ചോരപ്പുഴയൊഴുക്കുന്ന പലസ്തീനികളും ജൂതരും; ഗൗതം വര്‍മ്മ എഴുതുന്നു


”മുപ്പതുകളില്‍ ജര്‍മ്മനിയിലെ ഹിറ്റ്‌ലറുടെ സ്ഥാനാരോഹണവും ജൂതര്‍ക്ക് നേരെയുള്ള അക്രമങ്ങളുമെല്ലാം പലസ്തീനിലേക്കുള്ള കുടിയേറ്റങ്ങളുടെ തോതും തീവ്രതയും വര്‍ധിപ്പിച്ചു. 1935 ഒക്ടോബര്‍ 16 ന് Jaffa തുറമുഖത്ത് വന്നടുത്ത ഒരു കപ്പലില്‍നിന്നും, Haganah എന്ന സിയോണിസ്റ്റ് അര്‍ധസൈനിക സംഘടനക്കായി രഹസ്യമായി കൊണ്ടുവന്ന 800 ഓളം തോക്കുകളും ധാരാളം വെടിയുണ്ടകളും കണ്ടെത്തിയത് അറബികള്‍ക്കിടയില്‍ ഭീതിപടര്‍ത്തി.”- ഗൗതം വര്‍മ്മ എഴുതുന്നു
പലസ്തീനിലെ അറബ് കലാപം

1929 ഓഗസ്റ്റ് 15 ന് ജെറുസലേമിലെ Western Wall ന്റെ (Wailing Wall) അരികിലേക്ക് ഒരുകൂട്ടം ജൂതന്മാര്‍ മെല്ലെ നടന്നടുത്തു. സോളമന്റെ ക്ഷേത്രം തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മ്മ പുതുക്കാനെന്നോണം, ക്ഷേത്രത്തിന്റെ ആകെയുള്ള അവശിഷ്ടമായ ആ മതിലിനരികിലേക്ക് ദാവീദിന്റെ നക്ഷത്രം (Star of David) പതിച്ച കൊടിയുമായി അവര്‍ വന്നുചേര്‍ന്നു. ആ മതില്‍ തങ്ങളുടേതാണ് എന്ന് അവരില്‍ പലരും വിളിച്ചുപറയുന്നുണ്ടായിരുന്നു. അത് അറിഞ്ഞ അറബ് വംശജരായ മുസ്ലിങ്ങള്‍ സ്വാഭാവികമായും രോഷാകുലരായി. തങ്ങളുടെ വിശുദ്ധ സ്ഥലമായ Al-Aqsa Mosque ന്റെ ചുറ്റുമതിലില്‍പ്പെട്ട, Buraq Wall എന്ന് അവര്‍ വിളിക്കുന്ന ആ പ്രദേശത്തക്കുള്ള ജൂതരുടെ കടന്നുകയറ്റം തങ്ങള്‍ക്കെതിരെയുള്ള ഒരു പരസ്യമായ വെല്ലുവിളിയായാണ് ജെറുസലേമിലെ മുസ്ലിങ്ങള്‍ കണ്ടത്. അതോടെ അടുത്തദിവസം അറബികളും ജൂതര്‍ക്കെതിരെ ജാഥകള്‍ സംഘടിപ്പിച്ചു. ഒടുവില്‍ അതൊരു കലാപമായി മാറി. Buraq Revolt എന്ന് അറിയപ്പെട്ട ആ കലാപം വര്‍ഷങ്ങളോളം നീളുന്ന വലിയയൊരു സംഘര്‍ഷപരമ്പരയുടെ ആരംഭമായിരുന്നു.

