യുക്രൈന്‍ യുദ്ധം ലോക സാമ്പത്തിക ക്രമത്തെ മാറ്റുമോ? ഹരിദാസന്‍ പി ബി എഴുതുന്നു


”യുക്രൈന്‍ യുദ്ധം ഇനിയും നീണ്ടുപോയാല്‍, മാനവരാശിയുടെ ദുരിതങ്ങള്‍ ഭീമമായിരിക്കും. രണ്ടാം ലോകമഹായുദ്ധം ഉണ്ടാക്കിയതിലധികം തിക്തഫലങ്ങള്‍ ഇതുണ്ടാക്കും. ആധുനിക ലോക സാമ്പത്തിക വ്യവസ്ഥയില്‍ വരുന്ന പ്രശ്‌നങ്ങള്‍ വരും നാളുകളില്‍ പല ശ്രീലങ്കകളെ ഉണ്ടാക്കും. നിലനില്‍ക്കുന്ന ഹൈ ഇന്‍ഫ്ളേഷന്‍ രാജ്യങ്ങള്‍ക്കു പുറമെ പാകിസ്ഥാന്‍, തുര്‍ക്കി, ലെബനന്‍, ഇറ്റലി, ഒരു പക്ഷെ അമേരിക്കയും റിസെഷനിലേക്കും പിന്നീട് ഡിപ്രെഷനിലേക്കും നീങ്ങാം.”- പി ബി ഹരിദാസന്‍ എഴുതുന്നു
ഒരു ഈഗോട്ടിസ്റ്റ് നാര്‍സിസിറ്റ് ഉണ്ടാക്കുന്ന ദുരന്തങ്ങള്‍!

വ്‌ളാദമീര്‍ പുടിന്‍ എന്ന ഒരു വ്യക്തിയുടെ ഭ്രമ കല്പനകള്‍ ദശലക്ഷക്കണക്കിന് മനുഷ്യരെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നു. കോടാനുകോടി ലോക ജനതക്ക് ദുഖങ്ങളും കഷ്ടപ്പാടുകളും ഉണ്ടാക്കിയിരിക്കുന്നു. ഇതോടെ ലോകത്ത് നിലനില്‍ക്കുന്ന പല വ്യവസ്ഥകളും തിരുത്തപെടാന്‍ പോകുകയാണ്. ബെര്‍ലിന്‍ മതിലിന്റെ പതനത്തോടുകൂടി ലോകത്ത് കാണപ്പെട്ട അതിരുളകില്ലാത്ത മാനവികതക്കനുകൂലമായി ഉടലെടുത്ത, ബോധം തടസ്സപ്പെട്ടിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ നിലനിന്നുരുന്ന ക്രമം താറുമാറായിരിക്കുന്നു. രാജ്യാന്തര ക്രയവിക്രയങ്ങളില്‍ നിലനിന്നിരുന്ന വിശ്വാസ്യതയും തകര്‍ന്നിരിക്കുന്നു.

ലോകം പണപ്പെരുപ്പത്തിന്റെ പിടിയിലേക്ക് വീണുകൊണ്ടിരിക്കുന്നു. ലോകത്തെ ഒട്ടുമിക്ക സംഘര്‍ഷങ്ങളും യുദ്ധങ്ങളും കച്ചവട സാമ്പത്തിക താല്‍പര്യങ്ങളില്‍ ആണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഇവിടെ വ്‌ളാദിമീര്‍ പൂടിന്‍ എന്ന ഒരു വ്യക്തിയുടെ ‘എന്റെ രാജ്യം’ അഭിമാനം മൂലവും, ‘അഖണ്ഡ സോവിയറ്റ് യൂണിയന്‍’ ഭ്രമം മൂലം ആണ് ദുരിതം ഉണ്ടാകുന്നത് എന്നതാണ് ഇതിലെ ട്രാജഡി. റഷ്യയിലെ എലൈറ്റിന് ഇങ്ങനെയൊരു അതിര്‍ത്തി വികാസ താല്‍പ്പര്യം ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തുകണ്ടിട്ടില്ല. റഷ്യയിലെ സാധാരണക്കാര്‍ ഇങ്ങനെയൊരു യുദ്ധത്തിന് അനുകൂലിക്കുന്നില്ല. അതിനര്‍ത്ഥം ലോകത്തെ ചില വ്യക്തികള്‍ വിചാരിച്ചാല്‍ പോലും മാനവരാശിക്ക് ദുരന്തങ്ങളുണ്ടാക്കാന്‍ കഴിയുന്നു എന്നതാണ്.

ഈ യുദ്ധം ലോകക്രമത്തെ, എന്നന്നേക്കുമായി മാറ്റിയിരിക്കുന്ന എന്ന വിലയിരുത്തലുകള്‍ പല വിദഗ്ധരും പറഞ്ഞത് നമ്മള്‍ വായിച്ചതാണ്. യുദ്ധം തീര്‍ന്നാലും, ഇത് സൃഷ്ടിച്ച വിശ്വാസക്കുറവും അതുമൂലമുണ്ടാകുന്ന ലോക സാമ്പത്തിക പരാധീനതകളും വരാന്‍ പോകുന്ന മാസങ്ങളില്‍ വര്‍ഷങ്ങളില്‍ ലോകത്ത് പട്ടിണിയും തൊഴിലില്ലായ്മയും വര്‍ദ്ധിപ്പിക്കും. ആവര്‍ത്തിക്കുന്നു, ലോകത്ത്, യുക്രൈനിലും റഷ്യയിലും മാത്രമല്ല, ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇത് വരാന്‍ പോകുന്ന ദിനങ്ങളില്‍ പരാധീനതകള്‍ ഉണ്ടാക്കും.

