്നതും എന്നതിനെ പറ്റി നമുക്ക് വ്യക്തമായ പ്ലാനിംഗ് വേണം. ഇങ്ങനെയുള്ള അവസരത്തിൽ ആ പ്ലാനിൻ്റെ വിശദീകരണങ്ങളിൽ പ്രസക്തി ഇല്ല. ഒരു കെട്ടിടം പണിയുമ്പോൾ ഓരോ കല്ലും നമ്മൾ കരുതലോടെ ആണല്ലോ വെക്കുന്നത്. കാലങ്ങളായി സ്വതന്ത്ര ഇന്ത്യയെ പറ്റി പല തരത്തിലുള്ള പ്ലാനുകൾ നമ്മളുടെയെല്ലാം മനസിലുണ്ട്. പക്ഷേ നമ്മൾ ശരിക്കുള്ള നിർമ്മാണം ആരംഭിക്കുന്ന ഈ വേളയിൽ നമ്മുടെ മനസിലുള്ള പ്ലാനുകളുടെ വ്യക്തമായ ഒരു ചിത്രം നമ്മൾക്കു മുന്നിലും ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നിലും ലോകത്തിന് മുന്നിലും നമ്മൾ സമർപ്പിക്കണം. ഞാൻ നിങ്ങൾക്ക് മുന്നിൽ വെക്കുന്ന ഈ റസലൂഷൻ നമ്മളുടെ ലക്ഷ്യങ്ങളെ നിർവചിക്കുകയും പ്ലാനിൻ്റെ ഓട്ട്ലൈനെ വിശദീകരിക്കുകയും ചെയ്യുന്നു.

നിങ്ങൾക്ക് അറിയാവുന്നത് പോലെ ഈ ഭരണഘടന അസംബ്ലി നമ്മളിൽ ഒരുപാട് പേർ ആഗ്രഹിച്ചത് പോലെ അല്ല ഉണ്ടായി വന്നിരുക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ഉണ്ടായി വന്ന ഭരണഘടന അസംബ്ലിയുടെ ജൻമത്തിൽ ബ്രിട്ടൻ്റെ സാന്നിധ്യമുണ്ട്. അവർ അതിൽ പ്രത്യേക നിബന്ധനകൾ വെച്ചിട്ടുണ്ട്. വളരെ ഗൗരവമായ ചർച്ചകൾക്ക് ശേഷം നമ്മൾ സ്റ്റേറ്റ് പേപ്പർ അംഗീകരിക്കുകയും അതിനെ ഭരണഘടന അസംബ്ലിയുടെ അടിസ്ഥാനമായി എടുക്കുകയും ചെയ്തിട്ടുണ്ട്. അതിൻ്റെ ലിമിറ്റിൽ നിന്നു വേണം നമ്മൾക്ക് പ്രവർത്തിക്കാൻ. പക്ഷേ നമ്മളുടെ അസംബ്ലിയുടെ ശക്തി വരുന്ന കേന്ദ്രം ഏതെന്ന് നിങ്ങൾ മറക്കരുത്. സർക്കാരുകൾ ഉണ്ടായി വരുന്നത് സ്‌റ്റേറ്റ് പേപ്പറിൻ്റെ അടിസ്ഥാനത്തിൽ അല്ല. സർക്കാരുകൾ ജനങ്ങളുടെ ഇച്ഛാശക്തിയുടെ എക്സ്പ്രഷൻ ആണ്. ആ ജനങ്ങളുടെ ശക്തിയിൽ ആണ് നമ്മൾ ഇവിടെ നിൽക്കുന്നതും. ഏതെങ്കിലും പാർട്ടിക്കോ ഗ്രൂപ്പിനോ വേണ്ടി പ്രവർത്തിക്കുന്നതിന് അപ്പുറം ആ ജനങ്ങൾക്ക് മുഴുവനും വേണ്ടി നമ്മൾ ഏതറ്റം വരെയും പോകണം. ഇന്ത്യൻ ജനതയുടെ പാഷൻ മനസിലാക്കാനും അത് സാക്ഷാത്കരിക്കാനും നമ്മൾ പരമാവധി ശ്രമിക്കണം.

ഞാൻ നിങ്ങളുടെ മുന്നിൽ വെക്കുന്ന റസലൂഷൻ ഒരു പ്രതിജ്ജയുടെ സ്വഭാവമുള്ളതാണ്. വിവാദങ്ങൾ ഒഴിവാക്കാൻ ആയി വളരെ ശ്രദ്ധിച്ച് ഡ്രാഫ്റ്റ് ചെയ്ത ഒന്നാണിത്. ഒരു വലിയ രാജ്യത്തിന് ധാരാളം വിവാദപരമായ പ്രശ്നങ്ങൾ ഉണ്ടാകും. പക്ഷേ അത് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ജനങ്ങൾക്ക് കോമൺ ആയി ഉള്ളതും എല്ലാവരും അംഗീകരിക്കുന്നതുമായ അടിസാഥനപരമായ ആശയങ്ങൾ ആണ് ഈ റസലൂഷനിൽ ഉള്ളത്. ബ്രിട്ടൻ വെച്ച പരിമിതികൾക്ക് അപ്പുറം പോകാത്തതോ അതേ സമയം ഏത് പാർട്ടിയിലും ഗ്രൂപ്പിലും പെട്ട ഇന്ത്യക്കാരനും അംഗീകരിക്കാൻ പറ്റുന്നതും ആയ അടിസ്ഥാന ആശയങ്ങൾ ആണ് ഇതിൽ ഉള്ളത് – നിർഭാഗ്യവശാൽ നമ്മുടെ രാജ്യം വ്യത്യസ്തകളുടേതാണ്. പക്ഷേ വളരെ കുറച്ചു പേർ ഒഴികെ മഹാഭൂരിപക്ഷവും ഈ അടിസ്ഥാന ആശയങ്ങളോട് യോജിക്കും എന്നാണ് കരുതുന്നത്. ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്ക് ആകും എന്നാണ് ഈ റസലൂഷൻ പറയുന്നത്. റിപ്പബ്ലിക്ക് എന്ന വാക്ക് ഈ സമയം വരെ നമ്മൾ ഉപയോഗിച്ചിട്ടില്ല. പക്ഷേ നിങ്ങൾക്ക് മനസിലാകും സ്വതന്ത്ര ഇന്ത്യക്ക് റിപ്പബ്ലിക്ക് അല്ലാതെ മറ്റൊന്നും ആകാൻ കഴിയില്ല.