കലാപങ്ങളുടെ ആരംഭം

പിന്നീട് മുപ്പതുകളില്‍ ജര്‍മ്മനിയിലെ ഹിറ്റ്‌ലറുടെ സ്ഥാനാരോഹണവും ജൂതര്‍ക്ക് നേരെയുള്ള അക്രമങ്ങളുമെല്ലാം പലസ്തീനിലേക്കുള്ള കുടിയേറ്റങ്ങളുടെ തോതും തീവ്രതയും വര്‍ധിപ്പിച്ചു. അത് പലസ്തീനിലെ അറബ് വംശജര്‍ക്കിടയില്‍ സ്വതവേ ജൂതരോടുണ്ടായിരുന്ന നീരസം വര്‍ധിക്കാനിടയാക്കി. 1935 ഒക്ടോബര്‍ 16 ന് Jaffa തുറമുഖത്ത് വന്നടുത്ത ഒരു കപ്പലില്‍നിന്നും, Haganah എന്ന Zionist അര്‍ധസൈനിക സംഘടനക്കായി രഹസ്യമായി കൊണ്ടുവന്ന 800 ഓളം തോക്കുകളും ധാരാളം വെടിയുണ്ടകളും കണ്ടെത്തിയത് അറബികള്‍ക്കിടയില്‍ ഭീതിപടര്‍ത്തി. അതോടെ ജൂതര്‍ക്കെതിരെയും അവര്‍ക്ക് ഒത്താശ ചെയ്തിരുന്ന ബ്രിട്ടീഷ് പട്ടാളത്തിനെതിരെയും അറബ് സംഘടനകള്‍ പ്രതിഷേധ പ്രസംഗങ്ങള്‍ നടത്തി. ജൂതര്‍ക്കായി ബ്രിട്ടീഷ് ഗവണ്മെന്റ് ഉണ്ടാക്കിയ Balfour Declaration അപലപിച്ചുകൊണ്ട് Haifa യില്‍ പ്രസംഗങ്ങള്‍ അരങ്ങേറി. ഇതിന്റെയെല്ലാം പേരില്‍ അറബ് സംഘടന നേതാക്കളെ പലസ്തീനിലെ ബ്രിട്ടീഷ് പട്ടാളം വേട്ടയാടാന്‍ തുടങ്ങി.

പലസ്തീനില്‍ യഥാര്‍ത്ഥ കലാപങ്ങള്‍ ആരംഭിക്കുന്നത് 1936 ല്‍ ആണ്. പൊടുന്നനെ വര്‍ധിച്ചുവന്ന ജൂത കുടിയേറ്റങ്ങള്‍ക്കെതിരെ 1936 ഏപ്രില്‍ 19 ന് പലസ്തീനിലെ അറബികള്‍ ഒരു ദേശീയ സമരത്തിന് തുടക്കം കുറിച്ചു. സാധാരണക്കാരായ പലസ്തീനികള്‍ തുടങ്ങിവച്ച സമരം Arab Higher Committee എന്ന സംഘടനയുടെ രൂപീകരണത്തിന് വഴിവച്ചു. പലസ്തീനിലെ ഒട്ടുമിക്ക അറബ് നേതാക്കളും അടങ്ങിയ ആ സംഘടന ജെറുസലേമിന്റെ Grand Mufti യായിരുന്ന Mohammed Amin Al-Husseini യുടെ നേതൃത്വത്തിലാണ് രൂപീകൃതമായത്. ലീഗ് ഓഫ് നാഷന്‍സിന്റെ തീരുമാനപ്രകാരം 1920 തൊട്ടുള്ള British Mandate ന്റെ ബലത്തില്‍ പലസ്തീനിലെ ഭരണം ബ്രിട്ടന്റെ കയ്യില്‍ ആയിരുന്നതിനാല്‍ ഈ സമരം ഫലത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരെക്കൂടി ആയിരുന്നു. സ്വാഭാവികമായും അതിനെതിരെ ബ്രിട്ടീഷ് പട്ടാളം ശക്തമായ പ്രത്യാക്രമണം തന്നെയാണ് കൈക്കൊണ്ടത്. ആറുമാസത്തോളം നീണ്ട സമരങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഒടുവില്‍ 190 നടുത്ത് പലസതീന്‍കാര്‍ കൊല്ലപ്പെടുകയും, 800 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതേസമയം പല അറബ് നേതാക്കളും സമരക്കാരോട് പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കാലങ്ങളായി ബ്രിട്ടന്റെ അനുഭാവിയായിരുന്ന, Jordan ലെ രാജകുമാരനായ, Abdullah Al-Hussein നെപോലുള്ള ആളുകളും സമരം അവസാനിപ്പിക്കണം എന്ന ചിന്താഗതി വച്ചുപുലര്‍ത്തിയിരുന്നവര്‍ ആയിരുന്നു. എല്ലാ പ്രശ്‌നങ്ങളും ബ്രിട്ടന്‍ പരിഹരിക്കും എന്നായിരുന്നു അവരെല്ലാം വിശ്വസിച്ചിരുന്നത്. അതോടെ നേതാക്കന്മാരുടെ സമ്മര്‍ദത്തിന് വഴങ്ങാന്‍ പലസ്തീനി നേതാക്കള്‍ തയ്യാറായി.