ലോകം നാണയ പെരുപ്പത്തിലേക്ക് പോയിക്കൊണ്ടിരുന്നു എന്നതാണ് ആസന്നമായ നമ്മെയൊക്കെ അലട്ടാന്‍ പോകുന്ന പ്രശ്‌നം. ഈ യുദ്ധം നീണ്ടുനിന്നാല്‍ ശ്രീലങ്ക മാത്രമല്ല, സാമ്പത്തിക ഉപരോധം അനുഭവിക്കുന്ന റഷ്യക്കാര്‍ മാത്രമല്ല, അമേരിക്കക്കാരനും, യൂറോപ്പ്യന്‍മാരും, ഇന്ത്യക്കാരും, വിലവര്‍ദ്ധനയുടെ കെടുതിയില്‍ ജീവിക്കേണ്ടിവരും. കൊമ്മോഡിറ്റി മാര്‍ക്കെറ്റ് മുകളിലേക്ക് പോയിക്കൊണ്ടിരുന്നു, ക്രൂഡ് ഓയില്‍ വില അടുത്തൊന്നും താഴേക്ക് വരുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ല. വിലവര്‍ധന അമേരിക്കയെ 1982 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഇന്‍ഫ്ളേഷനില്‍ എത്തിച്ചിരിക്കുന്നു. അത് നമ്മള്‍ ശ്രദ്ധിക്കും ചര്‍ച്ചചെയ്യും. എന്നാല്‍ ആഫ്രിക്കയിലും മറ്റു മൂന്നാം ലോകരാജ്യങ്ങളിലും ഉണ്ടാക്കാന്‍ പോകുന്ന പട്ടിണിയും പട്ടിണി മരണങ്ങളും ലോകം ശ്രദ്ധിക്കുക പോലുമില്ല. അത് സ്ഥിതിവിവരകണക്കിലെ അക്കങ്ങള്‍ മാത്രമായി പത്രങ്ങളിലെ കോളങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത് മറക്കപെടും.

യുദ്ധം നടക്കുന്നത് അങ്ങ് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കലെ ഒരു പുടിന്റെ അഹന്ത കൊണ്ടായിരിക്കാം, എന്നാല്‍ ദുരന്തമനുഭവിക്കുന്നത് പാവപെട്ട ആഫ്രിക്കക്കാരനും ഒരു പക്ഷെ തെക്കേ അമേരിക്കക്കാരനും ആയിരിക്കും. ഇന്‍ഫ്ളേഷന്‍ പല ജനാധിപത്യ വ്യവസ്ഥകളെയും ക്ഷീണിപ്പിക്കും. ജനങ്ങള്‍ തെരുവിലിറങ്ങും. ശ്രീലങ്ക പോലുള്ള ചില ജനാധിപത്യങ്ങള്‍ പരാജയപെട്ടു എന്നും വരാം.

ചൈന സെന്‍ട്രിക്ക് ലോക ക്രമം വരുമോ?

ഗ്ലോബല്‍ ഓര്‍ഡര്‍ മാറാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ ഒരു പക്ഷെ ചിലരെങ്കിലും മനസ്സില്‍ കാണുന്നത്, ഒരു ചൈന സെന്‍ട്രിക് ലോക ക്രമം അല്ലെങ്കില്‍ ചൈനയും റഷ്യയും ചേര്‍ന്ന ഒരു ലോക പൊളിറ്റിക്കല്‍ ക്രമം എന്നായിരിക്കും. പക്ഷേ അതുണ്ടാകാന്‍ പോകുന്നില്ല. അതിനു പല കാരണങ്ങള്‍ പറയാം. ഒന്ന് അങ്കിള്‍സാമി ന്റെ മാനേജീരിയല്‍ എഫിഷ്യന്‍സി ഇവര്‍ക്കില്ല. റഷ്യയും ചൈനയും സ്വേച്ഛാധിപത്യ ഭരണക്രമമാണുള്ളത്. ഒരു സ്വേച്ഛാധിപതിക്കു ചുറ്റും അയാളെ പ്രീതിപ്പെടുത്തി നിലനില്‍ക്കുന്ന വ്യക്തികളുടെ കൂട്ടായ്മയാണുണ്ടാകുക. കഴിവുള്ളവര്‍ മുകളിലെത്തുന്ന അവസ്ഥ കുറവാണ്. മാത്രമല്ല ആ മിത്രഗണം പലപ്പോഴും ക്രോണികളായിരിക്കും. മറിച്ച് അമേരിക്കന്‍ പ്രസിഡന്റുനോട് എതിരുനില്‍ക്കാനും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരുമായ, ഇക്കാര്യത്തില്‍ ഇടപെടരുത് എന്ന് ശഠിക്കാന്‍ കഴിവുള്ള പലനിര വ്യക്തിത്വങ്ങള്‍ ഭരണനിര്‍വ്വഹണ ജനാധിപത്യ വ്യവസ്ഥകയില്‍ അവര്‍ക്കുണ്ട്. ഇത് വളരെ പ്രധാനമാണ്. പ്രസിഡണ്ട് ബൈഡന്‍ ദുര്‍ബലന്‍ ആയിരിക്കാം. എന്നാല്‍ അമേരിക്കന്‍ ഭരണവ്യവസ്ഥയില്‍ കാര്യക്ഷമയുള്ളവര്‍ പലര്‍ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും.

ഇനി ഒരു ചൈനീസ് നിയന്ത്രിത ലോക ക്രമം ഉണ്ടാകണമെങ്കില്‍ ചൈനീസ് Renminbi, യുവാന്‍, ലോക കറന്‍സി ആയി മാറേണ്ടത് ഒരു പ്രാഥമിക നിര്‍ബന്ധമല്ലെങ്കിലും അത് ഒരാവശ്യം തന്നെയാണ്. മിലിട്ടറി ശക്തികൊണ്ടുമാത്രം ലോക പോലീസ് ആകാം എന്നുള്ള കാലം കഴിഞ്ഞു. എന്നാല്‍ ചൈനീസ് Renminbi ഒരിക്കലും ഡോളറിന് പകരം നില്‍ക്കുന്ന ലോക കറന്‍സിയാകാന്‍ സാധ്യതയില്ല. അതിനു പല കാരണങ്ങളുണ്ട്. ഒന്നാമത് ചൈനയുടെ കറന്‍സി ഒരു ഫ്രീലി കണ്‍വെര്‍ട്ടിബിള്‍ കറന്‍സിയല്ല. അത് കാപിറ്റല്‍ അക്കൗണ്ടില്‍ കണ്‍വെര്‍ട്ടിബിള്‍ അല്ല. യുഎസ് ഡോളര്‍ പോലെ, യൂറോ പോലെ, ബഹ്റിന്‍ ദീനാര്‍ പോലെ അല്ലെങ്കില്‍ സിങ്കപ്പൂര്‍ ഡോളര്‍ പോലെ യഥേഷ്ടം കണ്‍വെര്‍ട്ടിബിലിറ്റി ചൈനയുടെ കറന്‍സിക്കില്ല. ചൈനയുടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അവരുടെ കറന്‍സിക്കുമേലുള്ള കണ്‍ട്രോള്‍ വിട്ടുകൊടുക്കുമെന്ന് പ്രതീക്ഷയുമില്ല. അതുകൊണ്ടുതന്നെ ലോക രാജ്യങ്ങള്‍ മാത്രമല്ല ലോക ട്രേഡിങ്ങ് കമ്മ്യൂണിറ്റി ചൈനീസ് കറന്‍സിയെ ആശ്രയിക്കില്ല.