ഈ അവസരത്തിൽ ഇന്ത്യൻ സ്റ്റേറ്റുകളുടെ പ്രതിനിധികളുടെ അസാനിധ്യം ഉണ്ടെന്നിരിക്കെ എങ്ങനെയാണ് ഈ റസലൂഷൻ ഇന്ത്യൻ ഭരണഘടനയെ എങ്ങനെ ബാധിക്കുന്നതെന്നു വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ഇന്ത്യൻ സ്റ്റേറുകളും ഭാവി ഇന്ത്യൻ യൂണിയനിൽ സ്വമേധയ ചേരണം എന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ ഏത് തരത്തിൽ ഉള്ള ഭരണമാണ് സ്റ്റേറുകൾക്കു വേണ്ടത് എന്നത് അവർക്ക് തീരുമാനിക്കാം. ഈ റസലൂഷഷൻ അതിൻ്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഇത് അടിസ്ഥാന കാര്യങ്ങൾ മാത്രമേ സംസാരിക്കുന്നുള്ളു. സ്റ്റേറ്റുകളുടെ താൽപര്യത്തിന് അതീതമായി അവർക്കുമേൽ ഒന്നും ഈ റസലൂഷൻ അടിച്ചേൽപ്പിക്കുന്നില്ല. എങ്ങനെ ഇന്ത്യൻ യൂണിയനിൽ ചേരണം എന്നതിലോ എങ്ങനത്തെ ഭരണം വേണം എന്നതും പരിഗണിക്കേണ്ട വിഷയം ആണ്. അതിൽ ഞാനെൻ്റെ വ്യക്തിഗത അഭിപ്രായം പറയുന്നില്ല. പക്ഷേ ഒരു കാര്യം പറയാം. ഒരു സ്റ്റേറിനും അടിസ്ഥാന മൂല്യങ്ങൾക്ക് എതിരെ നിൽക്കുന്നതും ജനങ്ങൾക്ക് സ്വാതന്ത്ര്യം കുറഞ്ഞതും ആയ ഒരു ഭരണ വ്യവസ്ഥ സ്വീകരിക്കാൻ കഴിയില്ല. രാജാവും നവാബും ഒക്കെ തുടരണോ എന്ന് ഓരോ സ്‌റ്റേറ്റിലെയും ജനങ്ങൾ എടുക്കേണ്ട തീരുമാനമാണ്. ചിലർക്ക് രാജാവിനെയും നവാബിനെയും ഒക്കെ ആകും വേണ്ടത്. അത് അവരുടെ ഇഷ്ടം. നമ്മുടെ റിപ്പബ്ലിക്ക് ഇന്ത്യ മുഴുവൻ ഉള്ളതാണ്. അതിലെ ചില ഭാഗങ്ങൾക്ക് അവരുടെ ഇഷ്ടത്തിലുള്ള ഭരണം വേണം എങ്കിൽ അതിനുള്ള സ്വാതന്ത്ര്യം വേണം.

ഈ റസലൂഷൻ വിശദീകരണങ്ങളിലേക്ക് കടക്കുന്നില്ല എന്ന് വീണ്ടും ഞാൻ പറയുന്നു. ഇതിൽ പറയുന്ന ലക്ഷ്യങ്ങൾ നേടാൻ ഇന്ത്യയെ എങ്ങനെ നയിക്കണം എന്നതു മാത്രമേ ഇത് കാണിച്ചു തരുന്നുള്ളു. ഇതിലെ വാക്കുകൾ നിങ്ങൾ പരിഗണിക്കുമെന്നും അത് നിങ്ങൾ സ്വീകരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷേ അതിലും പ്രധാനം ഇതിൻ്റെ സ്പിരിറ്റാണ്. നിയമങ്ങൾ വാക്കുകൾ കൊണ്ട് സൃഷ്ടിച്ചതാണ്. പക്ഷേ റസലൂഷൻ അതിനും അപ്പുറത്താണ്. നിങ്ങൾ ഒരു വക്കീലിനെ പോലെ ഇത് വായിച്ചാൽ ജീവനല്ലാത്ത ഒരു വസ്തുവായിരിക്കും കിട്ടുന്നത്. നമ്മൾ രണ്ട് കാലത്തിന് നടുവിൽ ആണ്. പഴയ കാലം പെട്ടെന്ന് മാറുകയും പുതിയത് വരുകയും ചെയ്യുന്നു. ഈ മാറ്റം നടക്കുമ്പോൾ ജീവനുള്ള സന്ദേശം ലോകത്തിന് നമ്മൾ കൊടുക്കണം. അതിന് ശേഷം നമുക്ക് വേണ്ട വാക്കുകളിൽ നമ്മുടെ ഭരണഘടന നമുക്ക് ഫ്രയിം ചെയ്യാം. പക്ഷേ ഇപ്പോൾ നമ്മൾ അതിന് ശ്രമിക്കുന്നു എന്ന സന്ദേശം കൊടുക്കേണ്ടതായുണ്ട്. ഭരണഘടന എങ്ങനെ പരിണമിക്കും എന്ന് നോക്കി കാണേണ്ടതായുണ്ട്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഈ റസലൂഷൻ കേവലം ഒരു നിയമമല്ല. പക്ഷേ മനുഷ്യ മനസിലേക്ക് ജീവൻ കൊടുക്കുന്ന ഒന്നാണ്.