വിഭജനം എന്ന പരിഹാരം

1936 ഒക്ടോബര്‍ 11 ന് താല്‍ക്കാലികമായി സമരം അവസാനിച്ചു. നേതാക്കന്മാരുടെ നിര്‍ദേശപ്രകാരം അവര്‍ British Royal Commission നുമായുള്ള കൂടിക്കാഴ്ച്ചക്ക് തയ്യാറായി. പലസ്തീനില്‍ അതിനോടകം മുന്‍ ഹൈക്കമ്മീഷണര്‍ ആയ Herbert Samuel ന് പകരം Lord Earl Peel അധികാരമേറ്റ്കഴിഞ്ഞിരുന്നു. അവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ എത്തിച്ചേര്‍ന്ന തീരുമാനം പലസ്തീനെ വിഭജിക്കുക എന്നതായിരുന്നു. പലസ്തീന്റെ മൂന്നിലൊന്ന് ഭാഗം ഒരു ജൂതരാഷ്ട്രമായും, രണ്ടിലൊന്ന് ഭാഗം അറബിരാഷ്ട്രമായും മാറ്റുകയായിരുന്നു Royal Commission മുന്നോട്ട് വച്ച തീരുമാനം. അതോടൊപ്പംതന്നെ ജെറുസലേം മുതല്‍ Jaffa വരെയുള്ള ഒരു ചെറിയ ഭൂപ്രദേശം ബ്രിട്ടന്റെ നിയന്ത്രണത്തിലും ആയിരിക്കും എന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഈ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി അറബ് ഭൂപ്രദേശത്തുനിന്നും ജൂതന്മാരെ അവര്‍ക്ക് വാഗ്ദാനം ചെയ്ത ഭാഗത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ജൂതരെ, പ്രത്യേകിച്ച് Zionist കളെയാകമാനം, വളരെയധികം സന്തോഷിപ്പിച്ച ഒരു വാര്‍ത്തയായിരുന്നു അത്. കാരണം, അങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ കാലങ്ങളായി ആഗ്രഹിച്ച ജൂതരാഷ്ട്രം ഉടനെ യാഥാര്‍ഥ്യമാകും എന്ന് അവര്‍ക്ക് അറിയാമായിരുന്നു.

ബ്രിട്ടീഷ് അടിയന്താരാവസ്ഥ

1937 സെപ്റ്റംബറില്‍ ബ്രിട്ടീഷ് ഗവണ്മെന്റ് പലസ്തീനില്‍ Martial Law നടപ്പിലാക്കി. ഒരു അറബ് കലാപകാരി ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വധിച്ചതിനെത്തുടര്‍ന്നാണ് അവര്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. പലസ്തീനിലെ പല അറബ് അനുകൂല സംഘടനകളും നിരോധനങ്ങള്‍ക്ക് വിധേയമായി. അറസ്റ്റ് ഭയന്ന് സമരനേതാവായ Mohammed Amin Al-Husseini അടക്കം പല പ്രമുഖരും ലെബനാനിലേക്ക് നാടുവിട്ടു. അടിയന്തിരാവസ്ഥക്ക് തുല്യമായ സ്ഥിതിഗതികളായിരുന്നു എങ്ങും. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ഗവണ്മെന്റ് വിരുദ്ധര്‍ എന്ന് സംശയിക്കുന്നവരെ തടവില്‍ പാര്‍പ്പിക്കാനായി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ സ്ഥാപിക്കുക വരെ ഉണ്ടായി.