ചൈനീസ് ഇക്കണോമിയുടെ അവസ്ഥ സുതാര്യമല്ല. പല കണക്കുകളും പൊലിപ്പിച്ചവയാകാമെന്ന് ലോക ട്രേഡിങ്ങ് കമ്മ്യൂണിറ്റി ഭയപ്പെടുന്നു. ഒരു ക്രൈസിസ് വരുമ്പോള്‍ ചൈനക്കാരന്‍ യുവാന്‍ വില കുറക്കാനിടയായാല്‍ എന്ന വിശ്വാസക്കുറവ് എപ്പോഴും നിലനില്‍ക്കുന്നു. മറിച്ചു അമേരിക്കന്‍ ഡോളര്‍ ആണെങ്കിലോ. നിങ്ങള്‍ക്ക് ആര്‍ക്കുവേണമെങ്കിലും അമേരിക്കന്‍ ഡോളര്‍ വാങ്ങാം കൈവശം വെക്കാം, ലോകത്തെ ഏതെങ്കിലും ഓണം കേറാമൂലയില്‍ പോയി വില്‍ക്കാം ചിലവിടാം. ഈ വിശ്വാസം നേടുക ചൈനയുടെ കറന്‍സിക്ക് എളുപ്പമാകില്ല. മാത്രമല്ല എന്നെങ്കിലും ചൈനീസ് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് അവരുടെ കറന്‍സിയെ കണ്‍വെര്‍ട്ടിബിള്‍ ആക്കുകയാണെങ്കില്‍ ചൈനയിലെ ബില്ല്യണേഴ്സ് പലരും അവരുടെ വെല്‍ത്ത് ചൈനക്ക് വെളിയിലേക്ക് കടത്തും (Capital flight). ഒരു ശക്തമായ തുറന്ന ജനാധിപത്യത്തിന് നാം വിചിന്തനം ചെയ്യാത്ത ഒരു പാട് ഗുണവശങ്ങളുണ്ട് .

കാര്യങ്ങള്‍ ഇങ്ങനെ കിടക്കുമ്പോള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എങ്ങനെയായിരിക്കും മുന്നോട്ടുപോകുക. അമേരിക്ക അടക്കമുള്ള പാശ്ചാത്യ ലോക ക്രമത്തെ അവരുടെ മേല്‍ക്കോയ്മയെ, അനുവദിക്കാന്‍ ഇനി ലോക രാഷ്ട്രങ്ങള്‍ പലരും തയ്യാറല്ല. റഷ്യ, ചൈന, സൗദി, ഇറാന്‍, തുര്‍ക്കി ഒരു പരിധി വരെ ഇന്ത്യ അവരവരുടെ രാജ്യങ്ങളുടെ വിഭവങ്ങളുടെ ചരട് പാശ്ചാത്യ രാജ്യങ്ങളുടെ നിയന്ത്രണത്തില്‍ നിര്‍ത്തികൊടുക്കാന്‍ ഇനി തയ്യാറാവുകയില്ല. അവര്‍, ലോക സാമ്പത്തിക ക്രയവിക്രയങ്ങളുടെ രീതികള്‍ക്ക് പകരം അന്വേഷിക്കും. റഷ്യ ചെയ്തത് അക്രമമാണ്, ലോകക്രമത്തെ മാനിക്കാത്ത പ്രവൃത്തിയാണ് ധിക്കാരമാണ്. എന്നാല്‍ അതുപോലെ തന്നെ ലോക കച്ചവട കരാറുകളെ ഉടമ്പടികളെ ധാരണകളെ തുരങ്കം വെക്കുന്ന പ്രവൃത്തിയാണ് പാശ്ചാത്യ രാജ്യങ്ങള്‍ ചെയ്തത്. ഏകപക്ഷീയമായി SWIFT ല്‍ നിന്നുള്ള റഷ്യയുടെ പുറത്താക്കല്‍ ഉദാഹരണം. ബിസിനസ്സുകളില്‍ നിന്നുണ്ടായ സര്‍പ്ലസ് ഏകപക്ഷീയമായി കണ്ടുകെട്ടുന്നത്, അതായത് റഷ്യയുടെ ഡോളര്‍ മിച്ചങ്ങളെ മരവിപ്പിക്കുന്നത്, തുടങ്ങിയവ വേറയെും. ആത്യന്തികമായി അത് അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെ വിശ്വാസ്യതയെ ആണ് ബാധിക്കാന്‍ പോകുന്നത്.

എന്താണ് SWIFT?

ഇവിടെ SWIFT എന്താണെന്ന് അതിന്റെ പ്രാധാന്യം കുറച്ചു വിശദീകരിക്കേണ്ടിയിരിക്കുന്നു. SWIFT സിസ്റ്റത്തിന്റെ സെര്‍വര്‍ വെച്ചിരിക്കുന്നത്, അത് പ്രധാനമായും കൈകാര്യം ചെയ്യപ്പെടുന്നത് ബെല്‍ജിയത്തില്‍ നിന്നുമാണ്. അതിലെ സോഫ്റ്റ്വെയര്‍, ഡാറ്റ ഇവ വേറെയും മൂന്ന് രാജ്യങ്ങളില്‍ സൂക്ഷിക്കപെടുന്നു. ഒരു സെര്‍വര്‍ വെച്ചിരിക്കുന്നത് വളരെ രഹസ്യമായാണ്. ഏതു രാജ്യത്താണ് എവിടെയാണ് ആ സെര്‍വര്‍ സൂക്ഷിച്ചിരിക്കുന്നത് എന്ന് വളരെ കുറച്ചു പേര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. ഒരു ദിവസം 33 മില്യണ്‍ വ്യവഹാരങ്ങള്‍, അഞ്ചു ലക്ഷം കോടി ഡോളറിന്റെ വിനിമയം ഒരു ദിവസം, നടക്കപെടുന്ന സിസ്റ്റമാണ് SWIFT. എന്നാല്‍ SWIFT സിസ്റ്റത്തെ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പേറ്റന്റ് അവകാശം പോലെ കരുതുന്നത് ശരിയല്ല.