ഈ റസലൂഷൻ ഈ സഭ പാസാക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മളോടും ഈ ലോകത്തെ കോടി കണക്കിന് പേരോടും ഉള്ള പ്രതിബദ്ധതയാണിത്. ഇത് പാസാകുകയാണ് എങ്കിൽ നമ്മൾ മുന്നോട്ട് കൊണ്ടു പോകേണ്ട പ്രതിജ്ഞയാണിത്. ആ പ്രതീക്ഷയിൽ ഞാനിത് നിങ്ങളുടെ മുന്നിൽ വെക്കുന്നു

(1) This Constituent Assembly declares its firm and solemn resolve to proclaim India as an Independent Sovereign Republic and to draw up for her future governance a Constitution;

(2) WHEREIN the territories that now comprise British India, the territories that now form the Indian States, and such other parts of India as are outside British India and the States as well as such other territories as are willing to be constituted into the Independent Sovereign India, shall be a Union of them all; and

(3) WHEREIN the said territories, whether with their present boundaries or with such others as may be determined by the Constituent Assembly and thereafter according to the Law of the Constitution, shall possess and retain the status of autonomous Units, together with residuary powers, and exercise all powers and functions of government and administration, save and except such powers and functions as are vested in or assigned to the Union, or as are inherent or implied in the Union or resulting therefrom; and

(4) WHEREIN all power and authority of the Sovereign Independent India, its constituent parts and organs of government, are derived from the people; and

(5) WHEREIN shall be guaranteed and secured to all the people of India justice, social, economic and political; equality of status, of opportunity, and before the law; freedom of thought, expression, belief, faith worship, vocation, association and action, subject to law and public morality; and

(6) WHEREIN adequate safeguards shall be provided for minorities, backward and tribal areas, and depressed and other backward classes; and

(7) WHEREBY shall be maintained the integrity of the territory of the Republic and its sovereign rights on land, sea, and air according to Justice and the law of civilised nations, and

(8) this ancient land attains its rightful and honoured place in the world and make its full and willing contribution to the promotion of world peace and the welfare of mankind.

സഭയിൽ ഇന്ന് പങ്കെടുക്കേണ്ട ഒരു പാട് പേർ വന്നിട്ടില്ല. അത് സങ്കടകരമാണ്. കാരണം ഇന്ത്യയിലെ എല്ലാ ഭാഗത്തും നിന്നും ഗ്രുപ്പുകളിൽ നിന്നുമുള്ള എല്ലാവരുടെയും ഒപ്പം പ്രവർത്തിക്കാൻ ആണ് നമ്മൾ ലക്ഷ്യം വെക്കുന്നത്. കാരണം നമ്മൾ ലക്ഷ്യം വെക്കുന്ന ഭാവി ഇന്ത്യ എല്ലാ ഇന്ത്യക്കാരുടെതും ആണ്. വരാത്തവർ ഭാവിയിൽ ഉള്ള സഭകളിൽ സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. നമ്മൾ ഓരോരുത്തരും ഓരോ പാർട്ടിയിലും ഗ്രൂപ്പിലും ഒക്കെ പ്രവർത്തിക്കുന്നവർ ആണ്. പക്ഷേ അതെല്ലാം മറന്ന് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കേണ്ട സമയമാണിത്. നമ്മളുടെ ഇടയിലുള്ള രാഷ്ട്രീയ, ഗ്രൂപ്പ് പ്രശ്നങ്ങൾ എല്ലാം മറന്ന് ഒറ്റക്കെട്ടായി ഭാവി ഇന്ത്യയുടെ സൃഷ്ടിക്കായി ഈ വലിയ സാഹസിക കടമ്പ നമ്മൾ കടക്കണം.

ഈ സഭയിൽ നിൽക്കുമ്പോൾ, ഒരുപാട് കാര്യങ്ങൾ എനിക്ക് ഓർമ്മ വരുന്നു. എൻ്റെ മനസ് അയ്യായിരം വർഷത്തെ മഹത്തായ ഇന്ത്യൻ ചരിത്രം ഓർക്കുന്നു. മനുഷ്യ ചരിത്രം തുടങ്ങിയത് മുതൽ ഇന്ന് വരെയുള്ള കാര്യങ്ങൾ. ഒരേ സമയം കഴിഞ്ഞു പോയ വലിയ ആൾക്കൂട്ടങ്ങൾ എന്നെ ആഹ്ലാദിപ്പിക്കുകയും അതേ സമയം പീഡിപ്പിക്കുകയും ചെയ്യുന്നു. ആ പഴയ കാലത്തിന് ഞാൻ അർഹനാണോ?

അത് പോലെ വരാൻ ഇരിക്കുന്ന ഭാവിയെ പറ്റി ആലോചിക്കുമ്പോൾ, പഴയതിൽ നിന്ന് ഭാവിയിലേക്ക് മാറുന്ന ഈ വേളയിൽ നിൽക്കുമ്പോൾ ഈ വലിയ ടാസ്കിന് മുന്നിൽ ഞാൻ അൽപം വിറച്ചു പോകുന്നു. ഇത് ഇന്ത്യാ ചരിത്രത്തിലെ അസാധാരണമായ ഒരു സമയമാണ്. അതിലൊരു മാജിക്ക് ഉണ്ട്. രാത്രി മാറി പകൽ ആകുന്നതു പോലൊരു മാജിക്. ആ പകൽ മേഘങ്ങൾ നിറഞ്ഞത് ആയാലും അതിലൊരു മാജിക്കുണ്ട്. മേഘങ്ങൾ മാറും എന്നും സൂര്യനെ കാണാനാവും എന്ന് നമുക്കറിയാം. ഈ ഒരു മാജിക്കൽ ആയ നിമിഷത്തിൽ അത് കൊണ്ട് തന്നെ സംസാരിക്കാനും എൻ്റെ ആശയങ്ങൾ പറയാനും ഞാൻ അൽപം പ്രയാസപ്പെടുന്നു. കടന്നുപോയ മഹാരഥൻമാരും വർഷങ്ങളോളം സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നമ്മുടെ സഖാക്കളും എല്ലാം എനിക്ക് ഓർമ്മ വരുന്നു. ഈ നിമിഷത്തിൻ്റെ ഭാരം മനസിലാക്കി അഭിമാനത്തോടെ നിങ്ങൾക്ക് മുന്നിൽ ഞാനിത് സമർപ്പിക്കുന്നു. ഒരു പാട് അമൻഡ്മൻ്റുകൾ സഭയിൽ വന്നു എന്ന് ഞാൻ കരുതുന്നു. ഞാനതിൽ ഭൂരിഭാഗവും കണ്ടില്ല. ഏത് മെമ്പർക്കും അമൻഡ്മൻ്റ് കൊണ്ടുവരാനും അത് സ്വീകരിക്കാനും തള്ളാനും എല്ലാം അവസരമുണ്ട്. പക്ഷേ എല്ലാ ബഹുമാനത്തോടും കൂടെ പറയട്ടെ, വലിയ കാര്യങ്ങളും ചെയ്യാനും പറയാനും ഉള്ളപ്പോൾ ടെക്നിക്കാലിറ്റിയും ലീഗാലിറ്റിയും ഒക്കെ പറഞ്ഞ് നമ്മൾ സമയം കളയാതെ സഭ ഈ റസലൂഷൻ അംഗീകരരിക്കണം എന്നും അഭ്യർത്ഥിക്കുന്നു.