കലാപങ്ങള്‍ അടിച്ചമര്‍ത്താനായി ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികരെതന്നെ നിയോഗിച്ചു. പ്രതിഷേധിക്കുന്നവരെ നിരായുധരാക്കുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. സംശയം തോന്നിയ ഏത് വീട്ടിലും കയറി പരിശോധിക്കുകയും, വേണ്ടിവന്നാല്‍ അവ തകര്‍ത്തുകളയുകയും വരെ ബ്രിട്ടീഷ് സൈന്യം ചെയ്തിരുന്നു എന്ന് പല പലസ്തീനി അഭയാര്‍ഥികളും പിന്നീട് പറഞ്ഞതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പംതന്നെ ജൂതരെ സായുധരാക്കാനും, ജൂതരുടെ കുടിയേറ്റ ഗ്രാമങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുമായി Haganah, Irgun പോലുള്ള എക്‌സ്ട്രീമിസ്റ്റ് സംഘങ്ങളെ പ്രോത്സാഹിപ്പിക്കാനും അവര്‍ മുന്‍കൈയ്യെടുത്തു.

പൊതുവെ ജൂത അര്‍ത്ഥസൈനിക സംഘടനയായ Haganah അതുവരെ പാലിച്ചുപോന്ന പ്രവര്‍ത്തനശൈലി തങ്ങളുടെ കൂട്ടരേ സംരക്ഷിക്കുക, ജൂതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കുക എന്നതൊക്കെയായിരുന്നു. പക്ഷെ അതുവരെ അവരോട് ഒത്തുപോകുകയായിരുന്ന Irgun 1937 ആയപ്പോഴേക്കും അവരില്‍ നിന്ന് മാറി അറബികളെ ആക്രമിക്കുക എന്ന നയം സ്വീകരിച്ചുതുടങ്ങി. ‘പ്രതിരോധം’ എന്ന പേരില്‍ പലസ്തീനികള്‍ക്ക് നേരെ അവര്‍ ധാരാളം ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. അതോടെ അറബികള്‍ക്കിടയിലെ സായുധ സംഘടനകളും ശക്തമായ പ്രത്യാക്രമണങ്ങള്‍ ആരംഭിച്ചു. Haifa യിലെയും ജെറുസലേമിലെയും പൊതുസ്ഥലങ്ങളില്‍ Irgun പോരാളികള്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ അറുപതിലേറെ പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയുണ്ടായി. കലാപകാരികള്‍ ഉണ്ടെന്ന് സംശയിക്കപ്പെട്ട ഗ്രാമങ്ങളിലെല്ലാം ബ്രിട്ടീഷ് പട്ടാളവും Haganah യുമെല്ലാം ഒരുമിച്ചായിരുന്നു പലപ്പോഴും പരിശോധനകളും ആക്രമണങ്ങളും നടത്തിയിരുന്നത്. 1938 അവസാനത്തോടെ Arab Revolt അതിന്റെ മൂര്‍ധന്യത്തിലെത്തിക്കഴിഞ്ഞിരുന്നു.

ആക്രമണം എന്ന പ്രതിരോധം

അതേസമയം മറുഭാഗത്ത് പലസ്തീന്‍കാരും ആസൂത്രിതമായ പ്രത്യാക്രമണങ്ങള്‍ക്ക് തയ്യാറെടുക്കുകയായിരുന്നു. അക്കാലയളവില്‍ തന്നെ ബ്രിട്ടീഷുകാര്‍ ധാരാളം സൈനിക കോടതികള്‍ രൂപീകരിക്കുകയും സ്ഥിരമായി അറബ് കലാപകാരികളെ വധശിക്ഷക്ക് വിധിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഏകദേശം 112 പലസ്തീന്‍കാര്‍ അങ്ങനെ കൊല്ലപ്പെടുകയുണ്ടായി. സിയോണിസ്റ്റുകള്‍ തന്നെ ഉണ്ടാക്കിയ ചില Islamic Nationalist Club കള്‍ മുഖേന അവര്‍ അറബ് വിരുദ്ധ പ്രൊപ്പഗന്‍ഡകള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നു.