രാജ്യങ്ങള്‍ തമ്മിലുള്ള കച്ചവടങ്ങള്‍ വികസിച്ചതിനനുസരിച്ചു പതിയെ വികസിച്ചു വന്നതാണത്. ഇതൊരു മെസ്സേജിങ് സിസ്റ്റം മാത്രമാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ബാങ്കുകളില്‍ ജോലിചെയ്തവര്‍ക്കറിയാം ഇത് നേരത്തെ ടെലിപ്രിന്റില്‍ കൂടിയായിരുന്നു വന്നുകൊണ്ടിരുന്നത്. പിന്നീട് ടെക്നോളജി വികസിക്കുന്നതിനനുസരിച്ചു വികസിച്ചു ഇന്നത്തെ നിലയില്‍ എത്തിയതാണ്. കാലാകാലങ്ങളില്‍ സോഫ്ട്‌വെയറുകള്‍ വികസിപ്പിച്ചുകൊണ്ട് അത് മുന്നോട്ടു പോകുകയാണ് ഉണ്ടായത്. ഫേസ്ബുക്ക് പോലെ അല്ലെങ്കില്‍ ട്വിറ്റര്‍ പോലെ ചിലരുടെ പേറ്റന്റ് അവകാശം പോലെ ഇതിനെ കാണുന്നത് മോറല്‍ അല്ല.

കുറെ രാജ്യങ്ങളുടെ ലോബി ചേര്‍ന്ന് അതില്‍ നിന്നും ഒരു രാജ്യത്തെ, യാതൊരു വിധ അന്താരാഷ്ട്ര കച്ചവട നീതികളും കോണ്‍ട്രാക്ച്യുല്‍ നീതികളും മാനിക്കാതെ ഒരു രാജ്യത്തെ ഏകപക്ഷീയമായി പുറത്താക്കുക എന്നതില്‍ ഒരു വലിയ ധാര്‍ഷ്ട്യം ഉണ്ട്. അത് അനീതിയാണ്. റഷ്യ യുക്രൈനെ ആക്രമിച്ചത് അക്രമമാണ് അനീതിയാണ് ധാര്‍ഷ്ട്യമാണ് . എന്നാല്‍ ഇത് യാതൊരു അന്താരാഷ്ട്ര നിയന്ത്രണങ്ങളുമില്ലാതെ ചിലര്‍ ചേര്‍ന്നുള്ള സ്‌ട്രോങ്ങ് Bw നിലപാടാണ്. ഇതിനെ കച്ചവട ഉപരോധമായി കാണാന്‍ പറ്റില്ല. SWIFT സിസ്റ്റത്തില്‍ നിന്ന് ഒരു രാജ്യത്തെ പുറത്താക്കുക എന്നാല്‍ ഒരു സാദൃശം വെച്ചുപറഞ്ഞാല്‍ ലോക നാവിക മാര്‍ഗ്ഗം (Shipping Lines, path) തടയുന്നതിന് തുല്യമാണത്. അത് നേരിട്ടുള്ള അക്രമത്തിന് തുല്യം തന്നെ. നിങ്ങള്‍ ഉപരോധം ആണ് നടത്തുന്നതെങ്കില്‍ നിങ്ങളും നിങ്ങളുടെ സൗഹൃദ രാജ്യങ്ങളും കൂടി റഷ്യ യുമായുള്ള എല്ലാ കച്ചവട ബന്ധങ്ങളും നിര്‍ത്തുക. അത് മനസ്സിലാക്കാവുന്നതാണ് അംഗീകരിക്കാവുന്നതാണ്.

ഉദാഹരണമായി ഇന്ത്യ പാകിസ്ഥാനുമായുള്ള എല്ലാ കച്ചവട ബന്ധങ്ങളും നിര്‍ത്തുന്നതുപോലെ. എന്നാല്‍ ഇത് അഗ്ഗ്രെഷന്‍ തന്നെ. അതുപോലെ തന്നെ അസ്വീകാര്യമായ രീതികളാണ് ലോക ഫുട്ബാളില്‍ നിന്നുള്ള അല്ലെങ്കില്‍ ലോക അത്‌ലറ്റിക് സില്‍ നിന്നുള്ള റഷ്യയെ പുറത്താക്കല്‍. ഇവയൊക്കെ മാനാവരാശിയുടെ പൊതു സാംസ്‌കാരിക അവകാശങ്ങളാണ്. വെസ്റ്റേണ്‍ രാജ്യങ്ങളുടെ മാത്രം കുത്തകാവകാശങ്ങളൊന്നും ഇവക്കുമേല്‍ കല്പിക്കരുത്. നിങ്ങള്‍ക്ക് കളിക്കാതെ മാറിനില്‍ക്കാം, ബഹിഷ്‌ക്കരിക്കാം. പുറത്താക്കാന്‍ ലോകം ഒന്നിച്ചു പറയണം. ആണവ ആയുധങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് മാത്രമാണ് ഇതൊക്കെ ചാലഞ്ച് ചെയ്യപ്പെടാതെ പോകുന്നത്. ഇനി ബാധിച്ച രാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന് ഇതിന് മറ്റു പോംവഴികള്‍ ഉണ്ടാക്കുക തന്നെ ചെയ്യും. ആത്യന്തിക നഷ്ടം യുഎസിന് തന്നെയായിരിക്കും. വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ ഇവക്കൊക്കെ പോംവഴികള്‍ ഉണ്ടാകും.