ഞാൻ അമേരിക്കൻ കോൺസ്റ്റിറ്റൂഷനെ പറ്റി ഈ അവസരത്തിൽ ഓർക്കുന്നു. അമേരിക്കയുടെ ഫൗണ്ടിംഗ് ഫാദേഴ്സ് ഒത്തു കൂടുകയും കാലത്തെ അതിജീവിക്കുന്ന ഒരു ഭരണഘടന സൃഷ്ടിക്കുകയും ചെയ്തു. ആ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നൂറ്റാണ്ടുകൾ ആയി ശക്തമായി നില നിൽക്കുന്ന ഒരു രാജ്യം നമുക്ക് മുന്നിലുണ്ട്. അത് പോലെ 150 വർഷങ്ങൾക്ക് മുൻപ് നടന്ന ഫ്രഞ്ച് വിപ്ലവത്തിലേക്കും എൻ്റെ ഓർമ്മ പോകുന്നു. അന്ന് രാജാവ് ഭരണഘടന അസംബ്ലിക്ക് സ്ഥലം പോലും അനുവദിക്കാത്തപ്പോൾ ഓപ്പൺ ടെന്നീസ് കോർട്ടിൽ ഒത്തു കൂടി ഭരണഘടന ചർച്ച നടത്തുകയും എല്ലാ എതിർപ്പുകളും അവഗണിച്ച് അത് പൂർത്തിയാക്കുകയും ചെയ്തവരെ ഓർക്കുന്നു. അത് പോലെ നമ്മൾ ഈ ചേമ്പറിലോ മറ്റ് എവിടെയും ആണെങ്കിലും അത് പാടത്തോ ചന്തയിലോ എവിടെയായാലും നമ്മളുടെ മുന്നിലുള്ള മഹത്തായ കർത്തവ്യം ചെയ്തു തീർക്കണം. അത് പോലെ ഞാൻ അടുത്തു നടന്ന ഒരു വിപ്ലവത്തെയും ഓർക്കുന്നു. ആ വിപ്ലവം പുതിയ ഒരു തരം സ്റ്റേറ്റ് സൃഷ്ടിച്ചു. യൂണിയൻ ഓഫ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ്. ആ മഹത്തായ രാജ്യവും ലോകത്ത് ഇന്ന് നിർണായക ശക്തിയാണ്. ഇന്ത്യക്ക് അവർ അയലത്തുകാർ കൂടെയാണ്.

ഈ വലിയ ഉദാഹരണങ്ങളിലെ വിജയങ്ങളിൽ നിന്ന് നമ്മൾ പഠിക്കുകയും അവരുടെ പരാജയങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയും വേണം. ഒരുപക്ഷേ എല്ലാ തെറ്റുകളും ഒഴിവാക്കാൻ നമുക്ക് ആവില്ല, കാരണം തെറ്റ് എന്നുള്ളത് മനുഷ്യസഹജമാണ്. എന്നിരുന്നാലും നമുക്ക് മുന്നോട്ടു പോവുകയും നമ്മുടെ

മുന്നിലുള്ള പ്രതിസന്ധികളും തടസ്സങ്ങളും തരണം ചെയ്ത് വർഷങ്ങളായി നമ്മൾ കാണുന്ന ആ വലിയ സ്വപ്നം നേടിയെടുക്കുകയും വേണം.ഈ റെസലൂഷനിലെ ഓരോ വാക്കും വളരെ ശ്രദ്ധിച്ച് എഴുതിയതാണ്. ഒരുപാട് ചെറുതായി പോകാതിരിക്കാനും വലുതായി പോകാതിരിക്കാനും മനപ്പൂർവ്വം ശ്രദ്ധിച്ചിട്ടുണ്ട്. കുറച്ചു വാക്കുകളെ ഉള്ളൂ എങ്കിൽ റെസലൂഷൻ അർത്ഥമില്ലാത്തതായി മാറും. ഒരുപാട് വാക്കുകൾ ഉണ്ടെങ്കിൽ തുടർന്ന് ഭരണഘടന നിർമിക്കുന്നവർക്ക് പലപ്പോഴും ഇതൊരു തടസ്സമായി മാറുകയും ചെയ്യും. റസലൂഷൻ ഒരിക്കലും ഭരണഘടനയുടെ ഒരു ഭാഗമല്ല,അങ്ങനെ കണക്കാക്കുകയും ചെയ്യരുത്. ഈ സഭയ്ക്ക് ഒരു ഭരണഘടന ഉണ്ടാക്കാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും.

അതുകൊണ്ട് എല്ലാ ഇന്ത്യക്കാരും വിശ്വസിക്കുന്ന ചില അടിസ്ഥാനപരമായ കാര്യങ്ങൾ വിവരിക്കുന്ന ഒന്നുമാത്രമാണ് ഈ റെസൊല്യൂഷൻ. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണ് എന്ന് നമ്മൾ ഉറച്ച് വിശ്വസിക്കുന്നു. India is bound to be independent, bound to be sovereign, bound to be republic. മൊണാർക്കിയെ പറ്റിയോ മറ്റു വ്യവസ്ഥകളെ പറ്റിയൊ ഉള്ള വാദത്തിലേക്ക് ഞാൻ കടക്കുന്നില്ല. പക്ഷേ ഒന്നുണ്ട്. മൊണാർക്കി ഇന്ത്യയിൽ ഇല്ല. ഇല്ലാത്ത ഒന്നിൽ നിന്നു അതിനെ നിർമിക്കാൻ കഴിയില്ല. ഇന്ത്യ സ്വതന്ത്ര്യവും പരമാധികാരവുമുള്ള റിപ്പബ്ലിക്ക് ആണ് എങ്കിൽ ഒരു ബാഹ്യ മൊണാർക്കി അസാധ്യമാണ്. ആഭ്യന്തര മൊണാർക്കിയെ പറ്റി ഗവേഷണവും ആവശ്യമില്ല. റിപ്പബ്ലിക്ക് എന്നത് അനിവാര്യതയാണ്.