യൂറോപ്പിലെ ജൂതവേട്ടയുടെ ആരംഭം

പലസ്തീനില്‍ ഈ സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കവെ യൂറോപ്പില്‍ അതിലേറെ നാടകീയമായ മറ്റുപല സംഭവവികാസങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുകയായിരുന്നു. 1938 മാര്‍ച്ച് പകുതിയോടെ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മ്മന്‍ സൈന്യം ഓസ്ട്രിയയിലേക്ക് കടന്നുകയറി. ജൂതരുടെ ഉന്മൂലനം ജീവിത വ്രതമാക്കിക്കഴിഞ്ഞിരുന്ന അവര്‍ വിയന്നിയിലെ തെരുവുകളില്‍ ജൂതര്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ടു. 1938 നും 1941 നും ഇടയില്‍ തൊട്ടടുത്തുള്ള ഹങ്കറിയിലും ജൂത വിരുദ്ധ നിയമങ്ങള്‍ നിലവില്‍ കൊണ്ടുവന്നു. മുന്‍പ് ജര്‍മ്മനിയില്‍ നടപ്പാക്കിയ Nuremberg നിയമങ്ങള്‍ക്ക് സമാനമായിരുന്നു അവ. ജൂതര്‍ക്ക് പുറമേയുള്ള സമുദായങ്ങളില്‍ നിന്നും വിവാഹം ചെയ്യുന്നതിനും ,അതുപോലെ സിവില്‍ സര്‍വീസ് അടക്കം പല ഉദ്യോഗങ്ങളും നേടുന്നതില്‍നിന്നും വിലക്കേര്‍പ്പെടുത്തി. ഈയൊരു പശ്ചാത്തലത്തില്‍ ഇത്തരം നടപടികളില്‍ നിന്നും രക്ഷപ്പെട്ട് ഓടിയെത്തുന്ന അഭയാര്‍ഥികളെ മറ്റ് രാജ്യങ്ങളില്‍ പുനരധിവസിപ്പിക്കാനുള്ള ചര്‍ച്ചകള്‍ (Évian Conference) ജൂലൈ മാസം ഫ്രാന്‍സില്‍ വച്ച് നടന്നുവെങ്കിലും അമേരിക്കയടക്കം പല രാജ്യങ്ങളും ഇത്തരം ജൂത കുടിയേറ്റങ്ങള്‍ അനുവദിക്കാന്‍ തയ്യാറായിരുന്നില്ല.

1938 ഓഗസ്റ്റ് മാസമായത്തോടെ ജര്‍മനിയിലെ ജൂതരെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ അവരുടെ ഐഡന്റിറ്റി കാര്‍ഡില്‍ അവരുടെ Middle Name ആയി പുരുഷന്‍മാര്‍ ‘ഇസ്രായേല്‍’ എന്നും സ്ത്രീകള്‍ ‘സാറ’ എന്നും നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം എന്ന നിയമം നിലവില്‍ വന്നു. തങ്ങളുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഇത്തരം ഐഡി കാര്‍ഡ് ജൂതര്‍ എപ്പോഴും കയ്യില്‍ കരുതണമായിരുന്നു. അതുപോലെ ജൂതരെ തിരിച്ചറിയാനായി അവരുടെ പാസ്സ്‌പോര്‍ട്ടില്‍ ‘J’ എന്ന അക്ഷരം ചാപ്പയടിക്കാനും തുടങ്ങി. അത്തരം സീല്‍ ഇല്ലാത്ത പാസ്‌പോര്‍ട്ടുകള്‍ അവര്‍ അസാധുവാക്കി.

ജര്‍മ്മനി അപ്പോഴേക്കും തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കുന്ന നടപടികള്‍ നടപ്പാക്കാന്‍ തുടങ്ങി. ജര്‍മ്മന്‍ ഭൂരിപക്ഷമുള്ള ചെക്കോസ്ലോവാക്കിയയുടെ അതിര്‍ത്തിപ്രദേശമായ Sudetenland തങ്ങള്‍ക്ക് വിട്ടുനല്‍കിയില്ലെങ്കില്‍ തങ്ങള്‍ യുദ്ധം ചെയ്യും എന്ന് ഹിറ്റ്‌ലര്‍ ഭീഷണി മുഴക്കി. അതോടെ സെപ്റ്റംബര്‍ 30 ന് ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നിവര്‍ ഹിറ്റ്‌ലറുമായിച്ചേര്‍ന്ന് മ്യൂണിച്ച് എഗ്രിമെന്റില്‍ ഒപ്പുവച്ചു. കരാര്‍ ഒപ്പുവച്ചതിന് പിന്നാലെ ജര്‍മ്മന്‍ സൈന്യം അവിടേക്ക് ഇരച്ചുകയറി. യുദ്ധം ഒഴിവായപ്പോള്‍ ബ്രിട്ടണ്‍ തങ്ങളുടെ അധികമുള്ള ചില സൈനികരെ അറബ് കലാപം അടിച്ചമര്‍ത്താനായി പലസ്തീനിലേക്ക് അയക്കുകയുണ്ടായി.

