‘സ്ത്രീധനവും പുരുഷധനവും വ്യാപാരകരാറുകളും രണ്ട് വ്യക്തികള്‍ക്കിടയിലുള്ള ബന്ധം നിര്‍വചിക്കുന്നു എന്നിരിക്കട്ടെ. ബന്ധിപ്പിച്ചത് ദുര്‍ബലപെട്ടാല്‍ ബന്ധം തകര്‍ന്നടിയും. സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ? ഒരുമിച്ച് നിക്ഷേപം നടത്തുമ്പോള്‍, കച്ചവടം ചെയ്യുമ്പോള്‍ ഇല്ലാത്ത കരുതലും ജാഗ്രതയും വ്യക്തിബന്ധങ്ങളില്‍ ഉണ്ടാകേണ്ട കാര്യമില്ല’- സി. രവിചന്ദ്രന്‍ എഴുതുന്നു |
ബന്ധം ബന്ധനമല്ല
സ്ത്രീധനനിരോധനത്തിനായി സമരം നടത്തേണ്ടതുണ്ടോ? ഇല്ല. അത് കൊടുക്കുന്നതും വാങ്ങുന്നതും നിയമംമൂലം നിരോധിച്ചിട്ടുള്ളതാണ്. പിന്നെയെന്താണ് പ്രശ്നം? നിയമം മൂലം നിരോധിക്കാനും മുദ്രാവാക്യങ്ങള്‍ തള്ളാനും എളുപ്പമാണ്. സ്വയം വര്‍ഗ്ഗീയവാദിയല്ല എന്ന് സ്ഥാപിക്കാനായി മറ്റൊരാളെ വര്‍ഗ്ഗീയവാദിയെന്ന് വിളിച്ചാല്‍ മതി എന്ന രാഷ്ട്രീയംകൊണ്ട് സമൂഹമസ്തിഷ്‌കത്തിലെ പാരമ്പര്യ വൈറസുകള്‍ നീക്കംചെയ്യനാവില്ല. റോഡ് തടഞ്ഞോ ശബ്ദമലിനീകരണം നടത്തിയോ തലവെട്ടിയോ ചിന്താപരമായ മാറ്റം സാധ്യമല്ല. അതിന് വൈചാരികമായി വ്യക്തിയെ ഇളക്കണം, അവനെ പഠിപ്പിക്കണം. അവന് തീരെ ഇഷ്ടപെട്ടെന്ന് വരില്ല.. പക്ഷെ വിദ്യാഭ്യാസം തുടരണം. അതല്‍പ്പം പ്രയാസമുള്ള കാര്യമാണ്. But there is no other option. മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് വേണ്ടത് എന്നൊക്കെ നാം തള്ളാറില്ലേ? അത് തന്നെ. എങ്ങനെ വര്‍ജ്ജിക്കും? വര്‍ജ്ജിക്കണമെങ്കില്‍ അങ്ങനെയൊരു ചിന്തയുണ്ടാവണം. സ്വയം പരിഷ്‌കരിക്കാതെ, വ്യക്തി നവീകരിക്കാതെ ആ ചിന്ത ഉണ്ടാകില്ല. ഒരു സമൂഹം അടിസ്ഥാനപരമായി പുരുഷാധിപത്യകേന്ദ്രീകൃതമാണെങ്കില്‍, അന്ധവിശ്വാസജഡിലവും പാരമ്പര്യബോധ നിയന്ത്രണങ്ങള്‍ക്ക് വിധേയവുമാണെങ്കിലും അവിടെ സ്ത്രീധനം നിലനില്‍ക്കും. മറയ്ക്കാം, ഒളിക്കാം, പക്ഷെ നീങ്ങിപോകില്ല. നിരോധനനിയമങ്ങള്‍ നിര്‍മ്മിക്കുന്നതനുസരിച്ച് വിനിമയരീതിയും തന്ത്രവും മാറും. കാരണം അടിസ്ഥാനപരമായി അത് വേണം എന്ന ബോധം നിലനില്‍ക്കുന്നു.