ചില സുഹൃത്തുക്കൾ ചോദിച്ചിരിക്കുന്നു. എന്തു കൊണ്ട് ജനാധിപത്യം എന്ന പദം ഇവിടെ ചേർക്കുന്നില്ല എന്ന്. ശരിയാണ് റിപ്പബ്ലിക്ക് ഡെമോക്രറ്റിക്ക് ആകണം എന്നില്ല, പക്ഷേ നമ്മൾ എല്ലാ കാലത്തും ഡെമോക്രറ്റിക്ക് ആയ സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് നില കൊണ്ടിട്ടുള്ളത്. തീർച്ചയായും നമ്മൾ ജനാധിപത്യത്തിനാണ് ലക്ഷ്യം വെക്കുന്നത്. പക്ഷേ എന്ത് തരത്തിലുള്ള ജനാധിപത്യം (form and shape)? ഇന്നത്തെ ജനാധിപത്യ വ്യവസ്ഥകൾ പ്രത്യേകിച്ചും യൂറോപ്പിലുള്ളത് ലോക പുരോഗതിക്ക് പല തരത്തിലുള്ള സംഭാവനകൾ നൽകിയിട്ടുണ്ട്. പക്ഷേ പൂർണമായും ജനാധിപത്യപരമായി നിൽനിൽക്കാൻ അതിൻ്റെ ഘടന മാറ്റേണ്ടിവരുമോ എന്നത് സംശയമുണ്ടാക്കുന്നത് ആണ്. മറ്റ് രാജ്യങ്ങളിൽ നിന്ന് ചില ഡെമോക്രറ്റിക്ക് പ്രൊസീഡിയറോ സ്ഥാപനങ്ങളോ കോപ്പി ചെയ്യുക എന്ന രീതിയിലേക്ക് നമ്മൾ പോകില്ല എന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷേ നമ്മൾക്ക് അത് മെച്ചപ്പെടുത്താം. എന്തായാലും ഏത് തരത്തിലുള്ള വ്യവസ്ഥ ആയാലും നമ്മുടെ ജനങ്ങളുടെ ബോധ്യത്തിന് അടിസ്ഥാനപ്പെടുത്തിയതാകണം. അവർക്ക് സ്വീകാര്യമായതാകണം. നമ്മൾ ജനാധിപത്യത്തിന് വേണ്ടി നില നിൽക്കുന്നു എങ്കിലും ഈ സഭയാണ് അതിൻ്റെ ഘടനയും രൂപവും തീരുമാനിക്കേണ്ടത്. ജനാധിപത്യം ഇല്ല എങ്കിലും റിപ്പബ്ലിക്ക് എന്ന വാക്കു ഉണ്ടെന്നും അതുള്ളപ്പോൾ ഡെമോക്രസി എന്ന വാക്ക് redundant ആണ് എന്നും സഭ മനസിലാക്കും എന്നും ഞാൻ കരുതുന്നു. നമ്മൾ വാക്ക് ഉപയോഗിച്ചില്ല എങ്കിലും ജനാധിപത്യം എന്ന ആശയം നമ്മുടെ റസലൂഷനിൽ തീർച്ചയായും ഉണ്ട്. തീർച്ചയായും എക്കണോമിക്ക് ജനാധിപത്യത്തിൻ്റെ ആശയവും റസലൂഷനിൽ ഉണ്ട്.

മറ്റു ചിലർ ചോദിക്കുന്നത് എന്തു കൊണ്ട് സോഷ്യലിസം എന്ന വാക്ക് ചേർക്കുന്നില്ല എന്നതാണ്. ശരിയാണ്, ഞാൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്നു. ഇന്ത്യ സോഷ്യലിസത്തിന് വേണ്ടി നിലകൊള്ളണം എന്നും ലോകം മുഴുവൻ ആ വഴി സഞ്ചരിക്കണം എന്നും ഞാൻ കരുതുന്നു. എന്ത് തരത്തിൽ ഉള്ള സോഷ്യലിസം എന്നത് പക്ഷേ വേറെ വിഷയം ആണ്. അത് സഭ പരിഗണിക്കേതാണ്. ഒരുപാട് പേർക്ക് സോഷ്യലിസത്തിൽ വിശ്വാസം ഉണ്ടെങ്കിലും കുറച്ച് പേർക്ക് വിശ്വാസം ഇല്ലാത്തതിനാൽ അത് എഴുതി ചേർക്കുന്നത് വിവാദമാകും. അതുകൊണ്ട് തന്നെ നമ്മൾ ആശയപരമായി അതിൻ്റെ തത്വങ്ങൾ സ്വീകരിക്കുമ്പോഴും വാക്കുകൾ ഒഴിവാക്കുന്നു.