ചില്ലുകള്‍ ചിതറിയ രാത്രി

അതേമാസം തന്നെ അധികാരികള്‍ പോളണ്ട് പോലെയുള്ള സ്ഥലങ്ങളില്‍ നിന്നും വന്ന ജൂതരുടെ, ജര്‍മ്മനിയില്‍ താമസിക്കാനുള്ള അധികാരം എടുത്തുകളഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കി. അതോടെ ജൂതര്‍ പലരും തെരുവിലേക്കിറങ്ങേണ്ടിവന്നു. ആക്കൂട്ടത്തില്‍പ്പെട്ട ഒരു കുടുംബത്തിലെ അംഗമായിരുന്ന Herschel എന്ന യുവാവ് ഈ സംഭവത്തെ തുടര്‍ന്ന് ജര്‍മ്മന്‍ എംബസിയുലേക്ക് അതിക്രമിച്ച് കയറി Ernest Vom Rath എന്ന ജര്‍മ്മന്‍ ഡിപ്ലോമാറ്റിനെ വെടിവച്ചുകൊന്നു. ജൂതവിരോധം കത്തിജ്വലിച്ചുനിന്നിരുന്ന നാസികള്‍ക്ക് ഇത് നല്ല ഒരു അവസരം തന്നെയായിരുന്നു. അവര്‍ ആയിരക്കണക്കിന് ജൂതരുടെ ബിസിനസ്സ് സ്ഥാപനങ്ങളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു (Kristallnacht AYhm Crystal Night അഥവാ Night of the Broken Glass എന്നാണ് ആ സംഭവം അറിയപ്പെട്ടിരുന്നത്). തുടര്‍ന്ന് ധാരാളം സിനഗോഗുകളും തകര്‍ക്കപ്പെട്ടു. അതേത്തുടര്‍ന്ന് ആദ്യമായി Gestapo യുടെയും നേതൃത്വത്തില്‍ വലിയതോതില്‍ ജൂതരെ അറസ്റ്റ് ചെയ്ത് Dachau, Buchenwald പോലുള്ള കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് പാര്‍പ്പിക്കാന്‍ ആരംഭിച്ചു. ചരിത്രത്തില്‍ സമാനതകളില്ലാത്ത Holocaust ന്റെ തുടക്കം അവിടെ കുറിക്കപ്പെടുകയായിരുന്നു.

1939 ല്‍ പലസ്തീനിലെ അറബ് കലാപം അടിച്ചമര്‍ത്തുന്നതില്‍ ബ്രിട്ടീഷ് പട്ടാളവും, ജൂതരുടെ Haganah, Irgun പോലുള്ള എക്‌സ്ട്രീമിസ്റ്റ് സംഘങ്ങളും ഒരു പരിധിവരെ വിജയിച്ചിരുന്നു. അറബ് നേതാക്കള്‍ പലരും മുന്‍പേ തന്നെ സിറിയയിലേക്കും ലേബനോനിലേക്കുമെല്ലാം പലായനം ചെയ്തതും അവര്‍ക്ക് ഗുണം ചെയ്തു. കലാപത്തിന്റെ ഭാഗമായി 5000 ത്തോളം പലസ്തീനികള്‍ കൊല്ലപ്പെടുകയും, 14000 നടുത്ത് ആളുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു. 400 നടുത്ത് ജൂതരും, 100 ഓളം ബ്രിട്ടീഷ് പട്ടാളക്കാരും കൊല്ലപ്പെട്ടു. അതോടെ പലസ്തീന്റെ വിഭജനത്തിനായുള്ള ചര്‍ച്ചകള്‍ ബ്രിട്ടന്‍ വീണ്ടുമൊരിക്കല്‍ക്കൂടി ആരംഭിച്ചു. പലസ്തീനികളുടെയും അവരുടെ അനുഭാവികളായ അയല്‍ രാജ്യങ്ങളുടെയും ജൂതവിരോധം വീണ്ടും ആളിക്കത്തിക്കാന്‍ പോന്ന സംഗതികള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു…


Leave a Reply

Your email address will not be published. Required fields are marked *