ഓരോ സ്ത്രീധന കൊലപാതകത്തിന് ശേഷവും വരുന്ന പ്രതിഷേധകൊടുങ്കാറ്റ് കണ്ടാല്‍ ഇത്രയധികം സ്ത്രീധനവിരോധികള്‍ കേരളത്തിലുണ്ടോ എന്നാരും അത്ഭുതപെട്ടുപോകും. പച്ചക്കറിപോലെ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നവര്‍ തന്നെ സ്വര്‍ണ്ണവിരോധികളായി ചായംപൂശുന്നു! എല്ലാവരും സ്ത്രീധനത്തെ എതിര്‍ക്കുന്നു.അഴിമതിയേയും വര്‍ഗ്ഗീയതയേയും വികസനവിരുദ്ധതയേയും എതിര്‍ക്കുന്നു. കൂടുതല്‍ എതിര്‍ക്കുന്നത് കൂടെകൂടുന്നു. അപ്പോള്‍ ആ എതിര്‍പ്പിന് എന്തോ പ്രശ്നമുണ്ട്? മതം തിന്ന് ജീവിക്കുന്നവനോട് മതവുംദൈവവും വേണ്ട എന്ന് പറഞ്ഞാല്‍, അവ നിരോധിച്ചാല്‍ അവന്‍ സമ്മതിക്കുന്നതായി അഭിനയിച്ചേക്കും. പക്ഷെ നിരോധനം നീങ്ങുമ്പോള്‍ എല്ലാം സ്പ്രിംഗ് പോലെ തിരിച്ചുവരും. ദൈവവും മതവും വേണ്ട എന്നു പറയുന്നത് എന്തിനാണ് എന്നവന് മനസ്സിലായിട്ടില്ല, അല്ലെങ്കില്‍ നിങ്ങളവനെ ബോധ്യപെടുത്തിയിട്ടില്ല. അതല്ലെങ്കില്‍ നിങ്ങളെ കേള്‍ക്കാന്‍ അവന്‍ തയ്യാറല്ല. ഡസ്‌ക് ടോപ്പില്‍ നിന്ന് ഐക്കണ്‍ മാറ്റിയതുകൊണ്ട് ഹാര്‍ഡ് ഡിസ്‌കിലെ പ്രോഗ്രാം മാഞ്ഞുപോകില്ല. സ്ത്രീധനം കൊടുക്കാനും വാങ്ങാനും പ്രേരിപ്പിക്കുന്ന ചിന്താപരിസരം അട്ടിമറിച്ചാലേ സ്ത്രീധനത്തെ കുറിച്ച് തര്‍ക്കിച്ച് തമ്മിലടിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന സമൂഹം ഇല്ലാതാവൂ. മസ്തിഷ്‌ക സോഫ്റ്റ് വെയറുകളുടെ കാര്യത്തില്‍ നിയമനിര്‍മ്മാണം പലപ്പോഴും അപ്രസക്തമാണ്. ശബ്ദമലീനികരണ നിയമങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുക. ഭരണഘടനദത്തമായ സഞ്ചാരസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും അടിയറവ് വെക്കേണ്ടിവരുന്ന സാധാരണമനുഷ്യരെ ഓര്‍ക്കുക.