മറ്റൊരു പ്രധാന കാര്യം റിപ്പബ്ലിക് എന്ന വാക്കിനെ പറ്റിയുള്ള തർക്കങ്ങളാണ്. ചില ആൾക്കാർ ശ്രദ്ധയിൽപ്പെടുത്തിയത് റിപ്പബ്ലിക് എന്ന വാക്ക് ചില ഇന്ത്യൻ സ്റ്റേറ്റിലെ ഭരണാധികാരികൾക്ക് വിഷമം ഉണ്ടാക്കും എന്നുള്ളതാണ്. ശരിയാണ്, അവർക്ക് സങ്കടം ഉണ്ടായേക്കാം. പക്ഷേ എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ മൊണാർക്കി എന്നുള്ളത് വളരെ പെട്ടെന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. എൻറെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാറ്റി നിർത്തിയാൽ പോലും നമ്മുടെ പൊതുവായുള്ള ധാരണ നമ്മൾക്ക് വരാൻ പോകുന്ന സ്വാതന്ത്ര്യത്തിന്റെ പങ്ക് തുല്യമായി ഈ സ്റ്റേറ്റുകളിലുള്ള ജനങ്ങൾക്കും അവകാശപ്പെട്ടതാണ് എന്നതാണ്. പല സ്റ്റേറ്റിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യത്തിൽ വ്യത്യസ്തമായ ഡിഗ്രി ഉണ്ടാവുക എന്നുള്ളത് നമ്മൾക്ക് ചിന്തിക്കാൻ കൂടി കഴിയുന്ന ഒന്നല്ല. ഏതുതരത്തിൽ വേണം ഈ സ്റ്റേറ്റുകൾ യൂണിയനിൽ ലയിക്കുക എന്നുള്ളത് ഈ സഭ ആലോചിച്ച് തീരുമാനിക്കുന്നതാണ്. അതിന് ആ സ്റ്റേറ്റിലെ പ്രതിനിധികളുമായി ചർച്ചകൾ ആവാം സ്റ്റേറ്റുകളെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളിലും ഈ സഭ ആ പ്രതിനിധികളുമായി സംസാരിക്കുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ ഭരണഘടന നിർമിക്കുന്ന സമയത്ത് ഓരോ സ്റ്റേറ്റിലെയും പ്രതിനിധികളുമായും പൂർണമായും സഹകരിച്ച് തന്നെ മുന്നോട്ടു പോകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. പക്ഷേ ഏതു തരത്തിലുള്ള എഗ്രിമെന്റുകൾ ആയാലും ജനങ്ങൾക്ക് ഉള്ള സ്വാതന്ത്ര്യത്തിൽ തുല്യത ഉണ്ടാവണം എന്നുള്ള കാര്യത്തിൽ തർക്കമില്ല.

ഭരണ വ്യവസ്ഥയുടെ കാര്യത്തിലും എല്ലാ സ്റ്റേറ്റുകളും തമ്മിലും ഒരു യൂണിഫോമിറ്റി ഉള്ളത് ഞാനും ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ അത് സ്റ്റേറ്റുകളുമായി സഹകരിച്ചും സംസാരിച്ചു എടുക്കേണ്ട തീരുമാനമാണ്. ഭരണഘടന അസംബ്ലി ഏതെങ്കിലും തരത്തിലുള്ള ഒരു നിബന്ധന സ്റ്റേറ്റുകൾക്ക് അവരുടെ ഇഷ്ടത്തിന് അതീതമായി വെക്കും എന്ന് ഞാൻ കരുതുന്നില്ല. ഏതെങ്കിലും സ്റ്റേറ്റിലെ ജനങ്ങൾ ഒരു പ്രത്യേകതരത്തിലുള്ള ഭരണമാണ് ആഗ്രഹിക്കുന്നത് എങ്കിൽ അവരെ അതിന് അനുവദിക്കണം. അത് മൊണാർക്കൽ ആകണമെന്നില്ല. അത് എന്താകണമെന്ന് അവർ തീരുമാനിക്കട്ടെ.

ഏതെങ്കിലും സ്റ്റേറ്റിൽ ഉള്ള ജനങ്ങൾ ഒരു രാജാവിനെയാണ് വേണ്ടതെന്ന് ആവശ്യപ്പെടുകയാണെങ്കിൽ വ്യക്തിപരമായി ഞാൻ അതിന് ഇഷ്ടപ്പെടുന്നില്ലെങ്കിലും ഞാനത് തടയാൻ പോകുകയില്ല. ഇതിൽ പറഞ്ഞിരിക്കുന്ന ഒന്നും ഭാവിയിലെ ഭരണഘടനയുടെ നിർമ്മാണത്തെ യാതൊരു തരത്തിലും തടസ്സപ്പെടുത്തുന്ന ഒന്നല്ല. ഇത് എന്തെങ്കിലും ഒരു ലിമിറ്റ് വെക്കുന്നെങ്കിൽ അത് അടിസ്ഥാനപരമായ മൂല്യങ്ങൾ നിരത്തുന്നു എന്നുള്ള കാര്യം മാത്രമാണ്. ഇതിൽ പറഞ്ഞിരിക്കുന്ന അടിസ്ഥാനപരമായ മൂല്യങ്ങൾ ഇന്ത്യയിലുള്ള ആരും എതിർക്കുമെന്ന് ഞാൻ കരുതുന്നില്ല. ആരെങ്കിലും എതിർക്കുന്നുണ്ട് എങ്കിൽ ആ എതിർപ്പിനെ സ്വീകരിക്കാനും ആ ചലഞ്ച് ഏറ്റെടുക്കാനും നമ്മൾ തയ്യാറാണ്.

നമ്മൾ ഇന്ത്യയിൽ ഇന്ത്യയ്ക്ക് വേണ്ടിയിട്ടാണ് ഈ ഭരണഘടന നിർമിക്കുന്നതെങ്കിലും ഇത് ലോകത്ത് മറ്റിടങ്ങളിലും ഒരു ശക്തമായിട്ടുള്ള ഇഫക്ട് ഉണ്ടാക്കും. അത് പുതുതായി സ്വാതന്ത്ര്യം നേടുന്ന ഒരു രാജ്യം എന്ന നിലയിൽ മാത്രമല്ല, ഇന്ത്യയുടെ മൂല്യങ്ങൾ കൊണ്ടും ഇന്ത്യയുടെ വലിപ്പവും ജനസംഖ്യ നിരക്കും കാരണവും മാത്രമല്ല, ഇന്ത്യയിൽ ഉള്ള വലിയ രീതിയിലുള്ള റിസോഴ്സുകളുടെ സാന്നിധ്യവും അതിനെ ഉപയോഗിച്ചു കൊണ്ട് ഇന്ത്യയ്ക്ക് ലോകത്തിൽ ഒരു പ്രധാന റോൾ വഹിക്കാൻ കഴിയും എന്നതിനാലാണ്. ഇതിനോടകം തന്നെ ഇന്ത്യ ആ ഭാഗം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഈ അന്താരാഷ്ട്രീയ പ്രാധാന്യം ഇന്ത്യൻ ഭരണഘടന ശിൽപികൾ മനസിൽ കരുതണം.