ആഗോളവത്ക്കരണവും മാറുന്നു

ഈ യുദ്ധം ഉണ്ടാക്കുന്ന ഇനിയൊരു ടെക്ടോണിക് മാറ്റം നമുക്ക് പരിചിതമായ ആഗോളവല്‍ക്കരണം, WTO ലേക്ക് ആര്‍ബിട്രേഷന് പോകുന്ന, WTO ഡിസ്പ്യൂട്ട് പരിഹരിക്കുന്ന ആഗോളവല്‍ക്കരണം അവസാനിച്ചു എന്നതാണ്. എന്നാല്‍ ടെക്നോളജിയുടെ, മാര്‍ക്കറ്റിന്റെ ഇന്റഗ്രേഷന്‍, സപ്ലൈ ചെയിന്‍ ബന്ധങ്ങള്‍, ആഗോളവല്‍ക്കരണത്തെ ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ബന്ധിപ്പിച്ചാണ് കിടക്കുന്നത്. എന്നുവെച്ചാല്‍ അതിനര്‍ത്ഥം ആഗോളവല്‍ക്കരിക്കപെട്ട സാമ്പത്തിക ക്രമം വേറൊരു വിധത്തില്‍ തുടര്‍ന്നേ പറ്റൂ. അതിനര്‍ത്ഥം ലോകം പല ട്രേഡ് ബ്ലോക്കുകളായി മാറും എന്നുമാത്രം. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ജപ്പാന്‍ ആസ്ട്രേലിയ എന്നിവ അടങ്ങുന്ന ബ്ലോക്ക്. റഷ്യ ഇറാന്‍ എന്നിവയടങ്ങുന്ന ഒരു ബ്ലോക്ക്. എന്നിങ്ങനെ. ചൈന അതില്‍ ചേരാന്‍ പോകുന്നില്ല. കാരണം അവരുടെ ഉത്പാദന വൈവിധ്യം ഉള്‍ക്കൊള്ളാന്‍ മാത്രം റഷ്യന്‍ ഇക്കണോമിക്ക് കെല്‍പ്പില്ല.

പാശ്ചാത്യ രാജ്യങ്ങളുമായുള്ള കച്ചവട ബന്ധങ്ങള്‍ ചൈനക്ക് ഒഴിവാക്കാന്‍ കഴിയില്ല. ഒഴിവാക്കിയാല്‍ അവര്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് പോകും. അത്രമാത്രം വലിയ ഉല്‍പാദന പ്രക്രിയ, ലോകത്തിന്റെ ഫാക്ടറി, ആയാണ് ചൈന ഇപ്പോള്‍ നിലനില്‍ക്കുന്നത്. റഷ്യയുടേത് എണ്ണ ഗ്യാസ് മറ്റു പ്രകൃതി വിഭവങ്ങള്‍ വിറ്റു ജീവിക്കുന്ന ഒരു ഇക്കണോമിയാണ്. മറ്റു ഇക്കണോമികളെ, സാമ്പത്തിക ക്രമത്തെ, താങ്ങി ഒരു എന്‍ജിന്‍ ആയി മുന്നോട്ടുകൊണ്ടുപോകുവാനുള്ള കഴിവ് റഷ്യക്കില്ല. ആ കഴിവ് ഇപ്പോള്‍ അമേരിക്കക്കും ചൈനക്കും മാത്രമെ ഉള്ളു. ഇന്ത്യയും ചൈനയും റഷ്യയും ചേര്‍ന്നൊരു സഖ്യവും നടക്കാന്‍ പോകുന്നില്ല കാരണം ചൈനയുടെ ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കഴിവുള്ളൊരു ഡൈനാമിസമൊന്നും ചൈനക്കില്ല. എന്നുവെച്ച് രൂപാന്തര പെട്ട ട്രേഡ് ബ്ലോക്കുകള്‍ തമ്മില്‍ കച്ചവടം നടക്കില്ല എന്നും അര്‍ത്ഥമില്ല. ലോകം അത്രമാത്രം ഇന്റഗ്രേറ്റഡ് ആണ്. എന്നുവെച്ചാല്‍ കൂടിയ താരിഫുകള്‍ വെച്ച്, ആവശ്യമുള്ളവ മാത്രം ട്രേഡിങ്ങ് നടക്കും. പ്രായോഗികമായി പറഞ്ഞാല്‍ നമ്മള്‍ പല ഉല്പന്നങ്ങള്‍ക്കും വില കൂടുതല്‍ കൊടുക്കേണ്ടിവരും. ഒരു ഇലക്ട്രിക് കാര്‍ അല്ലെങ്കില്‍ 5 ജി ഉപകരണങ്ങള്‍ , പല ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇനി നമ്മള്‍ വില കൂടി വാങ്ങേണ്ടിവരും.

ഇന്ത്യക്കുമുന്നിലുള്ളത് വന്‍ അവസരങ്ങള്‍

ഇന്ത്യക്കു മുന്നില്‍ സാധ്യതകളുടെ വന്‍ അവസരങ്ങളാണ് തുറന്നിടാന്‍ പോകുന്നത്. ഇന്ത്യ റഷ്യയെ പിന്തുണക്കുമ്പോള്‍, തള്ളി പറയാതിരിക്കുമ്പോള്‍, അമേരിക്കയടക്കം പ്രബല പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയുടെ ഈ നിലപാടിനെ എതിര്‍ക്കുമ്പോള്‍ ഇന്ത്യയുടെ അവസരങ്ങള്‍ നഷ്ടപെടുകയല്ലേ ഉണ്ടാവുന്നത് എന്നാണ് കോമണ്‍ ലോജിക്. അല്ല. റഷ്യയുമായി അകലാതെ ഒരു ഞാണിന്‍മേല്‍ കളി സാധ്യമാണ്. കാരണം പാശ്ചാത്യരാജ്യങ്ങള്‍ക്ക് ,ജപ്പാനും, ആസ്ട്രേലിയക്കും ചൈനയുടെ belligerent, ധാര്‍ഷ്ട്യത്തിന്റെ, സ്വരം സ്വീകാര്യമല്ല. ചൈനയെ ഇവരാരും വിശ്വസിക്കുന്നില്ല. ചൈന എന്ന ലോക ഉല്‍പാദന യന്ത്രത്തെ അവര്‍ പിണക്കാതെ താല്‍ക്കാലിക ആവശ്യത്തിന് രാജിപ്പെട്ട് മുന്നോട്ടുപോകുകയാണ്. അവിടെയാണ് ഇന്ത്യയുടെ അവസരങ്ങള്‍ തുറക്കുന്നത്.