ബോധവത്ക്കരണം എന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ വലിയ രസമില്ലാത്ത, മുദ്രാവാക്യങ്ങളുടെയും പ്രകടനമസാലകളുടെയും അകമ്പടിയില്ലാത്ത നിശബ്ദ പ്രവര്‍ത്തനമാണ്. It is a cold job. ഓരോ സ്ത്രീധനക്കൊലപാതകം വരുമ്പോഴും സ്ത്രീധനം കൊടുക്കുന്നവരും വാങ്ങുന്നവരുമടക്കമുള്ള ജനം സ്ത്രീധനത്തെ വിമര്‍ശിച്ച് പണ്ടാറമടക്കുന്നു. ‘കൊല്ലാതെ വിട്ടുകൂടായിരുന്നോ?’ എന്ന് വിലപിക്കുന്നു. കൊല്ലാതെ വിടാറുണ്ട്, ഭൂരിപക്ഷം കേസുകളിലും അങ്ങനെ സംഭവിക്കുന്നു. ചെറിയൊരു ന്യൂനപക്ഷം മാത്രം ദുരന്തം രചിക്കുന്നു. കൊല്ലാതെ വിടുന്നത് കൊണ്ട് സ്ത്രീധനം എന്ന അന്ധവിശ്വാസം പരിഹരിക്കപെടുന്നില്ല. സ്ത്രീധനവും പുരുഷധനവും വ്യാപാരകരാറുകളും രണ്ട് വ്യക്തികള്‍ക്കിടയിലുള്ള ബന്ധം നിര്‍വചിക്കുന്നു എന്നിരിക്കട്ടെ. ബന്ധിപ്പിച്ചത് ദുര്‍ബലപെട്ടാല്‍ ബന്ധം തകര്‍ന്നടിയും. സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ? ഒരുമിച്ച് നിക്ഷേപം നടത്തുമ്പോള്‍, കച്ചവടം ചെയ്യുമ്പോള്‍ ഇല്ലാത്ത കരുതലും ജാഗ്രതയും വ്യക്തിബന്ധങ്ങളില്‍ ഉണ്ടാകേണ്ട കാര്യമില്ല.
എല്ലാവരും ആരെയോ കുറ്റപെടുത്തുകയാണ്. ആരെയാണാവോ? കൈ ചൂണ്ടുകയാണ്-ആര്‍ക്കുനേരെയാണാവോ? വിവാഹമോചിതയായ മകള്‍ മരിച്ച മകളെക്കാള്‍ ഭേദം എന്നതാണ് പീക്ക് പ്രസ്താവന. What an understatement! നേര് അതില്‍ തന്നെയുണ്ട്. വിവാഹമോചിതയായ പെണ്ണ് മരിച്ചവളെക്കാള്‍ ഭേദമാണെന്ന് പറയുന്നതില്‍ എന്തോ പിശകില്ലേ? വിവാഹമോചിത ജഡത്തെക്കാള്‍ ഭേദമാണെന്ന് നിങ്ങള്‍ പറയുന്നുവെങ്കില്‍ വിവാഹമോചനത്തെ വലിയൊരു അത്യാഹിതമായി അറിയാതെയെങ്കിലും നിങ്ങള്‍ പരിഗണിക്കുന്നുണ്ട്. എന്താണ് ജഡത്തെക്കാള്‍ ഭേദമല്ലാത്തത്!? വിവാഹമോചനം മരണവുമായി താരതമ്യപെടുത്തേണ്ട ഒന്നല്ല. അതൊരു സ്വാതന്ത്ര്യപ്രഖ്യാപനമാണ്. മോചനം നേടേണ്ട ഒന്ന് തുടരുന്നതില്‍ മഹത്തരമായി ഒന്നുമില്ല. സ്വയം ത്യജിച്ചും അന്യനെ വഞ്ചിച്ചും ബന്ധങ്ങള്‍ ആഘോഷിക്കുന്നത് കാപട്യമാണ്. നിലനിറുത്തുന്ന ഓരോ ബന്ധങ്ങളും പിന്തുണയ്ക്കുന്നതും സന്തോഷം തരുന്നതുമായിരിക്കണം. ജീവിതപങ്കാളിയെ തേടുന്നവര്‍ ജീവിതം ഉറപ്പുവരുത്തണം. ഉള്ളതേ പങ്കിടാനാവൂ. Divorce does not make any one lesser or greater. It is a choice. ബന്ധം ബന്ധനമല്ല. മോചനം നേടുന്നത് ആവശ്യമില്ലാത്തവയില്‍ നിന്നാണ്. തുള വീണ തോണികള്‍ തിരസ്‌കരിക്കപെടുന്നത് തുഴയാനറിയാത്തത് കൊണ്ടല്ലെന്ന് തിരിച്ചറിയുക;പിടിച്ചുവെച്ചിരിക്കുന്നതു കൊണ്ടുമാത്രം ഒപ്പമുള്ളത് സ്വന്തമല്ലെന്നും.