എല്ലാ രാജ്യങ്ങളോടും സൗഹൃദമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. വർഷങ്ങൾ നീണ്ട സംഘട്ടനചരിത്രം ഉണ്ടെങ്കിലും ഇംഗ്ലണ്ടുമായും ഇന്ത്യ സൗഹൃദമാണ് ആഗ്രഹിക്കുന്നത്. ഈ അടുത്തിടെ ഞാൻ ഇംഗ്ലണ്ട് സന്ദർശിച്ചത് ഈ സഭയ്ക്ക് അറിയാം. ആദ്യം എനിക്ക് പോകാൻ മടിയായിരുന്നു എന്നുള്ള കാര്യവും ഈ സഭയ്ക്ക് അറിയാം. എങ്കിലും ബ്രിട്ടന്റെ പ്രൈം മിനിസ്റ്ററുടെ അഭ്യർത്ഥന മാനിച്ചാണ് ഞാൻ അവിടെ സന്ദർശിച്ചത്. അവിടെ ചെല്ലുമ്പോൾ ഇന്ത്യ സ്വതന്ത്രമാകുന്ന വേളയിൽ ഒരുപാട് സന്തോഷവും അനുമോദനങ്ങളും ആശീർവാദങ്ങളും ഒക്കെയാണ് പ്രതീക്ഷിച്ചത്. പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല എന്നുള്ളത് എന്നെ നിരാശപ്പെടുത്തുന്നു.

ബ്രിട്ടീഷ് കാബിനറ്റിലുള്ളവർ അടുത്തിടെ നടത്തിയ പ്രസ്താവനകൾ കാരണം, എല്ലാവർക്കും അറിയാവുന്നതുപോലെ, ഉടലെടുത്ത പുതിയ ബുദ്ധിമുട്ടുകൾ നമ്മളുടെ വഴിയിൽ വരില്ലെന്നും ഇവിടെ സഭയിൽ ഇന്ന് വന്നതും വരാത്തവരും ആയ എല്ലാവരും സഹകരിച്ച് മുന്നോട്ട് പോയി നമ്മൾ വിജയിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. നമ്മൾ മുന്നോട്ട് പോകാൻ ശ്രമിക്കുന്ന നിമിഷത്തിൽ, നമ്മളുടെ വഴിയിൽ പുതിയ തടസ്സങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. മുമ്പ് പരാമർശിക്കാത്ത പുതിയ പരിമിതികൾ പരാമർശിക്കുകയും പുതിയ നടപടിക്രമങ്ങൾ നിർദ്ദേശിക്കുകയും ചെയ്തത് എന്നെ വേദനിപ്പിക്കുന്നു.

ഒരു വ്യക്തിയെയും പേരെടുത്ത് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ കാര്യത്തിൻ്റെ നിയമപരമായ വശം എന്തുതന്നെയായാലും, സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശം നിറഞ്ഞ രാജ്യത്തിൻ്റെ മുന്നിൽ ആ നിയമങ്ങൾ ദുർബലമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇവിടെയുള്ള നമ്മളിൽ ഭൂരിഭാഗവും, തലമുറകളായി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ പങ്കെടുത്തിട്ടുണ്ട്. നമ്മൾ നിഴലിൻ്റെ താഴ്‌വരയിലൂടെ കടന്നുപോയി. നമ്മൾക്ക് അത് പരിചിതമാണ്, ആവശ്യമെങ്കിൽ നമ്മൾ വീണ്ടും അതിലൂടെ പോകും.

എന്നിരുന്നാലും, ഈ മോശം സമയത്ത്, നശിപ്പിക്കാനല്ല പകരം നിർമ്മിക്കാനും സൃഷ്ടിക്കാനുമുള്ള അവസരത്തെക്കുറിച്ച് ആണ് നമ്മൾ ചിന്തിക്കുന്നത്. നാം സന്തോഷത്തോടെ കാത്തിരുന്ന ഒരു സ്വതന്ത്ര ഇന്ത്യയിൽ ക്രിയാത്മകമായ പരിശ്രമത്തിനുള്ള സമയം ആഗതമായിരിക്കുമ്പോൾ, പുതിയ ബുദ്ധിമുട്ടുകൾ നമ്മുടെ വഴിയിൽ സ്ഥാപിച്ചിരിക്കുന്നു. ഇതിനെല്ലാം പിന്നിൽ ഏത് ശക്തിയുണ്ടായാലും, അവർ എത്ര കഴിവുള്ളവരും മിടുക്കരും അത്യധികം ബുദ്ധിയുള്ളവരുമാണെങ്കിൽ കൂടെയും വലിയ മഹത്തായ ഓഫീസുകളിൽ എത്തേണ്ടവർക്കുള്ള ഭാവന മാത്രം അവർക്കില്ല എന്ന് അറിയുക.

മുൻകാലങ്ങളിലെ ദൗർഭാഗ്യകരമായ പ്രവണതകളിൽ ഒന്ന് ഇന്ത്യൻ പ്രശ്നത്തെക്കുറിച്ചുള്ള ചിന്തയിൽ ഇവർക്ക് ഒരു ഭാവനയും ഉണ്ടായിരുന്നില്ല എന്നതാണ്. ഇന്ത്യ ഇന്ന് ആരുടേയും ഉപദേശവും അടിച്ചേൽപ്പിക്കലും ആഗ്രഹിക്കുന്നില്ലെന്ന് മനസ്സിലാക്കാതെ ആളുകൾ പലപ്പോഴും നമ്മൾക്ക് ഉപദേശം നൽകുന്നുണ്ട്. ഇന്ത്യയെ സ്വാധീനിക്കാനുള്ള ഏക മാർഗം സൗഹൃദവും സഹകരണവും സുമനസ്സുമാണ് എന്ന് മനസിലാക്കുക.