ഇന്ത്യ ഒരു വികസിത രാജ്യം എന്ന അവസ്ഥയിലേക്ക് യാത്ര തുടങ്ങി കഴിഞ്ഞു എന്ന് സമര്‍ത്ഥിച്ചുകൊണ്ട് ഈ യുദ്ധം തുടങ്ങുന്നതിന് കുറെ മുന്‍പ് ഞാന്‍ ഒരു ലേഖനം എഴുതുകയുണ്ടായി . വളരെ റീച്ച്് കിട്ടിയ ഒരു ലേഖനം ആയിരുന്നു അത്. അതിലെ ഒരു പ്രധാന ആശയങ്ങളിലൊന്ന് ചൈന എന്ന രാജ്യത്തോടുള്ള വിശ്വാസ രാഹിത്യം കമ്പനികളെ പുതിയ നിക്ഷേപ സാധ്യതകള്‍ തേടാന്‍ പ്രേരിപ്പിക്കുന്നതും പല കമ്പനികളും അവരുടെ കമ്പനികളെ ചൈനയില്‍ നിന്ന് മാറ്റി സ്ഥാപിച്ചുതുടങ്ങിയതും അത്തരം കമ്പനികള്‍ ഇന്ത്യയെ ആണ് പുതിയ നിക്ഷേപങ്ങള്‍ക്ക് ലക്ഷ്യമായി കാണുന്നതെന്നും ഉദാഹരണ സഹിതം വിശദീകരിച്ചു. ഇത്തരം ഇന്ത്യയിലേക്കുള്ള നിക്ഷേപ അവസരങ്ങള്‍ക്ക് റഷ്യ ഉക്രൈന്‍ യുദ്ധം ആക്കം കൂട്ടാന്‍ പോകുന്നു. കാരണം പുട്ടിനോട് മാത്രമല്ല പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വിശ്വാസക്കുറവ് ഉണ്ടാക്കിയിരിക്കുന്നത്, ചൈനയോടും അമേരിക്കക്ക് വന്‍ തോതില്‍ ഭയം തോന്നിയിരുന്നു. വിശ്വാസരാഹിത്യമല്ല ഭയം. അപ്പോള്‍ ഇന്ത്യ റഷ്യയെ തള്ളിപറയാതിരുന്നതും ഇന്ത്യ റഷ്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിചെയ്യുന്നതും ഒരു വിലങ്ങുതടിയല്ലേ. അതെ . പക്ഷെ അങ്കിള്‍ സാമിന് പഴയ പ്രതാപമില്ല. രാജ്യങ്ങളെ ആജ്ഞാപിച്ച് അനുസരിപ്പിക്കുന്ന അവസ്ഥയിലലല്ല അമേരിക്ക. ഒരു ജനാധിപത്യ വ്യവസ്ഥയും തുറന്ന സമൂഹവുമുള്ള ഇന്ത്യയോട് സഹകരിക്കുന്നതാണ് ഈ അവസ്ഥയില്‍ അവര്‍ക്ക് അഭികാമ്യം.

ക്രൂഡ്ഓയില്‍ ലഭ്യതയെ കുറിച്ച് സംസാരിക്കാന്‍ സൗദി രാജാവ് അമേരിക്കന്‍ പ്രസിഡന്റിനെ ശ്രവിക്കുന്നുപോലുമില്ല. ഇങ്ങനെയായിരുന്നോ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഇത് തന്നെ ലോക ക്രമം മാറിയതിന്റെ ആദ്യ ലക്ഷണം. അമേരിക്കന്‍ ഹെജമണി, അമേരിക്കക്കാരന്‍ സ്വയം ഏറ്റെടുത്തിരിക്കുന്ന നായകത്വം ഇനിയങ്ങോട്ട് ലോകരാഷ്ട്രങ്ങളില്‍ വിലപ്പോകില്ല എന്നതിന്റെ തുടക്കങ്ങളാണിത്.

ഇതിന്റെയൊക്കെ ആത്യന്തിക ഫലം അമേരിക്കന്‍ കറന്‍സിയുടെ, ഡോളര്‍ അടിസ്ഥാനമായ ലോക സാമ്പത്തിക ക്രമത്തിന്റെ, അവസാനമാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് പറഞ്ഞു. അതെങ്ങനെ നടക്കും. ഒരു മള്‍ട്ടി കറന്‍സി ലോക കച്ചവട വ്യവസ്ഥിതി പതിയെ ഉടലെടുക്കും. മള്‍ട്ടി ട്രേഡ് ബ്ലോക്കുകളും മള്‍ട്ടി കറന്‍സി വ്യവസ്ഥകളും നിലവില്‍വരും. ഇന്ത്യന്‍ രൂപയിലും ചൈനീസ് കറന്‍സിയിലും സൗദി റിയാലിലും മറ്റു പ്രമുഖ കറന്‍സികളിലും കച്ചവടങ്ങള്‍ ഉറപ്പിക്കപ്പെടും. ഇന്ത്യ പതിയെ ലോക മാനുഫാക്ച്ചറിങ് ഹബ്ബ് പതിയെ ആകുന്നതോടുകൂടി ഇന്ത്യന്‍ രൂപ ലോക മാര്‍കെറ്റില്‍ സര്‍വ്വ സാധാരണമായി ഉപയോഗിക്കപ്പെടും. അതെ നമ്മുടെ എന്‍ജിഒ ബുദ്ധിജീവികള്‍ നിരന്തരം ടോക്ക് ഡൌണ്‍ ചെയ്തു നടക്കുന്ന ഇന്ത്യന്‍ രൂപ പതിയെ ലോക കച്ചവടങ്ങളില്‍ പ്രാമുഖ്യം നേടാന്‍ പോകുന്നു.