അടിച്ചേൽപ്പിക്കാനുള്ള ഏതൊരു ശ്രമവും, രക്ഷാകർതൃത്വത്തിൻ്റെ സ്വരവും എതിർക്കപ്പെടുക തന്നെ ചെയ്യും. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ഞങ്ങൾ നേരിട്ട ബുദ്ധിമുട്ടുകൾക്കിടയിലും സഹകരണത്തിൻ്റെ അന്തരീക്ഷം സൃഷ്ടിക്കാൻ നമ്മൾ ശ്രമിച്ചു, സത്യസന്ധമായി ഞാൻ കരുതുന്നു. ഞങ്ങൾ ആ ശ്രമം തുടരും എന്ന്. എന്നാൽ മറ്റുള്ളവരിൽ നിന്ന് ശരിയായ പ്രതികരണം ഉണ്ടായില്ലെങ്കിൽ ആ അന്തരീക്ഷം തകരാറിലാകുമെന്ന് ഞാൻ വളരെയധികം ഭയപ്പെടുന്നു. എന്നിരുന്നാലും, നമ്മൾ വലിയ ജോലികളിൽ മുഴുകിയിരിക്കുന്നതിനാൽ, ആ ശ്രമം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, വിശ്വസിക്കുന്നു.

നമ്മുടെ സ്വന്തം നാട്ടുകാരുമായി ഇടപഴകേണ്ടിവരുന്നിടത്ത്, നമ്മുടെ ചില ആളുകൾ തെറ്റായ വഴി സ്വീകരിക്കുന്നുണ്ടെങ്കിലും നാം ആ ശ്രമം തുടരണം. എന്തെന്നാൽ, എല്ലാത്തിനുമുപരി, നമ്മൾ ഈ രാജ്യത്ത് ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്, ഇന്നല്ലെങ്കിൽ നാളെ നമുക്ക് അനിവാര്യമായും സഹകരിക്കേണ്ടതായി വരും. അതിനാൽ, നാം പ്രയത്നിക്കുന്ന ആ ഭാവി സൃഷ്ടിക്കുന്നതിൽ പുതിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന എന്തും നാം വർത്തമാനകാലത്ത് ഒഴിവാക്കണം. അതിനാൽ, നമ്മുടെ സ്വന്തം നാട്ടുകാരെ സംബന്ധിച്ചിടത്തോളം, അവരുടെ സഹകരണം ഏറ്റവും വലിയ അളവിൽ നേടിയെടുക്കാൻ നാം പരമാവധി ശ്രമിക്കണം. പക്ഷേ, സഹകരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് നമ്മൾ നിലകൊള്ളുന്ന അടിസ്ഥാന മൂല്യങ്ങൾ ഉപേക്ഷിക്കുക എന്നതല്ല.

നമ്മുടെ ജീവിതത്തിന് അർഥം നൽകുന്നത് ഉപേക്ഷിക്കുക എന്നത് ഒരിക്കലും സഹകരണമല്ല. അതുകൂടാതെ, ഞാൻ പറഞ്ഞതുപോലെ, പരസ്പരം സംശയം നിറഞ്ഞ ഈ ഘട്ടത്തിലും നമ്മൾ ഇംഗ്ലണ്ടിൻ്റെ സഹകരണം തേടുന്നു. ആ സഹകരണം നിഷേധിക്കപ്പെട്ടാൽ, അത് ഇന്ത്യക്ക് ദോഷകരമാകുമെന്ന് തോന്നുന്നു, തീർച്ചയായും ഒരു പരിധിവരെ ഇംഗ്ലണ്ടിനും, ഒരു പരിധിവരെ, ലോകത്തിനും അത് ദോഷമാണ്. ലോകമഹായുദ്ധം കഴിയുകയും, വരാനിരിക്കുന്ന പുതിയ യുദ്ധങ്ങളെക്കുറിച്ച് ആളുകൾ അവ്യക്തമായും വന്യമായും സംസാരിക്കുകയും ചെയ്യുന്ന ഈ കാലത്ത്, ആണ് നിർഭയമായ ഈ പുതിയ ഇന്ത്യയുടെ ജന്മം. ഒരുപക്ഷെ ലോകത്തിലെ ഈ കലുഷിതാവസ്ഥ ഈ പുതിയ ജനനത്തിന് അനുയോജ്യമായ നിമിഷമാണ്.

പക്ഷേ, ഭരണഘടനാ നിർമ്മാണം എന്ന ഈ ഭാരിച്ച ദൗത്യം നിർവ്വഹിക്കുന്ന ജോലി നമ്മൾ ചെയ്യേണ്ടതായുണ്ട്. ഭാവിയുടെ മഹത്തായ പ്രതീക്ഷയെക്കുറിച്ചും നാം ചിന്തിക്കണം, ചെറിയ ഗ്രൂപ്പിനു വേണ്ടിയുള്ള ചെറിയ നേട്ടങ്ങൾ നേടുന്നത് വഴി മഹത്തായ ലക്ഷ്യങ്ങൾ നഷ്ടപ്പെടരുത്. ഈ ഭരണഘടനാ അസംബ്ലിയിൽ ഞങ്ങൾ ഒരു ലോക വേദിയിലാണ് പ്രവർത്തിക്കുന്നത്, ലോകത്തിൻ്റെ കണ്ണുകൾ നമ്മിലാണ്, നമ്മുടെ ഭൂതകാലത്തിൻ്റെ മുഴുവൻ കണ്ണുകളും നമ്മിലാണ് എന്ന ഓർമ്മ വേണം.

നമ്മൾ ഇന്ന് ഇവിടെ ചെയ്യുന്ന കാര്യങ്ങൾക്ക് നമ്മുടെ ഭൂതകാലം സാക്ഷിയാണ്, ഇനിയും ജനിക്കാത്ത, ഭാവിയും നമ്മെ നോക്കുന്നു. അതിനാൽ, നമ്മുടെ ഭൂതകാലത്തിൻ്റെ ശക്തമായ പ്രതീക്ഷയിലും വർത്തമാനകാലത്തിൻ്റെ പ്രക്ഷുബ്ധതയിലും ജനിക്കാനിരിക്കുന്ന പുതിയ ഭാവിയുടെയും അടിസ്ഥാനത്തിൽ ഈ പ്രമേയം പരിഗണിക്കാൻ ഞാൻ ഈ സഭയോട് അപേക്ഷിക്കുന്നു.

Loading