ഈ യുദ്ധത്തിന്റെ പരിണാമം എങ്ങനെയാകും എന്നത് ഇന്ത്യയുടെയും ഭാവിക്ക് വളരെ പ്രധാനമാണ്. ഒന്ന് ഈ യുദ്ധം അധികം നീണ്ടനില്‍ക്കാതെ അവസാനിക്കുന്നു എന്ന് കരുതുക. ഈ യുദ്ധം പെട്ടെന്ന് തന്നെ അവസാനിച്ചാലും ഇതുണ്ടാക്കിയ വിശ്വാസക്കുറവില്‍ നിന്ന് ഉരുത്തിരിഞ്ഞ സംഘര്‍ഷങ്ങള്‍ ഇല്ലാതാകാന്‍ പോകുന്നില്ല. എന്നുവെച്ചാല്‍ മുകളില്‍ പറഞ്ഞതൊന്നും മാറ്റിപറയേണ്ടതില്ല. വിലക്കയറ്റം നമ്മുടെ വീട്ടുപടിക്കലും കുറെ നാള്‍ ഉണ്ടാകും.

യുദ്ധം നീണ്ടുപോയാല്‍ മാന്ദ്യം

ലോകത്തിന് ഇനി അധികം ഹാനി ഇല്ലാത്ത യുദ്ധ പരിണാമം എന്നത് വ്‌ലാദിമിര്‍ പുടിന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയോ വധിക്കപെടുകയോ ചെയ്യപ്പെടുക എന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ ലോകം പതിയെ എല്ലാം മറക്കാന്‍ പഠിക്കും. പിന്നീട് വരുന്ന റഷ്യന്‍ ഭരണകൂടം ഒരു പക്ഷെ യുക്രൈന്‍ ജനതയോട് മാപ്പു പറഞ്ഞു അവര്‍ക്ക് സുരക്ഷിതത്വം വാഗ്ദാനം നല്‍കുന്ന ഉടമ്പടികളിലൂടെ ലോകം പതിയെ ശാന്തതയിലേക്ക് സ്ഥിതിഗതികളിലേക്കു തിരിച്ചുവരും. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ചൈനയോട് ആഗോളവല്‍ക്കരണത്തോട് പഴയ ആവേശത്തോടെ തിരിച്ചുപോകാനിടയില്ല.

എന്നാല്‍ ഈ യുദ്ധം ഇനിയും വളരെ നീണ്ടുപോയാല്‍ മാനവരാശിയുടെ ദുരിതങ്ങള്‍ ഭീമമായിരിക്കും. ഈ യുദ്ധം യുക്രൈനും റഷ്യ എന്ന രാജ്യവും തമ്മിലുള്ളതായിരിക്കാം. പക്ഷെ രണ്ടാം ലോകമഹായുദ്ധം ഉണ്ടാക്കിയതിലധികം തിക്ത ഫലങ്ങള്‍ ഇതുണ്ടാക്കും. നേരിട്ടുള്ള ആള്‍നാശങ്ങള്‍ കൊണ്ടല്ല, മനുഷ്യ പുരോഗതിയെ തളച്ചിട്ട ട്രാജഡി എന്ന നിലക്ക്. ആധുനിക ലോക സാമ്പത്തിക വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ഇന്റെഗ്രേഷന്‍ വരും നാളുകളില്‍ ലോക സാമ്പത്തിക വ്യവസ്ഥയില്‍ പല ശ്രീലങ്കകളെ ഉണ്ടാക്കും. പല രാജ്യങ്ങളിലും തൊഴിലില്ലായ്മയും പട്ടിണിയും നടമാടും. ജനങ്ങള്‍ തെരുവിലിറങ്ങും. നിലനില്‍ക്കുന്ന ഹൈ ഇന്‍ഫ്ളേഷന്‍ രാജ്യങ്ങള്‍ക്കു പുറമെ പാകിസ്ഥാന്‍ ,തുര്‍ക്കി, ലെബനന്‍, ഇറ്റലി ഒരു പക്ഷെ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക റിസെഷനിലേക്കും പിന്നീട് ഡിപ്രെഷനിലേക്കും നീങ്ങാം.

ഇപ്പോള്‍ ലോക സാമ്പത്തിക അവസ്ഥ എന്തെന്നാല്‍ ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളും അധിക കട ബാധ്യതകള്‍ വരുത്തി വെച്ചിരിക്കുന്നവയാണ്. യുഎസ്, ജപ്പാന്‍, ചൈന, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഗ്രീസ്, സ്‌പെയിന്‍…. ആ നിര നീണ്ടതാണ്. ഈ രാജ്യങ്ങളുടെ പ്രീണന ജനാധിപത്യ ചിലവിടലുകള്‍ അവയെ വന്‍ കടബാധ്യതകളില്‍ ആണ് എത്തിച്ചിരിക്കുന്നത്. പ്രവചിക്കാനാവാത്ത സ്ഥിതിവിശേഷങ്ങള്‍ ഇതുണ്ടാക്കും. അവരുടെ വരാന്‍ പോകുന്ന പല തലമുറകള്‍ ഇതനുഭവിക്കേണ്ടിവരും. ഇവിടെയൊക്കെ ഒരു നീണ്ട കാലത്തേക്ക് ഇന്‍ഫ്ളേഷന്‍ ഉണ്ടാകാന്‍ ഇടവന്നാല്‍ ലോകപുരോഗതിയെ പതിറ്റാണ്ടുകള്‍ മന്ദഗതിയിലാക്കും.. മാനവിക പുരോഗതിയെ ദശാബ്ദങ്ങള്‍ തളച്ചിടും. അമേരിക്ക ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകും.

ഇപ്പോള്‍ തന്നെ 1982 നു ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന ഇന്‍ഫ്ളേഷന്‍ ആണ് അമേരിക്കക്കാരന്‍ അഭിമുഖീകരിക്കുന്നതെന്ന് എല്ലാ റിപ്പോര്‍ട്ടുകളും പറയുന്നു. എന്തൊക്കെ പോരായ്മകള്‍ ഇവാന്‍ജെലിക്കല്‍ ക്രിസ്ത്യന്‍ അമേരിക്കക്ക് ഉണ്ടെങ്കിലും ,അവരാണ് ലോക സാമ്പത്തിക വ്യവസ്ഥിതി എന്ന എഞ്ചിന്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ലോകോത്തര ഗവേഷണങ്ങളൊക്കെ എല്ലാ മേഖലകളിലും, ടെക്നോളജിക്കല്‍ ആകട്ടെ, ആരോഗ്യ രംഗത്തെ ആകട്ടെ, മറ്റു സായന്‍സിക ഗവേഷണങ്ങളാകട്ടെ, ആ രാജ്യത്താണ് മിക്കവയും നടക്കുന്നത്. മറ്റു ലോകരാജ്യങ്ങളെല്ലാം ചേര്‍ന്നാലും ഇക്കാര്യത്തില്‍ അവരുടെ അരികിലെങ്ങും എത്തില്ല. ചൈന സാമ്പത്തിക പവര്‍ ഹൗസ് ആയിരിക്കാം. പക്ഷെ അതൊക്കെ, അമേരിക്കക്കാരന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് മുകളില്‍ അമേരിക്കക്കാരന്റെ കണ്‍സംഷനു മുകളില്‍ കെട്ടിപ്പടുത്തവയാണ്. ചൈനയുടെ കയറ്റുമതിയുടെ $481 ബില്യണ്‍ ഓരോ വര്‍ഷവും അമേരിക്കയിലേക്കാണ് പോകുന്നത്.

മാനവികതയുടെ വക്താക്കളായി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യരെ ഏറെ കാണണമെങ്കില്‍ നിങ്ങളിപ്പോഴും അമേരിക്കയില്‍ തന്നെ ചെല്ലണം.
അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തെ എതിര്‍ത്തുകൊണ്ട് പത്തുലക്ഷം പേരാണ് അവരവരുടെ തൊഴിലും വേതനവും ഉപേക്ഷിച്ച്് ന്യൂയോര്‍ക്കിലെ തെരുവുകളിലൂടെ മാര്‍ച്ച് ചെയ്തത്. നമ്മുടെ ഡല്‍ഹിയിലോ തിരുവനന്തപുരത്തോ അത്തരം പ്രകടനങ്ങളില്‍ നൂറുപേരെ തികച്ചു് എത്തിക്കാന്‍ കഴിയാറില്ല. എന്തുചെയ്യാം, പക്ഷെ ഈ യുദ്ധം നീണ്ടുനിന്നാല്‍ യുഎസ് ഇക്കണോമി ഇന്‍ഫ്ളേഷന്‍ കയത്തിലേക്ക് പോകും. അമേരിക്കയില്‍ 2008 ലെ സാമ്പത്തിക തകര്‍ച്ച ആവര്‍ത്തിക്കപെടും. (എന്നാല്‍ ആഗോളവല്‍ക്കരണത്തിന്റെ പരാജയം അമേരിക്കക്ക് വളരെ ഗുണകരമായി മാറാനാണ് സാദ്ധ്യത എന്ന ഒരു സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായവും കേള്‍ക്കാനിടയായി. പേരോര്‍ക്കുന്നില്ല. താരിഫുകളുടെ ലോകം തിരിച്ചുവരും. ഉല്‍പാദന ക്രമങ്ങള്‍ അതാത് രാജ്യങ്ങളിലേക്ക് തിരിച്ചുപോകും. ചൈനയുടെ പല ഉത്പാദനങ്ങളും മെക്‌സിക്കോയിലേക്കും. അമേരിക്കയിലേക്കും തിരിച്ചുപോകും. The North American Free Trade Agreement (NAFTA), U.S., Canada, and Mexico തമ്മിലുള്ള കച്ചവട സഖ്യം ബലപ്പെടും. അമേരിക്കക്കാര്‍ക്ക് ചൈനയുമായി മത്സരിക്കേണ്ടതില്ല. ആവശ്യമുള്ളത് ഇറക്കുമതി ചെയ്യാം അല്ലാത്തത് താരിഫ് കൂട്ടി സംരക്ഷിക്കാം).

ഈ യുദ്ധം നീണ്ടുപോയാല്‍ സബ് സഹാറന്‍ ആഫ്രിക്കയില്‍ ഭക്ഷണ ക്ഷാമം രൂക്ഷമാകും. യെമനില്‍ പതിനേഴു ലക്ഷം മനുഷ്യര്‍ പട്ടിണിമരണത്തിലേക്ക് പോയികൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. (More than 70 percent of South Sudan’s population will struggle to survive the peak of the annual ‘lean season’ this year. Yemen’s already dire hunger crisis is teetering on the edge of outright catastrophe, with 17.4 million people now in need of food assistance and a growing portion of the population coping with emergency levels of hunger, three UN agencies warned on 14 March 2022. (OCHA …The United Nations Office for the Coordination of Humanitarian Affairs).

ഇവര്‍കൊക്കെ സഹായഹസ്തങ്ങളുമായി എപ്പോഴും ഓടിയെത്താറുള്ള അമേരിക്കന്‍ മനുഷ്യ സ്‌നേഹികള്‍, വളണ്ടിയേര്‍സ് നിസ്സഹായരാകും. എന്തൊക്കെ പറഞ്ഞാലും ഇന്ത്യക്കാരനും ചൈനക്കാരനുമൊന്നും ആ ഷൂസു ധരിക്കാന്‍ വളര്‍ന്നിട്ടില്ല. ഈ യുദ്ധം നീണ്ടുനിന്നാല്‍ മാനവരാശിക്ക് ഉണ്ടാക്കാന്‍ പോകുന്നത് പ്രവചിക്കാനാകാത്ത ദുരന്തങ്ങളായിരിക്കും.

മാനവരാശിയുടെ ഇന്നത്തെ അവസ്ഥയിലേക്കുള്ള വളര്‍ച്ചയില്‍ പല ഉല്‍പ്പതിഷ്ണുക്കളും പല മേഖലകളിലും സംഭാവന നല്‍കിയിരിക്കുന്നു. വ്‌ലാദമീര്‍ പുടിന്‍ എന്ന ഈഗോട്ടിസ്റ്റ് നാര്‍സിസിറ്റിന്റെ സംഭാവന ദുഖങ്ങളും ദുരന്തങ്ങളുമാണ്. ഇത്തരം വ്യക്തിത്വങ്ങള്‍ക്ക് മുന്നില്‍ Homo sapiens sapien നിസ്സഹായനാണ്. നമ്മള്‍ ഇത്തരം വ്യക്തിത്വങ്ങളുടെ വിജയങ്ങളെ പടപ്പാട്ടായി തലമുറകളോളം കൊണ്ടുനടക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *